Sunday, February 6, 2011

ശ്ലോകമാധുരി.18

ശ്ലോകമാധുരി.18
ജീവിക്കുവാന്‍ വിവിധ സര്‍ക്കസു കാട്ടിയെത്തും
പാവങ്ങളീ കളികളൊക്കെ നടത്തിടുമ്പോള്‍
ആടിപ്പിടിച്ചു ചില ചാട്ടമതില്‍ പിഴച്ചാ-
ലാപത്തു വന്നിടുമിവര്‍ക്കതിലാര്‍ക്കു ചേതം?
വസന്തതിലകം.
ശ്യാമാംബരത്തിലൊളിതൂകിവിടര്‍ന്നു നില്‍ക്കും
രോമാഞ്ചമേകുമൊരു വെണ്‍‌മതിബിംബമാണോ
കാര്‍മേഘസന്നിഭകചാവലി തന്നിലെന്റെ
ജായാമുഖം കാണുകിലാര്‍ക്കുമതല്ലെ തോന്നൂ.
വസന്തതിലകം.
ശോഭായമാന കവിജീവിതമിന്നിതേറ്റം
ശോഭിച്ചിടാന്‍ മധുരവാക്കുകളാലെയെന്നും
ശോഭിക്കുമാറളവു നന്ദനമൊക്കെ നല്‍കും
‘ശോഭാ‘ഖ്യാധാരി സഹജയ്ക്കു നമോ നമസ്തേ!
വസന്തതിലകം.

കണ്ണാ,നീയൊരു കള്ളനാണു ശിശുവാം നാളില്‍ തയിര്‍ചോരണം
പെണ്ണുങ്ങള്‍ക്കു ഹരംപകര്‍ന്നപുറകേ ചെയ്തൂ മനം മോഷണം
പിന്നെന്‍ ചിത്തമൊളിച്ചുവന്നു കവരാന്‍ നോക്കീ,യതിന്‍ കാരണം
നിന്നേയെന്നുടെ ഹൃത്തിലേ തടവിലിന്നാക്കീ,വരാന്‍ സദ്ഗുണം.
ശാര്‍ദ്ദൂലവിക്രീഡിതം.
‘ഡപ്പിയ്ക്കുള്ളിലൊളിച്ചുവെച്ച പലതാം മുത്തൊക്കെ നീ ഗോപ്യമായ്
ഇപ്പോള്‍ത്തന്നെയെനിക്കു നല്‍കിലൊരു പൂമുത്തം തരാമെ‘ന്നു ഞാന്‍
സ്വല്പം നല്ല ഗമയ്ക്കു തന്നെ പറയും നേരത്തു നീ ദേഷ്യമായ്
ചെപ്പില്‍നിന്നവ തൂത്തെറിഞ്ഞു തറയില്‍,ബാല്യത്തിലേ കേളികള്‍ !!!
ശാര്‍ദ്ദൂലവിക്രീഡിതം.
പാടാന്‍ തോന്നിയ പാട്ടിലേ വരികളോ പാടായി വന്നീടവേ
പാടില്ലെന്നു നിനച്ചു ഞാന്‍ പതിയെയെന്‍ പാട്ടിന്നു പോയീടവേ
‘പാടില്ലാ,യതുപാടണം,വിടുകയില്ലെ‘ന്നോതി വന്നിട്ടവര്‍
പാടാനെന്നൊടു കൂടവേയൊരുവിധം പാടോടു പാടീടിനേന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ശ്ലോകം തീര്‍ത്തുരസിച്ചിടാന്‍, നിറവെഴും വര്‍ണ്ണപ്പകിട്ടേകിടാന്‍
പാകം വന്നവനല്ല ഞാന്‍,പ്രിയസഖേ,യെന്നാലുമീ രീതിയില്‍
ശോകംതീര്‍ത്തുതരുന്നതാം കവിതതന്‍ മാധുര്യമാസ്വാദ്യമായ്
ആവുംമട്ടുനുകര്‍ന്നിടും ഹൃദയമുണ്ടെന്നുള്ളതാണെന്‍ വരം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒന്നാണെന്നു പറഞ്ഞിടുന്ന പലരും പിന്നില്‍ പതുങ്ങും,തരം
വന്നാല്‍ പിന്നൊരു കുത്തു തന്നു ചുളുവില്‍ മുങ്ങും,മുഖം മാറ്റിടും
ഒന്നും തോന്നിടവേണ്ടയിത്ഥമൊരുവന്നുണ്ടായിടില്‍ കാണണം
മന്നില്‍ ശാശ്വതമിത്രമായി മനുജന്നൊന്നേ,യതാണീശ്വരന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
വാണം പോലെ കുതിച്ചുയര്‍ന്ന വിലയില്‍ പെട്ടിന്നു നട്ടംതിരി-
ഞ്ഞാണീ നാട്ടിലെ മര്‍ത്ത്യരൊക്കെ’സസുഖം’ വാഴുന്നതെന്നോര്‍ക്കണം
വേണേല്‍ വാങ്ങണമെന്നൊരാ നിലയിലാണീ വാണിഭം,മന്ത്രിയായ്
നാണം കെട്ടു ഭരിച്ചിടുന്നു,പുറകില്‍ കാണുന്നൊരാലിന്‍ തണല്‍.!!!
ശാര്‍ദ്ദൂലവിക്രീഡിതം.
ശാസ്ത്രംകൊണ്ടീവിടൊട്ടനേകവിധമാം നേട്ടങ്ങളുണ്ടായിടും-
മട്ടില്‍ കൊട്ടിയുറഞ്ഞിടുന്നു പലരും,പിട്ടാണതെന്നോര്‍ക്കണം
ശാസ്ത്രക്കെട്ടുകളിഷ്ടമായ വടിവില്‍ പൊട്ടിച്ചുകൂട്ടീടിലും
പട്ടിക്കുള്ളൊരു വാലു തെല്ലു വളയാതാക്കാനിവര്‍ക്കാകുമോ?
ശാര്‍ദ്ദൂലവിക്രീഡിതം.
വാടോ,നമ്മുടെ കൂടെയൊന്നിരിയെടോ,പാടത്തു നീയെന്‍ സഖേ
പാടാണിന്നിനി കൂടണഞ്ഞിണയൊടോ കൂടാന്‍ നിനക്കായിടാ
കാടും മേടുമതൊക്കെയും ചടുലമായ് പാറും നിനക്കീവിധം
പാടേ പാടുപെടാനിതായിടയുമായ്,വാടേണ്ടടോ,പൈങ്കിളീ.
ശാര്‍ദ്ദൂലവിക്രീഡിതം.

ബാലം ഗോപാലരൂപം നിറവൊടു നിറയേ കാണുവാനാസ്ഥയോടി-
ക്കോലത്തില്‍ വന്നുനില്‍പ്പൂ ഗുരുപവനപുരാധീശ,നിന്‍ തൃപ്പടിക്കല്‍
ജാലം നീ കാട്ടിയെന്നേ പലവിധമിനിയും പോഴനാക്കീടുകില്‍ നിന്‍
കാലില്‍ മല്‍‌സ്നേഹപാശം മുറുകെമുറുകെ ഞാന്‍ കെട്ടിടും ,തോഴനാക്കും.
സ്രഗ്ദ്ധര.
ശാന്തം,ദിവ്യം,മഹേശം ശിവശിവശിവ നിന്‍ രൂപമാത്മപ്രഹര്‍ഷം
ധ്വാന്തം തീരുന്നു സൂക്ഷം തവ തിരുനടതന്‍ മുന്നിലെത്തും നിമേഷം
ഭ്രാന്തം ബന്ധങ്ങളേകും സകലവിഷമവും തീര്‍ക്കുമെല്ലാം വിശേഷം
സാന്ത്വം ചൊല്ലാമിതെല്ലാം മനുജനവനിയില്‍ മുക്തി നല്‍കും പ്രകര്‍ഷം.
സ്രഗ്ദ്ധര.

‘തല്ലിക്കൊല്ലുന്നിതയ്യോ,യിതുവഴി വരണേ,യെന്നെ രക്ഷിക്ക‘യെന്നാ
വല്ലാതാ പെണ്ണു മാഴ്‌കേ,കണവനെയൊരുനാള്‍ തല്ലുവാന്‍ ഞാനടുക്കേ
‘അല്ലാ,താനാരു കൂവേ ,യിതുപടിയുടനേ തല്ലുവാനാരെടാ നീ?
മല്ലെല്ലാം തന്റെ വീട്ടില്‍ മതി മതി’യിതുപോല്‍ ചൊല്ലിയോള്‍ കെട്ടിയോളാ!!!
സ്രഗ്ദ്ധര.

അടുത്തുവന്നു ചൊല്ലിടുന്ന നേരമെന്റെയാഗ്രഹം
കടുത്തവാക്കിനാലെയൊക്കെ നീക്കിടുന്ന ശുംഭ നീ
മടുത്തു നിന്റെ നാട്യവും മനസ്സിലുള്ള ജാഡയും
പടുത്തുവെച്ചൊരാക്കിനാക്കളൊക്കെ ഞാന്‍ ത്യജിച്ചിടും.
പഞ്ചചാമരം.
അമ്പയയ്‌ക്കിലൊന്നിനേ രണ്ടു ഖണ്ഡമാക്കിടും
വമ്പരുണ്ടനേകമായെങ്കിലീവിധത്തിലായ്
അമ്പു കൊണ്ടു രണ്ടിനേയൊന്നുതന്നെയാക്കിടും
വമ്പതൊന്നുമാത്രമേ,പഞ്ചബാണവൈഭവം!!
ഹരിപ്രിയം..(നവീനവൃത്തം.)
രംജതം രലംഗമായ് വന്നിടും ഹരിപ്രിയം.
വിണ്ണിലിന്നുദിച്ചിടും ചന്ദ്രനെത്ര ശോഭയാം
വെണ്ണിലാവുതൂകിയീ മന്നിനാഭ ചേര്‍ത്തിതാ
കുഞ്ഞുതാരകങ്ങളോ കണ്ണുചിമ്മി നമ്മളേ
പുഞ്ചിരിച്ചുകാട്ടിടുന്നെന്തു ചന്തമോമലേ !
ഹരിപ്രിയം.
*******************************************