Wednesday, January 26, 2011

ശ്ലോകമാധുരി.17

ശ്ലോകമാധുരി.17
ന്നിന്റെ പിന്നാലൊരു പൂജ്യമിട്ടാല്‍
ഒന്നിന്റെ മൂല്യം ദശമായ് ഭവിക്കും
പൂജ്യം വെറും ശൂന്യമതല്ല,യുക്ത-
സ്ഥാനത്തിലായാല്‍ വിലയേറ്റിടും കേള്‍.
ഇന്ദ്രവജ്ര
കാടിന്റെയുള്ളിലൊരു ദീപമുയര്‍ന്നിടുന്നൂ
കാണുന്നവര്‍ക്കതുല നിര്‍വൃതിയേകിടുന്നൂ
കാന്താരവാസ തവ മോഹനരൂപമെന്നും
കാണേണവേണമതിനായിത കുമ്പിടുന്നൂ
വസന്തതിലകം.
കല്ലാണുകാട്ടിലുടനീളമതെന്റെ കാലില്‍
മുള്ളെന്നപോല്‍ തറയുമാവ്യഥയേറെയുണ്ടാം
എന്നാലുമാമലയിലേറി തവാം‌ഘ്രിയുഗ്മം
മുന്നില്‍‌പ്പെടുന്നപൊഴുതൊക്കെയൊഴിഞ്ഞു പോകും.
വസന്തതിലകം

അമ്ലാനം ചെറുപൂക്കളെന്‍ വനികയില്‍ പൂത്തുല്ലസിച്ചീടവേ
നിര്‍മ്മായം മമ മാനസം മതിമറന്നാടും നിറം ചാര്‍ത്തിടും
സമ്മോദം നറുകാവ്യസൂനമിവിധം മന്ദസ്മിതം തൂകവേ
ഉന്മാദം വരുമാറതില്‍ മുഴുകുവാനെന്മാനസം വെമ്പിടും.
ശാര്‍ദ്ദൂലവിക്രീഡിതം.
അല്ലാ,ഞാനിതു കാണ്മതെന്തു ഭുവനം മഞ്ഞിന്‍ പുതപ്പില്‍ സുഖി-
ച്ചല്ലില്ലാതെ മയങ്ങിടുന്നു ,കിളികള്‍ പാടുന്നിതുത്സാഹമായ്
മെല്ലേമെല്ലെയുണര്‍ന്നുണര്‍ന്നു വരു നീയുന്മേഷമായ് മേദിനീ
അല്ലേല്‍ നിന്നുടെ കം‌ബളം കുസൃതിയാല്‍ മാറ്റിടുമാ ഭാസ്വരന്‍
ശാര്‍ദ്ദൂലവിക്രീഡിതം .
മണ്ടന്മാരുടെ മന്നനാണു ഗമയില്‍ പേരിട്ടതോ ‘ശ്രീലകം‘
മണ്ടത്തങ്ങളുരച്ചിടുന്നു,കവിതാഖണ്ഡങ്ങളായ് നിത്യവും
വേണ്ടേ ധീരനൊരുത്തനിന്നിവനെയങ്ങോടിക്കുവാന്‍ പാട്ടിലീ-
കുണ്ടാമണ്ടികള്‍ വാര്‍ത്തിടും ശഠനെ,യല്ലേല്‍ പിന്നെ ദുഃഖിച്ചിടാം!!!
ശാര്‍ദ്ദൂലവിക്രീഡിതം.
ദ്യോവിന്‍ ഭൂഷണമാം ശശിക്കു നടുവില്‍ക്കാണും കളങ്കത്തിനേ
ആവുംമട്ടു നിനച്ചിടുന്നു ശശമാണല്ലാമൃഗംതാനതും
എന്നാലിന്നിതു തോന്നിടുന്നു,ശശിയാ രാവിന്‍കണം കൈയില്‍ വെ-
ച്ചുണ്ടോ,പങ്കിലമായ ഹസ്തമുടനേ ചേര്‍ത്തോ സ്വയം നെറ്റിയില്‍?
ശാര്‍ദ്ദൂലവിക്രീഡിതം.
ഇന്നീ വേദിയിലെത്തിടും കലകളേ തല്ലിപ്പഴുപ്പിച്ചവര്‍
തമ്മില്‍ത്തല്ലു നടത്തിടുന്നൊടുവിലായപ്പീല്‍ സമര്‍പ്പിച്ചിടും
ഇമ്മട്ടീ കലതന്നിലീ കുശലുകള്‍ നിര്‍ലജ്ജമാടീടവേ
ചുമ്മാതോര്‍ക്കുകയെന്തിനീ കലയിലേ മാമാങ്കമിന്നീവിധം?
ശാര്‍ദ്ദൂലവിക്രീഡിതം.
താനേ തന്ത്രിയുണര്‍ത്തി നീ മധുരമായ് പാടാന്‍ തുടങ്ങീടവേ
താനേ ഞാനിത വന്നിടുന്നു സവിധേ രാഗം ശ്രവിച്ചീടുവാന്‍
താനം പല്ലവിയൊക്കെയും തുടരെ നീ പാടീടിലിന്നെന്‍ മനം
താനേതന്നെ മയങ്ങിടും മധുമൊഴീ നിന്‍ വാണിയില്‍ നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.
മന്ദം നീ വരുകെന്റെ മുന്നിലിവിധം മന്ദസ്മിതത്തോടെ നിന്‍
സൌന്ദര്യം മദമാണെനിക്കു സുമുഖീ,നിന്‍ സ്പന്ദമാനന്ദമാം
കന്ദര്‍പ്പാ,തവ വില്ലെനിക്കു തൃണമാണെന്‍ ജായ ലജ്ജാലുവായ്
സ്പന്ദം കൊണ്ടു വളച്ച ചില്ലിയുഗളം വെല്ലാനതിന്നാവുമോ?
ശാര്‍ദ്ദൂലവിക്രീഡിതം.
കാട്ടില്‍ക്കൂടി നടന്നിടുന്ന സമയം പാട്ടിന്റെയീണങ്ങളില്‍
പെട്ടീടുന്നു,നഭസ്സിലൊന്നു തിരയാമാരാണിതീ ഗായകാ
നോക്കുന്നേരമുയര്‍ന്നശാഖയതിലായ് പാടുന്നൊരാ കോകില-
പ്പെണ്ണൊന്നുണ്ടു പറന്നുവന്നുകയറിക്കൂടാക്കിയെന്‍ മാനസം.
ശാര്‍ദ്ദൂലവിക്രീഡിതം.
എന്തേ ദേവി കനിഞ്ഞതില്ലയിവനില്‍ തെല്ലും,വലഞ്ഞിട്ടുഞാന്‍
അന്തം വിട്ടുഴലുന്നതീ വനികയില്‍ തേടുന്നു സൂനങ്ങളും
മന്ദം കാറ്റിലുലഞ്ഞുലഞ്ഞു ചിരിതൂകീടുന്ന പൂന്തൊത്തിനാല്‍
എന്തേ ശോഭ വളര്‍ത്തിയില്ല,സുമമൊന്നിന്നില്ലിവന്‍ ദുഃഖിതന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഈറന്‍ പൂന്തുകില്‍ ചുറ്റിയെന്നരികില്‍ നീയെത്തല്ലെയെന്നോമലേ
ആരും കണ്ടുകൊതിച്ചു പോമുടലിലെന്‍ ഹസ്തം ചരിച്ചെങ്കിലോ
മാറില്‍നിന്നതബദ്ധമായ് വഴുതിയാ താഴെപ്പതിച്ചെങ്കിലോ
മാറിപ്പോകുവതിന്നിവന്നുകഴിയാ,ചൊല്ലീടതെന്‍ കുറ്റമോ?
ശാര്‍ദ്ദൂലവിക്രീഡിതം.

താനേതന്നെയിരുന്നിരുന്നിതുവിധം കുത്തിക്കുറിച്ചീടവേ
പേനാപോലുമിവന്നെയിന്നു കളിയായ് നോക്കിച്ചിരിച്ചീടുമേ
ആരാണീ രചനക്കളത്തിലെ വധം വായിച്ചുനോക്കീടുവാന്‍?
പോടാ,നീയുടനീവിധം രചനകള്‍ നിര്‍ത്തീടുകില്‍ ഭാഗ്യമാം!!!
ശാര്‍ദ്ദൂലവിക്രീഡിതം.

ചാതുര്യം കുറെയേറെയുണ്ടു കവിതാപാദം രചിച്ചീടുവാന്‍
മാധുര്യം വഴിയുന്നവയ്ക്കു പൊതുവേ ചൊല്ലുന്നിതെന്‍ കൂട്ടുകാര്‍
സൌന്ദര്യം വരുമാറതിന്നു രചനാവൈദഗ്ദ്ധ്യമേറീടുവാന്‍
ഔദാര്യത്തൊടെനിക്കു നല്ലവരമിന്നേകുന്നു വാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചായം പൂശിയ ചക്രവാളമകലേ കാണുന്ന നേരം മനം
പായും ഭാവനയോടെ നിന്റെ സവിധേയെത്തീടുവാനോമലേ
മായം ചൊല്ലുകയല്ല ഞാന്‍ കവിത തന്‍ തേരില്‍ നഭോസീമയില്‍
പോയാ വര്‍ണ്ണമെടുത്തു നിന്റെ കവിളില്‍ ചാര്‍ത്താന്‍ വരാം,മല്‍‌സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം.
‘വയ്യാവയ്യിനിവന്നിടില്ലിവിടെ ഞാനെ‘ന്നോതി നീ ലജ്ജയില്‍
പയ്യപ്പയ്യെ നടന്നിടുന്നസമയം പിന്നാലെ വന്നിട്ടു ഞാന്‍
മെയ്യെന്‍മെയ്യിലമര്‍ത്തി നിന്റെ വദനം കൈയാലുയര്‍ത്തീടവേ
‘അയ്യയ്യേയൊരു നാണമില്ലെ’യിവിധം കൊഞ്ചീലയോ ഹൃദ്യമായ് ?
ശാര്‍ദ്ദൂലവിക്രീഡിതം.

തേനിന്‍ മാധുര്യമോലും പലപല കവിത,ശ്ലോകമെല്ലാം രചിച്ചും
ഗാനം‌പോലിന്നതെല്ലാം മധുരമധുരമായാലപിച്ചും രമിച്ചും
വാനത്തോളം വളര്‍ന്നിട്ടതിലൊരു ഞെളിവും കാട്ടിടാതേ രസിച്ചും
മാനത്തോടേവരോടും മൃദുതരമിടപെട്ടീടുമീ ഷാജി രമ്യന്‍.
സ്രഗ്ദ്ധര.

തെളിഞ്ഞു വാനിലീ പ്രഭാസമേകിടും
മതിയ്ക്കു ചുറ്റിലും നിരന്നു താരകള്‍
ഇതെത്ര സുന്ദരം,തരുന്നു പക്വമാം
കവിത്വമാര്‍ന്നവര്‍ക്കുദാത്ത ദര്‍ശനം.
പ്രഭാസം....(നവീനവൃത്തം.)
ജരം ജരങ്ങളില്‍ പ്രഭാസമായിടും

സരോരുഹങ്ങളീ സരസ്സിലാകവേ
നിരന്നിടുന്നിതാ,മനോഹരീ വരൂ
അതൊന്നെടുത്തു നിന്‍മുടിയ്ക്കു ശോഭയായ്
അണിഞ്ഞു നില്‍ക്കുകില്‍ തുടിക്കുമെന്‍മനം.
പ്രഭാസം.

Saturday, January 8, 2011

ശ്ലോകമാധുരി.16

നീ വരു മമ ഹൃദി മധുമൊഴിയിനിമേല്‍
ആടുക സുഖകരമൃദുലയ നടനം
തേടുവതിവനിനി മദഭരനിമിഷം
കൂടുകയിവനൊടുമനുദിനമനിശം.
ഗിരിശിഖരം.
കരുണാകര തവ സുരുചിരചരിതം
പലരും പലതരമെഴുതിയ കവനം
മരണംവഴി ചില പുതിയ വിവരണം
വരുമെന്നറിവതുശുഭകരമതുലം
കരുണാകരം.
അര്‍ത്ഥം പിഴച്ച ചില വാക്കുകളൊക്കെ വെച്ച-
ങ്ങൊപ്പിച്ചെടുത്തൊരു നിരര്‍ത്ഥ നവീനകാവ്യം
അപ്പോള്‍ വരുന്നു നവകാവ്യവിശാരദന്മാര്‍
കല്പിച്ചു ചൊല്ലി”കൃതിയെത്ര മനോഹരം.ഹായ്!!”
വസന്തതിലകം.
ദാത്യൂഹമേ,വരിക നിന്‍ വദനാഭ കണ്ടാല്‍
ഉത്സാഹമൊക്കെയിനി മങ്ങുകയില്ല തെല്ലും
ഉത്സൂരമാകിലുടനേ മമ ഗേഹമേറീ
പത്തായമാര്‍ന്നയെലികള്‍ക്കൊരു മോക്ഷമേകൂ.
വസന്തതിലകം.
( ദാത്യൂഹം = നത്തു് ,ഉത്സൂരം=സന്ധ്യാസമയം.)

തരിവളയിളകീടും കൈയിലെന്‍ കൈയുചേര്‍ത്തി-
ട്ടൊരു ചെറുചിരിയോടേ വന്നൊരെന്‍ പെണ്‍‌കിടാവേ
ഇരുളിലെയൊളിപോലെന്‍ ‌ജീവിതത്തില്‍ കടന്നീ
കരളിലെയഴല്‍ മാറ്റൂ , തൂമരന്ദം നിറയ്ക്കൂ.
മാലിനി.

പണ്ടാമാമുനി മാമ്പഴം കുസൃതിയാല്‍തന്നോരു നേരത്തുടന്‍
സ്കന്ദന്‍തന്നൊടു വാച്ച ബുദ്ധിയതിനാല്‍ വെന്നോരു വിഘ്നേശ്വരാ
ഇന്നീ ഭൂമിയിലിത്തരം വിധികളില്‍ മുട്ടുന്ന ഘട്ടങ്ങളില്‍
ഒന്നായൊന്നു ജയിച്ചിടാന്‍ വരമെനിക്കേകേണമര്‍ത്ഥിപ്പു ഞാന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം
ഖദ്യോതങ്ങളലഞ്ഞിടുന്ന വനിയില്‍ മിന്നുന്നൊരാ ശോഭയില്‍
ഹൃദ്യം തന്നെയിരുന്നിടാന്‍ ‍,ചില പദം കുത്തിക്കുറിച്ചീടുവാന്‍
ഉദ്യാനത്തിലിരുന്നിടുന്ന സമയത്തെല്ലാം മറന്നിട്ടു ഞാന്‍
ആദ്യം നിന്നെയുമോര്‍ത്തിടുന്നു,മുടിയില്‍ മിന്നുന്നൊരാ പൂക്കളും.
ശാര്‍ദ്ദൂലവിക്രീഡിതം.
“ഉണ്ണീ,തന്നൊരു വെണ്ണയൊക്കെ വെറുതേ മണ്ണില്‍ കളഞ്ഞല്ലൊ നീ
കണ്ണാ നീ വരു“കെന്നെശോദ പറകേ കണ്ണും മിഴിച്ചമ്പൊടേ
“ഉണ്ണാനില്ലിതിലിറ്റുവെണ്ണയിനിയും തന്നീടണം തിണ്ണ,മെന്‍
കണ്ണല്ലേ തരു“കെന്നു കെഞ്ചി മടിയില്‍കൊഞ്ചുന്ന കണ്ണാ,തൊഴാം.
ശാര്‍ദ്ദൂലവിക്രീഡിതം.
മീനം,കച്ഛപ,സൂകരം,നരഹരീ,ശ്രീ വാമനം,മൂവരാം
രാമന്മാരവരൊത്തു പിന്നെ ഹരിയും കല്‍ക്ക്യാവതാരങ്ങളും
നൂനം കാണണമൊക്കെയും ധരണിയില്‍ ജീവന്റെയാരോഹണ-
സ്ഥാനം തന്നില്‍ വിളങ്ങിടുന്ന ഭഗവച്ചൈതന്യ മൂര്‍ദ്ധന്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

സിന്ദൂരച്ഛവി മാഞ്ഞു,രണ്ടു മിഴിയും മങ്ങീ,വിളര്‍ത്തൂ,സ്വയം
മന്ദോത്സാഹമണിഞ്ഞു നീ വസതിയില്‍ വാടുന്ന കണ്ടീടവേ
എന്താണിങ്ങനെ വന്നിടാന്‍ ‍,മധുമൊഴീ,ചിന്തിച്ചു ഞാന്‍ നില്‍ക്കവേ
മന്ദാക്ഷത്തൊടു നീ മൊഴിഞ്ഞ സരസം വൃത്താന്തമാനന്ദമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞു,നിറവില്‍ വന്നല്ലൊ ചിങ്ങം,തെളി-
ഞ്ഞുല്ലാസത്തിലുറഞ്ഞുലഞ്ഞു വിവിധം പൂക്കള്‍ മലര്‍ക്കാവിതില്‍
കുഞ്ഞുങ്ങള്‍ ചെറുകൂടയില്‍ നറുമലര്‍ പഞ്ഞംവിനാ കൊണ്ടുവ-
ന്നാഞ്ഞും ചാഞ്ഞുചെരിഞ്ഞുമീക്കളമിടും,നേരുന്നിതാശംസകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
വാടിക്കൂടി വടക്കിനിയ്ക്കു നടുവില്‍ പേടിച്ചിരുന്നീടുകില്‍
മേടും കൊണ്ടിവിടുള്ളവര്‍ വടിയുമായ് കൂടും,നടന്നീടു നീ
ഓടിപ്പോയുടനേ കടക്കയിവിടുന്നാ കൂടു നിന്‍സ്വന്തമാം
വീടെന്നോര്‍ത്തു കഴിഞ്ഞിടൂ,പടികളില്‍ തങ്ങല്ലെടാ കുക്കുരാ.
ശാര്‍ദ്ദൂലവിക്രീഡിതം.
( കുക്കുരം = പട്ടി.)
ഒറ്റയ്ക്കീ വര‘വേദി‘യില്‍ പലതരം ശ്ലോകങ്ങളും തീര്‍ത്തു ഞാന്‍
പറ്റിക്കൂടിയിരിപ്പതും, വടിയുമായ് മാറ്റാന്‍ വരില്ലെന്നതും,
ഊറ്റം ചേര്‍ന്ന ഗുരുക്കളൊക്കെയിവിടേ വന്നിട്ടൊരീയക്ഷര-
ക്കൂട്ടം കണ്ടു രസിക്കുമെന്നതുമിവന്നേറ്റം പ്രിയം തന്നെയാം.
ശാര്‍ദ്ദൂലവിക്രീഡിതം.
മായാണെന്നുടെ സര്‍വ്വവും മഹിയിതില്‍ മായില്‍ തുടങ്ങുന്നെതും
മായാണെന്നുടെ മാനസേ മണിവിളക്കായിത്തിളങ്ങുന്നതും
മായോടൊത്തു കഴിഞ്ഞിടില്‍ മഹിതമാം മാനങ്ങളും കൈവരും
മായേ മാമകജീവിതം മധുരമായ് മാറേണമെന്നാളുമേ !
ശാര്‍ദ്ദൂലവിക്രീഡിതം.
( മാ = ലക്ഷ്മീദേവി , അമ്മ. )
സ്കന്ദാ,നിന്നുടെ മുന്നില്‍ ഞാനിതു വിധം ധ്യാനിച്ചു നിന്നീടവേ
എന്താണെന്നറിയില്ലയെന്‍ മനമുടന്‍ ദാര്‍വ്വണ്ഡമായ് മാറിയോ!
പൊന്തിപ്പയ്യെയകത്തുവന്നഴകൊടാ പിഞ്ഛങ്ങളെല്ലാം വിരി-
‘ച്ചെന്തായാലുമിടം വിടില്ലി‘തു മൊഴിഞ്ഞാടുന്നു നിന്നന്തികേ.
ശാര്‍ദ്ദൂലവിക്രീഡിതം.
( ദാര്‍വ്വണ്ഡം=മയില്‍ , പിഞ്ഛം=മയില്‍പ്പീലി. )
ചുമ്മാ പൊട്ടിച്ചിരിച്ചും ചിലപൊഴുതെതിനോ വിമ്മിവിമ്മിക്കരഞ്ഞും
വേണ്ടാതീനം പറഞ്ഞും വികൃതമലറിയും വീടുതെണ്ടാന്‍ നടന്നും
വീണും നാണം വെടിഞ്ഞും വികലമലയുമീ ഭ്രാന്തനെക്കണ്ടിടുമ്പോള്‍
ഖേദം തോന്നുന്നു,കാണും സഹജരിവനുമേ ജ്ഞാതമജ്ഞാതമെങ്ങോ.
സ്രഗ്ദ്ധര.

Monday, January 3, 2011

ശ്ലോകമാധുരി.15

ശ്ലോകമാധുരി.15
സുമുഖി നീ വരുകെന്നുടെ ചാരേ
മധുരഗാനമതു പാടുക ഹൃദ്യം
അതിലുണര്‍ന്നു വരുമെന്നുടെ ചിത്തം
നടനമാടിടുമതെന്നതു സത്യം.
ദ്രുതഗതി.

കളമൃദുരാഗം മുരളിയിലൂതാമതിമോദാല്‍
അതിലുളവാകും രസമിനിയേറ്റം സുഖമേകും
മധുരിതരാഗം ശ്രുതിയൊടു പാടൂ മധുവാണീ
മനമിനിയെന്നും മദഭരമാവാന്‍ വരു ചാരേ.
രസരംഗം
ലോലാപാംഗേ,ലളിതനടനം നീ തുടര്‍ന്നാലുമെന്നില്‍
ലീലാവേശം വരുകിലതിനും കാരണം നിന്റെ ലാസ്യം
കാലക്കേടാല്‍ പടുതി പലതും കാട്ടിയെന്നാലുമിന്നീ-
മാലാര്‍ന്നെത്തും സമയമിവനേ കൈവിടല്ലെന്റെ നാഥേ.
മന്ദാക്രാന്ത
നിറവൊടു പുതുവര്‍ഷം നമ്മളെല്ലാര്‍ക്കുമായി-
ത്തരുവതു വരമായി സ്നേഹസൌഭാഗ്യപൂരം
ഇതിലിനിയൊരു ലോപം വന്നിടാതെന്നുമെന്നും
കരുതണമതിനാലേ വന്നിടും ശ്രീലസൌഖ്യം.
മാലിനി.

പാടേ കടന്നു പടി,യെത്തിയൊടുക്കമീ ഞാന്‍
പാടത്തിലൂടെ നടകൊണ്ടു മടുത്തിടുമ്പോള്‍
ആടിച്ചിരിച്ചു നടമോടെയടുത്തു വന്നെ-
ന്നാടല്‍ കളഞ്ഞു മടി തീര്‍ത്തു തരും സമീരന്‍ .
വസന്തതിലകം
‘ഭാരം കുറയ്ക്ക‘ പതിവായിതു ചൊല്ലി വൈദ്യര്‍
ഭാര്യയ്ക്കുമുണ്ടു പരിദേവനമിപ്രകാരം
ഭ്രാന്തെന്നു ചൊല്ലി ചിരിയോടെ നടന്നു, ഹൃത്തില്‍
ഭാരം വരുത്തുവതു ഭാര്യയതെന്നു ഞാനും .
വസന്തതിലകം.
ഗോശാലതന്നിലിരവില്‍ നിറവോടു ജന്മം
കൈക്കൊണ്ടു ലോകഗതി മാറ്റിയതേശുനാഥന്‍
ഈ ശോകഭൂവിലിനിയാശ്രയമായി ലോകര്‍
വാഴ്ത്തുന്നിതാ കുരിശിലേറിയ പുണ്യനാമം
വസന്തതിലകം.
നാലഞ്ചുതുണ്ടു പലലങ്ങളൊളിച്ചു വെച്ചാല്‍
വാലിട്ടിളക്കി വരവുണ്ടു വിഡാലകങ്ങള്‍
മോഹത്തൊടാപലലമൊക്കെയെടുത്തുതിന്നി-
ട്ടാ ജാഹകങ്ങള്‍ വിളയാടിടുമെന്റെ ഗേഹേ.
വസന്തതിലകം.
(വിഡാലകം,ജാഹകം=പൂച്ച)
സൌനന്ദമെന്ന ഗദയേന്തിയ രാമനന്ന-
ങ്ങാനന്ദമോടെ ഹരിയോടുരചെയ്തു മന്ദം
“ഈ വന്ദനീയ കുരുവീരനിവന്റെ ശിഷ്യന്‍
സാനന്ദമേക തവ സോദരിയേയവന്നായ്”
വസന്തതിലകം.
ഇന്നെന്തിനാണു പല പൂക്കളിലിത്ര നാണം
വന്നീടുവാന്‍‌ ‍, തെളിവു തേടിനടന്നു ഞാനും
എന്നോമലാളിനുടെ സുന്ദരമാം മുഖാബ്ജം
തന്നില്‍ തെളിഞ്ഞ ഛവി കണ്ടവര്‍ കൊണ്ടു നാണം.
വസന്തതിലകം.
വന്നീടുന്നൂ പുത്തന്‍വര്‍ഷം മന്ദംമന്ദം സുസ്മേരം
തന്നീടുന്നൂ നമ്മള്‍ക്കായീ പിന്നീടെന്നും സൌഭാഗ്യം
പൊന്നേ നീയെന്‍ ചാരേ വന്നാല്‍ മൌനം മൂളാമീഗാനം
വിണ്ണില്‍ താരം കണ്ണുംചിമ്മിക്കേള്‍ക്കട്ടേയീ സംഗീതം.
കാമക്രീഡ
ചാരേവന്നാല്‍ പാടാം ഞാനീ രാഗം ചേരും ഗാനങ്ങള്‍
നീയാടേണം മെല്ലേമെല്ലേ വ്രീളാലോലം ലാസ്യങ്ങള്‍
ആമോദത്താല്‍ നാമീരാവില്‍ പ്രേമാരാമം തീര്‍ത്തീടും
മാല്യം ചാര്‍ത്താം,മാറില്‍ ചേര്‍ക്കാം ആരോമല്‍ നീ വന്നാലും.
കാമക്രീഡ .
നല്ലോണം തല തോര്‍ത്തിടെന്റെ ശിവനേ,യല്ലെങ്കിലാ ഗംഗയാല്‍
വല്ലാതാം ജലദോഷമൊക്കെ ഭഗവാനുണ്ടായിടും നിശ്ചയം
ഇല്ലാ മാമല തന്നിലിന്നു വിവരം തെല്ലുള്ളവര്‍ കൂട്ടിനായ്
അല്ലേലാ തലതന്നിലേയബലയേയോടിച്ചിടില്ലേയവര്‍ .
ശാര്‍ദ്ദൂലവിക്രീഡിതം.

ആനന്ദാമൃതവര്‍ഷിണീ,മധുരമായ് പാടുന്ന ഗാനങ്ങളില്‍
സാനന്ദം വരരാഗമായി വിരിയൂ,നീയെന്‍ സുധാധാരിണീ
താരാട്ടായൊഴുകുന്നൊരീ വരികളില്‍ നീ രാഗമായീടവേ
ആരും നിദ്രയിലാണ്ടുപോകുമതിലോ തെല്ലില്ല കില്ലെന്‍ സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം
വെണ്‍‌കൊറ്റക്കുടചേര്‍ന്നരമ്യരഥമോ, രാവിന്‍ മണിത്തൊങ്ങലോ
മാരന്‍ തന്നുടെ വില്ലിലേ നിറവെഴും മുക്താഫലജ്യോതിയോ
നെല്ലൂര്‍ തന്നിലമര്‍ന്നുകാന്തി വിതറും ശ്രീദേവി തന്‍ ഭൂഷയോ
കാണൂ പൌര്‍ണ്ണമി തന്നില്‍ വിണ്ണില്‍ വിരിയും പൂര്‍‌ണ്ണേന്ദു തന്‍ ശോഭയില്‍
ശാര്‍ദ്ദൂലവിക്രീഡിതം.
എല്ലാം നല്ലതിനാവണം,വരുമൊരീ വര്‍ഷം ശുഭം നല്‍കണം
പൊല്ലാക്കാലമതൊക്കെ മാറി ശിവമായ്ത്തീരേണമീ വര്‍ഷവും
ഇല്ലാ വേറെയെനിക്കു നിന്നൊടിനിയിന്നര്‍ത്ഥിക്കുവാന്‍ ശ്രീ ഹരേ
മല്ലാരീ,മമയര്‍ത്ഥനയ്ക്കു നലമായ് നല്‍കേണമേ നല്‍‌വരം
ശാര്‍ദ്ദൂലവിക്രീഡിതം.
മൈലിന്ദങ്ങളണഞ്ഞിടുന്നു ബഹുധാ പുഷ്പങ്ങളില്‍ തങ്ങിടും
ചേലോലുന്ന മരന്ദഗന്ധമവയില്‍ പൊങ്ങുന്ന നാളത്രയും
കാലം മാറി മധൂളി വറ്റി മധുരം തെല്ലില്ലയെന്നാകിലോ
കോലം മാറി മധുവ്രതങ്ങളവയില്‍ ചെല്ലില്ലതും പാഠമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
(മൈലിന്ദം,മധുവ്രതം=തേനീച്ച.,മധൂളി=തേന്‍ )

പട്ടിക്കുട്ടി കുരച്ചുചാടിയൊടുവില്‍ പെട്ടെന്നു വട്ടം തിരി-

ഞ്ഞെട്ടും‌പൊട്ടുമറിഞ്ഞിടാത്ത ശിശുവിന്‍ ചുറ്റും തടഞ്ഞോടിയും
ചട്ടെന്നൊട്ടു കുതിച്ചുചാടിയുടനേ കാട്ടുന്നിതാ പെട്ടിമേല്‍
വട്ടംചുറ്റിയിഴഞ്ഞിടുന്ന ഫണിയേ തട്ടിത്തെറിപ്പിക്കുവാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം.

നാണം കൊണ്ടു തുടുത്ത നിന്‍ കവിളിലേ തൂവേര്‍പ്പണിത്തുള്ളികള്‍
കാണും നേരമെനിക്കു ചെറ്റു കുതുകം തോന്നുന്നിതെന്നോമലേ
വേണം നീയൊരു ഗാനമായിയരുകില്‍‍ത്തന്നേ,നിനക്കായി ഞാന്‍
വേണും പോലതു പാടിടാം,മതിമുഖീ,വന്നാലുമെന്നന്തികേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇന്നില്‍ത്തന്നെ കഴിഞ്ഞിടുന്ന മനുജന്നുണ്ടായിടില്ലാ ഗുണം
മന്നില്‍ത്തന്നുടെ വൃത്തികൊണ്ടു സകലര്‍ക്കുണ്ടായിടേണം ഗുണം
എന്നോര്‍ത്തിട്ടൊരുവന്‍ തനിക്കുതനിയേ ചിന്തിക്കണം,ദുര്‍ഗുണം
തന്നില്‍നിന്നു കളഞ്ഞു സത്ക്രിയകളില്‍ ചേരുന്നതാം സദ്ഗുണം.
ശാര്‍ദ്ദൂലവിക്രീഡിതം.
ക്ഷേത്രം ചുറ്റി നടന്നു ഞാന്‍ പ്രതിപദം നാമം ജപിച്ചീടവേ
സൂത്രത്തോടെയടുത്തുവന്നു ചെവിയില്‍ മൂളുന്നതെന്തിന്നു നീ?
ഇത്രയ്ക്കെന്നൊടു സേവ കാട്ടിയനിലാ,യെന്തിന്നു വന്നന്തികേ?
മിത്രം പോലെ നടിച്ചിടില്‍ ഗുണമുടന്‍ കിട്ടീടുമെന്നോര്‍ത്തിതോ?
.ശാര്‍ദ്ദൂലവിക്രീഡിതം.
പാലാണെന്നുനിനച്ചു ശുഭ്രനിറമാം പാനീയമൊന്നാകെ ഞാന്‍
ചേലഞ്ചുന്നൊരു പഞ്ചസാരയളവില്‍ ചേര്‍ത്തൂ,കുടിച്ചൂ സ്വയം
നൂലാമാലകള്‍ പിന്നെ വന്നു വയറോ വീര്‍ത്തൂ,വിയര്‍ത്തൂ വെറും
ശീലക്കേടിലുലഞ്ഞിടുന്നിനിയിവന്‍ ചായട്ടെയീ കട്ടിലില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ശ്രീയേറും രവിശങ്കറെന്ന ഗുരുവീ ലോകര്‍ക്കു നല്‍കുന്നൊരീ
യേറ്റം നല്ലൊരു യോഗവിദ്യയതിലെന്‍ ചിത്തം പതിഞ്ഞദ്രുതം
യോഗംതന്നെ, സുദര്‍ശനക്രിയയിലൂടെന്‍ ശ്വാസവൈഷമ്യമാം
രോഗംമാറി സുഖംവരിച്ച ദിനമിന്നോര്‍ക്കുന്നു ഭക്ത്യാദരം.
ശാര്‍ദ്ദൂലവിക്രീഡിതം .
ആള്‍ദൈവങ്ങടെ മുന്നില്‍ ഞാനിതുവരെപ്പോയിട്ടുമില്ലാ,ശരി-
ക്കാരായാലുമവന്നുതെല്ലുഗുണമുണ്ടെന്നാല്‍ മതിക്കും മിതം
കാശേറെക്കളയാനിവന്നു ഗതിയായ്,വൈദ്യം പലര്‍ ചെയ്തുപോയ്
മോശം തന്നെഫലം ഭവിച്ചു,‘ക്രിയ‘യാല്‍ രോഗം ശമിച്ചത്ഭുതം.
ശാര്‍ദ്ദൂലവിക്രീഡിതം.

മണ്ണെല്ലാം വായിലാക്കി കളിയൊടു ചതുരം ഭാവമോടോടിയെത്തേ
തിണ്ണം പോറ്റമ്മവന്നങ്ങുടനുടനുടനേ വാ തുറക്കെന്നു ചൊല്‍കേ
വിണ്ണും സര്‍വ്വംജഗത്തും തെളിവൊടു വെളിവായ് കാട്ടി മന്ദം ഹസിക്കും
കണ്ണാ,നിന്‍ പുണ്യരൂപം നിറവൊടു നിറയുന്നെന്നുമെന്‍ മാനസത്തില്‍.
സ്രഗ്ദ്ധര
കല്ലും മുള്ളും ചവിട്ടീ,കരിമലകയറീ,സന്നിധാനത്തിലെത്തീ-
ട്ടില്ലാവല്ലായ്മയൊക്കേ ശരണവിളികളില്‍ പയ്യെയെല്ലാമൊഴുക്കീ
അയ്യാ, നിന്‍ പുണ്യപാദം കരളിലഭയമായ്ത്തന്നെ നിത്യം സ്മരിച്ചീ
നെയ്യാകും ജീവിതം നിന്‍നടയിലടിയനും വെച്ചു കൈകൂപ്പിനില്‍പ്പൂ.
സ്രഗ്ദ്ധര.
നവീനവൃത്തങ്ങള്‍ .
കണ്ണനും രാധയും ചേര്‍ന്ന രൂപം
കണ്ണിനും കാതിനും തൂമരന്ദം
പ്രേമവും ഭക്തിയും ചേര്‍ന്ന രാഗം
ഭാവനയ്ക്കേകിടും കാവ്യഭാവം
ഇന്ദുലേഖ.
മൂന്നു രം ഗ ത്തിലായിന്ദുലേഖാ.

ആടിയും പാടിയും നീ വരുമ്പോള്‍
ഓമലേ കാണുവാനെന്തു ഭംഗി
ശൈശവം നല്‍കിടും ചാരുഭാവം
പേശലം തന്നെയെന്നോര്‍ത്തു ഞാനും.
ഇന്ദുലേഖ.
താരകബ്രഹ്മമേ,നിന്റെ രൂപം
മാനവന്നേകിടുന്നാത്മസൌഖ്യം
കല്ലിലും മുള്ളിലും കാല്‍ ചവിട്ടി-
ക്കാണുവാനെത്തിടും ഞങ്ങളെന്നും.
ഇന്ദുലേഖ

ഇക്കാണുന്ന ചരാചരത്തിനുടയോന്‍ ശ്രീഹരേ നീ കനി-
ഞ്ഞെക്കാലത്തിലുമെന്റെ ഹൃത്തിലൊളിയായ് വാഴുമെന്നോര്‍പ്പു ഞാന്‍
ഭക്ത്യാ നിന്നുടെ മുന്നിലായടിയനും വന്നിടും നിത്യവും
മുക്കണ്ണാ തവ പാദമെന്നഭയമാം,നല്‍കിടൂ നല്‍‌വരം.
ശ്രീപദം

പന്ത്രണ്ടാല്‍ മസജം സരം‌ര വരുകില്‍ ശ്രീപദം വൃത്തമാം.

തുള്ളിത്തുള്ളിയലഞ്ഞൊരാ കുലടയാം സുന്ദരിപ്പെണ്ണുതന്‍
പിന്നില്‍പ്പിന്നില്‍ നടന്നവന്‍ പ്രമദനം തീര്‍ത്തതും രോഗിയായ്
പിന്നെപ്പിന്നെയതിന്റെ ദുരിതമാം കുണ്ടിലും പെട്ടുപോയ്
പമ്മിപ്പമ്മിവലഞ്ഞൊരാ പടുതിയും കണ്ടിടില്‍ പാഠമാം
ശ്രീപദം.