ശ്ലോകമാധുരി..50.
‘വസന്തതിലക’ശ്ലോകങ്ങള്‍
ഒന്നായിരുന്നു കവിപുംഗവര്‍ ഭംഗിയോടേ
നന്നായ് കൊടുത്തു കവിതയ്ക്കൊരു ചാരുരൂപം
മിന്നുന്നൊരാ ഹൃദയഹാരിണി കാവ്യമിന്നെന്‍
മുന്നില്‍ വസന്തതിലകക്കുറിയോടെ നില്‍പ്പൂ.
വട്ടത്തിലിട്ട തിലകം,വരഭൂഷ,ഹൃത്തില്‍
തട്ടുന്ന മട്ടിലിടവിട്ടൊരു നോട്ടവും ഹാ!
പെട്ടെന്നു വന്നു ചിരിതൂകിയടുത്തു നിന്നു
മുട്ടുന്ന നീ കവിത തന്നെ, വരൂ മനോജ്ഞേ.
കാമന്റെ വില്ലു പണിയാന്‍ തവ ചില്ലി വേണം
ബാണങ്ങളാക്കുവതിനായ് നയനങ്ങള്‍ വേണം
കേഴുന്നു കാമനിതു ചൊല്ലി,യവന്റെ വാക്കില്‍
വീഴല്ലെ,നിന്റെ മണിമുഗ്ദ്ധതയെന്റെ മാത്രം!.
വാനത്തിലിന്നു പരിവേഷവിശേഷമോടേ
നൂനം തെളിഞ്ഞു വിലസും ശശിശോഭ കണ്ടാല്‍
ആ നന്ദസൂനു സഖിമാര്‍ പരിവേഷമായി-
ട്ടാനന്ദമോടെ നിലകൊണ്ടതു പോലെയല്ലി !
മാനംകവിഞ്ഞ നിറശോഭ നിറഞ്ഞുഡുക്കള്‍
മാനത്തിലാകെ നിറയുന്നു,മനോഭിരാമം !
മാനത്തില്‍ നോക്കു,മതിബിംബമതിന്റെ മദ്ധ്യേ
മാനിന്റെ രൂപമിത നീലിമ ചേര്‍ന്നു കാണ്മൂ.
‘രഥോദ്ധത’യിലെ ശ്ലോകങ്ങള്‍
പിച്ചവെച്ചരികിലെത്തി പൈതലെന്‍
പിച്ചകത്തിനുടെ പൂക്കള്‍ പിച്ചവേ
പിച്ചുമെന്നു പറകേ ചിരിച്ചു കേള്‍-
പ്പിച്ച കൊഞ്ചലിലുലഞ്ഞിതെന്‍ മനം
മുത്തുപോലെ ഗഗനത്തില്‍ മിന്നിടും
ചിത്രതാരഗണമെത്ര മോഹനം
മുഗ്ദ്ധമീ ദൃശമിതൊന്നു കാണ്‍കവേ
മെത്തിടുന്ന സുഖമൊന്നു ചൊല്‍വതോ !
കാലകാലനുടെ പാദമെപ്പൊഴും
മാലകറ്റുവതിനായ് ഭജിച്ചിടും
കാലനന്ത്യസമയത്തിലെത്തിടും
കാലമോര്‍ത്തുമിവനില്ലൊരുള്‍ഭയം
ഉത്സവത്തെളിമയോടെ നമ്മളീ
വത്സരത്തെയെതിരേറ്റിടേണ്ടയോ
മല്‍സഖര്‍ക്കു സുഖസൌഭഗം മുദാ
വത്സപാലനരുളട്ടെ മേല്‍ക്കുമേല്‍.
വാടിടുന്ന ഹൃദയത്തില്‍ മോദമേ-
റ്റീടുവാന്‍ വിഹഗജാലമെത്തി ഹാ!
വാടിതന്നിലിടചേര്‍ന്നുചേര്‍ന്നവര്‍
പാടി രമ്യരവരാഗമഞ്ജരി.
‘ദ്രുതവിളംബിത’ശ്ലോകങ്ങള്‍
കരുണയോടലമാലകള്‍ മന്ദമെന്‍
കരതലേ മൃദുചുംബനമേകവേ
കരളിലേ കദനങ്ങളൊഴിഞ്ഞുപോയ്
“തിരകളേ,മമ നന്ദി“യുരച്ചു ഞാന്‍.
തിരകള്‍പോല്‍ മുകില്‍മാലകള്‍ നീലമായ്
നിരെനിരന്നു നിറഞ്ഞതു കാണ്‍കിലോ
വിരുതൊടേ കപടം മറയാക്കിടും
തരുണിതന്‍ മുഖമോര്‍മ്മയില്‍ വന്നിടും
‘പുഷ്പിതാഗ്ര’ശ്ലോകങ്ങള്‍
കവിതകളുണരും മനസ്സിലെല്ലാം
നിറയുവതെപ്പൊഴുമാത്മഹര്‍ഷഭാവം
കരളിലെ നിറവൊക്കെയൊത്തുചേര്‍ത്തി-
ട്ടൊരു നവലോകമുയര്‍ത്തിടും കവീന്ദ്രര്‍.
കവിതയില്‍ രചനാപടുത്വമേറാന്‍
സുരുചിരവാണി തെളിഞ്ഞു വന്നിടേണം
അതിനിവനുടനെത്തി നിന്റെ മുന്നില്‍
വിരവൊടു നല്‍ക,യനുഗ്രഹങ്ങള്‍ വാണീ.
അവിഹിതതരമായൊളിച്ചു വെച്ചൂ
പണമതു കാമറ കാട്ടി,ലോകര്‍ കണ്ടൂ
പണിയിതു തുടരാന്‍ കൊടുക്ക വെക്കം
പണമൊരു കെട്ടിനി ബോര്‍ഡുകാര്‍ക്കു,നോക്കാം.
അബലകളിതുമോര്‍ത്തിടേണമെന്നും
തരവഴികാട്ടിടുവോരെ മാട്ടിടൊല്ല
ഉടനടിയൊരു കോടതീല്‍ ഗമിക്ക
ഇതുപടി ചൊല്ലിയൊരുത്തനങ്ങിരിപ്പൂ.
നിരെനിരെ വിരിയുന്ന പൂക്കള്‍ കണ്ടാല്‍
പെരുകുവതെന്‍ ഹൃദയത്തില്‍ മോദഭാവം
കരിനിറനിശതന്നില്‍ വാനിടത്തില്‍
ചിരിയൊടു താരകള്‍ നില്‍പ്പതോര്‍പ്പു ഞാനും.
‘മഞ്ജുഭാഷിണി‘യിലെ ശ്ലോകങ്ങള്‍.
തരമൊത്തപോലെ ചില കാര്യമോതുവേന്‍
കരുണാകരാ,കരുണയോടെ കേള്‍ക്ക നീ
പുരുശോഭ ചേര്‍ന്ന നവകാവ്യസൃഷ്ടിയില്‍
വിരവോടെനിക്കു കഴിവേകണം സദാ.
ചിരകാലമായിയിതുപോലെ വന്നു നി-
ന്നരികത്തിരുന്നു കളിചൊല്ലുവാന്‍ കൊതി
ഒരു നോക്കുനോക്കിയതിനൊത്ത കാലവും
വരുമെന്നതോര്‍ത്തു കഴിയുന്നു ഞാന്‍ സഖി.
ചിരിയോടെ വന്നു ഹൃദയത്തിലേറി നീ
വിരുതോടെ രാഗമതുപോലെ മൂളവേ
കരളിന്റെയുള്ളിലൊരു ഗാനസൌരഭം
വിരിയുന്നു,മെല്ലെ മമ മഞ്ജുഭാഷിണീ !
************************************************
‘വസന്തതിലക’ശ്ലോകങ്ങള്‍
ഒന്നായിരുന്നു കവിപുംഗവര്‍ ഭംഗിയോടേ
നന്നായ് കൊടുത്തു കവിതയ്ക്കൊരു ചാരുരൂപം
മിന്നുന്നൊരാ ഹൃദയഹാരിണി കാവ്യമിന്നെന്‍
മുന്നില്‍ വസന്തതിലകക്കുറിയോടെ നില്‍പ്പൂ.
വട്ടത്തിലിട്ട തിലകം,വരഭൂഷ,ഹൃത്തില്‍
തട്ടുന്ന മട്ടിലിടവിട്ടൊരു നോട്ടവും ഹാ!
പെട്ടെന്നു വന്നു ചിരിതൂകിയടുത്തു നിന്നു
മുട്ടുന്ന നീ കവിത തന്നെ, വരൂ മനോജ്ഞേ.
കാമന്റെ വില്ലു പണിയാന്‍ തവ ചില്ലി വേണം
ബാണങ്ങളാക്കുവതിനായ് നയനങ്ങള്‍ വേണം
കേഴുന്നു കാമനിതു ചൊല്ലി,യവന്റെ വാക്കില്‍
വീഴല്ലെ,നിന്റെ മണിമുഗ്ദ്ധതയെന്റെ മാത്രം!.
വാനത്തിലിന്നു പരിവേഷവിശേഷമോടേ
നൂനം തെളിഞ്ഞു വിലസും ശശിശോഭ കണ്ടാല്‍
ആ നന്ദസൂനു സഖിമാര്‍ പരിവേഷമായി-
ട്ടാനന്ദമോടെ നിലകൊണ്ടതു പോലെയല്ലി !
മാനംകവിഞ്ഞ നിറശോഭ നിറഞ്ഞുഡുക്കള്‍
മാനത്തിലാകെ നിറയുന്നു,മനോഭിരാമം !
മാനത്തില്‍ നോക്കു,മതിബിംബമതിന്റെ മദ്ധ്യേ
മാനിന്റെ രൂപമിത നീലിമ ചേര്‍ന്നു കാണ്മൂ.
‘രഥോദ്ധത’യിലെ ശ്ലോകങ്ങള്‍
പിച്ചവെച്ചരികിലെത്തി പൈതലെന്‍
പിച്ചകത്തിനുടെ പൂക്കള്‍ പിച്ചവേ
പിച്ചുമെന്നു പറകേ ചിരിച്ചു കേള്‍-
പ്പിച്ച കൊഞ്ചലിലുലഞ്ഞിതെന്‍ മനം
മുത്തുപോലെ ഗഗനത്തില്‍ മിന്നിടും
ചിത്രതാരഗണമെത്ര മോഹനം
മുഗ്ദ്ധമീ ദൃശമിതൊന്നു കാണ്‍കവേ
മെത്തിടുന്ന സുഖമൊന്നു ചൊല്‍വതോ !
കാലകാലനുടെ പാദമെപ്പൊഴും
മാലകറ്റുവതിനായ് ഭജിച്ചിടും
കാലനന്ത്യസമയത്തിലെത്തിടും
കാലമോര്‍ത്തുമിവനില്ലൊരുള്‍ഭയം
ഉത്സവത്തെളിമയോടെ നമ്മളീ
വത്സരത്തെയെതിരേറ്റിടേണ്ടയോ
മല്‍സഖര്‍ക്കു സുഖസൌഭഗം മുദാ
വത്സപാലനരുളട്ടെ മേല്‍ക്കുമേല്‍.
വാടിടുന്ന ഹൃദയത്തില്‍ മോദമേ-
റ്റീടുവാന്‍ വിഹഗജാലമെത്തി ഹാ!
വാടിതന്നിലിടചേര്‍ന്നുചേര്‍ന്നവര്‍
പാടി രമ്യരവരാഗമഞ്ജരി.
‘ദ്രുതവിളംബിത’ശ്ലോകങ്ങള്‍
കരുണയോടലമാലകള്‍ മന്ദമെന്‍
കരതലേ മൃദുചുംബനമേകവേ
കരളിലേ കദനങ്ങളൊഴിഞ്ഞുപോയ്
“തിരകളേ,മമ നന്ദി“യുരച്ചു ഞാന്‍.
തിരകള്‍പോല്‍ മുകില്‍മാലകള്‍ നീലമായ്
നിരെനിരന്നു നിറഞ്ഞതു കാണ്‍കിലോ
വിരുതൊടേ കപടം മറയാക്കിടും
തരുണിതന്‍ മുഖമോര്‍മ്മയില്‍ വന്നിടും
‘പുഷ്പിതാഗ്ര’ശ്ലോകങ്ങള്‍
കവിതകളുണരും മനസ്സിലെല്ലാം
നിറയുവതെപ്പൊഴുമാത്മഹര്‍ഷഭാവം
കരളിലെ നിറവൊക്കെയൊത്തുചേര്‍ത്തി-
ട്ടൊരു നവലോകമുയര്‍ത്തിടും കവീന്ദ്രര്‍.
കവിതയില്‍ രചനാപടുത്വമേറാന്‍
സുരുചിരവാണി തെളിഞ്ഞു വന്നിടേണം
അതിനിവനുടനെത്തി നിന്റെ മുന്നില്‍
വിരവൊടു നല്‍ക,യനുഗ്രഹങ്ങള്‍ വാണീ.
അവിഹിതതരമായൊളിച്ചു വെച്ചൂ
പണമതു കാമറ കാട്ടി,ലോകര്‍ കണ്ടൂ
പണിയിതു തുടരാന്‍ കൊടുക്ക വെക്കം
പണമൊരു കെട്ടിനി ബോര്‍ഡുകാര്‍ക്കു,നോക്കാം.
അബലകളിതുമോര്‍ത്തിടേണമെന്നും
തരവഴികാട്ടിടുവോരെ മാട്ടിടൊല്ല
ഉടനടിയൊരു കോടതീല്‍ ഗമിക്ക
ഇതുപടി ചൊല്ലിയൊരുത്തനങ്ങിരിപ്പൂ.
നിരെനിരെ വിരിയുന്ന പൂക്കള്‍ കണ്ടാല്‍
പെരുകുവതെന്‍ ഹൃദയത്തില്‍ മോദഭാവം
കരിനിറനിശതന്നില്‍ വാനിടത്തില്‍
ചിരിയൊടു താരകള്‍ നില്‍പ്പതോര്‍പ്പു ഞാനും.
‘മഞ്ജുഭാഷിണി‘യിലെ ശ്ലോകങ്ങള്‍.
തരമൊത്തപോലെ ചില കാര്യമോതുവേന്‍
കരുണാകരാ,കരുണയോടെ കേള്‍ക്ക നീ
പുരുശോഭ ചേര്‍ന്ന നവകാവ്യസൃഷ്ടിയില്‍
വിരവോടെനിക്കു കഴിവേകണം സദാ.
ചിരകാലമായിയിതുപോലെ വന്നു നി-
ന്നരികത്തിരുന്നു കളിചൊല്ലുവാന്‍ കൊതി
ഒരു നോക്കുനോക്കിയതിനൊത്ത കാലവും
വരുമെന്നതോര്‍ത്തു കഴിയുന്നു ഞാന്‍ സഖി.
ചിരിയോടെ വന്നു ഹൃദയത്തിലേറി നീ
വിരുതോടെ രാഗമതുപോലെ മൂളവേ
കരളിന്റെയുള്ളിലൊരു ഗാനസൌരഭം
വിരിയുന്നു,മെല്ലെ മമ മഞ്ജുഭാഷിണീ !
************************************************