Monday, June 19, 2017

ശ്ലോകമാധുരി.59

ശ്ലോകമാധുരി.59.
*****************

വഴിതെറ്റിടാതെയുലകത്തില്‍ വാണിടാന്‍
വഴിയായി നിന്റെ വരമേക ശൈലജേ
അഴിയാത്ത ഭക്തി വിടരുന്ന ഹൃത്തില്‍ വ-
ന്നഴകോടെ വാഴ്കിലതുമെത്ര ധന്യമാം!
മഞ്ജുഭാഷിണി
ഞെട്ടറ്റുവീണ ചില പൂക്കളെയോര്‍ത്തു നിങ്ങള്‍
ഞെട്ടേണ്ടതില്ലതിനു കാരണമുണ്ടു ഭൂവില്‍
മട്ടും പ്രഭൂതികളൊടൊട്ടുവസിക്കുമെന്ന-
ങ്ങൊട്ടും നിനയ്ക്കരുതു,നശ്വരമാണു സര്‍വ്വം.
വസന്തതിലകം.
ദന്താവളാസ്യ,നപരന്നു മുഖങ്ങളാറു,
പൊന്തുന്നൊരാറു,പിറ,തീയെരിയും ത്രിനേത്രം
എന്താണു ചൊല്‍‌വതിനിയീവിധമാണു ഗൌരീ-
കാന്തന്റെ കാര്യമതിദുസ്സഹമാണു, കഷ്ടം!
വസന്തതിലകം.
പൂമാലയല്ല, പലപാമ്പുകള്‍ മാറിടത്തില്‍
മാലേയമല്ല,ചുടുചാമ്പലതാണു മെയ്യില്‍
മാലൊന്നുമില്ല,നടനം ചുടുകാട്ടിലയ്യോ
കാലാരി, നിന്‍ ചരിതമത്ഭുതമാണു പാര്‍ത്താല്‍ !
വസന്തതിലകം
അന്നു ഞാന്‍ നിന്നൊടായ് ചൊന്ന ദുഃഖങ്ങളെ
ഒന്നു തീര്‍ത്തീടുവാനെന്തിനീ താമസം ?
ഇന്നു ഞാനീവിധം മുന്നിലെത്തീ ഹരേ!
മന്നില്‍ ഞാനാന്യരില്‍ കാണ്മതില്ലാശ്രയം.
സ്രഗ്വിണി
പാടുപെട്ടീവിധം പാട്ടുപാടൊല്ല നീ
പാടുവാന്‍ നിന്‍സ്വരം പാകമല്ലോര്‍ക്കണം
പാടിടും പഞ്ചമം രാഗമാ കോകിലം
പാടുനോക്കീടു നീ പോക കാകാ ജവം!
സ്രഗ്വിണി
മാലതിപ്പൂക്കളെല്ലാമെടുത്തിട്ടു നീ
മാലതീമാലയായ് ചാര്‍ത്തിയെന്‍ മാറിലായ്
മാലതീ, നീ പിരിഞ്ഞോരു നേരത്തു ഹാ!
മാല തീമാലയായ് ,താപമാര്‍ന്നെന്‍ മനം.
സ്രഗ്വിണി
വളഞ്ഞും പുളഞ്ഞും തെളിഞ്ഞും ഗമിക്കും
നിളക്കെന്തു ചേലാണു കാണാന്‍ മനോജ്ഞം!
കുളിര്‍ത്തെന്നലേറ്റീ കരയ്ക്കൊന്നിരിക്കേ
മയങ്ങുന്നു ചിത്തം, മഹാസൌഖ്യപൂരം!
ഭുജംഗപ്രയാതം.
 പുഴയുടെയരികത്തായെത്തിടും നേരമയ്യാ !
അഴലുകളൊഴിയുന്നൂ, ശാന്തി കൈവന്നിടുന്നു
ചുഴി,മലരികളെല്ലാം ജീവിതത്തില്‍ വരുമ്പോള്‍
കഴിവതുമിവിടേയ്ക്കൊന്നെത്തു, സൌഖ്യം വരിക്കാം.
മാലിനി.
‘വിരോധമാം വികാരമെന്റെ ഹൃത്തില്‍ വന്നുകൂടുവാന്‍
ഒരിക്കലും വരൊല്ല’ യെന്നതാം വരം തരേണമേ
ഹരേ,ധരിത്രിതന്നിലുള്ള മര്‍ത്ത്യരൊക്കെയും സ്ഥിരം
പെരുത്ത മൈത്രിയോടെവാഴുവാന്‍ തൊഴുന്നു നിന്‍‌പദം.
പഞ്ചചാമരം.
 എണ്ണാനൊക്കരുതാത്തപോല്‍ പലവിധം ദുഷ്ക്കര്‍മ്മമാണൊക്കെയും
ദണ്ണത്തോടെയറിഞ്ഞിടുന്നവ മനം നീറ്റുന്നുവെന്നാകിലും
കണ്ണാ,നിന്‍ മധുമന്ദഹാസമിതുപോല്‍ കാണുന്നനേരത്തു ഞാന്‍
എണ്ണുന്നെന്നുടെ പാപമൊക്കെയൊഴിവാക്കും ഭൈഷജം നിന്‍സ്മിതം!
ശാര്‍ദ്ദൂലവിക്രീഡിതം.
 കണ്ടാല്‍ കേമനൊരുഗ്രശബ്ദമിതുപോലുണ്ടാക്കിലും ഹൃദ്യമായ്
മണ്ടുന്നമ്പലവാസിതന്‍ വടിവില്‍ നീയെല്ലാടവും മാന്യനായ്
പണ്ടേ നിന്നൊടടുത്തു നിന്‍ വിവിധമാം താളം ശ്രവിക്കാനുമായ്
ചെണ്ടേ നിന്നുടെ ദാസനായിവിടെ ഞാന്‍ നില്‍ക്കുന്നു നിശ്ശബ്ദനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണോ മൂന്നു, തലയ്ക്കു മേലെ ജടയില്‍ പെണ്ണൊന്നു വാസം, സുതര്‍
പൊണ്ണന്‍ കുമ്പയൊടാനമോറനപരന്നാറാണു വക്ത്രങ്ങളും
ദണ്ണം തോന്നുവതൊന്നുമല്ല ഫണിയാണാമേനിയില്‍,മാമല-
പ്പെണ്ണേ നിന്‍ പതിമാത്രമെത്ര ചതുരന്‍, ചൊല്ലാന്‍ മടിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം
കണ്ണീര്‍മുത്തുകള്‍ കോര്‍ത്തെടുത്തു തുയര്‍തന്‍ ഹാരങ്ങള്‍ നീ തീര്‍ക്കവേ
ദണ്ണംകൊണ്ടു വലഞ്ഞതെന്‍ ഹൃദയമാണെന്നുള്ളതോര്‍ത്തീടു നീ
കണ്ണായ് നീ കരുതുന്നൊരാ സഹജരോ കണ്ടില്ല നിന്‍ കണ്ണുനീര്‍
എണ്ണീടാര്‍ക്കുമിതാണു ദുര്‍വ്വിധി,യതില്‍ ദുഃഖിച്ചിടേണ്ടാ സഖീ!
ശാര്‍ദ്ദൂലവിക്രീഡിതം.
ചൊല്ലാന്‍ ശ്ലോകമതൊക്കെയോര്‍ത്തു സഭയില്‍ വന്നപ്പൊഴുള്ളത്തിലായ്
വല്ലാതുള്ളൊരു വിഭ്രമം പ്രകടമായ് വന്നെന്നതോര്‍മ്മിപ്പു ഞാന്‍
മെല്ലേ ഞാനതു ചൊല്ലിടാതെ ചുളുവില്‍ പിന്നോട്ടു മാറീ,സ്വയം
മല്ലില്ലാതെ പുറത്തുവന്ന നിമിഷം പോയെന്‍ ഭ്രമം പൂര്‍ണ്ണമായ്!
ശാര്‍ദ്ദൂലവിക്രീഡിതം
നീയേയെന്നുടെ രക്ഷയെന്നു കരുതിപ്പാര്‍ക്കുന്നു ഞാന്‍ ക്ഷേമമായ്
മായേ നിന്നുടെയക്ഷിയെന്നില്‍ നിയതം തൂവട്ടെ രക്ഷാമൃതം
തായേ മന്നിടമിക്ഷണത്തില്‍ ദുരിതം തന്നാലുമക്ഷീണമായ്
തായേ നിന്നുടെ രക്ഷയെന്നി,ലതുതാന്‍ സംരക്ഷ! കൂപ്പുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
‘പൂരം‘ സൌഭഗപൂരനാളു പുരുഷന്നെന്നുള്ള ചൊല്‍ സാര്‍ത്ഥമായ്-
ത്തീരുംവണ്ണമെനിക്കു ജീവിതസുഖം നല്‍കുന്നു സര്‍വ്വേശ്വരന്‍
പാരം നല്ല കുടുംബവും സകലസൌഭാഗ്യങ്ങളോടൊത്തു നീ
നേരായ് നല്‍കിയതെന്റെ ധന്യത, പദം കൂപ്പുന്നു ഞാന്‍ ശ്രീപതേ!
ശാര്‍ദ്ദൂലവിക്രീഡിതം
ഭക്തിപ്രേമസുധാരസം നുകരുവാനായിട്ടു  ഞാനിന്നിതാ
എത്തുന്നീ ഗുരുവായുമന്ദിരമതില്‍ക്കെട്ടിന്നകത്തിങ്ങനേ
മൊത്തം ശക്തിയെടുത്തു ഞാന്‍ തിരുനടയ്ക്കെത്തുന്നനേരത്തു നീ
ചിത്തം തട്ടിയെടുത്തു,ഞാന്‍ മധുരസം സൂക്ഷിപ്പതെങ്ങാണു ചൊല്‍ !
ശാര്‍ദ്ദൂലവിക്രീഡിതം
മണ്ണില്‍ വീണുകിടന്നു നീയിതുവിധം മണ്ണോടു ചേരുമ്പൊഴും
പൂര്‍ണ്ണം തൃപ്തിയൊടേ ചിരിച്ചു വിലസുന്നെന്നുള്ളതാണത്ഭുതം!
മന്നില്‍ നിന്നുടെ ജന്മമെത്ര സഫലം, ഞാനിന്നു നിന്‍ മുന്നിലായ്
നിന്നീടുന്നൊരു നേരമെത്ര മഹിതം, പൂവേ! വണങ്ങുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം
മറ്റുള്ളോര്‍ സ്തുതി ചെയ്യവേ,യൊരു മയില്‍പോല്‍ പീലി നീര്‍ത്തുന്നു നീ
മറ്റുള്ളോരപരര്‍ക്കതേകെ വിഷമത്താലീര്‍ഷ്യ കൊള്ളുന്നു ഹാ!
കഷ്ടം തന്നെ,യധോഗതിക്കു ഗതിയായ് തീരുന്നു നീ ചിത്തമേ
തുഷ്ട്യാ നന്മകളെ സ്തുതിക്ക,യതുതാന്‍ സത്താം ഗുണം.വൃദ്ധിയും.
ശാര്‍ദ്ദൂലവിക്രീഡിതം
 മിന്നും പീലികള്‍ ചേലിലാടി വിലസും നിന്‍ മൌലി,സമ്മോഹനം
ചിന്നും നിന്നുടെ വംശിനാദ,മതുലം പീതാംബരം,കാര്‍നിറം
പൊന്നാം ശ്രീഗുരുമാരുതേശപുരിതന്‍ പുണ്യം,കണക്കറ്റ മ-
ട്ടെന്നും കാണുവതിന്നെനിക്കു തുണയായ് വന്നീടണം മത്പ്രഭോ!
ശാര്‍ദ്ദൂലവിക്രീഡിതം.സമസ്യാപൂരണം.
ശ്ലോകംതീര്‍ത്ത രസത്തിലൊക്കെയിവനും ചാര്‍ത്തുന്നിതീ വേദിയില്‍
മൂകന്മാര്‍ പലരും കടന്നുവരുമെല്ലാം കണ്ടു പോകുന്നു ഹാ!
ആകെക്കൂടിയൊരഞ്ചുപേരതിനുടന്‍ ചാര്‍ത്തുന്നു ലൈക്കെങ്കിലി-
ന്നാഢ്യന്മാര്‍ക്കതു വൈരമോ, ചതുരമോ, നല്‍കാ കമന്റൊന്നുമേ!
ശാര്‍ദ്ദൂലവിക്രീഡിതം
ഹൃദ്യംതന്നെയിതേവിധം സഹൃദയര്‍ ചൊല്ലുന്ന വാക്കൊക്കെയും
നേദ്യം‌പോലെ വിശുദ്ധമാണതു മഹാപുണ്യം ,മനോരഞ്ജനം
ഉദ്യോഗത്തൊടിതേവിധത്തിലെഴുതും കാവ്യങ്ങളെന്‍ ഹൃത്തിലേ
ഖദ്യോതം മിഴിവായ് പൊഴിക്കുമൊളിതാന്‍, മിന്നട്ടെ സൌവര്‍ണ്ണമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇന്നോളം നിന്റെ നാമം മനമിതിലുരുവിട്ടീടുവാന്‍ തോന്നിയില്ലാ
ഇന്നാണാ സത്യമോര്‍പ്പൂ, ഇനിയിതിനുടവായീടുവാനെന്തു ചെയ്‌വേന്‍?
ഇന്നിപ്പോള്‍ വൈകിയാലും തവതിരുമുഖമെന്‍ ചിത്തില്‍ മിന്നിത്തിളങ്ങു-
ന്നിന്നാണെന്‍ ഭാഗ്യമീമട്ടുണരുവതതു ഞാന്‍ കാത്തിടും ധന്യമായി!
സ്രഗ്ദ്ധര.
കുന്നിന്മേലേ വിളങ്ങും മലമകളിവനേ കാത്തുരക്ഷിക്കവേണം
കുന്നിക്കും ഭക്തിയോടേയടിയനിവിടെ നിന്‍ പൂജചെയ്യുന്നു നിത്യം
കുന്നോളം ദുഃഖമാര്‍ത്തിട്ടിവനു രുജവരുംനേരമന്‍‌പോടു മാന്ധാം-
കുന്നില്‍ വാഴുന്നൊരമ്മേ,വരുകയിവനു നല്‍കീടുവാന്‍ തൃക്കടാക്ഷം
സ്രഗ്ദ്ധര
നാടാകേ ചാടിയോടീട്ടതുപടി ചതുരോപായമെല്ലാം മൊഴിഞ്ഞ-
ങ്ങാടോപം ശീലമാക്കീട്ടവയുടെ ഫലമായ് സ്ഥാനമാനങ്ങള്‍ നേടീ
വാടാതേ മുന്നില്‍വന്നീ കളിയിതുതുടരും ഭോഷരേ,ഞങ്ങളോര്‍പ്പൂ
“കൌടില്യം കാട്ടുവോര്‍ക്കിന്നടിയറവരശിന്നേതു കള്ളിക്കകത്തോ!“
സ്രഗ്ദ്ധര-സമസ്യാപൂരണം
 പ്രത്യക്ഷം വൃക്ഷജാലം സുരുചിരസുമജാലം വിരിച്ചീവിധത്തില്‍
സാക്ഷാല്‍ ക്ഷോണിക്കു മോദം മദഭരമുയരും മട്ടിലാര്‍ത്താടിടുമ്പോള്‍
ഹൃദ്യം ഹ്ലാദം പെരുത്തീ പെരുമയരുമയാം സ്വര്‍ണ്ണവര്‍ണ്ണങ്ങളാലേ
ശ്ലോകം ശോകംവിനാ തീര്‍ത്തിവിടെ വടിവൊടേ വയ്പ്പു രമ്യം രസിക്കാം!
സ്രഗ്ദ്ധര
വിദ്യാസമ്പന്നനാണെന്നതു ചിലനിമിഷം വൃത്തിയായോര്‍ത്തിടാതേ
മദ്യക്കുപ്പിക്കുപിമ്പേ ചപലതപെരുകും ജാഡപൊക്കാന്‍,നടിക്കാന്‍
ഉദ്യോഗപ്രൌഢികാട്ടാന്‍ സഹചരുമൊരുമിച്ചാടിയെന്നും തിമിര്‍ക്കാന്‍
മദ്യം സ്തുത്യം നിനച്ചാല്‍, പകലുമിരവിലും പാടുപെട്ടീടുമാരും!
സ്ര
ഗ്ദ്ധര.സമസ്യാപൂരണം.
ശ്രീയോടെന്‍ ജന്മനാളില്‍ സുമധുരതരമാം വര്‍ണ്ണമെല്ലാം തിളങ്ങും
ശ്രീയായ് ശോഭായമാനം സുമഗണമഖിലം നല്‍കിയോരേ, നമിപ്പൂ
ശ്രീയായെന്‍ നന്ദിചൊല്ലാനിവനിതവിനയത്തോടെ നില്‍ക്കുന്നു മുന്നില്‍
ശ്രീയാണീ സൌഹൃദത്തിന്‍ പെരുമഴ കരളില്‍ വന്നുവര്‍ഷിച്ച ഹര്‍ഷം!
സ്രഗ്ദ്ധര.  
****************************************************

ശ്ലോകമാധുരി.58

ശ്ലോകമാധുരി.58.
*************


ധന്യമായ വിധമൊന്നുമിന്നു നാം
കാണ്മതില്ലതിനു കാര്യമെന്തെടോ?
വന്യമായ ചില ദുഷ്കൃതങ്ങളാല്‍
ഉണ്മയും മറയുമാറു വന്നതാം!
രഥോദ്ധത.
 നല്ലേറും തവവദനം തെളിഞ്ഞുകണ്ടാല്‍
എല്ലാമെന്‍ സുകൃതമതായ് നിനച്ചിടാം ഞാന്‍
വല്ലാതേ പരുഷവചസ്സുരച്ചിടാതേ
മല്ലാക്ഷീ വരുകരുകില്‍ ചിരിച്ചു ഭംഗ്യാ.
പ്രഹര്‍ഷിണി
ഉറക്കം കുറയ്ക്കുന്ന കാര്യങ്ങള്‍ മൊത്തം
മറക്കുന്നതാണാര്‍ക്കുമേറ്റം മഹത്ത്വം
ഉറക്കം നമുക്കെന്നുമേകുന്ന സൌഖ്യം
മറഞ്ഞാല്‍ മഹാക്ലേശമാര്‍ക്കുന്നിതാര്‍ക്കും .
ഭുജംഗപ്രയാതം.
സദാ ജ്യോതിയായെന്‍ ഹൃദന്തത്തില്‍ സത്തായ്
മുദാ താരകം പോല്‍ തിളങ്ങും മഹസ്സേ
ഇദം ദിവ്യരൂപം സ്മരിക്കുന്നു നിത്യം
സദാനന്ദജായേ, പ്രസീദ പ്രസീദ.
ഭുജംഗപ്രയാതം.
അരുതരുതിതുപോലേ ദുഷ്ടമാം വൃത്തി നിത്യം
പെരിയ ദുരിതമേകും, നല്ലതല്ലെന്നതോര്‍ക്കൂ
പരമപുരുഷപാദം ഹൃത്തിലോര്‍ത്തീടു ഭക്ത്യാ
പെരുമയുമുളവാകും, ജീവിതം സാര്‍ത്ഥമാവും.
മാലിനി
പെരുമ പലവിധത്തില്‍ വന്നുചേരുന്നനേരം
കരുതുകമനതാരില്‍ ദൈവമേകുന്നിതെല്ലാം
ഒരു നൊടിയവനേ നാം നിത്യമോര്‍ത്തീടുമെങ്കില്‍
പെരുകിടുമലപോലേ സര്‍വ്വഭാഗ്യങ്ങള്‍ നൂനം.!
മാലിനി.
 “മുരളികയൊരു നാളില്‍ ചുണ്ടില്‍ വച്ചെന്റെ കണ്ണന്‍
സുരുചിരമധുരാഗം മൂളി,ഞാന്‍ ധന്യയായി“
പ്രണയമൊടധരത്തില്‍ ചുണ്ടവന്‍ ചേര്‍ത്തനേരം
പരമസുഖലയത്തില്‍ രാധയിത്ഥം മൊഴിഞ്ഞു.
മാലിനി
കാലാരിപ്രിയയായ ദേവി കനിയൂ, കാലങ്ങളായ് നിന്നില്‍ ഞാന്‍
കാലാതീതഗുണങ്ങള്‍ ഫുല്ലസമമായ് കാണുന്നു മൂല്യങ്ങളായ്
കാലന്‍  തന്നുടെ പാശമെന്റെ തനുവില്‍ വീഴുന്നനേരത്തു നിന്‍ ‍-
കാലാല്‍ പാശമൊഴിച്ചിടേണമതിനായ് കൂപ്പുന്നു നിന്‍‌കാല്‍ത്തളിര്‍!
ശാര്‍ദ്ദൂലവിക്രീഡിതം.
ചുണ്ടില്‍ ചേര്‍ത്തുപിടിച്ച വംശി,തലയില്‍ നല്‍‌പീലി,പീതാംബരം
കണ്ടിക്കാറണിവേണിഭംഗി,യതിലായ് മിന്നും കിരീടം വരം
ഉണ്ടോ ഭാഗ്യമെനിക്കു നിത്യമിതുപോല്‍ മുന്നില്‍ കളിച്ചീടുമീ
തണ്ടാര്‍സായകശോഭചേര്‍ന്ന ശിശുവേ ചേര്‍ത്തൊന്നു നിര്‍ത്തീടുവാന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം
ചോറ്റാനിക്കര വാണിടുന്ന ജനനീ, ശ്രീ രാജരാജേശ്വരീ!
ഏറ്റം ഭക്തിയൊടെത്തിടുന്നു നടയില്‍ നിന്‍പാദപൂജയ്ക്കു ഞാന്‍
കുറ്റം തെല്ലുവരാതെതന്നെയടിയന്‍ ശ്ലോകങ്ങളാം പൂക്കളെ
മാറ്റേറും വരമാല്യമായ് പദമതില്‍  ചാര്‍ത്തുന്നിതെന്നര്‍ഘ്യമായ്.

ശാര്‍ദ്ദൂലവിക്രീഡിതം.
നീയെന്നും മമ ചിത്തമാം വനികയില്‍ വര്‍ണ്ണങ്ങളാം പൂക്കളില്‍
മായാതെന്നുമുണര്‍ന്നിടുന്നു,ലയമായ് പുല്‍കുന്നു ഭാവങ്ങളെ
നീയാണെന്നില്‍ വിഷാദഭാവമുണരും നേരം തലോടുന്നവള്‍
മായാമോഹിനിയായിടുന്ന കവിതാസാരള്യ ,മെന്‍ കാമിനി !.
ശാര്‍ദ്ദൂലവിക്രീഡിതം.
പാണിദ്വന്ദമുയര്‍ത്തി നിന്‍നടയില്‍ ഞാന്‍ നില്‍ക്കുന്നു ഭക്ത്യാദരം
വേണം നിന്‍ വരമൊക്കെയും മികവെഴും ശ്ലോകങ്ങള്‍ തീര്‍ത്തീടുവാന്‍
വാണീദേവി,യെനിക്കു നല്‍ക ഗുണമേറീടുന്ന വര്‍ണ്ണങ്ങള്‍തന്‍ ‍-
ക്വാണം,നിന്‍‌മണിവീണതന്നിലുയരും നാദം കണക്കെപ്പൊഴും.
ശാര്‍ദ്ദൂലവിക്രീഡിതം.
തുള്ളും ചിത്തത്തില്‍ മെത്തും സകല കുടിലഗര്‍വ്വങ്ങളും നീക്കിടാനായ്
പൊള്ളും തൃഷ്ണാസമേതം പലപലയുറവും തേടിയെങ്ങും നടന്നേന്‍
ഭള്ളൊന്നായ് നീക്കിടാനായ് ക്ഷമയുടെ നിറവായുണ്മതന്‍ താരമായെ-
ന്നുള്ളില്‍ പൊന്‍‌കാന്തി ചിന്തും നിയതിജനനിയാമംബയെന്നിഷ്ട ദൈവം.
സ്രഗ്ദ്ധര--സമസ്യാപൂരണം
നൂനം ഞാന്‍ നിന്റെ മുന്നില്‍ ദുരിതശമനമുണ്ടാകുവാനെന്നുമെന്നും
ദീനം കൈകൂപ്പിനിന്നിട്ടിവനുടെ പരിതാപം സ്ഥിരം ചൊല്ലിയില്ലേ?
മാനം പോകാതെയെന്നാണിവനുടെ മനമുത്സാഹമായ് നിന്റെ പാദ-
സ്ഥാനം പൂകുന്നതെന്നെന്‍ മുരമഥന, തൃഷാതാന്തമാം സ്വാന്തഭൃംഗം.

സ്രഗ്ദ്ധര..സമസ്യാപൂരണം
മാലോകര്‍ക്കായ് മഹത്താം പലപലയവതാരങ്ങളാല്‍ മേല്‍ക്കുമേല്‍‌മേല്‍
മാലൊക്കേയങ്ങകറ്റീ,യുരഗശയനനായ് സാഗരം ഗേഹമാക്കി
മേലാകേ കാര്‍നിറത്തേ മഹിതമഹിതമായ് ചേര്‍ത്തു ഭംഗ്യാ ലസിക്കും
മൂലോകത്തിന്‍ സുഹൃത്തേ,പദനളിന നമത്താപഹര്‍ത്തേ നമസ്തേ!
സ്രഗ്ദ്ധര-സമസ്യാപൂരണം.ഭക്തപ്രിയ
വര്‍ണ്ണങ്ങള്‍ ചേലിലെല്ലാം പലവിധ നിറവില്‍ കോര്‍ത്തു നല്‍‌മാലയാക്കീ
സ്വര്‍ണ്ണാഭം ചാര്‍ത്തിനില്‍ക്കും സുമധുരകവിതാദേവതേ,ശാരദാംബേ
തൂര്‍ണ്ണം നീയെന്റെ നാവില്‍ കവിതകളനിശം തോന്നിടാനെന്നുമെന്നും
പൂര്‍ണ്ണം വാണീടവേണം,കവനകുതുകിമാര്‍ക്കിഷ്ടതോഴീ നമസ്തേ!
സ്രഗ്ദ്ധര.
വര്‍ഷം മുപ്പത്തിയാറായിവനൊടു ‘സരളാ ദേവി‘ ചേര്‍ന്നിട്ടതോര്‍ക്കില്‍
ഹര്‍ഷം മെത്തുന്നു ചിത്തേ,യിനിയിവനിതുപോല്‍ സൌഖ്യമെന്തേ ലഭിപ്പാന്‍!
ദൂഷ്യം ചൊല്ലാനുമില്ലാ, സകലതുമിതുപോല്‍  നോക്കിനല്‍കുന്നു ദൈവം
പോഷിപ്പിച്ചെന്നെയിമ്മട്ടമിതസുഖമതില്‍ കാത്തിടുന്നെന്റെ ഭാഗ്യം!
സ്രഗ്ദ്ധര
‘ഏപ്രില്‍ ഒമ്പതു‘ വരുന്ന നാളിലിവനേറിടുന്നു ഹൃദി തോഷവും
സുപ്രധാനതയൊടൊത്തു നല്‍‌സ്മരണ ഹൃത്തടത്തിലുരുവായിടാന്‍
സുപ്രസന്നയൊരു മുഗ്ദ്ധമോഹിനിയിവന്റെ കൈത്തലമെടുത്തു വ -
ന്നപ്രകാരമിവനൊത്ത ജീവിതസഖിക്കു ചേര്‍ന്നപടിചേര്‍ന്നു ഹാ!
കുസുമമഞ്ജരി
കന്മഷങ്ങളധികം തെളിഞ്ഞു വിളയാടിടുന്നു പരിവാഹിയായ്
എന്മനം പലവിധത്തിലും പരിതപിച്ചിടുന്നധികമെന്നുമേ
തന്മയത്തൊടെയിതിന്നു നാശമുളവാകുവാന്‍ പണിതുവെങ്കിലും
നന്മതന്റെ തല പൊക്കുവാനരുതു,കേരളം ദുരിതപൂരിതം.
കുസുമഞ്ജരി--സമസ്യാപൂരണം.
നീലനിറം കലരും തവ മേനിയുമാ മണിവേണുവുമൊത്തു മഹാ-
മാലുകള്‍ തീര്‍ത്തിടുമാ മൃദുഹാസവുമാ വരഭാവവുമെത്ര ചിതം
ചേലൊടു നിന്‍പദപൂജ നടത്തുവതിന്നിവനെത്തിടുമാത്തസുഖം
പാലയ പാലയ പാലയമാം ഗുരുവായുപുരേശ,മുകുന്ദ,ഹരേ!
മദിര. 

അന്‍പോടെയെന്റെ രസനാഗ്രത്തിലെത്തി നിതരാം നീ വസിക്ക വരദേ
നിന്‍പാദപങ്കജമിവന്‍ നിത്യപൂജയതിലാലംബമാക്കുമനിശം
തുമ്പങ്ങള്‍ വിട്ടൊഴിയുമിമ്പം കലര്‍ന്നരചനയ്ക്കായിഞാനുഴുറവേ
വമ്പാര്‍ന്ന വര്‍ണ്ണമവയെല്ലാമെനിക്കു വരമായ് നല്‍കണം സ്വരമയീ.
മത്തേഭം.
ഓര്‍ത്തിട്ടു ദുഃഖമിതു കൂടുന്നതൊക്കെയിവനാരോടു ചൊല്‍‌വതിനി ഹാ!
ആര്‍ത്തിക്കുമില്ല പരിഹാരം പറഞ്ഞിടുകിലേല്‍ക്കില്ലയൊന്നുമെവനും
പേര്‍ത്തും വരുന്നവരു വോട്ടിന്നുവേണ്ടി മതവിദ്വേഷമൊത്തു പലതും
ചേര്‍ത്തിട്ടു നന്മയുടെ പാര്‍ത്തട്ടു കഷ്ടമൊരു പോര്‍ത്തട്ടതാക്കി നിയതം.
മത്തേഭം.സമസ്യാപൂരണം
തെളുതെളെമിന്നിടുമുഡുഗണമെന്നുടെ കരളില്‍ നിറച്ചൂ മോദം
കുളിരല പൊങ്ങിടുമലകടലെന്നൊടു മധുരമുരച്ചൂ കാവ്യം
കിളികുലമന്‍പൊടു മൃദുരവമോടൊരു മധുരിതഗാനം പാടി
പുളകമണിഞ്ഞിടുമിവനുടെ ഭാവന ചിറകു വിടര്‍ത്തീ ഹൃദ്യം!
കമലദിവാകരം.

സ്നേഹിതരേ! വിടര്‍ന്ന കവിതാസുമങ്ങളതുലം മനോഹരമതാം
ചേലൊടു നാം രസിച്ചു മനുജര്‍ക്കതൊക്കെയതുപോല്‍ കൊടുത്തിടുക നാം
മീലിതമായ് മിനുക്കമമിതം മികച്ചു മിഴിവായ് മനസ്സില്‍ വരുകില്‍
കാലമെതും മഹത്ത്വമതിനും നിനച്ചു സകലര്‍ സ്തുതിക്കുമിനിയും.
ഭദ്രകം.
ഹരിവരാസനം വഴിയെ പാടി ഞാന്‍ വരുകയാണു മാമലയതില്‍
പരിതപിച്ചു ഞാനരികിലെത്തിയെന്‍ പരിഭവങ്ങളിന്നുരുവിടും
ഒരു നിവൃത്തി നീയിതിനു കാണണം,ഹരിഹരാത്മജാ, പരിചൊടേ
ഇരുകരങ്ങളീവിധമണച്ചു നിന്‍ ചരണപങ്കജം തൊഴുതിടാം.
തരംഗിണി.

വരുമൊരുകാലം പരിപൂര്‍ണ്ണം സുഖകരമിവനതുമതിഹൃദ്യം
കരുതുമതിന്നായ് ശബരീശാ തവ കരുണയിലിളകിന ചിത്തം
ഒരു വിധമെന്നില്‍  ദയതോന്നീട്ടഥ തരുകിവനൊരു പരിഹാരം
പെരിയ സുഖത്തില്‍ കഴിയാന്‍ നിന്നുടെ വരമിവനുടനടി വേണം.
ലക്ഷ്മി.

********************************************

Sunday, June 18, 2017

ശ്ലോകമാധുരി.57

ശ്ലോകമാധുരി.57.

ഭരണമധിക ഭോഷ്ക്കെന്നു കണ്ടിട്ടൊരാള്‍
പദവിയുടനെ വിട്ടിട്ടു വന്നല്ലൊ ഹാ!
ത്വരിതഗതിയില്‍ കൈക്കൊണ്ട കാര്യങ്ങളാല്‍
ജനതയവനെ നന്ദിപ്പു ഹൃദ്യം സഖേ!

വിദ്യുത്ത്

സാരമായഹികളൊത്തുചേരിലും
സാരമായ പരിതാപമില്ല കേള്‍
സാരമായ പരിരക്ഷയോടവന്‍
സാരമായിവളെ വേട്ടതില്ലയൊ!
രഥോദ്ധത.

“ഒരുതരത്തിലുമീ ഭരണം സുഖം
തരുകയില്ല” നിനയ്ക്കരുതാരുമേ
പെരുമയൊക്കെ ജനത്തിനു നല്‍കിടും
ഭരണമാണു നമുക്കു ചിതം സഖേ!

വറുതിവന്നിടുമാ സമയം സ്വയം-
പിറുപിറുത്തു  നടപ്പതു മൌഢ്യമാം
കരുതലോടതു തീര്‍പ്പതിനൊക്കെ സം-
ഭരണമാണു നമുക്കുചിതം സഖേ!

പെരിയസൌഖ്യമെനിക്കു വരാന്‍ നിന-
ച്ചുരുവിടുന്നതു മോഹനരാഗമോ?
പരമഭക്തിയെഴുന്നൊരു ശങ്കരാ-
ഭരണമാണു നമുക്കു ചിതം സഖേ!
ദ്രുതവിളംബിതം-സമസ്യാപൂരണങ്ങള്‍

നിറവെഴും ഫലമൂലമതൊക്കെയും
തിറമൊടേ തവപൂജയില്‍ വച്ചിടാം
കുറവെതും പറയൊല്ല ഗണാധിപാ
ഉറവൊടേ തരണം ശരണം സദാ
ദ്രുതവിളംബിതം

പുതിയ കാവ്യസരിത്തിലൊരിക്കല്‍ ഞാന്‍
പെരിയമോഹമൊടേ മുഴുകീ വൃഥാ
ഒരു തരിക്കു സുഖം ലഭിയാഞ്ഞു ഞാന്‍
കരയിലേറിയിരുന്നു വിമൂഢനായ്!
ദ്രുതവിളംബിതം.

എള്ളോളം കൊതിയിനി നിന്‍ മനസ്സിലുണ്ടോ
കള്ളക്കണ്ണൊരു നിമിഷം തുറക്കു കണ്ണാ!
വെണ്ണയ്ക്കായ് കളിചിരിയോടടുത്തുവന്നാല്‍
ഉണ്ണാനായുടനെ തരാം കടഞ്ഞ വെണ്ണ.
പ്രഹര്‍ഷിണി

 പാടാം ഞാന്‍ മധുരതരം നിനക്കുവേണ്ടി
കൂടേ നീ വരുക സഖീയതെന്റെ മോഹം
ആടാനായ്  മമഹൃദയേയിടം തരാം ഞാന്‍
വാടാതേയൊരു നടനം നടത്തുമോ നീ?‍.
പ്രഹര്‍ഷിണി

കൂരമ്പുപോലെ പലകാര്യമുരച്ചശേഷം
താരമ്പുപോലെയരികത്തു വരുന്നു, കഷ്ടം!
ആ രംഭതന്റെ പരിരംഭണവിദ്യയെന്നില്‍
ആരംഭമാക്കി ഘൃണ,യെങ്ങിനെ ചൊല്‍‌വതീ ഞാന്‍!
വസന്തതിലകം.

തനിച്ചിരുന്നു ഞാന്‍ വരച്ചുവച്ച ചിത്രമൊക്കെയും
നിനച്ചിടാതെടുത്തുകൊണ്ടുപോയിയെന്റെ കൂട്ടുകാര്‍
എനിക്കതെത്ര ധന്യമായിയെന്നുതന്നെ തോന്നിലും
പനിച്ചുനില്‍പ്പു ഭാര്യ ” കാശുവേണ്ടെ ചിത്രമൊന്നിനും ?
പഞ്ചചാമരം.

മയത്തിലൊന്നു ചൊല്ലിടട്ടെനിക്കു നിന്‍ മുഖത്തിനേ
വിയത്തിലുള്ള ചന്ദ്രനോടു തുല്യമോതുവാന്‍ ഭ്രമം
ഭയപ്പെടേണ്ടതിങ്കല്‍‌വീണൊരാ ചുരുള്‍മുടിപ്രഭ
യ്ക്കുയര്‍ന്നുവന്നു തിങ്കള്‍തന്‍ കളങ്കശോഭ തുല്യമായ്!
പഞ്ചചാമരം.

ആ പെണ്ണെത്ര സുഖം തരുന്നതുപറഞ്ഞാലോ മഹാശുണ്ഠിയില്‍
താപംപൂണ്ടു തുടുത്തിടുന്നൊരുവളെന്‍ ചാരത്തിരിപ്പുണ്ടു ഹേ!
ആപാദം തഴുകിത്തലോടി മയമായെല്ലാംമറക്കുന്നപോല്‍
ആ പെണ്ണെന്നെയുറക്കിടുന്നവളുതാനെന്‍ നിദ്ര,യെന്‍ പ്രേയസി.

ശാര്‍ദ്ദൂലവിക്രീഡിതം

ഉല്ലാസത്തൊടു പുഞ്ചിരിച്ചു വിടരും വര്‍ണ്ണപ്രസൂനങ്ങളേ
മെല്ലേയെന്റെ മനസ്സിലുള്ള കവിത യ്ക്കേകീടുകുജ്ജീവനം
ഇല്ലാ മറ്റൊരു മാര്‍ഗ്ഗമിന്നുചിതമായ് കാണുന്നു ഞാന്‍ പൂര്‍ണ്ണമായ്
സല്ലീനം കരളിന്നു തോഷമിയലും കാവ്യം രചിച്ചീടുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

എന്താണെന്റെ മനസ്സിനിത്രയധികം ഭാരം വരുന്നെന്നു ഞാ-
നന്തംവിട്ടു തിരഞ്ഞു,കണ്ടു,ചെറുതല്ലല്ലോ,യതിന്‍ കാരണം
പൊന്തിപ്പൊന്തി നുരഞ്ഞുപൊന്തി നെടുനാളുണ്ടായ തണ്ടാണു ഹേ!
ബന്ധംവിട്ടതൊഴിക്കണം, വഴി നിനച്ചയ്യാ! നടപ്പാണു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

“എന്തിന്നന്യരെയാശ്രയിപ്പതിതുപോല്‍“എന്നോതിടും മട്ടിലായ്
മിന്നും തുള്ളിവെളിച്ചമോടെയിരുളില്‍ മിന്നാമിനുങ്ങെത്തവേ
ചിന്തിക്കെത്രയുയര്‍ന്ന ചിന്ത,യിതുപോല്‍ നിസ്സാരരാം ജീവികള്‍
മിന്നിച്ചിന്നു പറന്നിടുന്നു,മനുജര്‍ക്കെല്ലാമിതും പാഠമാം.
ശാര്‍ദ്ദൂലവിക്രീഡിതം

എന്നും നാവിലിതേവിധത്തിലൊളിയായ് വന്നീടു, വര്‍ണ്ണാത്മികേ!
മിന്നും നിന്‍‌മണിവീണതന്നിലുണരും വര്‍ണ്ണങ്ങളര്‍ത്ഥിപ്പു ഞാന്‍
ഒന്നായ് സര്‍വ്വവരാക്ഷരങ്ങള്‍ വരമായെന്‍ നാവിലേറ്റീടുകില്‍
മന്നില്‍ മറ്റൊരു സൌഭഗം മഹിതമായ് തോന്നില്ലതിന്‍ തുല്യമായ് !
ശാര്‍ദ്ദൂലവിക്രീഡിതം.

 ഒന്നാര്‍ക്കും പറയാമുറച്ചു ഗണിതപ്രശ്നത്തില്‍ വൈഷമ്യമായ്
വന്നൂ പൂജ്യ,മതിന്റെ മൂല്യമവിതര്‍ക്കം ചൊല്ലിയീ ഭാരതം
മിന്നും വൈഭവമാര്‍ന്നുയര്‍ത്തിയിതുപോല്‍ ശാസ്ത്രീയതത്ത്വങ്ങള്‍ ഹാ!
ഇന്നീബ്‌ഭാരതഭൂമിതന്നെയുലകിന്നാധാരമെന്നോര്‍ക്ക നാം.
ശാര്‍ദ്ദൂലവിക്രീഡിതം-സമസ്യാപൂരണം

കാലന്‍ വന്നു”കണക്കു തീര്‍ന്നു,വരു നീ”യെന്നൊന്നു ചൊല്ലുമ്പൊഴെന്‍
കാലില്‍ ചേര്‍ത്തവനിട്ടൊരാ കയറുടന്‍ മാറ്റീട്ടുറച്ചോടി ഞാന്‍
കാലാരീ,തവ പാദപങ്കജമണഞ്ഞീടുന്ന നേരം ജവം
കാലന്‍ തന്നുടെ നേര്‍ക്കു തീമിഴി തുറന്നിട്ടെന്നെ രക്ഷിക്കണേ.
ശാര്‍ദ്ദൂലവിക്രീഡിതം.

മറ്റുള്ളോരുടെ സൃഷ്ടികള്‍ ദിവസവും വായിക്കണം,പിന്നെയോ
കുറ്റം കണ്ടു പിടിക്കണം,പ്രകരണം ചൊല്ലിത്തകര്‍ത്തീടണം
ഏറ്റം പണ്ഡിതവര്യനായപടിയീ വേഷം ധരിക്കുമ്പൊഴാ-
ണൂറ്റം കൊള്‍വതു ’ഞാന‘താണു സഹതാപാര്‍ഹം, ധരിക്കില്ല ഞാന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം
.
പയ്യാരംപറയാന്‍പെരുത്തു പിശകായ് പാത്തും പതുങ്ങീമവള്‍
പയ്യെപ്പയ്യെയടുത്തിടുന്നു,പുറമേ പോകാന്‍ പറഞ്ഞാല്‍, പെടും !
പണ്ടീ പെണ്‍കൊടി പാട്ടുപാടിയിതുപോല്‍ പ്രേമത്തൊടെത്തീടവേ
പ്രാമാണ്യത്തൊടു ’പോടി’ യെന്നു പറകേ പുക്കാറിലായോര്‍പ്പു ഞാന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം
വന്നെത്തുന്നൊരു പാട്ടുകാരി ദിവസം തോറും മുറിക്കുള്ളിലായ്
പന്നപ്പാട്ടുകള്‍ പാടിടുന്നു ചെവിയില്‍ ശല്യപ്പെടുത്തും വിധം
എന്നാലൊക്കെ സഹിച്ചിടുന്നു,കൊതുക ല്ലേ,യെന്നു ചിന്തിക്കവേ-
തന്നേ കൊമ്പുകളാഴ്ത്തിടുന്നു,സഹിയാ, തല്ലേണ്ടതല്ലേ സഖേ !
ശാര്‍ദ്ദൂലവിക്രീഡിതം.

ഗണപതിതന്നുടെ പാദം പണിവതു മന്നില്‍ മനുജനു പുണ്യം
വരഗുണമോദകനേദ്യം കരുതുകിലെത്തുന്നവനതിമോദം
ദുരിതമതൊക്കെയുമോതാമവനുടനെല്ലാം പരിഹൃതമാക്കും
നരനു വരുന്നൊരു വിഘ്നം തടയുവതിന്നായ് തുണയവനൊന്നേ!
നൃപതിലലാമം(ലലാമം)

 ചേലോലും ശ്ലോകമെല്ലാം സുമസമനിറവില്‍ പൂര്‍ണ്ണമാം വര്‍ണ്ണഭംഗ്യാ
ആലോലം പൂത്തുനില്‍പ്പൂ നിരെനിരെയിതുപോലെന്തു ഭാഗ്യം നമുക്കും!
താലോലം ചെയ്തിടാനായിവിടെയിടെയിലൊന്നെത്തിടൂ,ചൊല്ലിനോക്കില്‍
മാലോലും ഹൃത്തിലാര്‍ക്കും സുഖകരമമൃതാനന്ദമെന്നോര്‍ക്ക നമ്മള്‍.
സ്രഗ്ദ്ധര.

നീളേനീളേ പശുക്കള്‍ നിരനിരനിരയായ് വന്നിതമ്പാടി തന്നില്‍
കാലേകാലേ നടന്നാ മഹിതമഹിതമാം വേണുഗാനം ശ്രവിപ്പൂ
ചാലേചാലേയവയ്ക്കായ് തെരുതെരെ മധുരം വംശിനാദം പൊഴിക്കും
മേലേമേലേ മഴക്കാറുടലുടയ മറക്കാതലേ കൈതൊഴുന്നേന്‍ .
സ്രഗ്ദ്ധര--സമസ്യാപൂരണം

ഭാഷയ്ക്കേറ്റം മഹത്ത്വം തരുമൊരു ചടുലം പ്രാസരീതിക്കുവേണ്ടീ-
ട്ടീഷല്‍കൂടാത്തവണ്ണം കവികളൊരു വിഭാഗത്തിലൊത്തുള്ള നാളില്‍
ദൂഷ്യംകൂടാതെതന്നേയതിനെ ചതുരമാം മട്ടിലേറ്റീട്ടു വേറേ
ഭാഷാരീതിക്കുവേണ്ടിപ്പൊരുതിയ തിരുമേനിക്കു കൈ കൂപ്പിടുന്നേന്‍.
സ്രഗ്ദ്ധര.

വാതില്‍ ഞാന്‍ തെല്ലടയ്ക്കാം, പലരിനിയിതിലേ വന്നിടും,ചെന്നിടല്ലേ
പാതിക്കണ്‍ നീയടച്ചോ, യിനിയൊരു ചലനം കാട്ടൊലാ,കട്ടിലേറൂ
“വാ തിന്നാ“ നെന്നു ചൊല്ലും വ്രജയുവതികള്‍ ഹാ! സൊല്ല, കില്ലില്ലതെല്ലും
കാതില്‍ ഞാന്‍ ചൊല്‍‌വതൊന്നേ, “ചതുരത പെരുകും കണ്ണ നീ കണ്ണടയ്‌ക്കൂ!“ .
സ്രഗ്ദ്ധര.( ശങ്കുണ്ണിപ്രാസം)

ശ്രീയോടേ ശ്രീലകത്തില്‍ ചെറുചെറുകവിതക്കമ്പമോടിമ്പമൊത്തെന്‍
ശ്രീയേറും ഭാര്യ,പേരോ സരള, സരളമായ് വാഴ്‌വു ഞാന്‍ കോട്ടയത്തും
ശ്രീമാതിന്‍ ദാനമാംമട്ടിവനു സുതകളോ മൂന്നുപേര്‍,ഭര്‍ത്തൃയുക്തര്‍
ശ്രീമത്തില്‍ ജാതനാം ഞാനിവനു കവിതതന്‍വൃഷ്ടി സൃഷ്ടിക്കയിഷ്ടം.
(ശ്രീമത്തു് = ഭാഗ്യം,ഇടവമാസം.)
സ്രഗ്ദ്ധര.


അണഞ്ഞീടാമാര്‍ക്കും ശിവപദമതില്‍ പവിത്ര സുമം സമം
തുണച്ചേകും ദേവന്‍ മഹിതസുകൃതം വരങ്ങളമൂല്യമായ്
ഉണര്‍വ്വോടെത്തീടൂ വിമലമനമോടതാണു മഹേശ്വര-
ന്നിണക്കം വന്നീടാന്‍ പ്രഥമഗുണമായ് മനസ്സിലതോര്‍ക്ക നാം.
മകരന്ദിക .

ആളിതാരു മുതുകാളതന്റെ മുതുകില്‍ കരേറി വിലസുന്നവന്‍
ആളിടുന്ന തിരുനോട്ടമിട്ടു കുസുമാസ്ത്രഗാത്രവുമെരിച്ചവന്‍
ആളിയായി പദപൂജചെയ്ത ഗിരിജയ്ക്കു പാതിയുടലേകിയോന്‍
ആളിടുന്നു ജഗദീശനായി സകലര്‍ക്കുമേ വരദരൂപനായ് !
കുസുമമഞ്ജരി.
                                   
‘ദര്‍പ്പമൊക്കെയൊടുങ്ങി വന്‍ശരലബ്ധിയൊക്കുവതിന്നു,ക-
ന്ദര്‍പ്പവൈരി കനിഞ്ഞു നല്‍വരമത്ര നല്‍കണമോര്‍ക്ക നീ”
ഇപ്രകാരമുരച്ചൊരാ ഗിരിജയ്ക്കു രോഷമടങ്ങുവാന്‍
ക്ഷിപ്രമര്‍ജ്ജുനനാ പദങ്ങളില്‍ വീണിതെത്ര വിദഗ്ദ്ധമായ് !.
മല്ലിക

കരിമുകിലെല്ലാം നിരയായ് നില്‍ക്കവെ കിളിമകളവരൊടുരച്ചൂ
“കനിവൊടു നിങ്ങള്‍ പൊഴിയില്ലേയുടനതിനിനിയലസത വേണ്ടാ
പൊരിവെയിലേറ്റീ ക്ഷിതി ചൂടായതുമറിയുകയതു സഹിയാതേ
ജനതതിയെല്ലാം പലതും ചെയ്കിലുമൊരു ഫലമതിനു വരില്ലാ“.
ലക്ഷ്മി
**********************************
***********

ശ്ലോകമാധുരി.56

ശ്ലോകമാധുരി.56
*******************
നന്ദിച്ചിടും ഭാവമുണര്‍ത്തുവാനായ്
വന്ദിച്ചിടും സത്ത്വഗുണപ്രധാനര്‍
സ്യന്ദിച്ചിടും നന്മകള്‍ ഹൃത്തടത്തില്‍
സ്പന്ദിച്ചിടും സംസ്കൃതി ധന്യധന്യം!
ഇന്ദ്രവജ്ര.

അടിമലര്‍ തൊഴുമെന്നഘങ്ങള്‍ തന്‍
കൊടുമ മുടിച്ചുടനേക നല്‍‌വരം
കടമിഴിയിവനില്‍ പതിക്കുവാന്‍
നടയിലിവന്‍ സ്തുതിപാടി നിന്നിടും.
അപരവക്ത്രം

അഴിമതിയിതുപോല്‍ പെരുത്തിടും
ഭരണമിതൊന്നു ശരിക്കു വന്നിടാന്‍
പൊരുതണമതിനായ് മടിച്ചിടാ
സകലജനങ്ങളുമൊത്തു ചേരണം.
അപരവക്ത്രം.

മണ്ണിലോട്ടു ചൊരിയാന്‍ കൊതിച്ചുവ-
ന്നല്ലലോടെ മഴ നില്‍പ്പു മേലെയായ്
മണ്ണിലൊക്കെ പല കെട്ടിടങ്ങള്‍ ഹാ!
ഇല്ല തെല്ലൊരിടയൊന്നു പെയ്യുവാന്‍.
രഥോദ്ധത.

മിളിതം മധുഹാസമൊത്തു ഹാ !
ലളിതം നിന്‍ മുഖകാന്തിയോമലേ
അളിവേണികളിത്തരത്തിലാ-
യൊളിതൂകേ മനമാര്‍ന്നിടും സുഖം
വിയോഗിനി.

മുറ പറയരുതിനി കവിതേ നീയെന്‍
കരളിനു മധുരിമ തരണം നിത്യം
നിരനിരെയഴകൊടു നിതരാം ഹൃദ്യം
കുളിരലയൊഴുകുകിലതു വന്‍ഭാഗ്യം!
നവതാരുണ്യം

ഈ ലോകമാകെയുലയുന്ന വിധത്തിലന്നു
മാലോകര്‍ കഷ്ടത പെരുത്തുഴലുന്നവാറേ
മാലൊക്കെമാറ്റിയ മഹാബലി വാണ നല്ല-
കാലത്തിനൊത്ത ഭരണം വരണം നമുക്കും
വസന്തതിലകം.

 “ചീര്‍ക്കുന്ന വണ്ണമുടവാക്കുവതിന്നു വേണ്ടി-
യാര്‍ക്കൊക്കെ വേണമിവ”യെന്നു പരസ്യവാക്യം
നോക്കാതെ നിങ്ങളിവ വാങ്ങുകിലോര്‍ത്തിടേണം
പോക്കാണു കാര്യമതുപോല്‍ ധനനഷ്ടവും ഹാ!
വസന്തതിലകം

പാകപ്പെടുത്തി നിരയായി നിരത്തിടുന്ന
ശ്ലോകങ്ങളൊക്കെ മധുരം നരനേകിടുമ്പോള്‍
ശോകം നരര്‍ക്കൊഴിയുമെന്നതിനാലെ ലോകം
നാകം സമം സുഖദമായിടുമെത്ര ധന്യം!
വസന്തതിലകം

 മല്ലാരിചെയ്ത കൃതമൊക്കെ ശരിക്കുതന്നെ-
യല്ലെന്നുചൊല്ലുവതു ദുസ്സഹമാണതോര്‍ത്താല്‍
അല്ലെങ്കിലെന്തിനിതു ചിന്തയില്‍ വെച്ചിടുന്നി-
തെല്ലാം തികഞ്ഞു ഭുവനത്തിലൊരുത്തനുണ്ടോ!
വസന്തതിലകം

വേലത്തരങ്ങള്‍ പലതൊക്കെനടത്തി നിത്യം
ചേലറ്റതാം ഭരണമാണിതു ഭാരതത്തില്‍
മൂല്യത്തിലേറ്റവുമുയര്‍ന്നതരത്തില്‍ നല്ല-
കാലത്തിനൊത്ത ഭരണം വരണം നമുക്കും
വസന്തതിലകം

ഗൌളിരീതി മനസ്സിലെന്നളിവേണിയൊന്നു നിനച്ചതാം
വേളിയാകുവതിന്നു സമ്മതമോതിയോയതു ചൊല്‍ സഖേ!
ആളിടുന്ന വികാരമെന്തതുമോതുവാന്‍ പണിയാണു ഹേ!
ആളിവന്നു ഹൃദന്തമേറുകിലാത്തസൌഖ്യമടുക്കണം.
മല്ലിക.

ആനന്ദാമൃതധാരയായി വിരിയും ശ്ലോകങ്ങളേ ,യോര്‍ക്കയെന്‍
പ്രാണപ്രേയസി ഷഷ്ടിപൂര്‍ത്തിയണയും നാളാണു നാളേ,വരൂ
ആനന്ദത്തൊടുകൂടിയാടിയൊടുവില്‍ മാല്യങ്ങളായ് നിങ്ങളേ
മാനം ചേര്‍ത്തുകൊരുത്തവള്‍ക്കു ശുഭമാം സമ്മാനമായ് നല്‍കിടാം.

നന്നേറും ധനമാസരേവതിയതില്‍ ജന്മം,നമുക്കെത്രയും
പൊന്നായ് ഭാമിനിയായി ജീവിതമണിപ്പെണ്ണായി വന്നോളിവള്‍
കുന്നിന്‍കന്യക തോറ്റിടും ക്ഷമ,നമുക്കെന്നും വസന്തോത്സവം
തന്നേ,യെന്നിലിണങ്ങിയോള്‍ക്കറുപതായ്,നേരുന്നിതാശംസകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

“എന്തേ നിങ്ങളിതേവിധത്തില്‍ മകനെത്തല്ലുന്നു ചൊല്ലീടുമോ?”
“സ്വന്തം ഭാഷ പഠിക്കുവാനിവനു താത്പര്യം കുറഞ്ഞൂ, സഖേ!
കൃത്യം വാക്കുകളര്‍ത്ഥമൊത്തു പഠനം ചെയ്യാതെ തോന്നും‌പടി-
ക്കത്യന്താധുനികത്തില്‍ വീണു കവിയായാലോ,തടുക്കേണ്ടയോ?! “
ശാര്‍ദ്ദൂലവിക്രീഡിതം.

കയ്യും നീട്ടിയിരുന്നിടേണ്ടയിവിടേ പിച്ചയ്ക്കുവേണ്ടീട്ടു വ-
ന്നയ്യന്‍കോവിലില്‍ മുന്നിലിന്നിതുവിധം, ശ്രദ്ധിച്ചു നോക്കുള്ളില്‍ നീ
പൊയ്യല്ലുള്ളിലൊരുത്തനുണ്ടു സമനായ് കാശിന്നു തെണ്ടുന്നപോല്‍
കൈയില്‍ ചന്ദനഭുജ്യമൊത്തതിലു നാണ്യങ്ങള്‍ പ്രദര്‍ശിപ്പവന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം.

കഷ്ടം തന്നെ ജനങ്ങളേ പലവിധം ക്ലേശത്തിലാക്കുന്നതും
കഷ്ടം തന്നെ വനങ്ങളേയിതുവിധം വെട്ടിത്തെളിക്കുന്നതും
കഷ്ടം തന്നെയതൊത്തു നാം മുനിസമം മൌനം ഭജിക്കുന്നതും
സ്പഷ്ടം നമ്മളുണര്‍ന്നിടേണമുടനേ,യല്ലെങ്കില്‍ നാശം ഫലം.
ശാര്‍ദ്ദൂലവിക്രീഡിതം

കൂട്ടായ് കച്ചവടംനടത്തി ദുരിതം നല്‍കും ഭരിക്കുന്നവര്‍
നഷ്ടം ഹാ! ജനതയ്ക്കു തന്നെ,മുതലാളിയ്ക്കോ പെരുംലാഭവും
ഇഷ്ടംപോലെ നടത്തിടും സമരവും തട്ടിപ്പുമായൊക്കെയും
കഷ്ടം തന്നെ,യെതിര്‍ക്കുവാനിവിടെയില്ലാരും സഹിച്ചീടണം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഭഗവാന്റെ മുന്നില്‍ അയിത്തം..!! സത്യമോ?
.
കൃഷ്ണാ,നീയൊരു യാദവന്റെ നിലയില്‍ വന്നല്ലൊ“ഓബീസിയായ്”
ദൃഷ്ടിച്ചില്ലയയിത്തജാതിയതിലാണല്ലോ ഭവാനെന്നതും
കഷ്ടം,ശ്രീഗുരുമാരുതേശനടയില്‍ വന്നോരു വിദ്വാനെ ഹാ!
ദുഷ്ടക്കൂട്ടമയിത്തമോതി പുറമേ വിട്ടല്ലൊ,വട്ടല്ലയോ?
ശാര്‍ദ്ദൂലവിക്രീഡിതം.

കൊട്ടിക്കൊട്ടിയിടയ്ക്കിടയ്ക്കുകയറിക്കൊട്ടുന്ന കൊട്ടൊന്നുമേ
കൊട്ടല്ലെന്നൊരു കൊട്ടുപോലെ പറയാനൊട്ടില്ലൊരിഷ്ടം സഖേ!
കേട്ടാല്‍ കൊട്ടവതാളമായി വരുമാ കൊട്ടെന്തു കൊട്ടാണെടോ
വട്ടായ് കൊട്ടുമവന്റെതന്നെ തലയില്‍ കൊട്ടീടു കോട്ടംവിനാ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചൊവ്വേ! ചൊവ്വയില്‍ വെള്ളമില്ലെ,ചൊടിയായ്   ചൊവ്വോടെ ചൊല്ലീടുമോ?
ചൊവ്വായെന്നൊടു ചൊല്ലവേ ചതിയതില്‍ ചേര്‍ക്കൊല്ല ചൊവ്വല്ലതും
ചൊവ്വേ! ചൊവ്വൊടു ചോദ്യമെന്തിനിതുപോല്‍ ചോദിപ്പു ഞാന്‍,ചൊല്ലിടാം
”ചൊവ്വായില്‍ ജലമില്ല” ചൊല്ലി ചിലര്‍ ഹാ! ചൊവ്വില്ല ചിന്തിക്കുവാന്‍!
ശാര്‍ദ്ദൂലവിക്രീഡിതം
നാടീമട്ടിലതീവ ദുഷ്കൃതിപെരുത്താകേ നശിച്ചീടവേ
തേടിച്ചെന്നൊരു ചൂലെടുത്തതതിരോഷത്താലുയര്‍ത്തീടുവാന്‍
മോടിക്കല്ലഭിമാനപൂര്‍വ്വമുടനേ വേറില്ല മാര്‍ഗ്ഗം നിന-
ച്ചോടിക്കൂടിയ പൌരര്‍തന്നെ ഭരണം കൈയാളുമെത്തും ‘സ്വരാജ്.
ശാര്‍ദ്ദൂലവിക്രീഡിതം.
മന്ദസ്മേരമൊടിന്നുവന്ന നവവര്‍ഷത്തിന്നു ഞാന്‍ സ്വാഗതം
സന്തോഷത്തൊടെ ചൊല്ലിടുന്നു, സഖരേ നിങ്ങള്‍ക്കുമവ്വണ്ണമേ
സിന്ദൂരാരുണകാന്തിചിന്തി വിലസീടും സുപ്രഭാതങ്ങളേ!
സൌന്ദര്യത്തെളിവേറി വന്നുവിതറൂ സൌഭാഗ്യപൂരം സ്ഥിരം .
ശാര്‍ദ്ദൂലവിക്രീഡിതം.

നവ്യം ശ്ലോകസുമങ്ങള്‍ പൂത്തുവിലസുന്നീ വേദിയില്‍‍,കാണ്‍ക നാം
ദിവ്യം തന്നെ മനസ്സിലത്തലൊഴിയുന്നാഹ്ലാദമേകും സ്ഥിരം
ശ്രവ്യം നല്‍കവിതാപദങ്ങള്‍ മധുരം വൃത്തത്തിലാഘോഷമായ്
ഭവ്യം മിന്നി വിളങ്ങിടട്ടെ,യതിനായേകുന്നിതാശംസകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
      
പാലില്‍ വെള്ളമൊഴിച്ചശേഷമതു നന്നായിത്തിളപ്പിക്കണം
ചേലില്‍ തേയിലയിട്ടിളക്കിയതു നന്നായിട്ടരിച്ചീടണം
ചാലേ ഗ്ലാസ്സിലൊഴിച്ചെടുത്തു ശകലം പഞ്ചാര ചേര്‍ത്താ പുലര്‍-
കാലേയിപ്പടി നല്ല ചായയൊരുവള്‍ തന്നാല്‍ കുടിക്കാന്‍ സുഖം!
ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകപ്പെണ്ണു ചമഞ്ഞൊരുങ്ങിയൊരുനാളെന്നേ വിളിച്ചെന്തിനോ
ശോകം മാറുവതിന്നു തന്നെയതിനായ് ചെന്നല്ലൊ ഞാനാശയില്‍
പാകം വന്ന പദങ്ങള്‍ വര്‍ണ്ണനിറവില്‍ നേരേനിരത്തീട്ടവള്‍
പോകുന്നേരമെനിക്കു തോന്നിയവളേ ചേര്‍ത്തൊന്നു നിര്‍ത്തീടുവാന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം

പത്തല്ലാപത്തിലാക്കും പലപലവിധമായ് പത്തുമഞ്ഞൂറുമായി-
ട്ടൊത്താലൊത്തെന്നവണ്ണം പലകുറിയതു കൈക്കൂലിയായ് വാങ്ങിടുമ്പോള്‍
ഓര്‍ത്തില്ലീ തോന്ന്യവാസം പലവിധ വിനയും കൊണ്ടുവന്നീടുമെന്നി-
ന്നത്തല്‍മൂത്തിപ്രകാരം ജയിലതിലടവായ്, കഷ്ടമായ് ശിഷ്ടജന്മം!
സ്രഗ്ദ്ധര.

ഒരുശ്ലോകത്തില്‍  സന്തോഷ് വര്‍മ്മയുടെ മാരാരേ..എന്ന പ്രയോഗത്തിനുള്ള അഭിനന്ദനം..

വര്‍മ്മാജീതന്റെ വാക്കാ പുരഹരഭഗവാന്‍ കേട്ടുവെന്നാല്‍ സഹര്‍ഷം
നര്‍മ്മം നന്നായ് രസിച്ചിട്ടവനുടെ വരവും നല്‍കിയാലൊന്നു ചൊല്ലാം
മര്‍മ്മം നോക്കീട്ടുനല്‍കും ചിലരുടെയടിയും വാക്കുമാ സോമധാരി-
ക്കര്‍മ്മായില്‍ നിന്നുമെത്താന്‍ വഴിയതു പണിയും, ശക്തമാം ശ്ലോകമായ് ഹാ!
സ്രഗ്ദ്ധര.

ക്രോധമാണധികദോഷമായതു വെടിഞ്ഞിടൂ ഗുണമതാണു തേ
ബോധമാണതിനു ഭൈഷജം ഹൃദി നിനച്ചിടൂ സതതമാരുമേ
വ്യാധിപോലെ മനുജന്നു ഖേദമതു നല്‍കിടും പുനരതെന്നുമേ
ആധിയേറി നരകം ചമയ്ക്കുമൊരു ബാധയാണു സകലര്‍ക്കുമേ !കുസുമമഞ്ജരി

ചേലുകെട്ട ഖലവേലചെയ്തു സകലര്‍ക്കു ശല്യമവനേകി,വന്‍-
കാലദോഷമതിനാലെ വന്ന ചില ശീലദോഷമതികഷ്ടമായ്
മാലകറ്റുവതിനായി ചിന്ത തുടരേ,തെളിഞ്ഞു വഴി ബുദ്ധിയില്‍
“കാലകാലനുടെ കാലിണയ്ക്കടിയിലാണു കാണുവതൊരാശ്രയം”.
കുസുമമഞ്ജരി..(സമസ്യാപൂരണം).

സുന്ദരീ,കുസുമമഞ്ജരീ പദമെടുത്തു നീ വരികയന്തികേ
എന്തിനായസുഖഭാവമോടെ നിലകൊള്‍വു നീ മമ ഗൃഹാന്തികേ
മന്ദമായി വിലസെന്റെ ചിത്തിലൊരു ശാന്തതയ്ക്കു വഴിയായി നീ
സ്വന്തമായിവനു വേറെയുറ്റതുണയില്ലയെന്നതുമുറയ്ക്ക നീ.
കുസുമമഞ്ജരി
**********************************
************

Friday, July 4, 2014

ശ്ലോകമാധുരി.55

ശ്ലോകമാധുരി.55

.കൊട്ടാരക്കരവാണിടും ഗണപതിക്കായെന്‍ നിവേദ്യങ്ങളായ്
ഇഷ്ടപ്പെട്ടിടുമുണ്ണിയപ്പമിവിധം വെയ്ക്കുന്നു ഭക്ത്യാദരം
കഷ്ടപ്പാടുകളൊക്കെ നീക്കിയടിയന്നായ് നീ നിനക്കേറ്റമാ-
മിഷ്ടപ്പെട്ട വരങ്ങളായി സുഖവും സൌഭാഗ്യവും നല്‍കണം.
ശാര്‍ദ്ദൂലവിക്രീഡിതം
കൊമ്പിന്മേലൊരു കൊമ്പുപോലെ വളരും വമ്പൊത്ത കൊമ്പോര്‍ത്തു വന്‍ ‍-
വമ്പത്തം കലരും‌പടിക്കു കലമാ‍ന്‍ ഡംഭില്‍ മദിച്ചങ്ങനേ
കമ്പംകേറിമറിഞ്ഞുറഞ്ഞു വിപിനേ തുള്ളുമ്പൊള്‍ സിംഹങ്ങള്‍ തന്‍
മുമ്പില്‍ പെട്ടു,പിരിഞ്ഞവള്ളികളില്‍ വന്‍കൊമ്പും പിണഞ്ഞൂ,വിധി!
ശാര്‍ദ്ദൂലവിക്രീഡിതം
 ഘോരം സര്‍പ്പമൊടൊപ്പമഗ്നിമിഴി,ഭസ്മം പൂശിടും ദേഹവും
ചിത്രം നൃത്തമതെത്രയത്ര ചുടുകാട്ടില്‍ ചെയ്തിടും പാദവും
നിത്യം വൃദ്ധിയൊടാര്‍ത്തിടുന്ന നദിയും പൊല്‍ത്തിങ്കളും പൂര്‍ണ്ണമായ്
പാര്‍ക്കും നേരമെവര്‍ക്കുമാത്മസുഖമങ്ങേകുന്നിതെന്തത്ഭുതം! 
ശാര്‍ദ്ദൂലവിക്രീഡിതം
തൊട്ടാല്‍ താണുവണങ്ങിടും,നിറമെഴും പൂവാല്‍ ചിരിച്ചുള്ളതാം
മട്ടില്‍ ഹൃദ്യതയേകിടും ഗുണഗണം കാണിച്ചിടും സൌമ്യമായ്
തൊട്ടാവാടി,യിതോര്‍ത്തു നിന്നരികില്‍ വന്നാലിംഗനം ചെയ്കിലോ
കഷ്ടം മുള്ളുവലിഞ്ഞു മേനിമുറിയും, നിന്‍ നാട്യമെന്തത്ഭുതം!
ശാര്‍ദ്ദൂലവിക്രീഡിതം
നീ,രേ! പോകുവതെങ്ങു തന്നെയിരുളില്‍  നീരാട്ടിനോ,മേട്ടിനോ
നീരാടാനിവിടെത്ര നീരുറവയുണ്ടാരും കൊതിക്കുംവിധം
നീരാടാനൊരുപോക്കുതന്നെ പറയുന്നെല്ലാം പടം,കള്ളിനാല്‍
നീരാടാന്‍ മരനീരു തെണ്ടിയൊളിവില്‍ മണ്ടുന്നു മണ്ടന്‍ ജവം‍
ശാര്‍ദ്ദൂലവിക്രീഡിതം
“നീലക്കാര്‍മുകില്‍‌വര്‍ണ്ണനേയവിരതം ധ്യാനിക്കയാലേ സ്വയം
നീലിച്ചെന്റെ ഗളം,വിഷത്തെയശനം ചെയ്തെന്നെതല്ലാ ഋതം!
ഈ ലോകത്തിലൊരുത്തനെന്നുമിതുപോല്‍ ശ്രീനാഥനേ പൂര്‍ണ്ണമാ-
യാലംബിക്കിലിതേവിധം പ്രഭവമുണ്ടാം“ ശ്രീഭവന്‍ ചൊല്‍‌വു,കേള്‍‍.
ശാര്‍ദ്ദൂലവിക്രീഡിതം
നിത്യം ഭാഗവതം ശ്രവിച്ചതുവിധം ശ്രദ്ധിച്ചു ജീവിക്കിലോ
കൃത്യം പൂര്‍ണ്ണമൊഴിഞ്ഞിടും ഭവഭയം ,നിര്‍വ്വാണവും കൈവരും
ഇത്ഥം ചൊല്‍‌വതു സത്യമാണു ഭഗവന്നാമം ജപിച്ചീടു നീ
ഭക്ത്യാ ശ്രീഹരിപാദമെത്തുവതിനീ മാര്‍ഗ്ഗം വരം, പുണ്യദം!
ശാര്‍ദ്ദൂലവിക്രീഡിതം
പണ്ടേ രേവതി നാളെനിക്കു ഹരമാണെന്‍ ജായതന്‍ നാളതാം
പണ്ടേ കേള്‍പ്പതുമുണ്ടു ശീലമെഴുപത്തൊന്നാണിവര്‍ക്കെപ്പൊഴും
പണ്ടേ ഞാനിവള്‍ ചൊല്‍‌വതൊന്നുമതുപോല്‍ കേള്‍ക്കില്ലതിന്‍ കാരണം
പണ്ടേ ഞാനവളോടു ചൊല്ലി,യതിനാല്‍ സ്വസ്ഥം, സുഖം, ജീവിതം!
ശാര്‍ദ്ദൂലവിക്രീഡിതം
മാറ്റുള്ളോരതുചെയ്തുകേട്ടതുവിധം പ്രഖ്യാതിയേറീടുവാന്‍
മറ്റുള്ളോര്‍ ചിലര്‍ വേലചെയ്കിലൊടുവില്‍ കഷ്ടം പെടും കൂട്ടരേ
വറ്റിച്ചൂ ഘടസംഭവന്‍ മുഴുവനായായാഴിയേ,യെന്നപോല്‍
പറ്റില്ലുപ്പുജലം കുടിപ്പതിനു നീ നോക്കില്‍ വരും ദുഷ്ഫലം.
ശാര്‍ദ്ദൂലവിക്രീഡിതം
മെച്ചപ്പെട്ട നഖം,രദങ്ങളിവ ചേര്‍ന്നുള്ളോരു ചന്തത്തൊടെന്‍
പൂച്ചേ , നീയൊരു പിച്ചനായ മൃഗമായല്ലോ പിറന്നീവിധം
കൊച്ചുങ്ങള്‍ക്കു കൊടുക്കുവാനിവിടെ ഞാന്‍ സൂക്ഷിച്ച പാലല്പവും
മിച്ചം വെച്ചുതരാതെതന്നെ മുഴുവന്‍ തട്ടുന്ന നീ മ്ലേച്ഛനാം.
ശാര്‍ദ്ദൂലവിക്രീഡിതം
രേ! നീ  വാനിലെ രത്നമോ,മതിമറിച്ചിട്ടുള്ള പൊന്‍‌കട്ടയോ
വാനോര്‍നാരികളങ്കണത്തിലിരുളില്‍ വെക്കുന്ന തീനാളമോ
നൂനം യാമിനി തന്റെ മൂക്കിലണിയും മൂക്കുത്തിയോ,മൌക്തികം
താനേ വിണ്ണിലുദിച്ചതോ, പറയു നീ നക്ഷത്രമേ,മിത്രമേ!
ശാര്‍ദ്ദൂലവിക്രീഡിതം
ശ്രീയായ് ശ്രീലകമെന്ന പേരു പലനാളെന്നേ വിളിച്ചൂ സഖര്‍
ശ്രീയായ് ഞാനതു ഹൃത്തിലേറ്റി വിനയത്തോടേ,യതാം സത്യവും
ശ്രീയായ് വന്നൊരു നാമമായിയിവനും കാണുന്നതാലേ സ്ഥിരം
ശ്രീയായ് തൂലിക യായ്ക്കൊരുത്തു രചനാചിത്രങ്ങളില്‍ ചിത്രമായ് !
.ശാര്‍ദ്ദൂലവിക്രീഡിതം
ശ്രീരാമന്‍ ഹനുമാനുമൊത്തു ശരണം തേടുന്നവര്‍ക്കാമയം
തീരാനാശ്രയദായിയായി തിരുവാറ്റായില്‍ വിളങ്ങുന്നു ഹാ!
ആരും മണ്ഡിതവിഗ്രഹങ്ങളൊരുനാള്‍ കണ്ടാല്‍ ,സ്വയം സ്പഷ്ടമാ-
യോരോ മുന്‍‌ പിഴയൊക്കെ,നീക്കുമതിനായെത്തുന്നതേ പുണ്യമാം!
(ഒന്നാം പാദത്തിലെ ആദ്യാക്ഷരം,രണ്ടാം പാദത്തിലെ രണ്ടാമത്തെ അക്ഷരം.മൂന്നാം പാദത്തിലെ മൂന്നാമത്തെ അക്ഷരം ,നാലാം
പാദത്തിലെ മൂന്നക്ഷരം കഴിഞ്ഞുള്ളഭാഗവും ചേര്‍ന്നാല്‍   “ശ്രീരാമന്‍ പിഴയൊക്കെ,നീക്കുമതിനായെത്തുന്നതേ പുണ്യമാം!“ എന്നും വായിക്കാം.)
ശാര്‍ദ്ദൂലവിക്രീഡിതം

 കുറ്റിച്ചൂലേ, നിനക്കെന്‍ നിറവുനിറയുമീ കൂപ്പുകൈ, നീ ജയിക്ക!
ചുറ്റും കാണുന്ന ദുഷ്ടപ്പരിഷയെയടിയാല്‍ മാറ്റണം നീ സഹര്‍ഷം
ഒറ്റയ്ക്കല്ലാ സഹസ്രം ജനതതി പുറകേയെത്തിടും നീ നയിക്ക
മറ്റുള്ളോരാരുമില്ലാ കഴിവു തികയുവോരായി രാഷ്ട്രീയരംഗേ.
സ്രഗ്ദ്ധര 
ചായം ചായോടെ ചായിച്ചിതുപടി ചതുരത്തോടെ ചേര്‍ത്തുള്ള കാവ്യം
ചായം മായം  കലര്‍ത്താതിവനുമതിസുഖം തന്നുവെന്നോതിടുമ്പോള്‍
ചായം കൊണ്ടിത്രമാത്രം പുതുമയിലണിയിച്ചുള്ളൊരാ ചെയ്‌വനക്കെന്‍
ചായം ചാലിച്ച വര്‍ണ്ണപ്പൊലിമയിതുവിധം നല്‍കിടുന്നേറ്റുകൊള്‍വിന്‍!
.സ്രഗ്ദ്ധര
നേട്ടം മോഹിച്ചു ഞാനീ ധരയിലരുമയായ് കാത്ത ബന്ധങ്ങളെല്ലാം
കോട്ടംമാത്രം തരുന്നെന്നറിവു മറവുപോയെത്തവേയോര്‍ത്തു ഞാനും
വാട്ടം കൂടാതെയെന്നും ഗുരുപവനപുരാധീശനേകുന്ന തൃക്കണ്‍-
നോട്ടം കാക്കട്ടെ മായാജലധിയുടെയടിത്തട്ടിലാണ്ടീടുമെന്നെ.
.സ്രഗ്ദ്ധര

വേണ്ടാവേണ്ടാ പറഞ്ഞേനിതുപടിയിനിയും ശണ്ഠവേണ്ടാ,യൊടുക്കം
വേണ്ടാതുള്ളീവിധത്തില്‍ കലഹമിതുവിധം നീണ്ടുപോയാല്‍ മടുക്കും
വേണ്ടാ ഹൃത്തില്‍ മഥിക്കും വരികളിതുവിധം വീണ്ടുമമ്പായ് ഭവിക്കും,
വേണ്ടാ,താങ്കള്‍ക്കു വേണ്ടും മഹിമ തരുവതും വാണിയാണേ,നമിക്കാം.
.സ്രഗ്ദ്ധര

കൂട്ടംകൂടിക്കുതിച്ചും ചൊടിയൊടടവിയില്‍ മേടിലോടിക്കളിച്ചും
ചാട്ടം ചാടിപ്പിടിച്ചിട്ടൊടുവിലിരയെയങ്ങൊത്തുചേര്‍ന്നാഹരിച്ചും
വാട്ടംകൂടാതെ കാട്ടില്‍ ഭയരഹിതതരം ഭാവമോടേ ഗമിച്ചും
കോട്ടംകൂടാതെ വാഴും മൃഗകുലപതിതന്‍ കൂറില്‍ ഞാന്‍ , ഭാഗ്യപൂരം!

( എന്റെനാള്‍ പൂരം (ചിങ്ങക്കൂര്‍) ആണല്ലോ!!! ‍‍)

( നവമ്പർ ഒന്നു്,കേരളപ്പിറവിദിനം. ഒരാശംസ.)

അമ്പത്താറുനവമ്പറൊന്നിനു പിറന്നെല്ലാർക്കുമാഹ്ലാദമായ്
ഇമ്പത്തോടെ ലസിച്ചിടുന്ന മഹിതേ,യെൻ ജന്മനാടേ ജയ!
വമ്പാർന്നുള്ളൊരു സാഹിതീസഭയിതിൽ ഹൈമാഭയോടഭ്രമം
മാൺപേറും മലയാളവർണ്ണതിലകം ചാർത്തിത്തിളങ്ങുന്നു നീ!

അനിലിനു പിറന്നാളാശംസ.
ഉത്രട്ടാതിയില്‍ ജാതനായയനിലേ! ഭാഗ്യം തെളിഞ്ഞാളുവാന്‍
മിത്രങ്ങള്‍ ഹൃദി നേര്‍ന്നിടുന്നു വരമാമാശംസകള്‍ ശസ്തമായ്
അത്രയ്ക്കൊത്തയിണക്കമായ നിലയില്‍ ‘ദിവ്യ‘ത്വവും കീര്‍ത്തിയും
വൃത്രാരിക്കുമസൂയതോന്നുമവിധം ചേരട്ടെ തുഷ്ട്യാ സദാ !.
ശാര്‍ദ്ദൂലവിക്രീഡിതം


ശ്രീ അനുരുദ്ധവര്‍മ്മയ്ക്കുള്ള മറുപടി.

അത്തം വൃത്തിക്കു വന്നാല്‍ ബഹുതരമതുലം വൃദ്ധിയെത്തുന്നു കേള്‍പ്പൂ
മെത്തും ചിത്തത്തില്‍ മോദം, പഴയൊരു സമയം വന്നിടില്ലോര്‍ത്തുകൊള്‍ക
അത്തത്തിന്‍ കൂറു നല്ലൂ, ഹൃദിയതില്‍ ഹനുമാനേ ദിനം പൂജ ചെയ്യൂ
മൊത്തം സൌഭാഗ്യപൂര്‍ണ്ണം ,ശനിയുടെ വിനകള്‍ തീര്‍ത്തിടുന്നാഞ്ജനേയന്‍.
സ്രഗ്ദ്ധര
(ജ്യോതിര്‍മ്മയി ഓപ്പോളിനുള്ള മറുപടി)

കുംഭക്കൂറെന്നുതോന്നുന്നിതുപടിയെഴുതാം ഭാഷണം ഭൂഷയാക്കും
ഡംഭില്ലാതാരുമൊത്തും സഹൃദയമൊഴികള്‍ തൂകിടും സൌമ്യഭാവം
സ്തംഭം തെല്ലും വരാതേ തെളിയുമൊളിയൊടേ ശുക്രനുണ്ടല്ലൊ ചാരേ
ഗംഭീരം തന്നെ,പിന്നീടഴലുകളൊഴിയാന്‍ സൂര്യപാദം നമിക്കൂ. 
സ്രഗ്ദ്ധര
(ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു മകന്‍ അമ്മയേ നടതള്ളിയിട്ടുപോയിപോല്‍ !)

ഏറ്റം മൂല്യമതായ വസ്തു നടയിൽ വെക്കാൻ തുനിഞ്ഞിന്നു ഞാൻ
ഊറ്റത്തോടെ നടയ്ക്കുവെച്ചു തനിയേയെന്നമ്മയേ മേന്മയായ്
മറ്റെന്തുള്ളു നടയ്ക്കുവെക്കുവതിനീ മക്കൾക്കു നിൻ മുന്നിലായ്
ഏറ്റം മൂല്യമുയർന്നതായി ഭുവിയിൽ, കണ്ണാ, പറഞ്ഞീടു നീ !

ശ്രീ വി.കെ.വി മേനോനു് ആശംസ

പലവിധകുസുമങ്ങള്‍ കൊണ്ടു മാല്യങ്ങള്‍ തീര്‍ക്കും
കലയിതിലതിധന്യന്‍ തന്നെ വീക്കേവി മേനോന്‍
നിലവിലെ വിവിധം നല്‍ വൃത്തഭൂഷാഭയോടേ
നലമൊടു കവിതാപാദങ്ങള്‍ തീര്‍ക്കും വിദഗ്ദ്ധന്‍ ‍.

ചിന്താ,സൌഹൃദ,മല്ലികാമലരുകള്‍ ഭംഗ്യാ നിരത്തീ രസം
സന്ധിപ്പിച്ച കളങ്ങളെത്ര രുചിരം, രമ്യം, മനോമോഹനം!
എന്തേ ചൊല്‍‌വതിതിന്നു വേണ്ടവിധമാം വാക്കില്ല വര്‍ണ്ണിക്കുവാന്‍
പൊന്തുന്നത്ഭുതഭൂതികള്‍,മതിമറന്നാടുന്നിതെന്‍ ചിത്തവും.

“വീക്കേവീ“യെന്ന പേരില്‍ കവിതകളിവിധം പൂക്കളായ് സ്തുത്യമായി-
ക്കോര്‍ക്കാനും കോര്‍ത്തുചേര്‍ത്തങ്ങതു നിറനിറവില്‍ സാഹിതിക്കേകുവാനും
വായ്ക്കുംനൈപുണ്യമോടേ കവികുലമണിയായ് കേള്‍വിയേറട്ടെ താങ്കള്‍-
ക്കെക്കാലം വാണിതന്‍ നല്‍‌വരഗുണമുണര്‍വായ്ത്തന്നെയെത്തട്ടെ പുഷ്ടം.

"ഭ്രമരാവലി" എന്ന വൃത്തത്തില്‍ മൂന്നു പൂക്കള്‍.
( നഭരസം ജജഗം നിരന്നുവരുന്നതാം ഭ്രമരാവലി. )

ഭ്രമരാവലി.
സുമധുരം സുമരാജി പൂത്തു വിടര്‍ന്നു കാറ്റിലുലഞ്ഞ വാര്‍
പ്രമദമായ സുഗന്ധസുന്ദരസന്ധ്യയെത്തി മനോഹരി!
അമലമായൊരു യാമമായി മദാന്ധരായ് മധുവുണ്ണുവാന്‍
അമിതമോദമൊടങ്ങു പാറി നടന്നു ഹാ ! ഭ്രമരാവലി.

കണ്ണാ.
ദുരിതമേറിവലഞ്ഞുലഞ്ഞിവനെത്തിടുന്നു തവാന്തികേ
കരുണയോടിതു കേള്‍ക്കവേണമതിന്നു ഞാനിത കൈതൊഴാം
വിരവില്‍ നീ പരിഹാരമാര്‍ഗ്ഗമെനിക്കു നല്‍ക കൃപാംബുധേ
ഗുരുമരുത്പുരനാഥനായി വിളങ്ങുമീശ്വര പാഹിമാം.

കൊതുകേ.
ഒരുതരത്തിലെനിക്കു ശാന്തിയതില്ല നിന്‍ കടിയാല്‍ വല-
ഞ്ഞരിയ വൈദ്യുതബാറ്റു വാങ്ങിയിരിപ്പു നിന്‍ വരവോര്‍ത്തു ഞാന്‍
പെരിയ ദാഹമൊടെന്റെ രക്തമെടുക്കുവാനിനി വന്നിടില്‍
ത്വരിതമായടിനല്‍കിടും, കൊതുകേ,നിനച്ചു പറക്ക നീ.


നിവേദ്യങ്ങള്‍..(ശാര്‍ദ്ദൂലവിക്രീഡിതം)
******************
ഈശന്മാര്‍ക്കു വിശേഷമായവിധമാം ഭക്ഷ്യങ്ങള്‍ സംതൃപ്തമായ്
സങ്കല്പിച്ചു വിശുദ്ധിയോടെ  വിവിധം പൂജാവിധിക്കൊത്തപോല്‍
ഭക്ത്യാ നല്‍കുവതൊക്കെയാണു നിറവാം നൈവേദ്യമെന്നോര്‍ക്കണം
നിത്യം നല്‍കുകില്‍ നല്‍‌വരങ്ങളിവയാലുണ്ടായിടും,നിശ്ചയം!

നൈവേദ്യങ്ങളിഹത്തിലുണ്ടു പലതാം മട്ടില്‍ പ്രസിദ്ധങ്ങളായ്
നെയ്യും തേന്‍,മലര്‍,വെള്ളനേദ്യ,മവിലും നെയ്യപ്പവും മോദകം
പാലും പക്വ,മുണക്കല്‍,കേരമിവയൊന്നൊന്നായുമൊന്നിച്ചുമായ്
കൂട്ടിക്കൂട്ടിയകൂട്ടുപായസമതും നൈവേദ്യമാണോര്‍ക്ക നാം

എന്നെന്നല്ല കരിക്കു,നല്‍തൃമധുരം, പൊങ്കാലയും വെണ്‍ഗുളം
തൃക്കൈവെണ്ണയുമപ്പമൊത്തരവണാ, കൂട്ടപ്പവും പാനകം
പിന്നീടാ വടമാലയും തെരളിയും പ്രത്യേകമാം പേരെഴും
നൈവേദ്യങ്ങളനേകമുണ്ടവകളോരോ മൂര്‍ത്തിതന്‍ ഭോജ്യമായ്

അപ്പം മോദകമുണ്ണിയപ്പമിവയാ വിഘ്നേശ്വരന്നിഷ്ടമാം
തൃക്കൈവെണ്ണ,യവില്‍ മലര്‍,രുചിയെഴും പാല്‍പ്പായസം കൃഷ്ണനും
ദേവിയ്ക്കോ പല പായസങ്ങള്‍ പഴവും കൂട്ടായ പൊങ്കാലയും
ശാസ്താവിന്നരിയപ്പമൊത്തരവണയ്ക്കാണേ പ്രിയം ന്യാദമായ്

വാണീദേവി കനിഞ്ഞിടും തൃമധുരം നൈവേദ്യമാക്കീടുകില്‍
വായൂപുത്രനുഴുന്നുചേര്‍ന്നവടയും നല്ലോരവില്‍നേദ്യവും
വേട്ടേക്കാരനു മുഖ്യമായി വറയും, സ്കന്ദന്നു പഞ്ചാമൃതം
നൂറും പാലു,കവുങ്ങുപൂക്കുല നവംനാഗങ്ങളും പ്രീതരാം.

പ്രത്യേകിച്ചു ചതുശ്യമാണു ശിവനും പ്രീതീ,യുഷപ്പായസം
പത്ഥ്യം ശ്രീ തിരുവാര്‍പ്പുകൃഷ്ണനതുപോലിത്യാദിയൊന്നാംതരം
സത്തേറുന്നറുനാഴിയാണു കിളിരൂരമ്മയ്ക്കു നൈവേദ്യമായ്
ഭക്ത്യാ നല്‍കുക,മുക്തിസിദ്ധി വരമായോതുന്നു വിഖ്യാതമായ്

ഇത്ഥം ജ്ഞാനികള്‍ ചൊന്നതൊക്കെ വിവിധം നൈവേദ്യമായ് യുക്തമായ്
നിത്യം നല്‍കുകില്‍ തുഷ്ടിയോടെയശനം കൈക്കൊണ്ടിടും മൂര്‍ത്തികള്‍
ഭക്ത്യാ നിങ്ങള്‍ യഥാവിധിക്കിവ നിനച്ചന്യൂനമര്‍പ്പിക്കിലോ
ഭക്തിക്കൊത്തവിധത്തിലുള്ള ഫലവും സിദ്ധിച്ചിടും ഭാഗ്യമാം.!

ക്രിസ്തുമസ് ആശംസകള്‍.(ശാര്‍ദ്ദൂലവിക്രീഡിതം)
നക്ഷത്രം പറയുന്നു “ഹാ! ക്ഷിതിയിതില്‍ രക്ഷയ്ക്കു പുല്‍ക്കൂട്ടിലായ്
അക്ഷിക്കോമനയായ ദിവ്യശിശു ജന്മംകൊണ്ട നാളോര്‍ക്ക നാം
അക്ഷ്ണം മോ ദമിയ ന്നുവന്നു പുകളേ റീടുന്നൊരീ  ക്രിസ്തുമസ്
ലക്ഷം ലക്ഷണമൊത്ത ഘോഷനിറവില്‍ ഘോഷിക്ക ജാജ്ജ്വല്യമായ്”

ഭൂവില്‍ സത്യസമത്വസത്ത്വഗുണമെമ്പാടും പടര്‍ന്നീടുവാന്‍
ദൈവം ഭൂമിയിലോട്ടുവിട്ട മകനാണെന്നോര്‍ക്കണം സര്‍വ്വരും
നോവേറേ ക്ഷമയോടെതന്നെ സഹനം ചെയ്തും ക്ഷമിച്ചും നമു-
ക്കേവം നന്മകളേകിടുന്ന പരനേ വാഴ്ത്തിസ്തുതിച്ചീടുവിന്‍

എന്നും മന്നിലെ മര്‍ത്ത്യഹൃത്തിലുദയം ചെയ്യുന്ന പൊന്‍‌താരകം
മിന്നും നന്മ മനുഷ്യരൂപനിറവില്‍ വന്നെന്നതും ഭാവുകം
ചിന്നും സ്നേഹമരന്ദമാര്‍ക്കുമരുളുന്നാനന്ദസന്ദായകം
തന്നേയാണവനെന്നതാണു ധരയില്‍ വന്‍‌ഹര്‍ഷസംവര്‍ദ്ധകം!

മഞ്ഞിന്‍തുള്ളികള്‍ പുല്‍ക്കൊടിക്കു മണിമുത്തം നല്‍കിടും രാത്രിയില്‍
മന്നില്‍ രക്ഷകനായി ദിവ്യശിശു ജന്മംകൊണ്ടൊരീ വേളയില്‍
മുന്നി‌ല്‍‌വന്നു ചിരിച്ചിടുന്ന പുതുവര്‍ഷം ഹര്‍ഷവര്‍ഷത്തൊടേ
നന്നായ്ത്തന്നെ വിടര്‍ന്നിടട്ടെ,യതിനായേകുന്നിതാശംസകള്‍.!!!
.
****************************************************************************

Thursday, July 3, 2014

ശ്ലോകമാധുരി.54

 ശ്ലോകമാധുരി.54.

ചെറിയനാളില്‍ നമുക്കു ഭവിച്ചൊരാ
വറുതിയോര്‍ക്കില്‍ സുഖംവരുമോ സഖേ
പറകില്‍ നമ്മുടെ കൊച്ചുകിടാങ്ങളി-
ന്നറിയുകില്ലവ,നാണവുമായിടാം!
ദ്രുതവിളംബിതം.

അഹി കഴുത്തിലുണ്ടെങ്കിലും ഹര-
ന്നഹിതമായിടുന്നില്ല തെല്ലുമേ
അഹിയെ ശയ്യയായ് വെയ്പ്പു വിഷ്ണുവും
മഹിതമാണു ദൈവേച്ഛയോര്‍ക്ക നാം !
സമ്മത
ഒരുമയോടു നാം ചൂലെടുക്കുകില്‍
ഭരണവീരരേ ദൂരെ നിര്‍ത്തിടാം
വരു സഹോദരാ,ആപ്പിനൊപ്പമായ്
പൊരുതിനില്‍ക്കണം,പൌരധര്‍മ്മമാം!
സമ്മത
കരുണയോടു നീ കേള്‍ക്കണം ഹരേ
ദുരിതമേറുമെന്‍ ദീനരോദനം
പെരുകുമെന്റെയീ ദുഃഖമാറ്റുവാന്‍
ചരണപങ്കജം കൂപ്പിനില്‍പ്പു ഞാന്‍ ‍.
സമ്മത
ഗുരുമരുത്പുരാധീശനെന്റെയീ
ദുരിതമൊക്കെയും മാറ്റുമോര്‍പ്പു ഞാന്‍
പെരിയ ദുഃഖമെന്നാളിലെത്തിലും
കരുണയോടവന്‍ തീര്‍ത്തിടും നിജം!
സമ്മത.
നരകവൈരിയായ് ശ്രീമരുത്പുരം
മരുവുമീശ്വരന്‍ ദുഃഖനാശനന്‍
ദുരിതമൊക്കെയും മാറുവാനെനി-
ക്കരുളണം വരം,കൂപ്പിടാം പദം
സമ്മത
മരണമെത്തിടും നേരമാരുമേ
സ്മരണ ചെയ്തിടും നിന്‍ പദാംബുജം
കരുണയോടെ നീ രക്ഷയേകണേ
ഹരിണദേശനാഥാ,ത്രിലോചനാ!
സമ്മത

മുരരിപു പതിയേപറഞ്ഞു “രാധേ
കരയരുതേയിനി ഞാന്‍ നിനക്കു മാത്രം“
കരളിലമൃതധാരപോലിനിക്കും
സ്വരമുതിരേയവള്‍ തോഷമാര്‍ന്നു നിന്നൂ.
പുഷ്പിതാഗ്ര.

ഇത്ഥമൊത്ത ചില കാവ്യമുത്തുകള്‍
ബദ്ധമോദമൊടു ഞാന്‍ നിരത്തവേ
മുഗ്ദ്ധഭാവനയടുത്തുവന്നുടന്‍
മുത്തമേകിയതുമെത്ര ചിത്രമേ!
രഥോദ്ധത
ബന്ധുരാംഗിയുടെ ഗാനരീതി കേ-
ട്ടെന്തിനിത്ര പരിഹാസവാക്കുകള്‍?
ഹന്ത! നാരിയുടെ ഗാനവൈഭവം
കുന്തമാക്കിയുരചെയ്‌വതാഭയോ!.
രഥോദ്ധത.

നാദാത്മികേ! നിന്നുടെപുണ്യരൂപം
കാണുന്നനേരത്തുണരുന്നു മോദം
ഔദാര്യമോടെന്നുടെ മാനസത്തിൽ
വാണീടു,വാണീഗുണമേകി മേൽ‌മേൽ.
ഇന്ദ്രവജ്ര
 പാണ്ഡിത്യമുണ്ടെന്നു നടിച്ചു ശുംഭർ
മണ്ടത്തരങ്ങൾ ബഹുധാ വദിപ്പൂ
ഖണ്ഡിച്ചിടേണ്ടൊക്കെയവർക്കു ബുദ്ധി-
യുണ്ടാകുവാൻ പ്രാർത്ഥന ചെയ്ക നല്ലൂ.
ഇന്ദ്രവജ്ര
പാലാഴിതന്നില്‍ തിരകള്‍ സഹര്‍ഷം
ആലോലമായിട്ടിളകുന്നതെന്തേ!
നീലാഭാമാകും ഹരിതന്റെ രൂപം
ആലോകനം ചെയ്തു നമിപ്പതാവാം
ഇന്ദ്രവജ്ര
രമാപതീ,നിന്നുടെ പുണ്യരൂപം
രമിച്ചിടുന്നെന്റെ മനസ്സില്‍ നിത്യം
അമേയമായെന്നുടെ ജന്മഭാഗ്യം
നമിച്ചിടാം നിന്നുടെ പാദപത്മം.
ഇന്ദ്രവജ്ര.
ചേണാര്‍ന്ന നിന്‍ കാറൊളിവര്‍ണ്ണരൂപം
കാണുന്നഭക്തര്‍ക്കതു ജന്മപുണ്യം
അര്‍ണ്ണോജനേത്രാ!  തിരുമുമ്പില്‍ ഞാനും
പാണിദ്വയംകൂപ്പി നമിച്ചുനില്‍പ്പൂ.
ഇന്ദ്രവജ്ര.
ആയില്യമാണിന്നഹിപൂജചെയ്യാന്‍
ഈയുള്ളവന്നുള്ളിലുയര്‍ന്നു മോഹം
മായാമയന്‍ തന്നുടെ ഭൂഷ,ശേഷ-
നായിക്കുറിക്കുന്നുചഥങ്ങള്‍ഭക്ത്യാ.
ഇന്ദ്രവജ്ര.
രമാപതീ,നിന്നുടെ പുണ്യരൂപം
രമിച്ചിടുന്നെന്റെ മനസ്സില്‍ നിത്യം
അമേയമായെന്നുടെ ജന്മഭാഗ്യം
നമിച്ചിടാം നിന്നുടെ പാദപത്മം.
ഉപേന്ദ്രവജ്ര.

ഓടിക്കളിച്ചു പുതുപൂക്കളിലുമ്മ വെച്ചു
ചാടിത്തിമിര്‍ത്തു വരവായി സമീരനിപ്പോള്‍
ആടിക്കുഴഞ്ഞു സുമരാജി യവന്നുവേണ്ടി
ചൂടിക്കഴിഞ്ഞു മൃദുഹാസമതെന്തു ചന്തം!
വസന്തതിലകം.
കുല്യേ നിനക്കു പലഭാവവുമുണ്ടു,പണ്ടു
കല്യാണിരാഗമുണരും ശ്രുതി കേട്ടു നിന്നില്‍
വല്യോരുഭാവമൊടു ഞാനതു കേട്ടുനിന്ന-
ബാല്യം രസിച്ചു കഴിയാനിനി ഭാഗ്യമുണ്ടോ?
വസന്തതിലകം.
പാരില്‍ പ്രസിദ്ധിയെഴുമീ‘യൊളശ‘പ്രദേശം
നേരോടെ കാത്തു പരദൈവതമായ് വിളങ്ങും
വീരന്‍,പ്രഭാഭരിതനായ കിരാതസൂനൂ!
പാരാതെ തന്നിടുക നിന്‍ വരദാഭയം മേ.
വസന്തതിലകം.
ലോകം പ്രവൃദ്ധമദമത്സരദുഷ്കൃതത്താല്‍
ശോകം മുഴുത്തുവലയുന്നതു തീര്‍ത്തു കൃത്യം
പാകം പെരുത്ത പദഭംഗി പടര്‍ത്തി മിന്നും
ശ്ലോകം രചിച്ച കരമെത്ര പവിത്രമെന്നോ!
വസന്തതിലകം.(സമസ്യാപൂരണം).


താലോലിക്കാനിന്നു  ഞാനൊന്നെടുക്കും
നീലക്കണ്ണാ, കൈകളാല്‍ നിന്റെ ഗാത്രം
ആലോചിക്കേ കാണ്മു ഞാ,നെന്റെ ഭാഗ്യം
ഭൂലോകത്തില്‍ നന്ദഗോപന്നു മാത്രം.
ശാലിനി.
വണ്ടിന്‍‌കൂട്ടം തെണ്ടിയെത്തും സുമങ്ങള്‍-
ക്കുണ്ടെന്നോര്‍ക്കൂ വശ്യമാകും സുഗന്ധം
വേണ്ടുംവണ്ണം തേന്‍ കുടിച്ചാ മിളിന്ദം
മണ്ടുംനേരം ധന്യമാം പുഷ്പജന്മം.
ശാലിനി.
ഇഷ്ടംപോലേ തുട്ടു കൈയില്‍വരുമ്പോള്‍
ഇഷ്ടന്മാരായൊട്ടിടുന്നോരനേകം
ദുഷ്ടന്മാര്‍ക്കായിഷ്ടമങ്ങേകിയാലോ
കഷ്ടം വന്നാല്‍ ദൃഷ്ടമാവില്ലൊരാളും.
ശാലിനി.
ഇഷ്ടംപോലേ പൂക്കളെങ്ങും വിടര്‍ന്നൂ
സ്പഷ്ടം ഹൃത്തില്‍ മോദമൊപ്പം വിരിഞ്ഞൂ
ഒന്നൊന്നായീ പൂക്കളെല്ലാം പറിക്കാം
നന്നായോണപ്പൂക്കളങ്ങള്‍ നിരത്താം.
ശാലിനി.
തര്‍ക്കം വേണ്ടാ, യെന്റെ ഹൃത്തില്‍ കടന്നി-
“ട്ടൊക്കെപ്പോട്ടേ“ യെന്നു ചൊല്ലാന്‍ വരട്ടേ
മുക്കാണോ നിന്‍ രാഗമെല്ലാം ശരിക്കും
മക്കാറാക്കീ ശാലിനീ, നിന്‍ മിടുക്കായ്
ശാലിനി

കരഞ്ഞുകൊണ്ടെന്നരികത്തുവന്നു നീ
ഉരച്ചകാര്യം പരിതാപമെങ്കിലും
ഇഹത്തിലെല്ലാമൊരു മായതന്നെയെ-
ന്നുറച്ചുപാര്‍ത്താല്‍ കദനം മറന്നിടാം.
വംശസ്ഥം.
നിരത്തില്‍ നിന്നാളുകള്‍കൈകള്‍ നീട്ടിലും
നിറുത്തുകില്ലീ ശകടങ്ങളെന്നതാല്‍
ഒരുത്തരും ഖേദമിതില്‍ പറഞ്ഞിടാ
നിറുത്തുകീ സ്ഥാപനവെള്ളയാനയേ.
വംശസ്ഥം.
ഹിമാദ്രിപോല്‍ ശീതളമാണു നിന്‍‌സ്മിതം
സുമത്തിനെപ്പോലെ മനോഹരം മുഖം
അമേയമാണീ ഗുണമൊക്കെയെങ്കിലും
നമുക്കു നിന്‍വാണിയസഹ്യമാം സഖീ
വംശസ്ഥം.
പ്രശസ്തമാം നക്കരതന്നില്‍ വാണിടും
മഹേശ്വരാ! പ്രാര്‍ത്ഥനയോടെ നില്‍പ്പു ഞാന്‍
ഇഹത്തില്‍ ഞാന്‍ ചെയ്തൊരു പാപമൊക്കെയും
നശിക്കുവാനായിവനേകണം വരം
വംശസ്ഥം.

മനസ്സില്‍ ജനിക്കും വികാരങ്ങളെല്ലാം
നിനച്ചാല്‍ ശരിക്കും മഹാമൌഢ്യമാവാം
മനുഷ്യാ,ഭജിക്കൂ ഭവത്പാദപത്മം
നിനക്കിന്നതേകുന്നിതാത്മപ്രഹര്‍ഷം.
ഭുജംഗപ്രയാതം

ഒരിക്കലും മയത്തൊടേയുരച്ചതില്ല വാക്കുകള്‍
നിരന്തരം നിരത്തില്‍നിന്നു കാട്ടിയെത്ര മുഷ്ക്കുകള്‍
കരുത്തുപോയി വാര്‍ദ്ധകത്തിലെത്തി, ലോകര്‍ ഭിക്ഷയായ്
തരുന്നതൊക്കെ ഭാഗ്യമായ് നിനച്ചിടുന്നു ഞാന്‍ സദാ.

മുരാരെ,നിന്റെമുന്നില്‍ മുമ്പൊരിക്കലും കടന്നു വ-
ന്നൊരൊറ്റനാമമോതിയില്ല ഭക്തിപൂര്‍വ്വ,മോര്‍പ്പു ഞാന്‍
ഒരിറ്റുകുറ്റമെന്റെമേല്‍ നിനച്ചിടാതെതന്നെ നീ
തരുന്നതൊക്കെ ഭാഗ്യമായ് നിനച്ചിടുന്നു ഞാന്‍ സദാ.
സമസ്യാപൂരണങ്ങള്‍ (പഞ്ചചാമരം)


കരുതുക സഖരേ നാം സോദരന്മാര്‍ക്കു തുല്യം
പൊരുതരുതൊരുനാളും പേരിനായ്‌പ്പോലുമാരും
ഒരുമയൊടുലകില്‍ നാം സ്നേഹമായ് വാഴ്‌ക നിത്യം
നിരവധി ഗുണമുണ്ടാം സൌഖ്യമേറീടുമാര്‍ക്കും.
മാലിനി
പ്രണയമധുരമാം നിന്‍ നോക്കു കണ്ടാല്‍ മനോജ്ഞേ
ഉണരുമുടനെ തന്നെന്‍ ചിത്തഭൃംഗം സഹര്‍ഷം
അണയുമവനുടന്‍ നിന്‍ മുഗ്ദ്ധമാമാനനത്തില്‍
പുണരുവതിനു തക്കം പാര്‍ത്തു കാത്തങ്ങിരിക്കും!
മാലിനി

അച്ചന്‍ കോവില്‍ നദിക്കു പുണ്യപുളകം ചാര്‍ത്തി പ്രഭാപൂര്‍ണ്ണയായ്
സ്വച്ഛന്ദം വരദായിയായി വിലസും താഴൂര്‍പുരാധീശ്വരീ
ഉച്ചത്തില്‍ വരുമത്തലൊക്കെയൊഴിവാകാനായെനിക്കേക നിന്‍-
തൃച്ചൈതന്യവരപ്രഭാവമതിനായ്  തൃക്കാല്‍ നമിക്കുന്നു ഞാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം
“എന്തിന്നായ് പനിനീര്‍സുമത്തിനിവിധം ഖേദം, പറഞ്ഞീടു നിന്‍ ‍-
ചന്തം വേണ്ടതിലേറെയുണ്ടു,മണവും ഹൃദ്യം മയക്കും വിധം“
“എന്തേ ചൊല്‍‌വതെനിക്കുമേറെ ഗുണമുണ്ടെന്നാലുമെന്നേ തഴ-
ഞ്ഞെന്തേ കാമനെടുത്തു ചൂതകുസുമം തന്‍ബാണമാക്കാന്‍ സ്വയം.”
ശാര്‍ദ്ദൂലവിക്രീഡിതം
ഊതുന്നേരമണഞ്ഞുപോണു തിരി,യെ ന്നാ‍ല്‍ ഞാനടുപ്പില്‍ വലി-
ച്ചൂതും നേരമൊരുജ്ജ്വലിപ്പു,ശരിയായ് തീജ്വാലയായ് മാറിടും
ഏതാണീ പണി,യഗ്നിദേവ,ദയയെന്യേ നീയിതെന്തീവിധം
ഭേദം കാട്ടുവതിത്രദുര്‍ബ്ബലര്‍ നിനക്കാളല്ലെ,യൊന്നാളുവാന്‍ ?
ശാര്‍ദ്ദൂലവിക്രീഡിതം
ഒക്കത്തുണ്ടൊരു കുട്ടി,വട്ടി തലയില്‍ പെട്ടെന്നെടുക്കാന്‍ വിധം
പൊക്കാണത്തിലുടഞ്ഞുജീര്‍ണ്ണതരമാം വസ്ത്രങ്ങളും പെട്ടിയും
വക്കാണത്തിനു ലേശവും മടിയെഴാ ഭാവം,ഭയത്തോടെ ഞാന്‍
നോക്കുംനേരമൊരീര്‍ഷ്യയില്‍ പടികടന്നെത്തീട്ടു നില്പാണവള്‍.
ശാര്‍ദ്ദൂലവിക്രീഡിതം
ഒത്താലൊത്തതുപോലെയൊത്തകവിയായ് ചെത്താനിറങ്ങും വിധൌ
വൃത്തം മൊത്തമെടുത്തടുത്തു മികവില്‍ ചാര്‍ത്തേണമെന്നോതിയാല്‍
കത്തുന്നെന്നുടെയുള്ളമൊത്തപടിയായ് ഭോഷത്തമെല്ലാം നിറ-
ച്ചത്യന്താധുനികത്തിലൊക്കെയലറും, പാടും,പറഞ്ഞാടിടും!
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണാ! നല്‍തുളസീദളം സമമുടന്‍ തൃക്കാല്‍ക്കല്‍ വീണീടുവാന്‍
എണ്ണുന്നെന്റെ മനസ്സുകൊണ്ടതിനു ഞാനെത്തുന്നു നിന്‍ മുന്നിലായ്
സ്വര്‍ണ്ണാഭം  തിരുപാദധൂളി വരമായ് കൊള്ളാന്‍ കഴിഞ്ഞാല്‍ സ്വയം
പൂര്‍ണ്ണം ധന്യത തന്നെ,യെന്നെയതിനായര്‍പ്പിപ്പു,കൂപ്പുന്നു ഞാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം.
******************************************************************************

Tuesday, September 17, 2013

ശ്ലോകമാധുരി.53
കുമാരനല്ലൂര്‍  കാത്ത്യായനീ സുപ്രഭാതം.
***********************************
(വൃത്തം:വസന്തതിലകം)

പാലാഴി തന്നിലമരും ഭഗവാന്റെ ഭാവം
ലീലാവിലാസമൊടു മായയതായ് പിറന്ന
ശ്രീ വിഷ്ണുമായയുടെ മോഹനമായ രൂപം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

പൊല്‍ത്താരിനോടു സമമായ മുഖാഭ,കൈയില്‍
എക്കാലവും വരദമാം തവ ശംഖു,ചക്രം
തൃക്കാല്‍ച്ചിലമ്പു,മണിമാലകളും ധരിച്ച
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

മെച്ചത്തിലുള്ള മണികാതില,മുത്തുമാല
തൃച്ചക്രമൊത്തു വരശംഖുമണിഞ്ഞു നിത്യം
സ്വച്ഛം വിളങ്ങി വിലസുന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദുഃഖാപഹേ, ദുരിതനാശിനിയായ് ജഗത്തില്‍
പ്രഖ്യാതമായ തവ വേഷവിശേഷമെല്ലാം
ഉദ്ഘോഷമായ വരദര്‍ശനമായി നല്‍കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഊനം വരാതെയുലകത്തിനു രക്ഷയേകി
ആനന്ദമായുണരുമാ മുഖപങ്കജത്തില്‍
നൂനം വിടര്‍ന്നു വിലസുന്നൊരു രമ്യഭാവം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദൈത്യര്‍ക്കു ഭീതിയുളവാക്കിടുമുഗ്രരൂപം
മര്‍ത്ത്യര്‍ക്കു ശാന്തിയരുളും ലളിതം സ്വരൂപം
ഭക്തര്‍ക്കു മുക്തിവരദം വരപുണ്യരൂപം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ജന്മങ്ങള്‍തോറുമിവനൊത്തൊരു പുണ്യമെല്ലാം
നിന്‍ മുന്നില്‍ വെച്ചു കഴല്‍ കൂപ്പി ഭജിച്ചുനില്‍ക്കാം
എന്‍ മാനസത്തിലഴിയാത്തൊരു ഭക്തിയെത്താന്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

അശ്രാന്തമായ ഭജനംവഴി നിന്റെ മുന്നില്‍
വിശ്രാന്തമായി നിലകൊണ്ടിടുമെന്റെയുള്ളില്‍
വിശ്രാന്തിയേകിയമരുന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഇന്നോളമുള്ള പടുപാപമൊഴിഞ്ഞുപോവാന്‍
നന്നായ നല്ലവഴി കാട്ടുവതിന്നു മുന്നില്‍
മിന്നായമായയൊളിതന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദുര്‍ഗ്ഗങ്ങളായ ദുരിതങ്ങളടുത്തിടുമ്പോള്‍
മാര്‍ഗ്ഗം തെളിച്ചു തവഭക്തരെ രക്ഷ ചെയ്യും
ദുര്‍ഗ്ഗേ തെളിഞ്ഞു വിളയാടുകയെന്‍ മനസ്സില്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഭോഷ്ക്കെന്നു ചൊല്ലി വരദര്‍ശനസൌഭഗത്തെ
മുഷ്ക്കോടെ തള്ളിയിരുളേറി വലഞ്ഞവര്‍ക്കും
നിഷ്ക്കാമമായി ദയയോടിരുള്‍ മാറ്റിടും ശ്രീ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

തൃക്കാര്‍ത്തികയ്ക്കു തിരുവുത്സവനാളില്‍ ഭക്തര്‍
ഉത്സാഹമായി തവ സേവ നടത്തിടുമ്പോള്‍
ത്വല്‍ സ്നേഹമൊക്കെയവരില്‍ കനിവോടെ നല്‍കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ആഭീലമായ ഗതി വന്നണയുന്ന നാളില്‍
ആഭൂതിയാര്‍ന്ന മുഖപങ്കജദര്‍ശനത്താല്‍
ആഭോഗസൌഖ്യമുളവാക്കിയനുഗ്രഹിക്കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഉത്താപമൊക്കെയൊഴിവാക്കുവതിന്നു ഭക്തര്‍
ഉത്താളഭക്തിയൊടു നിന്നെ ഭജിച്ചിടുമ്പോള്‍
ഉള്‍ത്താരിലാത്തദയവോടെ കനിഞ്ഞിടും ശ്രീ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

മാലോകരിന്നു ദുരിതത്തിലുഴന്നിടുമ്പോള്‍
ആലംബമായിയണയാന്‍ തവ തൃപ്പദങ്ങള്‍
മാലൊക്കെമാറ്റിടുമനുഗ്രഹമേകുമമ്മേ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ദുഷ്ടര്‍ക്കു ദുര്‍ഗ്ഗതി വരുത്തി ജഗത്തിലുള്ള
ശിഷ്ടര്‍ക്കു രക്ഷയരുളുന്നൊരു വിഷ്ണുമായേ
കഷ്ടം വരാതെയടിയങ്ങളെ നീ തുണയ്ക്ക
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം

ഹൃദ്യം വെളുപ്പിലണിയുന്നൊരു വാണിരൂപം
വിദ്യാവിശേഷഗുണമേകുമമോഘഭാവം
ഹൃത്തില്‍ തുടന്നുവിടരും ഭവമാം പ്രഭാവം
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

നിത്യം പ്രഭാതസമയേ മലര്‍മങ്കയായീ
ഭക്തര്‍ക്കു മുന്നില്‍ വിലസുന്ന ഭവത്സ്വരൂപം
ചിത്തത്തിലൊത്തസുഖമേകുമതൊന്നു കാണ്മാന്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

പന്തീരടിക്കു പരമേശ്വരിയായ് വിളങ്ങും
നിന്‍ ദീപ്തമായ ശുഭദര്‍ശനസൌഭഗത്താല്‍
സന്താപമൊക്കെയൊഴിവാക്കിയനുഗ്രഹിക്കും
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

ഉച്ചയ്ക്കു ദുര്‍ഗ്ഗയുടെ വേഷവിശേഷമോടേ
മെച്ചത്തിലുള്ള നില നിര്‍വൃതിയേകിടുമ്പോള്‍
ഉച്ചത്തില്‍ നാമമുരുവിട്ടു തൊഴുന്നു ഭക്തര്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

അത്താഴപൂജസമയേ വനദുര്‍ഗ്ഗയായി
ഭക്തര്‍ക്കഭീഷ്ടവരദായിനിയായ് വിളങ്ങി
ഉള്‍ത്താപഹാരിണിയുമായമരുന്ന മായേ
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

സത്ത്വപ്രധാനഗുണഭാവമൊടേ ലസിക്കും
സിദ്ധിപ്രദായിനി,മൃഡാനി,വരം സ്വരൂപം
ബദ്ധാഞ്ജലീസഹിതമിന്നു നമിപ്പു ഭക്തര്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

ദിഷ്ടത്തിനൊത്തപടിയിക്ഷിതി തന്നില്‍ സര്‍വ്വം
സൃഷ്ടിച്ചു രക്ഷപുനരേകിടുമമ്മ നീയേ
സ്പഷ്ടം ധരയ്ക്കു പരമാശ്രയമായ മായേ
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം

*******************************

 ഓണനാളുകളുടെ ദേവതാസങ്കല്പത്തില്‍ ഒരു ഏകവൃത്തശ്ലോകസദസ്സ്.
(വൃത്തം: വസന്തതിലകം)
*****************************

തീര്‍ക്കുന്നു ഞാനിവിധമൊത്തപദങ്ങളാലേ
ഓര്‍ക്കാന്‍ ദിനാധിപരെയാ ദശനാളിലായി
അത്തം തുടങ്ങി തിരുവോണമതാം വരേക്കും
ഭക്ത്യാ ഭജിക്ക ദിനനാഥരെ, വൃദ്ധിയുണ്ടാം

അത്തത്തിലോണമുണരുന്നിതിലാദ്യനാളില്‍
മെത്തും ഹൃദത്തിലുമുണര്‍ന്നിടുമാത്മമോദം
ചിത്തത്തിലത്യധികഭക്തിയൊടോര്‍ക്ക നമ്മള്‍
‘വിഘ്നേശ്വര‘ന്റെ വരപാദമപാരമാര്യം

ചിത്രത്തിലെത്തുമൊരു ചിത്തിരയെന്ന നാളില്‍
വൃത്തിക്കുതന്നെ ‘ശിവശക്തി‘യെയോര്‍ത്തിടേണം
മെച്ചത്തില്‍ രണ്ടു വലയങ്ങളിലായി പൂക്കള്‍
വെച്ചാലതില്‍ തെളിയുമുത്തമമായി ഭാഗ്യം

മോടിക്കു മൂന്നുവലയങ്ങളതിന്റെയുള്ളില്‍
ചോതിക്കിടേണമതിരമ്യസുമങ്ങള്‍ ഭംഗ്യാ
ആതങ്കമൊക്കെയൊഴിവാക്കിടുമാ‘ ത്രിനേത്രന്‍‘
ഭൂതേശ്വരന്റെ ദിനമാണതുമോര്‍ക്ക ഭക്ത്യാ.

അന്നാ വിശാഖമൊരു നാളുവരുന്നനാളില്‍
നന്നായി നാലുകളമങ്ങനെ തീര്‍ത്തിടേണം
അന്നോളമുള്ള ദുരിതങ്ങളൊഴിഞ്ഞിടാനായ്
‘ബ്രഹ്മാ‘വിനോടു വരമര്‍ത്ഥന ചെയ്തിടേണം.

അന്നെന്നു വന്നിതനിഴം മിഴിതന്നിലെല്ലാം
മിന്നുന്ന പൂക്കളമതില്‍ വലയങ്ങളഞ്ചും
അന്നോര്‍ത്തു ‘പഞ്ചശരദേവ‘നു പൂജയെല്ലാം
നന്നായ് നടത്തിടുക,ബന്ധുരബന്ധമുണ്ടാം

ആട്ടംകളഞ്ഞു വലയങ്ങളിലാറിലായി
കേട്ടയ്ക്കു പൂക്കളിടുകില്‍ വരുമാത്മഹര്‍ഷം
മുട്ടാതെ ഭാഗ്യവരമൊക്കെ ലഭിപ്പതിന്നായ്
മുട്ടീടു ‘ഷണ്മുഖ‘പദത്തില്‍,ഭവം ഭവിക്കും

മൂല്യങ്ങളായ സുമമൊക്കെ നിരത്തിവെച്ചു
മൂലംദിനത്തില്‍ വലയങ്ങളൊരേഴു തീര്‍ക്കാം
മൂല്യങ്ങള്‍ നമ്മിലുരുവാക്കിയ യോഗ്യനാകു-
മാരാദ്ധ്യനായ ‘ഗുരുനാഥനു‘ പൂജ ചെയ്യാം

മാറാത്ത ‘ദിക്കുകളിലെട്ടുമതിന്റെ നാഥര്‍‘
പൂരാടനാളിലൊരു പൂജയവര്‍ക്കു നല്‍കാന്‍
നേരായിയെട്ടുവലയങ്ങളിലുള്ളില്‍ രമ്യം
താരൊക്കെ വെച്ചിടുക,ഭാഗ്യമതാം ഫലം കേള്‍

നേത്രത്തിനേറ്റമനുഭൂതി സുമങ്ങള്‍ നല്‍കാന്‍
ഉത്രാടനാളില്‍ വലയങ്ങളുമൊമ്പതാകും
‘വൃത്രാരി‘യാണു ദിനനാഥനവന്റെ നാമം
ചിത്തത്തിലോര്‍ക്കിലതു നന്മ നമുക്കു നല്‍കും

വൃത്തിക്കുതന്നെ തിരുവോണദിനത്തിലന്നു
വൃത്തത്തില്‍ വെച്ചിടുക പത്തുകളങ്ങള്‍ ഭംഗ്യാ
‘തൃക്കാക്കരേശ‘ വരബിംബമതിന്റെ മദ്ധ്യേ
വെയ്ക്കേണമോര്‍ക്ക,ഭഗവാന്‍ തരുമാത്മസൌഖ്യം

തൃക്കാക്കരേശ,ഭഗവാനെ ജഗത്തിലെങ്ങും
വായ്ക്കട്ടെ ശാന്തി,യഭിവൃദ്ധിയഭൂതപൂര്‍വ്വം
എക്കാലവും മനുജരുദ്ഗതി നേടിടേണം
തൃക്കാല്‍ക്കലെന്നുമതിനായി നമിച്ചിടുന്നേന്‍.(ക്രിസ്റ്റീനാ റോസെറ്റിയുടെ ഒരു ഇംഗ്ലീഷ് കവിതയുടെ തര്ജ്ജനമ.)
What are heavy? Sea-sand and sorrow:
What are brief? To-day and to-morrow:
What are frail? Spring blossoms and youth:
What are deep? The ocean and truth.

ഏതിന്നാണതിഭാര,മീ കടലിലേ പൂഴിക്കുമൊപ്പം വ്യഥ-
യ്ക്കേതാണങ്ങതിഹൃസ്വ,മീ ദിവസവും വന്നെത്തിടും നാളെയും
ഏതാണങ്ങതിഭംഗുരം,യുവതയും വാസന്തപുഷ്പങ്ങളും
ഏതാണേറ്റമഗാധ,മീയുദധിയും ചൊല്ലേറിടും സത്യവും.
(ശാര്‍ദ്ദൂലവിക്രീഡിതം)

അമ്പേ! പൂക്കളിലുള്ള വര്‍ണ്ണമികവീ മുറ്റത്തു വൃത്തത്തിലായ്
ഇമ്പത്തില്‍ ഭൃതഭംഗിയോടഭിരതാല്‍ തീര്‍ത്തീടിലാര്‍ത്താടിടാം
തമ്പ്രാന്‍ മാബലി വന്നിതൊന്നു കണിയായ് കാണും ക്ഷണം ഹൃത്തടം
തുമ്പം വിട്ടു വിടര്‍ന്നിടും,ക്ഷമയില്‍ നാം തീര്‍ക്കേണമീ പൂക്കളം.
(ശാര്‍ദ്ദൂലവിക്രീഡിതം)

ആശിസ്സേകണമെന്നൊരാഗ്രഹമവന്‍ നിന്നോടു ചൊല്ലീടവേ
ആശിസ്സേ,യതിനര്‍ത്ഥമൊക്കെയറിയില്ലെന്നും പറഞ്ഞില്ല നീ
ആശിസ്സാലവനേകി നീ കടിയതിന്നാലേ വലഞ്ഞിന്നവന്‍
ആശിസ്സേറി മരിച്ചുപോമതിനു നിന്‍ മണ്ടത്തമാം കാരണം.
(ശാര്‍ദ്ദൂലവിക്രീഡിതം)
( ആശിസ്സ് = അനുഗ്രഹം,പാമ്പു്,വിഷപ്പല്ല് ,വിഷം )

എന്തേ മര്‍ത്ത്യരുദഗ്രമായി ഗിരി പൊട്ടിപ്പൂ,നിരത്തീട്ടു,പി-
ന്നെന്തേ കാടിനു തീയിടുന്നവഴിയും പീഡിപ്പിതീ ഭൂമിയേ
പൊന്തും സ്വാര്‍ത്ഥതകൊണ്ടു വേണ്ട ധനമാര്‍ജ്ജിക്കാന്‍ നരര്‍ ലക്ഷ്മിയേ
നന്ദിപ്പിപ്പതിനീ സപത്നിയെ സദാ ദ്രോഹിപ്പിതെന്നോര്‍പ്പു  ഞാന്‍.
(സപത്നി=ഭര്‍ത്താവിന്റെ മറ്റൊരു ഭാര്യ)
(ശാര്‍ദ്ദൂലവിക്രീഡിതം)

എല്ലാവര്‍ക്കും ശ്രമിക്കാമിവിടൊരു നിയമം ശക്തമായ് വന്നിടേണം
കൊല്ലുന്നോര്‍ക്കൊപ്പമായിട്ടവരെയുടനിതില്‍നിന്നു രക്ഷിപ്പവര്‍ക്കും
തല്ലും കല്ലേറുമന്ത്യംപിണയുമതുവരേ തൂക്കിയന്ത്യം വരുത്താന്‍
അല്ലേ നാം നോക്കിടേണ്ടൂ, ശരിയിതുവഴിതാന്‍ രക്ഷയാം ദുര്‍ബ്ബലര്‍ക്കും.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഒത്താലൊത്തതുപോലെ മുഗ്ദ്ധകവിതാസത്തായ മുത്തൊക്കെയും
മൊത്തം കൊത്തിയെടുത്തെടുത്തു തരുമാ തത്തമ്മയോടൊത്തു നീ
മെത്തും പത്തരമാറ്റിലുള്ള മഹിതം വൃത്തത്തിലായ് തീര്‍ത്തൊരാ
മുത്താമുത്തമമുക്തകത്തിലുളവാം തത്ത്വത്തിലാര്‍ത്തെന്‍ മനം!
(ശാര്‍ദ്ദൂലവിക്രീഡിതം)

ഓണക്കോടിയുടുത്തു വന്ന മുകിലേ, നീയൊന്നു തന്നീടുമോ
നാണംകൊണ്ടു തുടുത്ത പെണ്ണിനഴകായ് ചാര്‍ത്തീടുവാന്‍ കുങ്കുമം
വേണം വെണ്മയിയന്ന പൂക്കളവളേ ചൂടിക്കുവാനാരെ ഞാന്‍
കാണേണം, നറുമുല്ലയോ തുളസിയോ നല്‍കീടുമോ പൂംകതിര്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഉള്ളിന്നുള്ളിലെയാഗ്രഹങ്ങള്‍ പലതും തുള്ളിക്കളിച്ചങ്ങനേ
തള്ളിക്കേറിവരുന്നതുണ്ടവയിലെന്റുള്ളം തുടിക്കുന്നിതാ
കള്ളം ചൊല്ലുകയല്ലവയ്ക്കു നിറവേറാനീവിധം ശ്ലോകമായ്
ഉള്ളംവിട്ടു നിരത്തിടുന്നു, വിളയാടീടട്ടെ,യീ വേദിയില്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഏറെക്കാലമിതേപടിക്കു സുഖദാമ്പത്യം വിടര്‍ന്നങ്ങനേ
പാറും രാഗലയത്തൊടൊത്തു ശുഭമായ്, സൌഭാഗ്യസമ്പൂര്‍ണ്ണമായ്
മാറാതീശ്വരഭക്തിചേര്‍ന്ന നിറവോടൈശ്വര്യ‘കേദാര‘മായ്
ശ്രീറാം,ബേബിയുഗം തുടര്‍ന്നുമനു‘രാഗ‘ത്തേ വളര്‍ത്തട്ടെ മേല്‍‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഖദ്യോതങ്ങളിടയ്ക്കിടയ്ക്കു തെളിയും രാവില്‍,മുകില്‍മാലമേല്‍
ഉദ്യോതത്തില്‍ വിളങ്ങിടുന്നു വിധുവും താരങ്ങളും സുസ്മിതം
ആ ദ്യോവില്‍ മിഴിനീട്ടിനില്‍ക്കെ,യിവനിന്നേറ്റം പ്രിയര്‍ക്കായിതാ
ഹൃദ്യം സ്നേഹസുമങ്ങളോണനിറവായ് ചാര്‍ത്തുന്നിതാശംസയായ്
(ശാര്‍ദ്ദൂലവിക്രീഡിതം)

ഖേദം വേണ്ടിനി ‘ഖാ’ യിലുള്ളകവിതാഖണ്ഡങ്ങളഞ്ചാറു ഞാന്‍
ആദ്യം തന്നെ രചിച്ചിടാം സഭകളില്‍ സുല്ലെന്യെ ചൊല്ലീടുവാന്‍
ഭേദപ്പെട്ട സുമങ്ങള്‍ ചേര്‍ത്ത മലര്‍മാല്യങ്ങള്‍ കണക്കൊക്കെയും
മോദത്തോടവ ചാര്‍ത്തിടാം കവികളേ നിങ്ങള്‍ക്കു മാലെന്നിയേ .
(ശാര്‍ദ്ദൂലവിക്രീഡിതം)

ചന്തം ചേര്‍ന്നു തെളിഞ്ഞുനില്‍പ്പു മതിബിംബം ഹാ! വിയത്തില്‍ സ്മിതം
ചിന്തും പോലെയതീവ രമ്യമരികേ മിന്നുന്നു താരങ്ങളും
സൌന്ദര്യത്തെളിവിത്രചേര്‍ത്തു ശുഭമായാകാശ മുറ്റത്തു മൂ-
വന്തിക്കീവിധമാരു തീര്‍ത്തു ചിതമായോണക്കളം,വിസ്മയം!
(ശാര്‍ദ്ദൂലവിക്രീഡിതം)

പല്ലില്ലാത്തൊരു മോണകാട്ടി,ചിരി തൂകീടുന്നൊരാളിന്‍ പടം
ചില്ലിട്ടെന്നുടെ വീട്ടിലേ ചുമരിലായ് തൂങ്ങുന്നു,കാണുന്നു ഞാന്‍
ഉല്ലാസത്തൊടു ഭാരതീയരെയൊരേ ലക്ഷ്യത്തിലേക്കാനയി-
ച്ചല്ലോ നേടി നമുക്കു തന്നു മഹിതം സ്വാതന്ത്ര്യമീ വാര്‍ദ്ധകന്‍
(ശാര്‍ദ്ദൂലവിക്രീഡിതം)

മാറില്ലെന്നു നിനച്ചു നില്‍ക്കെ  ശുഭമാം മാറങ്ങു കാണുന്നു  ഹാ!
മാറില്‍ച്ചേര്‍ന്നു  വിളങ്ങിടുന്ന മറുകാം ശ്രീവത്സവും കാണ്മു ഞാന്‍
മാറാതേ വരശോഭയാര്‍ന്ന വദനം കണ്ടിങ്ങു നില്‍ക്കുന്നന്നവാര്‍
മാറുന്നെന്റെ മനസ്സിലുള്ള തുയരം സമ്പൂര്‍ണ്ണമായ്, ശ്രീപതേ!
(ശാര്‍ദ്ദൂലവിക്രീഡിതം)

മിന്നാമിന്നികള്‍ മിന്നിടുന്നയിരുളില്‍ മേലേ മുകില്‍മാലയില്‍
ചിന്നിച്ചിന്നി വിളങ്ങിടുന്നു വിധുവും താരങ്ങളും സുസ്മിതം
മുന്നില്‍ മിന്നിവിടര്‍ന്നൊരീ കവിതയാലേറ്റം പ്രിയര്‍ക്കായിവന്‍
പൊന്നായ് സ്നേഹസുമങ്ങളോണനിറവായ് ചാര്‍ത്തുന്നിതാശംസയായ്.
(ശാര്‍ദ്ദൂലവിക്രീഡിതം)

മെത്തും സത്ത്വഗുണങ്ങള്‍ ചേര്‍ന്നു പലരന്നൊന്നിച്ചു കൂടീടവേ
ചെത്താനാശ പെരുത്തുവന്നൊരുവനോ നന്നായ് ‘മിനുങ്ങീ‘ട്ടുടന്‍
“പൊത്തോ”യെന്നു നിലത്തുവീണു,സഭയില്‍ കോമാളിവേഷത്തില-
ങ്ങത്യന്തം ജയഭാവമോടെ വിലസീ, വിമ്മിട്ടരായ് കൂട്ടുകാര്‍!
(ശാര്‍ദ്ദൂലവിക്രീഡിതം)

വന്നെത്തീ നവവത്സരം ചിരിയൊടേ മര്‍ത്ത്യര്‍ക്കുണര്‍വായി ഹാ!
വന്നെത്തീ പുതുപൂക്കളും സ്മിതമൊടേയോണക്കളം പൂകുവാന്‍
വന്നെത്തീ മലനാട്ടിലുത്സവരവാഘോഷം തുടുപ്പാര്‍ന്നിതാ
വന്നെത്തീ നവവര്‍ഷഹര്‍ഷമതില്‍ നീ മത്താടുകെന്‍ ചിത്തമേ.
(ശാര്‍ദ്ദൂലവിക്രീഡിതം)

വന്നെത്തീ പുതുവത്സരം ചിരിയുമായ്, ചിങ്ങം പിറക്കുന്നു ഹാ!
മുന്നില്‍‌വന്നു നിരന്നു പൂക്കള്‍ നിരയായോണക്കളം തീര്‍ക്കുവാന്‍
മിന്നും സൌഭഗപൂരമാരി നിരതം മന്നില്‍ ചൊരിഞ്ഞീടുവാന്‍
നന്നായിന്നിവനോതിടുന്നു  ശുഭമാമാശംസകള്‍ ഹൃദ്യമായ്.
(ശാര്‍ദ്ദൂലവിക്രീഡിതം)

ശ്രേഷ്ഠം വിഷ്ടപരക്ഷികേ,സകലസൃഷ്ടിക്കും വരിഷ്ഠം ഭവം
സ്പഷ്ടം സൃഷ്ടമതാക്കുമിഷ്ടവരദേ, ദുഷ്ടാപഹേ,ക്ഷോണിയില്‍
കഷ്ടപ്പാടുകള്‍ നഷ്ടമാക്കി വരമായ് ഭക്തര്‍ക്കഭീഷ്ടങ്ങളാം
അഷ്ടൈശ്വര്യസമഷ്ടി വൃഷ്ടിയുതിരും മട്ടില്‍ പൊഴിച്ചീടണം.
(ശാര്‍ദ്ദൂലവിക്രീഡിതം)

{വിഷ്ടപം=ലോകം,ഭവം=ഐശ്വര്യം
സൃഷ്ടം=സൃഷ്ടിക്കപ്പെട്ട,തീര്‍ച്ചയാക്കപ്പെട്ട
ദുഷ്ടാപഹ=ദുഷ്ടരെ നശിപ്പിക്കുന്നവള്‍
സമഷ്ടി=കൂട്ടം,വൃഷ്ടി=മഴ
}

ദേവദാസിനു ആശംസ.
തോരാതേ മഴപെയ്തിടുന്ന സുഖമാ ശ്ലോകങ്ങളാല്‍ തൂകി വ-
ന്നോരോരോ നിമിഷങ്ങള്‍ നാകസുഖമായ് മാറ്റുന്ന വിദ്വാനൊരാള്‍
ആരോടും പകയില്ല,സൌഹൃദമതും മാധുര്യമോടേ പൊഴി-
ച്ചാരാണെത്തുവതീ സഭയ്ക്കു ശുഭനായ്? “ദേവന്‍, മഹാശ്ലോകി,താന്‍ “.
(ശാര്‍ദ്ദൂലവിക്രീഡിതം)

‘ഭക്തപ്രിയ‘മാസികയിലെ സമസ്യാപൂരണം.

ദിഷ്ടക്കേടു പെരുക്കവേ ഗുരുമരുദ്ദേശത്തു നിന്മുന്നിലായ്
സ്പഷ്ടം നിന്‍ വരദര്‍ശനത്തില്‍ ദുരിതം തീര്‍ക്കാനിതാ നില്‍‌പ്പു ഞാന്‍
തുഷ്ട്യാ നിന്മുഖകാന്തിയും തനുവതില്‍ ശോഭിച്ചിടും മോടിയാം
പട്ടും പീലിയുമുല്ലസന്മുരളിയും കാണുന്നതെന്നാണു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം)

എന്തേ സന്തോഷമില്ലേ, ഒരുതിരി തെളിയിച്ചീടുവാന്‍ ശ്രീലകത്തി-
ന്നെന്തേ വന്നെത്തിയില്ലാ, കവികളുമിവിടിന്നെന്തെ മൌനം ഭജിപ്പൂ ?
സ്വന്തം ശ്ലോകം തെളിച്ചിട്ടിരുളിതിലൊളിചേര്‍ത്തീ  സമസ്യയ്ക്കൊരന്ത്യം
ചന്തത്തില്‍ തീര്‍ത്തിടേണം, നിറവൊടു തെളിയട്ടേ കലാമണ്ഡപം ഹാ!
(സ്രഗ്ദ്ധര)

നിര്‍മ്മായം ശ്ലോകമെല്ലാം സതതമൊരുനിരയ്ക്കൊക്കെ ചേലില്‍ നിരത്തി
സമ്മോദം ഞാനിരിക്കേ, സതതമൊരുവളാ ശ്ലോകമിങ്ങെത്തി,ചൊല്ലി
“ഇമ്മട്ടില്‍ വിട്ടിടാതേ സതതമിനിയുമെന്‍ മേനിയേ പുല്‍കിയെന്നാല്‍
വിമ്മിട്ടം തന്നെയാകും, സതതമിനിയിവള്‍ വന്നിടില്ലെന്നുമോര്‍ക്കൂ “
(സ്രഗ്ദ്ധര)