Wednesday, December 14, 2011

ശ്ലോകമാധുരി.42.

ശ്ലോകമാധുരി.42 .
തെളിവില്ലിവിടെന്തു ചൊല്ലിയാലും
തെളിയാനുള്ളതു ബുദ്ധിയൊന്നു മാത്രം
തെളിവോടണകെട്ടുവാന്‍ ജനങ്ങള്‍
തെളിയിച്ചീടണമൈക്യദാര്‍ഢ്യമൊന്നായ്.
വസന്തമാലിക
കണ്ണീരുതൂകിയരികത്തിനി നീ വരുമ്പോള്‍
ദണ്ണം പെരുത്തു മനമാകെയുലഞ്ഞിടുന്നൂ
പെണ്ണേ നിനക്കു സുഗമം വരവാണു കണ്ണീ-
രെണ്ണുന്നു ഞാനിവിധമെങ്കിലുമില്ല ദേഷ്യം.
വസന്തതിലകം.

പ്രസിദ്ധമാം ശ്ലോകശതങ്ങള്‍ മൊത്തം
പഠിച്ചു ഞാനീവിധമെങ്കിലും ഹാ
പഠിച്ചതൊന്നും സമയത്തു ചൊല്ലാന്‍
വെളിപ്പെടില്ലെന്നതു തന്നെ കഷ്ടം.
ഉപേന്ദ്രവജ്ര.

മനുഷ്യനാണുജ്ജ്വലസൃഷ്ടിയെന്നു
നിനച്ചിടേണ്ടാ മനുജാ ശരിക്കും
നിനക്ക നീ സര്‍വ്വതുമീശ്വരന്‍ തന്‍-
മികച്ച ചൈതന്യവരപ്രസാദം.
ഉപേന്ദ്രവജ്ര.

നിന്‍‌കണ്ണുനീരില്‍ തെളിവാര്‍ന്നു നിന്റെ
മുഖാഭ തട്ടി,ക്കവിളില്‍ പടര്‍ന്ന
വര്‍ണ്ണാഭമാകും മഴവില്ലു കാണ്‍‌കേ
മദിച്ചിതെന്‍ ഹൃത്തു മയൂഖതുല്യം.
ആഖ്യാനകി.

ഒരുമട്ടിവനൊന്നു പാടിയാല്‍
പിരിയും പക്ഷിമൃഗാദി പോലുമേ
കരുതിന്നിതു ഭോഷനാകിലും
വെറുതേ ശാപമണച്ചിടേണമോ?
വിയോഗിനി.
ആലോലനീലമിഴിതന്നുടെ മുഗ്ദ്ധഭാവ-
മെന്‍ ലോലഹൃത്തിലനുരാഗമുണര്‍ത്തി മെല്ലേ
ആ ലോലമായ തനു താമരനൂലുപോലെ
ലീലാവിലാസമൊടെ മാറിലണച്ചിടും ഞാന്‍.
വസന്തതിലകം.
കൂട്ടിക്കിഴിച്ചു പലമട്ടിലിവന്‍ നിനക്കായ്
നേട്ടങ്ങളെത്രവിധമേകിയിതിത്ര നാളും
കൂട്ടാക്കിയില്ല ഹൃദിയെന്നരികേ വരാന്‍,നീ
കാട്ടും കൃതഘ്നതയില്‍ വെന്തുരുകുന്നു ഞാനും.
വസന്തതിലകം.

തെല്ലൊന്നു നിന്നിടുക ശാന്തതയോടെ മുന്നി-
ലല്ലാതെ മറ്റുവഴിയില്ല നിനക്കു മണ്ടാ
ഫുല്ലങ്ങളായ മലര്‍ തന്നിലലഞ്ഞു നീ വന്‍-
മല്ലാര്‍ന്നുഴന്നിടുവതെന്തിനു ചൊല്‍ക വണ്ടേ?
വസന്തതിലകം.
'നേരാണിതൊക്കെയൊരു വേല‘,യതെന്നു ചൊല്ലാ-
നാവില്ല സൂക്ഷ്മഗതിയൊന്നു പഠിക്ക നമ്മള്‍
സാമര്‍ത്ഥ്യമോടെ ജനനന്മ ഗണിക്കുവോര്‍ക്കു
നേര്‍ബുദ്ധി തോന്നിയുടനേയണ തീര്‍ത്തിടേണം.
വസന്തതിലകം.
ഭാവം പകര്‍ന്നു പല രാഗമതീവഹൃദ്യം
പാടുന്ന നിന്‍ കഴിവിലെന്റെ മനം മയങ്ങി
നേരം മയങ്ങിയിരുളേറി വരുന്നു, വേഗം
നേരേ പറക്കു കുയിലേ, തവ കൂടു തേടി
വസന്തതിലകം.

മണിനൂപുരമണിയും വ്രജശിശുവെന്നുടെ തുണയായ്
വരണം,തിരുവദനം മമ ഹൃദയേ ദ്യുതി തരണം
അതിനീവിധമിനി നിന്നുടെ സവിധേ വരുമടിയന്‍
കരുണാകര,വരമേകുക തവ ചേവടി ശരണം.
ശങ്കരചരിതം.
അനുദിനമിനി നീയെന്‍ ചാരെ വന്നൊന്നിരുന്നെ-
ന്നഴലുകളൊഴിയാനായ് പാടുമോ ഹൃദ്യമായി
പറയുക പികവാണീ, ഞാനതിന്നായി നിന്നോ-
ടിതുവിധമുര ചെയ്താല്‍ തോന്നുമോയീര്‍ഷ്യ ഹൃത്തില്‍.
മാലിനി.

അരഞൊടിയിനി നീയെന്‍ മുന്നില്‍ വന്നൊന്നുനിന്നാല്‍
അതുമതി മമ ജന്മം ഭാഗ്യസമ്പൂര്‍ണ്ണമാവാന്‍
അതുവരെ തവമുന്നില്‍ നാമസങ്കീര്‍ത്തനങ്ങള്‍
തെരുതെരെയുരുവിട്ടീ മട്ടില്‍ നിന്നോട്ടെ,കൃഷ്ണാ.
മാലിനി.
ഉറ്റോരൊത്തിരുകൈകള്‍കോര്‍ത്തു സഖിയായ് തന്നോരു തന്വംഗിയാള്‍
മുറ്റും ശോഭയൊടൊത്തു തന്നെ വരമായ് ഗേഹത്തിലുണ്ടാകവേ
ചുറ്റിക്കും ഗണികാഗൃഹങ്ങള്‍ സുഖമാണേകുന്നുവെന്നോര്‍ത്തു നീ
ചുറ്റും തേടി നടക്കയോ നിലപെടാ ഹൃത്തിന്‍ വിമൂഢത്വമേ!.
ശാര്‍ദ്ദൂലവിക്രീഡിതം.
(സമസ്യാപൂരണം)
കാരുണ്യക്കടലാം നിനക്കു തരുവാനില്ലാ,യെനിക്കൊന്നുമേ
നീറും ചിത്തിലുണര്‍ന്നിടുന്ന വരമാം ശ്ലോകങ്ങളാണെന്‍ ധനം
നീയോ ശോകവിനാശനന്‍ ,വരുകെനിക്കാശ്വാസമായ്,ഭക്തിയോ-
ടേകാം ശ്ലോകമിതര്‍ഘ്യമായ് ഗുരുമരുദ്ദേശാധിപാ,പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
“ക്രൂരം തന്നെയിതേവിധം കവിതകള്‍ തീര്‍ത്തിങ്ങിരിക്കുന്നതും
കാര്യങ്ങള്‍ പലതുണ്ടനേകവിധമായ് തീര്‍ക്കാന്‍ ഗൃഹേ,യോര്‍ക്കണം“
ദാരങ്ങള്‍ പറയുന്നിതേവിധ,മിവന്‍ കേള്‍ക്കും വിധൌ ചൊല്ലുമോ
നേരേ ഞാന്‍ കളയേണമോ പ്രിയതരം ശ്ലോകങ്ങളേ,നിങ്ങളേ?
ശാര്‍ദ്ദൂലവിക്രീഡിതം.

ചുറ്റും കൂടിടുമാസുരപ്രകൃതിയില്‍ പെട്ടാല്‍ മനുഷ്യന്‍ സ്വയം
ചുറ്റും ദുര്‍ഭഗസന്ധിതന്നി,ലതു ഞാന്‍ ചൊല്ലുന്നു നിസ്സംശയം
ചുറ്റും നോക്കുക,യിത്തരത്തില്‍ മനുജര്‍ ക്ലേശിപ്പു കാണാതെ നീ
ചുറ്റും തേടി നടക്കയോ നിലപെടാ ഹൃത്തിന്‍ വിമൂഢത്വമേ!
ശാര്‍ദ്ദൂലവിക്രീഡിതം.
(.സമസ്യാപൂരണം)
ചേലില്‍ പീലിയണിഞ്ഞൊരാ തിരുമുടിക്കെട്ടില്‍ തൊടാനാസ്ഥയില്‍
നീലക്കാറൊളിവര്‍ണ്ണനങ്ങുമരുവും ക്ഷേത്രത്തിലെത്തീട്ടു ഞാന്‍
ചാലേ ശ്രീലകമുന്നിലെത്തി വരമായ് ചോദിച്ചനേരത്തു നീ
നീലപ്പീലിയൊരെണ്ണമേകി,യതു ഞാന്‍ സൂക്ഷിപ്പു ഹൃത്തില്‍ സദാ.
ശാര്‍ദ്ദൂലവിക്രീഡിതം.

“പറ്റില്ലാത്തൊരു കാര്യമാണു ഭഗവത് കര്‍ണ്ണാമൃതം തര്‍ജ്ജമ-
ക്കൊറ്റയ്ക്കായതു ചെയ്യുവാന്‍ തുനിയുകില്‍” ചൊല്ലുന്നിതെല്ലാവരും
പറ്റിക്കൂടി മുകുന്ദപാദമതില്‍ ഞാന്‍ ഹൃത്താലെ,നിത്യം പഥം
തെറ്റാതാര്‍ത്തു ഗമിച്ചിടുന്നു സുധതന്‍ മാധുര്യമന്ദാകിനി.
ശാര്‍ദ്ദൂലവിക്രീഡിതം.
ചൊവ്വാണെന്നു നിനച്ചു ഞാന്‍ പലരെയും സ്നേഹിച്ചുവെന്നാകിലും
ചൊവ്വല്ലാപ്പണിയെന്നുതന്നെ പലരും ബോദ്ധ്യപ്പെടുത്തീ സ്വയം
ചൊവ്വായുള്ളവരിന്നു തെല്ലു കുറവാണെന്നോര്‍ത്തു ഞാനീവിധം
ചൊവ്വല്ലാതെയിരുന്നിടുന്നു, വെറുതേ ചൊല്ലില്ല വീണ്‍വാക്കുകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

പൂ പോലുള്ളൊരു മേനിയില്‍ തെളിയുമാ ശ്രീവത്സശോഭാന്വിതം
മായാതെന്നുടെ മുന്നിലെന്നുമിവിധം നില്‍ക്കേണമര്‍ത്ഥിപ്പു ഞാന്‍
മായാമോഹജഗത്തിലിന്നു വലയും ചിത്തത്തില്‍ ഡംഭാദിയാം
മായങ്ങള്‍ ക്ഷരമാവണം,ഭൃഗുവരം ശ്രീവത്സമെന്നാശ്രയം
ശാര്‍ദ്ദൂലവിക്രീഡിതം.

വന്നെത്തൂ വനഗായികേ,മധുരമായ് പാടൂ വസന്തദ്രുമേ
വന്നെത്തീ മകരം തണുത്തുവിറയും മഞ്ഞിന്‍ കണം തൂകി ഹാ!
വന്നെത്തീ ഭ്രമരങ്ങള്‍ മാവില്‍ നിറയേ പൂക്കള്‍ തിരഞ്ഞീവിധം
വന്നെത്തീയതിഹൃദ്യമായ് മഹിതമാം ദൃശ്യം,കുയില്‍പ്പെണ്മണീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ശേഷം ചൊല്ലുക ദുര്‍ഗ്രഹം,സകലതും പണ്ടുള്ളവര്‍ ചൊന്നതാം
ശേഷന്‍ താന്‍ ബലരാമനെന്ന കഥകള്‍ നിസ്സംശയം ചൊല്ലിടാം
ഈഷല്‍ തോന്നിയൊരുണ്മ തേടിയിവനും ചെയ്തൂ ശ്രമം വ്യര്‍ത്ഥമായ്
ശേഷം ചൊല്ലുക,ശേഷശായി,ബലരാമന്‍ ശേഷനോ,വിഷ്ണുവോ?.
ശാര്‍ദ്ദൂലവിക്രീഡിതം.
ശ്രീയേറും തവമുന്നില്‍ വന്നു ശരണം പ്രാപിക്കുവാനാസ്ഥയില്‍
ഭീയേറും വനവീഥിതാണ്ടി,ശബരീനാഥാ,വരുന്നേനഹം
മായാമോഹസുഖങ്ങള്‍ തേടി പലനാള്‍ ഞാനങ്ങലഞ്ഞീവിധം
കായപ്പെട്ടുകഴിഞ്ഞതാലെയറിവായ് നീയാണു സൌഖ്യം ഭുവി.
ശാര്‍ദ്ദൂലവിക്രീഡിതം.
“അത്യന്തം ശക്തിയോടേ ജലമിവിടൊഴുകി ക്ലേശമേല്‍പ്പിക്കുമെങ്കില്‍
മര്‍ത്ത്യര്‍ക്കോ സര്‍വ്വനാശം വരു,മതു തടയാനായണക്കെട്ടു വേണം“
ഇമ്മട്ടില്‍ വാര്‍ത്തകേട്ടിട്ടുടനൊരു സമരം ചെയ്യുവാന്‍ നാലുപേരോ!
പോരാ,നമ്മള്‍ക്കുമൊക്കാം,ചിലരിതു കളിയായ് കാണ്‍കിലത്യന്തമോശം.
സ്രഗ്ദ്ധര.
***********************************************************************************

Tuesday, December 13, 2011

ശ്ലോകമാധുരി.41

ശ്ലോകമാധുരി.41 .
ധീരന്റെ കൃത്യാ മരണം വരിച്ചാല്‍
നേരാണു നേരേ സുകൃതം ലഭിക്കും
പാരാതെ നീയങ്ങു ഗമിക്ക പാമ്പേ
ചോരുന്നു ധൈര്യം,സുകൃതം നമുക്കോ?
ഇന്ദ്രവജ്ര.

അമേയസൌന്ദര്യമണിത്തിടമ്പായ്
ഇവന്റെ ഹൃത്തില്‍ തെളിയുന്ന രൂപം
മരുത്പുരാധീശകിശോരദേവ-
സ്വരൂപനാണെന്നതുതന്നെ പുണ്യം.
ഉപേന്ദ്രവജ്ര.
അശുദ്ധമെന്നും ബത ശുദ്ധമെന്നും
മനസ്സിനുണ്ടാം ഗതിയല്ലൊ രണ്ടും
സര്‍വ്വേശപാദം നിരതം ഭജിച്ചാല്‍
സര്‍വ്വം മനം ശുദ്ധമതാര്‍ക്കുമാര്‍ക്കും.
ഉപജാതി.

നിനക്കു ഞാന്‍ നല്‍കിയ പൂക്കളെല്ലാം
കൊരുത്തു നീ നല്ലൊരു മാലയാക്കൂ
തിരിച്ചു ഞാന്‍ നിന്നുടെ മുന്നിലെത്താം
ചിരിച്ചു നീ ഹാരമെനിക്കു നല്‍കൂ.
ഉപേന്ദ്രവജ്ര.
നിരന്തരം നിന്നുടെ പൂക്കളാലേ
അനംഗബാണങ്ങളിതേവിധത്തില്‍
അയച്ചിടേണ്ടാ, മദനാര്‍ത്തി ചിത്തം
വലച്ചിടും,മല്ലതു വേണ്ട മുല്ലേ.
ഉപേന്ദ്രവജ്ര.
ഉല്ലാസമോടെയിനിയെന്നരികത്തു വന്നു
സല്ലാപമാം മധുരമൊന്നു തരൂ പ്രിയേ നീ
സല്ലീനമായിയതിലെന്റെ വിഷാദമെല്ലാ-
മില്ലാതെയാകുമതിലില്ലൊരു കില്ലു തെല്ലും.
വസന്തതിലകം.
ഗംഗാധരാ,കരുണയോടിനിയെന്റെ ചിത്തേ
സംഗീതമായി നിറയട്ടെ വരപ്രസാദം
അംഗങ്ങള്‍ തോറുമൊരു നിര്‍വൃതിയായി നിന്റെ
ഗംഗാംബു വീണിടുകിലാ വരമെന്റെ ഭാഗ്യം.
വസന്തതിലകം.

നാനാതരത്തില്‍ വിലസുന്ന സുമങ്ങളാലേ
ആരമ്യമായ വനിയില്‍ വിഹരിച്ചു നമ്മള്‍
ആ നല്ലകാലമിനിയെന്നുവരുന്നുവെന്നു
കാത്തിങ്ങിരിപ്പു,ഹൃദിയേറിവരുന്നു ദുഃഖം.
വസന്തതിലകം.

പ്രാലേയശൈലസുതനന്ദനപാദപത്മ-
മാലംബമാക്കിയിവനര്‍ത്ഥന ചെയ്തിടുന്നു
മാലൊന്നുമിന്നിവനുവന്നുഭവിച്ചിടാതേ
വേലായുധാ,കരുണയോടെ തുണച്ചിടേണം.
വസന്തതിലകം.

വര്‍ണ്ണാഭമായ മഴവില്ലുനിനക്കു മുന്നില്‍
മങ്ങുന്നു നിന്‍ കവിളിലുള്ളൊരു ശോഭ കണ്ടാല്‍
ഈ വര്‍ണ്ണവിസ്മയമെനിക്കധരത്തിലാക്കാന്‍
ആമന്ദമെന്നരികിലെത്തിടു മല്‍‌സഖീ നീ.
വസന്തതിലകം.
ചന്തം തികഞ്ഞ പല പൂക്കളില്‍ നിന്നു പൂന്തേന്‍
തെണ്ടുന്നു നീ നിരതമെന്തിനു ചൊല്‍ക വണ്ടേ
ഉണ്ടോ നിനക്കു വിവരം ശരിയായ്, സുമങ്ങള്‍-
ക്കുണ്ടായിടുന്നു ഫലധന്യത,നിന്‍ ശ്രമത്താല്‍.
വസന്തതിലകം.

അനുദിനമൊരുകാര്യം തന്നെ ചിന്തിച്ചിരുന്നാല്‍
അതു ശരിവരുകില്ലാ,യെന്നു നീയോര്‍ത്തിടേണം
ഉലകിതിലനുവേലം നല്ലകാര്യങ്ങള്‍ ചെയ്യാന്‍
അലസത വെടിയേണം,നന്മ താനേ ഭവിക്കും.
മാലിനി.

പതിവിനു വിപരീതം,വന്നതില്ലാരുമിന്നീ
വഴി,യതു ശരിയാണോ, ചൊല്ലിടുന്നെന്റ ചിത്തം
കവിതയൊടനുവേലം വന്നിടൂ വേദി തന്നില്‍
സുഖമതു വരമാകും കാവ്യലോകം മഹത്താം.
മാലിനി.
ഉത്രം നാളില്‍ ജനിച്ച നീയിതുവിധം കാട്ടില്‍ തനിച്ചെത്രനാള്‍
ഭക്തന്മാര്‍ക്കു വരം കൊടുത്തുമരുവും നിര്‍ഭീകനായ്,ചൊല്ലെടോ
സൂത്രം ചൊല്ലി മടക്കിടാന്‍ ശ്രമമിനിക്കാട്ടേണ്ട നിന്‍കൂട്ടിനായ്
മാത്രം ഞാനിനിയെന്റെ ചിത്തിലടവാക്കീടുന്നു നിന്‍ വിഗ്രഹം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഉന്മാദം വരുമാറു ഹാസസഹിതം വന്നോരു നിന്‍ കാന്തിയില്‍
സമ്മോദം ലയമാര്‍ന്നിരുന്നു സരസം ശ്ലോകങ്ങള്‍ തീര്‍ത്തീടവേ
നിന്‍നാദം മമ ഹൃത്തിലേ വനികയില്‍ രമ്യം കുയില്‍ നാദമായ്
ആമോദം പകരുന്നു,തേന്‍ കണികപോല്‍ മാധുര്യമായെന്‍ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
എല്ലാ നേരവുമൊന്നുതന്നെ ഹൃദയേ ചിന്തിപ്പു ഞാനീവിധം
മുല്ലപ്പൂമ്പൊടിപോലെ നിന്റെ ചരണം പ്രാപിക്കണം നിത്യമായ്
അല്ലാതെന്നുടെ ജീവിതം സഫലമായ്ത്തീരില്ലതാണിന്നിവന്‍
കല്ലേറും വനവീഥിതാണ്ടി ശരണം തേടുന്നു,കാത്തീടണേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഏതായാലുമെനിക്കു വേണമിനിയും ഗാനങ്ങളാരമ്യമായ്
പാടാന്‍ പറ്റിയരാഗമൊക്കെ ലയമായ് ചേരട്ടെയീമട്ടിലായ്
ആതങ്കം കളയാനെനിക്കു മധുരം ഗാനങ്ങള്‍ താനാശ്രയം
കൂടേ വന്നിടു പാടുവാന്‍ മദഭരം നിന്‍ വാണിയെന്നോമലേ.
ശാര്‍ദ്ദൂലവിക്രീഡിതം.

കാണാറുണ്ടു വധൂജനങ്ങള്‍ വെറുതേ തൂകുന്ന കണ്ണീര്‍ക്കണം
കാണുന്നേരമെനിക്കു ഹൃത്തില്‍ നിറയാറുണ്ടേറെയാശ്ചര്യവും
നാലാം നാളില്‍ വരുന്നൊരാ ലലനതന്‍ കണ്ണില്‍ വിടര്‍ന്നീടുമാ
മോദം കാണണമശ്രുവൊക്കെയെവിടോ പോയീ,യതാം സ്ത്രീജനം..
ശാര്‍ദ്ദൂലവിക്രീഡിതം.
കാല്‍ത്താരില്‍ ഝിലുഝില്‍ഝിലം രവമൊടേ കൊഞ്ചും ചിലങ്കയ്ക്കു ഞാന്‍
ഉത്സാഹത്തൊടു ചുംബനപ്പൊലിമയും നല്‍കുന്നു നിസ്സംശയം
പൊല്‍ത്താര്‍മാതു പിണങ്ങിടേണ്ട,യിവനാ പാദം നമിച്ചീടുവാന്‍
കെല്‍പ്പേറു,ന്നിവനാണു പൂര്‍വ്വജനനേ വന്നൂ കുചേലാഖ്യനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

ക്ഷിപ്രം വന്നു തുണയ്ക്ക നീ ഗണപതീ, വിഘ്നങ്ങള്‍ മാറ്റീടണം
ഇത്ഥം ഞാന്‍ പദപൂജ ചെയ്‌വു,വരമായ് സിദ്ധിക്കണം വൈഭവം
നിത്യം ഞാന്‍ നവകാവ്യമൊക്കെ നിറവില്‍ തീര്‍ക്കാനൊരുങ്ങീടവേ
മുഗ്ദ്ധം നല്ല പദങ്ങളൊക്കെ നിരതം തോന്നീടണം ബുദ്ധിയില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഘോരം വന്ന നിശാചരപ്പരിഷയേ വീരം വധിച്ചവ്വിധം
പാരം പേരു പെരുത്തവന്‍ മധുരയില്‍ വാഴുന്ന കാലത്തവള്‍
നേരേതന്നെയവന്റെ ചിത്തഹരണം ചെയ്തോരധര്‍മ്മത്തിനാ-
ലാണേ രാധിക വീണവന്റെ തടവില്‍,ഹൃത്തായി കാരാഗൃഹം.
ശാര്‍ദ്ദൂലവിക്രീഡിതം.

ദേഹം ദുര്‍ബ്ബലമായി മണ്ണിലടിയാന്‍ പോവുന്നനേരം വരേ
മോഹം പൂഞ്ചിറകേറിയങ്ങു മറിയും മായാഭ്രമാല്‍ ചുറ്റുമേ
സ്നേഹം കാട്ടിയടുത്തിരുന്ന പലരും കാണില്ല,സൂക്ഷിക്ക,നിന്‍-
മോഹം നിഷ്ഫലമായിടും,കളക നിന്‍ മായാഭ്രമം സത്വരം.
ശാര്‍ദ്ദൂലവിക്രീഡിതം.

ദ്വാരം തന്നിലൊളിച്ചിരുന്നു തലനീട്ടീടുന്നൊരാ ചുണ്ടെലി-
ക്രൂരന്‍ നമ്മുടെ വീട്ടിലോടി വിലസിക്കാട്ടുന്നു പേക്കൂത്തുകള്‍
ആരും തന്നെ സഹിച്ചിടില്ല,യതിനേ കൊല്ലാനടുത്തീടുകില്‍
ദാരങ്ങള്‍ പറയുന്നു”നാള്‍മൃഗമതാം പൂരത്തിനോര്‍ത്തീടണം”.
ശാര്‍ദ്ദൂലവിക്രീഡിതം.
മങ്ങാതെന്നുടെ മുന്നിലെന്നുമിവിധം വന്നീടു ധന്യാത്മികേ
മിന്നും മുഗ്ദ്ധപദങ്ങളില്‍ നിറവെഴും വര്‍ണ്ണങ്ങള്‍ ചാലിച്ചു നീ
ഒന്നൊന്നായി മഹത്തരം ലളിതമാം ശ്ലോകങ്ങളാരമ്യമായ്
മിന്നാന്‍ നിന്‍‌തുണ നല്‍കണേ,സ്വരമയീ,സംപൂര്‍ണ്ണവാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
മൊത്തം ശ്രീത്വമിയന്ന നല്ല കവിതാപാദങ്ങള്‍ തീര്‍ത്തീടുവാന്‍
മെത്തും നൈപുണിയേറെയുള്ള പലരുണ്ടോര്‍ത്തിട്ടു ഞാനീവിധം
നിത്യം കൃത്യതയോടെതന്നെ പലതും വായിക്കുവാനാസ്ഥയോ-
ടെത്തുന്നുജ്ജ്വലകാന്തിയില്‍ സ്വയമലിഞ്ഞേവം ലയം കൊണ്ടു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
(സമസ്യാപൂരണം).

രാവിന്‍ മോഹനകാന്തിയില്‍ മതിമറന്നാടീടു നീയെന്‍ പ്രിയേ
ആവുംപോലെ രസിച്ചിടൂ,സുരപഥം മിന്നുന്നു താരങ്ങളാല്‍
നീവും നമ്മുടെ ദുഃഖമൊക്കെ,യതിനാലീവീഥിയില്‍ ശാന്തമായ്
പോവാം,രാവിതുതീരുമാ,നിമിഷമായീടട്ടെ വീടാര്‍ന്നിടാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
സൌന്ദര്യം കുറെയേറെയുണ്ടു വെറുതേ തോന്നുന്നതല്ലാ,നിന-
ക്കെന്താണിന്നൊരു മൌനമെന്നു പറയൂ, നീലാംബുജപ്പെണ്മണീ
അന്തിക്കെന്നുമവന്റെയസ്തമയമാ സത്യം നിനയ്ക്കാതെ നീ
മാന്ദ്യം കൊള്ളുകവേണ്ട,രാവിലെയവന്‍ നിന്നേ തലോടും നിജം.
ശാര്‍ദ്ദൂലവിക്രീഡിതം.
**********************************************************************

Saturday, November 19, 2011

ശ്ലോകമാധുരി.40

ശ്ലോകമാധുരി.40
കണ്ണായിനിവന്നാലുണ്ണാം നറുവെണ്ണ
തിണ്ണം വരുനീയെന്‍ മുന്നില്‍ കളിയാടൂ
കണ്ണാടികണക്കാമുണ്ണിക്കവിള്‍ തന്നില്‍
വിണ്ണിന്നഴകെല്ലാമെണ്ണാമതിമോദം.
മണിമാല.

നന്നല്ല,'നാ'യേ,യിവനോടു ശണ്ഠ
നിന്നോടു ചൊല്ലുന്നതു കേട്ടുകൊള്‍ക
പിന്നീടുമെന്‍ പിന്നില്‍ വരുന്നുവെങ്കില്‍
വന്നീടു,നിന്നേ തടവില്‍ തളയ്‌ക്കും.
ഇന്ദ്രവജ്ര.

കൊള്ളികള്‍ക്കു വളമിട്ടുനടന്നാ
കള്ളിയെന്റെ ഹൃദി കേറിമറിഞ്ഞു
കള്ളമല്ല പറയുന്നതു,ശല്യ-
ക്കൊള്ളിയായവളു നില്പതു കാണൂ.
സ്വാഗത.

നേരു ചൊല്‍ക,ചിരിയോടെ തലോടാന്‍
കാര്യമെന്തു,പറയില്ലെ മനോജ്ഞേ
സാരി വാങ്ങുവതിനെന്നുടെ കൈയില്‍
കാര്യമായ തുകയില്ല,വരട്ടേ.
സ്വാഗത.

ദാനം കൊടുത്തു നിജകഞ്ചുകമന്നു കര്‍ണ്ണന്‍
ദൂനം ഭവിച്ചു രണഭൂമിയില്‍ വീണു,വെന്നാല്‍
മാനത്തൊടാമഹിതനാമമുയര്‍ത്തി ഭൂവില്‍
ദാനത്തിനുത്തമനിദര്‍ശനമായ ഭാഷ്യം.
വസന്തതിലകം.

നാനാതരത്തില്‍ വിരചിച്ച പദങ്ങളെല്ലാം
ഓരോവിധത്തില്‍ നവചാരുതചാര്‍ത്തി മിന്നി
പാരാതെ തോന്നിയതില്‍ നിന്നൊരു കാവ്യസൂനം
നേരേ നിനക്കു തരുവാനതിനെത്തി ഞാനും.
വസന്തതിലകം.

രുദ്രാക്ഷമാല തനുതന്നിലണിഞ്ഞു കൈയില്‍
ഭദ്രം തരുന്ന വരമുദ്രയൊടന്റെ ഹൃത്തില്‍
അദ്രീസുതയ്ക്കു വരമേകിയ ഭാവമാര്‍ന്നാ
രുദ്രസ്വരൂപമുരുവായി നിറഞ്ഞുനിന്നു.
വസന്തതിലകം.

ഇഷ്ടംപറഞ്ഞു പലരെത്തിടുമൊക്കെ നിന്നേ
കഷ്ടത്തിലാക്കുമതു തന്നെ നിനക്ക, പെണ്ണേ
ദുഷ്ടര്‍ക്കു വേഷമിവിടേറെ,യതോര്‍ത്തിടാതെ
നഷ്ടപ്പെടുത്തരുതു നിന്‍പരിശുദ്ധി തെല്ലും.
വസന്തതിലകം

ഗാനം നീ പാടൂ, കേട്ടു ഞാനിങ്ങിരിക്കാം
മോഹം പൂക്കുന്നൂ, നല്ലൊരീണം പകര്‍ന്നാല്‍
രാഗം മുത്താകും, നാട്ടരാഗത്തിലെങ്കില്‍
കേള്‍ക്കാം ഞാനെന്നും, നിന്റെ ഗാനങ്ങള്‍ ഹൃദ്യം.
വൈശ്വദേവി.

അരിയൊരു മണിപോലും കാണ്മതില്ലാ ഗൃഹത്തില്‍
“പെരിയൊരു ദുരിതം താന്‍” ചൊല്ലിടുന്നെന്റെ ഭാര്യ
കരമതിലൊരു രൂപാപോലുമില്ലാ,”കടത്തില്‍
തരുവതു സുഖമല്ലാ” ചൊല്‍‌വു റേഷന്‍കടക്കാര്‍.
മാലിനി.

മധുരമധുരമാകും മാലിനീവൃത്തമൊത്തീ
പദമിവനെഴുതുമ്പോളിമ്പമോടെന്റെ ചിത്തേ
സദയമുദയമായ് നല്‍വര്‍ണ്ണമെല്ലാമുണര്‍ത്തൂ
കമലജവരജായേ, വാണിയാകും മഹത്തേ.
മാലിനി.

മരണസമയമെത്തും നേരമാരും ശരിക്കും
കരുതുക,യതുമാത്രം നേരുതാനെന്ന കാര്യം
അതുവരെയുലകത്തില്‍ ചെയ്തകര്‍മ്മങ്ങളെല്ലാം
വരുമൊരു തുണയായി,ന്നോര്‍ത്തു മര്‍ത്ത്യാ ചരിയ്ക്ക.
മാലിനി.

സദയമിവിടെവന്നീ ശ്ലോകമെല്ലാം സസൂക്ഷ്മം
പതിയെയുരുവിടുമ്പോളെന്തു തോന്നുന്നു ഹൃത്തില്‍
പദഗണമുളവാക്കും മുഗ്ദ്ധഭാവങ്ങളെല്ലാ-
മതുപടി തെളിയുന്നോ ശോഭയില്‍, ചൊല്ലുവേഗം.
മാലിനി.

സുരപതിയൊരുനാളെന്‍ വീട്ടില്‍ വന്നാല്‍ തികച്ചും
കരുതലൊടവനേ ഞാന്‍ മാറ്റിനിര്‍ത്തിത്തിരക്കും
“തരുണികളുടെ വക്ത്രം കണ്ടുവെന്നാലുദിക്കും
തരികിട തവചിത്തേ,യിന്നുമുണ്ടോ,കഥിക്കൂ“.
മാലിനി.

ആരാണീ മൃദുഗാനമിത്ര മധുരം പാടുന്നതീ വേളയില്‍
മാകന്ദാവലി തന്നില്‍ നിന്നു,മവിടെക്കാണുന്നതില്ലാരെയും
നേരേ നോക്കുക,കാകനോടു സദൃശം തോന്നുന്നൊരാ പക്ഷിയേ
പാടൂ പഞ്ചമരാഗധോരണി,യതിന്‍ നാമം കുയില്‍,കേള്‍ക്ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

“എല്ലാം നല്ലതിനായിടട്ടെയിനിയും ചേരട്ടെ സൌഭാഗ്യവും
മല്ലാക്ഷീമണി നിന്റെ ജീവിതപഥം വര്‍ണ്ണാഭമാവും സ്ഥിരം“
മെല്ലേ ഞാനിവിധം പറഞ്ഞുകഴിയാറാകും വിധൌ കേട്ടു,“വന്‍-
ഭ്രാന്തല്ലേ പറയുന്നു നിദ്രയില്‍,എണീ“ ക്കെന്‍ ഭാര്യതന്‍ വാക്കുകള്‍‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഒറ്റപ്പെട്ടവരൊന്നുകൂടിയിവിടേ പാര്‍ക്കുന്നു നിസ്‌തന്ദ്രരായ്
പറ്റിക്കുന്നവരില്ലി,വര്‍ക്കു സഖരാണന്യോന്യമെല്ലാവരും
ഉറ്റോരൊക്കെയൊഴിഞ്ഞു ദുര്‍ഗ്ഗതികളില്‍പ്പെട്ടോരിവര്‍ക്കെന്നുമേ
ഏറ്റം തുഷ്ടിയൊടാശ്രയം പകരുമീ വൃദ്ധാലയം സ്വര്‍ഗ്ഗമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

കണ്ടാലൊന്നുമിവന്നു തൃപ്തിവരുകില്ലാ പാദപങ്കേരുഹേ
വണ്ടായ് മീലിതമാകണം,ഗുരുമരുദ്ദേശാധിപാ,ശ്രീപതേ
ഉണ്ടോ വേറൊരു പുണ്യ,മീ യഗതി നിന്‍പാദേ പതിച്ചീടുവാന്‍
വേണ്ടുംവണ്ണമുടന്‍ തരൂ വര,മതി ന്നായിട്ടു കാക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഞാനെന്നുള്ളൊരു ഭാവമൊന്നുവെടിയും നേരത്തു ദൈവം കനി-
ഞ്ഞാനന്ദത്തൊടു നിന്റെ ശുദ്ധഹൃദയേയെത്തും,സദായോര്‍ക്ക നീ
ജ്ഞാനാനന്ദമരന്ദരൂപനവിടേ വാഴുന്ന നാള്‍തൊട്ടു വന്‍-
ദൂനം വന്നുഭവിക്കയില്ലയതുതാന്‍ സാര്‍ത്ഥം,വരം ജീവിതം.
ശാര്‍ദ്ദൂലവിക്രീഡിതം.

പച്ചപ്പട്ടുടയാടചാര്‍ത്തി വിലസും ദേവാംഗനക്കൊപ്പമായ്
മെച്ചപ്പെട്ടൊരു ഭൂഷയോടെയിളകിച്ചാഞ്ചാടിടും മല്ലികേ
ഇത്ഥം ഞാനിനി നിന്റെ മുന്നിലിവിധം നില്‍ക്കുമ്പൊളെന്‍ മാനസം
സ്വാര്‍ത്ഥ്യംപൂകി ലയിച്ചിടുന്നിളകിടും നിന്‍പൂക്കളില്‍ ധന്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

ഭദ്രം നിന്നുടെ വാഹനം,ഭയദനാം സിംഹം കളത്രത്തിനും
കദ്രൂസൂനു കഴുത്തിലും ഗണപതിക്കുള്ളാഖു പാദാന്തികേ
ഉദ്രേകാഗ്രഹമോടെയീയിരകളേ നോക്കും മയൂഖം,സദാ
വിദ്രോഹാശ വെടിഞ്ഞമട്ടിവകളേ മാറ്റുന്നു നിന്‍ വൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം.

വമ്പാര്‍ന്നുള്ളൊരു തുമ്പിയും കലശവും പാശാങ്കുശം,മോദകം
ഇമ്പം ചേര്‍ന്നൊരു കുമ്പയും മുറിവുപറ്റീട്ടുള്ളൊരാ ദന്തവും
തുമ്പം തീര്‍ക്കുമനുഗ്രഹം ചൊരിയുമാ മുദ്രാങ്കിതം കൈകളും
മുന്‍പില്‍ വിഘ്നമൊഴിഞ്ഞുകാണണമിവന്‍ കൂപ്പുന്നു വിഘ്നേശ്വരാ.
ശാര്‍ദ്ദൂലവിക്രീഡിതം.

സര്‍വ്വം നിന്നുടെ കുമ്പ വീര്‍പ്പതിനിവന്‍ നല്‍കീടുമെന്നോര്‍ത്തു നീ
ഗര്‍വ്വം കൊണ്ടുനടന്നിടേണ്ട,വികൃതിക്കൂമ്പായ ലംബോദരാ
ഖര്‍വ്വം തന്നുടെ കൈയിലെന്നൊരുമദം കൊണ്ടാക്കുബേരന്‍ സ്വയം
സര്‍വ്വം വിട്ടു പറന്നൊരാ കഥയിവന്‍ മുമ്പേയറിഞ്ഞോര്‍ക്ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

ഇക്ഷുപോലെ മധുരംനിറഞ്ഞ പലവാക്കുകള്‍ക്കു വഴിചൊല്ലി വന്‍
തുഷ്ടിയോടെ മമ ഹൃത്തിലേറി കവിതാപദങ്ങളുരുവാക്കി നീ
സ്പഷ്ടമായി,യിനിയെന്റെയാത്മസഖി വേറെയില്ല,യതുപോലെനി-
ക്കിഷ്ടമായി തവ ചേഷ്ടിതം,മധുരസൃഷ്ടികള്‍,മഹിതഭാവനേ.
കുസുമമഞ്ജരി.

തണ്ടാര്‍മാതിന്‍ തലോടല്‍ തുരുതുരെയുടലില്‍ കൊണ്ടതിന്‍ മൂലമായി-
ട്ടുണ്ടായാലസ്യഭാവം,സുഖതരമവനും നിദ്രപൂണ്ടല്ലൊ വീണ്ടും
വേണ്ടാ വേറാരുമിങ്ങീ ഭുവനമടിപെടും ദുഃഖമെല്ലാമകറ്റാന്‍
മണ്ടൂ വൈകുണ്ഠദേശേ,ഝടുതിയവനെനീ കൊണ്ട്വരേണം,ഖഗേന്ദ്രാ.
സ്രഗ്ദ്ധര.
******************************************************************

Thursday, October 20, 2011

ശ്ലോകമാധുരി.39

ശ്ലോകമാധുരി.39

കരുണാമയി,വാണിമാതെ,തായേ
വരവര്‍ണ്ണങ്ങളെടുത്തെനിക്കു തായേ
നിറവോടവ നിന്റെ പാദപൂജ-
യ്ക്കടിയന്‍ നൂപുരകാവ്യമാക്കി വെയ്‌ക്കാം.
വസന്തമാലിക.

വിനായകാ,നിന്നുടെ പാദപത്മം
വിനാ വിളംബം പണിചെയ്തിടുന്നേന്‍
വിനീതനാമെന്നുടെ ദുഃഖമെല്ലാം
വിനാശമാക്കേണമനുഗ്രഹിക്കൂ.
ഉപേന്ദ്രവജ്ര.

തിരതല്ലിടുന്ന കടലെന്നപോലെ വന്‍-
മുകില്‍മാല മേലെ നിലയായി,കണ്ടുകൊള്‍
ഇവ മന്നിലാകെയുതിരുന്നു വര്‍ഷമായ്
നവജീവജാലമുകുളങ്ങളാര്‍ത്തിടാന്‍.
മഞ്ജുഭാഷിണി.

ഇമ്പത്തിലിത്രമധുരം സ്വരശുദ്ധിയോടെ
അന്‍‌പാര്‍ന്നു ഗാനമഴതൂകിയ പെണ്‍‌കിടാവേ
നിന്‍‌പാട്ടിലൂടെയുതിരും മധുമാരിയെന്നില്‍
സം‌പൂര്‍ണ്ണമായി വിലയിച്ച,തുമെന്റെ ഭാഗ്യം!
വസന്തതിലകം.

ഗോവര്‍ദ്ധനം ഝടുതി പൊക്കിയ ഗോപബാലാ
ഈ വൃദ്ധനോടു ദയ കാട്ടിടുകെന്തമാന്തം
ആപത്തിലായിയുഴലുന്നിവനായ് നിനക്കാ
ത്രാണം തരുന്ന കുട പൊക്കുകിലെന്തു നഷ്ടം?
വസന്തതിലകം.

ചാലേ വിരിഞ്ഞ സുമരാജികള്‍ തെണ്ടി നീ നിന്‍
മേലേ പരാഗകണമൊക്കെയണിഞ്ഞു വണ്ടേ
നേരേ പറക്ക മറുപൂവുകള്‍ തോറു,മപ്പോള്‍
കായായ് വിരിഞ്ഞുവരുമാ, കണമൊക്കെ മെല്ലേ.
വസന്തതിലകം.

താളം പിഴച്ചവിധമെന്തിനു നീയിരുന്നു
പാടുന്നു കാക,ബഹുദുസ്സഹമാണു കേള്‍ക്കാന്‍
നേരേ പറക്ക കുയിലിന്‍ സവിധേ ശരിക്കാ
ഗാനം ശ്രവിക്ക,ശരിയായിടുമെങ്കില്‍ നല്ലൂ.
വസന്തതിലകം.

ശിഥിലമല്ല നരജീവിതം ഭുവി
മഹിതമാണു സുഖരാഗമാണതും
ഹൃദയവീണയിലുണര്‍ന്നിടുന്നൊരീ
മധുരസുന്ദരവികാരമുജ്ജ്വലം .
പ്രിയംവദ.

പാലപ്പൂവുണരുകയായ് വസന്തമായി
പ്രേമത്തിന്‍ കവിതകളിന്നുണര്‍ന്നുവല്ലോ
നിന്നേയോര്‍ത്തിവിടിതുപോലിരുന്നു ഞാനും
നീയിന്നീ കവിതകള്‍തന്‍ പരാഗമല്ലോ.
പ്രഹര്‍ഷിണി.

ഗണപതി ഭഗവാനേ,വിഘ്നമെല്ലാമകറ്റൂ
ഗുണഗണമിയലും നല്‍വാക്കെനിക്കേക നിത്യം
അണിയണിയവചേര്‍ത്തീ ശ്ലോകമെല്ലാം രചിക്കാന്‍
ഉണരണമിനി ഹൃത്തില്‍ സിദ്ധി,ബുദ്ധീ സമേതം.
മാലിനി.

സ്വസ്ഥമായിയിരിക്കണം,സുഖമായ ഭാവനയാര്‍ക്കണം
മുഗ്ദ്ധമായപദങ്ങളാല്‍ കവിതയ്ക്കു ചാരുത ചാര്‍ത്തണം
ഇത്ഥമൊക്കെ നിനച്ചു ഞാന്‍ ദിനമെത്ര കാത്തു വൃഥാ സഖേ
ഒത്തവാക്കുകളൊന്നുമിന്നു വരുന്നതില്ലയനര്‍ഗ്ഗളം.
മല്ലിക.

എന്താണിന്ദുവുറങ്ങിടുന്നു മുകിലിന്‍ പൂമെത്തയില്‍,താരകള്‍
മന്ദം പൊന്നൊളിതൂകിനിന്നു ചിരിതൂകീടുന്നു നിശ്ശബ്ദരായ്
കന്ദര്‍പ്പോത്സവമേളതീര്‍ന്ന വധുവിന്‍ നാണത്തൊടേയിന്ദുവി-
ന്നന്തംവിട്ടു മയങ്ങിടട്ടെ,കളിയാക്കേണ്ടെന്റെ താരങ്ങളേ.
ശാര്‍ദ്ദൂലവിക്രീഡിതം.

കഷ്ടപ്പാടുകളെത്രയെത്രവരിലും പെട്ടെന്നു മാറില്ല ഞാന്‍
കഷ്ടപ്പെട്ടുകഴിഞ്ഞിടുന്ന മനുജര്‍ക്കാശ്വാസമേകും,ദൃഢം
ദിഷ്ടക്കേടുകളീ ജഗത്തിലെവനും വന്നീടുമെന്നോര്‍ക്ക നീ
സ്പഷ്ടം നാം തുണയാവണം,മഹിതമാ സൌഹര്‍ദ്ദസംജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഗദ്യം പോലെ രചിക്കുമീ കവിതയില്‍ തപ്പിക്കുഴഞ്ഞാലുമി-
ല്ലല്പം കാവ്യഗുണം കലര്‍ന്നവരികള്‍,കഷ്ടം കഥിക്കില്ല ഞാന്‍
ഇഷ്ടക്കേടു വരുത്തിടാന്‍ കഴിയുകില്ലെല്ലാം നടക്കട്ടെ,യീ
പൊട്ടപ്പാട്ടു രചിക്കുവാന്‍ കവിയവന്‍ കഷ്ടപ്പെടുന്നില്ലയോ!
ശാര്‍ദ്ദൂലവിക്രീഡിതം.

തേനൂറും കവിതാശതങ്ങളൊരുവന്‍ തീര്‍ത്താലതാരെങ്കിലും
താനേ വന്നവ നോക്കി നല്ലവിധമാലാപം നടത്തീടുകില്‍
താനേ തന്നെയനേകമാം കവിതകള്‍ വീണ്ടും രചിക്കാന്‍ സുഖം
താനേ വന്നിടുമെന്നതോര്‍ക്ക,യതുതാന്‍ ചെയ്യേണ്ടതാസ്വാദകര്‍..
ശാര്‍ദ്ദൂലവിക്രീഡിതം.

പച്ചപ്പട്ടുടയാടചാര്‍ത്തി വിലസും ദേവാംഗനക്കൊപ്പമായ്
മെച്ചപ്പെട്ടൊരു ഭൂഷയോടെയിളകിച്ചാഞ്ചാടിടും മല്ലികേ
ഇത്ഥം ഞാനിനി നിന്റെ മുന്നിലിവിധം നില്‍ക്കുമ്പൊളെന്‍ മാനസം
സ്വാര്‍ത്ഥ്യംപൂകി ലയിച്ചിടുന്നിളകിടും നിന്‍പൂക്കളില്‍ ധന്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

മെച്ചപ്പെട്ടൊരു കാവ്യമന്യനൊരുവന്‍ തീര്‍ക്കുന്നകണ്ടാല്‍,സ്വയം
പൊക്കപ്പെട്ടവരീര്‍ഷ്യയോടെയവയേ കാണുന്നു,പിന്നെന്തുവാന്‍
ഉച്ചത്തില്‍ പടുപാട്ടകൊട്ടിയവരേ താഴ്ത്തുന്ന സൂത്രങ്ങളാല്‍
കൊച്ചാക്കുന്നൊരു തന്ത്രമോടെവിലസും സര്‍വ്വജ്ഞരേ,കൈതൊഴാം.
ശാര്‍ദ്ദൂലവിക്രീഡിതം.

ശക്തിക്കൊത്ത വിധത്തിലിന്നടയനീ യര്‍ഘ്യങ്ങളര്‍പ്പിച്ചിടാം
ഭക്തര്‍ക്കാശ്രയമായിയിങ്ങു മരുവും ശ്രീരാജരാജേശ്വരീ
വ്യക്തം നിന്നുടെ രൂപമിത്ര നിറവില്‍ കാണാന്‍ കഴിഞ്ഞെന്നതില്‍
തൃപ്തന്‍ ഞാനിനി നിന്റെ മുന്നിലഭയം തേടുന്നു, മാഹേശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.

ജീവന്മുക്തിയ്ക്കുവേണ്ടീ പലവഴിയിതുപോല്‍ നോക്കിയെങ്ങും നടക്കും
പാവം മര്‍ത്ത്യര്‍ക്കു നല്‍കാനൊരുവഴിയിനി ഞാന്‍ കാണ്മതൊന്നേ ശരിക്കും
പോവൂ,ഭക്ത്യാ ഭജിക്കൂ,ഗുരുപവനപുരാധീശനായുല്ലസിക്കും
ശ്രീമന്‍ നാരായണന്‍ തന്‍ വരപദയുഗളം, ഭക്തി ലക്ഷ്യം വരിക്കും.
സ്രഗ്ദ്ധര.

“ഞാനാണാനന്ദസാരം, കളയുകയിനി നീ മായതന്‍ വിഭ്രമം, സ്വര്‍-
ജ്ഞാനാനന്ദാമൃതം നിന്‍ ഹൃദിയിതു കരുതൂ” ഗീതയായോതി കൃഷ്ണന്‍
ഞാനയ്യോ മായതന്‍ വന്‍‌ചുഴികളിലുഴലുന്നീവിധം,ശ്രീ മുരാരേ
ജ്ഞാനത്തിന്‍ തേന്‍കണം നീ മമഹൃദി ചൊരിയൂ,പാഹിമാം ദീനബന്ധോ.
സ്രഗ്ദ്ധര.

നവീനവൃത്തങ്ങള്‍.
ജലവിഭ്രാണ ജടയ്ക്കുതാഴെ കാണ്മൂ
അനലന്‍തന്‍ ചിമിഴ്‌പോലെ ഫാലനേത്രം
ഗരളം നീലിമ ചാര്‍ത്തുമാ ഗളത്തില്‍
ചുരുളായുണ്ടൊരു നാഗവും,വിചിത്രം.
ആതിര.

തിരതല്ലുന്നിവനുള്ളില്‍ മോദസാരം
കരുണാമൂര്‍ത്തി മുകുന്ദമോഹനാസ്യം
ഒരു നോക്കൊന്നുവണങ്ങുവാന്‍ ഹൃദാന്തേ
പെരുകുന്നാശ മരുത്പുരാ‍ധിവാസാ.
ആതിര.
അന്നന്നേക്കു കൊരുത്തിടാനെനിക്കീ
പൊന്നിന്‍ മുത്തുകള്‍ തന്നിടുന്നു ദൈവം
ഒന്നൊന്നായവ ഞാനെടുത്തു കോര്‍ത്തീ
മിന്നും മാലകള്‍ തീര്‍ത്തിടുന്നു ഭംഗ്യാ.
ദേവനാദം.

മിണ്ടാതെന്തിനു നീയിതെന്റെ വണ്ടേ
കുണ്ടാമണ്ടികള്‍ കാ‍ട്ടിടുന്നു വീണ്ടും
മണ്ടത്തങ്ങള്‍ നിനക്കു വന്നുവെന്നാല്‍
ഇണ്ടല്‍ മൂത്തൊരവസ്ഥ ഹൃത്തിലുണ്ടാം.
ദേവനാദം.
******************************************

Wednesday, October 12, 2011

ശ്ലോകമാധുരി.38

ശ്ലോകമാധുരി.38

ഝഷധ്വജന്‍ പണ്ടൊരു ലാക്കുനോക്കീ
വൃഷധ്വജന്‍ തന്നുടെ നേര്‍ക്കു ബാണം
വിദഗ്ദ്ധമായങ്ങു തൊടുത്തു,ഭര്‍ഗ്ഗന്‍
വിഭൂതിയാക്കീയവനേ ത്രിനേത്രാല്‍.
ഉപേന്ദ്രവജ്ര.

ആലോലനീലമിഴിയാളുടെ ലാളനത്താല്‍
മാലൊക്കെമാറി സഖിയാകിയ മാന്‍‌കിടാവും
തുള്ളിക്കളിച്ചരികിലെത്തി ശകുന്തളയ്ക്ക-
ന്നുള്ളില്‍ നിറഞ്ഞ കദനത്തിനു ശാന്തി നല്‍കി.
വസന്തതിലകം.

ഉദ്യാനമദ്ധ്യെയൊരു തൂമലരെന്നപോലെ
ഹൃദ്യം ചിരിച്ചു കളിയാടിവരുന്ന നിന്നെ
ആഹ്ലാദമോടെയൊരുനാള്‍ മധുവേറെയേറും
മല്‍‌സ്നേഹവല്ലരിയിലേ സുമറാണിയാക്കും.
വസന്തതിലകം.

കണ്ണാടിപോലെ തെളിവാര്‍ന്ന കവിള്‍ത്തടത്താല്‍
പെണ്ണേ നിനക്കു നിറശോഭ നിറഞ്ഞിടുന്നൂ
തിണ്ണം നിനക്കു സുമസായകതുല്യഗാത്രന്‍
പൂര്‍ണ്ണാഭയോടെ വരു,മില്ലതില്‍ ശങ്ക തെല്ലും.
വസന്തതിലകം.

കാലന്റെ കാലനുടെ കാലിലെ ധൂളിയാവാന്‍
കാലങ്ങളോളമിവനാശ പെരുത്തു ഹൃത്തില്‍
കാലാരി,നിന്‍ വരദഭാവമതൊന്നു കണ്ടാല്‍
കാലന്നുപോലുമിതുപോലൊരു ചിന്തയേറും.
വസന്തതിലകം.

ചുറ്റുന്നു നാഗമൊരു മാലയതായ്,സരിത്തായ്
ചുറ്റുന്ന പെണ്ണു തലയില്‍ വരഭൂഷയായി
ചുറ്റുന്നു നീ ചുടലഭൂമിയില്‍ നൃത്തമാടാന്‍
ചുറ്റുന്ന ഭൂതഗണസേവിതനായി,ശംഭോ!
വസന്തതിലകം.

നന്നായിയെന്നെന്നൊടു ചൊല്ലിടുമ്പോള്‍
നന്നായിയില്ലെന്നു നിനപ്പു ഞാനും
നന്നായതൊന്നാണു വപുസ്സുമാത്രം
നന്നാക്കു നിന്‍ ദുര്‍മ്മദദുസ്വഭാവം.
ഇന്ദ്രവജ്ര.

പാലാഴിവാസനുടെ മുന്നിലിതേവിധം ഞാന്‍
മാലൊക്കെമാറുവതിനര്‍ത്ഥന ചെയ്തിരുന്നൂ
കാലം കഴിഞ്ഞപടിയാടലതൊക്കെ മാറീ
മേലാലിവന്നഭയമെന്നുമനന്തശായി .
വസന്തതിലകം.

വില്വാദ്രി നാഥ,തവ പാദസരോരുഹത്തില്‍
വല്ലായ്മയൊക്കെയിതുപോലെയിറക്കി വെച്ചൂ
കല്ലല്ല നിന്‍ ഹൃദയമെന്നു തെളിഞ്ഞു,സത്യം
ചൊല്ലുന്നു തപ്തഹൃദയത്തിലുണര്‍ന്നു സൌഖ്യം.
വസന്തതിലകം.

ശൂലം.കപാല,മിളകും ഫണികള്‍, ത്രിനേത്രം
തോലും കപര്‍ദ്ദ,മൊരു പെണ്ണു ജടാഭരത്തില്‍
ചേലൊത്തൊരിന്ദുകലയും കലമാനുമൊത്തു
കൈലാസവാസനുടെ കോലമിതെത്ര ചിത്രം !
വസന്തതിലകം.

പതിയെ വന്നു ചിരിച്ചു തലോടലാല്‍
പതിയെ മെല്ലെയുണര്‍ത്തിയ പെണ്മണീ
പതിയെ കൈയുദരത്തിലണച്ചു നീ
പതിയൊടോതി”നമുക്കൊരു പൊന്മണി”
ദ്രുതവിളംബിതം.

ഗരളനീലിമ ഗളത്തിലും ധരി
ച്ചവനിരക്ഷകപദത്തിനര്‍ഹനാം
പരമദേവനവനെന്റെ ഹൃത്തടം
കരുണയോടെ തിരുഗേഹമാക്കണം.
പ്രിയംവദ.

സുരകാര്‍മ്മുകമൊന്നു വിണ്ണില്‍ നിന്നെ-
ന്നരികത്തെത്തി നിറഞ്ഞു നിന്നപോലേ
നിരയായി വിരിഞ്ഞു നിന്നു രമ്യം
മലരെല്ലാം വനികയ്ക്കു ശോഭ ചാര്‍ത്താന്‍.
വസന്തമാലിക.

ഝടുതിയിലൊരു പാദം തീര്‍ത്തു ഞാന്‍ വൃത്തമോടാ-
പടുതിയിലൊരു കാവ്യം തീര്‍ക്കുവാനാര്‍ത്തിയോടേ
എടുപിടിയൊരു വാക്കും വന്നതില്ലാ മനസ്സില്‍
മടിയൊടിവിടെയെത്തീ, വാക്കു വന്നാല്‍ കുറിക്കാം.
മാലിനി.

അച്ഛസ്ഥൂലജലാശയത്തിലൊരു കല്‍ക്കഷ്ണം പതിച്ചീടവേ
മെച്ചപ്പെട്ടുയരുന്നൊരോളസമമാണീ ദുഃഖമെന്നോര്‍ക്ക നീ
ഉച്ചസ്ഥായിയിലൊന്നുയര്‍ന്ന തിരകള്‍ മെല്ലേയകന്നീടവേ
ഉച്ചം പോകു,മശാന്തിപോകു,മതുപോല്‍ വന്നീടുമാശ്വാസവും.
ശാര്‍ദ്ദൂലവിക്രീഡിതം.

എല്ലാം നിന്നുടെ ലീലയെന്നു കരുതാനല്ലോയിവന്നാഗ്രഹം
വല്ലാതല്ലല്‍ പെരുത്തിടും സമയവും തേങ്ങില്ല തെല്ലെന്‍ മനം
കല്ലോലങ്ങളുയര്‍ന്നിടുന്നതൊഴിയുന്നെല്ലാം ഭവാന്‍ നിശ്ചയി-
ച്ചല്ലോയെന്നതുറച്ചു ഞാന്‍ ക്ഷിതിയിതില്‍ വാഴുന്നു നിത്യം,ഹരേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചൂടുന്നുണ്ടൊരു വക്രമാം കല തലക്കെട്ടില്‍ വരം ഭൂഷയായ്
ചൂടേറുന്നൊരു നേത്രമുണ്ടു തിലകം പോലേ ലലാടത്തിലും
ചൂടേറും ചുടുകാട്ടിലാണു നടനം നിത്യം നിനക്കെങ്കിലും
ചൂടാം നിന്നുടെ രൂപമെന്റെ ഹൃദയേ, വൈക്കത്തെഴും തേവരേ.
ശാര്‍ദ്ദൂലവിക്രീഡിതം.

തങ്കം പോല്‍ തെളിവാര്‍ന്ന വര്‍ണ്ണനിറവില്‍ ശ്ലോകങ്ങളാം മുത്തുകള്‍
പങ്കം വിട്ടു കൊരുക്കുവാന്‍ കഴിവെനിക്കേകുന്ന വാഗീശ്വരീ
മങ്ങാതെന്നുമെനിക്കു കാവ്യമികവില്‍ പാദങ്ങള്‍ വെച്ചീടുവാന്‍
തങ്ങേണം തുണയായിയെന്റെ ഹൃദയേ,വാണീമണീ,വര്‍ണ്ണമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

നിത്യം കൃത്യതയോടു വന്നു വിവിധം ശ്ലോകങ്ങളീമട്ടില്‍ നല്‍-
വൃത്തം ചേര്‍ത്തു രചിക്കുവാന്‍ വരികളെന്‍ ഹൃത്തില്‍ തെളിഞ്ഞീടണം
മെത്തും ഭൂഷകള്‍ മിന്നിടും തവ വരം ചേരും വരംഭാഷയില്‍
മുത്തായ് ഞാനവ ചാര്‍ത്തിടാമതിനെനിക്കേകൂ വരം, ശാരദേ.
ശാര്‍ദ്ദൂലവിക്രീഡിതം.

നീയിന്നെന്നുടെ മുന്നില്‍ വന്നിതുവിധം ഗാനം പൊഴിക്കും വിധൌ
തേനൂറും സ്വരരാഗമിന്നു നിറവില്‍ കേള്‍ക്കുന്നു ഞാന്‍ ഹൃദ്യമായ്
നൂനം നീയിതുപോലെ തന്നെ മധുരം ഗാനം പൊഴിച്ചീടുകില്‍
മൌനം പൂണ്ടു മയങ്ങിടും കുയിലുകള്‍, സന്ദേഹമില്ലെന്‍ സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം.

നേരേ നോക്കിനടക്കണം,കുഴികളില്‍ വീഴാതെ സംബുദ്ധിയായ്
പാരില്‍ ക്രൂരരനേകമാണു കുഴിയില്‍ വീഴ്ത്താന്‍ ശ്രമിക്കുന്നവര്‍
ഓരാതേയൊരു നാളു വന്‍‌ചതിയതില്‍ പെട്ടാലുടന്‍ വന്നിടും
തീരാദുഃഖമതോര്‍ക്കണം,ക്ഷിതിയില്‍ നിന്‍ രക്ഷക്കു നീ മാത്രമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

“മുക്കാംപണ്ടമടിച്ചെടുത്തു പണയം വെക്കാം,പണം കൊണ്ടു കേസ്
മുക്കാം പിന്നെ നടന്നിടാം ഗമയിലീ നാട്ടില്‍ പണക്കാരനായ്
മുക്കാല്‍ക്കാശിനു പാങ്ങുമില്ല“യിവിധം ചിന്തിച്ചു മക്കായവന്‍
മുക്കില്‍ പാത്തുനടന്നു മുക്കുവഹകള്‍ മുക്കുന്നു,പോക്കാണിവന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

മേലേ മെല്ലെയുയര്‍ന്നിടും മഴമുകില്‍ക്കാറിന്റെ വര്‍ണ്ണം മറ-
ഞ്ഞാലും ഖേദമെനിക്കു തെല്ലുമിനിയും തോന്നില്ല ഹൃത്തില്‍ സഖേ
നീലക്കാര്‍മുകില്‍‌വര്‍ണ്ണനെന്റെ ഹൃദയേ വാഴുന്നു സുസ്മേരനായ്
ചേലാര്‍ന്നാ വരവര്‍ണ്ണമെന്റെ നിനവില്‍ പാടേ പടര്‍ന്നില്ലയോ !
ശാര്‍ദ്ദൂലവിക്രീഡിതം.

ലീലാലോലമലഞ്ഞലഞ്ഞു മലരില്‍ പൂന്തേന്‍ തിരഞ്ഞങ്ങനേ
കാലങ്ങള്‍ ചെലവാക്കിടുന്ന മധുപാ, ദൂരേ വനിക്കുള്ളിലെന്‍
നീലാപാംഗ ലസിച്ചിടുന്നവളൊടെന്‍ സന്ദേശമോതീടുകില്‍
ചേലാര്‍ന്നുള്ള മരന്ദമുള്ളില്‍ നിറയും പൂക്കള്‍ നിനക്കേകിടാം
ശാര്‍ദ്ദൂലവിക്രീഡിതം.

വാക്കാം പൂക്കള്‍ നിരത്തിവെച്ചു നലമാമോണക്കളം പോലവേ
ഇക്കാണായ തരത്തിലിത്ര നിറവായ് ശ്ലോകക്കളം തീര്‍ത്തു ഞാന്‍
വെക്കം വന്നിവ കാണുവാന്‍,തനിമയോടൊന്നാസ്വദിച്ചീടുവാന്‍
തക്കം പാര്‍ത്തിവിടെത്തു നീ,കവിതതന്‍ പൂക്കാലമായീ സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം.

വാക്കിന്നര്‍ത്ഥമനേകമാണു,കരുതാതെന്നോടു നേരിട്ടു നീ
വക്കാണത്തിനടുത്തിടുന്നതു മഹാകഷ്ടം ക്ഷമിക്കില്ല ഞാന്‍
നോക്കൂ,നീയൊരു പത്തുവട്ടമിനിമേല്‍ മാപ്പിന്നപേക്ഷിക്കിലും
കേള്‍ക്കില്ലാവകയൊന്നുമേ, ക്ഷതമെനിക്കല്ലെന്നതോര്‍ക്കില്ല നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

ശ്രീ ചേര്‍ന്നുള്ളൊരു രൂപമാര്‍ന്ന ഭഗവാന്‍ വാഴുന്നിടത്തെത്തി ഞാന്‍
ശ്രീപാദങ്ങളിലര്‍ഘ്യമായി കവിതാമുത്തുക്കള്‍ ചാര്‍ത്തീടവേ
ശ്രീയേറുന്നൊരു മുത്തു താഴെയറിയാതെങ്ങോ പതിച്ചെങ്കിലും
ശ്രീമാതാവതു കണ്ടെടുത്തു മുടിയില്‍ ചാര്‍ത്തീ ശിരോഭൂഷയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

സത്തായുത്തമരൊത്തുകൂടിവിവിധം ശ്ലോകങ്ങളാമോദമായ്
ഉത്തുംഗോത്തമവൃത്തശുദ്ധിസഹിതം ചൊല്ലുന്നൊരീവേദിയില്‍
നിത്യം വന്നവ കേള്‍ക്കുവാന്‍,രസമിയന്നൊന്നാസ്വദിച്ചീടുവാന്‍
എത്തുംനേരമെനിക്കു ഹൃത്തിലുളവാമാനന്ദമെന്തോതുവാന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം.

ഹൃദ്യം ശ്ലോകസഹസ്രമായി,യിനി ഞാനീയക്ഷരശ്ലോകമാം
ഉദ്യാനത്തിലിരുന്നിടുന്ന സമയം കാണുന്നൊരീ പൂക്കളില്‍
നിത്യം വന്നു രസം നുകര്‍ന്നു മറയും ഭൃംഗങ്ങളേ,നിങ്ങളെന്‍
ഹൃത്തില്‍ നല്ലൊരു രാഗമേകി,യതിനായ് നന്ദിപ്പു ഞാന്‍ നിങ്ങളേ .
ശാര്‍ദ്ദൂലവിക്രീഡിതം.

നേരാ,നേരായിരുന്നാ നിരയിലൊരു വരം തേടി ഞാന്‍ നിന്നിരുന്നൂ
നേരേ കാണാതെ നിന്നോടഴലുകളുരുവിട്ടെന്നൊരാശ്വാസമോടേ
നേരം ധാരാളമായിട്ടൊരുവിധമടിയന്‍ വീട്ടിലങ്ങെത്തിയപ്പോള്‍
നേരേ താന്‍ കണ്ടുവല്ലോ,കരുണയൊടിവനില്‍ നീ ചൊരിഞ്ഞുള്ള ഭാഗ്യം
സ്രഗ്ദ്ധര.


വെച്ചിട്ടുണ്ടെന്റെ ഹൃത്തില്‍ നിറവൊടു മികവാം സ്തോത്രപാദങ്ങള്‍ ഭംഗ്യാ
മെച്ചത്തില്‍ ചൊല്ലുവാനായ് തവതിരുനടയില്‍ വന്നിടും നേരമമ്മേ
ഇച്ഛക്കിന്നൊത്തവണ്ണം മമ പദഗതി വന്‍ദൈന്യമായെന്നതാലേ
കൃച്ഛത്തോടിങ്ങിരിപ്പൂ, പദഗതി സുഖമായ് വന്നിടില്‍ വന്നുചൊല്ലും.
സ്രഗ്ദ്ധര.
*******************************************************************

Saturday, September 24, 2011

ശ്ലോകമാധുരി.37

ശ്ലോകമാധുരി.37
‘ഭാസ്സില്‍ രമിക്കുന്നവര്‍ ഭാരതീയര്‍‘
ഘോഷിച്ചു സര്‍വ്വജ്ഞരിതേ പ്രകാരം
ഭോഷ്കെന്നു നണ്ണേണ്ട,സുഭദ്രമായ
ഭാഷ്യം,സ്മരിക്കാമഭിമാനപൂര്‍വം.
ഇന്ദ്രവജ്ര.

ചാപല്യമോടെ പലനാളു കഴിഞ്ഞു മന്നില്‍
ഊന്നാനെടുത്തു വടിയൊന്നവനന്ത്യകാലേ
എന്നാല്‍ ഭവന്റെ തിരുചേവടിയാണു മോക്ഷം
നല്‍കുന്നൊരൂന്നുവടി,തേടതു ഭക്തിയോടേ.
വസന്തതിലകം.


താളത്തൊടു നീയൊരു പാട്ടുപാടൂ
നീലക്കുയിലേ വരുകെന്റെ ചാരേ
ക്ഷീണിച്ചിവിടേ കഴിയുന്നു ഞാനും
നീ പാടുകില്‍ ഞാനതു കേട്ടുറങ്ങും.
ഉപസ്ഥിത.


ശോകം വരുംപൊഴുതെനിക്കൊരു ശാന്തിനല്‍കാന്‍
വേഗം വരൂ,കരുണയോടഗജാത്മജാ നീ
അന്‍പോടെ തുമ്പിയൊരുമാത്രയുയര്‍ത്തിയെന്നില്‍
സം‌പ്രീതനായി വരമേകണമേ,ഗണേശാ.
വസന്തതിലകം.

ഹരപുരമമരും ത്രൈലോക്യനാഥാ, മഹേശാ
ദുരിതശമനമേകും നല്‍‌വരം നല്‍ക,ശംഭോ
തിരുവടിമലര്‍ തന്നേയാശ്രയം മാലകറ്റാന്‍
പരിചൊടു,പരമേശാ,പാദപത്മം തൊഴുന്നേന്‍.
മാലിനി.


ഇമ്പംചേര്‍ന്ന പദങ്ങളാല്‍ കവിതകള്‍,ശ്ലോകങ്ങളാമൊക്കെയും
തുമ്പംവിട്ടു രചിക്കുവാന്‍ കഴിവെനിക്കേകേണമേ,ശാരദേ
മുന്‍പില്‍ ഞാനവ വെച്ചിടാം നിറവെഴും പാദത്തിലര്‍ഘ്യങ്ങളായ്
അംബേ,അക്ഷരരൂപിണീ കനിവൊടേ തന്നീടു വാഗ്‌വൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം.


കെട്ടിപ്പൂട്ടിയെടുത്തു ഞാന്‍ കവിതയേ,യങ്ങേക്കരേയ്‌ക്കിട്ടു ഞാന്‍
വീട്ടില്‍ വന്നുസുഖിച്ചിരുന്ന സമയത്തെത്തീ തിരിച്ചിന്നവള്‍
ഒട്ടേറെക്കഷണിച്ചു ഞാനവളെയെന്‍ ഹൃത്തീന്നകറ്റാന്‍,ശ്രമം
പൊട്ടിപ്പോയി,ലസിച്ചിടെന്റെ കവിതേ,യിമ്മട്ടിലെന്‍ ഹൃത്തില്‍ നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

‘ദേഹം ദേഹിയെ വേര്‍പെടുന്ന സമയത്തെന്‍ ചാരെയാശ്വാസമായ്
ആരും വന്നിടു‘മെന്നു നീ കരുതുകില്‍ നേരാവുകില്ലാ ദൃഢം
പാരില്‍ ബന്ധമതൊക്കെ ബന്ധനമതായ് കാണുന്നു ബന്ധുക്കള്‍,നീ
ആപത്ബാന്ധവപാദപത്മഭജനം ചെയ്തീടു,ഭക്ത്യാദരം.
ശാര്‍ദ്ദൂലവിക്രീഡിതം.


പങ്കം തന്നില്‍ മദിച്ചിടുന്ന കിടികള്‍ക്കെന്താണു പത്ഥ്യം സഖേ
ശങ്കിക്കേണ്ട,പറഞ്ഞുവെങ്കിലതില്‍ വന്‍പാപം നിനക്കില്ലെടോ
തങ്കം,സ്വര്‍ണ്ണവിഭൂഷകള്‍‍,മരതകം, മുത്തും കൊടുത്തീടെടൊ
വങ്കന്‍ പന്നി രമിപ്പതാ ചെളിയിലാം,വര്‍ഗ്ഗസ്വഭാവം സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം.

പണ്ടെങ്ങാണ്ടൊരു നാലുപാദമിവിടെക്കോറീ,മറന്നിട്ടു ഞാന്‍
മിണ്ടാതവ്വിധമങ്ങിരുന്നു,കവിതാപാദങ്ങള്‍ തീര്‍ക്കാതെ,ഹാ
വീണ്ടും ഞാനിവിടേയ്ക്കു വന്നതിവിടം കാണാന്‍,കുറിക്കാന്‍ സ്വയം
വേണ്ടും വണ്ണമതിന്നൊരാശയമുടന്‍ കിട്ടാന്‍ കൊതിച്ചീവിധം.
ശാര്‍ദ്ദൂലവിക്രീഡിതം.

മാറില്‍ ചേര്‍ത്തുപിടിച്ചു കണ്ണനു മുലപ്പാലേകി,ജീവന്‍ ത്യജി-
ക്കാറായ് വന്നളവന്നു ദീനമലറിക്കാറീ”മതീ,യ്യോ,മതീ”
‘സംസാരത്തിലെ ബന്ധനം മതിമതീ‘ന്നെന്നര്‍ത്ഥമാക്കീട്ടവന്‍
കംസാരീ,ഹരിയന്നവള്‍ക്കു ഗതിയായേകീ വരം മോക്ഷദം.
ശാര്‍ദ്ദൂലവിക്രീഡിതം.

അത്യന്തം ഭക്തിയോടീ തിരുനടയടിയന്‍ തേടിയെത്തീ,ഭവാനീ
നിത്യം നിന്‍പൂജ ചെയ്‌വാനതിലിവനുടനുണ്ടാകുമീയാത്മഹര്‍ഷം
കൃത്യംചൊല്ലാവതല്ലാ,മനമതിലുളവാകുന്നൊരാ ഭാവമെല്ലാം
സത്യം നിന്‍ മായതന്നെന്നിവനതു ദൃഢമായാത്മനാ,ലോകമാതേ.
സ്രഗ്ദ്ധര.
*******************************************************************

Wednesday, September 21, 2011

ശ്ലോകമാധുരി.36

ശ്ലോകമാധുരി.36

ഹൃത്തില്‍ വന്നൊരു വാക്കുകള്‍ കൊരു-
ത്തിത്ഥം മുത്തണിമാല്യമാക്കി ഞാന്‍
കെള്‍പ്പേറും തവപൂജചെയ്തു നിന്‍-
തൃപ്പാദത്തിലലങ്കരിക്കുവാന്‍.
ശുദ്ധവിരാള്‍.


കൃപയോടിനിയൊന്നു വന്നിവ-
ന്റുപതാപങ്ങളൊഴിക്കുകംബികേ
കരുണാമയി നീയെനിക്കു നല്‍-
വരമേകൂ,തുണയേകു സന്തതം.
വിയോഗിനി.


ചെറ്റത്തരം കാട്ടി മറിഞ്ഞു മണ്ണില്‍
പറ്റിപ്പിടിച്ചങ്ങു കിടന്നിടേണ്ടാ
കൊറ്റൊന്നുമില്ലാതെ വലഞ്ഞു മക്കള്‍
വീട്ടില്‍ കിടപ്പാണതു കാണ്‍ക,കഷ്ടം.
ഇന്ദ്രവജ്ര.

അഹന്ത ഹന്തവ്യമതാണു മണ്ണില്‍
മഹിക്കു വേണ്ടുന്നതു മൈത്രി മാത്രം
ഇഹത്തില്‍ വാഴുന്നൊരു നാളിലെല്ലാം
മഹത്തമസ്നേഹമുണര്‍ത്തു നമ്മള്‍.
ഉപേന്ദ്രവജ്ര.

ഒരിക്കല്‍ നീയെന്നുടെ കാതില്‍ മെല്ലേ
ഉരച്ച കാര്യം മധുരം മരന്ദം
തിരിച്ചു ഞാന്‍ ചൊല്ലിയ വാക്കു കേള്‍ക്കേ
ചിരിച്ചു നീ നിന്നതിനെന്തു ചന്തം!.
ഉപേന്ദ്രവജ്ര.


കടുത്ത വാക്കുകളുരച്ചു നീയിനി-
യെടുത്തിടേണ്ടൊരു മികച്ച കാര്യവും
മനസ്സിലാക്കുക,മൃദുത്വവാണികള്‍
നിനച്ചുരയ്ക്കുക,നിനക്കു നന്മയാം.
സുമംഗല.

കനകകാന്തി തെളിഞ്ഞു വിളങ്ങിയീ-
വനികതന്നില്‍ സുമങ്ങള്‍ വിരിഞ്ഞിതാ
അവനി തന്നിലിവന്നിവ നല്‍കിടു-
ന്നമിതസൌഖ്യമമേയമമോഘമായ്.
ദ്രുതവിളംബിതം.


ഈണം മറന്നു പടുപാട്ടുകള്‍ പാടുവാനായ്
നാണം നിനക്കു ലവലേശവുമില്ലെ ചൊല്ലൂ
വേണം നിനക്കു പരിശീലനമൊന്നു പാടാന്‍
ക്ഷീണം വരാതെയതിനായുക,യെന്റെ കാക്കേ.
വസന്തതിലകം.

ഉണ്ണിക്കരത്തില്‍ നറുവെണ്ണയെടുത്തു മെല്ലേ
ഉണ്ണാന്‍ വരുന്ന സഹജര്‍ക്കു കൊടുത്തു കൈയില്‍
കണ്ണന്‍ നടത്തുമൊരു ലീലയിതെത്ര രമ്യം
കണ്ണില്‍ നിറഞ്ഞ നിറനിര്‍വൃതിയെത്ര ഹൃദ്യം!
വസന്തതിലകം.

ഉണ്ടോ,നിനക്കു ചില തോന്നല്‍ പെരുത്തു ഹൃത്തില്‍
വണ്ടേ,കറുത്തനിറമാണഴകാര്‍ക്കുമാര്‍ക്കും
മണ്ടാ,വിയത്തില്‍ വിരിയുന്നൊരു ചന്ദ്രലേഖ-
യ്ക്കുണ്ടാവുമോ നിറവു,നീലനിറം നിറഞ്ഞാല്‍?
വസന്തതിലകം.


എണ്ണാം നിനക്കു,ഭുവനം വനമാണു ചിത്രം
കണ്ണില്‍പ്പെടുന്ന ചില സത്യമതും വിചിത്രം
വിണ്ണില്‍ വിളങ്ങുമൊരു ശക്തിയതല്ല ദൈവം
മണ്ണില്‍ വരം സഹജമൈത്രി,യതാണു ദൈവം.
വസന്തതിലകം


കാരാഗൃഹത്തില്‍ ജനനം ബഹുകേമ,മെന്നാല്‍
കാട്ടുന്നതൊക്കെ വികൃതിത്തരമാണു കഷ്ടം
കണ്ണാ,നിനക്കു തിരികേ തടവില്‍ കിടക്കാ-
നുണ്ടോ ഹൃദത്തില്‍ വലുതാം കൊതി,യൊന്നു ചൊല്ലൂ.
വസന്തതിലകം.

ജോലിക്കുവേണ്ടിയൊരുവന്‍ പല വാതില്‍ തെണ്ടി-
വേലത്തരത്തിലലയുന്നതു കാണ്‍ക നിങ്ങള്‍
മേലൊക്കെ മണ്ണു പുരളാത്തൊരു വേല‍,വന്‍‌ കൈ-
ക്കൂലിക്കു സാദ്ധ്യത പെരുത്തൊരു ജോലി വേണം
വസന്തതിലകം.


ഞെട്ടറ്റു മണ്ണടിയുമെന്നൊരു സത്യമോര്‍ത്തി-
ട്ടൊട്ടൊട്ടു നന്മയപരര്‍ക്കിനി നല്‍ക,പൂവേ
ഒട്ടേറെയുണ്മയിതുപോലെ ജഗത്തിലുണ്ടെ-
ന്നൊട്ടൊന്നുറച്ചിടുകില്‍ നന്മ നിനക്കുമുണ്ടാം.
വസന്തതിലകം.

തൂവെണ്ണിലാവു പടരുന്നവനീതലത്തില്‍
നീലാരവിന്ദമെതിനോ മിഴിപൂട്ടി നിന്നൂ
മേലേ വിടര്‍ന്ന ശശിബിംബമതിന്റെ ശോഭ
ചാലേ കവര്‍ന്നിടരുതെന്നു നിനച്ചതാവാം.
വസന്തതിലകം.


നീളേ തെളിഞ്ഞ വരതാരകമൊക്കെ വിണ്ണില്‍
മേളിച്ചിടുന്നു നിറദീപകണം കണക്കേ
ഓളത്തിലീ ദൃശമുണര്‍ത്തിടുമാത്മകര്‍ഷ-
മാളിച്ചിടും വിരഹവേദനയെന്റെയുള്ളില്‍.
വസന്തതിലകം.

നീഹാരശീകരസമം ചില മുത്തുകള്‍ ഞാന്‍
മോഹിച്ചെടുത്തു നിറമുത്തണി മാലയാക്കി
ആഹാ! നിനക്കതണിയാനുടനേകുവാന്‍ ഞാന്‍
ഈ ഹാരമോടെയവിടെത്തിടുമോമലാളേ.
വസന്തതിലകം.


പണ്ടേ കളഞ്ഞ ചിലകാര്യമെടുത്തു നീയീ
ശണ്ഠയ്ക്കു വന്നിടുകിലിണ്ടല്‍ നിനക്കുമുണ്ടാം
ഉണ്ടായ കാര്യമതു ചൊല്ലിയതൊക്കെ ശുദ്ധ-
മണ്ടത്തമായിയതു തന്നെ നിനച്ചു ഞാനും.
വസന്തതിലകം.


ഭാവിക്കുവേണ്ടിയൊരുവന്‍ പലവേലചെയ്തു
ഭാവിച്ചിടുന്നു ഗമ,പിന്നൊരു വിശ്രമം താന്‍
ആ വിദ്യ ചെറ്റു വിനയായി വരുന്നുവെന്നാ-
ലാവിച്ചിടും സകല ലക്ഷ്യവുമോര്‍ത്തിടേണം.
വസന്തതിലകം.

വല്ലായ്മ വന്നു പെരുകുന്നൊരു നേരമാണെ-
ന്നില്ലായ്മയൊക്കെയറിയുന്നിനിയെന്തു ചെയ്‌വാന്‍
നല്ലോരുകാലമതു ഭൂതമതായിയെന്നേ
പൊല്ലാപ്പിലാക്കിയിവനോര്‍ത്തതുമില്ല ഭവ്യം.
വസന്തതിലകം.


സദാ നീയിരിക്കെന്റെ ഹൃത്തില്‍,മഹേശാ
മുദാ നിന്റെ നാമം ജപിക്കാം,ഗിരീശാ
കദാ നിന്റെ സം‌പ്രീതിയെന്നേ തുണക്കും
തദാ യെന്റെയീ ജന്മസാഫല്യമാകും.
ഭുജംഗപ്രയാതം.


നിരന്തരം രസങ്ങളാര്‍ന്ന വാക്കുകള്‍ കൊരുത്തെടു-
ത്തുരച്ചിടുന്ന കാവ്യമൊക്കെയെത്രമേല്‍ മഹത്തരം
വരുന്നകാലമൊക്കെയിങ്ങനീവിധത്തിലുത്തരോ-
ത്തരം പടുത്വമോടെയങ്ങൊരുക്കു കാവ്യമുത്തുകള്‍ .
പഞ്ചചാമരം.

അമ്പിന്‍ ശയ്യയിലന്നു ഭീഷ്മര്‍ ശയനം ചെയ്തൂ,മുഹൂര്‍ത്തം ഗണി-
ച്ചമ്പേ,യംബ ശിഖണ്ഡിയായി പകയും വീട്ടീ രണേ തൃപ്തിയായ്
അന്‍പോടേ കുരു പാണ്ഡവര്‍ വൃണിതരായ് ചെന്നെങ്കിലും തോന്നിയി-
ല്ലമ്പല്ലാ മൃദുശയ്യയായി,ഭഗവാന്റന്‍പാണു താങ്ങായ് വരം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഈ ലോകത്തിലുരുത്തിരിഞ്ഞുവരുമാ മായങ്ങള്‍ നിസ്സംശയം
മാലേറ്റീടു,മടുത്തിടേണ്ട,ദൃഢമായ് കാണേണമീയാശയം
കാലേതന്നെയിതാണു സത്യ,മനിശം തോന്നുന്നമര്‍ത്ത്യന്‍ സ്വയം
കാലക്കേടുകള്‍ വന്നിടാതെ ഭഗവത്പാദം ഗമിക്കും നിജം.
ശാര്‍ദ്ദൂലവിക്രീഡിതം.


എന്താണിന്ദുകലയ്ക്കു ചന്തമിടിയാന്‍ ബന്ധം തിരഞ്ഞിന്നു ഞാന്‍
ചിന്തിച്ചിട്ടു തെളിഞ്ഞതില്ല ദൃഢമാം ഹേതുക്കളൊന്നും ഹൃദി
ചെന്താര്‍മാനിനി തന്റെ ചില്ലിയുഗളം കണ്ടിട്ടു തന്‍ ശോഭയില്‍
മാന്ദ്യംവന്നു ഭവിച്ചുവെന്നു കരുതുന്നുണ്ടാമതാം കാരണം.
ശാര്‍ദ്ദൂലവിക്രീഡിതം.

‘ഔപമ്യത്തിനു ചന്ദ്രനൊക്കു‘മതു കേട്ടീലോകമാകേയല-
ഞ്ഞാപത്ബാന്ധവ,നിന്റെ മുഗ്ദ്ധവദനം കാണാന്‍ കൊതിച്ചൊന്നു ഞാന്‍
അപ്പോള്‍ ചേലിലുണര്‍ന്ന നിന്റെ വദനം കണ്ടിന്ദു തോറ്റങ്ങു പോ-
യപ്പപ്പോ! കളവാരു ചൊന്ന,വനൊടും,കണ്ണാ,ക്ഷമിച്ചീടണം.
ശാര്‍ദ്ദൂലവിക്രീഡിതം.


ചിത്രം!,ചിത്രതരത്തിലെത്ര വിരുതില്‍ ചാലിച്ച വര്‍ണ്ണങ്ങളാല്‍
ഇത്രക്കുന്മദഭംഗിയോടെ മഴവില്‍ചിത്രം വരച്ചീശ്വരന്‍
ഗാത്രം കോള്‍മയിര്‍ കൊണ്ടിടുന്നിവകളാലക്ഷ്യം വരുംമാത്രയില്‍
സൂത്രം ചൊല്ലുകയല്ല, സത്യമതുതാന്‍ നോക്കങ്ങു വിണ്ണില്‍ സഖേ.
ശാര്‍ദ്ദൂലവിക്രീഡിതം.


‘ജ്യോതി‘സ്സായിയുണര്‍ന്നു നിത്യമിവിടേ നവ്യങ്ങളാം മുത്തുകള്‍
ശ്ലോകത്തില്‍ നിറശോഭയോടെ വിരിയിച്ചുത്സാഹപൂര്‍വം സ്വയം
മോദിച്ചിങ്ങു വിളങ്ങിടും ‘കവിത തന്‍ മാതേ‘ നിനക്കായി ഞാന്‍
നേദിക്കുന്നൊരു കാവ്യമൊക്കെ സദയം കൈക്കൊള്‍ക,ധന്യാത്മികേ.
ശാര്‍ദ്ദൂലവിക്രീഡിതം.


താളം തെറ്റിയ പാട്ടുപാടിയിനി നീ,യെന്‍ മുന്നില്‍ വന്നിട്ടു തീ
നാളം പോലെയിവന്റെ ഹൃത്തിനധികം താപം പകര്‍ന്നീടൊലാ
കാളം മോന്തുകില്‍ വന്നതെറ്റു ശരിയായീടില്ല,യീണത്തില്‍ നീ
ചൂളം കുത്തിയുണര്‍ത്തിടൂ സ്വരസുഖം,മൈനേ,രസിക്കട്ടെ ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


തുമ്പേ,യോണവിശേഷമൊന്നു പറയൂ, നീ കണ്ടയോണക്കളം
വമ്പാര്‍ന്നുള്ളതുതന്നെയോ മലര്‍കളാലിമ്പം പകര്‍ന്നുള്ളതോ
ഗാംഭീര്യം വരുവാന്‍ മരപ്പൊടികളില്‍ വര്‍ണ്ണം നിറച്ചുള്ളതോ
തമ്പ്രാന്‍ മാബലി കണ്ടു കണ്‍കുളിരുവാന്‍ വന്നോ,തിരിഞ്ഞോടിയോ ?
ശാര്‍ദ്ദൂലവിക്രീഡിതം.

പാറുന്നുണ്ടൊരു വര്‍ണ്ണചിത്രശലഭം പൂന്തേന്‍ നുകര്‍ന്നങ്ങനേ
ആരാമങ്ങളിലൊക്കെ ഭംഗി നിറയും പുഷ്പങ്ങള്‍ തോറും മുദാ
ഈ രമ്യാഭ കലര്‍ന്ന ദൃശ്യമിതുപോല്‍ കാണുമ്പൊള്‍ പൂമ്പാറ്റപോല്‍
ശ്ലോകം നിത്യവുമാസ്വദിപ്പവരെ,ഞാനോര്‍ക്കുന്നു, ‘ശോഭാ‘ന്വിതം.
ശാര്‍ദ്ദൂലവിക്രീഡിതം.


പെയ്യട്ടേ മഴയീവിധം തകൃതിയായ്, ഭൂമിക്കു സന്തോഷമായ്
പെയ്യട്ടേ, ഹൃദയത്തിനാത്മസുകൃതം നല്‍കുന്ന നല്‍‌വാക്കുകള്‍
പെയ്യട്ടേ, നിറവാര്‍ന്ന നന്മ പെരുകും സത്കര്‍മ്മമാമൊക്കെയും
പെയ്യട്ടേ, നിറയട്ടെയിന്നുലകിലീ സൌഭാഗ്യസംവൃത്തികള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


മദ്ദേഹം വരഭംഗിയാര്‍ന്നു നിറവില്‍ തന്നൂ ഭവാന്‍ തുഷ്ടനായ്
ഇദ്ദേഹത്തിലൊരുക്കിവെച്ചു കരുണക്കാസ്ഥാനമായ് ഹൃത്തടം
ചിദ്രൂപം സ്ഥിതഭക്തിയോടെയവിടെ സ്ഥാപിച്ചു ഞാനീവിധം
സദ്യോഗത്തില്‍ നടന്നിടുന്നു ഭഗവച്ചൈതന്യസംവാദിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

“വിണ്ണില്‍ നിന്നുതിരുന്നൊരീ സലിലബിന്ദുക്കള്‍ ചുടുന്നെന്നെ,നീ
കണ്ണാ,വന്നിടു വേഗ”മെന്നു പറയുന്നാ രാധ ദുഃഖാര്‍ത്തയായ്
ഇന്നീ മാലിലുലഞ്ഞു തപ്തഹൃദയം വിങ്ങുന്നതെന്തേ,കടല്‍-
വര്‍ണ്ണന്‍ വന്നു തലോടിയില്ല,യവനാ കണ്ണന്‍ മഹാശീമ താന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ആശാപാശം വലച്ചിട്ടൊരുവനവനിയില്‍ തൃപ്തിയാകാതെ നിത്യം
വേഷം,ഭൂഷാദി സൌഖ്യം സകലവിധമുടന്‍ ലഭ്യമാക്കാനുഴയ്ക്കും
മോശം കര്‍മ്മങ്ങള്‍ ചെയ്തിട്ടതിലൊരു വിഷമം തോന്നിടാതന്ത്യമാകേ
ഈശന്‍പാദം നമിക്കാനലയുവതെതിനോ ശാപമായീ ശരിക്കും.
സ്രഗ്ദ്ധര..
***************************************************************

Sunday, September 11, 2011

ശ്ലോകമാധുരി.35

ശ്ലോകമാധുരി.35 .

അലക്ഷ്യമാലക്ഷ്യമതായ് വരുമ്പോള്‍
അരക്ഷണം കൊണ്ടതു തീര്‍ത്തിടേണം
പരീക്ഷണം ചെയ്തു വിലക്ഷമാക്കില്‍
സമീക്ഷ ചെല്ലുന്നവലക്ഷണത്തില്‍.
ഉപേന്ദ്രവജ്ര.


ഗണേശ്വരാ,നിന്നുടെ മുന്നില്‍ ഞാനി-
ന്നുടച്ചിടുന്നീയൊരു നാളികേരം
കടുത്തവിഘ്നങ്ങളവിഘ്നമായ് നീ
ഉടച്ചിടേണം സകലം,തൊഴുന്നേന്‍.
ഉപേന്ദ്രവജ്ര.

ഇല്ലെന്നുചൊല്ലി മടിയോടുടനോടിടേണ്ടാ
മെല്ലേ തുറക്കു മധുരാധരമെന്റെ തോഴീ
നല്ലീണമോടെ ലയതാളമൊടൊത്തു നീയ-
ങ്ങുല്ലാസമായിയൊരു രാഗമുണര്‍ന്നു പാടൂ.
വസന്തതിലകം.

മിണ്ടാതെ വന്നിവിടെയൊന്നിരിയെന്റെ വണ്ടേ
മണ്ടത്തമൊന്നുമുടനാടുകവേണ്ട വീണ്ടും
ചെണ്ടായചെണ്ടുകളിലൊക്കെ നടന്നു പൂന്തേന്‍
തെണ്ടുന്ന നിന്റെ ഗതി തന്നെ നിനക്കു നല്ലൂ.
വസന്തതിലകം.


മുത്തൊക്കെ വാനില്‍ വിതറുന്നൊരു ചന്ദ്രലേഖേ
മുറ്റത്തു നീയിവിധമെന്തിനു പാലൊഴുക്കീ
തെറ്റെന്നു തെറ്റിവനു ബോദ്ധ്യവുമായ്,നിലാവാ-
ണിറ്റിറ്റു വീഴുവതുചുറ്റു,മതെത്ര രമ്യം.
വസന്തതിലകം.

വറ്റും യവാഗുവതില്‍ നിന്നുടനെന്റെ കൈയാല്‍
വറ്റൂറ്റിവെച്ചതു നിനക്കു തരുന്നു മോദാല്‍
പറ്റില്ലയെന്നു പറയേണ്ട,യെനിക്കു നിന്റെ
വറ്റാത്തൊരാ കരുണ നല്‍കണമേ,ഗണേശാ.
വസന്തതിലകം.


ഗണപതിയൊടു പണ്ടാ വേലവന്‍ ശണ്ഠകൂടീ
പഴനിമലയിലേറീട്ടാണ്ടിതന്‍ കോലമായി
ഗുണമതിലവനുണ്ടായവ്വയാര്‍,‘ജ്ഞാനമാകും
പഴ‘മവനവനേതാനെന്നു പാടാന്‍ തുടങ്ങീ.
മാലിനി.

അത്തം തൊട്ടൊരു പത്തു നാളു വിവിധം പൂക്കള്‍വിരിച്ചിങ്ങനേ
ചിത്രം പോലെ ചമച്ച പൂക്കളമിതാ നില്‍ക്കുന്നു വര്‍ണ്ണാഭമായ്
മൊത്തം വര്‍ഷവുമീവിധം സുരഭിലം, വര്‍ണ്ണോജ്ജ്വലം വന്നിടാന്‍
അത്യാമോദമെവര്‍ക്കുമിന്നിവനിതാ നേരുന്നിതാശംസകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


ഉണ്ടാവേണമടുത്തുതന്നെയിതുപോല്‍ വണ്ടേ,മുരണ്ടിന്നു നീ
ഉണ്ടാക്കേണമെനിക്കു ഹൃദ്യതരമാം രാഗങ്ങളാമോദമായ്
മിണ്ടാതിങ്ങനിരുന്നിടേണ്ട,ചൊടിയായ് പൊങ്ങിപ്പറന്നുല്ലസി-
ച്ചിണ്ടല്‍ തീര്‍ത്തു മനസ്സില്‍ വന്ന ലയമോടാരാഗവിസ്താരമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഓരോ കാര്യമടുത്തിടുന്നസമയത്തുണ്ടായിടും കൂട്ടുകാര്‍
ഓരോ കാരണമോതിടും,പിരിയു,മന്നേരം വിഷാദം വരും
നേരേ ഹൃത്തിലുണര്‍ന്നൊരാദരവിവര്‍ക്കില്ലാ,സ്വയം കൃത്യമായ്-
കാര്യം കാണുവതിന്നു വന്ന ചിലരെന്നോര്‍ത്താല്‍ വരും സൌഖ്യവും.
ശാര്‍ദ്ദൂലവിക്രീഡിതം.


കത്തും കണ്ണിലനംഗനാ ഗതികൊടുത്തിട്ടങ്ങു സന്തുഷ്ടനായ്
മെത്തും കാന്തി തിളങ്ങിടും ഗിരിജതന്‍ കൈയും പിടിച്ചില്ലയോ
ചിത്രം താന്‍ തവവൈഭവം,പിഴയതായ് നിന്‍മക്കള്‍ വൈരൂപ്യമാര്‍-
ന്നെത്തീയൊന്നു ഗജാനന,ന്നപരനോ ഷഡ്ശീര്‍ഷ,നെന്തോതുവാന്‍ !.
ശാര്‍ദ്ദൂലവിക്രീഡിതം.


തുമ്പേ,വന്നിടുകെന്റെയീ തൊടികളില്‍ നന്നായ് വിടര്‍ത്തീടു നീ
തുമ്പം തീര്‍ത്തിടുമാ സ്മിതം മലര്‍കളാല്‍ മെല്ലേ ലസിച്ചങ്ങനേ
വന്‍പേറും പലപൂക്കളും തൊടിയിലുണ്ടെന്നാലുമില്ലാ മലര്‍-
ത്തുമ്പാല്‍ നീ തരുമാത്മഹര്‍ഷമതിനായെന്നും കൊതിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

നാണിക്കേണ്ട,കടന്നുവന്നിടു,നമുക്കോണക്കളം തീര്‍ക്കുവാന്‍
വേണം നിന്നുടെപൂക്കളൊത്തു നിറവാം പത്രങ്ങളും മോടിയില്‍
ഓണത്തുമ്പികളോടിയോടിവരവാ‍യാഘോഷമായ് പൂക്കളം
കാണാന്‍,പിന്നെ നിനക്കു മുത്തമിടുവാന്‍, തുമ്പേ,യുണര്‍ന്നെത്തു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

നീലാംഭോധി കടഞ്ഞെടുത്ത മണിമുത്തെല്ലാ‍മെടുത്താരിതീ-
നീലാകാശനിചോളമിത്ര മികവായാരമ്യമാക്കീ സ്വയം
ചാലേ നോക്കുകയിന്ദുലേഖയതിലേ യ്ക്കെത്തുന്നുറക്കത്തിനായ്
മേലേയീദൃശമൊന്നു കാണ്‍കിലെവനും ചിത്തം മദിച്ചാര്‍ത്തിടും.
ശാര്‍ദ്ദൂലവിക്രീഡിതം.


പറ്റില്ലെന്നു പറഞ്ഞിടേണ്ട,മുഴുവന്‍ പറ്റാണു,നീയിപ്പൊഴും
പറ്റിക്കാനിതു ചൊല്ലുമെന്നറിവു ഞാന്‍, കിട്ടില്ല പറ്റൊട്ടുമേ
പറ്റിക്കാനിനി വന്നിടില്‍ വടിയെടുത്താഞ്ഞൊന്നു പറ്റിച്ചിടും
പറ്റും നോക്കി വരേണ്ടതില്ല,യിനിയും പറ്റില്ല പറ്റിപ്പുകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

വമ്പാര്‍ന്നുള്ളൊരു തുമ്പിയും കലശവും പാശാങ്കുശം,മോദകം
ലംബം വീര്‍ത്തൊരു കുമ്പയും വിനകളേ മാറ്റുന്നൊരാ ദന്തവും
മുമ്പില്‍ വന്നു വിളങ്ങിടുന്നു നിറവില്‍,നിന്നേ വണങ്ങുന്നു ഞാന്‍
ജംഭാരിപ്രമുഖാര്‍ച്ചിതാ,ശിവസുതാ, മാം പാഹി,വിഘ്നേശ്വരാ.
ശാര്‍ദ്ദൂലവിക്രീഡിതം.


വാണീ,യെന്നുമുയര്‍ത്തിടുന്ന വരമാമീണങ്ങളില്‍ മിന്നി നീ
ചേണാര്‍ന്നെന്നിലുണര്‍ത്തിടുന്ന കവിതാപാദങ്ങള്‍ ഗാനങ്ങളായ്
വീണാതന്ത്രികള്‍ മീട്ടിടുന്ന സമയത്താഗാനമോരോന്നുണര്‍-
ന്നോണത്തുമ്പികള്‍ പാറിടുന്ന നിറവില്‍ പാറുന്നിതാരമ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

വെയ്ക്കാം നിന്നുടെ മുന്നിലീ ദുരിതവും ദുഃഖങ്ങളും കാഴ്ചയായ്
വെയ്ക്കാന്‍ വേറിവനൊന്നുമില്ല ശിവനേ, യര്‍ഘ്യങ്ങളായ് സ്പഷ്ടമായ്
വെയ്ക്കാനിന്നിവനാഗ്രഹം നിറവെഴും കാവ്യങ്ങള്‍ കാണിക്കയായ്
വൈക്കം വാണിടുമപ്പനേ,യിവനെ നീ കാത്തീടണം തുഷ്ടനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.


സത്യം,ശ്ലോകമെഴുത്തിനായി സമയം കിട്ടുന്നപോലൊക്കെ ഞാ-
നെത്താറുണ്ടു സഖേ,കുറിച്ചിടുവതിന്നീ വേദിയില്‍ നിത്യവും
എന്നാലോര്‍ക്കണ,മോര്‍ത്തിടാതെ വരുമാ വിഘ്നങ്ങളില്‍ തട്ടി ഞാ-
നൊട്ടൊട്ടാകെ വലഞ്ഞിടുന്ന സമയത്തെത്താനിവന്നൊത്തിടാ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചുറ്റും മഞ്ഞാണു,ചുറ്റാനൊരുവൃഷ,മവനോടൊത്തുഭൂതങ്ങള്‍ നിത്യം
ചുറ്റും ഹുങ്കോടെ വന്നിട്ടടിമലര്‍ പണിയുന്നെത്ര ചിത്രം വിചിത്രം !
ചുറ്റും നാഗം കഴുത്തില്‍,തെളിവൊടു ജടയില്‍ ചന്ദ്രബിംബം,പദത്തില്‍
ചുറ്റുന്നോര്‍ക്കാത്മപുണ്യം തരുമൊരുവരരൂപം ശിവം, കൈതൊഴുന്നേന്‍.
സ്രഗ്ദ്ധര.


ചെന്താര്‍മാതിന്റെ കാന്തിയ്‌ക്കുടവുടനിടയാക്കുന്നൊരീ ചന്തമോടെന്‍
മുന്നില്‍ നീ വന്നുനില്‍ക്കേ പെരിയൊരു സുഖമാണെന്‍ ഹൃദന്തത്തില്‍,നാഥേ
മന്ദം നിന്‍ മുദ്ധഹാസം നിശയിലെനിലവാമാനിലാവിന്റെ ചേലില്‍
സന്താപം മാറ്റിയെന്നില്‍,മതിമുഖിയതിനാലെന്തു സൌഭാഗ്യവാന്‍ ഞാന്‍ ! .
സ്രഗ്ദ്ധര.

സുബ്രഹ്മണ്യന്റെ ചേട്ടന്‍,സുരനിര നിരതം വാഴ്ത്തിടും ശ്രീഗണേശന്‍
ഇബ്രഹ്മാണ്ഡത്തില്‍ വിഘ്നം വരുവതു തടയാനൂറ്റമേറുന്നൊരീശന്‍
തുമ്പത്തില്‍ വീണിടുമ്പോളടിയനു തുണയായെത്തിരക്ഷിച്ചിടുന്നോന്‍
തുമ്പിക്കൈകണ്ടു കൂപ്പാന്‍,തവപദമണയാന്‍ നല്‍‌വരം തന്നിടേണം.
സ്രഗ്ദ്ധര.
***********************************************************************

Sunday, September 4, 2011

ശ്ലോകമാധുരി. 34

ശ്ലോകമാധുരി 34 .

അറിയാതെ വരുന്നതെറ്റുതീര്‍-
ത്തറിവും മേന്മയുമേകിടുന്നൊരാള്‍
അവനാണു നമുക്കു മിത്രമായ്
ഭുവനേ,നന്ദിയൊടൊര്‍ത്തിടെപ്പൊഴും.
വിയോഗിനി.


നല്ലനാളുകളെയോര്‍ത്തിതേവിധം
തെല്ലു ശോകമിയലുന്നതെന്തിനായ്
അല്ലലൊക്കെയൊഴിവാക്കിയാര്‍ത്തു വ-
ന്നുല്ലസിക്ക മതിയാം വരേയ്ക്കു നാം
രഥോദ്ധത.

കിശോരനായീവിധമെത്രമാത്രം
വിശേഷമായിക്കളിയാടി,കണ്ണാ
വിശന്നുവെന്നാലുടനേകിടാം ഞാന്‍
വിശുദ്ധമാമീ നറുവെണ്ണയുണ്ണാന്‍.
ഉപേന്ദ്രവജ്ര.

കുലച്ചവില്ലോടെയടുത്തു പാര്‍ത്ഥന്‍
തൊടുത്തുവിട്ടൂ ശരമേറ്റു ഘോണീ
എടുത്തിടാനായിയടുത്തനേരം
തടുത്തു ഭര്‍ഗ്ഗന്‍ വിജയന്റെ മാര്‍ഗ്ഗം.
ഉപേന്ദ്രവജ്ര.


എനിക്കു നീ നല്‍കിയ മുത്തമെല്ലാം
കൊരുത്തു ഞാനിന്നൊരു മാലതീര്‍ത്തൂ
ആ മാലതന്‍ മുത്തുകളില്‍ തിളങ്ങു-
ന്നാരോമലേ നിന്നുടെ മുഗ്ദ്ധഹാസം.
ഉപജാതി.

വിധിയൊക്കെ വിധിച്ചിടാമൊടുക്കം
വിധിയേ മാറ്റിമറിച്ചിടാനെളുപ്പം
വധശിക്ഷ നടത്തിടാതെ വെക്കം
വിധിനീട്ടാന്‍ വിധിയായതും വിചിത്രം
വസന്തമാലിക.


ഒപ്പന കേട്ടൊരു മധുരലയത്തില്‍
മാരനു നല്‍കണമമൃതകണങ്ങള്‍
നീയൊരു പൂവിനു സദൃശമുലഞ്ഞാ-
മാറിലമര്‍ന്നിടു മധുവിധുനാളില്‍.
ഉജ്ജ്വലം.

നീലനിശീഥിനിയുണരുകയായീ
വിണ്ണിനു താരകള്‍ നിറകതിരായീ
ചന്ദ്രികതൂകിയ മലര്‍വനിതന്നില്‍
നീയൊരു മാദകമധുമലരായീ.
ഉജ്ജ്വലം.

ജനഹിതമറിയാതീമട്ടില്‍ സ്വയം
പ്രഭുതയില്‍ വിളയാടാനൊക്കില്ല കേള്‍
ഇതിനൊരു പരിഹാരം കാണാതെ നീ
മരുവുകില്‍ തടികേടാമോര്‍ത്തീടണം.
ലളിതം.

സ്മരണയില്‍ മധുകണം നിറക്കുവാന്‍
കഴിയുകില്‍ കവിതകള്‍ മികച്ചതാം
ലളിതമായ് രസഭരം രചിച്ചൊരാ
കവിതയാണതിസുഖം തരുന്നതും.
പ്രിയംവദ.തരുനിര പൂത്തൂ,വല്ലികള്‍ പൂത്തൂ
വനികളില്‍ നീളേ ബാലകരാര്‍ത്തൂ
ഇനിയിവിടാകേ,യുത്സവഘോഷം
തിരിതെളിയുന്നീയോണവിശേഷം
മൌക്തികപംക്തി

അറിയണം നീ,നിനക്കായിയോണക്കളം
നിറവു ചേരും വിധത്തില്‍ രചിക്കേണ്ടയോ
അതിനു ഹൃദ്യം നിറങ്ങള്‍ ലഭിക്കാന്‍ പലേ
തൊടികള്‍ തെണ്ടിക്കുറേപ്പൂക്കളൊപ്പിച്ചു ഞാന്‍.
ഉര്‍വശി.

ഇച്ഛിച്ചവണ്ണമൊരു വണ്ണമവള്‍ക്കുവന്നു
ഉച്ഛാസമൊക്കെയൊരുപാടതു പാടുമായി
സ്വച്ഛം നടന്നവഴി മാറി വഴിക്കുനിത്യം
കൃച്ഛം നടന്നു,സുഖമിന്നസുഖം,കണക്കായ്.
വസന്തതിലകം.


ഇന്ദ്രാദിദേവഗണവന്ദിത ചന്ദ്രചൂഡാ
സന്താപമൊക്കെയൊഴിവാന്‍ വഴി നല്‍കയെന്നും
ബാലേന്ദു നിന്റെ ജടതന്നിലെ ഭൂഷണംപോല്‍
കാലാന്തകാ,തെളിയുകെന്‍ ഹൃദയത്തില്‍ നീയും.
വസന്തതിലകം.


ചാഞ്ചാടിയാടിയൊടുവില്‍ മടിയില്‍ കിടന്നു
കൊഞ്ചിക്കുഴഞ്ഞു പലവേലകളും നടിച്ചു
തഞ്ചത്തിലൂര്‍ന്നുറിയില്‍ നിന്നു കവര്‍ന്ന വെണ്ണ
മിഞ്ചുന്നൊരുണ്ണിയുടെ രൂപമതെത്ര രമ്യം.
വസന്തതിലകം.

താരങ്ങള്‍ മിന്നിമറയുന്നൊരു വാനിടത്തില്‍
ആരാണിതേവിധമുയര്‍ത്തുവതീ പ്രദീപം
ആ ദീപശോഭ ധരതന്നിലൊഴുക്കിടുന്നീ
യാരമ്യദീപ്തി മധുചന്ദ്രികയല്ലെ,ചൊല്ലൂ.
വസന്തതിലകം.


തിണ്ണയ്‌ക്കുതന്നെ തലതാഴ്‌ത്തിയിരുന്നിടേണ്ടാ
എണ്ണംപറഞ്ഞു കരയേണ്ടിനിയെന്റെ തത്തേ
മൊണ്ണത്തരങ്ങളുടനേയവിടെക്കളഞ്ഞ-
വ്വണ്ണം പറന്നിവിടെ വന്നൊരു പാട്ടു പാടൂ.
വസന്തതിലകം.

നാനാനിറങ്ങളിടതൂര്‍ന്ന സുമങ്ങളാലേ
ഞാനീ വിധത്തിലഴകുള്ളൊരു മാല തീര്‍ത്തൂ
ചേലൊത്തവണ്ണമതു നിന്നുടെ വിഗ്രഹത്തില്‍
മാലൊക്കെ മാറുവതിനായിവനിന്നു ചാര്‍ത്തി.
വസന്തതിലകം.


മന്ദാരപുഷ്പഭര നിന്‍കചശോഭകണ്ടാല്‍
എന്തെന്തു ചന്ത,മതിബന്ധുരമെന്നു ചൊല്ലാം
ഇന്ദീവരങ്ങളൊടു മല്ലിടുമാഭയോടേ
മന്ദം വിടര്‍ത്തിടുക നിന്‍ നയനങ്ങള്‍ മെല്ലേ.
വസന്തതിലകം.

“വില്ലാളിവീരനവനര്‍ജ്ജുനനാണു ഹൃത്തില്‍
അല്ലാതെയാരുമിണയാവുകയില്ല സത്യം“
മല്ലാക്ഷിയീവിധമുരച്ചതു കേട്ടു കണ്ണന്‍
മെല്ലേ ചിരിച്ചു ഹൃദയത്തിലുണര്‍ന്നു മോദം.
വസന്തതിലകം.


വീമ്പോടെ വന്നസുരര്‍ വാലിനു തീ കൊടുത്ത-
ങ്ങെമ്പാടുമൊക്കെയുടനോടിടുമാ ദശായാം
വന്‍പോടെ ലങ്കയില്‍ വിനാശമുതിര്‍ത്ത നിന്‍വാല്‍-
ത്തുമ്പിന്റെ വന്‍പിനിവനമ്പൊടു കുമ്പിടുന്നേന്‍.
വസന്തതിലകം.

ശങ്കിക്കവേണ്ട,ശിവശങ്കര നിന്റെ രൂപം
സങ്കോചമൊക്കെയൊഴിവാക്കിയിവന്‍ ഭജിക്കും
സങ്കേതമായി തവ പാദയുഗം മനസ്സില്‍
സങ്കല്പമാക്കുമിവനേക വരാഭയം നീ.
വസന്തതിലകം.

പ്രതിവിധിയിതിനെന്താണോതിടേണ്ടൂ ശരിക്കും
മതിമുഖിയിനിയെന്നില്‍ ശങ്കവേണ്ടാ വഴക്കും
ദ്യുതിയൊടു തെളിവാനില്‍ പുഞ്ചിരിച്ചിന്നു കാണും
മതിയുടെയൊരുനാമം തന്നെയീ‘യിന്ദുലേഖ‘.
മാലിനി.

അത്തപ്പൂക്കളമിട്ടു ചിത്തിരയിതാ ചോദിപ്പു “ഞാനീ വിശാ-
ക്കും പിന്നനുരാധ കേട്ടപടിയായ് മൂലങ്ങളില്ലാതെ താന്‍
പൂരാടത്തൊടുമുത്തിരാടമിണയായോണക്കളം തീര്‍ക്കുവാന്‍
നേരേ ഞാനവിടിട്ട പൂക്കള്‍ ചതയാനെന്താണു കാര്യം സഖേ?”.
ശാര്‍ദ്ദൂലവിക്രീഡിതം.ഒന്നൊന്നായി വിടര്‍ന്നിടുന്ന വിവിധം പുഷ്പങ്ങളെല്ലാമെടു-
ത്തൊന്നിച്ചിട്ടതില്‍ നിന്നുതിര്‍ന്ന വരമാം സൌന്ദര്യപുഞ്ജത്തിനാല്‍
മിന്നും സൌഭഗപൂരമാര്‍ന്ന വധുവായ് നന്നായ് ചമച്ചീശ്വരന്‍
തന്നേയന്നിവനേകിയെന്‍ ഗൃഹിണിയായെല്ലാമതെന്‍ ഭാഗ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

തെറ്റായുറ്റവര്‍ ചെയ്തിടുന്ന കുറവും കുറ്റങ്ങളും നമ്മളാ-
മട്ടില്‍ കണ്ണുമടച്ചുവെച്ചു വിടുകില്‍ തെറ്റായിടും കൂട്ടരേ
തെറ്റെന്നാവിധതെറ്റുകള്‍ ക്ഷമയൊടേ ബോദ്ധ്യപ്പെടുത്തീടുകില്‍
തെറ്റില്‍ നിന്നവര്‍ മാറിടും,ഗുണമവര്‍ക്കേവര്‍ക്കുമുണ്ടായിടും.
ശാര്‍ദ്ദൂലവിക്രീഡിതം.


ദ്വാരം വീണൊരു പാട്ടകാട്ടിയിവിടേ ഭിക്ഷയ്ക്കുവന്നിന്നൊരാള്‍
“ഭാരം തന്നെയിതേവിധം കഴിയുവാന്‍, പാങ്ങില്ല ജീവിക്കുവാന്‍,
ഭാര്യക്കുണ്ടസുഖം, വിശന്നുവലയുന്നഞ്ചാറു മക്കള്‍,മഹാ-
ക്രൂരംതാന്‍ വിധി”യെന്നുരച്ചുകരയുംനേരം തപിച്ചെന്‍ മനം.
ശാര്‍ദ്ദൂലവിക്രീഡിതം.

നാണിക്കാതെ കടന്നിരിക്കു മടിയില്‍, മെല്ലേ മുഖം താഴ്ത്തു നീ
കാണേണ്ടാരുമവര്‍ക്കസൂയ പെരുകും, തല്ലാനടുത്തീടുമേ
ഉണ്ണാനായി വിളിച്ചിടുന്ന സമയത്തൊന്നായ് നമുക്കൊന്നുപോയ്
ദണ്ണം വിട്ടു കഴിച്ചിടാമിടയില്‍ നീ പോകൊല്ല,മാര്‍ജ്ജാരമേ.
ശാര്‍ദ്ദൂലവിക്രീഡിതം.


പൊട്ടിച്ചിട്ടൊരുമുത്തുമാല തറയില്‍ വീഴുന്നപോലേ ചിരി-
ച്ചിട്ടീ മട്ടിലുരച്ചതൊക്കെ കളിയാം മട്ടായെടുത്തിന്നു ഞാന്‍
വട്ടം കൂടിയ കൂട്ടുകാര്‍ക്കു നടുവില്‍ പൊട്ടിച്ചിരിച്ചുള്ള നിന്‍-
മട്ടും ഭാവവുമൊക്കെയെത്ര സുഖദംതന്നേയെനിക്കിഷ്ടമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.


വണ്ടേ,ശ്രാവണമാസമായ് കളമിടാന്‍ വന്നീടണം സത്വരം
വണ്ടാര്‍പൂങ്കുഴലാള്‍ക്കു നീ മലരുകള്‍ നല്‍കീടണം നിത്യവും
ഇണ്ടല്‍തീര്‍ന്നൊരു പത്തുനാളിവിടെയും തങ്ങീടണം, പക്ഷെ വന്‍-
കുണ്ടാമണ്ടികള്‍ കാട്ടിയിട്ടു വെറുതേ മണ്ടൊല്ല മിണ്ടാതെ നീ.
ശാര്‍ദ്ദൂലവിക്രീഡിതം.


“ശല്യം ശല്യമിതെന്നു ചൊല്ലി വെറുതേ ശല്യപ്പെടുത്തേണ്ട നീ-
യല്ലാതേയിവനില്ല മറ്റൊരുവളെന്‍ഹൃത്തില്‍, മനോമോഹിനീ“
വല്ലാതീവിധമോതി കേകയസുതന്‍ ശല്യപ്പെടുത്തും വിധൌ
കൊല്ലാന്‍ ഭീമനനുജ്ഞനല്‍കിയൊളിവില്‍, പാഞ്ചാലി,മാലാറ്റുവാന്‍.
(കേകയസുതന്‍=കീചകന്‍)
ശാര്‍ദ്ദൂലവിക്രീഡിതം.
*****************************************************************************

Sunday, August 28, 2011

ശ്ലോകമാധുരി.33

ശ്ലോകമാധുരി.33 .

വിവിധം പദഭംഗിയോടെതാന്‍
കവികള്‍ നവസൃഷ്ടിചെയ്യുവാന്‍
ഇവടേയണയുന്നിതേവിധം
കവനം ബഹുധന്യമായിതാ.
സുമുഖി

പഞ്ചബാണനതിമോദമൊടൊരുനാള്‍
മുഞ്ജകേശനുടെ മാനസമതിലായ്
മഞ്ജുളാംഗിയുമ ചേരണമതിനായ്
തഞ്ചമാക്കി ജലജന്മവിശിഖവും.
ചന്ദ്രവര്‍ത്മ.

വല്ലപ്പോഴും നിന്റെയാ പാട്ടു കേള്‍ക്കാന്‍
വല്ലാതേ ഞാന്‍ മോഹമോടിങ്ങിരിപ്പൂ
വല്ലിക്കുള്ളില്‍ നീയൊളിച്ചെങ്ങിരിപ്പൂ
വല്ലാതാക്കാതെന്റടുത്തെത്തു തത്തേ.
ശാലിനി.

ആത്മബന്ധുവിനി നീയൊരുത്തനെ-
ന്നാത്മനാ കരുതി ഞാനിരിപ്പിതാ
പത്മനാഭ,തവ പാദപങ്കജം
സദ്മമാകിടണമെന്റെ ഹൃത്തടം.
രഥോദ്ധത.

ശങ്കയില്ല,യദുബാല,നിന്നിലാ-
തങ്കമില്ല,കളിയാണു സര്‍വ്വതും
മങ്കമാര്‍ പലരുമോടിവന്നു മേ-
ളാങ്കമാടുവതുമെത്ര കൌതുകം.
രഥോദ്ധത.

തെളിയുകയായീ ശ്രാവണമാസം
സുമനിര നീളേ പൂത്തുവിടര്‍ന്നൂ
നിറനിറവോടേ പൂക്കളമിട്ട-
ങ്ങെവിടെയുമോണാഘോഷമുണര്‍ന്നൂ.
മൌക്തികപംക്തി

കരിമുകിലോടിയൊളിച്ചൊരു വാനം
തെളിവൊടിതാ ചിരിതൂകിയുണര്‍ന്നൂ
മതിമുഖി നീ വരുകെന്നുടെ ചാരേ
മദഭരമാം മധുരം ഹൃദി നല്‍കൂ.
ലളിതപദം.

നാളീകലോചനനു ഞാനിതേവിധം
കാണിക്കയായിവകള്‍ വെച്ചിടുന്നിതാ
ഓരോതരത്തില്‍ മമ ദേവദേവനെന്‍
മാലൊക്കെ മാറ്റു,മിനിയില്ലസംശയം.
ലളിത.

നീയൊന്നുപാടുകയിതേവിധത്തിലീ
രാഗങ്ങള്‍ മാമക മനോഹരാംഗി നീ
ആ രാഗമാധുരിയെനിക്കു നീ തരു-
ന്നാനന്ദനിര്‍വൃതി,യതെത്ര ഹൃദ്യമാം !.
ലളിത.

വാണീമണി,നീയെന്നീണങ്ങളില്‍ വാണാല്‍
കാണാമൊരുരാഗം ചാലേയുണരുന്നൂ
ആരോമലെ,നീയെന്‍ ചാരേ വരുമെങ്കില്‍
ഞാനീ മധുഗാനം പാടാമതിമോദാല്‍.
മണിമാല.

ഞാനിവിടെഴുതും കവിതയിലെല്ലാം
നീയൊരു മലരായുണരുകയല്ലോ
മാനിനിയിനി നീ മധുരപരാഗം
തൂവുകിലുണരും സുഖദവസന്തം.
കന്യ.

ജനകനീര്‍ഷ്യതയോടടി നല്‍കവേ
വലിയ രോദനമാര്‍ന്നൊരു ബാലകന്‍
ജനനി വന്നു തലോടിയുറക്കവേ
കദനമൊക്കെ മറന്നു സുഷുപ്തിയായ്.
ദ്രുതവിളംബിതം.

അണ്ണാ ഹസാരെയൊരു മാതൃകയാണു,പാര്‍ക്കില്‍
എണ്ണപ്പെടുന്ന ജനനായകനായ് ലസിക്കും
കണ്ണങ്ങടച്ചു ജനവഞ്ചന ചെയ്തിടുന്നോ
രുണ്ണാക്കരിന്നു ഭരണത്തിലിരിപ്പു,കഷ്ടം!
വസന്തതിലകം.


ചാടിന്റെ രൂപമൊടുവന്നൊരു ദാനവന്നു
ചാടില്‍ പിടിച്ചു മൃതിയേകിയ നന്ദസൂനു
ചാടുന്നു കാളിയഫണങ്ങളില്‍ നൃത്തമാടി-
ച്ചാടിച്ചു സര്‍പ്പവിഷദൂഷ്യമൊടൊത്തു ഡംഭും.
വസന്തതിലകം.

ചൊല്ലേറുമെന്നു ഗമചൊല്ലിയിതേ വിധത്തില്‍
കള്ളത്തരത്തിലുരചെയ്തിവിടേയ്ക്കടുത്താല്‍
തല്ലാണതിന്നു പരിഹാരമതെന്നു കണ്ടാല്‍
തല്ലാന്‍ മടിച്ചു വെറുതേ വിടുകില്ല നിന്നേ.
വസന്തതിലകം.

ജന്മം കൊടുത്തരുമയാക്കി വളര്‍ത്തിയമ്മ
നന്മയ്ക്കു മുന്‍‌ഗണന നല്‍കി നിനക്കു നല്‍കാന്‍
പിന്നെന്തു ചൊല്ലുവതു,നീയവയേ മറന്നി-
ട്ടമ്മയ്ക്കു നല്‍കിയതു നിന്ദയതൊന്നു മാത്രം.
വസന്തതിലകം.


ഭക്തപ്രിയന്റെ വരഗേഹമണഞ്ഞു ഞാനെന്‍
മുക്തിക്കു വേണ്ട വഴിപാടുകള്‍ ചെയ്തിടുമ്പോള്‍
വ്യക്തം മനസ്സിലുണരും ഭഗവത്‌സ്വരൂപം
നക്തത്തില്‍ ഇന്ദു തെളിയുന്നതുപോല്‍ വിളങ്ങീ.
വസന്തതിലകം.

താലത്തിലുള്ള പുതുപൂക്കളില്‍ നിന്നു ശോഭ
ഓലക്കമായിയുണരുന്നു തവാനനത്തില്‍
ഈ മട്ടില്‍ നീയുടനെയെന്റെയടുത്തുവന്നാല്‍
എമ്മട്ടതാകുമതുതന്നെയെനിക്കു ശങ്ക.
വസന്തതിലകം.

നന്മയ്ക്കു വേണ്ടിയൊരുവന്‍ തനിയേ തുനിഞ്ഞാല്‍
തന്മാനസത്തില്‍ വിഷമുള്ള നരാധമന്മാര്‍
വീണ്‍‌വാക്കുചൊല്ലി പല വേലകളും കളിച്ചു
സന്മാനസത്തിലൊരു പോടു കൊടുത്തു മണ്ടും.
വസന്തതിലകം.

നാണം കളഞ്ഞു ചിരിയോടിനിയെന്റെ മുന്നില്‍
ഏണേക്ഷണേ,വരിക,രാഗമുണര്‍ത്തുവാനായ്
ഈണം നിറഞ്ഞ വരരാഗവിശേഷമോടേ
വേണം,തുടര്‍ന്നമൃതവര്‍ഷിണിയൊന്നു പാടാന്‍.
വസന്തതിലകം.

ഭര്‍ഗ്ഗിച്ചെടുത്തു നറുവെണ്ണ കഴിച്ചിടും നിന്‍-
മാര്‍ഗ്ഗം നിനക്കു ശരിയാവുകയില്ല കണ്ണാ
ദുര്‍ഗ്രാഹ്യമായ തവ ചേഷ്ടകളൊക്കെ നിന്നില്‍
ദുര്‍മ്മാര്‍ഗ്ഗിയെന്ന വിളി ചേര്‍ത്തിടുമോര്‍ത്തിടേണം.
വസന്തതിലകം.


ലാളിത്യമോടിവിടുണര്‍ന്നിതു ചിങ്ങമാസം
മേളാരവത്തൊടെതിരേല്‍ക്കുക ഘോഷമായീ
താലത്തില്‍ ഇന്ദു ചില താരകളേനിറച്ച-
ങ്ങോലക്കമായി വരവേകി,കൃതാര്‍ത്ഥയായീ.
വസന്തതിലകം.

വ്രജവല്ലഭ,നിന്നെയൊന്നു കണ്ടാല്‍
വ്രജിനം പോയിടുമാത്മസൌഖ്യമാവും
ഭജനം വഴി നിന്റെ ദര്‍ശനം ഞാന്‍
സുജനത്വത്തൊടു സാദ്ധ്യമാക്കുമോര്‍ക്കൂ.
വസന്തമാലിക.

മിഴികളിലൊരു മോഹം സാഗരം പോലെയാര്‍ക്കേ
മതിമുഖിയുടെ നാണം കാണുവാനെന്തു ചന്തം
വിടരുമൊരരിമുല്ലപ്പൂവുപോല്‍ നീ ചിരിക്കേ
മധുരിതമൊരു രാഗം മെല്ലെ നീയേകിയില്ലേ.
മാലിനി.

കണ്ണില്‍ പൂക്കണിപോലെ നീ വരികിലോയെന്നോര്‍ത്തൊരാകാംക്ഷയില്‍
കണ്ണാ,ഞാനിവിടിന്നിരിപ്പു,കരളില്‍ മോഹം തുടിക്കുന്നിതാ
കണ്ണാടിക്കവിളില്‍ തലോടി മൃദുവായ് മുത്തം പകര്‍ന്നീടുവാന്‍
തിണ്ണം ഹൃത്തിലൊരാശയുണ്ടു,വരുമോ മന്ദസ്മിതം തൂകി നീ
ശാര്‍ദ്ദൂലവിക്രീഡിതം.

കഷ്ടം തോന്നിയനിഷ്ടമായിയിനി നാമെന്തെന്തു ചൊല്ലീടിലും
സ്പഷ്ടം കാവ്യഗതിക്കു മാറ്റമിനിമേലുണ്ടാവുകില്ലാ ദൃഢം
ഇഷ്ടംപോലെ നടത്തിടട്ടെ കവനം,വ്യര്‍ത്ഥാര്‍ത്ഥമായ്,കഷ്ണമായ്
ദിഷ്ടം നല്‍കുക വേണ്ട,നല്‍കിലവനേ വട്ടത്തിലാക്കും ചിലര്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

കയ്യന്മാരൊടു സൌമനസ്യമൊരുവന്‍ കാണിക്കുകില്‍ നിശ്ചയം
പയ്യെപ്പയ്യെയവര്‍ ശരിക്കു ദുരിതം തന്നീടുമെന്നോര്‍ക്കണം
കയ്യൂക്കോടവര്‍ ചെയ്തിടും പിഴകളേ കയ്യോടെ തീര്‍ത്തീടുകില്‍
വയ്യാവേലികളൊക്കെ മെല്ലെയൊഴിയുന്നേവര്‍ക്കതും പാഠമാം.
ശാര്‍ദ്ദൂലവിക്രീഡിതം

കൈയില്‍ കിട്ടുകില്‍ നോക്കുകില്ല,യുടനേ യാഞ്ഞൊന്നടിച്ചീടുവേന്‍
കൊള്ളാതങ്ങു ഗമിക്കിലോ ക്ഷമയൊടേ കാത്തിങ്ങിരുന്നീടുമേ
പിന്നെപ്പയ്യെയടുത്തുവന്നു ചെവിയില്‍ മൂളുന്ന നേരം ശരി-
യ്ക്കാഞ്ഞൊന്നൂടെയടിച്ചിടും,മശകമേ, നിന്നന്ത്യമാം നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.

ക്ഷിപ്രം നല്ലൊരു പേരെടുത്തു കവിയായ് വാണീടണം,കൈയിലോ
വൃത്തം,ഭൂഷകളൊത്തുചേര്‍ന്നപദമോ, നൈപുണ്യമോ ശുഷ്കമാം
അത്യന്താധുനികം പറഞ്ഞു കവിയായ് പേരാര്‍ന്നു വന്നീടുവാന്‍
ഒക്കും പോലെ രചിച്ചിടാം ഗവിതകള്‍, ഗദ്യത്തിലും പദ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
പാകം വിട്ടു ചമക്കുകില്‍ കവിതയും ഭോജ്യങ്ങളും കെട്ടമ-
ട്ടാകും,പിന്നെ വിളമ്പുകില്‍ രസമതിന്നുണ്ടാവുകില്ലാ ദൃഢം
ശോകം തന്നു വലക്കുമീ രചനകള്‍ തെല്ലാസ്വദിച്ചാല്‍ ക്ഷതം
സ്‌തോകം വന്നു ഭവിച്ചിടാമവകളില്‍ കൈവെക്കവേണ്ടാ ,സഖേ
ശാര്‍ദ്ദൂലവിക്രീഡിതം.

സന്താനങ്ങളനേകമുണ്ടു ഭവനേ, യെന്നാലുമീ വൃദ്ധരില്‍
സന്താപം പെരുകുന്നു,മക്കളവരേ തള്ളുന്നു വൃദ്ധാലയേ
സന്ത്യക്തസ്ഥിതിയില്‍ കിടന്നുവലയും നിര്‍ഭാഗ്യരേ പോറ്റുവാന്‍
എന്തായാലുമൊരാലയം പണിയുകില്‍ ഭൂവില്‍ മഹാപുണ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

സാദം വിട്ടിടു,നോക്കുകീ വനികയില്‍ സൂനങ്ങളില്‍ വണ്ടുകള്‍
ഖേദം വിട്ടു പറന്നിടുന്നു മധുരം പൂന്തേന്‍ നുകര്‍ന്നീടുവാന്‍
മോദം പൂണ്ടവ പാറിടുന്ന ദൃശവും പുഷ്പങ്ങള്‍തന്‍ ലാസ്യവും
ഭേദം നല്ലൊരവാച്യമായ സുഖമിന്നേകും നിനക്കോമലേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ഏവം ഞാന്‍ ചൊല്ലിടുമ്പോള്‍ ഹൃദിയതിവിഷമം തോന്നിടുന്നെന്റെ തത്തേ
പാവം ഞാനിങ്ങിരിപ്പൂ കവിതകള്‍ നിറവില്‍ തീര്‍ക്കുവാനാര്‍ത്തിയോടേ
ആവും‌പോല്‍ വന്നുനീയെന്‍ രചനകള്‍ മിഴിവാര്‍ന്നുള്ളതായ് മാറ്റുവാന്‍ സദ്-
ഭാവം നല്‍കേണമെന്നും,ച്യുതിയതിലുളവായാല്‍ ഫലം ചിന്തനീയം.
സ്രഗ്ദ്ധര

കല്യേ,കല്യാണരൂപേ, കലയിലൊളിവിളക്കായിടും വാണിമാതേ
നിര്‍ലോപം നിന്റെ രൂപം തെളിയണമനിശം ശ്ലോകപാദം രചിക്കേ
അല്ലെങ്കില്‍ ഞാന്‍ രചിക്കും കവിതകള്‍ മിഴിവാര്‍ന്നീടുകില്ലെന്നതോര്‍ക്കേ
വല്ലാതായ് വന്നിടുന്നെന്‍ മന,മതിനിടയാക്കീടൊലാ ശാരദാംബേ.
സ്രഗ്ദ്ധര.

കേണീടുന്നെന്തിനായീ,ശൃണു മമസഖി ഞാനെത്തിടാം,സ്വസ്ഥമായ് നീ
വാണീടൂ,ശോകമെല്ലാമുടനടി കളയൂ,രാഗലോലേ ക്ഷമിക്കൂ
ചേണുറ്റാ മേനിതന്നില്‍ നഖമുനപതിയേ ലജ്ജയോടെന്റെ നേര്‍ക്കായ്
കാണിക്കും പ്രേമഭാവം പുനരൊരു നിമിഷം കാണുവാനാഗ്രഹം മേ
സ്രഗ്ദ്ധര.

വേദാന്തം ചൊല്ലിടേണ്ടാ,വികൃതി പെരുകിയാ കോലുകൊണ്ടെന്റെ മെയ്‌മേല്‍
ആദ്യന്തം കിക്കിളിച്ചും പതിയെയുണരുമാ നേരമോടിക്കളിച്ചും
ഏതാണ്ടെന്‍ കൈയിലെത്തുംപടി,യുടനിടയക്കൂട്ടരോടൊത്തു ചേര്‍ന്നെന്‍
വാതില്‍ക്കല്‍ നിന്നൊളിച്ചും ഹൃദി,യതിവിഷമം തന്നു നീ,കണ്ണനുണ്ണീ.
സ്രഗ്ദ്ധര..
***********************************************************************

Tuesday, August 16, 2011

ശ്ലോകമാധുരി.32

ശ്ലോകമാധുരി.32 .

ലക്ഷ്യമൊക്കെയൊരുപക്ഷെ നല്ലതാം
രക്ഷയില്ല വഴി ദുഷ്‌ടമാവുകില്‍
സൂക്ഷ്മമായപടിയീക്ഷചെയ്തു നാം
ശ്രേഷ്ഠമായ വഴി പുഷ്ടമാക്കണം.
രഥോദ്ധത.


“ഉരച്ചിടേണ്ടൊന്നുമിതേവിധത്തില്‍
നിനക്കു വേഷം പലതുണ്ടു പാര്‍ത്താല്‍“
ഉറച്ചു ദുര്യോധനനീര്‍ഷ്യയോടേ
ഉരച്ചനേരം ചിരിതൂകി കൃഷ്ണന്‍.
ഉപേന്ദ്രവജ്ര.

മനുഷ്യഹൃത്തില്‍ കറയേറിവന്നാല്‍
മനീഷ വാടും,മടജന്മമാവും
നിനയ്ക്ക,ചിത്തം പരിപൂതമാവാന്‍
സ്മരിയ്ക്ക നന്ദാത്മജപാദപത്മം.
ഉപേന്ദ്രവജ്ര.

വസന്തമെത്തീ,പുതുപൂക്കളാലേ
ലസിച്ചുനില്‍ക്കുന്നു വിഭാതകാലം
കുളിച്ചു വര്‍ണ്ണത്തിലകം ധരിച്ചു-
ല്ലസിച്ചുനില്‍ക്കും വരനാരിയേ പോല്‍.
ഉപേന്ദ്രവജ്ര.


അഹസ്സില്‍,തമസ്സില്‍ സദാ സ്നേഹമോടേ
ഇഹത്തില്‍ മഹത്ത്വപ്രദീപം തെളിക്കും
ബൃഹത്തായ തത്ത്വങ്ങള്‍ മക്കള്‍ക്കു നല്‍കും
മഹത്തായ മാതൃത്വമേ,ഞാന്‍ നമിപ്പൂ.
ഭുജംഗപ്രയാതം.

അവതാരമൊക്കെ ശരിതന്നെ,ബാലനാ-
യവനന്നു ചെയ്ത വികൃതിക്കു ശിക്ഷയായ്
അവനേ തളച്ചു ഹൃദയത്തിലിട്ടു ഞാന്‍
വനമാലിയല്ല,തിരുമാലിയാണവന്‍.
മഞ്ജുഭാഷിണി.


സ്വരസാഗരശോഭയെന്റെമുന്നില്‍
തിരതല്ലുന്നിതു കാണ്മതെത്ര സൌഖ്യം
വരനാരികള്‍ വേഷഭൂഷയോടേ
തിരുവോണത്തിനു കൂടിയാടിടും പോല്‍.
വസന്തമാലിക.

രുദ്രാക്ഷമാല തനു തന്നിലണിഞ്ഞു,കൈയില്‍
ഭദ്രം തരുന്ന വരമുദ്രയൊടെന്റെ ഹൃത്തില്‍
അദ്രീസുതയ്ക്കു വരമേകിയ ഭാവമോടേ
രുദ്രസ്വരൂപമുരുവായി വിളങ്ങി നിന്നൂ.
വസന്തതിലകം


ഇന്ദീവരങ്ങളുടെ ഡംഭു കുറയ്ക്കുവാനായ്
എന്തിന്നു നീയവരെയിങ്ങനെ നോക്കിടുന്നൂ
മന്ദാക്ഷമോടെയവര്‍ നിന്‍ നയനാഭകണ്ടി-
ട്ടന്തിച്ചെമപ്പു മുഖമാകെ നിറച്ചിടുന്നൂ.
വസന്തതിലകം.


മങ്ങുന്നു കാഴ്ചയുതിരുന്നൊരു കണ്ണുനീരാല്‍
പൊങ്ങുന്ന ദുഃഖമതില്‍ നിഷ്പ്രഭനായി സൂര്യന്‍
തേങ്ങുന്ന കുന്തിയുടെ ഹൃത്തിനു ശാന്തി നല്‍കാന്‍
പാങ്ങില്ല,സൂര്യസുതനൂഴിയില്‍ വീണനേരം.
വസന്തതിലകം.


ഒരുവന്‍ തവ തെറ്റുകള്‍ മൊഴിഞ്ഞാല്‍
അവനോടെന്തിനു ദേഷ്യമാര്‍ന്നിടേണം
ശരിയായവിധത്തിലാണതെങ്കില്‍
അവനാണേറ്റമടുത്ത മിത്രമോര്‍ക്ക.
വസന്തമാലിക.

വിധിഹിതമതിനാലേ വന്നു സൌഭാഗ്യമെല്ലാം
അതിനൊരു ഗതിയുണ്ടായെന്നതാണെന്റെ ഭാഗ്യം
മതിവരുമളവന്യര്‍ക്കായതെല്ലാം കൊടുത്താല്‍
ക്ഷിതിയിതില്‍ വരമായിട്ടേകുമെല്ലാം വിരിഞ്ചന്‍.
മാലിനി.


ആരോ കേട്ടുപറഞ്ഞതായ കുശല്‍ നിന്‍കാതില്‍ പതിഞ്ഞപ്പൊഴേ
നേരോര്‍ക്കാതെ വിഷാദമാര്‍ന്നു,മുഖവും കൂമ്പിത്തളര്‍ന്നാര്‍ത്തയായ്
നേരാവില്ലവ,രാവിലേ വരുമവന്‍ നിന്നേ തലോടും ഖഗന്‍
നേരേവന്നു വിടര്‍ത്തിടും തവദലം,മാഴ്കൊല്ല നീ,പദ്മിനീ.
ശാര്‍ദ്ദൂലവിക്രീഡിതം.

എമ്പാടും പുതുവര്‍ണ്ണമാര്‍ന്നു നിറവില്‍ പൂക്കള്‍ ചിരിച്ചുല്ലസി-
ച്ചമ്പമ്പോ,യിതു കാണ്‍കെയെന്റെ ഹൃദയം തുള്ളിത്തുടിക്കുന്നിതാ
“അമ്പോറ്റിക്കു കൊടുക്കുവാനിവകള്‍ ഞാന്‍ പൊട്ടിക്കു”മെന്നോതിയെന്‍
മുമ്പില്‍വന്നു ചിണുങ്ങിനിന്ന മകളോടെന്തെന്തു ചൊല്ലേണ്ടു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

കേട്ടോ,നിന്നുടെ ഗാനവും കവിതയും ശ്ലോകങ്ങളും വാണിതന്‍
പൊട്ടാം മട്ടില്‍ ലസിച്ചിടുന്നു,സുഗമം പോയാലുമീ രീതിയില്‍
മുട്ടാതീ വക കിട്ടിയാല്‍ പലരുമിന്നാലാപനം ചെയ്‌തിടു -
ന്നിഷ്ടന്മാര്‍ ചിലര്‍ ചൊല്ലുകില്ല നുതിയോ കുറ്റങ്ങളോ,സ്വസ്തി തേ
ശാര്‍ദ്ദൂലവിക്രീഡിതം.


ചന്തം ചിന്തിയ ചിന്തകള്‍ ചിതറുമോരന്ത്യത്തില്‍ നാമെത്തിയാല്‍
ബന്ധം ബന്ധനമെന്നുതന്നെ തനിയേ ചിന്തിച്ചുപോവും സഖേ
സ്വന്തം,ബന്ധമതെന്നതൊക്കെ വെറുതേയന്ധന്നു ദീപം കണ-
ക്കെന്തും നിഷ്പ്രഭമാവുമെന്നു കരുതൂ,സ്പന്ദം നിലയ്ക്കും വരേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചെറ്റും ചെറ്റമെനിക്കു മുറ്റിവരികില്ലെന്നൂറ്റമാര്‍ന്നിട്ടു,വന്‍
ചെറ്റത്തങ്ങളുരച്ചിടുന്ന പലരും ചുറ്റിത്തിരിഞ്ഞെത്തിയാല്‍
ചെറ്റാര്‍തന്‍ പെരുമാറ്റവും പറയുമാ കുറ്റങ്ങളും മറ്റുമെന്‍
ഉറ്റോര്‍ നോക്കിടു,മറ്റകൈക്കുടനവര്‍ പറ്റിച്ചിടും താഡനം.
ശാര്‍ദ്ദൂലവിക്രീഡിതം.

പായുന്നന്നു പലേവഴിക്കു ചപലം ചിത്തം മഹാചെത്തലായ്
ചായുന്നന്നു മദംപെരുത്തു പലതാം ദുര്‍മാര്‍ഗ്ഗവാടങ്ങളില്‍
കായുന്നിന്നു മനോഗതം കഠിനമായ് പൊയ്‌പ്പോയ മാര്‍ഗ്ഗങ്ങളില്‍
പായൊന്നിന്നവനന്ത്യമായ് തടവറയ്ക്കുള്ളില്‍ കിടന്നോര്‍ക്കുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

പൊട്ടാണെങ്കിലുമിത്തരത്തില്‍ വിവിധം ശ്ലോകങ്ങള്‍ തീര്‍ത്തിന്നു ഞാന്‍
പൊട്ടക്കൂത്തു നടത്തിടുന്നു,സദയം വിട്ടേക്കു,മാ‍പ്പാക്കു നീ
പൊട്ടന്മാരുടെ രാജനെന്നപദവിക്കര്‍ഹം വരും നിശ്ചയം
പൊട്ടായ്‌ മാറിടുമൊക്കെ,യെന്റെ ഗതിയീമട്ടില്‍ തുടര്‍ന്നോട്ടെ ഞാന്‍
.ശാര്‍ദ്ദൂലവിക്രീഡിതം.


പൊണ്ണന്‍ പട്ടിയൊരുത്തനുണ്ടു ഭവനം സൂക്ഷിച്ചു കാക്കുന്നവന്‍
കണ്ണും പൂട്ടിയിരുന്നിടുന്ന ചതുരന്‍, കള്ളത്തരം കാട്ടുവോന്‍
എണ്ണാതാരുമൊളിച്ചുവന്നു കയറി സ്‌തേയം നടത്തീടുകില്‍
തിണ്ണം കാലില്‍ വലിച്ചലക്കിയവനേ കാലന്നു നല്‍കുന്നവന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


മന്നില്‍ സൌഹൃദമോടെയെത്തി ചിരി തൂകുന്നോര്‍ ചിലര്‍ ഹൃത്തിലായ്
മിന്നും കത്തിയൊളിച്ചുവെച്ചു തരവും പാര്‍ക്കുന്നവര്‍ തന്നെയാം
എന്നും നമ്മൊടസൂയവിട്ടു നുതി നല്‍കുന്നോര്‍ തുലോം തുച്ഛമാം
എന്നാലും ശരിയായി നാമവരെയും കണ്ടെത്തണം ബുദ്ധിയാല്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

മാതാവിന്നു സമത്തിലായൊരുവരും കാണില്ല മന്നില്‍,സ്ഥിരം
മാതാവിന്നു കൊടുപ്പതൊന്നുമളവില്‍ കൂടില്ല തെല്ലും സഖേ
മാതാവിന്നു ജഗത്തിലേ സുകൃതമായ് കാണേണ്ടതാണെങ്കിലാ
മാതാവിന്നൊരു ശല്യമായ,വരെയും തള്ളുന്നു വൃദ്ധാലയേ.
ശാര്‍ദ്ദൂലവിക്രീഡിതം.

വീതാടോപ,മുയര്‍ന്ന വന്‍മലകളും താണ്ടിക്കടന്നെത്തി ഞാന്‍
ഏതായാലുമണഞ്ഞിതാ തവമുഖം കണ്ടാര്‍ത്തി തീര്‍ത്തീടുവാന്‍
ഹേ ഭൂതേശ,നിനക്കു ഞാനിരുമുടിക്കെട്ടില്‍ നിറച്ചുള്ളൊരെന്‍
ആഭീലപ്പരിവേദനങ്ങള്‍ നടയില്‍ വെക്കുന്നു,പോക്കീടുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

വാണീ,നിന്നുടെ വീണയില്‍ വിടരുമീയാഭേരിരാഗം ശ്രവി-
ച്ചാണിന്നെന്നുടെ രാഗമാര്‍ന്ന ഹൃദയം തുള്ളുന്നതിന്നീവിധം
കാണാറുണ്ടു തവാംഗുലീചലനമേറ്റീണങ്ങളാ വീണവി-
ട്ടോണത്തുമ്പി പറന്നിടുന്നനിറവില്‍ പൊങ്ങുന്നതാമോദമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.


ആയര്‍കോന്‍ ചേലിലൂതും മണിമധുരവ സംഗീതമൊന്നാസ്വദിച്ചാല്‍
ആയുഷ്യംതന്നെയാര്‍ക്കും,മനമതില്‍ നിറവാമാത്മഹര്‍ഷം തളിര്‍ക്കും
ആ യോഗം ധന്യമാവാന്‍ യദുകുലപതിയേ മാനസത്തില്‍ വരിച്ച-
ങ്ങായത്തോടായവണ്ണം ഭജഭജ ഭഗവത്പാദപത്മം ശരിക്കും.
സ്രഗ്ദ്ധര.

തിങ്ങും തെങ്ങും കവുങ്ങും പലതരുനിരയും വെട്ടിമാറ്റീട്ടു നീളേ
പൊങ്ങും വന്‍രമ്യഹര്‍മ്മ്യപ്രഭുതകള്‍ നിറയും പട്ടണപ്രൌഢി കാണ്‍കേ
വിങ്ങുന്നെന്‍ മാനസത്തില്‍ തെളിവതു ഗതമാം ഗ്രാമസൌന്ദര്യപൂരം,
മുങ്ങും നൈര്‍മ്മല്യമെല്ലാം, വിഷമയമുയരും വേഷവൈഷമ്യഘോഷം.
സ്രഗ്ദ്ധര.

നാടും വീടും വെടിഞ്ഞക്കരയിലലയുമാ മക്കളേയോര്‍ത്തു നിത്യം
കൂടും സന്താപമോടേയിവിടെ മരുവിടുന്നിന്നു മാതാപിതാക്കള്‍
നേടീടും നാണയത്തിന്‍ കലപിലരവവും പ്രൌഡിയും ഭാഗ്യമെല്ലാം
വാടീടുന്നെന്ന സത്യം മറവിയിലിടുവാനായിടുന്നില്ല തെല്ലും.
സ്രഗ്ദ്ധര.


നീലാഭ്രം വാനിലെങ്ങും ഘനതരഗതിയില്‍ ഗര്‍ജ്ജനം ചെയ്തു മെല്ലേ
നീളേനീളേ പടര്‍ത്തുന്നിരുളിമനിറയേ,യേറെയീ ഭൂതലത്തില്‍
കാലക്കേടെന്നുതോന്നും‌പടിയവയുടനേ വര്‍ഷപാതം തുടങ്ങും-
പോലൊക്കേ കൂടിടുമ്പോള്‍ ഝടുതരമുയരും കാറ്റതെല്ലാം തുരത്തീ.
സ്രഗ്ദ്ധര.

******************************************************************

Tuesday, August 9, 2011

ശ്ലോകമാധുരി.31

ശ്ലോകമാധുരി.31 .
ഫുല്ലാരവിന്ദം തലതാഴ്ത്തി,മെല്ലേ
മല്ലാക്ഷി നിന്നോടിതു ചൊല്ലിടുന്നൂ
“ഇല്ലില്ല നിന്നാനനഭംഗിയോടെ-
ന്നല്ലിക്കുപോലും തുലനം,മനോജ്ഞേ“.
ഇന്ദ്രവജ്ര.

ആപത്തുവന്നു സുഖമൊക്കെയകന്നിടുമ്പോള്‍
ആ പത്തനത്തില്‍ ശിവകോവിലില്‍ നാം ഗമിക്ക
“ആപത്തൊഴിഞ്ഞു തരണം വരണം,മഹേശാ“
ആപത്തൊഴിക്കുമൊരു മന്ത്രമിതാം,ജപിക്ക.
വസന്തതിലകം.

നിന്നോടെനിക്കു പെരുതായിയസൂയമൂത്തി-
ട്ടുന്മാദമായപടിയായിതു പൂനിലാവേ
സമ്മോദമായി വരനാരികളേ പിടിച്ചു
സല്ലീനമൊന്നു തഴുകാന്‍ കഴിവുണ്ടു നിന്നില്‍.
വസന്തതിലകം.

യായാവരന്നു യമമാണു മഹത്ത്വമെന്നാല്‍
മായം വരുന്ന ചിലരിന്നവമാനമായി
ഈ യോഗിമാര്‍ ക്ഷണികസൌഖ്യമതില്‍ രമിച്ചു
മായാഭ്രമത്തിലടിപെട്ടു കളഞ്ഞു സര്‍വ്വം.
വസന്തതിലകം.

ആ രാവില്‍ കുളിരമ്പിളിക്കല ചിരിച്ചെന്നോടു ചൊല്ലുന്നിതാ
"നേരേനോക്കി രസിച്ചുകൊള്‍ക,യിവരെന്‍ താരങ്ങളാം സൌഭഗം
ആരും കാണ്‍കിലവര്‍ക്കു സൌഖ്യമരുളുന്നീ ദൃശ്യമെന്നെന്നുമേ
നേരായെന്നുമുയര്‍ത്തിടുന്നിവരെ നീ വര്‍ണ്ണിക്ക കാവ്യങ്ങളില്‍."
ശാര്‍ദ്ദൂലവിക്രീഡിതം.

കാണൂ കേരളനാടിതാ ശിശുസമം പൈദാഹമാര്‍ന്നീവിധം
കേണീടുന്നു വരണ്ടതൊണ്ടനനയാനിറ്റില്ല ദാഹോദകം
മേലേ വന്നൊരു മേഘമാലയുടനേ മാതാവിനെപ്പോലെ തന്‍
ഊധന്യം ചൊരിയുന്നതൊക്കെ മഴയായ് താഴോട്ടു വീഴുന്നിതാ.
ശാര്‍ദ്ദൂലവിക്രീഡിതം.
( ഊധന്യം = പാല്‍ )

ഗാനം പോല്‍ മമ ജീവിതം സുഖകരം തീര്‍ത്തിന്നുതന്നീശ്വരന്‍
നൂനം ഞാനതിനെന്റെ നന്ദിയിവിധം ചൊല്ലുന്നു കാവ്യങ്ങളായ്
മാനം ചേര്‍ത്തവയര്‍ഘ്യമായി സവിധേ വെയ്ക്കുന്നു സന്തോഷമായ്
ഊനം തീര്‍ത്തവയാണവയ്‌ക്കു നിറവും നല്‍കുന്നു ഞാന്‍ ഭക്തിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

നേരേ കാണുവതിന്ദുവോ,വിശിഖമോ മാരന്‍ തൊടുത്തെന്റെ നേര്‍
നേരേ വന്നു പതിച്ചിടുന്നു,ഹൃദയം നീറുന്നു നീയെങ്ങുപോയ്
നേരാണീ വിരഹാഗ്നിതന്‍ കഠിനതയ്ക്കാക്കം കൊടുത്തീടുവാന്‍
നേരില്ലാതെയയച്ചതാണു മദനന്‍, ഞാനെന്തു ചെയ്‌വൂ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.

പങ്കംപോല്‍ ചില വാക്കുകള്‍ ശരസമം കാതില്‍ പതിച്ചീടവേ
പങ്കപ്പാടുപെടുന്നതൊക്കെ ശരിയാം,ശങ്കിക്കവേണ്ടെന്‍ സഖേ
തങ്കം മിന്നിവിളങ്ങിടും ദ്യുതിയുമിന്നാതങ്കമായ് കാണുവോര്‍-
ക്കങ്കം ചെയ്യുവതൊക്കെയൊക്കെ സുഖമാം,തങ്കം തിളങ്ങും ദൃഢം.
ശാര്‍ദ്ദൂലവിക്രീഡിതം.

പാഴാകില്ല,മനുഷ്യജന്മമനഘം താനെന്നു വന്നീടുവാന്‍
വീഴാതീവഴിതന്നെ പോക സഹജര്‍ക്കാനന്ദമേകാന്‍ സ്വയം
മാഴ്‌കുന്നോരുടെ കൈപിടിച്ചു തുണയായെന്നും കഴിഞ്ഞൊന്നിലും
മാഴാതൂഴിയില്‍ വാഴുവാന്‍ കഴിയുകില്‍ ജന്മം വരം,സുന്ദരം.
ശാര്‍ദ്ദൂലവിക്രീഡിതം.

പേനത്തുമ്പില്‍ നിറഞ്ഞുറഞ്ഞൊഴുകിടും കാവ്യങ്ങളോരോന്നുമി-
ന്നോണത്തുമ്പികണക്കുയര്‍ന്നു വരമാം വര്‍ണ്ണം പകര്‍ന്നീടവേ
മാനത്തമ്പിളിപോലുമാഭ നിറയും മന്ദസ്മിതത്തോടെ നിന്‍
വമ്പത്തം പറയാനടുത്തു, കവിതേ നീയെന്റെ സൌഭാഗ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

മങ്കേറും കവിതാശതങ്ങള്‍ നിരതം പങ്കപ്പെടുത്തും വിധം
വങ്കന്‍ ഞാന്‍ വിത ചെയ്തതൊക്കെ പതിരാണെന്നാലുമാശ്വാസമായ്
തങ്കം പോല്‍ നിറവാര്‍ന്നിടും സഖരവര്‍ മൂല്യങ്ങളാം പോഷണം
ശങ്കാഹീനമുതിര്‍ത്തിടുന്ന ഗമയില്‍ വാഴുന്നു ഞാന്‍ തൃപ്തനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

സാനന്ദം ചില വൃത്തമൊത്തവരമാം ശ്ലോകങ്ങള്‍ തീര്‍ത്തിന്നു ഞാന്‍
ഈ മന്ദാനിലലാളനത്തില്‍ മതിവിട്ടീമട്ടിരുന്നീടവേ
മാകന്ദാവലിതന്നില്‍നിന്നു മധുരം കൂകൂരവത്തോടുതാന്‍
ആമന്ദം വരവായിതാ പികകുലം ശ്ലോകങ്ങള്‍ ചൊല്ലീടുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഹേ ഹേ ചന്ദ്ര,നിനക്കു ഭംഗികുറവാണെന്നോര്‍ത്തു വേധസ്സിതാ
നീഹാരങ്ങളുടച്ചുവാര്‍ത്തു മണികള്‍ മുത്തായ് കൊരുക്കുംവിധൌ
മോഹം മൂത്തണിമുത്തുകള്‍ രജനി കൈതട്ടിത്തെറിപ്പിക്കവേ
ഹായ് ഹായ്! വിണ്ണിലതൊക്കെമിന്നി നിറയേ നക്ഷത്രമുത്തുക്കളായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

പെണ്ണേ,നീയര്‍ണ്ണവത്തിന്‍ കരയിലിതുവിധം കേളിയാടിക്കളിക്കേ
വിണ്ണില്‍ നിന്നംശുമാനാ കടലിലടിയുവാന്‍ കോപമോടേ ഗമിപ്പൂ
വര്‍ണ്ണം രക്താഭമാവാനൊരുവിധമിതിനും ഹേതുവോതാം,സഘോഷം
തൂര്‍ണ്ണം നിന്നോടടുക്കും തിരയൊടു ഘൃണതോന്നുന്നതാവാം,രഹസ്യം.
സ്രദ്ധര.

ആയര്‍ബാലസ്വരൂപം സ്മിതമൊടു ഹൃദയേ ചാടിയോടിക്കളിക്കേ
ആയാസം പോയൊളിക്കും, ഭയമിവനെതിലും തോന്നുകില്ലാ ശരിക്കും
മായക്കണ്ണന്റെ ലീലാവിലസിതഗതിയില്‍ ചേര്‍ന്നുചേര്‍ന്നെന്റെ ചിത്തേ
മായം പോയാത്മരൂപം തെരുതെരെയുണരുന്നെന്നതാണെന്റെ ഭാഗ്യം.
സ്രഗ്ദ്ധര.