Friday, November 2, 2012

ശ്ലോകമാധുരി.47

ശ്ലോകമാധുരി.47
അടിപിടി‘യൊരു നാളും നല്ലതല്ലെന്നു തോന്നാ-
മടിപിടിയതുമാത്രം കാണ്മു ഞാന്‍ മോക്ഷമാര്‍ഗ്ഗം
അടിയനു പിടിവേണം നിന്റെ കാലില്‍ നമിക്കാ-
നെടുപിടിയതിനായ് ഞാനെത്തി, വാതാലയേശാ
.
മാലിനി.

ഗജമുഖവരപാദം കണ്ടു കൈ കൂപ്പി നില്‍ക്കേ
തുടുതുടെയൊരു മോഹം തോന്നിയെന്‍ മാനസത്തില്‍
അണുവിടെയിനിനിന്നേ കൈവിടില്ലെന്‍ ഗണേശാ
മലരടി പണിയാനായ് ചേര്‍ത്തിടും ഹൃത്തടത്തില്‍.

മാലിനി.


ചിതമൊടെയിവനായ് നീയേകി സൌഭാഗ്യമെല്ലാ-
മിനിയിവനുരിയാടനില്ല മോഹങ്ങളൊന്നും
യദുകുലപതി നീ നിന്‍ കണ്‍ തുറന്നാലെവന്നും
ദുരിതമൊഴിയുമെല്ലാ”മെന്ന ചൊല്‍ സാര്‍ത്ഥമായി

മാലിനി
 

വ്രജകുലപതിപാദം കാണ്‍കിലാനന്ദമാര്‍ക്കും
നിജമുടനുളവാകും ജന്മസാഫല്യമാകും
ഒരുപൊഴുതവിടേയ്ക്കായ് പോക,വാതാലയേശന്‍
മരുവുമവിടമല്ലോ ഭൂവിതില്‍ നാകലോകം.

മാലിനി.


പരവശതയില്‍ വ“ന്നെന്‍ പുത്രനേ നീ തുണക്കെ”-
ന്നുരുവിടുമൊരു വിപ്രന്നേകിയാശ്വാസസൂക്തി
തുടരെയവിടെയെത്തീട്ടക്ഷണം ഭക്ഷണത്തോ-
ടസുരനസുവിനാശം നല്‍കി ഭീമന്‍ സ്തുതിക്കാം.

മാലിനി.


വിലസിതരവമോടെന്‍ കാതിലെന്തോ മൊഴിഞ്ഞി-
ട്ടലസഗതിയൊടെങ്ങോ പോയ്മറഞ്ഞാ സമീരന്‍
“ഉലകിലിവിധമെല്ലാം മായമാണെന്‍ സുഹൃത്തേ
പലതുമപകടം താനോര്‍ക്ക നീ“യെന്നുമാവാം.

മാലിനി.
 

അറ്റംകാണാതുഴറിയൊടുവില്‍ സ്വാന്തനം തേടി ഞാനീ-
യേറ്റം ദിവ്യം സവിധമണയേ കണ്ടു നിന്‍ മന്ദഹാസം
മറ്റാരോടും ദുരിതമിവിധം ചൊല്ലിടാനില്ല കണ്ണാ
ചുറ്റിക്കൊല്ലാ , വ്രജകുലപതേ ,പാഹിമാം ദീനബന്ധോ.

മന്ദാക്രാന്ത.
 

ഓണം വന്നൂ, നഗരമണിയും ഘോഷതോഷങ്ങളെല്ലാം
കാണുംനേരം കരളില്‍ നിറയുന്നാത്മഹര്‍ഷം ശരിക്കും
ക്ഷീണം കൂടാതനുദിനമൊരുക്കുന്നൊരോണക്കളം ന-
ല്ലോണം നല്‍കുന്നനുപമദൃശം,ഭൂതിയാം ഭൂതകാലം.
മന്ദാക്രാന്ത.
 

കാര്യം കാണാന്‍ പലരുമണയും പൊള്ളവാക്കോതിടും ഹാ
നേരാവില്ലാ, കരുതു മനുജാ വിഡ്ഢിയാവും ക്രമത്തില്‍
നേരേ മുന്നില്‍ സകലവിരുതും കാട്ടിടുന്നീജളന്മാ-
രാരായാലും കപടവഴിയില്‍ മാത്രമേ യാത്ര ചെയ്യൂ.
മന്ദാക്രാന്ത.
ചാലേചാലേ ഗഗനനിറവായ് മിന്നിടും താരകള്‍ക്കും
മേലേമേലേ പ്രഭയില്‍ വിടരും ചന്ദ്രബിംബം കണക്കേ
കാലേകാലേ മധുരഹസിതം തൂകി നീയെത്തിടുമ്പോള്‍
ലീലാലോലേ കരളില്‍ നിറയുന്നാത്മഹര്‍ഷം ശരിക്കും.

മന്ദാക്രാന്ത.

നാണംകൊണ്ടാ കവിളില്‍‌വിടരും പൂക്കളില്‍ നുള്ളി ലാളി-
ച്ചീണം മൂളും ഭ്രമരസമമായ് രാഗമെല്ലാം പകര്‍ന്നും
ഏണാക്ഷീ നിന്‍ പരിഭവമലര്‍ത്തൊത്തിലേ തേന്‍ നുകര്‍ന്നും
വാണീടുമ്പോള്‍ വരുമൊരു രസം ചൊല്ലുവാനവതാമോ !

മന്ദാക്രാന്ത.


പ്രായം ചെന്നാല്‍ വ്യഥകള്‍ വിവിധം വന്നിടും,മെല്ലെമെല്ലേ
കായം ശോഷിച്ചിനിയൊരു പണിക്കായിടാ,യവ്വിധത്തില്‍
മായം കൂടാതവനി വിടുവാന്‍ നേരമായാലെനിക്കാ-
ശ്രീയാം പാദ പ്രഭയിലലിയാനേക, കണ്ണാ, വരങ്ങള്‍.

 മന്ദാക്രാന്ത.
 
മന്ദം മന്ദം ചിരിയൊടരുകില്‍ വന്നു നീ നിന്നിടുമ്പോള്‍
എന്തേ ചെയ്‌വൂ കരളിലമൃതം പെയ്‌തിടുന്നെന്നു തോന്നീ
സ്പന്ദുക്കുന്നെന്‍ ഹൃദയ,മിതുപോല്‍ സ്വര്‍ഗ്ഗസൌഖ്യം ലഭിക്കേ
വന്ദിക്കുന്നൂമലര്‍ശരപദം,വേറെ ഞാനെന്തു ചെയ്‌വൂ !

മന്ദാക്രാന്ത.

വേണ്ടാ വേണ്ടീയണുനിലയമീ നാട്ടിലെന്നോതി മണ്ടന്‍
മണ്ടീ വേണ്ടാതതിരുവരെയും,വിഘ്നമായ് ഭാഗ്യമായീ
മണ്ടന്മാരാം സകലജനവും മണ്ടി പിന്നാലെ,യെന്നാല്‍
മണ്ടായ് കാര്യം കപടമിതുപോലാടുവോനച്ചുമാമന്‍

മന്ദാക്രാന്ത.
 
വ്യക്തം നിന്നോടിതുവിധമുരച്ചീടുമീ കാര്യമെല്ലാം
സത്യം മാത്രം ഹരിഹരസുതാ കാത്തിടാനെന്തമാന്ത
അത്യാപത്തില്‍ വലയുമിവനേ രക്ഷ ചെയ്യാന്‍ മടിച്ചാല്‍
നിത്യം ഞാനീ ശരണവിളിയാല്‍ ശല്യമേകാന്‍ മടിക്കാ.
 

മന്ദാക്രാന്ത.

മുല്ലേ,നിന്നുടെ വാഞ്ഛിതം യദുകുലാധീശന്റെ മാറില്‍ കിട-
ന്നല്ലേ പൂര്‍ണ്ണമതായിടൂ,യതിനു ഞാന്‍ കോര്‍ക്കുന്നു മാല്യങ്ങളായ്
മെല്ലേ നീയിതു ചൊല്ലണം ചെവിയിലാ കാര്‍വര്‍ണ്ണനോടെന്‍ മന-
സ്സല്ലേല്‍ വേണ്ട,വനെന്റെ ചിത്തമറിവോനല്ലേ ,യതെന്‍ പുണ്യമാം.

ശാര്‍ദ്ദൂലവിക്രീഡിതം.
 
സമസ്യാപൂരണങ്ങള്‍ 

സ്ഥാനമാനമതു മോഹിയാതെ സ-
മ്മാനമായുചിതരാഗമോടെ നീ
ലീനമായി സുധപോല്‍ ചൊരിഞ്ഞിടും
ഗാനമെന്തു മധുരം മനോഹരം.
 

ഹേ മുരാരി തവ മുന്നിലിന്നു ഞാന്‍
ആമയത്തിലൊരു കാര്യമോതുവാന്‍
എത്തിടുന്ന സയത്തു കേട്ടൊരാ
ഗാനമെത്ര മധുരം മനോഹരം.

രഥോദ്ധത. 

ഗാത്രം നിറച്ചു മണിഭൂഷയണിഞ്ഞെനിക്കായ്-
മാത്രം മൃദുസ്മിതവുമായരികേ വരുമ്പോള്‍
സൂത്രം പറഞ്ഞിടുകയല്ലാ സുലോചനേ നിന്‍-
ചിത്രം മനോഹരമിതെന്നുമെനിക്കു കാണാന്‍.


ക്ഷേത്രത്തില്‍ വന്നു തവ വിഗ്രഹമൊന്നു കാണ്‍കേ
നേത്രത്തില്‍ നിന്നു പൊഴിയുന്നിതു ബാഷ്പധാര
പാത്രത്തില നിന്നു നറുവെണ്ണ കവര്‍ന്നിടും നിന്‍-
ചിത്രം മനോഹരമെന്നുമെനിക്കു കാണാന്‍.

വസന്തതിലകം.

കല്പാന്തത്തിലുമീ ക്ഷിതിയ്ക്കു നിറവായ് വാഴുന്ന നിന്‍ വൈഭവം
കല്പിച്ചില്ല മനസ്സിലിന്നുവരെയും ,ഭോഗങ്ങളില്‍ മുങ്ങി ഞാന്‍
കെല്പില്ലാതെ വലഞ്ഞുവീണു ധരയില്‍, ദൈന്യത്തിലോര്‍മ്മിപ്പു ഹാ
നില്പാനുള്ള മരുന്നു ഞാന്‍ കരുതിയില്ലമ്മേ ! പരം മേ ഭയം.

ശാര്‍ദ്ദൂലവിക്രീഡിതം
കാലോപേതമടുത്തിടും ദുരിതമെല്ലാമൊട്ടൊഴിഞ്ഞീടുവാന്‍
കാലാരീ,തവ പൂജചെയ്യുമിവനേ കാത്തീടണേയെന്നുമേ
കാലക്കേടുകള്‍കൂടി, യെന്റെ കഴലില്‍ കാലന്‍ കുടുക്കിട്ടിടും
കാലത്താക്കഴുവേറിതന്‍ കഥ കഴിക്കേണം മിഴിക്കോണിനാല്‍.

ശാര്‍ദ്ദൂലവിക്രീഡിതം.
പുഷ്ക്കരാക്ഷി നദിയായിയാ തലയില്‍ മേവിടുന്ന ഗതി കണ്ടവാര്‍
ഭോഷ്ക്കുചൊല്ലി നടകൊണ്ടൊരദ്രിജ തരില്ലൊരിറ്റു സുഖമെന്നതും
മുഷ്ക്കരായ തവ രണ്ടു മക്കള്‍ ബഹു ചിത്രമായ നില കൊണ്ടതും
ദുഷ്ക്കരം തവ കുടുംബജീവിതമതോര്‍ത്തു വന്ദനമനാരതം.

കുസുമമഞ്ജരി

വനമാലീ തവ വദനം മാമക ഹൃദയത്തില്‍ പ്രഭ തൂകി
അതിനാലെന്നുടെ കദനം സര്‍വ്വതുമൊഴിയുന്നൊന്നൊഴിയാതേ
ഇനി ഞാന്‍ നിന്നുടെയരികില്‍ വന്നിടുമതിമോദം സ്ഥിരമെന്നും
ഗുരുവായൂരിലെയൊളിയായ് മേവുക ,യദുനാഥാ,നിറവോടേ.

 വനമാലം.

“കുസുമേ കുസുമോല്‍പ്പത്തി“
(പൂവിനുള്ളില്‍ പൂവു് ഉണ്ടാവുന്നു) എന്നു പറയുന്നതുപോലെ ഒരു വൃത്തത്തിലെ
ശ്ലോകത്തില്‍ മറ്റൊരു വൃത്തത്തിലെ ശ്ലോകം കൂടി..ഒരു കുസൃതിക്കു
രചിച്ചതാണേ..

സ്വരസാഗരത്തിലല പൊന്തിടുന്നപോല്‍
മണിവേണുഗാനമുയരുന്നു ലോലമായ്
അതുമെല്ലെവന്നു തഴുകുമ്പൊളാര്‍ദ്രമാം
മധുമാരിപോലെ കുളിരേകി ഹൃത്തിലും
.
(ഒരു മഞ്ജുഭാഷിണിയിലേ രഥോദ്ധത)

കനിഞ്ഞിവന്നേകിയ സൌഭഗങ്ങള്‍ ഞാന്‍
മറക്കുകില്ലെന്നതു മാത്രമോര്‍ക്ക നീ
അതാണു നിന്‍‌കോവിലിലെന്നുമെത്തി നല്‍‍-
പ്പദാംബുജം കാണ്‍കെയിവന്‍ നമിപ്പു ഹാ!

(ഇതാണു വംശസ്ഥ,മുപേന്ദ്രവജ്രയും.)
.
( സമസ്യാപൂരണംതിരുവാറ്റാ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വാസുദേവപ്രസാദ് നമ്പൂതിരി നടത്തിയ ഭാഗവതസപ്താഹപ്രഭാഷണം കേട്ടു  സദസ്സിലിരുന്നു നടത്തിയ ദ്രുതകവനങ്ങള്‍.
‘വാസുദേവപ്രസാദ’ത്താ-
ലുണരും ജ്ഞാനദീപ്തിയാല്‍
മയാകൃതമഘം സര്‍വ്വം
പോകു,ന്നാത്മസുഖം ഫലം.

പഥ്യാവക്ത്രം.
നന്ദാത്മജന്‍ കാണുകിലെന്റെ നേര്‍ക്കു
മന്ദസ്മിതം തൂകുമതെന്റെ ഭാഗ്യം
സൌന്ദര്യസാരം സഗുണാത്മരൂപം
വന്ദിച്ചു ഞാന്‍ നിര്‍വൃതിയോടെ നില്‍പ്പൂ

ഇന്ദ്രവജ്ര.
തീര്‍ത്ഥീകരിക്കുന്നതു തീര്‍ത്ഥമായാല്‍
ഗോപാലപാദം മമ തീര്‍ത്ഥമല്ലോ
ആ പാദധൂളിക്കു കൊതിച്ചു ഞാനി-
ന്നാമോദമെത്തീ ഭഗവാന്റെ മുന്നില്‍

ഇന്ദ്രവജ്ര
ചോറിന്നായീ പടികള്‍ വെറുതേ തെണ്ടിടും കുക്കുരങ്ങള്‍-
ക്കേറും തല്ലും തെരുതെരെയതേ കിട്ടിടൂ ,കാണ്മു നമ്മള്‍
ഏറെക്കാലം സുഖമിതുവിധം തേടുവോരേ മടങ്ങൂ
മാറാതെന്നും സുഖമരുളുവോനാണു വാതാലയേശന്‍.

മന്ദാക്രാന്ത.

കൈമള്‍ സാറിനൊരു മറുപടി.

“ശ്ലോകം ശോകവിനാശകം“ മഹിതമാം “ശ്രീകൃഷ്ണകര്‍ണ്ണാമൃതം“
തൂകും ശ്ലോകമരന്ദമൊക്കെയവിടുന്നാസ്വാദനം ചെയ്തതും
പാകം വന്ന പടുത്വമാര്‍ന്നയുചിതം വര്‍ണ്ണങ്ങളാല്‍ തീര്‍ത്തൊരാ
ശ്ലോകങ്ങള്‍ക്കിവനോതിടുന്നു വിനയം ചൂടുന്ന നല്‍‌വാക്കുകള്‍

അല്ലാ ഞാനൊരു പേരെടുത്തകവിയല്ലല്ലാ,യിതെന്‍ കൂട്ടുകാര്‍
ഉല്ലാസത്തൊടു ചൊല്ലീടുന്ന സമയം കുത്തിക്കുറിക്കുന്നതാം
നല്ലേറുന്നൊരു കാവ്യവും പലതരം ശ്ലോകങ്ങളും ഹൃദ്യമായ്
നല്ലോര്‍ക്കൊക്കെ മനഃസുഖം പകരുകില്‍ ധന്യം വരും ജീവിതം.

ഏവം ചിന്തയിലാണ്ടു ഞാന്‍ കവിതതന്‍ പാദങ്ങള്‍ വെച്ചിങ്ങനേ
ആവും‌പോലെ രചിച്ചിടുന്ന കൃതികള്‍ക്കാഹ്ലാദമേകാന്‍ സ്വയം
ഭാവം വേണ്ടതുപോലെയുള്ളപടിയായ് താങ്കള്‍ പറഞ്ഞീടവേ
തൂവും നന്ദിയൊടെന്റെ കാവ്യഹൃദയം സൂനങ്ങള്‍ പാദങ്ങളില്‍

തമ്മില്‍ കാണുകിലൊട്ടു കാര്യമുരിയാടാമെന്നു ചിന്തിച്ചു ഞാന്‍
സമ്മോദം ചില നാളുകള്‍ ചെലവഴിച്ചൊത്തില്ല കണ്ടീടുവാന്‍
ഇമ്മട്ടൊട്ടു മനസ്സിലോര്‍ത്തു കഴിയാനില്ലാ സുഖം തെല്ലുമേ
നിര്‍മ്മായം നറുവാക്കുമിത്ഥമെഴുതുന്നാശംസ നേരുന്നു ഞാന്‍.
*************************************************

Tuesday, August 14, 2012

ശ്ലോകമാധുരി.46



ആസ്വാദനശ്ലോകങ്ങള്‍.
 
വില്വമംഗലത്തു സ്വാമിയാരുടെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തിനു ഞാന്‍ നടത്തിയ തര്‍ജ്ജമ,
എന്റെ സ്വന്തം ശ്ലോകങ്ങളുടെ സമാഹാരമായശ്ലോകം ശോകവിനാശകം
എന്നീ പുസ്തകങ്ങളെക്കുറിച്ചു സുഹൃത്തുക്കള്‍ രചിച്ചവ

ശ്ലോകം ശോകവിനാശകം സഹൃദയര്‍ക്കാനന്ദസന്ദായകം
ശ്ലോകം ജ്ഞാനവിവര്‍ദ്ധകം ക്ഷമവളര്‍ത്തീടുന്ന ദിവ്യൌഷധം
ശ്ലോകം സ്നേഹസമത്വധര്‍മ്മമിവ കീര്‍ത്തിക്കുന്ന സങ്കീര്‍ത്തനം
ശ്ലോകം ജീവിതവീഥിതന്നിരുളകറ്റീടുന്ന പൊന്‍ ദീപവും.
ആര്യന്‍ നമ്പൂതിരിപ്പാടു്,ആയാംകുടി.
ശ്ലോകം ശോകവിനാശകം മഹിതമീ നാമാങ്കിതം പുസ്തകം
ശ്രീകൃഷ്ണന്റെ കഥാമൃതം മധുരമായ് ഭാഷാന്തരം ചെയ്തതും
ആകപ്പാടെ നിനയ്ക്കുകില്‍ സഫലമീ യത്നം മഹാവിസ്മയം
പാകം വന്നൊരു തൂലികയ്ക്കുടമതാന്‍ കര്‍ത്താവു രണ്ടിന്റെയും.
ചന്ദ്രശേഖര വാര്യര്‍,വാകത്താനം.
പത്തരമാറ്റു തികഞ്ഞൊരു കാവ്യമിതത്യധികം സുഖമേകിയെനി-
ക്കിത്തരമത്ഭുതശോകവിനാശകസൃഷ്ടി നടത്തിയ ഭാവനയില്‍
മുത്തുകള്‍ കോര്‍ത്തതു ശോഭന,ഗായിക,രൂപക,മാതിര,യെന്നിവയാല്‍
വൃത്തിയിലെന്നുടെ ഹൃത്തിലണിഞ്ഞൊരു സത്കൃതി സദ്ഗതി ചേര്‍ത്തു ഭവാന്‍.
(
മദിര)
ജെ.ആര്‍.മാടപ്പള്ളി,ചങ്ങനാശ്ശേരി.
മാന്തുരുത്തി മരിയാത്തുരുത്തുമായ്
ഓതുവാനരുതു ദൂരമെങ്കിലും
പ്രീതിയുണ്ടു  കവനപ്രവൃത്തിയില്‍
ഖ്യാതി രണ്ടു നിലയിങ്കലെങ്കിലും

ശ്രീലകത്തിനുടെ ശില്പവിസ്മയം
കോലുമക്കവനശീലു മിക്കതും
മേലുകീഴുമറിയും ജനങ്ങള്‍ തന്‍
കാലദോഷ പരിഹാരഭൈഷജം.

കര്‍ണ്ണാമൃതം സകലശോകഹരം സഹസ്ര-
വര്‍ണ്ണാഭമായ നിചയം നിറതേന്‍കുടം താന്‍!
വര്‍ണ്ണിച്ച വേണുനിനദം തരമാക്കിടുന്നൂ
പുണ്യം തികഞ്ഞ പുതുപഞ്ചമവേദസാരം.
സി.എന്‍.കൈമള്‍,മാന്തുരുത്തി.
ഭക്തിപ്രേമരസാനുഭൂതിനുകരും സത്തായൊരിശ്രീലകം    
മുക്തിയ്ക്കേകനിവാസമായ ഭഗവത്പ്പാദാരവിന്ദങ്ങളില്‍                    
കല്പിച്ചര്‍ച്ചനയക്ഷതാക്ഷരമലര്‍ച്ചാര്‍ത്താല്‍നടത്തീടവേ          
തല്പംവിട്ടെഴുനേറ്റൊരാ ഹരി ഹരിക്കട്ടേയനര്‍ത്ഥങ്ങളെ.
മോഹനന്‍ ,കൈപ്പട്ടൂര്‍.
ശ്ലോകമാധുരി.46 .

ഇല്ലത്തിരുന്നു ജപപൂജകള്‍ പൂര്‍ത്തിയാക്കി
മെല്ലേ തളത്തിലൊരു പായയുമിട്ടു പിന്നെ
സല്ലീനമായി നവകാവ്യമതൊക്കെ നീട്ടി-
ച്ചൊല്ലാനെനിക്കുമടിയില്ലൊരു തെല്ലുപോലും.

കള്ളും കുടിച്ചു വഴിവിട്ടു നടന്നു നാട്ടില്‍
തല്ലും നടത്തി നടമാടുമൊരുത്തനിട്ടു
തല്ലൊന്നുനല്‍കി ,യവിടുന്നു കടന്നു പോകാന്‍
ചൊല്ലാനെനിക്കുമടിയില്ലൊരു തെല്ലുപോലും.

കല്ലോലജാലമിളകുന്നതുപോലെ നല്ല
ഫുല്ലങ്ങളുല്ലസിതമായി ലസിച്ചിടുമ്പോള്‍
ഉല്ലാസമായി,മനമല്ലലൊഴിഞ്ഞുവല്ലോ
ചൊല്ലാനെനിക്കുമടിയില്ലൊരു തെല്ലുപോലും.

നല്ലാളുകള്‍ക്കു നടുവില്‍ സുഖമായിരുന്നി-
ട്ടുല്ലാസമായി പദമോര്‍ത്തു വരും മുറയ്ക്കു
നല്ലീണമുള്ള രചനാഗുണമുള്ള കാവ്യം
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും.

ശ്രീകൃഷ്ണപാദമഭയം തരു,മാത്മസൌഖ്യം
ലക്ഷ്യത്തിലാക്കുമൊരു മാനുജനോര്‍ക്ക നിത്യം
കംസാരിപാദഭജനം വരമെന്ന സത്യം
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും
വസന്തതിലകം(സമസ്യാപൂരണങ്ങള്‍).
അംഭോജാനനകാന്തിയോടെ വിലസും മാതേ മഹേശപ്രിയേ
സുംഭാദ്യാസുരരേ വധിച്ചു ധരയേ രക്ഷിച്ച ധന്യാത്മികേ
ഡംഭെന്‍ ഹൃത്തിലുദിച്ചുയര്‍ന്നു പടരാതെന്നേ തുണച്ചെന്നുമേ
നിന്‍പാദാംബുജപൂജചെയ്തു ഭുവിയില്‍ വാഴാന്‍ വരം നല്‍കണേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഏറ്റം നാറ്റമിതെന്നു ചൊല്ലി കഠിനം കുറ്റപ്പെടുത്തീട്ടു നീ
ഏറ്റം നാറിയ ചണ്ടിയൊക്കെ മുഴുവന്‍ പ്ലാസ്റ്റിക് കവര്‍ തന്നിലായ്
ഏറ്റത്തോടെ നിറച്ചു രാത്രി വഴിയില്‍ തെറ്റായെറിഞ്ഞിട്ടു മു-
ന്നേറ്റത്തിന്നു പെരുമ്പറപ്പറയുമായ് ചുറ്റുന്നു ഹാ കഷ്ടമേ!
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണന്‍ തന്നുടെനീലവര്‍ണ്ണമഴകില്‍ ചാര്ത്തീ മുകില്‍ മേനിയില്‍
വര്‍ണ്ണപ്പട്ടുടയാട തന്റെ നിറമോ കട്ടൂ കണിക്കൊന്നയും
അര്‍ണ്ണോജാനനകാന്തി മെല്ലീ തനുവില്‍ ചേര്‍ത്തൂ രമാദേവി ഹാ!
കണ്ണാ നിന്‍ മൃദുമന്ദഹാസമലര്‍ ഞാന്‍ ചേര്‍ത്തല്ലൊയെന്‍ ഹൃത്തിലും
ശാര്‍ദ്ദൂലവിക്രീഡിതം.
കാലങ്ങള്‍ പലതായിയീവിധമിവന്‍ തീരാത്ത ദൈന്യത്തിലെ-
ന്നാലംബം തവ തൃക്കഴല്‍ കരുതി ഞാന്‍ വാഴുന്നു ,പാഴായിടാ
മാലാര്‍ന്നീവിധമീ ധരക്കു ഘനമായ് തീരുന്ന നാളൊന്നു നിന്‍-
കാലന്നേകണമദ്രിജാധവ വിഭോ പ്രാര്‍ത്ഥിച്ചിടുന്നേന്‍ സദാ.
ശാര്‍ദ്ദൂലവിക്രീഡിതം--(സമസ്യാപൂരണം)
കാലോപേതമെനിക്കു നല്‍കി വരമാം കാര്യങ്ങളും ,ഭാഗ്യമായ്
ചാലേ വാഴുവതിന്നുമേറ്റമുതകും മാര്‍ഗ്ഗങ്ങളും നീ ഹരേ
മേലേ നിന്നുടെ ദൃഷ്ടിയെന്നുമിവനില്‍ത്തന്നേ പതിഞ്ഞീടുകില്‍
മേലായ്മക്കടിപെട്ടിടില്ല ഭുവനേ നീയേയെനിക്കാശ്രയം.
ശാര്‍ദ്ദൂലവിക്രീഡിതം..
ചിത്തേ വന്നിടുമത്തലാകെയൊഴിയാന്‍ ഭക്ത്യാ ഭജിക്കുന്നു ഞാന്‍
പൊല്‍ത്താരിന്‍ ശുഭകാന്തിയോടെ വിലസും ശക്തീ,മഹേശപ്രിയേ
നിത്യം ശ്ലോകസുമങ്ങളൊക്കെയിവിധം മുക്തിക്കു ഞാന്‍ മാര്‍ഗ്ഗമായ്
ചാര്‍ത്തീടാം,വിലസീടുകെന്റെ ഹൃദയേ മുക്താഫലജ്യോതിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ചീറും പാമ്പു കഴുത്തിലും നിറവെഴും ശൂലം കരത്തില്‍,സദാ
ചീറിപ്പാഞ്ഞൊഴുകുന്നൊരാറു തലയില്‍ പൊങ്ങുന്നു ചന്ദ്രക്കല
മാറാതെന്നുമുടുത്തിടാന്‍ വരകരിത്തോലും,വൃഷം തന്നിലായ്
കേറും നിന്നുടെ ചിത്രമെത്ര മഹിതം,ശംഭോ,നമിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം
ഞെട്ടീ,വൃഷ്ടി പെരുത്തു,കഷ്ടത കനത്തൊട്ടൊട്ടു നാളഷ്ടിയും
മുട്ടീ,മുട്ടിവിളിപ്പു കുട്ടികളെനിയ്ക്കൊട്ടില്ല സംതുഷ്ടിയും
കഷ്ടം  തന്നിവിധത്തില്‍ വട്ടുതിരിയുംമട്ടില്‍ വലയ്ക്കാതെയെന്‍
ദിഷ്ടക്കേടു മുടിച്ചിടാന്‍ തരികയമ്മട്ടാം വരം ശ്രീഹരേ.
ശാര്‍ദ്ദൂലവിക്രീഡിതം.
പണ്ടേ തന്നെ മനസ്സിലുണ്ടു നിറവാം ചെണ്ടോടു തുല്യം വരും
ചുണ്ടില്‍ ചേര്‍ന്നു ലസിച്ചിടുന്ന കുഴലിന്‍ തണ്ടാകുവാനാഗ്രഹം
വേണ്ടാ വേറെയനുഗ്രഹം ഹരി കരം കൊണ്ടൊന്നുയര്‍ത്തുന്നതായ്
കണ്ടാലിണ്ടലൊഴിഞ്ഞുപോവുമതിനായ് വേണ്ടും വരം നല്‍ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
പണ്ടേ കേട്ടൊരുപാടുകോവിലുകളില്‍ ചിന്നുന്നൊരൈശ്വര്യമായ്
തണ്ടാര്‍ബാണനു തുല്യമായനിറവില്‍ ശോഭിപ്പു നിന്‍വിഗ്രഹം
വണ്ടിന്‍വര്‍ണ്ണമിയന്നൊരാ തനു വരം ശ്രീവത്സശോഭാന്വിതം
കണ്ടാലിണ്ടലൊഴിഞ്ഞു പോവുമതിനായ് വേണ്ടും വരം നല്‍ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം
ഭക്ത്യാ ഞാനിവിധം മുരാരി സവിധേ വന്നെത്തിയര്‍ത്ഥിപ്പതീ -
സൂക്തം തന്നെ, മനസ്സിലോര്‍ത്തു നിരതം ശാന്തിക്കതാം നല്‍‌വഴി
മുക്തിക്കായ് വഴിയായിടുന്ന ഭഗവത്കര്‍ണ്ണാമൃതം പോലെ സം-
പ്രീത്യാ നിന്‍ ചരിതങ്ങള്‍ നിത്യവുമഹോ ചിത്തേ ലഭിക്കേണമേ
ശാര്‍ദ്ദൂലവിക്രീഡിതം.(സമസ്യാപൂരണം)
ഈശന്മാരുണ്ടനേകം കരുണയൊടിവനേ കാത്തുരക്ഷിപ്പതിന്നായ്
ആശിച്ചീമട്ടില്‍ ഞാനും സുഖകരമിവിടേ വാണിടുന്നെന്നുചൊല്ലാം
പാശം കൊണ്ടന്തകന്‍ വന്നിവനുടെ സമയം തീര്‍ന്നുവെന്നോതിടുമ്പോള്‍
ആ ശല്യം തീര്‍ത്തിടാനായ് ഗിരിസുതപതിതന്‍ പാദമേ രക്ഷ നല്‍കൂ.
സ്രഗ്ദ്ധര.
കേണീടുന്നെന്റെ ചിത്തം പലവിധമഴലില്‍ പെട്ടുഴന്നെന്നുമെന്നും
വാണീടുന്നര്‍ത്ഥശൂന്യം ഗതിയിലവനിയില്‍ ഭാരമായെന്നപോലേ
കാണേണം നീ മുരാരേ ക്ഷിതിയിലിവനു സംരക്ഷണം ലഭ്യമാവാന്‍
കാണുന്നേനില്ലുപായം തവകരുണയൊഴിഞ്ഞൊന്നുമേ ദീനബന്ധോ.
സ്രഗ്ദ്ധര.
തഞ്ചത്തില്‍ പൈതലെത്തന്‍ മടിയിലരുമയായ് വെച്ചു മെച്ചത്തില്‍ മെല്ലേ
നഞ്ചിന്‍നീര്‍ തേച്ചുവെച്ചു ള്ളൊരുമുല ചിരിയോടേകിടും നേരമയ്യോ
നെഞ്ചം വല്ലാതെ നീറുന്നിനിയിതുമതി,യെന്നേ വിടൂയെന്നു കേഴും
വഞ്ചിക്കാന്‍വന്ന നക്തഞ്ചരിയുടെ കഥ തീര്‍ത്തോരു കണ്ണാ തുണയ്ക്ക.
സ്രഗ്ദ്ധര.
നീളേ മേലേ നഭസ്സില്‍ നിറയെവിരിയുമാ താരകങ്ങള്‍ക്കു നാണം-
തോന്നും‌പോലേ ധരയ്‌ക്കീ മിഴിവു പകരുമീ പൂക്കളാകേ വിടര്‍ത്തീ
ശോകം ശൂന്യത്തിലാക്കും‌പടി,യവ തുടരേമന്ദഹാസം ചൊരിഞ്ഞെ-
ന്നുള്ളം തുള്ളിച്ചിടും നിന്‍ കനിവിനിവനിതാ നന്ദി ചൊല്ലുന്നു മുല്ലേ.
സ്രഗ്ദ്ധര.
മാലേയം ചാര്‍ത്തിനില്ക്കുംഗരുപവനപുരാധീശനേഞാന്‍ സ്മരിക്കും
വേണൂനാദം ശരിക്കും ചെവിയിലമൃതമായ്ത്തന്നെയെന്നും ശ്രവിക്കും
കേണീടുന്നീസ്ഥിതിക്കും ദുരിതഹനനനേ പൂര്‍ണ്ണമായാശ്രയിക്കും
കാണനാരും കൊതിക്കും നിറവു നിറയുമാ പാദപത്മം നമിക്കും
സ്രഗ്ദ്ധര.
മുറ്റത്തെല്ലാം നിരന്നെന്‍ കരളിനു കുളിരായ് പൂ വിടര്‍ത്തുന്ന മുല്ലേ
നീറ്റല്‍ ഹൃത്തില്‍ കുറഞ്ഞെന്നതുമൊരു ശരിയാണോര്‍പ്പു ഞാന്‍ നന്ദിപൂര്‍വ്വം
കുറ്റം ചൊല്ലാവതല്ലെന്‍ പ്രിയയുടെ മധുരംതൂകിടും മുഗ്ധഹാസം
തെറ്റില്ലാതിന്നു കാണ്മൂ നിരെനിരെവിരിയും പൂക്കളില്‍ പ്രേമപൂര്‍വ്വം.
സ്രഗ്ദ്ധര
മേലേ മാനത്തിലെന്നും നിരെനിരെനിരെയായ് പൂത്തുനില്‍ക്കുന്നുഡുക്കള്‍-
ക്കേറേ ചന്തം പകര്‍ന്നിട്ടവരുടെയിടയില്‍ ലാലസിപ്പൂ ഹിമാംശു
നേരേകാണുന്നവര്‍ക്കീയതുലനിറവെഴും ദൃശ്യമന്‍‌പോടു ചിത്തി-
ന്നേറേയേകുന്നു നിത്യം കദനമൊഴിയുമാ ശാന്തിതന്‍ സ്പന്ദനങ്ങള്‍.
സ്രഗ്ദ്ധര.
വാണീദേവീയെനിക്കും കനിവൊടെയിതിലുംവേണ്ടവണ്ണം ശരിക്കും
വേണം കാവ്യം സ്ഫുരിക്കും കഴിവു,മിഴിവു,വന്‍ഭാഗ്യമെല്ലാവഴിക്കും
വീണാ പാദംനമിക്കും നിരതമിവനിതാ മാനസേയങ്കുരിക്കും
ചേണാര്‍ന്നീണം തുടിക്കും പദമതിലുണരും ശ്ലോകമെല്ലാം രചിക്കും.
സ്രഗ്ദ്ധര.
വേഗം വന്നീടുനീയെന്‍ കമലനയനഗോപാല,വംശീവിലോല
രോഗം ഹാ നീറ്റിടുന്നൂ,കൃപയൊടടിയനേ കാത്തുരക്ഷിക്കവേണം
യോഗംതാന്‍ ഞാന്‍ നിനയ്ക്കും മധരിതതരമാം വേണുവില്‍ ഹൃദ്യമാകും
രാഗം കേള്‍പ്പിക്ക രാധാഹൃദയസുകൃതമേ രാസലീലാഭിരാമം.
സ്രഗ്ദ്ധര(സമസ്യാപൂരണം).
സാമോദം ഹൃദ്യമായീ കവിതകള്‍ വിടരും ശ്ലോകവൃന്ദാവനത്തില്‍
കേമന്മാരാം കവീന്ദ്രര്‍ സ്വയമിതുപടി നല്‍കാവ്യപുഷ്പം നിരത്തേ
ഈ മന്ദന്‍ കൂടിയിമ്മട്ടവരുടെയിടയില്‍ കൂടിനിന്നൊന്നു വര്‍ണ്ണ-
ക്ഷാമത്തില്‍ തീര്‍ത്തുവെയ്ക്കും സുമമിതില്‍ നിറവായ് സ്രഗ്ദ്ധരാവൃത്തഭംഗി.
സ്രഗ്ദ്ധര.