Saturday, December 11, 2010

ശ്ലോകമാധുരി.14

ഹരിഹരസുതനുടെ ചരണം തേടും
മനുജനു കരിമല തരണം ചെയ്യാന്‍
തെരുതെരെയുരുവിടു “ശരണം നീയേ
പദഗതിയടിയനു തരണം നീളേ”.
നവതാരുണ്യം.

കാക്കയ്ക്കു തോന്നുവതു ഖേദ,മതിന്റെ ശബ്ദം
‘ഘോരാരവം,കഠിന‘മെന്നു വിധിച്ചു ലോകം
‘മാഴ്കാതെ കാക,തവ സേവനമെത്ര ധന്യം
നീ തന്നെ വീഥികളില്‍ വൃത്തി തരുന്നു നൂനം.‘
വസന്തതിലകം

ഹാ! നല്ലതായ പല കര്‍മ്മഗുണങ്ങളാലേ-
യീ നല്ല ജന്മമതു നല്‍കി വിധീശ്വരന്‍ മേ
‘ഞാന‘ല്ല യീ ധരയിലേറ്റമുയര്‍ന്നഭാവ-
മാ നല്ലബോധമൊടു വാഴുവതെന്റെ ധര്‍മ്മം.
വസന്തതിലകം.

എന്നും സ്രഗ്ദ്ധര ഭൂഷയാക്കിയണിയിച്ചീമട്ടിലീവേദിയില്‍
ചിന്നും കാവ്യകലയ്ക്കു സ്വര്‍ണ്ണസമമാം വര്‍ണ്ണം പകര്‍ന്നീടുവാന്‍
മിന്നും താരകമെന്നപോലെ വരുമീ ശ്രീജയ്ക്കു ഞാന്‍ ചാര്‍ത്തിടും
വര്‍ണ്ണംകൊണ്ടു മനോഹരം മലരുകള്‍ ചേരുന്ന ഹാരം സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം
പണ്ടേ ഞാനൊരു മണ്ടനാണു കവിതക്കുണ്ടില്‍ പതിച്ചിങ്ങനേ
വേണ്ടാതീനമനേകമുണ്ടു രചനത്തുണ്ടായ് പറത്തുന്നു ഹേ
കണ്ടോറര്‍ കണ്ടൊരു മാത്രയില്‍ മലരുകള്‍ ചെണ്ടാക്കി നല്‍കീടുകില്‍
തണ്ടും കൊണ്ടിവനിണ്ടല്‍ വിട്ടു പതിയേ മണ്ടുന്നു വണ്ടെന്നപോല്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ആരാരാ ? ഋഷി താനിതെന്‍ പ്രിയനിവന്നേറ്റം കൃതാര്‍ത്ഥന്‍,സ്ഥിരം
പേരേറും കവി ‘കപ്‌ളി’ യെന്നപരനാമത്തില്‍ പ്രസിദ്ധന്‍ ജഗേ
വേറാരുണ്ടിവിടീവിധം കവിതയില്‍ കാര്യത്തൊടും മേമ്പൊടി-
ക്കായീ ഹാസ്യവുമിട്ടുതട്ടി വിവിധം തീര്‍ക്കുന്നു കാവ്യാമൃതം.
ശാര്‍ദ്ദൂലവിക്രീഡിതം
“ഏടാകൂടമൊടുക്കമൊക്കെ വടിവില്‍ത്തീര്‍ക്കേണമേ നീ ഹരേ”
പാടുന്നീവിധമാടലോടെയടിയന്‍, കൂടുന്നിതാ ദുഃഖവും
വാടും ചാടുമിടയ്‌ക്കു പാടെയുലയും ചാടെന്നപോലെന്‍ മനം
പാടോടീവിധമാടിയോടിയൊടുവില്‍ തേടുന്നിതാ നിന്‍പദം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഋക്ഷങ്ങള്‍ക്കൊരു ഭംഗിയുണ്ടു മനുജന്റക്ഷിക്കു സംതൃപ്തിയായ്
ലക്ഷം പൂവുകളൊത്തപോലെ തെളിയുന്നീവര്‍ണ്ണബിന്ദുക്കളായ്
നക്ഷത്രേശനുദിച്ചുയര്‍ന്നുവരുകില്‍ താരങ്ങളോ നിഷ്പ്രഭം
പക്ഷേ ചന്ദ്രനു വൃദ്ധിപോലെ ക്ഷയമുണ്ടി,ല്ലില്ല താരക്ഷയം.
ശാര്‍ദ്ദൂലവിക്രീ
ഡിതം.
സിന്ദൂരാരുണരൂപിണീ,ഭഗവതീ,ശ്രീ രാജരാജേശ്വരീ
സാനന്ദം തവ മുന്നിലായടിയനിന്നര്‍പ്പിപ്പു പുഷ്പാഞ്ജലി
ദൂനം വന്നു ഭവിച്ചിടാതെയിവനേ കാക്കേണമെന്നാളുമേ
ആനന്ദാമൃതവര്‍ഷിണീ,കൃപചൊരിഞ്ഞെന്നേ കടാക്ഷിക്കണേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഉണ്ടീ വേദിയിലിന്ദുലേഖസമമായ് മിന്നുന്നൊരാള്‍, സൌഭഗം
പൂണ്ടീ ഗായികയാലപിച്ച മധുരം ഗാനങ്ങളും മാനമായ്.
തണ്ടേറില്ലിവളില്‍,പിതാവുചൊരിയും സ്നേഹാര്‍ദ്രബിന്ദുക്കളാല്‍
തണ്ടേറട്ടിവിടുണ്ടു ഞാനുമവര്‍തന്‍ കൂട്ടിന്നു വാട്ടം വിനാ.
ശാര്‍ദ്ദൂലവിക്രീഡിതം
സാമോദം നവകാവ്യമൊക്കെ നിരതം തീര്‍ക്കാന്‍,നിരത്താന്‍ സ്വയം
വേണം നല്ലൊരു ഭാവനാഭരിതമാം ഹൃത്തെന്‍ സുഹൃത്തേ മിതം,
പോരാ,നല്‍കുകതിന്നു വേണ്ടവിധമാം വാക്കിന്‍ പ്രഭാവൈഭവം
ചേരുംപോലെ തൊടുത്തുവെച്ചു മികവില്‍ ചേരുന്ന ശയ്യാഗുണം.
ശാര്‍ദ്ദൂലവിക്രീഡിതം
‘പാ‘യും തേടി നടന്നിടുന്നു പതിയേ പായില്ല യീ വേദിയില്‍
പായില്ലെങ്കിലതില്ല പോട്ടെയിവിടേ ‘താ‘യുണ്ടു താങ്ങായി മേ
തായിന്‍ പുണ്യമതൊന്നുകൊണ്ടു ധരയില്‍ കിട്ടുന്നനേകം ഗുണം
തായേയോര്‍ത്തു തുടങ്ങുവോര്‍ക്കു മികവും കൈവന്നിടും സത്വരം.
ശാര്‍ദ്ദൂലവിക്രീഡിതം
തായേ,നിന്നുടെ മുന്നില്‍ ഞാനിതുവിധംനീട്ടുന്ന കൈക്കുമ്പിളില്‍
തായേ നിന്റെയനുഗ്രഹങ്ങളിവനും പാടുന്നു നിന്‍ കീര്‍ത്തനം
തായേ,നീയൊഴികെന്റെ ഹൃത്തിലപരം കാണില്ലിവന്നാശ്രയം
തായേയൊന്നിവനാടല്‍ വിട്ടുകഴിയാനാകേണമെന്നാളുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ശ്ലോകമാധുരി.13

“ഇന്ദീവരം ഭവതി കണ്ണൊടു ചേര്‍ത്തു വെയ്ക്കില്‍
സന്താപമാമതിനു ഭംഗി കുറഞ്ഞുപോകും“
എന്താണുചൊല്ലുവതതെന്നതറിഞ്ഞിടാതേ
മന്ദാക്ഷമോടവളു തെല്ലുതെളിഞ്ഞുനിന്നു.
വസന്തതിലകം.
ഋണബാദ്ധ്യത കൂടിടുന്നുവെന്നാല്‍
തൃണമാവുന്നിതു സ്വാഭിമാനമെല്ലാം
ഇതു മാനുഷനോര്‍ത്തിടില്ലയെങ്കില്‍
ഗതികെട്ടുള്ളൊരു ജീവിതം ഭവിക്കും
വസന്തമാലിക

നാണിച്ചെന്നുടെ മുന്നില്‍ വന്നൊരു ദിനം നീ ചൊല്ലിയ‘ന്നിത്തരം
നാണക്കേടുകളോതിയാല്‍ വരികയില്ലൊട്ടും സമീപം,ദൃഢം‘
കാണെക്കാണെമുഖത്തു മിന്നിയുദയം ചെയ്തോരുഭാവങ്ങളോ-
ടേണാക്ഷീമണിയെ സ്മരിക്കെ യിവനിന്നേറുന്നിതാനന്ദവും.
ശാര്‍ദ്ദൂലവിക്രീഡിതം.
മേ മേ യെന്നു കരഞ്ഞിടാതെയിനി നീ മേയേണമിങ്ങൊക്കെയും
വാ വാ യെന്നു വിളിക്കുവോര്‍ക്കു പിറകേയോടല്ലെ,യാടല്ലെ നീ
ദേ ദേ യെന്നു പറഞ്ഞിടുന്നതിനകം ഞാന്‍ വന്നിടാം നിശ്ചയം
പോ പോ നീയിനിയിഷ്ടമായ പടലും പുല്ലൊക്കെയും തിന്നു വാ.
ശാര്‍ദ്ദൂലവിക്രീഡിതം.
വാനത്തിന്നൊളിചേര്‍ത്തുനീളെ നിറയേതാരങ്ങളാരമ്യമായ്
ഊനം വിട്ടുതെളിഞ്ഞിടുന്നു,തുടരേ ചിമ്മുന്നു കണ്‍കോണുകള്‍
തൂമന്ദസ്മിതമോടുവന്ന മതിയാം പെണ്ണിന്നു ചുറ്റും നിര-
ന്നാനന്ദം നടമാടിടുന്നു, നിറവായീദൃശ്യ ദീപാവലി.
ശാര്‍ദ്ദൂലവിക്രീഡിതം.
ചുറ്റും വന്നു നിരന്നിടുന്ന കലിതന്‍ കഷ്ടങ്ങളില്‍പ്പെട്ടു ഞാന്‍
ഒട്ടൊട്ടാകെ വലഞ്ഞിടുന്ന പൊഴുതില്‍ പെട്ടെന്നുവന്നന്‍പൊടേ
കഷ്ടപ്പാടുകള്‍ മാറ്റിടുന്ന ജനനീ തൃച്ചേവടിപ്പൂക്കളില്‍
മുട്ടുന്നെന്റെ ശിരസ്സു നീയടിയനേ കാക്കുന്ന പോറ്റമ്മ താന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
തള്ളിത്തള്ളിവരുന്നൊരാ തിരകളില്‍ പാദങ്ങളൂന്നീടവേ
തുള്ളിത്തുള്ളിയുണര്‍ന്നിടുന്നു മനവും പൊന്തുന്നിതാനന്ദവും
മെല്ലേമെല്ലെയുതിര്‍ന്നിടുന്ന വിവിധം രാഗങ്ങളാമോദമായ്
ചൊല്ലിച്ചൊല്ലിനടന്നിടാനുടനെ നീ വന്നാലുമെന്‍ ഭാവനേ ! .
ശാര്‍ദ്ദൂലവിക്രീഡിതം .
കാലക്കേടുകളൊട്ടനേകമിനിയും വന്നാലുമില്ലാ ഭയം
ചാലേയൊക്കെയൊഴിച്ചിടുന്ന ഭഗവദ്നാമം സദാ ചൊല്ലുവേന്‍
മാലാര്‍ന്നെത്തിടുവോര്‍ക്കു വേണ്ടൊരഭയം നല്‍കുന്നൊരാ ദൈവതം
ചേലാര്‍ന്നിങ്ങു വിളങ്ങിടുന്നു നിരതം,ശ്രീരാമദേവം ഭജേ .
ശാര്‍ദ്ദൂലവിക്രീഡിതം .
ഓട്ടം താന്‍ മമ ജീവിതം മുഴുവനും പാട്ടിന്റെ പാദങ്ങളില്‍
വാട്ടം തെല്ലു വരുത്തിടാതെ ഭഗവാന്‍ കാത്തിത്രനാളും വരേ
ചട്ടം തന്നിലൊതുങ്ങിടാത്ത മനമേ,പാറീടുകീ വേദിയില്‍
നേട്ടം നോക്കുക വേണ്ട,പാടു മധുരം ഗാനങ്ങളാരമ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
“വൃക്ഷം തന്നിലൊളിച്ചിരുന്നു നിഭൃതം കൂകൂരവം മീട്ടിടും
പക്ഷീ,പഞ്ചമരാഗമായിയൊഴുകും പാട്ടാണു നിന്‍ നിസ്വനം“
മക്ഷിക്കൂട്ടമൊരുക്കിടും മധുരമാംതേനിന്‍ സമം ഹൃദ്യമാം
ലക്ഷം പാട്ടുകളീവിധം പരഭൃതം പാടും വസന്തദ്രുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒട്ടും തന്നെ നിനച്ചിടാതെ വിവിധം ഭാഗ്യങ്ങളായൊക്കെയും
ചുറ്റും വന്നു നിറഞ്ഞിടുന്നു സുഖമായെന്‍ ജീവിതം ധന്യമായ്
ആര്‍ക്കും കഷ്ടതയേകിടാതെയൊരുവന്‍ ജീവിക്കിലോ തുഷ്ടിയോ-
ടിഷ്ടംപോലെ ലഭിച്ചിടും ധരയിതില്‍ സൌഭാഗ്യസഞ്ജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം
മുല്ലേ മെല്ലെയുതിര്‍ത്തിടൂ മലരുകള്‍,മല്ലാക്ഷിമാര്‍ക്കൊക്കെയും
സല്ലീനം കളിയാടുവാന്‍ നലമെഴും മാല്യങ്ങളായ് കോര്‍ക്കണം
ഇല്ലാ നല്ലൊരു വല്ലിയിന്നിതുവിധം ഫുല്ലങ്ങളാല്‍ പുഞ്ചിരി-
ച്ചുല്ലാസത്തൊടുലഞ്ഞുലഞ്ഞുവിലസുന്നല്ലില്‍ മലര്‍ക്കാവിതില്‍‍.
ശാര്‍ദ്ദൂലവിക്രീഡിതം
രാഗം രംഗിതമാക്കിടും ലളിതമാം താളങ്ങളില്‍ തത്തി നീ
വേഗം വന്നിടു ഭാവനേ, ശ്രുതിയിതാ നില്‍ക്കുന്നു സുസ്മേരയായ്
രോഗം വന്ന മനസ്സുകള്‍ക്കു സുഖമിന്നേകുന്നയീണങ്ങളില്‍
യോഗം പോലുടനേകിടൂ സ്വരസുധാസംഗീതമാം ഭൈഷജം .
ശാര്‍ദ്ദൂലവിക്രീഡിതം.
ഉള്ളില്‍ത്തട്ടിയൊരിറ്റു ലാളനമിനിക്കിട്ടില്ലയെന്നോര്‍ത്തു നീ
ഉള്ളില്‍ത്തന്നെയിരുന്നിടേണ്ട കവിതേ, വന്നാലുമെന്‍ മാനസേ
ഉള്ളില്‍ പൂക്കണിപോലെവന്നു മൃദുലം പാദങ്ങളില്‍ മുത്തണി-
ഞ്ഞുള്ളില്‍ നീ നടമാടിടൂ,കവിതയായ് ഞാന്‍ ചാര്‍ത്തിടാം വേദിയില്‍
ശാര്‍ദ്ദൂലവിക്രീഡിതം
ഹൃദ്യം തന്നെ,യിതേവിധം ചടുലമാം പാദങ്ങളില്‍ തത്തി നീ
നിത്യം വന്നിടു ഭാവനേ,കവിതയോടൊത്തെന്റെ വാടങ്ങളില്‍
ഉത്സംഗത്തിലിരുത്തി ഞാനരുമയായ് ലാളിച്ചിടാം നിങ്ങളേ
മാത്സര്യം വെടിയേണമേയിരുവരും,സത്സംഗമല്ലോ നലം.
ശാര്‍ദ്ദൂലവിക്രീഡിതം.

Sunday, November 21, 2010

നവീനവൃത്തങ്ങള്‍

നവീനവൃത്തങ്ങള്‍
സ്വന്തമായി ചിട്ടപ്പെടുത്തിയ ചില വൃത്തങ്ങള്‍
രചനക്കനുസരിച്ചു ലക്ഷണത്തോടുകൂടി കൊടുത്തിരിക്കുന്നു.

തീക്കണ്ണും തിങ്കളും, നിന്‍ തലയില്‍ മേലേയിരിക്കും
ഗംഗപ്പെണ്ണോടെതിര്‍ക്കും ഗിരിജ,യെല്ലാം സഹിക്കും
പങ്കപ്പാടൊന്നുമാറ്റി കഴിക കൈലാസനാഥാ
ശങ്കിക്കാതെന്റെ ചിത്തേ വരിക ,സൌഖ്യം വസിക്കാം.
.
വൃത്തം: ശ്രീലകം
“ചൊല്ലീടാം ശ്രീലകംതാന്‍ മരഭയം‌യംഗണത്താല്‍ ”

നാണത്താലേ തുടുക്കും കവിളു മെല്ലേ ചുവക്കും

പ്രേമത്തോടെന്നെ നോക്കും കവിത പോലേ ലസിക്കും
ഏവം നീ വന്നടുക്കും ചിരിയിലെന്നേ മയക്കും
നേരത്തെന്‍ ഭാവനക്കും ചിറകു താനേ മുളയ്ക്കും.
ശ്രീലകം
കണ്ണാ,വിണ്ണിനു വെണ്ണിലാവു പോലെന്‍
കണ്ണിന്‍ മുന്നിലുണര്‍ന്നുവാണിടെന്നും
തിണ്ണം ഞാന്‍ നറുവെണ്ണ നേദ്യമാക്കാം
മണ്ണിന്‍ ദണ്ണമതൊക്കെയൊന്നു മാറ്റൂ.
ദേവനാദം.
മംസംജംഗഗയോടെ ദേവനാദം.

ശ്ലോകം ഭംഗിയിലന്നു തീര്‍ത്തിടാനാ-
യേകീയീഗണമൊക്കെ വൃത്തമാക്കീ
പാകം പണ്ഡിതഹൃത്തില്‍ വന്നപോലി-
ന്നാകുന്നീ നവവൃത്തമൊക്കെ രമ്യം
ദേവനാദം
ഓണംവന്നു തെളിഞ്ഞിതെങ്ങുമെങ്ങും
കാണാം മന്നിനു തൂയഭംഗിയെല്ലാം
വേണും‌പോലവ പാര്‍ത്തു നിന്നിടുമ്പോള്‍
പോണെന്‍ ഹൃത്തിലെയാര്‍ത്തഭാവമെല്ലാം.
ദേവനാദം
സ്വര്‍ണ്ണത്തിന്നു സുഗന്ധമെന്നപോല്‍‌സദ്-
വര്‍ണ്ണം ചേര്‍ന്നു വിടര്‍ന്നു കാവ്യപുഷ്പം
തിണ്ണം താനനുവാചകര്‍ക്കു സൌഖ്യം
തൂര്‍ണ്ണം നല്‍കുമിതെത്രയെത്ര ധന്യം.
ദേവനാദം.
കണ്ണന്‍ തന്നൊടു ചേര്‍ന്നു നിന്നിടുമ്പോള്‍
കണ്ണില്‍ പൂക്കണിയായിടുന്നു രാധ
നീലത്താമരമൊട്ടുപോലുലഞ്ഞാ-
നീലാപാംഗ തുടുത്തു ലജ്ജയാലേ.
ദേവനാദം
കഥയ മമ ശാരികപ്പെണ്ണേ
കഥകളതിമോഹനം നിത്യം
ഇനിയുമതു കേള്‍ക്കുവാന്‍ മോഹം
നിറയുവതു കാണുകെന്‍ ചിത്തേ.
നിരുപമ
നിരുപമയതാം നസം യംഗം.

രാമനാമമെന്നുമെന്നുമീവിധം
ഭക്തിയാര്‍ന്നുതന്നെഞാന്‍ ജപിച്ചിടും
പാരിതില്‍ പ്രസിദ്ധമായ മന്ത്രമെ-
ന്നോര്‍ക്കതിന്റെ ശക്തിയും മഹത്ത്വവും.
രൂപകം
രംജരം‌ ലഗംനിരന്നു രൂപകം.

ഇഷ്ടമാണു നിന്നെയെന്നു ഞാനിതാ
എട്ടുവട്ടമോതിടുന്നു ശാരികേ
വിട്ടുപോയിടില്ലയെന്നെയെന്നു നീ
സ്പഷ്ടമായുരച്ചിടൂ,മനോഹരീ.
രൂപകം.
ഗിരിനന്ദിനീ വരദായിനീ
കരുണാമയീ ശുഭകാരിണീ
തവരൂപമെന്‍ ഹൃദയേ സദാ
ശശിലേഖ പോലൊളിതൂകണം
ശശിലേഖ
സജജംഗയാല്‍ ശശിലേഖയാം.

പാടുക ദേവീ മധുരോദാരം
കേഴുകയാണീയനുകന്‍ ദീനം
നിന്നുടെ ഗാനം മതിയാവോളം
കേള്‍ക്കുകിലെല്ലാം സുഖമായീടും
ഗായിക
"ഗായികയാകും ഭതയംഗത്താല്‍"

നന്ദനരാഗം മുരളീനാദം
മന്ദമുയര്‍ത്താമിനിയാമോദം
മന്ദസമീരന്‍ പ്രണയാലോലം
സുന്ദരി നിന്നേ തഴുകീടുന്നൂ.
ഗായിക

ശ്ലോകമാധുരി.12.

ആലോലം കൈയിളക്കേ തരിവള‍,കടകം കൊഞ്ചിടും നാദമോടും
കാലില്‍‌ച്ചേര്‍ന്നുല്ലസിക്കും തളകളിളകിടുന്നാ രവത്തോടുമൊപ്പം
നീലക്കാര്‍വര്‍ണ്ണനോതും കളകളമൊഴിയാമാ മണിക്കൊഞ്ചലോടും
കോലും ശ്രീവത്സരൂപം മനമതില്‍ നിറയേ ചേര്‍പ്പു ഭക്തിപ്രഭാവം.
സ്രഗ്ദ്ധര

ജ്ഞാനപീഠപദമേറിടുന്ന കവിസാര്‍വഭൌമ തവ മുന്നില്‍ ഞാന്‍
നൂനമായിവിധമേകിടുന്നു ബഹുമാനമായ് കുസുമമഞ്ജരി
ഗാനമാലികകളേകി കൈരളിയെ ധന്യമാക്കിയ മഹാപ്രഭോ
സ്ഥാനമാമൊടനേകകാലമിനിയും ജ്വലിക്ക വരതാരമായ്.
കുസുമമഞ്ജരി
ശ്രീലകത്തു നിറവായി വന്ന ശിശുവാണിവന്റെ ഹരമിന്നിമേല്‍
ശ്രീ തരുന്ന തിരുവോണനാളിലവനെന്റെ ഗേഹശുഭതാരമായ്
ശ്രീനിവാസവരമായ പൊന്നവനിലേകുമെന്‍ സുഖദലാളനം
ശ്രീ തരുന്നു ഹൃദയത്തിലും പരമരാജയോഗവരസൌരഭം.
കുസുമമഞ്ജരീ
നിരനിരനിരയായിപ്പൂത്തശാകങ്ങളാലേ
സുരുചിരവരകാന്തിച്ചാര്‍ത്തണിഞ്ഞിപ്രഭാതം
വരുമിനിയതിമോദം പൂണ്ടു കൈദാരവൃന്ദം
തരുമൊരു മധുരാഗം കീരവാണീമരന്ദം
മാലിനി
മണ്ടന്റെ പിന്നാലിതുപോല്‍ പറന്നാല്‍
ഉണ്ടായിടുന്നിണ്ടലനേകമാര്‍ക്കും
മണ്ടയ്ക്കു തെല്ലുണ്ടു വിവേകമെങ്കില്‍
മിണ്ടാതെ മണ്ടീടവിടുന്നു വണ്ടേ.
ഇന്ദ്രവജ്ര
വാനിലുയര്‍ന്നൂ പൌര്‍ണ്ണമി വീണ്ടും
കാനനമാകേ ശോഭ പടര്‍ന്നൂ
രൂപവതീ നീ വീണയില്‍നിന്നും
ചേലിലുയര്‍ത്തൂ മോഹനരാഗം.
ചമ്പകമാല

ലേശം ചിന്തയൊടെത്തി ഞാനിവിടെയെന്നീശാ സ്വയം ത്വല്‍‌പദേ
ഈശന്മാര്‍ക്കുമൊരീശനായി മരുവും സര്‍വ്വേശ്വരാ പാഹിമാം
പാശം വീണിടുമന്ത്യമായ സമയം നിന്‍‌നാമമെന്‍ രക്ഷയാ-
ണാശാപാശമൊഴിഞ്ഞു ഞാനിഹ വസിച്ചീടുന്നു നിന്‍‌പൂജയില്‍
ശാര്‍ദ്ദൂലവിക്രീഡിതം..
ഞാനീ കാവ്യസരസ്സിലൊന്നണയുമീ നേരത്തു കാണുന്നിതീ-
ജ്യോതിര്‍ദീപ്തിയിലേറെ സുന്ദര നവശ്ലോകങ്ങളാരമ്യമായ്
ദ്യോവില്‍ താരകമാലപോലെ തെളിയുന്നീശ്ലോകഹാരങ്ങളാല്‍
പൂതം,ധന്യമനര്‍ഘമായിയുയരട്ടീ ജ്യോതിതന്‍ വൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇമ്പം ചേര്‍ന്ന പദങ്ങളാല്‍ ബഹുവിധം കാവ്യം രചിച്ചീടുവാന്‍
വമ്പന്‍ ഞാനിതിലില്ലെനിക്കു സമനായീ ഭൂവിലാരും ദൃഢം
അംബേ,യിത്ഥമനര്‍ത്ഥചിന്ത ഹൃദയേ തോന്നായ്‌വരേണം,ദിനം
മുന്‍പില്‍ വന്നു നമിച്ചിടാം,ശ്രിതജനാതങ്കാപഹേ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം
ഏണാക്ഷീമണി വാണി വന്നു പലനാളെന്നേ വിളിച്ചെങ്കിലും
നാണം കൊണ്ടതു കേട്ടമട്ടുകരുതീല്ലോര്‍ത്തൂ ജളത്വം വരും
വേണോ, വേണ്ടതെനിക്കു സ്വസ്ഥതയതൊന്നെന്നേ നിനച്ചെപ്പൊഴും
വാണൂ,വാണി ശപിക്കുമോ,പിണയുമോ വാണീമണീഗര്‍ഹണം?
ശാര്‍ദ്ദൂലവിക്രീഡിതം
കാണാമീ വനവീഥിയില്‍ നലമെഴും ശാലങ്ങളും പൂക്കളും
വാണീടുന്ന മൃഗാധിനാഥനെ ഭയന്നോടുന്ന ജന്തുക്കളും
ചേണാര്‍ന്നുള്ള വിഹംഗവൃന്ദമതുലം ഗാനം പൊഴിക്കുന്നതും
വേണും പോലെ നുകര്‍ന്നിടാന്‍ പ്രകൃതിതന്‍ ജാലങ്ങളും നിസ്തുലം.
ശാര്‍ദ്ദൂലവിക്രീഡിതം.
സാനന്ദം ഭജ പാദപത്മമിനിമേല്‍ ശ്രീ പത്മനാഭം വരം
സ്യാനന്ദൂരമമര്‍ന്നിടുന്ന ഭഗവാന്‍,ഭക്തര്‍ക്കഭീഷ്ടപ്രദന്‍
ആനന്ദാമൃതധാരയായി വരമിന്നെന്മേല്‍ ചൊരിഞ്ഞീടുമേ
ധ്യാനം ചെയ്തുകഴിഞ്ഞിടാമിവനവന്‍ പാദങ്ങളാണാശ്രയം.
ശാര്‍ദ്ദൂലവിക്രീഡിതം.
സമ്മോദം ബഹുവര്‍ഷമായ് കവിതയില്‍
കമ്പംമുഴുത്തീവിധം
ചുമ്മാതൊത്തിരി പാട്ടുപാടി,വിവിധം

ശ്ലോകം രചിച്ചന്വഹം
സമ്മാനം പലമട്ടു കിട്ടിയതിലങ്ങേറ്റം

രസിച്ചിന്നഹം
നിര്‍മ്മായത്തിലരങ്ങൊഴിഞ്ഞു പതിയേ-

യോതുന്നിതാ മംഗളം
ശാര്‍ദ്ദൂലവിക്രീഡിതം
നാലഞ്ചക്ഷരമൊക്കെ വൃത്തസഹിതം കോറാന്‍ കഴിഞ്ഞാലുടന്‍
ചേലഞ്ചും കവിസാര്‍വഭൌമപദവിക്കര്‍ഹം സ്വയം നിശ്ചയം
കാലക്കേടിനൊരുത്തനൊത്തപടിയായ് ചോദ്യം നടത്തീടിലോ
വേലിപ്പത്തലുകൊണ്ടുതന്നെയവനേ താഡിച്ചിടാം നിഷ്ഠുരം.
ശാര്‍ദ്ദൂലവിക്രീഡിതം--ഹാസ്യമുക്തകങ്ങള്‍.
“നീയോ,കീടമൊരിക്കലും തലയുയര്‍ത്തേണ്ടെന്റെ മുന്നില്‍ക്കിട-
‘ന്നയ്യോ,യെന്നെവെടിഞ്ഞിടൊല്ലെ‘യിതുപോല്‍ കേഴുംദിനം വന്നിടും“
പയ്യെക്കണ്ടതു കീടമാരി തുടരേ വീഴുന്നഹങ്കാരമി-
‘ന്നയ്യോ‘യെന്നു കരഞ്ഞിടുന്നു പിണറായ് മിന്നുന്നിതാ കീടവും.
ശാര്‍ദ്ദൂലവിക്രീഡിതം..ഹാസ്യമുക്തകങ്ങള്‍.

കുട്ടിപ്പട്ടര്‍ പെട്ടന്നയ്യോ
വട്ടം ചുറ്റീ തത്തോ പൊത്തോ
തട്ടും കിട്ടീ,മുട്ടും പൊട്ടീ
കെട്ടുംകെട്ടീ,വീട്ടില്‍ പോയീ.
വിദ്യുന്മാല..ഹാസ്യമുക്തകങ്ങള്‍ .

******************************************

Friday, September 24, 2010

ശ്ലോകമാധുരി.11

ശ്ലോകമാധുരി.11
സിതകരനിറബിംബമാര്‍ന്ന വിണ്ണില്‍
സുരുചിരശോഭ നിരത്തി താരകങ്ങള്‍
ഘനതതിയവയൊക്കെ മൂടിവെയ്ക്കാന്‍
നിരനിരെയോടിനടന്നിടുന്നു നീളേ.
പുഷ്പിതാഗ്ര.
വന്നാലുമെന്‍‌മുന്നിലിടയ്‌ക്കു നീയെന്‍
പൊന്‍‌വേണുവില്‍ മോഹനരാഗമായീ
മന്നിന്റെ ദുഃഖങ്ങളകറ്റുവാനായ്
നന്നായുയര്‍ത്തീടുക നിന്റെ നാദം.
ഇന്ദ്രവജ്ര

ഇടയ്ക്കു വന്നെന്റെ മടിയ്ക്കു മാന്ദ്യം
മുടിച്ചിടും ശ്ലോകമണിക്കുരുന്നേ
മടിച്ചിടേണ്ടെന്റെ മനസ്സിലെത്തൂ
പടുത്വമോടങ്ങു കളിച്ചുകൊള്ളൂ
ഉപേന്ദ്രവജ്ര
“ഇന്ദു മതി,ഇന്ദു മതി” യെന്നു മമ മോഹം
ചിന്തയിലുയര്‍ന്നിടുകിലുണ്ടതിനു കാര്യം
ഇന്ദുവദനപ്രഭവമെന്നുമതിമോദം
സുന്ദരമുണര്‍ന്നിടുകിലില്ലതിനു ഖേദം.
ഇന്ദുവദന

പള്ളിപ്പുറത്തു വിളയാടിടുമംബ വന്നെ-
ന്നുള്ളില്‍ത്തിളങ്ങുമൊളിയായി വിളങ്ങിടേണം
ഭള്ളായിയുള്ളമദമത്സരമാദിയെല്ലാ-
മുള്ളത്തിലുള്ളതഴിയാന്‍ വഴിയായിടേണം.
വസന്തതിലകം
പാവന ഭാസുര ഭാരതമേ
വാഴുക നീയഭിമാനമൊടേ
ഈ വിധമീ ധര തന്‍ തിലകം
പോലതുലം ദ്യുതിയാര്‍ന്നിടു നീ.
സാരവതി
സുന്ദരമാകും രാഗമതെല്ലാം
ഒന്നൊഴിയാതേ പാടുകനമ്മള്‍
ഭംഗിയിലോണപ്പാട്ടുകള്‍ പാടാം
തുള്ളിനടക്കാം ധന്യത നേടാം.
ചമ്പകമാല.
പലവിധനിറമായ് സുമജാലം
തെളിവൊടു വിരിയും മധുമാസം
അണയുക സഖി നീയതിമോദം
ശ്രുതിയൊടു പകരൂ ശുഭരാഗം.
ശുഭജാതം . (പൃഥ്വീ)

മുരളികയുടെയുള്ളില്‍ തിങ്ങിടും രാഗമെല്ലാം
ഒരുപിടി മലരായീ,മന്ദഹാസം തുടങ്ങീ
വരുകിവിടിനി നിങ്ങള്‍ ദുഃഖമെല്ലാം മറന്നീ
സുരുചിരവരരാഗം കേള്‍ക്ക,സൌഖ്യം വരിക്കാം.
മാലിനി
കദനമഴ പൊഴിയുമൊരു പൊഴുതിലതിവേഗം
തവസവിധമണയുവതു കഴികിലനുവേലം
മധുരമണിമുരളികയിലൊഴുകുമൊരു നാദം
മമഹൃദയവനികകളിലതു സുഖദരാഗം.
മണിദീപം

എത്തേണം നവവൃത്തമൊത്ത കവിതാമുത്തുക്കളോടൊത്തു താന്‍
ഉത്തുംഗോത്തമവൃത്തിയൊത്തു കവനം നിത്യം നടത്തുന്നവര്‍
ചിത്തം മെത്തുമുദാത്തഭംഗി നിരതം ചേര്‍ത്തും,നിറത്തില്‍ സദാ
ചാര്‍ത്തേണം കവിതയ്ക്കിതേ വിവിധമാമാത്താഭയും സ്തുത്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ചിങ്ങം വന്നു പിറന്നിതാ സ്മിതമൊടേ പൊങ്ങുന്നിതെന്‍ ഹൃത്തടം
മങ്ങാതിങ്ങു നിറഞ്ഞു നില്‍പ്പു നിറവില്‍ പൂവിട്ടൊരാപ്പൂക്കളം
എങ്ങും പൂവിളിയോടെയോടിവരുമീയോണം നമുക്കോര്‍മ്മയില്‍
തിങ്ങും സൌഹൃദമൊക്കെയൊക്കെ നിറയുന്നാക്കാലവും ബാല്യവും.
ശാര്‍ദ്ദൂലവിക്രീഡിതം
അന്നാ,കൌരവരൊത്തൊരാ സഭയില്‍ നീ നല്‍‌വാക്കുരച്ചീടവേ
ഒന്നായന്നവരങ്ങയോടു മദമായല്പത്വമോതീടവേ
എന്തേ തോന്നി മനസ്സിലും ഖലരവര്‍ക്കുണ്ടായൊരാപത്തിലും
ചൊല്ലീടെന്നൊടു ഹേ മുരാരി,യതിനായ് കാക്കുന്നിതിന്നെന്‍ മനം.
ശാര്‍ദ്ദൂലവിക്രീഡിതം
തത്തിതത്തിയടുത്തുവന്നനുദിനം മുത്തായ രൂപങ്ങളെന്‍
ചിത്തില്‍ കൊത്തിമിനുക്കിടുന്ന കവിതാകൈദാരമേ കൈതൊഴാം
നിത്യം നീയിതുപോലെവന്നു ഹൃദയേ നല്‍ക്കാവ്യമുത്തുക്കളീ-
വൃത്തത്തില്‍ ശുഭവൃത്തിയോടെ വിതറാനെത്തേണമെന്‍ ശാരികേ .
ശാര്‍ദ്ദൂലവിക്രീഡിതം
നല്ലോണക്കളമിട്ടു പത്തുദിനവും നല്‍‌പ്പൂക്കളാലിത്രയും
നല്ലോണം വരഭംഗിയായ് വിടരുമീശ്ലോകങ്ങളാലേ സ്വയം
നല്ലോണം മമ ചിത്തവും ബഹുവിധം ഭാവങ്ങളും ധന്യമാം
നല്ലോണത്തിനു ഭംഗിയാംവിധമിതില്‍ ചേര്‍ക്കുന്നു സൌന്ദര്യവും.
ശാര്‍ദ്ദൂലവിക്രീഡിതം

സ്നേഹം,സൌഹൃദ,മന്യരോടുബഹുമാനംചേര്‍ന്നവാണീസുഖം
മോദംതിങ്ങിടുമേറ്റവും ഗഹനമാം തത്ത്വങ്ങളോടേ ജവം
മാനത്തോടെയുയര്‍ന്നിടാന്‍ സുകൃതികള്‍ക്കൊന്നാകെയിന്നീവിധം
മാനങ്ങള്‍ തരുമീ‘സമൂഹ‘മിനിയും ശോഭിക്ക സദ്ജ്യോതിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം
പണ്ടേ നിന്നൊടു ഞാന്‍ പറഞ്ഞുപലതും നന്നായ് വരാനായ് ദൃഢം
വണ്ടേ നീയതു കേട്ടതില്ല,വിനയം തെല്ലും നിനക്കില്ലടോ
മണ്ടന്‍ നീ തുടരേ പറന്നിതുയരുന്നഗ്നിക്കുമീതേ ഞെളി-
ഞ്ഞുണ്ടായീ ഗതി,നിന്റെ ഗര്‍വ്വമിവിധം കത്തിക്കരിഞ്ഞഗ്നിയില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
വാണീദേവിയെനിക്കു നല്‍കി വരമായീണങ്ങളും ദാനമായ്
ചേണാര്‍ന്നീ മണിവീണയും ഗുണമെഴും രാഗങ്ങളും ഹൃദ്യമായ്
വാണീടേണമനുക്ഷണം തുണയുമായെന്‍ ഹൃത്തിലാമോദമായ്
വേണം നിന്‍ വരവൈഭവപ്രഭവമെന്‍ സൃഷ്ടിക്കു സദ്ജ്യോതിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
പാടേ വിസ്മൃതി തന്നിലാഴ്ത്തു കുയിലേ,നീ ശോകഭാവങ്ങളേ
പാടാനുള്ളൊരമോഘമാം കഴിവു നിന്‍സര്‍ഗ്ഗപ്രഭാവൈഭവം
പാടൂ നിന്‍പ്രിയരാഗമെന്റെ സവിധേയാമോദമായെങ്കിലെന്‍
പാടും വിട്ടു മയങ്ങിടാമിവിടെ ഞാന്‍, ഗാനം പൊഴിച്ചീടു നീ.
ശാര്‍ദ്ദൂലവിക്രീഡിതം
കാട്ടാളര്‍ കളിയാടിടുന്ന സഭയില്‍ പെട്ടന്നു മാന്‍‌പേടയാള്‍
ഒട്ടൊട്ടൊട്ടു കരഞ്ഞുകൊണ്ടിവിധമന്നോതീ”ഹനിക്കൊല്ല മാം”
കൂട്ടംവിട്ടുകെണിഞ്ഞൊരാ ഹരിണിയേ പെട്ടെന്നുതാന്‍ കശ്മലര്‍
വെട്ടിക്കീറിവധിച്ചു,ചൊല്ലി വിവിധം ന്യായങ്ങളും നിഷ്ഠുരം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒട്ടേറെക്കളികള്‍ കളിച്ചു പദവിക്കോട്ടം വരാതീവിധം
നാട്ടില്‍ക്കൊട്ടിനടത്തി മന്ത്രിഖലനാ പട്ടാഭിഷേകോത്സവം
പട്ടായുള്ളൊരു ജീവിതം പ്രജകളാ മദ്യത്തില്‍ ഹോമിക്കവേ
ചട്ടം നോക്കിയുരച്ചിടുന്നു സചിവന്‍”മദ്യം വിഷം കൂട്ടരേ”
ശാര്‍ദ്ദൂലവിക്രീഡിതം
കൊട്ടിക്കൊട്ടിയിടയ്ക്കിടയ്ക്കു കയറിക്കൊട്ടുന്നവന്‍‌ കൊട്ടിടും
കൊട്ടിന്‍ ചട്ടമുരച്ചിടാന്‍ തുനിയുകില്‍ കഷ്ടപ്പെടും കൂട്ടരേ
കൊട്ടട്ടേയവനിഷ്ടമായപടിയായ് കൊട്ടട്ടെ വട്ടായിടും
മട്ടില്‍ കൊട്ടി നടന്നിടട്ടെ,ചിലരാ വട്ടന്നു കൂട്ടാണെടോ.
ശാര്‍ദ്ദൂലവിക്രീഡിതം.
തുള്ളിത്തുള്ളിയുറഞ്ഞിടുന്ന വിവിധം ഭാവങ്ങളാരമ്യമായ്
തള്ളിത്തള്ളി നിറഞ്ഞിടുന്ന പൊഴുതില്‍ തോന്നുന്നൊരാനന്ദവും
മെല്ലേമെല്ലെയുയര്‍ന്നു ചിത്രശലഭം‌പോലേപറന്നിന്നിതീ-
വണ്ണംവര്‍ണ്ണമുണര്‍ത്തി മാനസവിയത്തില്‍ പാറിടും കാവ്യമായ്
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണില്‍ നോക്കി ദൃഢസ്വരത്തിലൊരു നാളെന്നോടു നീ ചൊല്ലി,“യെന്‍
കണ്ണേ നീയൊഴികെന്റെ ചിന്തയിലൊരാളില്ലില്ല മറ്റാരുമേ“
നണ്ണീ ഞാനതു സത്യമെന്നു,ശരിയാണെന്നാലുമെന്‍ ശാരികേ
വിണ്ണില്‍ പാറിനടന്നിടുന്നരികെയായാണ്‍‌തത്തയോടൊത്തു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചാടിച്ചാടിയിടയ്ക്കിടയ്ക്കു തലപൊന്തിച്ചുള്ളൊരാ കൂവലും
പേടിപ്പിച്ചിടുമാവിധം ചിറകടിച്ചാര്‍ത്തുള്ളൊരാ നാട്യവും
ഓടിച്ചെന്നു പിടയ്ക്കു വേണ്ടവിധമായേകുന്നൊരാ സൌഖ്യവും
കൂടിക്കാട്ടിയ കുക്കുടപ്രവര,നിന്‍ ഭാവം മഹാവൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം

“അപ്പൂപ്പാ കണ്ണടച്ചേ,തലയിലിനിയിതാ സോപ്പു ഞാന്‍ തേക്കുവാണേ
ഇപ്പം ഞാനെണ്ണതേപ്പിച്ചിവിടൊരുപടിയേലൊന്നിരുത്താം,വരൂന്നേ”
ഇമ്മട്ടില്‍ കൊഞ്ചിയെത്തും ചെറുമകളുടെയീ ലീലകള്‍ക്കായ് വഴങ്ങേ
സമ്മോദം ചൊല്ലിടാം ഞാന്‍ “ധരണിയിലിതുപോല്‍ വേറെയില്ലില്ല സൌഖ്യം”
സ്രഗ്ദ്ധര


















Saturday, August 14, 2010

ശ്ലോകമാധുരി.10

ശ്ലോകമാധുരി.10
വേണുഗാനമതിഹൃദ്യമായി ഞാന്‍
ഈണമോടെ ലയമാര്‍ന്നു പാടിടാം
വേണമെന്നരികിലെന്റെ തോഴിയെന്‍
ഈണമായിയിണയായിയെന്നുമേ
രഥോദ്ധത

മതി,മതിയിനിയൊക്കെയും മറക്കാം
മതിയതിശോഭ ചൊരിഞ്ഞുനിന്നിടുന്നു
മതിമുഖിയിനിയെന്റെയുള്ളിലെന്നും
മതിഹരമാം‌ മതികാന്തി ചിന്നിനില്‍‌ക്കും
പുഷ്പിതാഗ്ര
മതി,മതിയിനിയെന്നു ചൊല്ലിടാതേ
മതിമുഖി നീയൊരു പാട്ടുപാടു വശ്യം
മതിമതി,യതിലുള്ള രാഗമെല്ലാം
മതിവരുമോളമെനിക്കു നല്‍ക ഹൃദ്യം.
പുഷ്പിതാഗ്ര

പ്രമുദിതവദനേ നമുക്കെന്നുമേ
മധുവിധുമധുരം നിറം ചാര്‍ത്തിടും
അതിലിടമുറിയാനുയര്‍ത്തൊല്ല നീ
പരിഭവമുതിരും മൊഴിത്തുണ്ടുകള്‍.
പ്രമുദിതവദന
മതികലചൂടിയ നിറവോടും
കരുണയുണര്‍ന്നൊരു മിഴിയോടും
മനമിതില്‍ വന്നിടു ശിവശംഭോ
അരുളുക സദ്ഗതി സകലേശാ.
ജലധരനീലം

വസന്തകാലത്തു സൂനങ്ങളാലേ
ധരിത്രിയോലുന്ന ഭാവങ്ങള്‍ വശ്യം
പെരുത്ത മോഹങ്ങളിന്നെന്റെ ഹൃത്തില്‍
കൊരുത്തുനല്‍കുന്നു മാല്യങ്ങള്‍ ഹൃദ്യം.
കേരളി

നിറവായ് വിരിയും സുമനിരകള്‍
നിറമായ് നിറയും വനികകളില്‍
വരികെന്നരികില്‍ പ്രണയിനി നീ
നിരതം പകരൂ മധുരരസം.
ധരണി
കളയുക മധുമൊഴി കദനം ദൂരേ
ചെറിയൊരു ചിരിയുടെ മധുരം നല്‍‌കൂ
അരിയൊരു ലയമൊടു വരു നീയെന്നും
മതിമുഖിയിനി മമ നവതാരുണ്യം.
നവതാരുണ്യം

പലനാളു ഞാനീ പടിയേറിടുമ്പോള്‍
അറിയാതെ ഹൃത്തില്‍ സുഖമേറിടുന്നൂ
ശബരീശ നിന്നേ തൊഴുതെന്റെ പാപം
പരിപൂര്‍ണ്ണമായിന്നൊഴിവായിടേണം.
കോകരതം


************************************

ശ്ലോകമാധുരി. 9

ശ്ലോകമാധുരി. 9
പാഴ്ത്തണ്ടല്ലതു തോന്നിടേണ്ട വരമാം പുല്ലാങ്കുഴല്‍‌ നാദമാ-
ണാരും നാകസുഖം നുകര്‍ന്നിടുമൊരാ രാഗങ്ങളാണാ സ്വരം
പാരാതേ ശ്രുതിയോടെ വന്നു ലയമോടാലാപനം ചെയ്തിടൂ
നേരായ് ഞങ്ങളലിഞ്ഞിടട്ടെ നിഭൃതം ഗാനത്തിലെന്നാളുമേ.
ശാര്‍ദ്ദൂലവിക്രീഡിതം

വട്ടം കൂടിയ കുട്ടികള്‍ക്കു നടുവില്‍ ചട്ടെന്നു ചാടിക്കട-
ന്നൊട്ടൊട്ടൊട്ടിടവിട്ടു ചെറ്റു പെരുതായ് നീട്ടി‍ക്കുരച്ചിട്ടവന്‍
എട്ടും പൊട്ടുമറിഞ്ഞിടാത്തശിശുവിന്‍ മട്ടില്‍ പതുങ്ങീട്ടുടന്‍
പെട്ടെന്നോടിയൊളിച്ചതെങ്ങെവിടെയോ വട്ടാണു പട്ടിക്കെടോ !
ശാര്‍ദ്ദൂലവിക്രീഡിതം

“ശ്ലോകം,ശോകവിനാശകം”വരുമൊരീപേരിന്നിതന്വര്‍‍ത്ഥമായ്-
ത്തീരും പോലെ മനോഹരം,രചനകള്‍ സ്മേരം വിടര്‍ത്തുന്നിതാ
ആരും വന്നിതു കാണണം,സ്വയമലിഞ്ഞുല്ലാസമാര്‍ന്നീടണം
മോദം പൂണ്ടിതു ചൊല്ലണം,”സുഖദമീയാനന്ദവൃന്ദാവനം”.
ശാര്‍ദ്ദൂലവിക്രീഡിതം.

മേലേമേലെയിരുണ്ടുകൂടിയ മഴക്കാറിന്റെയൂറ്റം കുറ-
ച്ചേറെക്കേറിനിറഞ്ഞവാര്‍ പൊഴിയുമീഹര്‍ഷം മഹാവര്‍ഷമായ്
വേറായ് നോക്കുകിലൂഴിതന്‍‌ തലയിലിന്നാരോപുതപ്പിച്ചൊരി-
ക്കാറിന്‍ ശോഭയതെത്ര ഹൃദ്യമതിനേ വര്‍ണ്ണിപ്പതും ദുഷ്‌കരം !!!
ശാര്‍ദ്ദൂലവിക്രീഡിതം
സ്വന്തം വീട്ടിലിരുന്നിടാതെ പലരും മറ്റുള്ള ഗേഹങ്ങളില്‍
ചെല്ലുന്നൂ,ഗുണഭാഷിതങ്ങളവിടേ ചൊല്ലുന്നു പേരാര്‍ന്നിടാന്‍
മന്ദം തന്‍ഗൃഹമാകവേ മുടിവതും പൈശൂന്യമാവുന്നതും
കാണാതിങ്ങനെയോടുവോരൊടുവിലങ്ങാടും.സുഖം വിട്ടിടും.
ശാര്‍ദ്ദൂലവിക്രീഡിതം.
ഭൂതം ഭൂതികളോടെയാടിവിലസും ഭൂതേശ്വരന്‍ തന്‍പദം
ഭൂരിക്കും ബഹുഭൂരിഭക്തി വളരും പോലെ വിളങ്ങും വരം
ഭൂതങ്ങള്‍ക്കനുഭൂതിയേറെനിരതം നല്‍കുന്ന നിന്‍ വിഗ്രഹം
ഭൂതാധാര,മഭൂതപൂര്‍വനിറവില്‍ക്കാണേണമെന്നാ‌ഗ്രഹം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഓര്‍ക്ക്യൂട്ടെന്നൊരു വേദിയില്‍ക്കയറിടാമാര്‍ക്കും മറഞ്ഞാടിടാം
പൊക്കോട്ടേന്നൊരു വാക്കു വേണ്ട,പിരിയാമെല്ലാം നിഴല്‍ മാത്രമാം
ആര്‍ക്കും വേണ്ടൊരു ഖേദവും ചപലമാം ജാഡയ്ക്കു വന്‍പിന്‍ബലം
ചേര്‍ക്കാം,തന്‍ഗമകാട്ടിടാം,വികൃതമീയഭ്യാസവിദ്യാലയം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഓര്‍ക്കൂട്ടില്‍ കയറുന്നവര്‍ക്കു കഴിവിന്‍‌ ജാലം സുഖം നല്‍കിടു-
ന്നൊക്കുംപോലെ രചിച്ചിടും രചനകള്‍ക്കെല്ലാം ഗുണം കൂട്ടിടാം
ആര്‍ക്കുംനല്ലൊരു സൌഹൃദം വലയമാമെല്ലാര്‍ക്കുമേ ചേര്‍ന്നിടാം
ഓര്‍ക്കാന്‍ നല്ലദിനങ്ങളും തരുമൊരീ രംഗം മഹത്തായിടും.
ശാര്‍ദ്ദൂലവിക്രീഡിതം.

പേരക്കുട്ടികളൊത്തുചേര്‍ന്നിരുവരെന്നുത്സംഗമേറിക്കളി-
ച്ചേറെക്കൌതുകമോടെയെന്റെ കവിളില്‍ മുത്തം പകര്‍ന്നീടവേ
വേറൊന്നില്ല മനസ്സിലിന്നു,പെരുകുന്നാഹ്ലാദവും തൃപ്തിയും
മാറാതേറെ വരങ്ങളും നിറവൊടേ നല്‍കുന്നു സര്‍വ്വേശ്വരന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം

പലരിവിടൊരു ശയ്യാമോഹമോടേ പദത്തില്‍
പലപല പണിചെയ്‌വൂ, പോയിയേറേ പഥത്തില്‍
ശ്രമമതു ഗുണമായോ,തോന്നിയില്ലാ, ഫലത്തില്‍
ഗതിയതു വഴിമാറീ, ശയ്യയന്ത്യം നിരത്തില്‍ .
മാലിനി

വെറുമൊരു കുഴലായോരെന്നെ നിന്‍വേണുവാക്കി
തെരുതെരെയതിലൂതീ നാദമെല്ലാമുയര്‍ത്തീ
മധുരിതമൊരു രാഗം പിന്നെ മെല്ലേയുണര്‍ത്തീ
മതിമതി മണിവര്‍ണ്ണാ ജന്മസാഫല്യമായീ.
മാലിനി
ഉടനെയിവിടെവന്നീകാവ്യവേദിക്കുമുന്നില്‍
ഝടുതിയിലൊരുരാഗം പാടുവാനുണ്ടു മോഹം
ശ്രുതിലയമതിനേകാനെന്നുമെന്‍ കൂടെവേണം
രസനയിലമരേണം,വാണിയേകേണമീണം
മാലിനി
ഹരനൊടുഹരിചേര്‍ന്നാവേളയില്‍ജാതനായാ-
ഹരിഹരസുതരൂപം മാനസേ പൂജചെയ്യാം
ഉലകിതിലുളവാകും കാലദോഷങ്ങള്‍മാറ്റാന്‍
കലിമലഹരനല്ലാതാരുമില്ലാശ്രയം മേ.
മാലിനി
തരളപദമതാവാം താരിളംകൊഞ്ചലാവാം
സരളനടനമാവാം താരണിസ്മേരമാവാം
ശരിയൊടുപറയാനായാവതില്ലില്ലയിന്നീ
കവിതയൊടനുരാഗം തോന്നുവാന്‍ കാരണം മേ.
മാലിനി

നിശയിലൊളി പടര്‍ത്തീ ചന്ദ്രികപ്പെണ്ണു മണ്ണില്‍
നിറവൊടുചിരിതൂകീ സഞ്ചരിക്കാനൊരുങ്ങീ
തരുനിര മലരാകും തൂമൃദുസ്മേരമോടേ-
യവളൊടു കുശലങ്ങള്‍ മന്ദമോതാന്‍ തുടങ്ങീ.
മാലിനി
ജമുഖഹരനാകും വാരണാസ്യന്‍ മഹത്താം
ഗുഗണമരുളേണം വാരണം നീങ്ങിടെണം
തവദമിവനെന്നുംപൂജചെയ്‌വാന്‍ കഴിഞ്ഞാല്‍
അതുമതി മമജന്മം ധന്യമാവാന്‍ ജഗത്തില്‍ .
( ഗജമുഖന്‍ = ഗണപതി സംഹരിച്ച ഒരു അസുരന്‍ )
മാലിനി
ഹരിണികളത ദൂരേ തുള്ളിയാടിക്കളിപ്പൂ
തെരുതെരെയവയെന്തോ ചൊല്ലിടുന്നുണ്ടു തമ്മില്‍
“മനുജരിവരെയൊട്ടും വിശ്വസിക്കല്ലെ,പെണ്ണിന്‍
മണമൊരുഹരമാണീമാനുഷര്‍ക്കെ“ന്നുമാവാം !!!
മാലിനി
ചടുലനയനയെന്മേല്‍ ചാഞ്ഞിരുന്നൊന്നു നാണി-
ച്ചൊരുവിധമുരചെയ്തൂ ഹൃദ്യമായിപ്രകാരം
പുതിയൊരതിഥിയിങ്ങോട്ടെത്തിടുന്നെന്റെ ചിത്തം
പുളകിതമതിനായിക്കാത്തിടാം പത്തുമാസം.
മാലിനി

നിലവിലെ നിലയെല്ലാം നല്ലുനല്ലെന്നുചൊല്ലും
നിലയില്‍ ,നിലയെടുക്കുന്നാനിലയ്ക്കെന്തു ചൊല്‍‌വൂ?
നിലയതു നിലയാക്കുന്നോര്‍ക്കു ലോപം വരുത്താന്‍
നിലവിടുമൊരു കൂട്ടര്‍ തന്‍‌ നിലയ്ക്കെന്‍ പ്രണാമം.
മാലിനി

ചങ്ങാത്തമായി പലരുണ്ടിവിടെന്റെ ചുറ്റും
വിങ്ങാത്ത സൌഹൃദവുമുള്ളിലവര്‍ക്കു മുറ്റും
മങ്ങാത്ത ഹൃദ്യ മൃദുരാഗ വചസ്സിലൂറ്റം
ചുങ്ങാത്ത തേങ്ങലുകള്‍ ‍,മങ്ങലതൊക്കെ മാറ്റും
വസന്തതിലകം.
ഭോഷത്തമാവരുതു പൂരണമൊക്കെ വാണീ-
ദോഷം കളഞ്ഞളവിലര്‍ത്ഥവുമൊത്തുവേണം
ഭാഷയ്ക്കു നല്ല പിടിപാടു വരും വരേയ്ക്കീ-
വേഷം ധരിച്ചു ധരണീതലമേറിടുന്നു.
വസന്തതിലകം

ശ്ലോകത്തിനുണ്ടിവിടെ ഹൃദ്യമതായ ശക്തി
പാകത്തിലാണതിലെ വാക്കുകളെങ്കില്‍ ബുദ്ധി
ശോകത്തിനിന്നറുതിയേറെ വരുന്ന സിദ്ധി
ലോകത്തിലാര്‍ക്കുമുടനേകിടുമെന്ന തൃപ്തി.
വസന്തതിലകം

ബന്ധുക്കളാണു ബലമെന്നു നിനച്ചു ഞാനും
ബന്ധങ്ങളൊക്കെ ബഹുബന്ധുരമാക്കിവെച്ചു
അന്ത്യത്തിലൊക്കെ വിപരീതമതാവുമെങ്കില്‍
ചിന്തിക്കവേണ്ട സകലത്തിലുമുണ്ടു മായം.
വസന്തതിലകം
രാമായണം പരമഭക്തിയൊടീ ദിനത്തില്‍
പാരായണത്തിനു തുനിഞ്ഞിടുമെങ്കിലോര്‍ക്കൂ
രാ മായുമെന്നതൊരു തര്‍ക്കവിഹീനസത്യം
രാ മായണം വരണമാവരമെന്നുമെന്നില്‍.
വസന്തതിലകം.

സീരായുധന്റെ സഹജന്‍ കനിവാലെയേറ്റം
നേരായിയൊക്കെ വരമായിയെനിക്കു നല്‍കി
പോരായിതെന്നു പറയില്ലൊരുനാളിലും ഞാന്‍
പോരാന്നുതോന്നുവതു ദര്‍ശനസൌഭഗം താന്‍ ‍.
വസന്തതിലകം

ചതിച്ചു! ഹൃത്തിലാരെയും കടത്തിടില്ലയെന്നു താന്‍
മതിച്ചു നീണ്ടനാളുകള്‍ കഴിഞ്ഞു ധീരമെങ്കിലും
ചിരിച്ചു വന്നുകേറിയോളൊഴിഞ്ഞുപോകയില്ല,ഞാന്‍
പതിച്ചു നല്‍കി ഹൃത്തടം,കവിത്വവാണിയല്ലയോ.!
പഞ്ചചാമരം.

തിളക്കമാര്‍ന്ന രത്നമെന്നുതോന്നിവെച്ചതൊക്കെയും
തികച്ചു മുക്കുപണ്ടമെന്നു വന്നിടുന്നനാളതില്‍
ത്യജിക്കണം,നടക്കണം,തിരിഞ്ഞുനോക്കിടേണ്ട നാം
തരത്തില്‍ വന്നതെറ്റുകള്‍ ‍തിരുത്തിടേണമക്ഷണം.
പഞ്ചചാമരം
വിരുന്നുകാരനായി വീട്ടില്‍‌വന്നിടുന്ന മാനവന്‍
ഗൃഹത്തിനാഭ കൂട്ടിടുന്ന കാര്യമോതിയെങ്കിലോ
ചിലര്‍ക്കു ഹൃദ്യമായിടും,ചിലര്‍ക്കതോ രസിച്ചിടാ
മികച്ച കാര്യ ,മൊന്നുമോതിടാതെ കണ്ടു പോവതാം
പഞ്ചചാമരം.
“പ്രമോദമാം കളങ്കമറ്റ സൌഹൃദം ലഭിച്ചിടും“
പ്രമാദമായ ചിന്തയാണു,ദുഃഖമാണു ദുഷ്‌ഫലം
പടുത്വമോടെ തന്‍‌ഹിതം നടത്തുവാന്‍ നടിച്ചിടും
പതുക്കെ വന്നു പിന്നില്‍നിന്നു കുത്തിടും,തകര്‍ത്തിടും.
പഞ്ചചാമരം
കടുത്ത പത്തുമാസമന്നു ഗര്‍ഭഭാരവും ചുമ-
ന്നൊടുക്കമായൊരര്‍ഭകന്നു ജന്മമേകി,യമ്മയായ്
വയസ്സിയായയമ്മയെക്കളഞ്ഞു കൂട്ടിലാടിനെ-
ക്കൊടുത്തു കൂട്ടിനായി,യാ മകന്നു നല്‍ക പുഞ്ചിരി!
പഞ്ചചാമരം.

രുചിയ്ക്കുവേണ്ടി നാമിടുന്ന രാസവസ്തുവൊക്കെയും
വിചിത്രമാം വിഷങ്ങളാണു തെല്ലുമേ ശരിപ്പെടാ
ചിലര്‍ക്കു ഭീതിദങ്ങളായ രോഗവും വരുത്തിടും
വിരുദ്ധമാമിവയ്ക്കു നമ്മള്‍ രോധനം നടത്തണം
പഞ്ചചാമരം.

സത്യമായ പതിനെട്ടുതൃപ്പടികളേറി നിന്റെസവിധത്തിലി-
ന്നെത്തി ഞാനവിടെയൊത്തു ചേര്‍ന്നു ശരണംവിളിച്ചു നിലകൊണ്ടതും
തുഷ്ടിയാര്‍ന്ന തവദര്‍ശനത്തിലഴലാകെ മെല്ലെയൊഴിവായതും
വ്യക്തമായിയറിയുന്നിതാര്‍ത്തമനമാത്തമോദമിയലും സുഖം
കുസുമമഞ്ജരി
സ്നേഹത്തിന്‍ മൂര്‍ത്തഭാവം,നിറവു മെത്തുംസ്വഭാവം
മാതൃത്വം പൂര്‍ണ്ണഹര്‍ഷം,തനയനാത്മപ്രഹര്‍ഷം
മക്കള്‍ക്കാരാദ്ധ്യരൂപം,കലിലവാത്സല്യരൂപം
ചേലില്‍ചേരുന്ന ചിത്രം,ഭുവിയിലമ്മയ്ക്കു മാത്രം.
ശ്രീലകം

---------------------------------------------------------------

Wednesday, June 23, 2010

ശ്ലോകമാധുരി.8

അഗജ മുറുമുറുക്കും ഗംഗയെങ്ങോ കുതി‍ക്കും
തനയരവരൊരുക്കും ശല്യമോരോവഴിക്കും
ഹരനുടെ ഗതിയോര്‍ക്കാം തോന്നിടാ കുറ്റമാര്‍ക്കും
ഗിരിയിലൊരു കിടപ്പും നാടുതെണ്ടും നടപ്പും.
മാലിനി

പൊങ്ങച്ചമോടെ ചിലരിന്നു നടത്തിടും വന്‍ -
വങ്കത്തരങ്ങളിഹ കാണുവതെന്തു കഷ്ടം !
പൊങ്ങാണിതിന്നു വിലയെന്നതു സാര്‍ത്ഥമാക്കി-
“യങ്ങാണു പൂജ്യ“ മിവിടെന്നവരോടു ചൊല്ലാം.
വസന്തതിലകം.
ന്യൂയോര്‍ക്കില്‍
ഭേഷായി ! ഞാനിദൃശ കാര്യമുരച്ചുവെന്നാല്‍
യോഷക്കു നാണമിവിടങ്ങനെ ഭൂഷയല്ലാ
ശോഷിച്ചവസ്ത്രമുടലില്‍ ,പലരര്‍ദ്ധനഗ്ന-
വേഷം ധരിച്ചു ധരണീതലമേറിടുന്നു.
വസന്തതിലകം

പലര്‍ക്കു നന്മയെന്നുതന്നെയെണ്ണിടുന്നതൊക്കെയും
ചിലര്‍ക്കു തിന്മയെന്നുമിന്നുതോന്നിടാമെതിര്‍ത്തിടാം
അലംഘനീയമായതൊന്നുമില്ല മല്ലു ചൊല്ലിടാം
വലഞ്ഞിടേണ്ടെതിര്‍ത്തിടട്ടെ,നാളെ ബുദ്ധി വന്നിടാം.
പഞ്ചചാമരം

കറക്കുവാന്‍ പയോധരങ്ങളുണ്ടു മേലെ,മാറിടം
വിറച്ചിടുന്ന ഘോഷവും പൊഴിഞ്ഞിടുന്ന വര്‍ഷവും
കുറച്ചുനേരമിങ്ങുതങ്ങിവിശ്രമിക്ക രാത്രിയില്‍
മറുത്തുപോകിലിന്നെനിക്കു ദുഃഖമാകുമോര്‍ക്കണം.
പഞ്ചചാമരം

വൈരം ചാരുതയായിടാം ഗരിമയില്‍ ചാര്‍ത്തുന്നു നിത്യം ചിലര്‍
വൈരം ചേര്‍ന്ന വചസ്സു ഭൂഷണമതാക്കീടുന്നു കഷ്ടം! സ്വയം
വൈരങ്ങള്‍ക്കുപധാനമായ് മമ മനം മാറാതിരുന്നീടുവാന്‍
വൈരാണിക്കുളമാര്‍ന്ന ദേവപദമെന്‍ ചിത്തേ വരിച്ചേന്‍ സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം
മേഘംതന്‍ ഘനപാളികള്‍ക്കിടയിലൂടാഘോഷമായ്,തോഷമായ്
വേഷാഭൂഷകളോടെ യോഷയൊരുവള്‍ സ്മേരം പൊഴിക്കുന്നിതാ
തിങ്കള്‍പ്പെണ്ണവളാരെയോ തിരയുമീവേളയ്ക്കൊരോളം‌ പകര്‍ -
ന്നാവോളം നറുതാരകങ്ങളവളേ ലാളിപ്പതും കാണ്മിതാ.
ശാര്‍ദ്ദൂലവിക്രീഡിതം.

Wednesday, May 26, 2010

സമസ്യാപൂരണങ്ങള്‍

സമസ്യാപൂരണങ്ങള്‍
***************************************

പറയുകപൊളിയല്ലാ,നിന്റെ താരാട്ടുകേട്ടാല്‍

സകലരുമതുചൊല്ലും “സമ്മതിക്കില്ല,ശല്യം
ശനിദശയതുതന്നേ പിഞ്ചുകുഞ്ഞിന്നുമയ്യോ“
ഇതിനൊരുപരിഹാരം വേഗമുണ്ടാക്കിടേണം

സുഖമൊരുലവലേശംതെല്ലുമില്ലാത്തദേശം
പറകിലധികമോശംഎന്തുചെയ്യാംസ്വദേശം!
നരകമിതിനുനാശംവന്നിടില്ലെന്നുവന്നാ-
ലിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം

ശനിയൊരുദിനമായാലന്നുകല്യാണമായീ
ഗമയിലതിനുപോകാന്സാരിയില്ലോര്‍ത്തുകൊള്ളൂ
ഇതുപടിപറയുന്നൂഭാര്യയും,പൈസയില്ലാ-
യിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം

അരിയൊരുസുമജാലം പാര്‍ക്കില്‍നിന്നാലസിക്കേ
കളിയൊടവിടെയെത്തീ കുട്ടികള്‍കൂട്ടമായീ
സുമനിര,കളിയാലേ തല്ലിയെല്ലാംകൊഴിച്ചി-
ന്നിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം

കരിമുകിലൊളിവര്‍ണ്ണന്‍ മീട്ടിടും രാഗമെല്ലാ-
മതുപടിശരിയായീന്നോര്‍ത്തുഞാന്‍ പാടിടുമ്പോള്‍
സകലരുമുടനേവന്നെന്നെമാട്ടാന്‍ തുടങ്ങു-
ന്നിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം
***************************************

ഗിരിജയൊടതിഗൂഢം ശൃംഗരിക്കാന്‍ മനസ്സില്‍
പെരിയൊരു കൊതിയോടേ ചേര്‍ത്തുനിര്‍ത്തുന്നനേരം
ഹരനുടെ ഗളമേറിച്ചീറിയാടുന്ന നാഗാ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ.

തരുണികളിതു ചിത്തേ കാണണം സത്യമായും
തെരുവതിലലയുന്നൂ ഗുണ്ടകള്‍ ,കശ്മലന്മാര്‍
ഒരു പിടി,യതുപോരേ ജീവനും ഹാനി,പൊന്നാ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ

അരിയുടെ വിലപൊങ്ങുന്നിന്നു വാണംകണക്കേ
തെരുതെരെസമരങ്ങള്‍‌ ‍,ബന്ദു,ഹര്‍ത്താലതൊക്കേ
പൊതുജനമിതുതന്നേയോര്‍പ്പു ദുഃഖം‌പെരുത്തീ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ.

“പതിയെ ഭരണമങ്ങോട്ടേല്‍ക്കണം വീട്ടിലും നീ”
പതിയുടെ മൊഴികേട്ടൂ,കഷ്ടകാലം തുടങ്ങീ
പതിരുവിലയെനിക്കീവീട്ടിലാരും തരില്ലീ-
ഭരണവുമൊരുശാപം തന്നെയാണെന്നു വന്നൂ.

***************************************

പെണ്ണായജന്മമിതുശാപമിതെന്നുതന്നേ
കണ്ണീരുതൂകിയതിവേദനയോടെമാഴ്കേ
ഉണ്ണിക്കിടാവിനുടെരോദനമൊന്നുകേട്ടൂ
കണ്ണീരിലോ ചിരിവിരിഞ്ഞു വിരിഞ്ഞു വന്നൂ

***********************************

മരണം വരെയും സമരം ശരണം
ഭരണം പലതാം,സുദൃഢം കരണം
സഫലം വരുമാ നിയമം തരണം
വരണം വനിതാ സമ സംവരണം

***************************

വൃത്തമൊക്കണമതക്ഷരക്രമം
തെറ്റിടാതെഗണമൊക്കെയാകണം
ഇത്തരത്തിലൊരുകാവ്യമൊക്കുവാന്‍
മാര്‍ഗ്ഗമെത്രകഠിനംഭയങ്കരം

****************************

താപംതോന്നുംപടി യിതുടനീ രീതിയില്‍ത്താന്‍ സമസ്യാ-
താപം‌ തീര്‍ത്താലിവനുമിതിനായ് പൂരണംനല്‍കി മാറാം
താപംവേണ്ടാ ത്വരിതമുടനേതീര്‍ത്തിടാം നിന്‍മനസ്സിന്‍
താപം പോണം സപദി ഭുവനേ തപ്തസര്‍വ്വര്‍ക്കുമൊപ്പം.

താപം പോകാനുടനെവെറുതേശ്ലോകവും തീര്‍ത്തുഞാനും
മോഹംകൊണ്ടാവരികളിവിടേ പൂരണംപോല്‍ കൊടുത്തൂ
ഖേദം തോന്നുന്നൊരുവനിതിലേവന്നതില്ലാ,തുടര്‍ന്നീ-
താപം പോണം സപദി ഭുവനേ തപ്ത സര്‍വ്വര്‍ക്കുമൊപ്പം

ഏട്ടന്‍‌മാത്രംകൃപയൊടിവിടേയൊന്നുനന്നായ് ക്കുറിച്ചി-
ന്നേവം ചൊല്ലാം വരികയുടനേ കൂട്ടരേ തീര്‍ക്ക വെക്കം
കാവാലം വന്നിവിടെയൊരുനാള്‍നോക്കിയെന്നാല്‍ തപിക്കും
താപം പോണം സപദി ഭുവനേ തപ്ത സര്‍വ്വര്‍ക്കുമൊപ്പം.

***********************************************

മാലോകര്‍ക്കീവിധദുരിതവുംദുഃഖവുംനല്‍കിടുന്നോര്‍ ‍-
ക്കാലോചിയ്ക്കാമിവരെയിനിയും കണ്ടുമുട്ടേണ്ടതല്ലേ ?
ചേലാവില്ലാ,ഭരണമിവിധം ദൂഷ്യമായ്ത്തീര്‍ന്നുവെന്നാ-
ലീലോകത്തിന്‍ ഗതിയിതുതിരുത്തീടുവാനെന്തുനല്ലൂ ?

സര്‍ക്കാറാഫീസ്പടിയിലണയുംഫൈലുനീങ്ങല്‍ നടത്താന്‍
ആര്‍ക്കാര്‍ക്കൊക്കെപ്പടികളിടണോന്നാര്‍ക്കുചൊല്ലാംശരിയ്ക്കായ്?
സര്‍ക്കാര്‍ മാറും,വിധിയിതുവിധം ജീവനക്കാര്‍ ജയിയ്ക്കു-
ന്നീലോകത്തിന്‍ഗതിയിതുതിരുത്തീടുവാനെന്തുനല്ലൂ ?
************************************************

പ്രായത്തേ മാനിയാതേ ഖലജനനിവഹം തന്ത്രമാവിഷ്ക്കരിക്കും
ന്യായങ്ങള്‍കാണുകില്ലാ ജളതരസമമാം ഖ്യാതിയും സ്വന്തമാക്കും
കേമത്തംചൊല്ലു മയ്യോ ജനകനുസമമാംവന്ദ്യരേ നിന്ദചെയ്യും
പ്രായംചെന്നാലു മയ്യോ മരണമകലെയെന്നാശ്വസിക്കും മരിക്കും


*************************************************************

Monday, May 24, 2010

ശ്ലോകമാധുരി.7.

*******************************************************************
ശ്ലോകമാധുരി.7.

തത്തേ തത്തിയടുത്തടുത്തരികിലായെത്തേണമൊത്താലിനി-
പുത്തന്‍‌പാട്ടുകളത്രമേല്‍ മധുരമായോര്‍ത്തൊന്നുപാടീടു നീ
മെത്തും മുഗ്ദ്ധത മുത്തുപോലെ നിറവില്‍ ചിത്തത്തിലെത്തും,സുഖം
മൊത്തം പേര്‍ത്തു നിറഞ്ഞിടട്ടെ,മതിവിട്ടാര്‍ത്താടിടട്ടെന്‍ മനം.
ശാര്‍ദ്ദൂലവിക്രീഡിതം
കൂടാണെന്നുടെ മാനസം സ്ഥിരമതില്‍ കൂടുന്നൊരാകോകിലം
പാടാറുണ്ടിതനേകരാഗഗതിയില്‍ ഗാനങ്ങളാമോദമായ്
വാടാതേയതിനായിരം കവിതകള്‍ പാടാന്‍ കൊടുക്കുന്നു ഞാന്‍
നീഡം വിട്ടതു പോകയില്ലയിവിടം താനിന്നവള്‍ക്കാശ്രയം.
ശാര്‍ദ്ദൂലവിക്രീഡിതം

നീളത്തില്‍ തെളിയുന്ന താരഗണമോ,വെണ്മുത്തണിക്കൂട്ടമോ
മേളത്തില്‍ ചിതറുന്ന പൂത്തിരികളോ,സൌവര്‍ണ്ണബിന്ദുക്കളോ
താളത്തില്‍ തിരതല്ലുമിക്കടലിലെ തുള്ളുന്ന മീനങ്ങളോ
മാനത്തില്‍ നിറയുന്നതെന്നു പറയൂ രാത്രീ മനോഹാരിണീ !!
ശാര്‍ദ്ദൂലവിക്രീഡിതം

ഹംസാനന്ദിയിലൊന്നു ഞാന്‍ പ്രിയതരം പാടാന്‍ തുടങ്ങീടവേ
ഹംസം‌പോലെ നടന്നുവന്നൊരുവളെന്‍രാഗം കവര്‍ന്നൂദ്രുതം
ഹംസാനന്ദിയിടഞ്ഞിടയ്ക്കു സദിരും പോയെങ്കിലും കാമിനീ-
ഹംസം മാമകഹൃത്തിലേ വനികയില്‍ നീന്തിത്തുടിപ്പൂ സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം
രാഗം മാലികപോലെകോര്‍ത്ത വരമാം പുല്ലാങ്കുഴല്‍‌ നാദമാ-
ണാരും നാകസുഖം നുകര്‍ന്നിടുമൊരീ ഗാനം സ്വരം ചേരവേ
പാരാതേ ശ്രുതിയോടെ വന്നു ലയമോടാലാപനം ചെയ്തിടാം
നേരായാരുമലിഞ്ഞിടട്ടെ നിഭൃതം ഗാനത്തിലെന്നാളുമേ.
ശാര്‍ദ്ദൂലവിക്രീഡിതം
പാടുന്നൂ പലരിന്നു വേദികയറിത്തോന്നുന്നപോലേ പദം
പാടായ് വന്നിതസഭ്യതയ്ക്കു ചെവിയുംനല്‍കേണമെല്ലാം വിധി
പാടായീവിധ നൂതനംകവിതതന്‍‌ മോങ്ങല്‍സഹിക്കാതെ ഞാന്‍
പാടില്ലെന്നതുരയ്ക്കിലോ രിപുവതായ് ത്തീരും സുഹൃത്തുക്കളും.
ശാര്‍ദ്ദൂലവിക്രീഡിതം

ചാടായ് വന്നൊരു ദാനവന്നു ഗതിയായ് മോക്ഷം കൊടുത്തീലയോ ?
ചാടിസ്സര്‍പ്പഫണത്തിലേറിയൊരുനാള്‍ ‍ചെയ്തീലയോ നര്‍ത്തനം ?
ആടല്‍കൂടവെ യാദവര്‍ക്കുതുണയായ്‍ ശോഭിച്ചൊരാ കണ്ണനെന്‍
വാടല്‍മാറ്റി മനസ്സിനാഭ പകരാനെത്തേണമര്‍ത്ഥിപ്പു ഞാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം

കഥകളിനിയുമുണ്ടാം മാലിനീ തീരമാര്‍ന്നാല്‍
പറയുകയവയെല്ലാം മാനിനീ നീ സഹര്‍ഷം
കഥയിതുതുടരുമ്പോള്‍പെണ്ണിനാ കഷ്ടകാലം
വരുമൊരുവിധിയാമോ? കണ്ണുനീര്‍ ഗാഥയാമോ?.
മാലിനി.
സ്വയമൊരുവനുപാരം ഡംഭുകൂടിക്കഴിഞ്ഞാ-
ലവനുടെ വെളിപാടേ നല്ലുനല്ലെന്നുതോന്നൂ
ഇവനൊരു ശനിയാകും,പിന്നെ മറ്റുള്ളവര്‍ക്കും
ഖലസമമുപദേശം നല്‍കി സംതൃപ്തി നേടും.
മാലിനി

ഹരിഹരസുതരൂപം മാനസത്തില്‍ സ്മരിച്ചാല്‍
മലയതു കയറുമ്പോള്‍ ക്ലേശമെല്ലാം മറക്കും
ശിലയൊരു പടിയാകും,മുള്ളു പൂമെത്തയാകും
ശരണമതൊരു നാമം,ഭൂതനാഥം,ഗീരീശം.
മാലിനി

നക്ഷത്രമുത്തുക്കളെടുത്തുവീണ്ടും
വൃക്ഷത്തെയാരാണണിയിച്ചൊരുക്കി ?
നക്ഷത്രമല്ലല്ലതു രാത്രി തോറും
പ്രത്യക്ഷമാം തൈജസകീടജാലം
ഇന്ദ്രവജ്ര

ദേവം ബാലസ്വരൂപം ഹൃദയമാകേ നിറഞ്ഞീ-
വണ്ണം കണ്ണന്റെ ചിത്രം നിറവിലാകേ തിളങ്ങീ
ഭാവം ഭക്തര്‍ക്കു മോദം മിഴിവിലെന്നും പൊഴിക്കും
സ്മേരം കൈശോരരൂപം നിരതമെന്നും സ്മരിക്കാം.
ശ്രീലകം

ക്ഷിതിയിതില്‍ ജീവിതമെത്ര ശുഷ്ക്കമെന്നീ-
നരനുടെ ചിന്തയിലെന്നു തോന്നിടും. ഹാ!
ഇതിനിടെയെത്രയഹങ്കരിപ്പു മര്‍ത്ത്യര്‍
ശിവ,ശിവ കഷ്ടമിതൊന്നുതന്നെയല്ലീ ?
മൃഗേന്ദ്രമുഖം


*********************************************

Tuesday, May 18, 2010

ശ്ലോകമാധുരി.6.

തീക്കണ്ണും തിങ്കളും, നിന്‍ തലയില്‍ മേലേയിരിക്കും
ഗംഗപ്പെണ്ണോടെതിര്‍ക്കും ഗിരിജ,യെല്ലാം സഹിക്കും
പങ്കപ്പാടൊന്നുമാറ്റി കഴിക കൈലാസനാഥാ
ശങ്കിക്കാതെന്റെ ചിത്തേ വരിക ,സൌഖ്യം വസിക്കാം.
ശ്രീലകം

നാണത്താലേ തുടുക്കും കവിളു മെല്ലേ ചുവക്കും
പ്രേമത്തോടെന്നെ നോക്കും കവിത പോലേ ലസിക്കും
ഏവം നീ വന്നടുക്കും ചിരിയിലെന്നേ മയക്കും
നേരത്തെന്‍ ഭാവനക്കും ചിറകു താനേ മുളയ്ക്കും.
ശ്രീലകം

ഓപ്പോളെപ്പോള്‍ വരുന്നെന്നിവിടെനോക്കീട്ടിരുന്നി-
ട്ടപ്പോളപ്പോള്‍ത്തുടങ്ങാം രചനയെന്നോര്‍ത്തിരുന്നൂ
അപ്പോള്‍ത്തോന്നുന്നിതിപ്പോളിവിടെയൊന്നായ്‌ക്കുറിച്ചാ-
ലെപ്പോള്‍ വന്നൊന്നുകാണുന്നിവകളൊന്നാകെയോപ്പോള്‍ ?
ശ്രീലകം.

(ചൊല്ലീടാം ശ്രീലകംതാന്‍ മരഭയംയം ഗണത്താല്‍ )


Monday, May 10, 2010

ശ്ലോകമാധുരി.5.

ശ്ലോകമാധുരി.5
രാരീരം ചൊല്ലി മെല്ലേ തനയനെ വിരവില്‍ ശയ്യയിന്മേലിരുത്തീ-
ട്ടാരാ വന്നെന്നു നോക്കാന്‍ ചടുതരഗതിയില്‍ ബാഹ്യഭാഗേ ഗമിക്കേ
ആരുംകാണാതെമെല്ലേ പെരുകിയകുതുകാല്‍ ചാടിയോടീട്ടൊളിക്കും
സ്മേരംകൈശോരരൂപം തെളിയണമനിശം ഹൃത്തില്‍ വാതാലയേശാ.
സ്രഗ്ദ്ധര
രാമാ,നിന്‍പുണ്യനാമം പലവുരുവുരുവിട്ടിന്നു നിന്‍പൂജചെയ്‌വാന്‍
ആമോദത്തോടെ ഞാനീ തിരുനടയടയും മുമ്പു നിന്‍മുമ്പിലെത്തീ
രാമാ,നീ മാത്രമാണെന്‍ ദുരിതഭരിതമീ ജീവിതത്തിങ്കലെന്നും
സാമോദംരക്ഷചെയ്യും രഘുകുലതിലകം രാമഭദ്രം സുഭദ്രം.
സ്രഗ്ദ്ധര
രാമംശ്രീരാമനാമം പുനരൊരുനിമിഷം ഹൃത്തില്‍വന്നെത്തിനോക്കും
നേരംകൈവല്യമാര്‍ക്കും വരുമിതുസുദിനം തന്നെയെന്നോര്‍ക്ക തത്തേ
നേരംതെല്ലുംവിടേണ്ടാ സുഖകരതരമായാലപിക്കാംനമുക്കും
രാമംശ്രീരാമനാമം സകലഭയഹരം നാമമാനന്ദപൂര്‍വം.
സ്രഗ്ദ്ധര
രണ്ടാളുംപണ്ടുകാട്ടില്‍ ഗജമദമിളകിച്ചാടിയാടിത്തിമിര്‍ത്തി-
ട്ടുണ്ടായോന്‍ശ്രീഗണേശന്നൊരുപിടിയവലും തേങ്ങയുംവെച്ചിടുന്നേന്‍
ഉണ്ടാകും ഭൂതലത്തില്‍ പലവിധതരമാം വിഘ്നമെല്ലാമൊടുക്കാ-
നുണ്ടാവേണം ഗണേശാ അഗതിയിവിടിതാ നിന്‍ പദം കുമ്പിടുന്നേന്‍ .
സ്രഗ്ദ്ധര
ചിത്തത്തില്‍കാവ്യഭാവം വരുമൊരുമുറയില്‍ത്തന്നെയൊന്നായ് നിനച്ചാ-
വൃത്തത്തില്‍ നില്‍ക്കുമാറാ ഗുണഗണവിധമായ് ചേലില്‍ വര്‍ണ്ണങ്ങളാക്കീ
തിട്ടം ചേരുന്ന വണ്ണം സരസഭരിതമാം ഭൂഷയും പേര്‍ത്തുചേര്‍ത്തീ
പദ്യം തീര്‍ക്കുന്ന വേലയ്ക്കൊരുതരവിരുതും സൂത്രവും വേണമോര്‍ത്താല്‍ .
സ്രഗ്ദ്ധര
തേനൂറും കാവ്യമെല്ലാമനുദിനമെഴുതാന്‍ ത്രാണിയില്ലെന്റെ തായേ
മാറമെന്നോര്‍ത്തുപോയാലതുമൊരുശരിയല്ലെന്നതും കണ്ടിടുന്നേന്‍
ആവോളംവേലചെയ്തീ കവിതയൊരുവിധം തട്ടിമുട്ടിക്കുറിക്കേ
തോന്നുന്നൂപോരപോരാ കവിതയിതു വധം വേറെമാറിക്കുറിക്കാം.
സ്രഗ്ദ്ധര
പാടാനിന്നേറെയുണ്ടിന്നതുലലയതരം പാട്ടു ഞാന്‍ പാടിടുമ്പോള്‍
ആടാനായ് നീ വരേണം ലളിതസുഭഗമായ് മന്ദമായാടിടേണം
ഏവംഞാന്‍ചൊല്ലിയപ്പോള്‍മദഭരമിഴിയാള്‍വ്രീളയാല്‍മെല്ലെയോതീ
“ആവാമീ നാട്യമെല്ലാം മമ ഗളനികമായ് താലി നീ ചാര്‍ത്തുമെങ്കില്‍ “
സ്രഗ്ദ്ധര
അത്യന്തംശ്രദ്ധയോടീ കവികളെനിരതം പുല്‍കിയോള്‍ സ്രഗ്ദ്ധരേ നീ-
യത്യാഹ്ലാദം പകര്‍ന്നിട്ടുടനടിയിതുപോല്‍ വിട്ടുപോകാനൊരുങ്ങീ
ദിഷ്ടക്കേടായിയെണ്ണീ കവിവരരഖിലം നീയിറങ്ങുന്നനേരം
കഷ്ടം കേഴുന്നിദം” നീ പലമുറയിനിയും വന്നിടേണം പദത്തില്‍ . “
സ്രഗ്ദ്ധര
“കാവ്യംവൃത്തത്തിലാക്കാന്‍തുനിയുമൊരളവില്‍ നിങ്ങള്‍വന്നെന്റെമുന്നില്‍
“പാവം ഞാനാ” പറഞ്ഞിട്ടിടിതടയൊടുവില്‍ ത്തള്ളീ നേരേ വരേണ്ടാ“
ഏവംഞാന്‍ചൊല്ലിയപ്പോള്‍നിജഗളമിടറീട്ടെങ്ങുനീ സ്രഗ്ദ്ധരേപോയ്
പാവം നമ്മോടു കൂടാനൊടുവിലൊരു ദിനം നീ വരും,കാത്തു നില്‍പ്പൂ.
സ്രഗ്ദ്ധര
ശ്രീയാളും സംഗമേശന്‍ കതിരൊളി ചിതറി‍ക്കാന്തിചിന്നുന്നനാട്ടില്‍
പേരാളും കാവ്യമന്നര്‍ സുഖകരമിവിടേ സംഗമിക്കുന്നു മോദാല്‍
ആവോളം നമ്മളിന്നീയവികലനിമിഷം ഘോഷമാക്കേയിതോര്‍ക്കാ-
മെന്നാളും കൂട്ടുകാരായ് ത്തുടരണമിവിടേയ്ക്കിന്നുവന്നെത്തിയോരേ.
സ്രഗ്ദ്ധര (സമസ്യാപൂരണം)

Monday, April 26, 2010

ശ്ലോകമാധുരി.4

****************************************************************************
മീനാക്ഷീ, കൂര്‍മ്മയായീ കിടിയുടെ വിധമിന്നെന്തു നീ മൂളിയാലും
ഞാനിന്നീ പൂജചെയ്യാന്‍ നരഹരിസവിധം പോയിടും ഭക്തിപൂര്‍വ്വം
അല്ലെങ്കില്‍ വാ,മനസ്സില്‍ നിറവിനിടവരും മോഹനാരാമമെല്ലാം
തേടി പൂ ശേഖരിച്ചാഹരിയുടെ വരമാംകല്‍ക്കിരൂപം ഭജിക്കാം
സ്രഗ്ദ്ധര

താനാരാണതറിഞ്ഞിടാനൊരുവനാ ദ്വേഷം വെടിഞ്ഞീടണം
ദ്വേഷം കൈവിടവേണമോ മലിനമാം കാമം കളഞ്ഞീടണം
കാമം വിട്ടൊഴിവായിടാന്‍ മഹിതമാം ഭക്തിക്കു തന്നേ ബലം
സത്തായിത്ഥമറിഞ്ഞു വാഴുമവനോ ദേവന്നു തുല്യം ഭുവി.
ശാര്‍ദ്ദൂലവിക്രീഡിതം

ഞാനീ നോവലെടുത്തുവെച്ചുചിതമായാലോകനം ചെയ്യവേ

“ഞാനിന്നില്ലെ മനസ്സിലുറ്റ സഖിയായെന്നങ്ങതോര്‍ത്തില്ലയോ
സ്ഥാനം വിട്ടിടുകില്ല ഞാന്‍ ‍,തവമനം തേടണ്ട വേറൊന്നുമേ
നൂനം വന്നിടുകെന്റെകൂടെയിനി നീ” യെന്നോതി കാവ്യാംഗന.
ശാര്‍ദ്ദൂലവിക്രീഡിതം
മാനം നോക്കി ഗമിയ്ക്ക നീ,യവിടതാ പാറുന്നു നിന്‍ കൂട്ടുകാര്‍
മാനംനോക്കിയിരുന്നിടേണ്ട കവിതേ,നീയെന്റെസര്‍വ്വം പ്രിയേ
വാനംതന്നിലുയര്‍ന്നു നീ മധുരമായ് പാടീടുകില്‍ തുഷ്ടിയില്‍
ഞാനും ഭാവനതന്റെ പൂംചിറകിലായെത്താം,മറക്കാം,സ്വയം.
ശാര്‍ദ്ദൂലവിക്രീഡിതം

ശ്രീയെന്നുംനിറവായിടുന്ന സുതതന്‍ ‍ശ്രീയായ് ഭവിക്കുന്നൊരീ-
ശ്രേയപ്പൊന്മണി തന്റെയിന്ദുവദനം ശ്രീയാര്‍ന്നുകണ്ടീടവേ
ശ്രീമാതിന്നവതാരമെന്നു കരുതിന്നീയുള്ളവന്‍ ഹൃത്തിലീ-
ശ്രീയുംശ്രീലകഭംഗിയായ് വളരുവാന്‍ ,‍ ശ്രീദേ, വരം നല്‍കണേ.
(ശാര്‍ദ്ദൂലവിക്രീഡിതം)

പൂരം,പാരമപാരമായി വിരിയും രാവിന്റെ സൌന്ദര്യമാ-
യാരമ്യം മധുരം രസിച്ചു,വിരവില്‍ ചേരും ഹരം നിര്‍ഭരം
നേരാണീവരദര്‍ശനം പലരിലും പാരം ഭ്രമം ചേര്‍ത്തിടും
കാര്യംനേരിലതോര്‍ക്കണം,തുടരണംപൂരപ്രഘോഷം സ്ഥിരം
.ശാര്‍ദ്ദൂലവിക്രീഡിതം

വൃത്തം നിന്‍ മുഖശോഭയാണതു കളഞ്ഞെല്ലാത്തിനും മീതെയാ-
ണൊത്തൊത്തുള്ളൊരു പാദസഞ്ചലനവും നഷ്ടം വരുത്തീ ഖലര്‍
പൊല്‍‌ത്താരൊത്തൊരു ഭൂഷവിട്ടു,രസമോ തെല്ലില്ല കഷ്ടം,ശരി-
യ്ക്കത്യന്താധുനികം വിതച്ച വിനയില്‍പ്പെട്ടിന്നു കാവ്യാംഗന.
ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തം വേണ്ട,വിഭൂഷ വേണ്ട,പദവിന്യാസം ത്യജിക്കാമിതില്‍
പൊട്ടുംപോലെ നിരത്തിവാക്കുവിതറാമൊത്താല്‍ സ്വയംപൊക്കിടാം
അര്‍ത്ഥം വേണ്ട,തനിക്കു തോന്ന്യവിധമായ് നീട്ടിക്കുറുക്കീട്ടൊരീ-
യത്യന്താധുനികത്തിലായഗതിയായ് കാവ്യാംഗനേ,ഞൊണ്ടി നീ
ശാര്‍ദ്ദൂലവിക്രീഡിതം

സീതാന്വേഷണവേളയില്‍ കപിവരര്‍ നൈരാശ്യമാണ്ടീടവേ
ധീരം സാഗരമന്നു നീ നൊടിയിടെച്ചാടിക്കടന്നില്ലയോ?
ഇന്നീ ജീവിതസാഗരം വിഷമമായ് തീര്‍ന്നൂ,ഭവാനന്‍പൊടീ-
സംസാരാര്‍ണ്ണവമൊന്നെനിക്കു സുഗമംതാണ്ടാന്‍ തുണച്ചീടണം.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഏപ്രില്‍ മാസമൊരൊമ്പതാം ദിനമതില്‍ദീപം‌ പിടിച്ചെന്റെയീ-
വീടിന്‍ ദീപികയായി,യെന്റെ സഖിയായ് നീയെത്തിയെന്നോമലേ
ആണ്ടോ മുപ്പതിനോടുരണ്ടുഗതമായ്‌ ത്തീര്‍ന്നാലുമിന്നെന്നപോ-
ലോര്‍ക്കുന്നാസുദിനം മികച്ചമിഴിവില്‍ത്തന്നേയിതെന്‍ ഭാഗ്യമേ !!!
ശാര്‍ദ്ദൂലവിക്രീഡിതം

മത്തേഭവൃത്തഗതിയുത്തുംഗശോഭയതിലെത്തുന്നിതെത്ര മധുരം
തത്തുന്നൊരാക്കിളികളൊത്തൊന്നു വന്നിടുകിലെത്തും മനസ്സിലമൃതം
എത്തിപ്പിടിച്ചപടി മൊത്തം തിനക്കതിരു കൊത്താന്‍‌ കൊടുക്ക സുഖദം
മുത്തെന്നപോല്‍ക്കവിതയിത്ഥം‌ രചിക്കുമിവരേറ്റം രസത്തില്‍ നിരതം
മത്തേഭം

ഹിമനികരം കുമിഞ്ഞുവിലസുംഗിരിതന്‍‌ സുത ചേര്‍ന്നശോഭയും
ജഡഭരിതം ശിരസ്സിലണിയും വിധുവോടു തെളിഞ്ഞകാന്തിയും
ഫണിഗണമാ ഗളത്തിലിഴയും നിറവായൊരു ചാരുരൂപവും
മമഹൃദയേ തെളിഞ്ഞുവരണം ശിവപാദമിതാ തൊഴുന്നുഞാന്‍
സലിലനിധി

ചന്തം തികഞ്ഞു മികവാര്‍ന്ന പദങ്ങള്‍ വെച്ചു
മന്ദംവിരിഞ്ഞ ചിരിതൂകി,വിഭൂഷചാര്‍ത്തി
ചിത്തത്തിലുള്ള രസഭാവമതൊത്ത വൃത്ത-
വൃത്തിയ്ക്കു തന്നെയുരചെയ്തിതു കാവ്യകന്യ.
വസന്തതിലകം

മോടിക്കു കാവ്യതരുണിക്കൊരു മാലചാര്‍ത്താന്‍
വാടാത്തഭാഷ മണിഭൂഷയതാക്കിഞാനും
ചാടിക്കടന്നു പല സന്ധികളെങ്കിലും,ഹാ !
ഓടിക്കളഞ്ഞവളതെന്നെ നിരാശനാക്കി.
വസന്തതിലകം

പെണ്ണായജന്മമിതു ശാപമിതെന്നു തന്നേ
കണ്ണീരുതൂകിയതി വേദനയോടെ മാഴ്കേ
ഉണ്ണിക്കിടാവിനുടെ രോദനമൊന്നു കേട്ടൂ
കണ്ണീരിലോ ചിരിവിരിഞ്ഞു വിരിഞ്ഞു വന്നൂ
വസന്തതിലകം
(സമസ്യാപൂരണം)
ഇരുളിന്നു തൂമയരുളുന്ന ദീപമാം
മതിബിംബകാന്തി സമമായ ശോഭയില്‍
പ്രിയതന്റെ വശ്യവദനത്തിലിന്നിതെന്‍
വിഷുവല്‍ വിഭാത കണിദര്‍ശനം വരം
മഞ്ജുഭാഷിണി (സമസ്യാപൂരണം)

വിഷുവിന്നു മന്നിലൊളിയായി കണ്മണീ
വിഷമങ്ങളൊക്കെയൊഴിവാക്കുമക്കണി
മണിദീപശോഭ തെളിയുന്നപോലെയെന്‍
കണിയായി നീ വരിക മഞ്ജുഭാഷിണീ
മഞ്ജുഭാഷിണി

ഇമ്പംകൂടും കണിയിതു സഖീ നിന്‍‌മുഖം കണ്ടുവെന്നാല്‍
തുമ്പം മാറും ദിനവുമിതുതാനെന്‍‌കണിപ്പൊന്‍‌മണീ നീ
മുമ്പേ ഞാനീവിധമുയരുമെന്നാഗ്രഹം ചൊല്ലിയെന്നാ-
“ലമ്പോ! നില്ലീ വഴിവരികയില്ലെ“ന്നുചൊന്നേനെ യല്ലീ ?
മന്ദാക്രാന്താ

ഹരനുടെ ജഡതന്നില്‍ പാത്തിരിക്കുന്ന ദേവീ
ഹിതമൊടെയിവനിന്നീ താപമാറ്റിത്തരേണം
നദിയിതിലൊരു തുള്ളിക്കില്ല വെള്ളം കുളിക്കാന്‍
കരുണയൊടിതിലൂടൊന്നെത്തണം,വൈകിടല്ലേ .
മാലിനി

**********************************************************

Saturday, April 24, 2010

ശ്ലോകമാധുരി.3

സദ് വൃത്തേ നീ വരുമ്പോള്‍ മനമതിലൊഴിയും ദുഃഖമാലസ്യമെല്ലാം
മുഗ്ദ്ധം നിന്‍ പാദമോരോന്നനിതരസുഖവും നിത്യമേവര്‍ക്കുമേകും
സ്നിഗ്ദ്ധം നിന്‍ മേനിയില്‍ച്ചേര്‍ന്നഴൊകൊടുവിലസുംഭൂഷയാകര്‍ഷണീയം
മെച്ചം നിന്‍ ശയ്യകണ്ടാലഴലുടനൊഴിയും സുന്ദരീ,ശ്ലോകമായ് നീ.
സ്രഗ്ധര
{സദ് വൃത്ത = നല്ല വൃത്തമുള്ളവള്‍ ,നല്ലവള്‍
പാദം = ശ്ലോകത്തിലെ ഓരോ വരികള്‍ ‍,കാല്‍
ഭൂഷ = അലങ്കാരം,ആഭരണം
ശയ്യ = കാവ്യ പദഘടന, കിടക്ക}

പ്രായത്തേ മാനിയാതേ ഖലജനനിവഹം തന്ത്രമാവിഷ്ക്കരിക്കും
ന്യായങ്ങള്‍കാണുകില്ലാ ജളതരസമമാം ഖ്യാതിയും സ്വന്തമാക്കും
കേമത്തംചൊല്ലുമയ്യോ ജനകനുസമമാംവന്ദ്യരേ നിന്ദചെയ്യും
പ്രായംചെന്നാലുമയ്യോ മരണമകലെയെന്നാശ്വസിക്കും മരിക്കും
സ്രഗ്ദ്ധര-----(സമസ്യാപൂരണം)

എന്താണിന്നു രസക്ഷയം? പറയുവാനെന്തേവിഷാദം? നിന-
ക്കിന്നീകഷ്ടതവന്നതെന്തുവിധിയാണെന്നോര്‍ക്ക വേണ്ടെന്‍ സഖേ
മന്നില്‍ വന്നു പിറക്കിലിന്നിതുവിധം കഷ്ടങ്ങളെല്ലാര്‍ക്കുമേ
വന്നീടും ബത പോയിടും വിധിയിതില്‍ തെല്ലും തപിക്കേണ്ടെടോ.
ശാര്‍ദ്ദൂലവിക്രീഡിതം

പാടാന്‍ നല്ലൊരുവീണവേണമിണയും വേണം വരേണ്യം സുഖം
കൂടാനീയൊരുമാര്‍ഗ്ഗമാണു മഹിതം വേറില്ലയെന്നോര്‍ത്തുഞാന്‍
പാടായന്തിമകാലമിന്നനുദിനം കാണുന്നിവന്‍ ,നിന്‍പദം
തേടാന്‍ വന്നിടുമെന്റെ താപഹരനാം ഗംഗാധരാ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം

ഞാനാണെപ്പൊഴുമേറ്റവും മഹിതമെന്നോര്‍ക്കുന്നവര്‍ക്കായി ഞാന്‍
ന്യായത്തോടെയുരച്ചിടാം മഹിതമായൊന്നേ ജഗത്തില്‍ വരൂ
ഞാനെന്നുള്ളൊരുഭാവമറ്റു ശരണം പ്രാപിക്കുവോര്‍ക്കെപ്പൊഴും
ന്യായത്തോടെയുദിച്ചിടും മഹിതമൊന്നീശന്‍പദം നിശ്ചയം
ശാര്‍ദൂലവിക്രീഡിതം

കൂടെക്കൂടെയിടയ്ക്കിടയ്ക്കിവിടെവന്നെന്തിന്നു നോക്കുന്നു നീ
കൂടാനെങ്കിലടുത്തുവന്നുമടിയില്‍ തെല്ലൊന്നിരുന്നീടണം
കൂടുംവിട്ടുപറന്നുനീയിവിടെവന്നെന്നോടുകൂടൂ,സുഖം-
കൂടുംമട്ടൊരു പാട്ടുപാടു,മധുരം പാടുന്നവള്‍ ,കുക്കു,നീ
ശാര്‍ദ്ദൂലവിക്രീഡിതം

കുക്കൂ, നീ വരികെന്റെ ചാരെയിരി, നീ ചൊല്ലൂ വിശേഷങ്ങളി-
ന്നിക്കാണുന്നനഗത്തിലിന്നെവിടെയാണാവാസമെന്നോതണം
നില്‍ക്കാതെങ്ങിതുപോണു നീ, സുഖദമായെന്നന്തികത്തെത്തി നീ-
യൊക്കും പോലൊരുപാട്ടുപാടു രസമായൊന്നാസ്വദിക്കട്ടെ ഞാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം

മേപ്പിള്‍മാമരമൊക്കെവര്‍ണ്ണദലമാര്‍ന്നെങ്ങുംതിളങ്ങുന്നതി-
ന്നൊപ്പം മറ്റുമരങ്ങളും മലരണിഞ്ഞേറ്റം മനോരമ്യമായ്
ഒപ്പം തന്നെവിഹംഗവൃന്ദമിവിടെപ്പാടുന്നു മാധുര്യമാര്‍ -
ന്നിപ്പോളീ വനവീഥി നാകസമമായ് മാറുന്നു സന്താപവും.
ശാര്‍ദ്ദൂലവിക്രീഡിതം

രൊക്കംവാങ്ങിയതൊക്കെയും തിരികെയാതൃക്കാല്‍ക്കലെത്തിക്കുവാ-
നൊക്കും പോലെനടത്തിടാം ശ്രമമതും വെക്കം ഫലം വന്നിടാ
നില്‍ക്കാന്‍ തെല്ലിട നല്‍കണം,കവനമാം കേളിക്കു കോപ്പിട്ടിടാ-
നിക്കൈയ്യില്‍ വഹയില്ല,മല്‍സമയവും വല്ലാത്തതാണോര്‍ക്കണം
ശാര്‍ദ്ദൂലവിക്രീഡിതം


ഉണ്ടീനാട്ടിലൊരൊത്തമാള*തിനകംചെന്നാലഹോ! വിസ്മയം
പൂണ്ടാകാഴ്ചകള്‍ കണ്ടിടാംപലതരം ഷോറൂംസതും വിസ്തൃതം
കാണാമൊക്കെയഥേഷ്ടമായ് ,ഗുണഗണം വര്‍ണ്ണിപ്പതും കേട്ടിടാം
വേണേല്‍ വാങ്ങണമില്ലവര്‍ക്കു വിഷമവുംസന്തോഷമാണെപ്പൊഴും.
ശാര്‍ദ്ദൂലവിക്രീഡിതം
(*പലതരം വസ്തുക്കളുടെ വളരെയധികം ഷോറൂമുകളടങ്ങിയ ഏക്കറുകണക്കിനു പരന്നുകിടക്കുന്ന വിശാലമായ ബഹുനിലവ്യാപാരസമുച്ചയങ്ങളാണു അമേരിക്കയിലെ മാളുകള്‍ )


മുത്താണെന്നുടെജീവിതം,വിലമതിയ്ക്കാതുള്ളസ ത്താണുനീ-
യിത്ഥംഞാനുരചെയ്തതുംകരമുടന്‍ ചേര്‍ത്തൊത്തുവന്നെത്തിയോള്‍
അല്ലീനാല്പതുകൊല്ലമായവളതിന്നര്‍ത്ഥംഗ്രഹി ച്ചില്ലപോല്‍
ചൊല്ലീതന്ന‘തസത്ത‘തെന്നവളതോ സത്തെന്നു നണ്ണീ സ്വയം!
ശാര്‍ദ്ദൂലവിക്രീഡിതം

തരേണം ഭവാനീ വരം നിത്യവും
വരേണം മൃഡാനീ ദിനം ഹ്ലാദമായ്
അതിന്നായിയെന്നും ശുഭം നിന്‍പദേ
കരം കൂപ്പിനില്‍ക്കാം ഭവം നല്‍ക നീ.
കുമാരി

ഉരച്ചിതും പലപ്പൊഴും
കുറിയ്ക്കവൃത്തമപ്പൊഴേ
അതില്ലയെങ്കിലാദ്യമായ്
വരുന്നവര്‍ക്കറിഞ്ഞിടാ

ഒരിക്കലൊന്നുരച്ചിടാം
പ്രമാണികാ ജരം ലഗം
പറഞ്ഞുകേള്‍ക്കിലേവരും
പടുക്കളായ്‌വരുംദൃഢം
പ്രമാണിക

കരയ്ക്കുനിന്നുകേളികണ്ടിരുന്നുപോയിടേണ്ട,വന്‍ -
തഴക്കമാര്‍ന്നകൈകളാല്‍ നയിക്കണം,രചിക്കണം
മടിച്ചു ഞങ്ങള്‍ മൂകമായിരുന്നുപോയിയെങ്കിലോ-
യിടയ്ക്കുപഞ്ചചാമരംവിടര്‍ത്തിയൊന്നുണര്‍ത്തണം.
പഞ്ചചാമരം


********************************************************

Friday, April 23, 2010

ശ്ലോകമാധുരി.2

രാഷ്ട്രീയത്തിലെയുക്ഷമായ്,പലതരംകക്ഷിക്കു പിന്നാലെപോയ്-
പ്പക്ഷംചേര്‍ന്നു പരീക്ഷണങ്ങളവനന്നക്ഷീണമാടീടവേ
കൊട്ടും തട്ടുമിടയ്ക്കുവിട്ടു,മിടയില്‍പ്പെട്ടിന്നു നട്ടം തിരി-
ഞ്ഞൊട്ടല്ലിഷ്ടനു കഷ്ടനഷ്ട,മവനിന്നോര്‍ത്തിട്ടു വിമ്മിട്ടമായ്.
ശാര്‍ദ്ദൂലവിക്രീഡിതം
മാരാരേ,തവ പുത്രനത്രവികൃതിക്കുത്താലെതിര്‍ത്തും തനി-
ച്ചുത്തുംഗോത്തമപീഠമേറിയൊരുനാള്‍ ‍,കേട്ടില്ലവാക്കേതുമേ
അങ്കംതീര്‍ന്നതുമിന്നവന്‍ ‍പഴനിയില്‍ വാഴുന്നു, നീ മൌനിയായ്-
ക്കാണുന്നെന്‍ കരുണാകരാ,തവമനം ചിത്രം,വിചിത്രം,ശിവം!.
ശാര്‍ദ്ദൂലവിക്രീഡിതം

കണ്ണാ,ഞാന്‍ വരുകില്ല,നിന്റെകരുണയ്ക്കായിന്നുകേഴില്ലഞാ-
നെണ്ണീടെന്തിനുചൊല്‍വതിന്നിതുവിധം,നീയെന്‍ പ്രിയന്‍ തന്നെയാം
ദണ്ണം കൊണ്ടുവലഞ്ഞു ഞാന്‍ സവിധമാര്‍ന്നെന്നാലതില്‍ നിന്‍മനം
തിണ്ണം ദുഃഖമിയന്നിടും,കഠിനമായ് വിങ്ങും,സഹിക്കില്ല ഞാന്‍ ‍.
ശാര്‍ദൂലവിക്രീഡിതം

ഊനം തെല്ലു വരാതെതന്നെയടിയന്നീജന്മവും ഭാഗ്യവും
ദൈന്യംവിട്ടുവസിക്കുവാനുതകുമാറര്‍ത്ഥങ്ങ ളും തന്നു നീ
നാണംവിട്ടിനിയെന്തുഞാനവിടെവന്നര്‍ത്ഥിക്ക വേണ്ടൂ ഹരേ
പ്രാണന്‍പോണവരേയ്ക്കുമെന്നുമിവനാപാദം‌നമിക്കാം വരം
ശാര്‍ദ്ദൂലവിക്രീഡിതം

വെള്ളം നിന്‍‌ജടതന്നിലുണ്ടുശിവനേയഗ്നിയ്ക്കുമി ല്ലാക്ഷയം
വിണ്ണില്‍ നിന്നു ലസിച്ചിടും ശശിയതാശോഭിപ്പു നിന്‍ മുദ്രയായ്
നീയെന്‍ പ്രാണനുവായുതന്നെ,വരമായ് ചോദിപ്പതെല്ലാം തരും
ഭൂവില്‍ മറ്റൊരുദൈവമില്ല സമമായ് നീ തന്നെ ഭൂതേശ്വരന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം

“പാര്‍ത്ഥനാണുശരിയെന്നു നീ കരുതിയൂറ്റമായ നിലകൊള്ളുകില്‍
സാര്‍ത്ഥമായവിധിയൊന്നു ഞാനരുമശിഷ്യനായുടനെടുത്തിടും
സ്പര്‍ദ്ധയിന്നൊരുവിധത്തിലും മനസി തോന്നിടേണ്ട മമ സോദരാ”
ഇത്ഥമോതിഹലമേന്തിനിന്നബലഭദ്രരാമനിതകൈതൊഴാം.
കുസുമമഞ്ജരീ

ആമ്പലിന്നുചിരിതൂകിനില്‍പ്പു,പകലാണതെങ്കിലതസാദ്ധ്യമെ-
ന്നാരുമീയളവു ചിന്തചെയ്തിടുകിലൊട്ടുതെറ്റു കരുതീടൊലാ
വന്നുകാണുകിതു സുന്ദരീവദനമിന്ദുലേഖ സമമായിടു-
ന്നമ്പലിന്നു മതിയെന്നു തോന്നി വിടരുന്നു കണ്ടിടുകയിക്ഷണം.
കുസുമമഞ്ജരീ

എത്രധാടിയിലുമെത്രമോടിയിലുമത്ര നാം ഞെളിയുമെങ്കിലും
ചിത്രമായ പലവേഷഭൂഷ,ഘനഭാവമാര്‍ന്നു നടമാടിലും
ഇത്ഥമൊന്നുമൊരു മര്‍ത്ത്യനീധരയിലാത്മശാന്തിയതു നല്‍കിടാ
ഹൃത്തിലോര്‍ത്തിടുക സത്ത്വമാര്‍ഗ്ഗമതു മാത്രമേ ക്ഷിതിയിലാശ്രയം.
കുസുമമഞ്ജരീ

ഘോരഘോരമവളഞ്ചുകഞ്ചുകമെടുത്തു കല്ലിലടിനല്‍കവേ
‘പോരപോരയിനിയും കൊടുത്തിടുക വീണ്ടുമായടികളെ‘ന്നുതാന്‍
പാരപാരമുലയുന്നൊരാ മുലകളോതിടുന്നതിനു കാരണം
നേരെനേരിടുമവര്‍ക്കു നല്‍കിയവയത്രമാത്ര ബലബന്ധനം.
കുസുമമഞ്ജരീ

കോട്ടയത്തുകളവേറിടുന്നു,പടുവാര്‍ത്തയെന്നുകരുതീട്ടുഞാന്‍
‘പൊട്ടവാര്‍ത്തകള’യെന്നുകൂട്ടരൊടുതുഷ്ടിയോടെയുരചെയ്യവേ
ഒറ്റനോട്ടമൊടു കാവ്യസുന്ദരി നടത്തിയെന്‍ ഹൃദയചോരണം
പെട്ടുപോയിയിതഞാനുമീയളവിലെന്തുചെയ്യുമിനി ദൈവമേ!
കുസുമമഞ്ജരീ

വാണിമാതിനുടെ വീണയില്‍ ‍വിരിയുമാറുരാഗരവവീചികള്‍
വാണിടേണമവയെന്റെ നാവിലതു പാടുവാന്‍മ ധുരഗാനമായ്
ഏണനേര്‍മിഴിയടുത്തുവന്നതിലലിഞ്ഞുലാസ്യനടമാടുവാ-
നാണുഞാനിവിടെയീവിധം പണിതുയര്‍ത്തിയീ നടനവേദികള്‍
കുസുമമഞ്ജരീ

മത്തഗാമിനിയടുത്തുവന്നളവിലൊത്തപോല്‍ കവിത ചൊല്ലവേ
“ഒത്തതില്ല,തിനുവൃത്തമില്ല,മമ ചിത്തമിന്നതിലുമൊത്തിടാ
മൊത്തമായ്‌വരികളൊത്തുചേര്‍ന്നപടിയുത്തമംവരണമര്‍ത്ഥവും”
ഇത്തരത്തിലവളോതിനിന്നു,മമ ചിത്തമത്യധികഖിന്നമായ്.
കുസുമമഞ്ജരീ

ശ്ലോകമാധുരി.1

കല്യാണീ,വാണിമാതേ സകലകലയിലും വാണിടും രാഗലോലേ
ഉല്ലാസ‘ത്തോടി‘രുന്നീ ശ്രുതിലയസഹിതം പാടിടാം ‘ഹംസനാദം
‘കേദാരം‘ നീയെനിക്കീ വിഷമവിഷയമാം ജീവിതത്തില്‍ ‘വരാളീ
പാരാതെന്നും നമിക്കാം മൃദുരവമൊഴി നിന്‍ ‘കീരവാണീ‘ ‘വസന്തം
സ്രഗ്ദ്ധര

അമ്പത്തൊന്നക്ഷരത്തില്‍ ,കലകളി,ലൊളിയായ് സാരസര്‍വ്വസ്വമാകും
തുമ്പത്തോടെത്തുവോര്‍ക്കിന്നഴലുടനുടയും ശാന്തിതന്‍ദീപമാകും
നിര്‍ഭാഗ്യംചൊല്ലിവന്നാക്കഴലിണപണിയുന്നോര്‍ക്കു സൌഭാഗ്യമാകും
നിന്‍ഭാവം കാണവേണം വരമതുതരണം വാണിമാതേ തൊഴുന്നേന്‍
സ്രഗ്ദ്ധര

ഇമ്മട്ടില്‍കാവ്യമെല്ലാംതെരുതെരെയെഴുതാന്‍ശക്തിയില്ലെന്റെതായേ
അമ്മേ,നാരായണാ നീയൊരുകഴിവിനിയും നലകണേ വാണിരൂപേ
ചെമ്മേ നീയെന്നുമെന്നും കവിതകളെഴുതാന്‍ സിദ്ധിതൂകുന്നു,വന്നീ-
യെന്മാനം കാത്തിടേണം,കവിതകളൊഴുകാന്‍ നല്‍വരം നീ തരേണം
സ്രഗ്ദ്ധര


തായേ,ഞാന്‍ മണ്ണുതിന്നില്ലിവരുപൊളിയതാണോതിടുന്നല്ല വന്നീ-
വായില്‍നോക്കേണ,മെന്നില്‍ കടുകിടെയിനിയുംതീരെവിശ്വാസമില്ലേ
മായംചേരുന്നവണ്ണം കളിചിരിസഹിതം ചൊല്ലിവന്നമ്മമുന്നില്‍
മായക്കണ്ണന്‍ നടത്തും കളിയിതുസരസം കണ്ടു ഞാനും നമിപ്പൂ

സ്രഗ്ദ്ധര


ചെമ്പട്ടില്‍ നിന്റെ രൂപം തിരുമുടിയണിയും നേരമന്‍പോടുനോക്കീ-
ട്ടമ്മട്ടില്‍ ത്തന്നെയെന്നും പുനരതുനിയതം മാനസത്തില്‍ വരുത്തി
ചെമ്മേനിന്‍കാല്‍ക്കല്‍വീണീയടിയനിനിയുമിന്നൊന്നുമാത്രംകൊതിപ്പൂ
അമ്മേ,പട്ടാഴിയമ്മേ,അനവരമയുതം നല്‍ക നിന്‍ നല്‍വരങ്ങള്‍ .
സ്രഗ്ദ്ധര


‘ഞായറാ‘ണവധി, ‘തിങ്കളാ‘ണുസുഖ,മെന്നതര്‍ക്കമിനിവേണ്ടടോ

‘ചൊവ്വ‘തായിജപമോതുമീ ‘ബുധനു‘ ഹാനിയൊന്നുമുടനേവരാ
‘വ്യാഴ‘മാകിലൊരു ‘വെള്ളി‘വെച്ചു‘ശനി‘ദോഷമന്നറുതിയാക്കുവാന്‍
ആഞ്ജനേയസഹിതം വിളങ്ങുമൊരു രാമപാദമതു കൈതൊഴാം

കുസുമമഞ്ജരീ

എത്രസുന്ദരമിതെത്രസുന്ദരമിതെത്ര വട്ടമുരചെ യ്യിലും
സത്യമല്ലതിനടുത്തു പോലുമവയെത്തുകില്ല,ശരിയോതിയാല്‍
അത്രസൌഖ്യമിവനല്‍കിടും മനുജനത്രമേലവമഹത്തരം
ഇത്തരംവരികളൊത്തുചേര്‍ന്നു വിരചിക്കവേണമതിഹൃദ്യമായ്
കുസുമമഞ്ജരി

ഇന്നുവന്നു നവവത്സരപ്പുലരിതന്റെയൂഷ്മളവിഭാതവും
വന്നിടുന്നുസുഖഭാവമോടെ ശുഭമോതിടുന്ന കവിജാലവും
വന്നിതെന്നുമിവരോടുചേര്‍ന്നു വിളയാടുദാത്തവരദായിനീ
ഇന്നതിന്നുവരമാകണം കലയില്‍വാണിടും സകലകാരിണീ
കുസുമമഞ്ജരി

ദേവരാജഗമനം വഴിയ്ക്കു പെരുതായകഷ്ടത സഹിച്ചുനാം
അര്‍ക്ക,സോമയുതമായതൊക്കെയെതുമീക്ഷണംഅവനു ഭക്ഷണം
വാരിവാരണഗളത്തിലേറിയവനിന്നുവന്നു ജലവുംകുടി-
ച്ചാരവത്തൊടിവിടുന്നുപോയ,വനെയിന്നു ഞാന്‍ തടവിലാക്കിടും
കുസുമമഞ്ജരി
{ദേവരാജഗമനം= ദേവരാജന്റെ ഗമനം; ദേവരാ,അജഗമനം
അര്‍ക്ക,സോമയുതം = സൂര്യനുംചന്ദ്രനും ഉള്ളവ; പുല്ലുംസോമവള്ളിയും ഉള്ളവ
വാരിവാരണം = വെള്ളാന(ഐരാവതം);അണക്കെട്ട്.
}

കുന്നിക്കും കുതുകാലടുത്തു കുതുകാല്‍ ‍കുന്നിക്കെരാധയ്ക്കുയര്‍ -
ക്കുന്നോരുന്മദഭാവമോര്‍ത്തു കുതുകം കൊള്ളുന്നവന്‍ വന്നുടന്‍
കുന്നിക്കും കുതുകത്തൊടെന്റെ മനമാം ഗോവര്‍ദ്ധനക്കുന്നിനേ
കുന്നിക്കുന്നൊരു കാര്യമോര്‍ക്കെ കുതുകം കുന്നിപ്പിതെന്‍ മാനസേ.

ശാര്‍ദ്ദൂലവിക്രീഡിതം

“എന്തമ്മൂമ്മതിരഞ്ഞുനോക്കിടുവതീക്കൂനിക്കുരച്ചിങ്ങനേ?“
എന്നാക്കുട്ടികളട്ടഹാസമൊടുവന്നമ്മൂമ്മയോടേല്‍ക്കവേ
ചൊന്നാവൃദ്ധ“പറഞ്ഞിടാംഗതമതാമെന്‍ യൌവനം,മക്കളേ
വന്നീടെന്നുടെകൂടെനോക്കുവതിനായ് ,വയ്യെങ്കിലോപോകണം.“

ശാര്‍ദ്ദൂലവിക്രീഡിതം

മര്‍ത്ത്യര്‍ക്കൊക്കെയുദഗ്രദുഃസ്ഥിതിവരും നേരത്തൊരാലംബമായ്,
മക്കള്‍ക്കിഷ്ടവരംകൊടുത്തുഭുവനം കാക്കുന്ന പൊന്നമ്മയായ്,
നിത്യംദുഃഖതമിസ്രമാംക്ഷിതിയിതില്‍ പൊന്തുന്നപൊന്‍ ദീപമായ്,
പട്ടാഴിക്കുവെളിച്ചമായ് ,പരിലസിച്ചീടുന്ന ദേവീ തൊഴാം
ശാര്‍ദ്ദൂലവിക്രീഡിതം


അല്ലില്‍താരഗണങ്ങളാം സഖികളൊത്തുല്ലാസമോടേതെളി-
ഞ്ഞല്ലിത്താമരപോലെ വിണ്ണില്‍ വിലസും രാകേന്ദു ബിംബോപമം
അല്ലിത്തേന്മൊഴിയെന്റെ മാനസവിയത്തിങ്കല്‍ തെളിഞ്ഞീടവേ
തുള്ളിതുള്ളിയുതിര്‍ന്നിടുന്നൊരു രസം ചൊല്ലാവതല്ലെന്‍ സഖേ

ശാര്‍ദ്ദൂലവിക്രീഡിതം

നട,നട,നടതള്ളാന്‍ നിന്നെഞാന്‍ കൊണ്ടുപോകേ
തെരുതെരെയിരുകണ്ണാലെന്നെ നോക്കേണ്ട പയ്യേ
“വരുമൊരു സുഖകാലം“ എന്നു നീ മാനസത്തില്‍
കരുതുക യദുനാഥം ഗോപനാമം ദൃഢം നീ.
മാലിനി