ശ്ലോകമാധുരി.33 .
വിവിധം പദഭംഗിയോടെതാന്‍
കവികള്‍ നവസൃഷ്ടിചെയ്യുവാന്‍
ഇവടേയണയുന്നിതേവിധം
കവനം ബഹുധന്യമായിതാ.
സുമുഖി
പഞ്ചബാണനതിമോദമൊടൊരുനാള്‍
മുഞ്ജകേശനുടെ മാനസമതിലായ്
മഞ്ജുളാംഗിയുമ ചേരണമതിനായ്
തഞ്ചമാക്കി ജലജന്മവിശിഖവും.
ചന്ദ്രവര്‍ത്മ.
വല്ലപ്പോഴും നിന്റെയാ പാട്ടു കേള്‍ക്കാന്‍
വല്ലാതേ ഞാന്‍ മോഹമോടിങ്ങിരിപ്പൂ
വല്ലിക്കുള്ളില്‍ നീയൊളിച്ചെങ്ങിരിപ്പൂ
വല്ലാതാക്കാതെന്റടുത്തെത്തു തത്തേ.
ശാലിനി.
ആത്മബന്ധുവിനി നീയൊരുത്തനെ-
ന്നാത്മനാ കരുതി ഞാനിരിപ്പിതാ
പത്മനാഭ,തവ പാദപങ്കജം
സദ്മമാകിടണമെന്റെ ഹൃത്തടം.
രഥോദ്ധത.
ശങ്കയില്ല,യദുബാല,നിന്നിലാ-
തങ്കമില്ല,കളിയാണു സര്‍വ്വതും
മങ്കമാര്‍ പലരുമോടിവന്നു മേ-
ളാങ്കമാടുവതുമെത്ര കൌതുകം.
രഥോദ്ധത.
തെളിയുകയായീ ശ്രാവണമാസം
സുമനിര നീളേ പൂത്തുവിടര്‍ന്നൂ
നിറനിറവോടേ പൂക്കളമിട്ട-
ങ്ങെവിടെയുമോണാഘോഷമുണര്‍ന്നൂ.
മൌക്തികപംക്തി
കരിമുകിലോടിയൊളിച്ചൊരു വാനം
തെളിവൊടിതാ ചിരിതൂകിയുണര്‍ന്നൂ
മതിമുഖി നീ വരുകെന്നുടെ ചാരേ
മദഭരമാം മധുരം ഹൃദി നല്‍കൂ.
ലളിതപദം.
നാളീകലോചനനു ഞാനിതേവിധം
കാണിക്കയായിവകള്‍ വെച്ചിടുന്നിതാ
ഓരോതരത്തില്‍ മമ ദേവദേവനെന്‍
മാലൊക്കെ മാറ്റു,മിനിയില്ലസംശയം.
ലളിത.
നീയൊന്നുപാടുകയിതേവിധത്തിലീ
രാഗങ്ങള്‍ മാമക മനോഹരാംഗി നീ
ആ രാഗമാധുരിയെനിക്കു നീ തരു-
ന്നാനന്ദനിര്‍വൃതി,യതെത്ര ഹൃദ്യമാം !.
ലളിത.
വാണീമണി,നീയെന്നീണങ്ങളില്‍ വാണാല്‍
കാണാമൊരുരാഗം ചാലേയുണരുന്നൂ
ആരോമലെ,നീയെന്‍ ചാരേ വരുമെങ്കില്‍
ഞാനീ മധുഗാനം പാടാമതിമോദാല്‍.
മണിമാല.
ഞാനിവിടെഴുതും കവിതയിലെല്ലാം
നീയൊരു മലരായുണരുകയല്ലോ
മാനിനിയിനി നീ മധുരപരാഗം
തൂവുകിലുണരും സുഖദവസന്തം.
കന്യ.
ജനകനീര്‍ഷ്യതയോടടി നല്‍കവേ
വലിയ രോദനമാര്‍ന്നൊരു ബാലകന്‍
ജനനി വന്നു തലോടിയുറക്കവേ
കദനമൊക്കെ മറന്നു സുഷുപ്തിയായ്.
ദ്രുതവിളംബിതം.
അണ്ണാ ഹസാരെയൊരു മാതൃകയാണു,പാര്‍ക്കില്‍
എണ്ണപ്പെടുന്ന ജനനായകനായ് ലസിക്കും
കണ്ണങ്ങടച്ചു ജനവഞ്ചന ചെയ്തിടുന്നോ
രുണ്ണാക്കരിന്നു ഭരണത്തിലിരിപ്പു,കഷ്ടം!
വസന്തതിലകം.
ചാടിന്റെ രൂപമൊടുവന്നൊരു ദാനവന്നു
ചാടില്‍ പിടിച്ചു മൃതിയേകിയ നന്ദസൂനു
ചാടുന്നു കാളിയഫണങ്ങളില്‍ നൃത്തമാടി-
ച്ചാടിച്ചു സര്‍പ്പവിഷദൂഷ്യമൊടൊത്തു ഡംഭും.
വസന്തതിലകം.
ചൊല്ലേറുമെന്നു ഗമചൊല്ലിയിതേ വിധത്തില്‍
കള്ളത്തരത്തിലുരചെയ്തിവിടേയ്ക്കടുത്താല്‍
തല്ലാണതിന്നു പരിഹാരമതെന്നു കണ്ടാല്‍
തല്ലാന്‍ മടിച്ചു വെറുതേ വിടുകില്ല നിന്നേ.
വസന്തതിലകം.
ജന്മം കൊടുത്തരുമയാക്കി വളര്‍ത്തിയമ്മ
നന്മയ്ക്കു മുന്‍ഗണന നല്‍കി നിനക്കു നല്‍കാന്‍
പിന്നെന്തു ചൊല്ലുവതു,നീയവയേ മറന്നി-
ട്ടമ്മയ്ക്കു നല്‍കിയതു നിന്ദയതൊന്നു മാത്രം.
വസന്തതിലകം.
ഭക്തപ്രിയന്റെ വരഗേഹമണഞ്ഞു ഞാനെന്‍
മുക്തിക്കു വേണ്ട വഴിപാടുകള്‍ ചെയ്തിടുമ്പോള്‍
വ്യക്തം മനസ്സിലുണരും ഭഗവത്‌സ്വരൂപം
നക്തത്തില്‍ ഇന്ദു തെളിയുന്നതുപോല്‍ വിളങ്ങീ.
വസന്തതിലകം.
താലത്തിലുള്ള പുതുപൂക്കളില്‍ നിന്നു ശോഭ
ഓലക്കമായിയുണരുന്നു തവാനനത്തില്‍
ഈ മട്ടില്‍ നീയുടനെയെന്റെയടുത്തുവന്നാല്‍
എമ്മട്ടതാകുമതുതന്നെയെനിക്കു ശങ്ക.
വസന്തതിലകം.
നന്മയ്ക്കു വേണ്ടിയൊരുവന്‍ തനിയേ തുനിഞ്ഞാല്‍
തന്മാനസത്തില്‍ വിഷമുള്ള നരാധമന്മാര്‍
വീണ്‍വാക്കുചൊല്ലി പല വേലകളും കളിച്ചു
സന്മാനസത്തിലൊരു പോടു കൊടുത്തു മണ്ടും.
വസന്തതിലകം.
നാണം കളഞ്ഞു ചിരിയോടിനിയെന്റെ മുന്നില്‍
ഏണേക്ഷണേ,വരിക,രാഗമുണര്‍ത്തുവാനായ്
ഈണം നിറഞ്ഞ വരരാഗവിശേഷമോടേ
വേണം,തുടര്‍ന്നമൃതവര്‍ഷിണിയൊന്നു പാടാന്‍.
വസന്തതിലകം.
ഭര്‍ഗ്ഗിച്ചെടുത്തു നറുവെണ്ണ കഴിച്ചിടും നിന്‍-
മാര്‍ഗ്ഗം നിനക്കു ശരിയാവുകയില്ല കണ്ണാ
ദുര്‍ഗ്രാഹ്യമായ തവ ചേഷ്ടകളൊക്കെ നിന്നില്‍
ദുര്‍മ്മാര്‍ഗ്ഗിയെന്ന വിളി ചേര്‍ത്തിടുമോര്‍ത്തിടേണം.
വസന്തതിലകം.
ലാളിത്യമോടിവിടുണര്‍ന്നിതു ചിങ്ങമാസം
മേളാരവത്തൊടെതിരേല്‍ക്കുക ഘോഷമായീ
താലത്തില്‍ ഇന്ദു ചില താരകളേനിറച്ച-
ങ്ങോലക്കമായി വരവേകി,കൃതാര്‍ത്ഥയായീ.
വസന്തതിലകം.
വ്രജവല്ലഭ,നിന്നെയൊന്നു കണ്ടാല്‍
വ്രജിനം പോയിടുമാത്മസൌഖ്യമാവും
ഭജനം വഴി നിന്റെ ദര്‍ശനം ഞാന്‍
സുജനത്വത്തൊടു സാദ്ധ്യമാക്കുമോര്‍ക്കൂ.
വസന്തമാലിക.
മിഴികളിലൊരു മോഹം സാഗരം പോലെയാര്‍ക്കേ
മതിമുഖിയുടെ നാണം കാണുവാനെന്തു ചന്തം
വിടരുമൊരരിമുല്ലപ്പൂവുപോല്‍ നീ ചിരിക്കേ
മധുരിതമൊരു രാഗം മെല്ലെ നീയേകിയില്ലേ.
മാലിനി.
കണ്ണില്‍ പൂക്കണിപോലെ നീ വരികിലോയെന്നോര്‍ത്തൊരാകാംക്ഷയില്‍
കണ്ണാ,ഞാനിവിടിന്നിരിപ്പു,കരളില്‍ മോഹം തുടിക്കുന്നിതാ
കണ്ണാടിക്കവിളില്‍ തലോടി മൃദുവായ് മുത്തം പകര്‍ന്നീടുവാന്‍
തിണ്ണം ഹൃത്തിലൊരാശയുണ്ടു,വരുമോ മന്ദസ്മിതം തൂകി നീ
ശാര്‍ദ്ദൂലവിക്രീഡിതം.
കഷ്ടം തോന്നിയനിഷ്ടമായിയിനി നാമെന്തെന്തു ചൊല്ലീടിലും
സ്പഷ്ടം കാവ്യഗതിക്കു മാറ്റമിനിമേലുണ്ടാവുകില്ലാ ദൃഢം
ഇഷ്ടംപോലെ നടത്തിടട്ടെ കവനം,വ്യര്‍ത്ഥാര്‍ത്ഥമായ്,കഷ്ണമായ്
ദിഷ്ടം നല്‍കുക വേണ്ട,നല്‍കിലവനേ വട്ടത്തിലാക്കും ചിലര്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
കയ്യന്മാരൊടു സൌമനസ്യമൊരുവന്‍ കാണിക്കുകില്‍ നിശ്ചയം
പയ്യെപ്പയ്യെയവര്‍ ശരിക്കു ദുരിതം തന്നീടുമെന്നോര്‍ക്കണം
കയ്യൂക്കോടവര്‍ ചെയ്തിടും പിഴകളേ കയ്യോടെ തീര്‍ത്തീടുകില്‍
വയ്യാവേലികളൊക്കെ മെല്ലെയൊഴിയുന്നേവര്‍ക്കതും പാഠമാം.
ശാര്‍ദ്ദൂലവിക്രീഡിതം
കൈയില്‍ കിട്ടുകില്‍ നോക്കുകില്ല,യുടനേ യാഞ്ഞൊന്നടിച്ചീടുവേന്‍
കൊള്ളാതങ്ങു ഗമിക്കിലോ ക്ഷമയൊടേ കാത്തിങ്ങിരുന്നീടുമേ
പിന്നെപ്പയ്യെയടുത്തുവന്നു ചെവിയില്‍ മൂളുന്ന നേരം ശരി-
യ്ക്കാഞ്ഞൊന്നൂടെയടിച്ചിടും,മശകമേ, നിന്നന്ത്യമാം നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.
ക്ഷിപ്രം നല്ലൊരു പേരെടുത്തു കവിയായ് വാണീടണം,കൈയിലോ
വൃത്തം,ഭൂഷകളൊത്തുചേര്‍ന്നപദമോ, നൈപുണ്യമോ ശുഷ്കമാം
അത്യന്താധുനികം പറഞ്ഞു കവിയായ് പേരാര്‍ന്നു വന്നീടുവാന്‍
ഒക്കും പോലെ രചിച്ചിടാം ഗവിതകള്‍, ഗദ്യത്തിലും പദ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
പാകം വിട്ടു ചമക്കുകില്‍ കവിതയും ഭോജ്യങ്ങളും കെട്ടമ-
ട്ടാകും,പിന്നെ വിളമ്പുകില്‍ രസമതിന്നുണ്ടാവുകില്ലാ ദൃഢം
ശോകം തന്നു വലക്കുമീ രചനകള്‍ തെല്ലാസ്വദിച്ചാല്‍ ക്ഷതം
സ്‌തോകം വന്നു ഭവിച്ചിടാമവകളില്‍ കൈവെക്കവേണ്ടാ ,സഖേ
ശാര്‍ദ്ദൂലവിക്രീഡിതം.
സന്താനങ്ങളനേകമുണ്ടു ഭവനേ, യെന്നാലുമീ വൃദ്ധരില്‍
സന്താപം പെരുകുന്നു,മക്കളവരേ തള്ളുന്നു വൃദ്ധാലയേ
സന്ത്യക്തസ്ഥിതിയില്‍ കിടന്നുവലയും നിര്‍ഭാഗ്യരേ പോറ്റുവാന്‍
എന്തായാലുമൊരാലയം പണിയുകില്‍ ഭൂവില്‍ മഹാപുണ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
സാദം വിട്ടിടു,നോക്കുകീ വനികയില്‍ സൂനങ്ങളില്‍ വണ്ടുകള്‍
ഖേദം വിട്ടു പറന്നിടുന്നു മധുരം പൂന്തേന്‍ നുകര്‍ന്നീടുവാന്‍
മോദം പൂണ്ടവ പാറിടുന്ന ദൃശവും പുഷ്പങ്ങള്‍തന്‍ ലാസ്യവും
ഭേദം നല്ലൊരവാച്യമായ സുഖമിന്നേകും നിനക്കോമലേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഏവം ഞാന്‍ ചൊല്ലിടുമ്പോള്‍ ഹൃദിയതിവിഷമം തോന്നിടുന്നെന്റെ തത്തേ
പാവം ഞാനിങ്ങിരിപ്പൂ കവിതകള്‍ നിറവില്‍ തീര്‍ക്കുവാനാര്‍ത്തിയോടേ
ആവുംപോല്‍ വന്നുനീയെന്‍ രചനകള്‍ മിഴിവാര്‍ന്നുള്ളതായ് മാറ്റുവാന്‍ സദ്-
ഭാവം നല്‍കേണമെന്നും,ച്യുതിയതിലുളവായാല്‍ ഫലം ചിന്തനീയം.
സ്രഗ്ദ്ധര
കല്യേ,കല്യാണരൂപേ, കലയിലൊളിവിളക്കായിടും വാണിമാതേ
നിര്‍ലോപം നിന്റെ രൂപം തെളിയണമനിശം ശ്ലോകപാദം രചിക്കേ
അല്ലെങ്കില്‍ ഞാന്‍ രചിക്കും കവിതകള്‍ മിഴിവാര്‍ന്നീടുകില്ലെന്നതോര്‍ക്കേ
വല്ലാതായ് വന്നിടുന്നെന്‍ മന,മതിനിടയാക്കീടൊലാ ശാരദാംബേ.
സ്രഗ്ദ്ധര.
കേണീടുന്നെന്തിനായീ,ശൃണു മമസഖി ഞാനെത്തിടാം,സ്വസ്ഥമായ് നീ
വാണീടൂ,ശോകമെല്ലാമുടനടി കളയൂ,രാഗലോലേ ക്ഷമിക്കൂ
ചേണുറ്റാ മേനിതന്നില്‍ നഖമുനപതിയേ ലജ്ജയോടെന്റെ നേര്‍ക്കായ്
കാണിക്കും പ്രേമഭാവം പുനരൊരു നിമിഷം കാണുവാനാഗ്രഹം മേ
സ്രഗ്ദ്ധര.
വേദാന്തം ചൊല്ലിടേണ്ടാ,വികൃതി പെരുകിയാ കോലുകൊണ്ടെന്റെ മെയ്‌മേല്‍
ആദ്യന്തം കിക്കിളിച്ചും പതിയെയുണരുമാ നേരമോടിക്കളിച്ചും
ഏതാണ്ടെന്‍ കൈയിലെത്തുംപടി,യുടനിടയക്കൂട്ടരോടൊത്തു ചേര്‍ന്നെന്‍
വാതില്‍ക്കല്‍ നിന്നൊളിച്ചും ഹൃദി,യതിവിഷമം തന്നു നീ,കണ്ണനുണ്ണീ.
സ്രഗ്ദ്ധര..
***********************************************************************
Sunday, August 28, 2011
Tuesday, August 16, 2011
ശ്ലോകമാധുരി.32
ശ്ലോകമാധുരി.32 .
ലക്ഷ്യമൊക്കെയൊരുപക്ഷെ നല്ലതാം
രക്ഷയില്ല വഴി ദുഷ്‌ടമാവുകില്‍
സൂക്ഷ്മമായപടിയീക്ഷചെയ്തു നാം
ശ്രേഷ്ഠമായ വഴി പുഷ്ടമാക്കണം.
രഥോദ്ധത.
“ഉരച്ചിടേണ്ടൊന്നുമിതേവിധത്തില്‍
നിനക്കു വേഷം പലതുണ്ടു പാര്‍ത്താല്‍“
ഉറച്ചു ദുര്യോധനനീര്‍ഷ്യയോടേ
ഉരച്ചനേരം ചിരിതൂകി കൃഷ്ണന്‍.
ഉപേന്ദ്രവജ്ര.
മനുഷ്യഹൃത്തില്‍ കറയേറിവന്നാല്‍
മനീഷ വാടും,മടജന്മമാവും
നിനയ്ക്ക,ചിത്തം പരിപൂതമാവാന്‍
സ്മരിയ്ക്ക നന്ദാത്മജപാദപത്മം.
ഉപേന്ദ്രവജ്ര.
വസന്തമെത്തീ,പുതുപൂക്കളാലേ
ലസിച്ചുനില്‍ക്കുന്നു വിഭാതകാലം
കുളിച്ചു വര്‍ണ്ണത്തിലകം ധരിച്ചു-
ല്ലസിച്ചുനില്‍ക്കും വരനാരിയേ പോല്‍.
ഉപേന്ദ്രവജ്ര.
അഹസ്സില്‍,തമസ്സില്‍ സദാ സ്നേഹമോടേ
ഇഹത്തില്‍ മഹത്ത്വപ്രദീപം തെളിക്കും
ബൃഹത്തായ തത്ത്വങ്ങള്‍ മക്കള്‍ക്കു നല്‍കും
മഹത്തായ മാതൃത്വമേ,ഞാന്‍ നമിപ്പൂ.
ഭുജംഗപ്രയാതം.
അവതാരമൊക്കെ ശരിതന്നെ,ബാലനാ-
യവനന്നു ചെയ്ത വികൃതിക്കു ശിക്ഷയായ്
അവനേ തളച്ചു ഹൃദയത്തിലിട്ടു ഞാന്‍
വനമാലിയല്ല,തിരുമാലിയാണവന്‍.
മഞ്ജുഭാഷിണി.
സ്വരസാഗരശോഭയെന്റെമുന്നില്‍
തിരതല്ലുന്നിതു കാണ്മതെത്ര സൌഖ്യം
വരനാരികള്‍ വേഷഭൂഷയോടേ
തിരുവോണത്തിനു കൂടിയാടിടും പോല്‍.
വസന്തമാലിക.
രുദ്രാക്ഷമാല തനു തന്നിലണിഞ്ഞു,കൈയില്‍
ഭദ്രം തരുന്ന വരമുദ്രയൊടെന്റെ ഹൃത്തില്‍
അദ്രീസുതയ്ക്കു വരമേകിയ ഭാവമോടേ
രുദ്രസ്വരൂപമുരുവായി വിളങ്ങി നിന്നൂ.
വസന്തതിലകം
ഇന്ദീവരങ്ങളുടെ ഡംഭു കുറയ്ക്കുവാനായ്
എന്തിന്നു നീയവരെയിങ്ങനെ നോക്കിടുന്നൂ
മന്ദാക്ഷമോടെയവര്‍ നിന്‍ നയനാഭകണ്ടി-
ട്ടന്തിച്ചെമപ്പു മുഖമാകെ നിറച്ചിടുന്നൂ.
വസന്തതിലകം.
മങ്ങുന്നു കാഴ്ചയുതിരുന്നൊരു കണ്ണുനീരാല്‍
പൊങ്ങുന്ന ദുഃഖമതില്‍ നിഷ്പ്രഭനായി സൂര്യന്‍
തേങ്ങുന്ന കുന്തിയുടെ ഹൃത്തിനു ശാന്തി നല്‍കാന്‍
പാങ്ങില്ല,സൂര്യസുതനൂഴിയില്‍ വീണനേരം.
വസന്തതിലകം.
ഒരുവന്‍ തവ തെറ്റുകള്‍ മൊഴിഞ്ഞാല്‍
അവനോടെന്തിനു ദേഷ്യമാര്‍ന്നിടേണം
ശരിയായവിധത്തിലാണതെങ്കില്‍
അവനാണേറ്റമടുത്ത മിത്രമോര്‍ക്ക.
വസന്തമാലിക.
വിധിഹിതമതിനാലേ വന്നു സൌഭാഗ്യമെല്ലാം
അതിനൊരു ഗതിയുണ്ടായെന്നതാണെന്റെ ഭാഗ്യം
മതിവരുമളവന്യര്‍ക്കായതെല്ലാം കൊടുത്താല്‍
ക്ഷിതിയിതില്‍ വരമായിട്ടേകുമെല്ലാം വിരിഞ്ചന്‍.
മാലിനി.
ആരോ കേട്ടുപറഞ്ഞതായ കുശല്‍ നിന്‍കാതില്‍ പതിഞ്ഞപ്പൊഴേ
നേരോര്‍ക്കാതെ വിഷാദമാര്‍ന്നു,മുഖവും കൂമ്പിത്തളര്‍ന്നാര്‍ത്തയായ്
നേരാവില്ലവ,രാവിലേ വരുമവന്‍ നിന്നേ തലോടും ഖഗന്‍
നേരേവന്നു വിടര്‍ത്തിടും തവദലം,മാഴ്കൊല്ല നീ,പദ്മിനീ.
ശാര്‍ദ്ദൂലവിക്രീഡിതം.
എമ്പാടും പുതുവര്‍ണ്ണമാര്‍ന്നു നിറവില്‍ പൂക്കള്‍ ചിരിച്ചുല്ലസി-
ച്ചമ്പമ്പോ,യിതു കാണ്‍കെയെന്റെ ഹൃദയം തുള്ളിത്തുടിക്കുന്നിതാ
“അമ്പോറ്റിക്കു കൊടുക്കുവാനിവകള്‍ ഞാന്‍ പൊട്ടിക്കു”മെന്നോതിയെന്‍
മുമ്പില്‍വന്നു ചിണുങ്ങിനിന്ന മകളോടെന്തെന്തു ചൊല്ലേണ്ടു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
കേട്ടോ,നിന്നുടെ ഗാനവും കവിതയും ശ്ലോകങ്ങളും വാണിതന്‍
പൊട്ടാം മട്ടില്‍ ലസിച്ചിടുന്നു,സുഗമം പോയാലുമീ രീതിയില്‍
മുട്ടാതീ വക കിട്ടിയാല്‍ പലരുമിന്നാലാപനം ചെയ്‌തിടു -
ന്നിഷ്ടന്മാര്‍ ചിലര്‍ ചൊല്ലുകില്ല നുതിയോ കുറ്റങ്ങളോ,സ്വസ്തി തേ
ശാര്‍ദ്ദൂലവിക്രീഡിതം.
ചന്തം ചിന്തിയ ചിന്തകള്‍ ചിതറുമോരന്ത്യത്തില്‍ നാമെത്തിയാല്‍
ബന്ധം ബന്ധനമെന്നുതന്നെ തനിയേ ചിന്തിച്ചുപോവും സഖേ
സ്വന്തം,ബന്ധമതെന്നതൊക്കെ വെറുതേയന്ധന്നു ദീപം കണ-
ക്കെന്തും നിഷ്പ്രഭമാവുമെന്നു കരുതൂ,സ്പന്ദം നിലയ്ക്കും വരേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചെറ്റും ചെറ്റമെനിക്കു മുറ്റിവരികില്ലെന്നൂറ്റമാര്‍ന്നിട്ടു,വന്‍
ചെറ്റത്തങ്ങളുരച്ചിടുന്ന പലരും ചുറ്റിത്തിരിഞ്ഞെത്തിയാല്‍
ചെറ്റാര്‍തന്‍ പെരുമാറ്റവും പറയുമാ കുറ്റങ്ങളും മറ്റുമെന്‍
ഉറ്റോര്‍ നോക്കിടു,മറ്റകൈക്കുടനവര്‍ പറ്റിച്ചിടും താഡനം.
ശാര്‍ദ്ദൂലവിക്രീഡിതം.
പായുന്നന്നു പലേവഴിക്കു ചപലം ചിത്തം മഹാചെത്തലായ്
ചായുന്നന്നു മദംപെരുത്തു പലതാം ദുര്‍മാര്‍ഗ്ഗവാടങ്ങളില്‍
കായുന്നിന്നു മനോഗതം കഠിനമായ് പൊയ്‌പ്പോയ മാര്‍ഗ്ഗങ്ങളില്‍
പായൊന്നിന്നവനന്ത്യമായ് തടവറയ്ക്കുള്ളില്‍ കിടന്നോര്‍ക്കുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
പൊട്ടാണെങ്കിലുമിത്തരത്തില്‍ വിവിധം ശ്ലോകങ്ങള്‍ തീര്‍ത്തിന്നു ഞാന്‍
പൊട്ടക്കൂത്തു നടത്തിടുന്നു,സദയം വിട്ടേക്കു,മാപ്പാക്കു നീ
പൊട്ടന്മാരുടെ രാജനെന്നപദവിക്കര്‍ഹം വരും നിശ്ചയം
പൊട്ടായ് മാറിടുമൊക്കെ,യെന്റെ ഗതിയീമട്ടില്‍ തുടര്‍ന്നോട്ടെ ഞാന്‍
.ശാര്‍ദ്ദൂലവിക്രീഡിതം.
പൊണ്ണന്‍ പട്ടിയൊരുത്തനുണ്ടു ഭവനം സൂക്ഷിച്ചു കാക്കുന്നവന്‍
കണ്ണും പൂട്ടിയിരുന്നിടുന്ന ചതുരന്‍, കള്ളത്തരം കാട്ടുവോന്‍
എണ്ണാതാരുമൊളിച്ചുവന്നു കയറി സ്‌തേയം നടത്തീടുകില്‍
തിണ്ണം കാലില്‍ വലിച്ചലക്കിയവനേ കാലന്നു നല്‍കുന്നവന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
മന്നില്‍ സൌഹൃദമോടെയെത്തി ചിരി തൂകുന്നോര്‍ ചിലര്‍ ഹൃത്തിലായ്
മിന്നും കത്തിയൊളിച്ചുവെച്ചു തരവും പാര്‍ക്കുന്നവര്‍ തന്നെയാം
എന്നും നമ്മൊടസൂയവിട്ടു നുതി നല്‍കുന്നോര്‍ തുലോം തുച്ഛമാം
എന്നാലും ശരിയായി നാമവരെയും കണ്ടെത്തണം ബുദ്ധിയാല്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
മാതാവിന്നു സമത്തിലായൊരുവരും കാണില്ല മന്നില്‍,സ്ഥിരം
മാതാവിന്നു കൊടുപ്പതൊന്നുമളവില്‍ കൂടില്ല തെല്ലും സഖേ
മാതാവിന്നു ജഗത്തിലേ സുകൃതമായ് കാണേണ്ടതാണെങ്കിലാ
മാതാവിന്നൊരു ശല്യമായ,വരെയും തള്ളുന്നു വൃദ്ധാലയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
വീതാടോപ,മുയര്‍ന്ന വന്‍മലകളും താണ്ടിക്കടന്നെത്തി ഞാന്‍
ഏതായാലുമണഞ്ഞിതാ തവമുഖം കണ്ടാര്‍ത്തി തീര്‍ത്തീടുവാന്‍
ഹേ ഭൂതേശ,നിനക്കു ഞാനിരുമുടിക്കെട്ടില്‍ നിറച്ചുള്ളൊരെന്‍
ആഭീലപ്പരിവേദനങ്ങള്‍ നടയില്‍ വെക്കുന്നു,പോക്കീടുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
വാണീ,നിന്നുടെ വീണയില്‍ വിടരുമീയാഭേരിരാഗം ശ്രവി-
ച്ചാണിന്നെന്നുടെ രാഗമാര്‍ന്ന ഹൃദയം തുള്ളുന്നതിന്നീവിധം
കാണാറുണ്ടു തവാംഗുലീചലനമേറ്റീണങ്ങളാ വീണവി-
ട്ടോണത്തുമ്പി പറന്നിടുന്നനിറവില്‍ പൊങ്ങുന്നതാമോദമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ആയര്‍കോന്‍ ചേലിലൂതും മണിമധുരവ സംഗീതമൊന്നാസ്വദിച്ചാല്‍
ആയുഷ്യംതന്നെയാര്‍ക്കും,മനമതില്‍ നിറവാമാത്മഹര്‍ഷം തളിര്‍ക്കും
ആ യോഗം ധന്യമാവാന്‍ യദുകുലപതിയേ മാനസത്തില്‍ വരിച്ച-
ങ്ങായത്തോടായവണ്ണം ഭജഭജ ഭഗവത്പാദപത്മം ശരിക്കും.
സ്രഗ്ദ്ധര.
തിങ്ങും തെങ്ങും കവുങ്ങും പലതരുനിരയും വെട്ടിമാറ്റീട്ടു നീളേ
പൊങ്ങും വന്‍രമ്യഹര്‍മ്മ്യപ്രഭുതകള്‍ നിറയും പട്ടണപ്രൌഢി കാണ്‍കേ
വിങ്ങുന്നെന്‍ മാനസത്തില്‍ തെളിവതു ഗതമാം ഗ്രാമസൌന്ദര്യപൂരം,
മുങ്ങും നൈര്‍മ്മല്യമെല്ലാം, വിഷമയമുയരും വേഷവൈഷമ്യഘോഷം.
സ്രഗ്ദ്ധര.
നാടും വീടും വെടിഞ്ഞക്കരയിലലയുമാ മക്കളേയോര്‍ത്തു നിത്യം
കൂടും സന്താപമോടേയിവിടെ മരുവിടുന്നിന്നു മാതാപിതാക്കള്‍
നേടീടും നാണയത്തിന്‍ കലപിലരവവും പ്രൌഡിയും ഭാഗ്യമെല്ലാം
വാടീടുന്നെന്ന സത്യം മറവിയിലിടുവാനായിടുന്നില്ല തെല്ലും.
സ്രഗ്ദ്ധര.
നീലാഭ്രം വാനിലെങ്ങും ഘനതരഗതിയില്‍ ഗര്‍ജ്ജനം ചെയ്തു മെല്ലേ
നീളേനീളേ പടര്‍ത്തുന്നിരുളിമനിറയേ,യേറെയീ ഭൂതലത്തില്‍
കാലക്കേടെന്നുതോന്നുംപടിയവയുടനേ വര്‍ഷപാതം തുടങ്ങും-
പോലൊക്കേ കൂടിടുമ്പോള്‍ ഝടുതരമുയരും കാറ്റതെല്ലാം തുരത്തീ.
സ്രഗ്ദ്ധര.
******************************************************************

Tuesday, August 9, 2011
ശ്ലോകമാധുരി.31
ശ്ലോകമാധുരി.31 .
ഫുല്ലാരവിന്ദം തലതാഴ്ത്തി,മെല്ലേ
മല്ലാക്ഷി നിന്നോടിതു ചൊല്ലിടുന്നൂ
“ഇല്ലില്ല നിന്നാനനഭംഗിയോടെ-
ന്നല്ലിക്കുപോലും തുലനം,മനോജ്ഞേ“.
ഇന്ദ്രവജ്ര.
ആപത്തുവന്നു സുഖമൊക്കെയകന്നിടുമ്പോള്‍
ആ പത്തനത്തില്‍ ശിവകോവിലില്‍ നാം ഗമിക്ക
“ആപത്തൊഴിഞ്ഞു തരണം വരണം,മഹേശാ“
ആപത്തൊഴിക്കുമൊരു മന്ത്രമിതാം,ജപിക്ക.
വസന്തതിലകം.
നിന്നോടെനിക്കു പെരുതായിയസൂയമൂത്തി-
ട്ടുന്മാദമായപടിയായിതു പൂനിലാവേ
സമ്മോദമായി വരനാരികളേ പിടിച്ചു
സല്ലീനമൊന്നു തഴുകാന്‍ കഴിവുണ്ടു നിന്നില്‍.
വസന്തതിലകം.
യായാവരന്നു യമമാണു മഹത്ത്വമെന്നാല്‍
മായം വരുന്ന ചിലരിന്നവമാനമായി
ഈ യോഗിമാര്‍ ക്ഷണികസൌഖ്യമതില്‍ രമിച്ചു
മായാഭ്രമത്തിലടിപെട്ടു കളഞ്ഞു സര്‍വ്വം.
വസന്തതിലകം.
ആ രാവില്‍ കുളിരമ്പിളിക്കല ചിരിച്ചെന്നോടു ചൊല്ലുന്നിതാ
"നേരേനോക്കി രസിച്ചുകൊള്‍ക,യിവരെന്‍ താരങ്ങളാം സൌഭഗം
ആരും കാണ്‍കിലവര്‍ക്കു സൌഖ്യമരുളുന്നീ ദൃശ്യമെന്നെന്നുമേ
നേരായെന്നുമുയര്‍ത്തിടുന്നിവരെ നീ വര്‍ണ്ണിക്ക കാവ്യങ്ങളില്‍."
ശാര്‍ദ്ദൂലവിക്രീഡിതം.
കാണൂ കേരളനാടിതാ ശിശുസമം പൈദാഹമാര്‍ന്നീവിധം
കേണീടുന്നു വരണ്ടതൊണ്ടനനയാനിറ്റില്ല ദാഹോദകം
മേലേ വന്നൊരു മേഘമാലയുടനേ മാതാവിനെപ്പോലെ തന്‍
ഊധന്യം ചൊരിയുന്നതൊക്കെ മഴയായ് താഴോട്ടു വീഴുന്നിതാ.
ശാര്‍ദ്ദൂലവിക്രീഡിതം.
( ഊധന്യം = പാല്‍ )
ഗാനം പോല്‍ മമ ജീവിതം സുഖകരം തീര്‍ത്തിന്നുതന്നീശ്വരന്‍
നൂനം ഞാനതിനെന്റെ നന്ദിയിവിധം ചൊല്ലുന്നു കാവ്യങ്ങളായ്
മാനം ചേര്‍ത്തവയര്‍ഘ്യമായി സവിധേ വെയ്ക്കുന്നു സന്തോഷമായ്
ഊനം തീര്‍ത്തവയാണവയ്‌ക്കു നിറവും നല്‍കുന്നു ഞാന്‍ ഭക്തിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
നേരേ കാണുവതിന്ദുവോ,വിശിഖമോ മാരന്‍ തൊടുത്തെന്റെ നേര്‍
നേരേ വന്നു പതിച്ചിടുന്നു,ഹൃദയം നീറുന്നു നീയെങ്ങുപോയ്
നേരാണീ വിരഹാഗ്നിതന്‍ കഠിനതയ്ക്കാക്കം കൊടുത്തീടുവാന്‍
നേരില്ലാതെയയച്ചതാണു മദനന്‍, ഞാനെന്തു ചെയ്‌വൂ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
പങ്കംപോല്‍ ചില വാക്കുകള്‍ ശരസമം കാതില്‍ പതിച്ചീടവേ
പങ്കപ്പാടുപെടുന്നതൊക്കെ ശരിയാം,ശങ്കിക്കവേണ്ടെന്‍ സഖേ
തങ്കം മിന്നിവിളങ്ങിടും ദ്യുതിയുമിന്നാതങ്കമായ് കാണുവോര്‍-
ക്കങ്കം ചെയ്യുവതൊക്കെയൊക്കെ സുഖമാം,തങ്കം തിളങ്ങും ദൃഢം.
ശാര്‍ദ്ദൂലവിക്രീഡിതം.
പാഴാകില്ല,മനുഷ്യജന്മമനഘം താനെന്നു വന്നീടുവാന്‍
വീഴാതീവഴിതന്നെ പോക സഹജര്‍ക്കാനന്ദമേകാന്‍ സ്വയം
മാഴ്‌കുന്നോരുടെ കൈപിടിച്ചു തുണയായെന്നും കഴിഞ്ഞൊന്നിലും
മാഴാതൂഴിയില്‍ വാഴുവാന്‍ കഴിയുകില്‍ ജന്മം വരം,സുന്ദരം.
ശാര്‍ദ്ദൂലവിക്രീഡിതം.
പേനത്തുമ്പില്‍ നിറഞ്ഞുറഞ്ഞൊഴുകിടും കാവ്യങ്ങളോരോന്നുമി-
ന്നോണത്തുമ്പികണക്കുയര്‍ന്നു വരമാം വര്‍ണ്ണം പകര്‍ന്നീടവേ
മാനത്തമ്പിളിപോലുമാഭ നിറയും മന്ദസ്മിതത്തോടെ നിന്‍
വമ്പത്തം പറയാനടുത്തു, കവിതേ നീയെന്റെ സൌഭാഗ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
മങ്കേറും കവിതാശതങ്ങള്‍ നിരതം പങ്കപ്പെടുത്തും വിധം
വങ്കന്‍ ഞാന്‍ വിത ചെയ്തതൊക്കെ പതിരാണെന്നാലുമാശ്വാസമായ്
തങ്കം പോല്‍ നിറവാര്‍ന്നിടും സഖരവര്‍ മൂല്യങ്ങളാം പോഷണം
ശങ്കാഹീനമുതിര്‍ത്തിടുന്ന ഗമയില്‍ വാഴുന്നു ഞാന്‍ തൃപ്തനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
സാനന്ദം ചില വൃത്തമൊത്തവരമാം ശ്ലോകങ്ങള്‍ തീര്‍ത്തിന്നു ഞാന്‍
ഈ മന്ദാനിലലാളനത്തില്‍ മതിവിട്ടീമട്ടിരുന്നീടവേ
മാകന്ദാവലിതന്നില്‍നിന്നു മധുരം കൂകൂരവത്തോടുതാന്‍
ആമന്ദം വരവായിതാ പികകുലം ശ്ലോകങ്ങള്‍ ചൊല്ലീടുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ഹേ ഹേ ചന്ദ്ര,നിനക്കു ഭംഗികുറവാണെന്നോര്‍ത്തു വേധസ്സിതാ
നീഹാരങ്ങളുടച്ചുവാര്‍ത്തു മണികള്‍ മുത്തായ് കൊരുക്കുംവിധൌ
മോഹം മൂത്തണിമുത്തുകള്‍ രജനി കൈതട്ടിത്തെറിപ്പിക്കവേ
ഹായ് ഹായ്! വിണ്ണിലതൊക്കെമിന്നി നിറയേ നക്ഷത്രമുത്തുക്കളായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
പെണ്ണേ,നീയര്‍ണ്ണവത്തിന്‍ കരയിലിതുവിധം കേളിയാടിക്കളിക്കേ
വിണ്ണില്‍ നിന്നംശുമാനാ കടലിലടിയുവാന്‍ കോപമോടേ ഗമിപ്പൂ
വര്‍ണ്ണം രക്താഭമാവാനൊരുവിധമിതിനും ഹേതുവോതാം,സഘോഷം
തൂര്‍ണ്ണം നിന്നോടടുക്കും തിരയൊടു ഘൃണതോന്നുന്നതാവാം,രഹസ്യം.
സ്രദ്ധര.
ആയര്‍ബാലസ്വരൂപം സ്മിതമൊടു ഹൃദയേ ചാടിയോടിക്കളിക്കേ
ആയാസം പോയൊളിക്കും, ഭയമിവനെതിലും തോന്നുകില്ലാ ശരിക്കും
മായക്കണ്ണന്റെ ലീലാവിലസിതഗതിയില്‍ ചേര്‍ന്നുചേര്‍ന്നെന്റെ ചിത്തേ
മായം പോയാത്മരൂപം തെരുതെരെയുണരുന്നെന്നതാണെന്റെ ഭാഗ്യം.

Friday, August 5, 2011
ശ്ലോകമാധുരി.30
ശ്ലോകമാധുരി.30 .
കാല്‍ക്കഴഞ്ചു സുഖമില്ലെനിക്കു നിന്‍
കാല്‍ക്കലാണഭയമെപ്പൊഴും ഹരേ
കാക്കവാഹനനടുത്തുകൂടവേ
കാക്കണേ,ദുരിതനാശനാ,ശിവാ
രഥോദ്ധത.
മരിച്ചുപോവുന്ന ദിനം വരേക്കും
ധരിത്രിയില്‍ ജീവനമാര്‍ക്കുമാര്‍ക്കും
ഒരിറ്റു മോദം സഹജര്‍ക്കുനല്‍കാന്‍
തരത്തിലായാലതുതന്നെ പുണ്യം.
ഉപേന്ദ്രവജ്ര.
വിദഗ്ദ്ധമായിന്നിതു ചൊല്ലിടാം ഞാന്‍
വിശുദ്ധനാട്യം ചിലതാചരിച്ചാല്‍
സമൃദ്ധമായെത്തിടുമോക്കരെല്ലാം
സമൃദ്ധിയായ് ദക്ഷിണവെച്ചു കൂപ്പും.
ഉപേന്ദ്രവജ്ര.
കൃപയോടിവനെന്നുമെന്നുമേ
തുണയേകീടണമേ കൃപാകരീ
അതിനായിവനിന്നു നിന്‍ കഴല്‍
മതിപോല്‍തൊട്ടു തൊഴുന്നിതീശ്വരീ .
വിയോഗിനി
അത്യന്തസുന്ദരകളേബരഭംഗിയോടേ
നിത്യം മനസ്സിലുണരും മുരളീധരാ നീ
ഹൃദ്യങ്ങളാം മധുരരാഗമുയര്‍ത്തിടുമ്പോള്‍
സത്യം ഹൃദന്തമൊരു നന്ദനമായി മാറീ.
വസന്തതിലകം.
കൂട്ടാനെനിക്കു ചിതമാണു വിശേഷമായി
കൂട്ടാനുമുണ്ടിവിടെയൊട്ടധികം കണക്കില്‍
കൂട്ടാന്‍ തുടങ്ങിടുകില്‍ തൃപ്തിവരും വരേക്കും
കൂട്ടുന്നു ഞാനവ മുഴുക്കെ കണക്കുനോക്കി.
വസന്തതിലകം.
തുഞ്ചന്‍ മഹാകവിപദത്തിലിരിപ്പു ഹൃദ്യം
തുഞ്ചത്തുതാന്‍ ഗണന നല്‍കുക നമ്മള്‍ നിത്യം
തുഞ്ചുന്നവന്നു ഗതിനല്‍കിടുമെത്ര കാവ്യം
തുഞ്ചന്റെ തൂലികയിലഞ്ചിതമായി ദിവ്യം.
വസന്തതിലകം
ഭവാനീപതേ,നിന്റെ പാദം നമിക്കാം
ഭവത്സാഗരം താണ്ടുവാനെന്റെ മാര്‍ഗ്ഗം
ഭവിക്കേണമെന്നും ഭവത്പാദപത്മേ
ഭവിക്കും പ്രഭാവത്തിനാല്‍ സ്വച്ഛദീപ്തം.
ഭുജംഗപ്രയാതം.
കരവിരുതിവനുണ്ടാമെങ്കിലും വാണിമാതേ
വരമിവനവിടുന്നിന്നേകിലെന്‍ ഭാഗ്യമേറും
തെരുതെരെ മധുവൂറും ശ്ലോകപുഷ്പം വിടര്‍ത്താന്‍
തരുകൊരു കവിജന്മം,നിന്നെയെന്നും നമിപ്പൂ.
മാലിനി.
ഹൃദയകമലവാസീ, വാണിമാതേ,തുണയ്ക്ക
സദയമിവനിലെന്നും നിന്‍വരം തൂകവേണം
പദഗതിയിവനെന്നും വിഘ്നമെന്യേ ലഭിക്കാന്‍
പദമലരിവനെന്നും പൂജ ചെയ്‌വൂ, നമിപ്പൂ.
മാലിനി.
ആരാമത്തിലൊരപ്സരസ്സു കളിയാടീടുന്നപോലന്നു നീ
നേരേയെന്റെ മനസ്സിലേറി വിളയാടാനെത്തിയെന്നോര്‍ത്തു ഞാന്‍
ഓരോ ബാധ വരുന്നപോലെയൊഴിയും ചൊല്ലുന്നിതെല്ലാരുമി-
ന്നാരേ ഞാന്‍ പഴി ചൊല്ലിടും,പതിയെ നീ ദുര്‍ബാധയായ് ബോദ്ധ്യമായ്!
ശാര്‍ദ്ദൂലവിക്രീഡിതം.
ആരോമല്‍ കവിതയ്ക്കു വൃത്തനിറവില്‍ ഹാരം പണിഞ്ഞാദരാല്‍
ആരോ ചാര്‍ത്തിടുമെന്നുറച്ചു കഴിയേ കാണുന്നിവന്‍ സ്പഷ്ടമായ്
ആരോ വന്നുപിടിച്ചുലച്ചു തനിമാധുര്യം കളഞ്ഞിങ്ങനേ
ആരോഹം തകരാറിലാക്കി,വികൃതം കേഴുന്നു കാവ്യാംഗന.
ശാര്‍ദ്ദൂലവിക്രീഡിതം.
ഉച്ചത്തില്‍ പടുപാട്ടുപാടിയിതുപോല്‍ ചെറ്റത്തരം കാട്ടിയാല്‍
വെച്ചേക്കില്ല,നിനക്കു ഞാനടിതരും, കൊച്ചല്ല കൊഞ്ചീടുവാന്‍
സ്വച്ഛം ഞാനിവിടൊന്നിരുന്നു നദിതന്‍ ഗാനം ശ്രവിച്ചീടവേ
മൂച്ചില്‍ വന്നു കടിപ്പതെന്തു കൊതുകേ, വെക്കം ഗമിച്ചീടു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഏവം മാനുഷര്‍ ചിന്തവിട്ടു ഞെളിയുന്നീമണ്ണില്‍ ഗര്‍വത്തൊടേ
ആവും മട്ടു പടുത്തുവെച്ച മണിഹര്‍മ്മ്യത്തില്‍ സ്വയം മന്നനായ്
പാവം കാണുവതില്ലിതൊന്നുമൊടുവില്‍ ചേരില്ല, സൌഖ്യം തരാന്‍
ആവാമാറടിമണ്ണുമാത്രമതിലാണന്ത്യം, മറന്നീടൊലാ.
ശാര്‍ദ്ദൂലവിക്രീഡിതം.
തിങ്ങിത്തുള്ളി ലസിച്ചിടുന്ന വിവിധം വര്‍ണ്ണോജ്ജ്വലം പൂക്കളില്‍
പൊങ്ങിപ്പാറിയടുത്തു വന്നു മധുരം തെണ്ടുന്നു തേന്‍വണ്ടുകള്‍
മങ്ങാതീവിധദൃശ്യമൊക്കെ ദിനവും നല്‍കുന്ന സര്‍വേശ്വരന്‍
തങ്ങുന്നെന്റെ മനസ്സിലേ കവിതതന്‍ വര്‍ണ്ണങ്ങളില്‍ സര്‍വ്വദാ.
ശാര്‍ദ്ദൂലവിക്രീഡിതം.
നാഗം നിന്റെ കഴുത്തിലൂടെയിഴയും നേരത്തു നിര്‍ഭീകമായ്
ഓടും മൂഷികനെപ്പിടിച്ചു പശിതീര്‍ക്കാനോങ്ങുമാ നാഗവും
കോപംപൂണ്ടു വിശന്നുവന്നിവകളേ നോക്കും മയില്‍പ്പേടയും
സിംഹം,കാള,യിവറ്റയൊത്തു കഴിയും സൂത്രം വിചിത്രം ഹരേ!
ശാര്‍ദ്ദൂലവിക്രീഡിതം.
നോക്കും വാക്കുമശുദ്ധമാകിലെവനും താനേ വരും ദുഷ്‌ഫലം
പോക്കാണത്തരമാളുകള്‍ ചപലരായ് വാഴുന്നു ഭൂഭാരമായ്
വക്കാണങ്ങള്‍ വിലയ്ക്കെടുത്തെവിടെയും കൂടുന്നിവര്‍ക്കൌഷധം
വീക്കാണോര്‍ക്കുക,നല്‍കിലോ ഗുണമതില്‍ കാണും ജവം,നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.
രാജിക്കുന്നു സുവര്‍ണ്ണമായ് വനികളില്‍ ചേണുറ്റൊരാ പൂക്കളും
കാമിക്കുന്ന സുഗന്ധമാണവയില്‍ നിന്നെങ്ങും പരക്കുന്നതും
പാറിച്ചെന്നവതന്നിലേ മധുനുകര്‍ന്നീടുന്ന വണ്ടാകുവാന്‍
മോഹിക്കുന്നു,മരന്ദഗന്ധമതിനായെന്നെ ക്ഷണിച്ചിക്ഷണം.
ശാര്‍ദ്ദൂലവിക്രീഡിതം.
ലീലാലോലമടുത്തുവന്ന കവിതേ,നീയെന്റെ മുന്നില്‍ കിട-
ന്നാലോലം കളിയാടിടുന്നു ലയമോടെന്നുള്ളതാണെന്‍ സുഖം
കാലക്കേടിനു നിന്നൊടൊത്തു കഴിയാനായില്ലയെന്നാലിവന്‍
കോലം കെട്ടു നടന്നിടും,ഗതിയതായ്ത്തീര്‍ന്നാല്‍ മഹാമോശമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
വീടില്ലാതെയനേകരീ വഴികളില്‍ കൂടുന്നു രാവായിടില്‍
പാടില്ലാതെ വരില്ലിവര്‍ക്കു, ശരണം കിട്ടില്ലതെല്ലെങ്ങുമേ
കൂടില്ലാത്തകിളിക്കുതുല്യഗതിയില്‍ നീളേയലഞ്ഞീവിധം
കൂടുന്നുണ്ടിവരെങ്ങുമേ,കദനവും കൂടുന്നിവര്‍ക്കെന്നുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.
മുന്‍പേറായ് വെച്ചു ഞാനെന്നഴലുകള്‍ പലതും മുമ്പിലായെന്‍ മഹേശാ
അന്‍പേറുന്നെന്നു കേള്‍ക്കും തവമിഴിയതിലിന്നൊന്നിലും തങ്ങിയില്ലാ
വന്‍പേറും കാഴ്‌ചവേറേ തവതിരുനടയില്‍ വെയ്ക്കുവാനില്ലയൊന്നും
നിന്‍പേരില്‍ വീഴ്ചചൊല്ലില്ലടിയനടിയിലും നിന്റെ ഭക്തന്‍,ഭവേശാ.
സ്രഗ്ദ്ധര
സൌഭാഗ്യത്തില്‍ കഴിയുവാനാശയാണെന്നുമാര്‍ക്കും
ദൌര്‍ഭാഗ്യം വന്നടിപെടില്‍ ഭാഗ്യദോഷം കഥിക്കും
ആര്‍ഭാടത്തില്‍ കഴിയുമാനാളിലൊന്നും ശരിക്കൊ-
ന്നോര്‍ക്കാറില്ലാ.ക്ഷിതിയിതില്‍ സൌഖ്യമാര്‍ക്കും ഞെരുക്കം.
ഹരിപദം.(നവീനവൃത്തം)
“ചൊല്ലാം വൃത്തം ഹരിപദം മംഭയംയം യചേര്‍ന്നാല്‍”
“കണ്ണന്‍ വന്നാല്‍ മുരളിയില്‍ രാഗമെല്ലാമുയര്‍ത്തും
സൌഭാഗ്യം ഞാനവനിലെന്‍ പ്രേമമെല്ലാം നിറയ്ക്കും“
“രാധേ,നീയെന്തിതുവിധം ഭ്രാന്തു ചിന്തിച്ചിരിപ്പൂ
ബോധംവേണം കളിയിലീ മട്ടിലോതല്ലെയൊന്നും.“
ഹരിപദം.
വര്‍ണ്ണാഭംതാന്‍ വനികളില്‍ പൂത്തിടും പൂക്കളൊക്കേ
കണ്ണില്‍കാണുന്നുഡുസമം മിന്നിമിന്നി ത്തിളങ്ങീ
ചേണാര്‍ന്നെല്ലാം ചരടിലായ് മാല്യമാക്കിക്കൊരുത്താല്‍
നാണംകൂറും യുവതിതന്‍ മാറിലാ മാല ചാര്‍ത്താം.
ഹരിപദം.
**************************************************************

Subscribe to:
Posts (Atom)