Saturday, July 27, 2013

ശ്ലോകമാധുരി.51

ശ്ലോകമാധുരി.51

കറുകറെ നിറമായ് തൊലി മാറുമ്പോള്‍
കരളിതില്‍ നിറയേയൊരു വിമ്മിട്ടം
വെളുവെളെവരുവാനതിവേഗത്തില്‍
പറയുക ലളിതം പരിഹാരം നീ.
(ജ്വാല)

ബാല്യം തരും സുന്ദരഭാവമെല്ലാം
ചേലുറ്റതാണെന്നതു നിര്‍ണ്ണയം താന്‍
മാലൊക്കെയേറുന്നൊരു കാലമായാ-
ലുല്ലാസമേറ്റും സ്മൃതിയാണതെല്ലാം.
(ഇന്ദ്രവജ്ര)

വാടാമലര്‍ച്ചെണ്ടിനടുത്തുചെന്നു
മന്ദാനിലന്‍ ചൊല്‍‌വതു കേട്ടുനോക്കൂ
“വര്‍ണ്ണപ്പകിട്ടാര്‍ന്നൊരു നിന്നെ ഞാനീ-
സ്വര്‍ണ്ണത്തലപ്പാവണിയിച്ചിടട്ടേ!“
(ഇന്ദ്രവജ്ര)

മരത്തിന്റെ പരിദേവനം.

ഒരു നാളെന്റെ ശരീരഭാഗമായ് നീ
പിരിയാതിങ്ങു കഴിഞ്ഞു നീയൊരിക്കല്‍
ഒരു കോടാലിയില്‍ നിന്നെ വെച്ചു കൈയായ്
അരുതേ,പാതകമീസഹായമോര്‍ക്കൂ.
(ആതിര)(നവീനവൃത്തം)

വൃത്തബദ്ധകവിതയ്ക്കു ചാര്‍ത്തുവാന്‍
ഒത്ത വര്‍ണ്ണനിറവാണു ഭൂഷണം
ഇത്തരം മധുരകാവ്യമുത്തുകള്‍
ഒത്തുചേര്‍ത്തു നിരതം നിരത്തു നാം !
രഥോദ്ധത

ഞാന്‍ രസത്തിനു മനസ്സിലുള്ളൊരീ -
നീരസം പുറമെ കാട്ടിടാതെ താന്‍
ഈ രസം മുഴുവനായ് കുടിച്ചതില്‍
നീരസം കരുതിടേണ്ട തെല്ലുമേ

ഞാന്‍ രസത്തിനു മനസ്സിലുള്ളൊരീ -
നീരസം പുറമെ കാട്ടിടാതെ താന്‍
ഈ രസം മുഴുവനായ് കുടിച്ചതില്‍
നീരസം കരുതിടേണ്ട തെല്ലുമേ.
രഥോദ്ധത(സമസ്യാപൂരണം)

മഞ്ജുഭാഷിണിയിലെ ശ്ലോകങ്ങള്‍.

“പരിഹാസ്യമായപടി നീയിതേവിധം
പരദാരസേവ,യതുപോലെ പീഡനം
വിരുതോടെയാടിയൊടുവില്‍ കസേര പോയ് “
ചിരിയോടെ ചൊല്‍‌വതിതുതന്നെ  യാമിനി.

നിറവോടെയെന്റെയരികത്തു വന്നു നീ
നിറശോഭചേര്‍ത്തപടി നിന്നു കണ്മണി
മുറപോലെ കാണ്‍കെയൊരു നവ്യവത്സര-
ക്കണിയായി നീ,യതുലമെന്‍  വിഷുക്കണി!

ഔപമ്യമറ്റ വരഭാവമൊടെന്റെ ഹൃത്തില്‍
ആരമ്യമായിയുണരുന്നൊരു ശാരദാംബേ
സൌവര്‍ണ്ണവര്‍ണ്ണനിറവെന്നിലുണര്‍ത്തിടാനായ്
സൌപര്‍ണ്ണികാതടനിവാസിനി വന്ദനം തേ.
(വസന്തതിലകം).

കാലത്തുതന്നെ ചൊടിയോടെയെടുത്തുചാടി
വേലത്തരങ്ങളൊരുപാടു നടത്തി വേഗം
ചേലൊത്തൊരാ വികൃതിയോടെനടന്ന ബാല്യ-
കാലത്തിനായി മനമൊന്നു കൊതിച്ചിടുന്നു.
(വസന്തതിലകം)

നാടൊക്കെ വറ്റിവരളുന്നിവിടില്ല വെള്ളം
വാടുന്നു കര്‍ഷകമനം,കൃഷിയും പിഴച്ചൂ
കൂടുന്നു ചൂടു കഠിനം, ജനതയ്ക്കു കഷ്ട-
പ്പാടാണിതിങ്ങു കഴിയാന്‍ ചില വേലമൂലം.
(വസന്തതിലകം) സമസ്യാപൂരണം

നലമൊരു മലയാളം ശ്രേഷ്ഠഭാഷാപദത്തില്‍
പൊലിമയൊടുയരുമ്പോ ളെന്റെ ഹൃത്തും തുടിപ്പൂ
കലിലവിഷമവൃത്തം തട്ടിനീക്കിത്തിളങ്ങി-
ത്തിലകനിറവു ചാര്‍ത്തും, മാതൃഭാഷേ ,ലസിക്കൂ.
(മാലിനി)

കുന്നെല്ലാമീ മനുജര്‍ പൊടിയാക്കീ നശിക്കാനൊടുക്കം
വന്നെത്തീയീ വയലുമുഴുവന്‍ നഷ്ടമാക്കീ, ഫലത്തില്‍
ഉന്നിദ്രം നാം തളര്‍വതിതുപോല്‍ വെള്ളമില്ലായ്കയാല്‍, ഹാ
എന്നാണാവോ വരിക കുളിരായ് കാലവര്‍ഷപ്രകര്‍ഷം.
മന്ദാക്രാന്ത(സമസ്യാപൂരണം)

വസന്തമാലികയിലെ ശ്ലോകങ്ങള്‍.

അതിമോഹനരാഗമൊന്നു പാടാന്‍
കൊതിയേറുന്നു മനസ്സിലെന്നുമെന്നും
അതിനാല്‍ പികമേ,യടുത്തുവന്നീ-
ശ്രുതിയില്‍ മോഹനരാഗമൊന്നു പാടൂ.

ജലജത്തിനു കാന്തി മങ്ങിടും പോല്‍
നിലകൊള്‍വൂ മമ കാന്തതന്‍ മുഖേന്ദു
ഒരുവേളയിവള്‍ മറഞ്ഞുനിന്നാല്‍
ചിരിയോടേ വിളയാടുമീ സരോജം.

കരുണാകരതന്ത്രമോര്‍ത്തു ശിഷ്യന്‍
പൊരുതീ,മന്ത്രിയതായതില്ല കഷ്ടം!
പെരുതായവമാനമായ്,“രമേശാ
പെരുമാറ്റം ശരിയല്ല” മുഖ്യനോതീ.

കളിയല്ലിതു ചൊല്ലിയെത്രവട്ടം
ചെവിയില്‍ക്കൂടി കടന്നുപോയി കഷ്ടം!
മരമൊക്കെ മുറിച്ചുമാറ്റി ദുഷ്ടര്‍
ഫലമോ ചൂടു പെരുത്തു,കൂടി നഷ്ടം

കമലോത്ഭവജായെ,യെന്റെയുള്ളില്‍
വിമലം വാണിടവേണമെന്നുമെന്നും
സുമരാജി വിടര്‍ന്നു വന്നിടും പോല്‍
അമലം ശ്ലോകമുണര്‍ത്തുവാന്‍ തൊഴുന്നേന്‍.
.
തലയില്‍ തണുവേറിടുന്ന ഗംഗ-
യ്ക്കരുകില്‍ ശീതമിയറ്റിടും ഹിമാംശു
ഇവ നിന്‍‌കലിരിക്കെയെന്തെ ശംഭോ
മമതാപത്തെയകറ്റുവാനമാന്തം?
(വസന്തമാലിക)
അധികമിനിയെനിക്കും ചിന്തയില്ലാ,പറഞ്ഞാല്‍
വിധിയുടെ വിധിയാണീ ദുഃഖമെല്ലാം ശരിക്കും
അധികമിനിയിതിന്നായ് രക്ഷ കെട്ടില്ല,ചൊല്ലാം
വിധിലിഖിതവിലാസം മാറ്റുവാനെന്തുപായം!
മാലിനി (സമസ്യാപൂരണം.)
“ആരെന്‍ വീടിനു മുന്നിലെത്തിയശനം ചോദിച്ചിടുന്നക്ഷണം
നേരേ ഞാന്‍ ഹിതഭക്ഷണം സവിനയം നല്‍കീടുമെന്നോര്‍ക്ക നീ “
അന്നാ മട്ടില്‍ വിനോബ മാതൃവചനം കേള്‍ക്കേ,ലഭിച്ചുള്ളൊരാ-
ജ്ഞാനം പുത്രര്‍ സമസ്തവും മനമതില്‍ സൂക്ഷിക്ക,സദ്‌വൃത്തരാം
(ശാര്‍ദ്ദൂലവിക്രീഡിതം)
എന്തേ പൂതന വന്നവാറു നയനം പൂട്ടീ മുകുന്ദന്‍ സ്വയം
ചിന്തിക്കേണമതിന്നു കാരണമിദം ചൊല്ലുന്നു സര്‍വ്വജ്ഞരും
എന്തും പൂതമതാക്കിടുന്ന മിഴികള്‍ നേരേ പതിച്ചാലവള്‍-
ക്കന്ത്യം നല്‍കുവതിന്നടുത്ത വിധി മാറീടാമതാം കാരണം
(ശാര്‍ദ്ദൂലവിക്രീഡിതം)

കൊന്നപ്പൂക്കള്‍ ചിരിച്ചിടുന്നുരുളിയില്‍,മിന്നുന്നു ദീപപ്രഭ
കണ്ണന്‍‌ തന്നരികത്തു വെച്ച ഫലമൂലങ്ങള്‍ക്കു സാഫല്യമായ്
സ്വര്‍ണ്ണം പോലെയുണര്‍ന്നുവന്ന പുലരിക്കിന്നെന്തു സൌന്ദര്യമാ-
ണെന്നും സൌഭഗപൂര്‍ണ്ണമായി വിരിയട്ടോതുന്നിതാശംസകള്‍.
(ശാര്‍ദ്ദൂലവിക്രീഡിതം).

പാടുമ്പോളൊരുപാടു പാടണ,മതും പാടായ് വരും, പേടിയാല്‍
പാടാതെന്നുടെ പാടുനോക്കി പടിവിട്ടാല്‍ വല്യപാടായ് വരും
പാടില്ലെന്നുര ചെയ്യവേ സഹൃദയര്‍ പാടെന്നു ചൊല്ലീടിലോ
പാടാമെന്നുടെ പാടുപോലെ,യതിനാല്‍ പാടാന്‍ തുടങ്ങാമെടോ.
(ശാര്‍ദ്ദൂലവിക്രീഡിതം)

മാറാതെന്റെ മനസ്സില്‍ നിന്റെ വദനം കാണ്‍കില്‍ ഭയം സര്‍വ്വതും
മാറുന്നെന്റെ മഹേശ്വരാ, മനമിതില്‍ വാഴേണമേ സര്‍വ്വദാ
മാറാതേ തണുവേകിടുന്ന ശശിയാല്‍, ഗംഗാപ്രഭാവങ്ങളാല്‍
മാറുന്നെന്നിലുണര്‍ന്ന താപമഖിലം, കൂപ്പുന്നു ഞാന്‍ നിന്‍പദം
(ശാര്‍ദ്ദൂലവിക്രീഡിതം)

‘ആലസ്യ’ശ്ലോകങ്ങള്‍.

‘ആലസ്യം’കൊണ്ടു ഞാനീ പലവിധതരമാം ശ്ലോകമൊക്കെക്കുറിച്ചി-
ട്ടാലസ്യം പൂണ്ടിരിപ്പൂ ,ഫലമിനിയുരചെയ്യെന്നു ചൊല്ലുന്നു ഞാനും
ആലസ്യം വേണ്ട വേണ്ടാ,യുടനടി മൊഴിയൂയിഷ്ടമായോ, പദങ്ങള്‍-
ക്കാലസ്യം തോന്നിയില്ലാ,യവയിവനുടനേയങ്ങയപ്പൂ ,സുഹൃത്തേ.
(സ്രഗ്ദ്ധര)

ആലസ്യഭാവമൊടു നീയരികത്തുവന്നു
ചേലൊത്തവാര്‍ത്ത മൊഴിയേ കുളിരാര്‍ന്നു ചിത്തം
മൂല്യത്തിനൊത്തപടി ജീവിതസൌഭഗങ്ങള്‍
കാലത്തിനൊത്തപടി നല്‍കിയെനിക്കു ദൈവം.
(വസന്തതിലകം.)

ആലസ്യഭാവമതു മാറ്റുകിലാര്‍ക്കുമാര്‍ക്കും
മാലൊക്കെ മാറുമതിലില്ലൊരു കില്ലു തെല്ലും
കാലത്തിനൊത്തു തവ ജോലികള്‍ തീര്‍ക്കുവാനായ്
ശീലിച്ചിടൂ,ഫലവുമുത്തമമായിടും കേള്‍.
(വസന്തതിലകം.)

ആലസ്യത്തൊടുവന്നു നീ മധുരമായ് ചൊല്ലുന്ന കാര്യങ്ങളെന്‍
ആലസ്യത്തെയൊഴിച്ചിടുന്നു മനമോ തുള്ളുന്നൊളിക്കില്ല ഞാന്‍
ആലസ്യത്തിനു കാരണം മൊഴിയവേ നാണിപ്പതെന്തേ പ്രിയേ
ആലസ്യത്തൊടു ഹൃത്തിലാര്‍ത്ത പുളകം സൌഭാഗ്യമല്ലേ സഖീ?
(ശാര്‍ദ്ദൂലവിക്രീഡിതം)

ആലസ്യത്തൊടിരുന്നൊരെന്റെ തുടയില്‍ വന്നൊന്നിരുന്നിട്ടുടന്‍
നീളന്‍കൊമ്പു തുളച്ചുകേറ്റിയൊളിവില്‍ സ്ട്രോയില്‍ വലിക്കുന്നപോല്‍
ചാലേ ചോരകുടിച്ചിടുന്ന കൊതുകേ, ചൊല്ലുന്നു ഞാന്‍ ചേലൊടേ
കാലത്തേയടികൊള്ളുമോര്‍ക്ക,യതിനും മുന്നേ പറന്നീടു നീ.
(ശാര്‍ദ്ദൂലവിക്രീഡിതം)

ആലസ്യം വിട്ടു നീയൊന്നുണരുക മനമേ,ശ്ലോകപാദങ്ങള്‍ തീര്‍ക്കാന്‍-
പോലൊക്കും വര്‍ണ്ണജാലം നിരനിരനിരയായ് പൂത്തുനില്‍ക്കുന്നു മുന്നില്‍
ചേലൊക്കുംപോലെ നീയാ സുമനിര വിരുതില്‍കോര്‍ത്തു പാദങ്ങളോരോ-
ന്നോലക്കത്തോടെ തീര്‍ക്കൂ, സഹൃദയരതിനായ് കാത്തുനില്‍ക്കുന്നു ചൊല്ലാന്‍.
(സ്രഗ്ദ്ധര)

ആലസ്യം കൂടിയാലീ സകലജനതതിക്കൊക്കെ വൈഷമ്യമാകു-
ന്നാലസ്യം വിട്ടുപോകില്‍ ത്വരിതഗതി വരും, കര്‍മ്മമെല്ലാം സുധന്യം
മാലോകര്‍ക്കീ ജഗത്തില്‍ വിജയമണയുവാനേക മാര്‍ഗ്ഗം സ്വധര്‍മ്മം
പാലിക്കാനോര്‍ക്ക നമ്മള്‍ക്കലസത വെടിയാമൊത്തുചേരാം,ജയിക്കാം.
(സ്രഗ്ദ്ധര)

കത്തുന്ന തീമിഴിയൊടൊത്തുണ്ടു ഗംഗ,ജടമദ്ധ്യേ ഹിമാംശു ശുഭനായ്
കൊത്തുന്ന പാമ്പു,വൃഷ,മൊത്തുണ്ടു സിംഹ,മെലി,തത്തുന്ന നീലമയിലും
ഇത്ഥം വിരോധികളൊടൊത്തുള്ള നിന്റെ ഗതി ചിത്രം വിചിത്രമതിനാല്‍
ഹൃത്തില്‍ പെരുത്തുവരുമത്തല്‍ കെടുത്തുവതുമുത്താളശംഭുനടനം.
(മത്തേഭം)

ശ്രീകുമാര്‍ ഇലഞ്ഞിക്കു ആശംസ.
ശ്രീയേറും ശ്രീകുമാര്‍ സാര്‍ പ്രഥമഗുരുവരസ്ഥാനമേല്‍ക്കുന്ന നാളില്‍
ശ്രീയേറ്റം കൂടിടട്ടേ,പുതിയപദവിയില്‍ ഖ്യാതിയും നേടിടട്ടേ
ശ്രീയേറും ശ്രീലകത്തിന്‍ പ്രഭയില്‍ മുഴുകി ഞാനോതുമാശംസയിത്ഥം
“ശ്രീയേറാന്‍ നല്‍‌വരങ്ങള്‍ ശുഭദവരദനാം കണ്ണനേകട്ടെ നിത്യം“
(സ്രഗ്ദ്ധര)

ഹരിശ്രീ സംഗമസ്മരണകള്‍.
*******************************
നേരേറും സുഖസൌഹൃദത്തൊടു ഹരിശ്രീ തന്റെയംഗങ്ങളാ
നേരംനോക്കിയെടുത്തു തീര്‍ച്ച,യതിനാലൊന്നൊത്തുകൂടീ മുദാ
ഓരോനാട്ടിലിരിപ്പവര്‍ പലവിധം ക്ലേശങ്ങള്‍ നോക്കാതെയാ
പാരാവാരസമീപമെത്തിയൊരുനാളാമോദമായ് കൂടുവാന്‍

വമ്പത്തംപറയാത്തൊരാ ‘മുരളി‘തന്‍ ‘സ്വപ്ന‘ത്തൊടാ‘പുത്രിമാര്‍‘
മുമ്പേതന്നെ വരുന്നു,കൂടെ ‘ജിനനും‘ പത്നീസമേതം,സ്വയം
വമ്പാര്ന്നുള്ളൊ‘രുമ‘യ്ക്കുപിന്നി‘ലറു‘വും ‘മൊയ്നിക്ക‘യും ‘ചിത്ര‘യൊ-
ത്തിമ്പം നല്കിടുമാ ‘സ്മിതാ,കല‘യുമായെല്ലാര്ക്കുമാഹ്ലാദമായ്

‘രാകേഷ്, ബൈജു‘വുമൊത്തു വന്നു,മധുരം പാടുന്നൊരാ ‘ബച്ചു‘വും
‘ഹാഫീസ്,ജോബി,ഹരീദു,ജംഷി സഖരും‘ പാടുന്നിതാ ഹൃദ്യമായ്
‘കീര്ത്തി‘ക്കൊത്തു ‘നിഷേ‘യുമുണ്ടു പുറകേ ‘ശ്രീമാഷു‘തന്‍ വാക്കുമ-
ങ്ങോര്ക്കില്‍ സൌഹൃദസുസ്മിതം സുരഭിലം കൊണ്ടാടിയക്കായലില്‍

കൊച്ചീക്കായലിലുച്ചനേരമൊരുമിച്ചന്നാ‘മിനാര്‍’ നൌകയില്‍
മെച്ചപ്പെട്ടൊരു കൂട്ടമായിയൊരുനാളാഹ്ലാദമായ്,ധന്യമായ്
ഇച്ഛക്കൊത്ത വിധത്തിലാ കഥകളും പാട്ടിന്‍ ‘ഹരി‘’ശ്രീ‘യുമായ്
സ്വച്ഛം നമ്മള്‍ കഴിഞ്ഞൊരാ നിമിഷമെന്നോര്‍മ്മയ്ക്കു പൂക്കാലമായ്.
***********************************************