Monday, May 30, 2011

ശ്ലോകമാധുരി. 24 .

ശ്ലോകമാധുരി. 24 .
ദുരിതങ്ങളൊടുക്കുവതിന്നു ദിനം
ശിവശങ്കരനാമജപം ശരണം
ഭുവിതന്നിലിതാര്‍ക്കുമതിന്‍ ഫലമാം
ഭവഭാഗ്യവരം ശിവനേ തരണം.
തോടകം.

എല്ലാം നമുക്കെന്നൊരു ചിന്തയില്‍ നീ
വല്ലാതെ തന്നേയുഴലുന്നു നിത്യം
പൊല്ലാതെയായിങ്ങു വലഞ്ഞിടുന്നോ-
രില്ലേയവര്‍ക്കും തുണയാകണം നാം.
ഇന്ദ്രവജ്ര.
ഇനിയുമൊരുവിധത്തില്‍ മന്ത്രിയായില്ലയെന്നാല്‍
പലവഴി പണിചെയ്യാം,കാലുവാരാം,നടക്കാം
അതിലൊരുപിഴയെങ്ങാന്‍ വന്നുപോയാല്‍ പൊളിയ്ക്കാന്‍
പുതിയൊരു വഴി നോക്കാം,മൂഢരല്ലോ ജനങ്ങള്‍ !
മാലിനി.

ചിന്തുന്നകാന്തിയൊടെയിന്ദുവിതാ വിയത്തില്‍
മന്ദം തെളിഞ്ഞു വരവായതിലോലയായീ
നന്ദാത്മജന്റെ വരവോര്‍ത്തു വിലാസിയായാ
വൃന്ദാവനത്തില്‍ നടമാടിയ രാധയെപ്പോല്‍.
വസന്തതിലകം

ആറാണു നിന്‍ തലയിലെന്നൊരു കേള്‍വി,തൂവെ-
ണ്ണീറാണു ദേഹിമുഴുവന്‍ വരഭൂഷണം.ഹായ്
തീറാണു പാതിയുടല്‍ പെണ്ണിനു നിത്യമായി-
മ്മാറാണു നിന്റെ ഗതി,ദുര്‍ഗ്ഗതിയോ ഗിരീശാ?.
വസന്തതിലകം.

ഒപ്പത്തിനിപ്പമൊരുവന്‍ വരുമെന്നു കണ്ടാല്‍
കൈപ്പാണു ഹൃത്തിലുളവാകുവതെന്നു കേള്‍പ്പൂ
കല്പിച്ചുകൂട്ടിയിവിധം കരുതുന്ന മര്‍ത്ത്യര്‍-
ക്കെപ്പോഴുദിപ്പു വിവരം,ക്ഷരമാണു ലോകം.
വസന്തതിലകം.

കല്ലാണുനിന്‍‌ഹൃദയ,മില്ലതിലിറ്റുപോലും
നല്പുള്ളചിന്ത,യതുകൊണ്ടു വലഞ്ഞു ഞാനും
പൊല്ലാത്ത ജീവഗതിവന്നുഭവിച്ചുവെന്നാ-
ലല്പം ഗരം തരണമെന്നുമുരച്ചിടുന്നേന്‍.
വസന്തതിലകം.

ഉല്ലാസമായി ശലഭങ്ങളിടക്കിടക്കു
വല്ലീഗണത്തിലലയുന്നതു കണ്ടു നില്‍ക്കേ
സല്ലീനമോദമുണരും മമ മാനസത്തില്‍
നല്ലീണമുള്ള കവിതയ്ക്കൊരു ജന്മമായീ.
വസന്തതിലകം.

ഉഷ്ട്രം കണക്കു മരുഭൂവിലലഞ്ഞു ഞാനീ-
കഷ്ടങ്ങളൊക്കെയൊരുപാടു സഹിച്ചിതയ്യോ
ഇഷ്ടങ്ങളൊക്കെ ഹതഭാഗ്യനെനിക്കു മെല്ലേ
നഷ്ടപ്പെടുന്നപടിയായിനിയെന്തു ചെയ്‌വൂ?
വസന്തതിലകം.

നാരായണന്റെ സഖിയാകിയ ദേവിവന്നെന്‍
തീരാത്തദുഃഖമൊഴിയാന്‍ വഴിയേകിടേണം
ഓരോ തരത്തിലുമെനിക്കുവരുന്ന കഷ്ടം
പാരാതെ നീക്കി വരമാം ഗതിനല്‍കിടേണം
വസന്തതിലകം.

തീയാണാവരനേത്രമൊന്നതില്‍ വരും ദൈത്യര്‍ക്കുടന്‍ നിഗ്രഹം
ഭീയാണാര്‍ക്കുവതാര്‍ക്കുമാ ഗളമതില്‍ കാണുന്ന നിന്‍ഭൂഷണം
സ്ത്രീയാണര്‍ദ്ധശരീരമര്‍ത്ഥവടിവില്‍ പേരര്‍ദ്ധനാരീശ്വരന്‍
നീയാണെന്നുടെ മാനസം നിറയുമാ ജ്യോതിസ്വരൂപം,ശിവം
ശാര്‍ദ്ദൂലവിക്രീഡിതം.
കാണാതൊട്ടു വലഞ്ഞു ഹാ, പലവിധം മോഹങ്ങളുംപേറി ഞാന്‍
വാണീടുന്നു വിദേശവാസജനിതക്ഷോഭങ്ങളേറ്റിങ്ങനേ
ഓണം വന്നിടുമാമുറക്കവധികിട്ടീടും,വരാം നിശ്ചയം
വേണുംപോലെ നടത്തിടാം ശ്രമമതിന്നായും,ക്ഷമിക്കൂ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം
പാടാന്‍ വന്നൊരു പാട്ടു നിര്‍ത്തു കുയിലേ,മെല്ലേ സ്വരം താഴ്ത്തു നീ
പാടായ് തീര്‍ന്നിടുമെന്നു കേള്‍പ്പു ചിലരാ മര്‍ത്ത്യര്‍ക്കു നിന്‍ നിസ്വനം
കാകന്മാരുടെ നൂതനം ‘കുവിത‘തന്‍ ഘോഷം പലേ മട്ടിലായ്
ഘോരം പൊങ്ങുവതാണവര്‍ക്കു ഹിതമായ് തോന്നുന്നതെന്നോര്‍ക്ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
കട്ടായം പറയുന്നു ഞാന്‍,പലവിധം കഷ്ടങ്ങള്‍ വന്നീടിലും
തുഷ്ട്യാ ചെയ്യുക ദേവപൂജയതിനാല്‍ ക്ലിഷ്ടിക്കു നാശം വരും
സ്രഷ്ടാവായവനിത്തരത്തില്‍ ദുരിതം നല്‍കീടുമെന്നാലതില്‍
ദുഷ്ടത്വം നിരുപിക്കവേണ്ടയതിനാലുണ്ടായിടും മൃഷ്ടിയും.
ശാര്‍ദ്ദൂലവിക്രീഡിതം.
മാറുന്നുണ്ടു ജഗത്തിലേ സകലതും മാറാത്തതായൊന്നുതാന്‍
മാതൃത്വം പകരുന്നൊരാ സുഖദമാം സ്നേഹാര്‍ദ്രമാം ലാളനം
കാറുംകോളുമുറഞ്ഞുതുള്ളിയൊഴുകില്‍‌പോലും വരാമാറ്റമി-
ന്നേറെപ്പേരുമതിന്റെയാ മഹിമയിന്നോര്‍ക്കുന്നുവോ ഭൂവിതില്‍ !.
ശാര്‍ദ്ദൂലവിക്രീഡിതം.
പാട്ടും പാടിയടുത്തുവന്നു മുതുകില്‍ നീ കൊമ്പു താഴ്ത്തും വിധൌ
ഒട്ടേറെക്കെറുവുണ്ടെടോ, രണരണം, നിന്നോടെനിക്കോതുവാന്‍
പൊട്ടപ്പാട്ടുകള്‍ പാടിയെന്റെ സുഖമാംനിദ്രയ്ക്കു ഭംഗംവരാ-
തിഷ്ടംപോല്‍ രുധിരം കുടിക്ക,വെറുതേ ശല്യപ്പെടുത്തൊല്ല നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
(രണരണം = കൊതുകു് )
കാണാനേറെ നിറങ്ങളുള്ള കവിതേ,കാണേണമെന്‍ വാടിയില്‍
നാണംകൊണ്ടു മുഖംകുനിച്ചുവരുമെന്‍ പ്രാണപ്രിയയ്ക്കൊത്തു നീ
വീണക്കമ്പികള്‍മീട്ടി ഞാനിതുവിധം പാടുമ്പൊഴെന്‍ ചാരെ വ-
ന്നീണം പോലൊരുമിച്ചു നിങ്ങള്‍ നടമാടേണം,മടിയ്ക്കൊല്ല നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ആടുന്നൂ മമ മാനസം കളകളം ഗാനങ്ങളില്‍ നിത്യവും
വാടുന്നെന്നുടെ ഹൃത്തിനാണവ നവോന്മേഷം പകര്‍ത്തുന്നതും
കാടും മേടുമലഞ്ഞു ഞാന്‍ മധുരമാ നാദം ശ്രവിക്കുമ്പൊഴേ
കൂടാറുണ്ടു സുഖം,മനസ്സിലുളവാം ദുഃഖം മറന്നങ്ങനേ.
ശാര്‍ദ്ദൂലവിക്രീഡിതം.
എന്തേവന്നിതു ചിന്തയിന്നിതുവിധം,വല്ലാത്തതാംനൊമ്പരം
പൊന്തും മട്ടിലുരച്ചിടുന്നു കവിതാപാദങ്ങളീമട്ടിലായ്
സ്വന്തംകാവ്യപദങ്ങളാല്‍ കവിതകള്‍ തീര്‍ത്തീടുകാമോദമായ്
ചിന്താബന്ധുരമാംമരന്ദമധുരം ചിന്തട്ടെ,യീവേദിയില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
‘സ്വര്‍ണ്ണം പൂര്‍ണ്ണസുഖംതരുന്നു‘, കരുതും പെണ്ണുങ്ങളിന്നിങ്ങനേ,
എണ്ണീടാത്തവിധത്തില്‍ വാങ്ങുമതിനാലാപത്തുമവ്വണ്ണമായ്
വിണ്ണിന്‍കീഴെനടന്നിടും പലവിധം ഹത്യക്കതും കാരണം
പൂര്‍ണ്ണം ധാരണയെന്നിവര്‍ക്കു വരുമെന്നോര്‍പ്പൂ,തപിപ്പൂ മനം
ശാര്‍ദ്ദൂലവിക്രീഡിതം.
സമ്പത്തുണ്ടു,പഠിത്തമുണ്ടു,കുലമോ ശ്രേഷ്ടം ശരിക്കുണ്ടു,നിന്‍
വമ്പത്തങ്ങളനേകമുണ്ടു പറയാനാവില്ലെനിക്കെങ്കിലും
തുമ്പംനല്‍കുമമംഗളം‌പദമതാല്‍ നീ ചൊല്ലിടും വാക്കുകള്‍
സം‌പ്രീതിക്കു വിനാശമായിവരുമെന്നോര്‍ത്തീടണം ചിന്തയില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
കാടാണെന്റെ ഹൃദന്തമെന്നു കരുതൂ,കേള്‍പ്പീലയോ പക്ഷികള്‍
പാടുന്നുള്ളു കുളിര്‍ത്തിടും സദിരുകള്‍ നിത്യം പ്രഭാതങ്ങളില്‍
കൂടുംകൂട്ടി വസിച്ചിടുന്ന കിളികള്‍ വൈവിദ്ധ്യതാളങ്ങളില്‍
പാടുന്നേരമുണര്‍ന്നിതെന്‍ കവിതകള്‍ രാഗാര്‍ദ്രഭാവങ്ങളില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
തഞ്ചത്തോടുള്ളില്‍വന്നാ ശിശുവിനെവിരവില്‍ കൈയിലന്‍‌പോടെടുത്താ
നെഞ്ചില്‍ചേര്‍ത്താത്തമോദം മരണവഴിയിലായ് കൊണ്ടുപോകാന്‍ ശ്രമിക്കേ
കൊഞ്ചിക്കൊണ്ടന്നവള്‍തന്‍ കപടമുടനഴിച്ചന്നവള്‍ക്കുള്ള ദുഷ്ടാം
സഞ്ചാരംതീര്‍ത്തു സത്താംവരഗതി കനിവോടേകിയോനേ തൊഴുന്നേന്‍.
സ്രഗ്ദ്ധര.
ക്ലേശിച്ചങ്ങക്ഷരങ്ങള്‍ നിറവൊടു വടിവില്‍ചേര്‍ത്തുവെച്ചൊത്തവണ്ണം
ശ്ലോകത്തിന്‍പാദമാക്കീ,പലവുരു ശരിയായ് തെറ്റുതീര്‍ത്തൊത്തുനോക്കീ
പാകത്തില്‍ വെച്ചിടുമ്പോള്‍ വിമര്‍ശനപടുവായെത്തിയുത്താളഡംഭം
തൂകിത്തന്‍ജാഡകാട്ടും പടുതിയെയിവനും കൂപ്പിടാം,വെല്‍‌വുതാക.
സ്രഗ്ദ്ധര.
ക്ലേശിച്ചങ്ങീവിധത്തില്‍ രസമൊരുവിധമായ് വെച്ചു നിന്‍ മുന്നിലെത്തീ-
ട്ടാശിച്ചൂ,നല്ലതാണീ കറിയുടെ രചനാപാടവം നീ സ്തുതിക്കും
ഈശോയേ പെട്ടുപോയീ,പലവുരുവുടനേ ചൊല്ലി നീയീവിധം ശ്ശോ!
"മോശപ്പെട്ടില്ല,സാമ്പാറിതുവിധമൊരുനാള്‍ കൂട്ടിയിട്ടില്ല പൊന്നേ".
സ്രഗ്ദ്ധര.
നാടും വീടും വെടിഞ്ഞിക്കരയിലിതുവിധം കഷ്ടമെല്ലാംസഹിച്ചും
വാടുന്നുണ്ടെങ്കിലും ഹാ,സകലദുരിതവും നിന്നെയോര്‍ക്കില്‍ നശിക്കും
വീടാണെന്നോര്‍ത്തുഞാനാ പടിയിലൊരുദിനം കേറിവന്നാല്‍തുടങ്ങും
മേടോര്‍ക്കില്‍ സ്വസ്ഥമാണീ കൊടിയമരുവിലും ജീവനം സ്വര്‍ഗ്ഗതുല്യം.
സ്രഗ്ദ്ധര.

സംസാരം കൊണ്ടുമുണ്ടാം പലവിധദുരിതം മന്നിലേവര്‍ക്കുമോര്‍ക്കാം
സംസാരം നല്ലതെങ്കില്‍ സുഖതരവഴിയില്‍ വന്നിടും മര്‍ത്ത്യജന്മം
സംസാരം തന്നെയെല്ലാമുലകിതില്‍ നലമായെന്നു ചിന്തിപ്പവര്‍ക്കീ-
സംസാരം സൌഖ്യമേകും മറുഗതിയവനുണ്ടാവുകില്ലിന്നു,നൂനം.
സ്രഗ്ദ്ധര.

*******************************************************************

No comments:

Post a Comment