Saturday, December 11, 2010

ശ്ലോകമാധുരി.13

“ഇന്ദീവരം ഭവതി കണ്ണൊടു ചേര്‍ത്തു വെയ്ക്കില്‍
സന്താപമാമതിനു ഭംഗി കുറഞ്ഞുപോകും“
എന്താണുചൊല്ലുവതതെന്നതറിഞ്ഞിടാതേ
മന്ദാക്ഷമോടവളു തെല്ലുതെളിഞ്ഞുനിന്നു.
വസന്തതിലകം.
ഋണബാദ്ധ്യത കൂടിടുന്നുവെന്നാല്‍
തൃണമാവുന്നിതു സ്വാഭിമാനമെല്ലാം
ഇതു മാനുഷനോര്‍ത്തിടില്ലയെങ്കില്‍
ഗതികെട്ടുള്ളൊരു ജീവിതം ഭവിക്കും
വസന്തമാലിക

നാണിച്ചെന്നുടെ മുന്നില്‍ വന്നൊരു ദിനം നീ ചൊല്ലിയ‘ന്നിത്തരം
നാണക്കേടുകളോതിയാല്‍ വരികയില്ലൊട്ടും സമീപം,ദൃഢം‘
കാണെക്കാണെമുഖത്തു മിന്നിയുദയം ചെയ്തോരുഭാവങ്ങളോ-
ടേണാക്ഷീമണിയെ സ്മരിക്കെ യിവനിന്നേറുന്നിതാനന്ദവും.
ശാര്‍ദ്ദൂലവിക്രീഡിതം.
മേ മേ യെന്നു കരഞ്ഞിടാതെയിനി നീ മേയേണമിങ്ങൊക്കെയും
വാ വാ യെന്നു വിളിക്കുവോര്‍ക്കു പിറകേയോടല്ലെ,യാടല്ലെ നീ
ദേ ദേ യെന്നു പറഞ്ഞിടുന്നതിനകം ഞാന്‍ വന്നിടാം നിശ്ചയം
പോ പോ നീയിനിയിഷ്ടമായ പടലും പുല്ലൊക്കെയും തിന്നു വാ.
ശാര്‍ദ്ദൂലവിക്രീഡിതം.
വാനത്തിന്നൊളിചേര്‍ത്തുനീളെ നിറയേതാരങ്ങളാരമ്യമായ്
ഊനം വിട്ടുതെളിഞ്ഞിടുന്നു,തുടരേ ചിമ്മുന്നു കണ്‍കോണുകള്‍
തൂമന്ദസ്മിതമോടുവന്ന മതിയാം പെണ്ണിന്നു ചുറ്റും നിര-
ന്നാനന്ദം നടമാടിടുന്നു, നിറവായീദൃശ്യ ദീപാവലി.
ശാര്‍ദ്ദൂലവിക്രീഡിതം.
ചുറ്റും വന്നു നിരന്നിടുന്ന കലിതന്‍ കഷ്ടങ്ങളില്‍പ്പെട്ടു ഞാന്‍
ഒട്ടൊട്ടാകെ വലഞ്ഞിടുന്ന പൊഴുതില്‍ പെട്ടെന്നുവന്നന്‍പൊടേ
കഷ്ടപ്പാടുകള്‍ മാറ്റിടുന്ന ജനനീ തൃച്ചേവടിപ്പൂക്കളില്‍
മുട്ടുന്നെന്റെ ശിരസ്സു നീയടിയനേ കാക്കുന്ന പോറ്റമ്മ താന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
തള്ളിത്തള്ളിവരുന്നൊരാ തിരകളില്‍ പാദങ്ങളൂന്നീടവേ
തുള്ളിത്തുള്ളിയുണര്‍ന്നിടുന്നു മനവും പൊന്തുന്നിതാനന്ദവും
മെല്ലേമെല്ലെയുതിര്‍ന്നിടുന്ന വിവിധം രാഗങ്ങളാമോദമായ്
ചൊല്ലിച്ചൊല്ലിനടന്നിടാനുടനെ നീ വന്നാലുമെന്‍ ഭാവനേ ! .
ശാര്‍ദ്ദൂലവിക്രീഡിതം .
കാലക്കേടുകളൊട്ടനേകമിനിയും വന്നാലുമില്ലാ ഭയം
ചാലേയൊക്കെയൊഴിച്ചിടുന്ന ഭഗവദ്നാമം സദാ ചൊല്ലുവേന്‍
മാലാര്‍ന്നെത്തിടുവോര്‍ക്കു വേണ്ടൊരഭയം നല്‍കുന്നൊരാ ദൈവതം
ചേലാര്‍ന്നിങ്ങു വിളങ്ങിടുന്നു നിരതം,ശ്രീരാമദേവം ഭജേ .
ശാര്‍ദ്ദൂലവിക്രീഡിതം .
ഓട്ടം താന്‍ മമ ജീവിതം മുഴുവനും പാട്ടിന്റെ പാദങ്ങളില്‍
വാട്ടം തെല്ലു വരുത്തിടാതെ ഭഗവാന്‍ കാത്തിത്രനാളും വരേ
ചട്ടം തന്നിലൊതുങ്ങിടാത്ത മനമേ,പാറീടുകീ വേദിയില്‍
നേട്ടം നോക്കുക വേണ്ട,പാടു മധുരം ഗാനങ്ങളാരമ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
“വൃക്ഷം തന്നിലൊളിച്ചിരുന്നു നിഭൃതം കൂകൂരവം മീട്ടിടും
പക്ഷീ,പഞ്ചമരാഗമായിയൊഴുകും പാട്ടാണു നിന്‍ നിസ്വനം“
മക്ഷിക്കൂട്ടമൊരുക്കിടും മധുരമാംതേനിന്‍ സമം ഹൃദ്യമാം
ലക്ഷം പാട്ടുകളീവിധം പരഭൃതം പാടും വസന്തദ്രുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒട്ടും തന്നെ നിനച്ചിടാതെ വിവിധം ഭാഗ്യങ്ങളായൊക്കെയും
ചുറ്റും വന്നു നിറഞ്ഞിടുന്നു സുഖമായെന്‍ ജീവിതം ധന്യമായ്
ആര്‍ക്കും കഷ്ടതയേകിടാതെയൊരുവന്‍ ജീവിക്കിലോ തുഷ്ടിയോ-
ടിഷ്ടംപോലെ ലഭിച്ചിടും ധരയിതില്‍ സൌഭാഗ്യസഞ്ജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം
മുല്ലേ മെല്ലെയുതിര്‍ത്തിടൂ മലരുകള്‍,മല്ലാക്ഷിമാര്‍ക്കൊക്കെയും
സല്ലീനം കളിയാടുവാന്‍ നലമെഴും മാല്യങ്ങളായ് കോര്‍ക്കണം
ഇല്ലാ നല്ലൊരു വല്ലിയിന്നിതുവിധം ഫുല്ലങ്ങളാല്‍ പുഞ്ചിരി-
ച്ചുല്ലാസത്തൊടുലഞ്ഞുലഞ്ഞുവിലസുന്നല്ലില്‍ മലര്‍ക്കാവിതില്‍‍.
ശാര്‍ദ്ദൂലവിക്രീഡിതം
രാഗം രംഗിതമാക്കിടും ലളിതമാം താളങ്ങളില്‍ തത്തി നീ
വേഗം വന്നിടു ഭാവനേ, ശ്രുതിയിതാ നില്‍ക്കുന്നു സുസ്മേരയായ്
രോഗം വന്ന മനസ്സുകള്‍ക്കു സുഖമിന്നേകുന്നയീണങ്ങളില്‍
യോഗം പോലുടനേകിടൂ സ്വരസുധാസംഗീതമാം ഭൈഷജം .
ശാര്‍ദ്ദൂലവിക്രീഡിതം.
ഉള്ളില്‍ത്തട്ടിയൊരിറ്റു ലാളനമിനിക്കിട്ടില്ലയെന്നോര്‍ത്തു നീ
ഉള്ളില്‍ത്തന്നെയിരുന്നിടേണ്ട കവിതേ, വന്നാലുമെന്‍ മാനസേ
ഉള്ളില്‍ പൂക്കണിപോലെവന്നു മൃദുലം പാദങ്ങളില്‍ മുത്തണി-
ഞ്ഞുള്ളില്‍ നീ നടമാടിടൂ,കവിതയായ് ഞാന്‍ ചാര്‍ത്തിടാം വേദിയില്‍
ശാര്‍ദ്ദൂലവിക്രീഡിതം
ഹൃദ്യം തന്നെ,യിതേവിധം ചടുലമാം പാദങ്ങളില്‍ തത്തി നീ
നിത്യം വന്നിടു ഭാവനേ,കവിതയോടൊത്തെന്റെ വാടങ്ങളില്‍
ഉത്സംഗത്തിലിരുത്തി ഞാനരുമയായ് ലാളിച്ചിടാം നിങ്ങളേ
മാത്സര്യം വെടിയേണമേയിരുവരും,സത്സംഗമല്ലോ നലം.
ശാര്‍ദ്ദൂലവിക്രീഡിതം.

No comments:

Post a Comment