Sunday, November 21, 2010

നവീനവൃത്തങ്ങള്‍

നവീനവൃത്തങ്ങള്‍
സ്വന്തമായി ചിട്ടപ്പെടുത്തിയ ചില വൃത്തങ്ങള്‍
രചനക്കനുസരിച്ചു ലക്ഷണത്തോടുകൂടി കൊടുത്തിരിക്കുന്നു.

തീക്കണ്ണും തിങ്കളും, നിന്‍ തലയില്‍ മേലേയിരിക്കും
ഗംഗപ്പെണ്ണോടെതിര്‍ക്കും ഗിരിജ,യെല്ലാം സഹിക്കും
പങ്കപ്പാടൊന്നുമാറ്റി കഴിക കൈലാസനാഥാ
ശങ്കിക്കാതെന്റെ ചിത്തേ വരിക ,സൌഖ്യം വസിക്കാം.
.
വൃത്തം: ശ്രീലകം
“ചൊല്ലീടാം ശ്രീലകംതാന്‍ മരഭയം‌യംഗണത്താല്‍ ”

നാണത്താലേ തുടുക്കും കവിളു മെല്ലേ ചുവക്കും

പ്രേമത്തോടെന്നെ നോക്കും കവിത പോലേ ലസിക്കും
ഏവം നീ വന്നടുക്കും ചിരിയിലെന്നേ മയക്കും
നേരത്തെന്‍ ഭാവനക്കും ചിറകു താനേ മുളയ്ക്കും.
ശ്രീലകം
കണ്ണാ,വിണ്ണിനു വെണ്ണിലാവു പോലെന്‍
കണ്ണിന്‍ മുന്നിലുണര്‍ന്നുവാണിടെന്നും
തിണ്ണം ഞാന്‍ നറുവെണ്ണ നേദ്യമാക്കാം
മണ്ണിന്‍ ദണ്ണമതൊക്കെയൊന്നു മാറ്റൂ.
ദേവനാദം.
മംസംജംഗഗയോടെ ദേവനാദം.

ശ്ലോകം ഭംഗിയിലന്നു തീര്‍ത്തിടാനാ-
യേകീയീഗണമൊക്കെ വൃത്തമാക്കീ
പാകം പണ്ഡിതഹൃത്തില്‍ വന്നപോലി-
ന്നാകുന്നീ നവവൃത്തമൊക്കെ രമ്യം
ദേവനാദം
ഓണംവന്നു തെളിഞ്ഞിതെങ്ങുമെങ്ങും
കാണാം മന്നിനു തൂയഭംഗിയെല്ലാം
വേണും‌പോലവ പാര്‍ത്തു നിന്നിടുമ്പോള്‍
പോണെന്‍ ഹൃത്തിലെയാര്‍ത്തഭാവമെല്ലാം.
ദേവനാദം
സ്വര്‍ണ്ണത്തിന്നു സുഗന്ധമെന്നപോല്‍‌സദ്-
വര്‍ണ്ണം ചേര്‍ന്നു വിടര്‍ന്നു കാവ്യപുഷ്പം
തിണ്ണം താനനുവാചകര്‍ക്കു സൌഖ്യം
തൂര്‍ണ്ണം നല്‍കുമിതെത്രയെത്ര ധന്യം.
ദേവനാദം.
കണ്ണന്‍ തന്നൊടു ചേര്‍ന്നു നിന്നിടുമ്പോള്‍
കണ്ണില്‍ പൂക്കണിയായിടുന്നു രാധ
നീലത്താമരമൊട്ടുപോലുലഞ്ഞാ-
നീലാപാംഗ തുടുത്തു ലജ്ജയാലേ.
ദേവനാദം
കഥയ മമ ശാരികപ്പെണ്ണേ
കഥകളതിമോഹനം നിത്യം
ഇനിയുമതു കേള്‍ക്കുവാന്‍ മോഹം
നിറയുവതു കാണുകെന്‍ ചിത്തേ.
നിരുപമ
നിരുപമയതാം നസം യംഗം.

രാമനാമമെന്നുമെന്നുമീവിധം
ഭക്തിയാര്‍ന്നുതന്നെഞാന്‍ ജപിച്ചിടും
പാരിതില്‍ പ്രസിദ്ധമായ മന്ത്രമെ-
ന്നോര്‍ക്കതിന്റെ ശക്തിയും മഹത്ത്വവും.
രൂപകം
രംജരം‌ ലഗംനിരന്നു രൂപകം.

ഇഷ്ടമാണു നിന്നെയെന്നു ഞാനിതാ
എട്ടുവട്ടമോതിടുന്നു ശാരികേ
വിട്ടുപോയിടില്ലയെന്നെയെന്നു നീ
സ്പഷ്ടമായുരച്ചിടൂ,മനോഹരീ.
രൂപകം.
ഗിരിനന്ദിനീ വരദായിനീ
കരുണാമയീ ശുഭകാരിണീ
തവരൂപമെന്‍ ഹൃദയേ സദാ
ശശിലേഖ പോലൊളിതൂകണം
ശശിലേഖ
സജജംഗയാല്‍ ശശിലേഖയാം.

പാടുക ദേവീ മധുരോദാരം
കേഴുകയാണീയനുകന്‍ ദീനം
നിന്നുടെ ഗാനം മതിയാവോളം
കേള്‍ക്കുകിലെല്ലാം സുഖമായീടും
ഗായിക
"ഗായികയാകും ഭതയംഗത്താല്‍"

നന്ദനരാഗം മുരളീനാദം
മന്ദമുയര്‍ത്താമിനിയാമോദം
മന്ദസമീരന്‍ പ്രണയാലോലം
സുന്ദരി നിന്നേ തഴുകീടുന്നൂ.
ഗായിക

1 comment:

  1. ആനന്ദം തന്നെയാണീ കവിതയിലഖിലം കോറിടും സൂക്തമെല്ലാം
    വാനില്‍ നിന്നും മുഴങ്ങും വിവിധ മിഴിവെഴും വാദ്യ ഘോഷം കണക്കെ.
    ആ നാദം കര്‍ണ്ണ പുഷ്ട്ടിക്കിടതരു,മിതു മല്‍ നാവിന്നും നേദ്യമാക്കും
    ശ്രീ വാഴും "ശ്രീലകത്തിന്‍ "പെരുമ വളരുവാനെപ്പൊഴും കൈതൊഴുന്നേന്‍

    ReplyDelete