Wednesday, March 2, 2011

ശ്ലോകമാധുരി.19

ശ്ലോകമാധുരി.19
"ഒന്നുമൊന്നു പറയാവതല്ല ഞാന്‍
വന്നുചേരുമൊരു നാഴികയ്ക്കകം”
എന്നു ചൊല്ലിയെവിടോ മറഞ്ഞൊരാള്‍
വന്നതില്ല,കൊതിയായി കാണുവാന്‍.
രഥോദ്ധത

താരങ്ങളേറുമൊരു വാനപഥത്തില്‍ നിന്നും
ആ രാവില്‍ മിന്നുമൊരു താരമുതിര്‍ന്നു വീണൂ
ആ രമ്യതാരമൊരു ജന്മമെടുത്തു വന്നെന്‍
ദാരങ്ങളായിവിടെ മിന്നുവതെന്റെ ഭാഗ്യം!
വസന്തതിലകം.
ശോഭായമാന കവിജീവിതമിന്നിതേറ്റം
ശോഭിച്ചിടാന്‍ മധുരവാക്കുകളാലെയെന്നും
ശോഭിക്കുമാറളവു നന്ദനമൊക്കെ നല്‍കും
‘ശോഭാ‘ഖ്യാധാരി സഹജയ്ക്കു നമോ നമസ്തേ!

വസന്തതിലകം.
വാടോ,നമ്മുടെ കൂടെയൊന്നിരിയെടോ,പാടത്തു നീയെന്‍ സഖേ
പാടാണിന്നിനി കൂടണഞ്ഞിണയൊടോ കൂടാന്‍ നിനക്കായിടാ
കാടും മേടുമതൊക്കെയും ചടുലമായ് പാറും നിനക്കീവിധം
പാടേ പാടുപെടാനിതായിടയുമായ്,വാടേണ്ടടോ,പൈങ്കിളീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചിന്തേരിട്ടു മിനുക്കണം,വരികളോ വര്‍ണ്ണങ്ങളാല്‍ മിന്നണം
ചന്തം ചാര്‍ത്തിയടുക്കണം,തരളമാം താളം തുടിച്ചീടണം
ബന്ധം നന്മയൊടാകണം,മികവെഴും ശയ്യാഗുണം ചേരണം
ചിന്തും ശോഭയിതേവിധം വരുകിലോ,കാവ്യം മഹത്താര്‍ന്നിടും.
.ശാര്‍ദ്ദൂലവിക്രീഡിതം.

ആരാണീ ജലധാരി,വാസമുയരേ,യാര്‍ക്കും തരും സൌഖ്യവും
നേരേ കാണ്മതു മൂന്നു കണ്‍കള്‍,ജടയും കാടാണു ചുറ്റുള്ളതും
പാരം വെണ്മയൊടൊത്തൊരുള്ളു നിറയേ തിങ്ങുന്നു മാധുര്യവും
ചേരും തുല്യതയോടെ ലാംഗലി തരും തേങ്ങയ്ക്കുമില്ലേ ശിവം ?
ശാര്‍ദ്ദൂലവിക്രീഡിതം.
അമ്പേ ! ഞാനൊരു വമ്പനല്ല,ജിന’ദേവന്‍’നല്‍കുമീ വര്‍ണ്ണമാ-
മന്‍‌പില്‍ കാണുവ‘തീശ്വരന്റെ‘ മഹിതം സാന്നിദ്ധ്യമോര്‍ക്കുന്നു ഞാന്‍
മുമ്പേ സൂരികളന്നു തീര്‍ത്തവഴിയേ പോകുന്നു ഞാനെന്നുമേ
തുമ്പം തീര്‍ന്നിടുമാറു രണ്ടു രചനാപാദങ്ങള്‍ വെച്ചിങ്ങനേ.
ശാര്‍ദ്ദൂലവിക്രീഡിതം.
‘എന്നെ‘ക്കൊണ്ടുമടുത്തു ഞാനിവനെയോ ചിത്താകുമിക്കാരയില്‍
ബന്ധിച്ചിട്ടു കൊടുത്തിടാം സുകൃതികള്‍ ചൊന്നോരു നല്‍‌വാക്കുകള്‍
മുന്നം പാര്‍ത്ഥനു ഗര്‍വ്വുതീര്‍ത്ത ശിവനേ,നീയൊന്നു വന്നീടണേ
‘ഞാനെ‘ന്നുള്ളൊരു ഭാവമെന്നില്‍ വിളയാതാവാന്‍ വരം നല്‍കണേ.
(കാര=ജയില്‍.കാരാഗൃഹം.)
ശാര്‍ദ്ദൂലവിക്രീഡിതം.
‘കണ്ണേ’യെന്നു വിളിച്ചു നീയരികെയിങ്ങെത്തുന്ന നേരത്തുടന്‍
സ്വര്‍ണ്ണം കൊണ്ടൊരു മാലനിന്നെയണിയിക്കാനുള്ളിലാശിച്ചു ഞാന്‍
എണ്ണീടീവിധമാശയെന്നിലുളവാക്കീട്ടിന്നു നീ പോകവേ
ദണ്ണം ചൊല്ലുകയല്ല,സ്വര്‍ണ്ണവിലയീ മട്ടായ്,ചതിച്ചൂ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
കല്യാണിക്കൊരു മഞ്ജരീ,കുമുദിനിയ്ക്കേകാം മഹാമാലികാ
'ജ്വാല'യ്ക്കുജ്ജ്വല'മല്ലികാ,'പ്രമദയാം മാലയ്ക്കിതാ 'ശ്രീ'ദളം'
ഗൌരീ,ശാലിനി,മാലിനീ,മധുമതി യ്ക്കൊത്തുള്ളൊരാ മാലതീ
'നാരീ'ജാലമവര്‍ക്കു നല്‍ക 'രമണം' രത്നാവലീ' സൌരഭം'.
ശാര്‍ദ്ദൂലവിക്രീഡിതം.
വട്ടപ്പൊട്ടിനു നെറ്റിമേല്‍ ലളിതമാ‘യൊട്ടിപ്പുപൊട്ടി‘ട്ടിടില്‍
പെട്ടീടും പലരോഗവും ദുരിതവും,നട്ടം തിരിഞ്ഞീടുമേ
കെട്ടും മട്ടുമെടുത്തു നല്ല ഗമയില്‍ ചുറ്റേണ്ടിതോര്‍ക്കൂ,,വിഷ-
ക്കൂട്ടാണന്തകരാസവസ്തുമയമാം പൊട്ടിന്റെ പിന്നില്‍ പ്രിയേ
ശാര്‍ദ്ദൂലവിക്രീഡിതം.
മാനോടൊത്തു കഴിഞ്ഞ പെണ്‍കൊടിയവള്‍,പോയന്നു ഭര്‍ത്തൃഗൃഹേ
മാനത്തോടവളേയയച്ചു സഖരോടൊത്തന്നു സന്തോഷമായ്
മാനിക്കാതവളേത്തഴഞ്ഞു മറവിക്കന്നേകി മാനം, സ്വയം
മാനിക്കാത്തൊരു രാജനെന്നു പറയാനാവില്ലെ,ചൊല്ലീടെടോ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഫാലം തന്നിലൊരഗ്നിതന്‍ ചിമിഴു പോല്‍നേത്രം ഭവം,കൈശികം-
മേലേ ഗംഗയുമിന്ദുവും ഫണിഗണം താഴേ ഗളത്തിങ്കലും
ചാലേ ശൈലജ പുത്രരൊത്തു ,വൃഷവും ഭൂതങ്ങളാം ഭൃത്യരും
കൈലാസാദ്രിയുമൊത്തു കാണുമിവനിന്നെല്ലാം ശിവം,മംഗളം.
ശാര്‍ദ്ദൂലവിക്രീഡിതം.
വന്ദ്യം വന്നിടുമീവിധം വചനമീ വന്ദ്യര്‍ വദിച്ചീടുകില്‍
സ്വന്തം ശ്ലോകപരമ്പരയ്ക്കവ നറും സ്പന്ദം തരും നിശ്ചയം
എന്താണെന്നറിയില്ല,ഞാനിതുവിധം ശ്ലോകങ്ങള്‍ തീര്‍ത്തീടിലും
കുന്തപ്പെട്ടു കഴിഞ്ഞിടുന്നു,ചിലനാളാശ്വാസമാ ‘ശോഭ‘താന്‍!
ശാര്‍ദ്ദൂ
ലവിക്രീഡിതം.
'യോഗം പോലെ ഭവിച്ചിടും മനുജനിന്നെല്ലാ'മൊരീ ചിന്തയാല്‍
രാഗം പൂണ്ടു നടന്നിടേണ്ടയിനി,സത്കര്‍മ്മം സദാ ചെയ്യു നീ
ഭോഗം കേറിമറിഞ്ഞിനി ക്ഷിതിയിലേ രോഗങ്ങളോടൊത്തു ദു-
ര്യോഗം വന്നു വലഞ്ഞിടാന്‍ ഗതി നിനക്കായാലതും യോഗമോ?
ശാര്‍ദ്ദൂലവിക്രീഡിതം

ഫുല്ലം വല്ലികളുല്ലസിച്ചു വനിയില്‍ മെല്ലേ ലസിച്ചങ്ങനേ
അല്ലില്‍ നല്ല സുഗന്ധമൊക്കെയിവിടിങ്ങെല്ലാം പടര്‍ത്തുന്നിതാ
മല്ലാക്ഷിക്കു മനം കുളിര്‍ത്തു,മദനന്‍ നീലോല്പലം ബാണമെയ്-
തുല്ലോലം മദമേറ്റി,യീ മലര്‍മിഴിയ്ക്കാലസ്യമേറുന്നിതാ.!
ശാര്‍ദ്ദൂലവിക്രീഡിതം.

മാനിക്കുന്നീവിധത്തില്‍ സുകൃതികളതുലം ശ്ലോകപുഷ്പങ്ങളാലേ
മാനത്തില്‍ ചേര്‍ത്തുവെയ്ക്കും കവിതയിലുളവാം 'സ്രഗ്ദ്ധര'യ്ക്കീ മഹത്ത്വം
മാനത്തില്‍ കൈവരുമ്പോളതിനു പുറകിലായ് ചേര്‍ന്നിടും ഹൃദ്യഭാവം
മാനിക്കാനീയിവന്നും കുതുകമളവുവിട്ടീവിധം മിന്നി നില്‍പ്പൂ.
സ്രഗ്ദ്ധര.
തത്തിതത്തിക്കളിക്കും,ചിലപൊഴുതുയരേ പോയിയെങ്ങോ പറക്കും
പൊത്തില്‍ കേറാതൊളിക്കും,മധുരമൊരുരവം മന്ദമായാലപിക്കും
ഒത്താലെന്‍ തോളിലെത്തും,മടിയൊടവിടെനിന്നങ്കണത്തില്‍ ഗമിക്കും
തത്തേ ,നീ ഹൃത്തടത്തില്‍ കവിതവിടരുവാനൊത്ത ഭാവം പകര്‍ത്തും.
സ്രഗ്ദ്ധര.
പയ്യെപ്പൈക്കുട്ടിയെത്തന്‍ വിരുതൊടു തനിയേ തള്ളിനീക്കീട്ടു ഗോവിന്‍-
മെയ്യില്‍ ചേര്‍ന്നാഞ്ഞകിട്ടില്‍ കരമതു കളിയാടീട്ടു ദുഗ്ദ്ധം കുടിക്കേ
“ഒക്കില്ലാ,വയ്യ,ഞാനിന്നിവനെയിതുവിധം തല്ലു”മെന്നോതുമാറാ-
മൈക്കണ്ണിക്കുള്ള ദേഷ്യം ചിരിയൊടു കവരും കള്ളനേ കൈതൊഴുന്നേന്‍.
സ്രഗ്ദ്ധര.
മുറ്റും ക്രൂരത സൌമ്യതയ്ക്കു പുറകേ
ചുറ്റികൂടി,യെടുത്തെറിഞ്ഞു പുറമേ
മറ്റാരും തുണയായതില്ലയുടനേ,
വറ്റിപ്പോയിതു നന്മ,ഷണ്ഡരിവിടേ.
.ജ്യോതി.(നവീനവൃത്തം)
****************************************

No comments:

Post a Comment