Thursday, March 17, 2011

ശ്ലോകമാധുരി.20.

ശ്ലോകമാധുരി.20 .
തിരകളാര്‍ത്തുതകര്‍ത്തിവിധം മഹാ-
നഗരമൊക്കെ നശിച്ചതു കാണവേ
നരനു നാശമിതേവിധവും വരാം
നിരതമീവിധിയോര്‍ക്കുക മര്‍ത്ത്യരേ.
ദ്രുതവിളംബിതം

ഉചത്ഥമീവണ്ണമനേകമായ് ഞാന്‍
രചിച്ചതെല്ലാമവധാനപൂര്‍വം
മനസ്സിലോര്‍ത്തിന്നവ ചൊല്ലുമെങ്കില്‍
നിനക്കു ഞാന്‍ കങ്കണമൊന്നു നല്‍കാം.
ഉപേന്ദ്രവജ്ര
മടുത്തു ഞാനീ കവിതയ്ക്കു പിമ്പേ
നടത്തമാണിപ്പടിയെത്രനാളായ്
അടുത്തു വന്നെന്നൊടു കൂട്ടുകൂടാന്‍
മടിച്ചുനില്പാണവളെന്തിനാമോ?
ഉപേന്ദ്രവജ്ര.
ഭൂതങ്ങളാണു തവ ഭൂഷകളെന്നുകണ്ടി-
ട്ടാഭൂതി കാണ്മതിനു ഭൂതി പെരുത്തു ഹൃത്തില്‍
ശ്രീഭൂതനാഥ,ഭവ,താവക ഭൂതി ഭംഗ്യാ
ഭൂയോപി ഭേസുമൊരു ഭാഗ്യമെനിക്കു നല്‍കൂ
വസന്തതിലകം.

ഉല്ലാസമാര്‍ന്ന ശലഭങ്ങളിടയ്ക്കിടയ്ക്കു
വല്ലീഗണത്തിലിണചേര്‍ന്നു പറന്നു കാണ്‍കേ
മല്ലാക്ഷി തന്‍ ഹൃദയവല്ലരി മന്മഥന്റേ
മല്ലീശരത്തിലുലയുന്നതിലില്ലപാകം.
വസന്തതിലകം.
തര്‍ക്കങ്ങള്‍ വേണ്ടിവിടിലക്ഷനടുത്തുവന്നാല്‍
തര്‍ക്കിച്ചിടും വിവിധ കക്ഷികള്‍ നാണമെന്യേ
തര്‍ക്കിച്ചു,മൂത്തു,തലതല്ലിയവര്‍ പിരിഞ്ഞെ-
ന്നോര്‍ക്കേണ്ട,സീറ്റിനവരാടുവതൊക്കെ നാട്യം.
വസന്തതിലകം.
ആനന്ദമായ സുഖജീവിതമെന്ന ചിന്ത
ഏന്തുന്നവര്‍ തിരയുകെന്തതിനന്ത്യമാര്‍ഗം
ആ നന്ദസൂനു കനിവോടെ വരം ചൊരിഞ്ഞാല്‍
ആമന്ദമെത്തുവതു നന്ദമനന്തമാര്‍ക്കും.
വസന്തതിലകം.
ദോഷാഗമത്തില്‍ മുഖപങ്കജമൊട്ടുലഞ്ഞൂ
തോഷംവെടിഞ്ഞു ഭവനത്തിലണഞ്ഞടിഞ്ഞൂ
മൈത്രിക്കമൂല്യവില നല്‍കിയടുത്ത മിത്രന്‍
സൂത്രത്തിലായഴലു മാറ്റിയെടുത്തു,ചിത്രം!
വസന്തതിലകം.
(ദോഷാഗമം= രാത്രിയുടെ വരവു്,ആപത്തിന്റെ വരവു്:മിത്രന്‍=സൂര്യന്‍,സ്നേഹിതന്‍.)

മഴ വീണു തണുത്ത ഭൂമിയില്‍
തൃണമോരോന്നു മുളച്ചു വന്നിതാ
അഴലാറിയമാനസത്തിലാ-
യവളില്‍ പൊന്തിയ ശാന്തിയെന്നപോല്‍.
വിയോഗിനി.

വാണീ,ശ്ലോകശതങ്ങളാം മലരുകള്‍ നിന്‍പാദപൂജാര്‍ത്ഥമായ്
ഈണം ചേര്‍ത്തിഹ വെച്ചിടുന്നു,വരമാം പാദം വണങ്ങുന്നു ഞാന്‍
വേണം നിന്‍ വരമൊക്കെയും കവിതകള്‍ ചേണാര്‍ന്നുണര്‍ന്നീടുവാന്‍
വീണാപാണി,യെനിക്കു നല്‍ക രചനാവൈഭോഗമെന്‍ ഭാഗ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
നാദബ്രഹ്മകലാനിധീ,സ്വരമയീ,ശ്രീവാണി, സര്‍വ്വേശ്വരീ
പാദം തൊട്ടു വണങ്ങിടുന്നടിയനിന്നേകേണമേ നിന്‍ വരം
വേദാംഗങ്ങളില്‍ നീ തിളങ്ങുമളവില്‍ ശോഭിക്ക,നിന്‍ പൂജയില്‍
ശ്ലോകങ്ങള്‍ സ്വരഭംഗിചേര്‍ത്തനുദിനം മാല്യങ്ങളായ് ചാര്‍ത്തിടാം.
ശാര്‍ദ്ദൂലവിക്രീഡിതം..

ചാര്‍ത്തീടാം,വനമാലി,നിന്‍ ഗളമതില്‍ മാല്യങ്ങളായക്ഷിത-
സ്തോത്രങ്ങള്‍ മമ മാനസത്തിലുദയം ചെയ്യുന്നതമ്മട്ടിലായ്
ഓര്‍ക്കേണം മമ വാഗ്വിലാസമിവിധം താനെ,ങ്കിലും തൃപ്തിയായ്
പാര്‍ക്കേണം മമ ഭക്തിമാത്രമതിലെന്നാത്മാംശമാണെന്നതും.
ശാര്‍ദ്ദൂലവിക്രീഡിതം.
എന്നും നിന്‍പദപൂജചെയ്‌വതിനു ഞാന്‍ വന്നെത്തുമീകോവിലില്‍
ചിന്നും നിന്‍ ശുഭശോഭകണ്ടു കൊതി തീരുന്നില്ലിതെന്തത്ഭുതം!
ചിന്മുദ്രാങ്കിതരൂപമെന്നുമിവിധം ചിദ്രൂപമായ് കാണുവാന്‍
വന്നീടും തവസന്നിധേ,പദബലം തന്നാലുമെന്നയ്യനേ.
ശാര്‍ദ്ദൂലവിക്രീഡിതം.
നാണംകൊണ്ടുമുഖം മറച്ചു മുറിയില്‍ നീ നില്‍ക്കെ ഞാന്‍ നോക്കിടും
നേരം നിന്‍‌മുഖശോഭയെന്നില്‍ നിറവായ് ചേര്‍ത്തുള്ളിലാഹ്ലാദവും
“ആരും കാണുകയില്ല,മെല്ലെ വരു നീയെന്നന്തികേ”യെന്നു ഞാ-
നോതീ,”വയ്യ,യെനിക്കുനാണ”മിവിധം ചൊല്ലീലയോ,മല്‍‌സഖീ?
ശാര്‍ദ്ദൂലവിക്രീഡിതം.

എന്നും നിന്നൊടു ചേര്‍ന്നിരുന്നു കുശലം ചൊല്ലീടുവാനാശയു-
ണ്ടെന്നാലിന്നതിനില്ല തെല്ലു സമയം,വല്ലാതെയായ് മല്‍‌സഖീ
ഇന്നീ മന്നിലെ ജീവിതം പലവിധം കാര്യങ്ങളാല്‍ ക്ലേശമായ്
വന്നീടുന്നതിനില്ല നല്ല പരിഹാരം ക്ഷിപ്രമായെന്‍ പ്രിയേ
ശാര്‍ദ്ദൂലവിക്രീഡിതം.

‘സ്വച്ഛം ഞാനിനി വിശ്രമിക്കു’മിവിധം ചിന്തിച്ചിരുന്നീടവേ
‘ഇച്ഛിക്കേണ്ടതു,ഞാനതിന്നുവിടുകില്ലെ‘ന്നായി കാവ്യാംഗനാ
അച്ഛം പുഞ്ചിരി തൂകിയെത്തിയവളെന്‍ ചിത്തേ കടന്നോതി ’നീ
കൃച്ഛം വിട്ടു രചിക്കണം കവിതകള്‍,സ്തുത്യര്‍ഹമാകും വിധം‘
ശാര്‍ദ്ദൂലവിക്രീഡിതം.
നാണം കെട്ടു കുനിച്ചിടൊല്ല തല നീ നീര്‍ത്തങ്ങു നിന്നീടണം
താണും കേണുവണങ്ങിയും കഴിയുകില്‍ മ്ലേച്ഛം,സദാ ദൂഷണം,
വേണം നന്മയിലൂന്നിടും ശ്രമമതാല്‍ നാടിന്നു മുത്താവണം
വാണീടീവിധമെന്നുമിവിധം കാണിക്ക നീ നിന്‍ ഗുണം.
ശാര്‍ദ്ദൂലവിക്രീഡിതം.
നിദ്രാവൃക്ഷമതിന്റെ ശാഖ നിറയേ ഋക്ഷങ്ങളും ചന്ദ്രനും
ഹൃദ്യം കാണ്മു,നഭോതലത്തിലുയരേ,രമ്യം മനോമോഹനം
ഉദ്യാനത്തിലുലഞ്ഞുലഞ്ഞു ചിരിതൂകീടും പ്രസൂനങ്ങളേ
ഉദ്രേകാഭയിലീദൃശം സ്മൃതിയിലേക്കെത്തിച്ചിടുന്നത്ഭുതം!
ശാര്‍ദ്ദൂലവിക്രീഡിതം.
അബ്‌ജന്‍ പുഞ്ചിരിതൂകി വന്നിതുയരേ താരങ്ങളോടൊത്തവന്‍
സ്തബ്‌ധം നില്‍ക്കുവതെന്തു കാരണമതും ചിന്തിക്കവേ,കാണ്മിതാ
മുഗ്ദ്ധാക്ഷത്തൊടു വന്നു താരനിരയേയെന്‍ ജായ നോക്കേ,മുഖം
വ്യക്തം കണ്ടു മയങ്ങി ചന്ദ്രഹൃദയം,സ്പഷ്ടം മറന്നൂ സ്വയം!
ശാര്‍ദ്ദൂലവിക്രീഡിതം.
“ദേവീ,ശോഭയൊടെത്തിടൂ,മഹിതമീ വേദിക്കു വാഗ്ദേവിയായ്
ആവുംമട്ടു വിടര്‍ത്തിടൂ രചനകള്‍ സൌവര്‍ണ്ണബിന്ദുക്കളായ്‍“
ഏവം ചൊല്ലുമിവര്‍ക്കു നല്‍ക കവിതാമാല്യങ്ങള്‍,ശോകങ്ങളേ-
നീവും ശ്ലോകപദങ്ങളും മധുരമായ്,വേദിക്കു സംവേദ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ഉല്ലാസത്തൊടു വന്നിരുന്നു കളിയായ് നീ ചൊല്ലിടും വാര്‍ത്തകള്‍
ഉത്സാഹത്തൊടു കേട്ടിരുന്ന സമയം പെട്ടെന്നു നീയെങ്ങുപോയ്
ഉത്സൂരത്തിലുദാത്തമായ വിധമായ് ദീപം തെളിച്ചീടുവാന്‍
ഉദ്യോഗത്തൊടു പോയിയെന്നു ചെവിയില്‍ മൂളുന്നു മന്ദാനിലന്‍.
ശാര്‍ദ്ദൂലവിക്രീഡിതം

അമ്പാടിക്കണ്ണനല്ലേ? അരികിലവനുടന്‍ വന്നതും കാണ്മതില്ലേ?
പൈമ്പാലിന്‍ കള്ളനല്ലേ? അവനതു നിറയേ നല്‍കുവാന്‍ പാങ്ങതില്ലേ?
ഇമ്പത്തോടേകുകില്ലേ? അവനതു മതിയായെങ്കിലാശ്വാസമല്ലേ?
അന്‍‌പോടിങ്ങെത്തിയില്ലേ? അവനു സകലതും നല്‍കുകില്‍ ഭാഗ്യമല്ലേ?
സ്രഗ്ദ്ധര.

മനോഹരം,താങ്കളിതേവിധം
നിരത്തിടും കാവ്യദളങ്ങളില്‍
ഉണര്‍ന്നിതാ സൂത്രപദങ്ങളാല്‍
മികച്ചൊരാ ഭാവന,യുജ്ജ്വലം!
ശോഭനം.(നവീനവൃത്തം)
“ജതംജഗം ശോഭനമായിടും”
താരങ്ങളോടൊത്തു നീ വന്നുദിക്കേ
പാരില്‍ പ്രദീപം തെളിഞ്ഞെത്ര രമ്യം!
ആരും കൊതിക്കുന്ന നിന്‍ ശോഭകാണ്‍‌കേ
നേരാണു ഞാന്‍ ശോകമെല്ലാം മറന്നൂ.
പ്രദീപം.(നവീനവൃത്തം).
തംതംത ഗംഗം പ്രദീപാഖ്യ വൃത്തം.
ആറാണു മാതാവു,വീറുണ്ടു കൈയില്‍
കൂറെപ്പൊഴും പാണ്ഡുപുത്രര്‍ക്കു നല്‍കും
മാറില്ല വാക്കെന്നുറപ്പിച്ചു ഭീഷ്മര്‍
പോരിന്നു പോകുന്നു,പേറുന്നുദുഃഖം.
പ്രദീപം.
***************************************

No comments:

Post a Comment