Friday, April 29, 2011

ശ്ലോകമാധുരി.22

ശ്ലോകമാധുരി.22
ഉദ്ഭ്രാന്തചിത്തമൊടു നിന്നുടെ മുന്നിലെത്തീ-
ട്ടത്തല്‍ കളഞ്ഞു ഭവനത്തിലണഞ്ഞു മോദാല്‍
എത്തുന്നവര്‍ക്കഴലുമാറ്റി നിതാന്തസൌഖ്യം
മെത്തുന്നൊരവ്വളവു നല്‍കിടുമീ മഹേശന്‍.!
വസന്തതിലകം.
തുമ്പിക്കരത്തിലമരും കലശം ചെരിച്ചെന്‍
തുമ്പങ്ങള്‍ മാറ്റുമൊരു തുള്ളിയെനിക്കു നല്‍കൂ
ഇമ്പത്തൊടാ സുധയിലല്പമെനിക്കു നല്‍കാന്‍
ലംബോദരാ.കരുണ കാട്ടിടു,ഞാന്‍ നമിപ്പൂ.
വസന്തതിലകം.
ക്ഷ്വേളം കുടിച്ചു ഭുവനത്തിനു രക്ഷ നല്‍കീ
ധീരം ശിരസ്സില്‍ വരഗംഗയെ ഭൂഷയാക്കീ
വീര്യത്തൊടാ ത്രിപുരമൊക്കെ വിഭൂതിയാക്കീ
മാരാരി,നീ ശ്രമമതൊക്കെ സുധന്യമാക്കീ.
വസന്തതിലകം
ഗൌരീപതേ,ധരണിയാകെ കടുത്തചൂടാല്‍
വല്ലാതെതന്നെയുഴലുന്നു,പിപാസയാലേ
ഗംഗാധരാ, കനിവൊടേയുദകം ചൊരിഞ്ഞീ-
യല്ലല്‍ മറഞ്ഞു മരുവാന്‍ വരമേകുകില്ലേ?
വസന്തതിലകം.
കാടാണു നന്മയതു സത്യമതാം വിചിത്രം
കാടിന്റെ ഭംഗിയതു കാണുകയെത്ര ഹൃദ്യം
നാട്ടില്‍ മദിച്ചുമരുവുന്ന നരന്നു നാകം
കാട്ടിത്തരുന്ന വനജീവികളും സമൃദ്ധം!!!
വസന്തതിലകം.

തനിച്ചെന്റെ ചാരത്തു വന്നെന്നെ നോക്കീ-
“ട്ടെനിക്കില്ല മറ്റാരുമെന്നോര്‍ക്കുകില്ലേ?”
മനസ്സെന്നിലര്‍പ്പിച്ചു നീ ചൊല്ലുമിത്ഥം
നിനച്ചൂ വൃഥാ ഞാന,തും പാഴ്ക്കിനാവായ്.
ഭുജംഗപ്രയാതം..
ശംഭോ,നിന്നുടെ ലീലയോ,പ്രകൃതി തന്‍ താളം പിഴച്ചുള്ള മ-
ട്ടംഭോധിക്കുളവായ ഡംഭുപെരുകീട്ടുണ്ടായ ചാട്ടങ്ങളോ
വമ്പാര്‍ന്നുള്ളൊരു നാട്ടിലങ്ങണുവിടേ വന്നുള്ളൊരാപത്തിനാല്‍
തുമ്പംചേര്‍ത്ത സുനാമി തന്‍ പുറകിലും കാണുന്നു നിന്‍കൌശലം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഉഷ്ണം കൊണ്ടു വലഞ്ഞു ഞാന്‍ ഝടുതിയില്‍ ഛത്രം വിടര്‍ത്തീ ജവം
തീക്ഷ്ണം ഭാസ്ക്കരരശ്മി വീണ വഴിയേ കഷ്ണിക്കവേ കണ്ടു ഹാ
കൃഷ്ണം വര്‍ണ്ണമൊരുത്തനാ വഴിയിലേ പാഷാണഖണ്ഡങ്ങളില്‍
തൃഷ്‌ണ്യം കൊണ്ടു ഞരങ്ങിടുന്നവനു ഞാനേകട്ടെ തീര്‍ത്ഥോദകം.
ശാര്‍ദ്ദൂലവിക്രീഡിതം.
മല്ലാക്ഷീ,മകരന്ദവാണി,സഖി നീ വന്നാലുമെന്നന്തികേ
ഉല്ലാസത്തൊടു പാടിടൂ മധുരമാം ഗാനങ്ങളാമോദമായ്
തെല്ലാ മാധുരിയാസ്വദിച്ചു ഘനമാം ഖേദം കളഞ്ഞിന്നു നാം
അല്ലില്‍ തമ്മിലലിഞ്ഞു വാഴു,മതിനായാശിപ്പു ശാതാന്വിതം.
ശാര്‍ദ്ദൂലവിക്രീഡിതം.
നീയാണെന്നുടെ സര്‍വ്വ,മെന്‍ കരളിലേ പൊന്നാണു,മാറില്ല, നാം
മായാലോകവിയത്തിലേ കിളികളായ് പാറും,മറന്നാടിടും”
ഏവം ചൊല്ലിയ പെണ്ണൊരുത്തി മറുനാള്‍ പോയല്ലൊ,കല്യാണമാ-
യയ്യയ്യോയിതിലില്ലെനിക്കു വിഷമം,പെണ്ണുങ്ങളീമട്ടു താന്‍.
.ശാര്‍ദ്ദൂലവിക്രീഡിതം
അമ്പത്തൊന്നു സുവര്‍ണ്ണമാം ലിപികളായ്,സംഗീതസര്‍വസ്വമായ്
ഇമ്പത്തില്‍ കളിയാടിടുന്ന രസമായ് വാഴുന്ന സര്‍വ്വേശ്വരീ
തുമ്പം വിട്ടൊഴിയുന്നമട്ടു കവിതാപാദം രചിച്ചീടുവാന്‍
മുന്‍‌പില്‍ വന്നു വിളങ്ങിടൂ,തവപദം കൂപ്പുന്നു,വാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
കൊന്നപ്പൂക്കണി കോവിലില്‍ തൊഴുതു ഞാന്‍ വീടെത്തിടും നേരമെന്‍
മുന്നില്‍ മറ്റൊരു പൂക്കണിക്കു സമമായ് നീ വന്നു നിന്നൂ പ്രിയേ
മന്നില്‍ ജീവിതയാത്രയിത്ര ശുഭമായ് വന്നീടുവാന്‍ നിന്നെ, ഹായ് !
പൊന്നിന്‍ പൂക്കണിയായൊരുക്കി വരമായേകീയെനിക്കീശ്വരന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

*****************************************************************************
വര്‍ണ്ണപ്പൂക്കണി

വന്നെത്തീ വിഷു,മഞ്ഞവര്‍ണ്ണമലരാല്‍ ഹൃദ്യം ചിരി”ച്ചുജ്ജ്വലം
പൊന്നിന്‍പൂക്കണി നീയൊരുക്കു നിറവില്‍ ”ചൊല്ലുന്നു പൂക്കൊന്നയും
മന്നില്‍ സൌഭഗ,സൌഖ്യമോടെ നെടുനാള്‍ വാഴാന്‍ പുലര്‍വേളയില്‍
കൊന്നപ്പൂക്കണി കണ്ടു നിങ്ങളുണരൂ,നേരുന്നിതാശംസകള്‍

മിന്നും പൊന്നൊളിതൂകിടും മലരുകള്‍ ചുറ്റും നിരത്തീട്ടതില്‍
കണ്ണന്‍ തന്നുടെ വിഗ്രഹം നിറവൊടേ വെയ്‌ക്കുന്നു ഭക്ത്യാദരം
പിന്നീടാ ഫല,മൂല,മക്ഷതയുതം സംശുദ്ധശുഭ്രാംബരം
നന്നായ് വെച്ചു ചമച്ചിടും കണിയതില്‍ സൌഭാഗ്യമേറും ദൃഢം.

കുഞ്ഞുങ്ങള്‍ കണികണ്ടു വന്നിടുമതേ നേരത്തു സ്നേഹാന്വിതം
കുഞ്ഞിക്കൈകളില്‍ വെച്ചുനല്‍ക ശുഭദം നാണ്യങ്ങളാമോദമായ്
കഞ്ജത്താരിലമര്‍ന്നിടും കമലതന്‍ ചൈതന്യമാപൂരമായ്
രഞ്ജിപ്പിച്ചിടുകെന്നുമെന്നുമവരില്‍ ചേരട്ടെ സംവൃദ്ധിയും

എന്നും മാമലനാട്ടില്‍ നാമിതുവിധം ചൈതന്യസം‌പൂര്‍ണ്ണമായ്
വര്‍ണ്ണപ്പൂക്കണി കണ്ടുണര്‍ന്നു വിഷുവായാഘോഷമാക്കീടണം
ഇന്നീ സൌഭഗവര്‍ഷമുള്ളൊരളവും വിട്ടൊന്നു വര്‍ഷിച്ചിടും
നന്നേറുന്നൊരു വര്‍ഷമാണു കണിയില്‍ ചിന്നുന്നതെന്നോര്‍ക്ക നാം.
*************************************************************************

No comments:

Post a Comment