അന്യായമായുള്ള വിചാരമോടേ
എന്നോടു നീയീ കലഹത്തിനെത്തീ
‘എന്നിന്ദു’വെന്നോതിയതെന്മനസ്സില്‍
ആനന്ദമേകുന്നൊരു ചന്ദ്രബിംബം.
ഇന്ദ്രവജ്ര..
നേരാണു,കാര്യം ശരിയായ് ഗ്രഹിച്ചാല്‍
പാരില്‍ പ്രയാസങ്ങളൊഴിഞ്ഞുപോകും
‘ആരാണുഞാനെ’ന്നൊരു ഭാവമാര്‍ന്നാല്‍
ആരും വെറുക്കും,ഗതികേടുമേറും.
ഇന്ദ്രവജ്ര.
സമ്മാനമേകാനിവനുണ്ടു മുന്നില്‍
ഇമ്മാതിരി ശ്ലോകശതം രചിച്ചാല്‍
അമ്മാനമാടും പടി വാക്കുകള്‍ നീ
ചെമ്മേയെടുത്തീടുക പാടവത്തില്‍
ഇന്ദ്രവജ്ര.
പാടാണു കാവ്യങ്ങളിതേ വിധത്തില്‍
പാടാനസാദ്ധ്യം കരുതും സുഹൃത്തേ
പാടാതെ മാറീട്ടു സദസ്സു വിട്ടാല്‍
പാടായി മാറീടുമതെന്തു കഷ്ടം.
ഇന്ദ്രവജ്ര.
നിരന്തരം നിന്നുടെ കണ്ണില്‍ നിന്നീ-
യനംഗബാണങ്ങളിതേ വിധത്തില്‍
മനസ്സിലേറ്റിങ്ങു വലഞ്ഞു ഞാനും
നിനയ്ക്കണം നീ പരിഹാരമാദ്യം.
ഉപേന്ദ്രവജ്ര.
സന്താപമോടെ പടിയേറി വരുന്ന ഭക്തര്‍-
ക്കെന്തൊക്കെദുഃഖ,മവമുമ്പിലുണര്ത്തിടുമ്പ
സന്തോഷമോടെ വരമേകിയവര്‍ക്കു സ്വസ്ഥ-
സ്വാന്തം കൊടുക്കുമൊരു ദൈവതമാണിതയ്യന്‍.
വസന്തതിലകം.
ന്നില്ലത്തെയല്ലലുകളൊന്നൊഴിയാതെ ചൊല്ലീ
പൊല്ലാത്തകാല,മലതല്ലിയിവന്നുവന്നി--
ട്ടില്ലാത്തതാ,ണവശമായുഴലുന്നിതയ്യാ.
വസന്തതിലകം.
ഒന്നാംതരം കവിതയെന്നുമിതേവിധത്തില്‍
നന്നായ ഭാഷ,വരഭൂഷകളൊത്തുദിക്കാന്‍
വന്നീടണം രസനതന്നി,ലെനിക്കു ഭാഗ്യം
തന്നീടണം സകലകാരിണിയായ വാണീ.
വസന്തതിലകം.
പേരാര്‍ന്നൊരീ കവികള്‍,സൌഹൃദസജ്ജനൌഘം
നേരാര്‍ന്നു വാഴുമൊരു വേദികളില്‍ കടന്നു
മാലര്‍ന്നരക്കവിതയൊക്കെ മുഴക്കിയാ ചെ-
ങ്കോലാര്‍ന്നിടാന്‍ ത്വരിതമായുഴലുന്നു ഞാനും.!
വസന്തതിലകം.
ചൂടില്ലയെന്നു പലവട്ടമുരച്ചു,ഛത്രം
ചൂടില്ലയെന്നു ഹൃദിയൊട്ടു നിനക്കവേണ്ടാ
കൂടില്ല ചൂടധികമെന്നു ധരിച്ചു നീ പോയ്-
ക്കൂടില്ലൊരേടമതിനു ചൂടു വിടില്ല നിന്നേ.
വസന്തതിലകം.
ആരാമകാന്തി നുകരേ നികരായ് തെളിഞ്ഞ
ശ്രീ രാമചന്ദ്രവദനം ഹൃദയം കവര്‍ന്നൂ
ആ രാമദേവവരഭാമിനിയെന്ന പോലേ
ആരാമശോഭയൊടു സീത തിളങ്ങി നിന്നൂ
വസന്തതിലകം.
കാകോദരങ്ങളണിഭൂഷകളായ് ഗളത്തില്‍
കാഠിന്യമേറിയൊരു ശൂലമതാ കരത്തില്‍
കാളുന്നൊരഗ്നിവരുമക്ഷി,യിതേതരത്തില്‍
കാണുന്നവര്‍ക്കു ഭവമെത്തിടുമാക്ഷണത്തില്‍
വസന്തതിലകം
ആറുണ്ടു നിന്‍ തലയിലെന്നു കഥിപ്പു,വക്‍ത്ര-
മാറുണ്ടു നിന്‍മകനു ചിത്രമതും പ്രസിദ്ധം
ആറുണ്ടു ഘട്ടമരികത്തുവരാന്‍,നിരന്നി-
ട്ടാറുണ്ടു വര്‍ണ്ണമവ മന്ത്രമതാം, ജപിക്കാം.
വസന്തതിലകം.
വാലിട്ടു കണ്ണെഴുതി സുന്ദരി നീ വരുന്നോ-
രോലക്കമോര്‍ക്കെ ഹൃദിയേറിവരുന്നു ഹര്‍ഷം
ആലക്ഷ്യമായ നവകാന്തികലര്‍ന്നു മേലേ
ചേലൊത്തു കാണുമൊരു വെണ്മതിപോലെ സൌമ്യം.
വസന്തതിലകം.
സ്വന്തം നടിച്ചു വരുമാ ശഠരില്‍ കനിഞ്ഞ-
ങ്ങന്തം മറന്നപടിയെന്തുമെടുത്തു നല്‍കില്‍
സാന്ത്വം വെടിഞ്ഞൊടുവിലക്കിടിപറ്റിയന്ത്യം
കുന്തം വിഴുങ്ങു,മഴലോടെയൊടുങ്ങിടും,നീ.
വസന്തതിലകം.
ഇടയിലടിയനിന്നീ ശ്ലോകമെല്ലാം രചിക്കാന്‍
ഇടവരുമൊരു ഭാഗ്യം നല്‍ക നീ ശാരദാംബേ
ഇടതടമുറിയാതേ പാദമപ്പാടെ പാടാന്‍
ഇടതരുകതിനായെന്‍ നാവില്‍ വാണീടു വാണീ.
മാലിനി
തരിച്ചുപോയി,പഞ്ചചാമരം വിടര്‍ത്തിവന്നു നീ
ഒരിക്കലും വരില്ലയെന്നുരച്ചു പോയതല്ലയോ
ഉടക്കുവന്നതൊക്കെയും മറന്നു വന്ന നന്മയോ
കുടുക്കു വല്ലതും മനസ്സിലേറ്റിവന്ന നാശമോ ?
പഞ്ചചാമരം.
കറങ്ങിടുന്നിതേറെയിന്നു വൃത്തമായ് കുറിക്കുവാന്‍
പറഞ്ഞ പഞ്ചചാമരത്തിലൊത്തുവന്നു ചേരണം
കുറഞ്ഞൊരര്‍ത്ഥമെങ്കിലും വരേണ്ടതാണതെന്നതും
നിറഞ്ഞിടുന്നു ചിന്തയില്‍ ,കനിഞ്ഞിടെന്റെ വാണി നീ.
പഞ്ചചാമരം
വെടിക്കെട്ടുപൊട്ടുന്നപോലിത്ര വര്‍ണ്ണം
വിടര്‍ത്തുന്ന പൂക്കൊന്നയിന്നെത്ര രമ്യം
ഉദിക്കുന്നുഡുക്കള്‍,തുടിക്കുന്ന ഹൃത്തോ-
ടിരിക്കും സുഹൃത്തിന്നു വായ്ക്കുന്നു സൌഖ്യം!
ഭുജംഗപ്രയാതം.
സല്ലാപത്തിനു വന്നിരുന്ന സമയം ചുറ്റൊക്കെ നോക്കീട്ടു നീ
“ഇല്ലാ,ഞാനിനി വന്നിടില്ല,വെറുതേ,യാരെങ്കിലും കാണ്‍കിലോ”
മെല്ലേയവ്വിധമോതി നീ മറയുമാ നേരത്തു ഞാന്‍,കണ്മണീ,
വല്ലാതായിയതിന്റെയസ്ക്യത വലയ്ക്കുന്നെന്നെയിന്നീവിധം.
ശാര്‍ദ്ദൂലവിക്രീഡിതം.
ചിത്രം,ചിത്രപതംഗമേ,ചിറകുകള്‍ വീശിപ്പറന്നെങ്ങു നീ
മാത്രം പോകുവതിത്രയും തപിതയായ്,ത്രാസത്തൊടിന്നീവിധം
മിത്രങ്ങള്‍ പലരും നിനക്കരികിലായെത്തീടുമാമോദമായ്
ചൈത്രം പുഞ്ചിരിതൂകുമീ വനികയില്‍ പാറിപ്പറന്നീടു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
കൂട്ടായിവ്വിധമെത്തിയിത്ര രസമായ് പാട്ടൊന്നു പാടീടുമീ
മട്ടും ഭാവവുമിന്നെനിക്കു ചിതമായ്,ചിത്തം മദിക്കുന്നു മേ
ദൃഷ്ടം ചന്ദ്രനുദിച്ചതും കടവിലേ പൂക്കൊന്നതന്‍ പൂക്കളും
സ്പഷ്ടം കൂട്ടിടുമിഷ്ടഭാവന,വരം സൃഷ്ടിക്കു മാധുര്യവും!
ശാര്‍ദ്ദൂലവിക്രീഡിതം.
സ്വന്തം,ബന്ധമതൊക്കെയോര്‍ത്തു വെറുതേയാശിച്ചിരിക്കേണ്ട നീ
ചന്തം ചൊല്ലി നമുക്കു വട്ടമിടുവോര്‍ നീട്ടില്ലൊരാശ്വാസവും
സ്വാന്തം തന്നിലൊളിച്ചിടേണ്ട,ഭഗവന്നാമം ജപിച്ചീടുകില്‍
ഭ്രാന്തം ചിന്തകള്‍വിട്ടൊഴിഞ്ഞു ഹൃദയം ശാന്തം വരും,നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.
പൂരം നല്ലൊരുനാളുതന്നെ,ജനനം പൂരത്തിലാണെങ്കിലോ
പൂരം തന്നെ,വരുന്നു ഭാഗ്യഫലവും സമ്പുഷ്ടിയും പൂരമായ്
പൂരം നമ്മിലുണര്‍ത്തിടുന്നു നലമാമുല്ലാസമാപൂരമായ്
പൂരം ലഭ്യമതാക്കിടും സ്ഥിതികളേ സമ്പല്‍പ്രഭാപൂരമായ്.
ശാര്‍ദ്ദൂലവിക്രീഡിതം..
ഇഷ്ടപ്പെട്ടവരൊത്തുചേര്‍ന്നു പതിവായീയക്ഷരശ്ലോകമാ-
ദിഷ്ടം നിഷ്ഠയൊടൊത്തുതന്നെ പഠനം ചെയ്തീടണം പുഷ്ടമായ്
സ്പഷ്ടം കേട്ടുപഠിച്ചതൊക്കെ മുറപോല്‍ വൃത്തത്തിലാശൈലിചേര്‍-
ത്തൊട്ടൊട്ടൊന്നൊഴിയാതെ തന്നെ സരസം ചൊല്ലീടു,സന്തുഷ്ടിയാം.
ശാര്‍ദ്ദൂലവിക്രീഡിതം.
എന്നും ഞാനിവിധത്തിലെത്ര കവിതാപാദങ്ങളാമോദമായ്
മിന്നും നല്ല വിഭൂഷചാര്‍ത്തി നിറവായ് തീര്‍ത്തൂ,മഹാധന്യമായ് !
ഇന്നീ കാവ്യസദസ്സിലേക്കവരിതാ നന്നായ് വിരാജിക്കുവാന്‍
വന്നീടുന്നു,വിളങ്ങിടട്ടെയവരീ പേരേറുമീ വേദിയില്‍
ശാര്‍ദ്ദൂലവിക്രീഡിതം.
വെള്ളം നിന്നിലുമുണ്ടെ,നിക്കു ജഠരേ കുപ്പിക്കണക്കുണ്ടതോ-
ടുള്ളം കത്തിടുമഗ്നിയുണ്ടു ദുരിതംകൊണ്ടിണ്ടല്‍ വായ്‌ക്കും വിധൌ
പാമ്പാടുന്നിതു നിന്റെയാ ഗളമതില്‍,ഞാനന്തിമോന്തുമ്പൊഴേ
പാമ്പാടുന്നി
ശാര്‍ദ്ദൂലവിക്രീഡിതം.
യിപ്പം തന്നെയൊടുക്കണം വരമെഴും തുമ്പിക്കരം നീട്ടി നീ
ഇപ്പാരില്‍ തുണയായെനിക്കു വരണം,നീയെന്റെ ദുഃഖങ്ങളേ
യപ്പാടേയൊഴിവാക്കി സദ്ഗതി തരൂ,വിഘ്നേശ്വരാ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
നല്ലതല്ലവനു കാര്യമൊക്കെയിവിധത്തിലായി ഗതി,യന്ത്യമായ്
അല്ലതല്ല മറുമാര്‍ഗ്ഗമുണ്ടു ഫലമേകിടുന്നപടി നോക്ക നാം
അല്ല,തല്ലുവഴിമാത്രമാണവനു ചിന്തമാറുവതിനെങ്കില്‍ നീ
നല്ലതല്ലവനുനല്‍കിടേണമതിലില്ല തെല്ലുമൊരു സംശയം.
കുസുമമഞ്ജരി.
യഷ്ടി കുത്തിയൊരു പത്തു ചോടിഹ നടക്കുവാനിവനു കഷ്ടമാം
നഷ്ടമായി മമ യൌവനം,സകല തുഷ്ടിയൊക്കെയകലത്തിലായ്
സ്പഷ്ടമായിവനു സൃഷ്ടിവൈഭവമിതേവിധത്തിലിവിടേവനും
ശിഷ്ടമായിവരു,മിഷ്ടദേവവരവൃഷ്ടി ക്ലിഷ്ടികളൊഴിച്ചിടും.
കുസുമമഞ്ജരി
വേദാരം മഞ്ഞയാണേ,പറവതു ശരിയല്ലാ നിറം പച്ചയാണേ
മൂഢന്മാരല്ലൊ നിങ്ങള്‍ സരടമെവിടെയും കാണുകില്‍ ചെംനിറം താന്‍
എന്താണീ വാദ,മോന്തിന്‍ നിറമതു പറയേ വാക്കു വക്കാണമായീ
വേദാന്തം ചൊല്ലുകല്ലാ,കരുതുകയിതുപോലാണു തര്‍ക്കിപ്പു മൂഢര്‍.
സ്രഗ്ദ്ധര.
നിര്‍മ്മാല്യം കണ്ടു ഞാന്‍ കൈതൊഴുതു പടിയിറങ്ങുന്നതിന്‍ മുമ്പു വീണ്ടും
സമ്മോദം നിന്നെ നോക്കേ ചൊടിയിലൊരുവിധം പുഞ്ചിരിക്കുന്ന ഭാവം!
“നിര്‍മ്മൂഢന്‍,മുന്നെ വന്നിട്ടഴലുകളൊഴിയാനിന്നുണര്‍ത്താന്‍ മറന്നൂ.“
ഇമ്മട്ടില്‍ നിന്മനസ്സില്‍ തെളിവതു ശരിയാണാ,യതിന്‍ ഹാസമാണോ?
സ്രഗ്ദ്ധര.
കാവണ്ടം കൈയിലേന്തും,പഴനിയിലൊരുനാള്‍ പോയിടും ഭക്തിപൂര്‍വം
പാടും ഞാനാത്തമോദം,ഹരഹരവിളിയാല്‍ പാപമെല്ലാമകറ്റും
തേടുന്നോര്‍ക്കെന്നുമെന്നും ശരണഗതി തരും സ്കന്ദരൂപം ഭജിക്കും
നേടും ഞാനാത്മസൌഖ്യം,സഫലമിതുവരാന്‍ ഷണ്മുഖാ നീ തുണയ്ക്ക.
സ്രഗ്ദ്ധര.
*******************************************************************
സർ , വളരെ ആസ്വദിക്കുന്നു നന്ദി ,കവികളെക്കൂടി പരാമർശിച്ചാലും
ReplyDelete