Thursday, October 20, 2011

ശ്ലോകമാധുരി.39

ശ്ലോകമാധുരി.39

കരുണാമയി,വാണിമാതെ,തായേ
വരവര്‍ണ്ണങ്ങളെടുത്തെനിക്കു തായേ
നിറവോടവ നിന്റെ പാദപൂജ-
യ്ക്കടിയന്‍ നൂപുരകാവ്യമാക്കി വെയ്‌ക്കാം.
വസന്തമാലിക.

വിനായകാ,നിന്നുടെ പാദപത്മം
വിനാ വിളംബം പണിചെയ്തിടുന്നേന്‍
വിനീതനാമെന്നുടെ ദുഃഖമെല്ലാം
വിനാശമാക്കേണമനുഗ്രഹിക്കൂ.
ഉപേന്ദ്രവജ്ര.

തിരതല്ലിടുന്ന കടലെന്നപോലെ വന്‍-
മുകില്‍മാല മേലെ നിലയായി,കണ്ടുകൊള്‍
ഇവ മന്നിലാകെയുതിരുന്നു വര്‍ഷമായ്
നവജീവജാലമുകുളങ്ങളാര്‍ത്തിടാന്‍.
മഞ്ജുഭാഷിണി.

ഇമ്പത്തിലിത്രമധുരം സ്വരശുദ്ധിയോടെ
അന്‍‌പാര്‍ന്നു ഗാനമഴതൂകിയ പെണ്‍‌കിടാവേ
നിന്‍‌പാട്ടിലൂടെയുതിരും മധുമാരിയെന്നില്‍
സം‌പൂര്‍ണ്ണമായി വിലയിച്ച,തുമെന്റെ ഭാഗ്യം!
വസന്തതിലകം.

ഗോവര്‍ദ്ധനം ഝടുതി പൊക്കിയ ഗോപബാലാ
ഈ വൃദ്ധനോടു ദയ കാട്ടിടുകെന്തമാന്തം
ആപത്തിലായിയുഴലുന്നിവനായ് നിനക്കാ
ത്രാണം തരുന്ന കുട പൊക്കുകിലെന്തു നഷ്ടം?
വസന്തതിലകം.

ചാലേ വിരിഞ്ഞ സുമരാജികള്‍ തെണ്ടി നീ നിന്‍
മേലേ പരാഗകണമൊക്കെയണിഞ്ഞു വണ്ടേ
നേരേ പറക്ക മറുപൂവുകള്‍ തോറു,മപ്പോള്‍
കായായ് വിരിഞ്ഞുവരുമാ, കണമൊക്കെ മെല്ലേ.
വസന്തതിലകം.

താളം പിഴച്ചവിധമെന്തിനു നീയിരുന്നു
പാടുന്നു കാക,ബഹുദുസ്സഹമാണു കേള്‍ക്കാന്‍
നേരേ പറക്ക കുയിലിന്‍ സവിധേ ശരിക്കാ
ഗാനം ശ്രവിക്ക,ശരിയായിടുമെങ്കില്‍ നല്ലൂ.
വസന്തതിലകം.

ശിഥിലമല്ല നരജീവിതം ഭുവി
മഹിതമാണു സുഖരാഗമാണതും
ഹൃദയവീണയിലുണര്‍ന്നിടുന്നൊരീ
മധുരസുന്ദരവികാരമുജ്ജ്വലം .
പ്രിയംവദ.

പാലപ്പൂവുണരുകയായ് വസന്തമായി
പ്രേമത്തിന്‍ കവിതകളിന്നുണര്‍ന്നുവല്ലോ
നിന്നേയോര്‍ത്തിവിടിതുപോലിരുന്നു ഞാനും
നീയിന്നീ കവിതകള്‍തന്‍ പരാഗമല്ലോ.
പ്രഹര്‍ഷിണി.

ഗണപതി ഭഗവാനേ,വിഘ്നമെല്ലാമകറ്റൂ
ഗുണഗണമിയലും നല്‍വാക്കെനിക്കേക നിത്യം
അണിയണിയവചേര്‍ത്തീ ശ്ലോകമെല്ലാം രചിക്കാന്‍
ഉണരണമിനി ഹൃത്തില്‍ സിദ്ധി,ബുദ്ധീ സമേതം.
മാലിനി.

സ്വസ്ഥമായിയിരിക്കണം,സുഖമായ ഭാവനയാര്‍ക്കണം
മുഗ്ദ്ധമായപദങ്ങളാല്‍ കവിതയ്ക്കു ചാരുത ചാര്‍ത്തണം
ഇത്ഥമൊക്കെ നിനച്ചു ഞാന്‍ ദിനമെത്ര കാത്തു വൃഥാ സഖേ
ഒത്തവാക്കുകളൊന്നുമിന്നു വരുന്നതില്ലയനര്‍ഗ്ഗളം.
മല്ലിക.

എന്താണിന്ദുവുറങ്ങിടുന്നു മുകിലിന്‍ പൂമെത്തയില്‍,താരകള്‍
മന്ദം പൊന്നൊളിതൂകിനിന്നു ചിരിതൂകീടുന്നു നിശ്ശബ്ദരായ്
കന്ദര്‍പ്പോത്സവമേളതീര്‍ന്ന വധുവിന്‍ നാണത്തൊടേയിന്ദുവി-
ന്നന്തംവിട്ടു മയങ്ങിടട്ടെ,കളിയാക്കേണ്ടെന്റെ താരങ്ങളേ.
ശാര്‍ദ്ദൂലവിക്രീഡിതം.

കഷ്ടപ്പാടുകളെത്രയെത്രവരിലും പെട്ടെന്നു മാറില്ല ഞാന്‍
കഷ്ടപ്പെട്ടുകഴിഞ്ഞിടുന്ന മനുജര്‍ക്കാശ്വാസമേകും,ദൃഢം
ദിഷ്ടക്കേടുകളീ ജഗത്തിലെവനും വന്നീടുമെന്നോര്‍ക്ക നീ
സ്പഷ്ടം നാം തുണയാവണം,മഹിതമാ സൌഹര്‍ദ്ദസംജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഗദ്യം പോലെ രചിക്കുമീ കവിതയില്‍ തപ്പിക്കുഴഞ്ഞാലുമി-
ല്ലല്പം കാവ്യഗുണം കലര്‍ന്നവരികള്‍,കഷ്ടം കഥിക്കില്ല ഞാന്‍
ഇഷ്ടക്കേടു വരുത്തിടാന്‍ കഴിയുകില്ലെല്ലാം നടക്കട്ടെ,യീ
പൊട്ടപ്പാട്ടു രചിക്കുവാന്‍ കവിയവന്‍ കഷ്ടപ്പെടുന്നില്ലയോ!
ശാര്‍ദ്ദൂലവിക്രീഡിതം.

തേനൂറും കവിതാശതങ്ങളൊരുവന്‍ തീര്‍ത്താലതാരെങ്കിലും
താനേ വന്നവ നോക്കി നല്ലവിധമാലാപം നടത്തീടുകില്‍
താനേ തന്നെയനേകമാം കവിതകള്‍ വീണ്ടും രചിക്കാന്‍ സുഖം
താനേ വന്നിടുമെന്നതോര്‍ക്ക,യതുതാന്‍ ചെയ്യേണ്ടതാസ്വാദകര്‍..
ശാര്‍ദ്ദൂലവിക്രീഡിതം.

പച്ചപ്പട്ടുടയാടചാര്‍ത്തി വിലസും ദേവാംഗനക്കൊപ്പമായ്
മെച്ചപ്പെട്ടൊരു ഭൂഷയോടെയിളകിച്ചാഞ്ചാടിടും മല്ലികേ
ഇത്ഥം ഞാനിനി നിന്റെ മുന്നിലിവിധം നില്‍ക്കുമ്പൊളെന്‍ മാനസം
സ്വാര്‍ത്ഥ്യംപൂകി ലയിച്ചിടുന്നിളകിടും നിന്‍പൂക്കളില്‍ ധന്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

മെച്ചപ്പെട്ടൊരു കാവ്യമന്യനൊരുവന്‍ തീര്‍ക്കുന്നകണ്ടാല്‍,സ്വയം
പൊക്കപ്പെട്ടവരീര്‍ഷ്യയോടെയവയേ കാണുന്നു,പിന്നെന്തുവാന്‍
ഉച്ചത്തില്‍ പടുപാട്ടകൊട്ടിയവരേ താഴ്ത്തുന്ന സൂത്രങ്ങളാല്‍
കൊച്ചാക്കുന്നൊരു തന്ത്രമോടെവിലസും സര്‍വ്വജ്ഞരേ,കൈതൊഴാം.
ശാര്‍ദ്ദൂലവിക്രീഡിതം.

ശക്തിക്കൊത്ത വിധത്തിലിന്നടയനീ യര്‍ഘ്യങ്ങളര്‍പ്പിച്ചിടാം
ഭക്തര്‍ക്കാശ്രയമായിയിങ്ങു മരുവും ശ്രീരാജരാജേശ്വരീ
വ്യക്തം നിന്നുടെ രൂപമിത്ര നിറവില്‍ കാണാന്‍ കഴിഞ്ഞെന്നതില്‍
തൃപ്തന്‍ ഞാനിനി നിന്റെ മുന്നിലഭയം തേടുന്നു, മാഹേശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.

ജീവന്മുക്തിയ്ക്കുവേണ്ടീ പലവഴിയിതുപോല്‍ നോക്കിയെങ്ങും നടക്കും
പാവം മര്‍ത്ത്യര്‍ക്കു നല്‍കാനൊരുവഴിയിനി ഞാന്‍ കാണ്മതൊന്നേ ശരിക്കും
പോവൂ,ഭക്ത്യാ ഭജിക്കൂ,ഗുരുപവനപുരാധീശനായുല്ലസിക്കും
ശ്രീമന്‍ നാരായണന്‍ തന്‍ വരപദയുഗളം, ഭക്തി ലക്ഷ്യം വരിക്കും.
സ്രഗ്ദ്ധര.

“ഞാനാണാനന്ദസാരം, കളയുകയിനി നീ മായതന്‍ വിഭ്രമം, സ്വര്‍-
ജ്ഞാനാനന്ദാമൃതം നിന്‍ ഹൃദിയിതു കരുതൂ” ഗീതയായോതി കൃഷ്ണന്‍
ഞാനയ്യോ മായതന്‍ വന്‍‌ചുഴികളിലുഴലുന്നീവിധം,ശ്രീ മുരാരേ
ജ്ഞാനത്തിന്‍ തേന്‍കണം നീ മമഹൃദി ചൊരിയൂ,പാഹിമാം ദീനബന്ധോ.
സ്രഗ്ദ്ധര.

നവീനവൃത്തങ്ങള്‍.
ജലവിഭ്രാണ ജടയ്ക്കുതാഴെ കാണ്മൂ
അനലന്‍തന്‍ ചിമിഴ്‌പോലെ ഫാലനേത്രം
ഗരളം നീലിമ ചാര്‍ത്തുമാ ഗളത്തില്‍
ചുരുളായുണ്ടൊരു നാഗവും,വിചിത്രം.
ആതിര.

തിരതല്ലുന്നിവനുള്ളില്‍ മോദസാരം
കരുണാമൂര്‍ത്തി മുകുന്ദമോഹനാസ്യം
ഒരു നോക്കൊന്നുവണങ്ങുവാന്‍ ഹൃദാന്തേ
പെരുകുന്നാശ മരുത്പുരാ‍ധിവാസാ.
ആതിര.
അന്നന്നേക്കു കൊരുത്തിടാനെനിക്കീ
പൊന്നിന്‍ മുത്തുകള്‍ തന്നിടുന്നു ദൈവം
ഒന്നൊന്നായവ ഞാനെടുത്തു കോര്‍ത്തീ
മിന്നും മാലകള്‍ തീര്‍ത്തിടുന്നു ഭംഗ്യാ.
ദേവനാദം.

മിണ്ടാതെന്തിനു നീയിതെന്റെ വണ്ടേ
കുണ്ടാമണ്ടികള്‍ കാ‍ട്ടിടുന്നു വീണ്ടും
മണ്ടത്തങ്ങള്‍ നിനക്കു വന്നുവെന്നാല്‍
ഇണ്ടല്‍ മൂത്തൊരവസ്ഥ ഹൃത്തിലുണ്ടാം.
ദേവനാദം.
******************************************

No comments:

Post a Comment