Tuesday, March 19, 2013

ശ്ലോകമാധുരി.48

ശ്ലോകമാധുരി.48
‍.

വൃത്തമൊത്ത പദവൃത്തിയോടെ വ-
ന്നെത്തിയെന്‍ കവിത മുത്തണിഞ്ഞു ഹാ!
ഹൃത്തിലാത്തലയമെത്തിടുന്ന പോല്‍
നൃത്തമാടി,യതില്‍ മെത്തിയെന്‍ സുഖം

വണ്ടിനുള്ള നിറശോഭകണ്ടു നീ
തണ്ടുകൊണ്ടു ഞെളിയേണ്ട തെല്ലുമേ
കണ്ടമാനമവമാനമേകിയാ
വണ്ടു മണ്ടു,മഴല്‍ വേണ്ട മല്ലികേ

വൃത്തിയായ പദഭംഗിയോടെ വെ-
ച്ചുത്തമം കവിതയൊന്നു തീര്‍ത്തതും
വൃത്തമൊത്ത നറുമുത്തണിഞ്ഞു സം-
തൃപ്തയായപടിയെത്തി ഹൃത്തിലും!

വട്ടുകാട്ടിയൊരു മട്ടിലെത്തി നീ
കാട്ടിടും വികൃതിയൊട്ടു ദുസ്സഹം
വിട്ടുപോകയിനി വീട്ടിലേയ്ക്കുടന്‍
ഗോഷ്ടി കാട്ടിലടിപൊട്ടിടും ദൃഢം.
രഥോദ്ധത.

മനമൊരു കടലായുയര്‍ന്നുവന്നാല്‍
മനനമതെന്നൊരു വൃത്തിയല്ലൊ നല്ലൂ
പുനരൊരു നവമാം പ്രതീക്ഷയുണ്ടാം
മനുജനു ജീവിതനൌക സൌഖ്യയാനം.
പുഷ്പിതാഗ്ര.

മുപ്പത്തടത്തില്‍ മരുവും ശശിധാരി വന്നി-
ട്ടിപ്പാരിലെത്തപനമൊക്കെയൊഴിക്ക വേണം
കെല്‍പ്പോടതിന്നു തുണയായി ശിരസ്സില്‍ മേവു-
ന്നപ്പിന്‍ പ്രവാഹഹിതദായിനിയായി ഗംഗ.

വട്ടത്തിലിട്ട തിലകം,വരഭൂഷ,ഹൃത്തില്‍
തട്ടുന്ന മട്ടിലിടവിട്ടൊരു നോട്ടവും ഹാ!
പെട്ടെന്നു വന്നു ചിരിതൂകിയടുത്തു നിന്നു
മുട്ടുന്ന നീ കവിത തന്നെ, വരൂ മനോജ്ഞേ.
വസന്തതിലകം.

 മുപ്പത്താറു പ്രദക്ഷിണം വിധിയതാം വണ്ണം നടത്തീട്ടു നിന്‍-
തൃപ്പാദത്തളിര്‍ ഭക്തിപൂര്‍വ്വമടിയന്‍ കൂപ്പുന്നു സര്‍വ്വേശ്വരാ
മുപ്പാരിന്നുമധീശനായ ശിവനേ,യെന്‍ താപമാറ്റീടുവാന്‍
ക്ഷിപ്രം വന്നു തുണക്കണം,ശശിധരാ,നിത്യം ഭജിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം

നിരതം നമുക്കു വരദായിയായി വിലസുന്നു ഭര്‍ഗ്ഗഭഗവാന്‍
നറുവെണ്ണിലാവു ചൊരിയുന്ന ദീപനിറവുണ്ടവന്റെ തലയില്‍
നിരയായി നാഗഫണമാര്‍ന്ന നീലനിറവൊന്നു കാണ്‍കെ ഹൃദയേ
നിറയുന്ന ഭക്തിസുധയെന്നപോലെയൊഴുകുന്നു കാവ്യതടിനി
(തടിനി)

മലശരനൊരുനാളെന്‍ മുന്നില്‍‌വന്നൊത്തപോലേ
പലകുറി ശരമെയ്തെന്‍ ഹൃത്തില്‍ മോഹം പടര്‍ത്തി
അതുപൊഴുതുടനേ നീ വന്നു സമ്മോദമെന്റെ
കരളിലിടമെടുത്തൂ ഹന്ത ഞാനെന്തു ചെയ്‌വൂ!

രജനി മുടി വിടര്‍ത്തീ, താരകപ്പൂക്കള്‍ ചൂടി
പനിമതി നിറവോലും ചിത്രകം ചാര്‍ത്തിവന്നു
മമ സഖിയിവ വെല്ലും മന്ദഹാസം പൊഴിക്കേ
മലര്‍ശരനതു കണ്ടൂ, മന്ദമെല്ലാം മറന്നൂ.
(മാലിനി.)

മന്ദാക്രാന്തേ,വരുകയിനി ഞാനോതിടും കാര്യമെല്ലാം
സന്ദേശത്തിന്‍ വടിവിലിനി നീ ചൊല്ലിടേണം രഹസ്യം
സന്താപത്താലുരുകിമരുവും മല്‍‌പ്രിയയ്ക്കിപ്രകാരം
സന്ദര്‍ഭത്തില്‍ കുളിരുപകരും വാര്‍ത്തയെത്തിയ്ക്ക വെക്കം.
മന്ദാക്രാന്ത.

കാലാ, നീ ഗുണശാലിതന്നെ,സമയം വന്നെത്തിടുമ്പോള്‍ ക്ഷണം
കാലില്‍ ചേര്‍ത്തുപിടിച്ചു നിന്റെ ഗുണബന്ധത്താല്‍ വലിക്കുന്നു നീ
കാലോപേതമതെന്നുതന്നെ കരുതാമെന്നാലതോ കഷ്ടമായ്
കാലാകാലമതെന്റെ ചിന്തയില്‍ വരുന്നയ്യോ വിറക്കുന്നു ഞാന്‍.
( ഗുണം=ചരടു്,കയറു് )
( ശാര്‍ദ്ദൂലവിക്രീഡിതം )

ചൊല്ലേറും ശ്ലോകികള്‍ ഹാ സുമധുരലളിതം ശ്ലോകമെല്ലാം സഹര്‍ഷം
ചൊല്ലീടും നേരമയ്യാ മനമിതിലുതിരും ഹര്‍ഷവര്‍ഷപ്രകര്‍ഷം
ചൊല്ലീടാനാവതില്ലാ,പദഗണമതിനായ് തോന്നിയില്ലായതിന്നാല്‍
ചൊല്ലില്ലാ,യൊന്നു ചൊല്ലാമിതിനുമുപരിയായ് മന്നിലില്ലാത്മഹര്‍ഷം.

ഏഴേഴായ് വര്‍ണ്ണപുഷ്പക്കുലകള്‍ മികവിലായ് ചേര്‍ത്തു വൃത്തത്തില്‍ വെച്ച-
ങ്ങൂഴത്തില്‍ മാലകെട്ടാന്‍ കവികളിതുവിധം മേളനം ചെയ്തിടുമ്പോള്‍
പാഴല്ലീ കാവ്യമാലപ്രഭവ,മിവനിതാ കണ്ടു ചിത്തം കുളിര്‍ക്കേ
വാ‌ഴ്‌വായ് സൌഭാഗ്യവര്‍ഷം നിറവില്‍ വിതറുമെന്‍ സ്രഗ്ദ്ധരേ ഞാന്‍ നമിപ്പൂ.
സ്രഗ്ദ്ധര

അരിയന്നൂര്‍ അക്ഷരശ്ലോകസദസ്സിലെ സമസ്യാപൂരണത്തില്‍ എഴുതിയവ.

നിരതമീ മണലൂറ്റിയെടുത്തു വന്‍-
നദികള്‍ തന്‍ ഗതി മാറി,നശിച്ചു ഹാ
വനവുമിപ്പടി വെട്ടിനിരത്തിയാല്‍
സരളകേരളകേതു നശിച്ചിടും
(ദ്രുതവിളംബിതം).

ചെത്തിയതു വില്‍ക്കുടനെ ലാഭമതു കൊയ്യാം
ചെത്തിയതു മിച്ചമൊരു തുള്ളിയിനി വേണ്ടാ
ചെത്തമൊടെ ചൊല്‍ക ‘ജനസേവ’, യിതുപോലേ
ചെത്തരുതു വില്‍ക്കരുതു വാങ്ങരുതു മദ്യം.
(ഇന്ദുവദന)

ചതുരത തെളിയിച്ചാ ശ്രീധരന്‍ വന്നുവെന്നാല്‍
വലിയൊരു തുക കമ്മീഷന്‍ നമുക്കൊക്കുകില്ലാ
അതിനൊരു തട നല്‍കാന്‍‍, കാര്യമൊക്കെക്കലക്കാന്‍
നിപുണതയിവനേറും, ശ്രീധരന്‍ വേണ്ട വേണ്ടാ.

അറിയുകയിതു ടോം ജോസ്സിന്റെ കാര്യംനടത്തല്‍
പെരിയൊരു തുക നഷ്ടം, പാരയാകും പലര്‍ക്കും
അതിനുടനിതുപോലേ കത്തു കുത്തായ് കൊടുക്കാന്‍
നിപുണതയിവനേറും, ശ്രീധരന്‍ വേണ്ട വേണ്ടാ.

മാലിനി

നന്നായുള്ളൊരു രാഗമൊക്കെ നിരയായ് ചേര്‍ത്തൊത്ത ഭാവത്തൊടേ
നന്നായ്ത്തന്നെയുയര്‍ത്തിടുന്ന പൊഴുതാ മാധുര്യ മന്ദാകിനി
നന്നായ് ഹൃത്തിലുണര്‍ത്തിടുന്നണിമയില്‍ വര്‍ണ്ണങ്ങള്‍ സം‌പൂര്‍ണ്ണമായ്
നന്നായെന്നു പറഞ്ഞിടാന്‍ മടിയെനിക്കില്ലില്ല, സൌഖ്യം സഖേ

ഒന്നായിന്നു പടുത്വമാര്‍ന്ന കവികള്‍ ചൊവ്വുള്ള വാക്കൊക്കെയും
മിന്നും വണ്ണമടുക്കി വൃത്തവടിവില്‍ കോര്‍ത്തീവിധം ഭംഗിയില്‍
മുന്നില്‍ പൂക്കണിപോലെ വര്‍ണ്ണനിറവില്‍ ത്തന്നേ നിരത്തീടവേ
നന്നായെന്നു പറഞ്ഞിടാന്‍ മടിയെനിക്കില്ലില്ല, സൌഖ്യം സഖേ !

നന്നാം നാരദദാദമാം ഫലമിനിക്കിട്ടില്ലയെന്നോര്‍ത്തു നീ
വന്നൂ മാമലതന്നിലാണ്ടിവടിവില്‍ത്തന്നേയതും കഷ്ടമായ്
പിന്നീടാ ഗണനായകന്‍ ചതുരമായ് ചൊന്നുള്ള വാക്കൊക്കെയും
നന്നായെന്നു പറഞ്ഞിടാന്‍ മടിയെനിക്കില്ലില്ല ,സൌഖ്യം സഖേ.

(നന്നായെന്നു പറഞ്ഞിടാന്‍ മടി,യെനിക്കില്ലില്ലസൌഖ്യം , സഖേ)

(നന്നായെന്നു പറഞ്ഞിടാന്‍ മടി,യെനിക്കില്ലില്ല സൌഖ്യം , സഖേ)

നാമീ നാട്ടിലെ മക്കളൊക്കെയിവിധം മൌനം ഭജിച്ചീടുകില്‍
സാമദ്രോഹികള്‍ നഷ്ടമാക്കുമിവിടേ കാടും സരിത്തും ദൃഢം
ഓര്‍മ്മിക്കേണമിതേവിധം പ്രകൃതിയേ നാശത്തിലെത്തിക്കൊലാ
ഭൂമീദേവി പൊറുക്കണം ചതിയരാം രാഷ്ട്രീയനേതാക്കളില്‍

ആദ്യം വൃത്തമെടുത്തു നീ പലവിധം വര്‍ണ്ണങ്ങളേ വര്‍ണ്ണ്യമാ-
യുദ്യോഗത്തില്‍ നിരത്തിവെച്ചു കവിതാമാധുര്യവും ചേര്‍ക്കവേ
ഖദ്യോതങ്ങള്‍ നിശീഥിനിക്കു നിറവായ് മിന്നുന്നപോല്‍ മുന്നിലായ്
ഹൃദ്യം പൂക്കണി വെച്ചിടുന്നു, പുലരിപ്പൊന്‍‌തിങ്കള്‍ പോല്‍ സുന്ദരം!
(ശാര്‍ദ്ദൂലവിക്രീഡിതം)

‘കവിമൊഴി’യിലെ സമസ്യാപൂരണങ്ങള്‍.

മഹിതം ഭുവി ജീവിതമെങ്കിലുമീ
ലഹരിപ്രണയം വനിതാവിഷയം
ബഹുമാനമുടച്ചിടുമീ വഹകള്‍
ലഹളക്കുതകുന്നവയെന്നറിയൂ.

മഹിതന്നിലൊരുത്തനു കഷ്ടതരം
ദുരിതങ്ങള്‍ വരുന്നതു ഹാ! വിഷമം
മഹിളാവിഷയം,വിഷമാം സുരയും
ലഹളക്കുതകുന്നവയെന്നറിയൂ.
തോടകം. .

ചെന്നക്കാട്ടു ദാമോദരക്കുറുപ്പാശാനു ശതാഭിഷേകമംഗളം.

ചെന്നക്കാട്ടു കുറുപ്പു വന്ദ്യഗുരുവാം ദാമോദരന്‍ ധന്യനായ്
ഇന്നിമ്മട്ടു ലസിച്ചിടുന്നു പറയാനാഹ്ലാദമാണോര്‍ക്ക നാം
ഇന്നോ സൌഖ്യശതാഭിഷേകനിറവില്‍ വാഴുന്ന പുണ്യാത്മനായ്
മിന്നും മംഗളവര്‍ണ്ണപുഷ്പനികരം ചാര്‍ത്തുന്നു ഭക്ത്യാദരം.

ചൊല്ലേറും തിരുനക്കരേശനടയില്‍ വാദ്യം മുഴക്കാന്‍ സ്ഥിരം
തെല്ലും ക്ഷീണമിയന്നിടാതെ നിരതം ചെല്ലുന്ന ധന്യാത്മികന്‍
ഉല്ലാസത്തൊടു പഞ്ചവാദ്യ,തിമിലയ്ക്കൊപ്പത്തിലാ പാണിയും
ഝില്ലം ചെണ്ടയില്‍ മാറ്റുരച്ച ഗുരുവിന്‍ കൈകള്‍ക്കു ഞാന്‍ കൈതൊഴാം

ദാനങ്ങള്‍ വരപുണ്യമായി മനുജന്നൊക്കുന്നുവെന്നോര്‍ത്തു നാം
ആമോദത്തൊടു വാഴണം ക്ഷിതിയിതില്‍ സര്‍വ്വേശ്വരപ്രീതിയില്‍
സമ്മോദത്തൊടു സര്‍വ്വഭൂതിഭരിതം സൌഭാഗ്യ സംഭൂതമാം
പ്രേമോദാരവിഭാവിതം ഗതിയതും നല്‍കട്ടെ സര്‍വ്വേശ്വരന്‍.

ദാനങ്ങളായി വരമേകി മനുഷ്യനെന്നു -
മാമോദമേറ്റുമൊരുവന്‍ ഭഗവാന്‍ നിനയ്ക്കാം
സമ്മോദമായ് ഭുവിയില്‍ ഭൂതികളൊത്ത ജന്മം
സര്‍വ്വേശ്വരന്റെ വരമായി ലഭിച്ചിടട്ടേ

**************************************

No comments:

Post a Comment