Thursday, March 21, 2013

ശ്ലോകമാധുരി.49

ശ്ലോകമാധുരി.49

അരുമയാം പരിലാളനമോടെയെന്‍
കരളില്‍ മോദമിയറ്റിയ തെന്നലേ
വരുക,നീയിനിയെന്‍ പ്രിയതന്നൊടെന്‍
വിരഹവേദനതന്‍ കഥ ചൊല്ലുമോ?
ദ്രുതവിളംബിതം.

മാനംകവിഞ്ഞ നിറശോഭ നിറഞ്ഞുഡുക്കള്‍
മാനത്തിലാകെ നിറയുന്നു,മനോഭിരാമം !
മാനത്തില്‍ നോക്കു,മതിബിംബമതിന്റെ മദ്ധ്യേ
മാനിന്റെ രൂപമിത നീലിമ ചേര്‍ന്നു കാണ്മൂ.
വസന്തതിലകം.

വണ്ടിക്കാളകളായ് ജനിച്ചു പലജന്മങ്ങള്‍ വലഞ്ഞീടുവാ-
നുണ്ടാം കര്‍മ്മഫലത്തിനുഗ്രഗതിയെന്നിക്കൂട്ടരോര്‍ത്തീടിലും
ഉണ്ടാവില്ലൊരു മാറ്റമീ ഖലര്‍ ചിലര്‍ കാട്ടുന്ന ദുര്‍വൃത്തികള്‍
കണ്ടാല്‍ കഷ്ടമിതെന്നുരയ്ക്കില്‍ ജനമേ ,മിണ്ടുന്നവര്‍ മൂഢരാം!
ശാര്‍ദ്ദൂലവിക്രീഡിതം.

ഭൂഭാരം ഭ്രംശമാക്കാന്‍ ഭുവനപതി തനിക്കിഷ്ടമാം മട്ടിലെന്നും
ഭൂ തന്നില്‍ ഭക്തരക്ഷയ്ക്കനവധിയവതാരങ്ങള്‍ കൈക്കൊണ്ടതാണേ
ഭൂനാഥന്‍തന്റെമുന്നില്‍ ഭുവിയിലെ ദുരിതം ഭസ്മമാക്കാനഭീഷ്ട്യാ
ഭൂയോഭൂയോ ഭജിക്കു,ന്നഭയവരദനേ ഭക്തിപൂര്‍വ്വം നമിപ്പൂ‍.
ശാര്‍ദ്ദൂലവിക്രീഡിതം

(രണ്ടു വൃത്തങ്ങളുടെ രസകരമായ ബന്ധം നോക്കൂ.ആകൃതി
ഛന്ദസ്സിലെ(22 അക്ഷരം) ആദ്യത്തെ ശ്ലോകത്തിലെ ഇരുപതാമത്തെ അക്ഷരം ‘ഗുരു’
രണ്ടു ലഘുവാക്കിയാല്‍ വികൃതി ഛന്ദസ്സില്‍ (23 അക്ഷരം) മറ്റൊരു വൃത്തം!ഇതൊരു
വികൃതി തന്നെ)


അനുപമമായൊരു കവിതയിലാണിതു മൊഴിവതു നിന്നോടെല്ലാം
ഇനിയൊരു ജീവിതമടിയനു നിന്നുടെയരികിലിരിക്കാന്‍ വേണം
കനിവൊടെ നീയൊരു വരമിതു നല്‍കണമതിനിനി വൈകീടൊല്ലാ
അടിയനെ നിന്നുടെ ചൊടിയിലെയാ മധുമുരളികയാക്കൂ കണ്ണാ.
കമലദിവാകരം

അനുപമമായൊരു കവിതയിലാണിതു മൊഴിവതു നിന്നൊടു മെല്ലേ
ഇനിയൊരു ജീവിതമടിയനു നിന്നുടെയരികിലിരിക്കുക വേണം
കനിവൊടെ നീയൊരു വരമിതു നല്‍കണമതിനിനി വൈകിട വേണ്ടാ
അടിയനെ നിന്നുടെ ചൊടിയിലെയാ മധുമുരളികയാക്കുക കണ്ണാ.
മണിഘൃണി.

വി.കെ,വി മേനോന്‍സാറിനു മറുപടി.

മുത്തുപോലെ പദഭംഗിയോടെയിവിടെത്തി കത്തതിനു മോദമായ്
ഇത്തരത്തില്‍ മറുവാക്കുരയ്ക്കുവതിനുള്‍ത്തടത്തിലുളവായൊരീ
വൃത്തമൊത്തപടിചേര്‍ത്ത കാവ്യസുമമുഗ്ദ്ധമാം കുസുമമഞ്ജരി
വൃത്തിയോടെ മമ  നന്ദിയോതുവതിനായയപ്പിതവിടേയ്ക്കു ഞാന്‍

തമ്മിലൊട്ടുമറിയില്ലയെന്നതിതിലൊട്ടുമിന്നു കുറയായ് വരാ
സന്മനസ്സിലുളവായിടുന്ന ലയകാവ്യഭാവപദഭംഗികള്‍
നന്മയോടെയിടചേര്‍ന്നു ‘സൌഹൃദസുമങ്ങളാ‘യ് പകരുമാ സുഖം
നമ്മളിന്നു സരസം സ്വദിച്ചിടുവതെന്നതോര്‍ക്കുകിലതാം വരം

എന്നുമെന്നുമിതുപോലെതന്നെ നവമുഗ്ദ്ധമാം കുസുമമഞ്ജരി
ഒന്നുചേര്‍ന്നുവിലസുന്നഭംഗി വരമായിടുന്ന തവ ഭാവവും
ഇന്നെനിക്കു ഹൃദയത്തിലേയ്ക്കു നറുമുത്തണിഞ്ഞ മണിമാല്യമായ്
തന്നതിന്നിവനു നന്ദിയോതുവതിനില്ല വാക്കുകള്‍  മഹാകവേ

സമസ്യാപൂരണങ്ങള്‍.

മോഹങ്ങള്‍ കേറിമറിയുന്ന വയസ്സില്‍ നിത്യം
ശീലങ്ങള്‍ തോന്ന്യപടിയായി നയിച്ചുപോയാല്‍
ആമങ്ങള്‍ കൂടുമുടനേ പരിഹാരമോര്‍ക്ക
രോഗങ്ങള്‍ നാടുവിടുമായവനെ ശ്രവിച്ചാല്‍.
വസന്തതിലകം .

കൂടുന്നു മോഷണ,മശാന്തിയതോടെ നിത്യം
കൂടുന്നു പീഡനപരമ്പര,യിന്നു ധാര്‍ഷ്ട്യം
കൂടുന്ന പാര്‍ട്ടികള്‍ ഭരിച്ചുമുടിച്ചു കഷ്ടം
നാടിന്നു ശാപമിവരാണിനിയെന്തു ചെയ്‌വൂ?
വസന്തതിലകം.

പരത്തിപ്പറഞ്ഞുള്ളകാര്യം നിനച്ചാല്‍
ഉരച്ചുള്ളതെല്ലാം മഹാഭോഷ്ക്കു തന്നെ
പെരുക്കും പ്രമേഹം കുരുക്കിട്ടിടുമ്പോള്‍
അരിക്കുണ്ടു കേമത്തമെന്നോര്‍ക്കണം നാം
ഭുജംഗപ്രയാതം.

വളിച്ച വിഡ്ഢിച്ചിരിയോടെ ദൂരേ
ഒളിച്ചുനില്‍പ്പുണ്ടൊരു സൂത്രശാലി
വളയ്ക്കുവാന്‍ പെണ്ണിനെ നോക്കിനോക്കി
വിളഞ്ഞവില്ലന്‍ പുതുപുഷ്പവില്ലന്‍
ഉപേന്ദ്രവജ്ര.

നിനയാതെ വരും ദുരിതങ്ങളിലെന്‍ -
മനമാകെ വലഞ്ഞുലയുംസമയേ
വിനയാകെയൊഴിഞ്ഞു സുഖംവരുവാന്‍
ജനനീ,തവ പാദമതേ ശരണം.
തോടകം.

അതിസുന്ദരപൂരണമൊന്നെഴുതാന്‍
മനമൊന്നുനിനച്ചു, ഫലം വിഫലം
ഇതിനിന്നൊരു പൂരണമോര്‍ത്തുവരാന്‍
ജനനീ തവപാദമതേ ശരണം.
തോടകം.

പല ബന്ധുരബന്ധമൊക്കെ നാം
മിഴിവായ് കാണ്മതു മിഥ്യയാം സഖേ
ഉലകത്തിലെ മായതന്നില്‍ നി-
ന്നിനിയും മോചിതരല്ല നിര്‍ണ്ണയം.

കുനുകൂന്തലുരപ്പു ദൈന്യമായ്
കനിവോടെത്തിയതൊന്നു കേള്‍ക്ക നാം
“വനിതാമണി,ഞങ്ങള്‍ കെട്ടില്‍ നി
ന്നിനിയും മോചിതരല്ല നിര്‍ണ്ണയം”
വിയോഗിനി.

കേറുന്നവര്‍ ഭരണമേല്‍ക്കെയുടന്‍ നടന്നു
കാറും മതേതരനയം തുടരും ഭരിക്കാന്‍
നാറുന്ന ജാതികളിയാണിതു കാണ്മു കഷ്ടം
മാറുന്നതല്ലിവിടെയീ പലജാതി വേഷം

കാറൊന്നു നിര്‍ത്തുവതിനായൊരു തര്‍ക്കമേറി
നാറുന്ന വാക്കുകളുരച്ചതു കേട്ടു താതര്‍
കേറുന്ന കോപമൊടു തല്ലു നടത്തി,പക്ഷേ
മാറുന്ന തല്ലി,വിടെയീ പലജാതി ‘വേഷം‘
വസന്തതിലകം.

ചതിയരായ ജനങ്ങളധര്‍മ്മികള്‍
ഗതിദുഷിച്ചവിധം നടകൊള്ളുകില്‍
അതിനു സാമമുരക്കിലിവന്നു സ-
മ്മതി വരില്ല,വരിക്കണമായുധം
ദ്രുതവിളം‌ബിതം.

കോലം സമം വികൃതവാക്കുകള്‍ ചേര്‍ത്തുവെച്ചു
സ്ഥൂലം പടച്ച രചനാബഹളങ്ങള്‍ മദ്ധ്യേ
മാല്യം കണക്കു മണിവാണി വിളങ്ങി നില്‍ക്കും
കാലം ജയിച്ച കവിതേ മനസാ നമിയ്ക്കാം
വസന്തതിലകം.

അരുമയാം പദം കോര്‍ത്തിണക്കിടും
സരളമാം വരം ശ്ലോകമോര്‍ത്തു നീ
സരസമാമൊരീ വേദിയില്‍ മുദാ
വരിക നിത്യവും ശ്ലോകമോതിടാന്‍

വരകൃപാകരീ,വാഗധീശ്വരീ
കരുണയോടെ നീയേകണേ വരം
വിരുതെനിക്കെഴാനെന്റെ നാവിലായ്
വരിക നിത്യവും ശ്ലോകമോതിടാന്‍.
സമ്മത.

വട്ടപ്പൊട്ടു,തുടുത്തതൂമലര്‍ വിടര്‍ന്നീടുന്നപോല്‍ ഭൂഷ ഹാ!
ഇഷ്ടപ്പെട്ട പദങ്ങളോടെവരുമീ ശ്ലോകം മനോഹാരിണി
മട്ടും ചേലുമതൊക്കെയൊട്ടു സരളം, ഹൃത്തില്‍ കടന്നൊത്തപോല്‍
പെട്ടാല്‍ ഭാഗ്യമുദിച്ചു പിന്നെയവനോ പോരില്ല തന്നിഷ്ടമായ്.

നാട്ടില്‍ ശല്യ,മൊരിറ്റുപോലുമവനില്‍ കാണുന്നതില്ലാ ഗുണം
വീട്ടില്‍ ചെന്നു വഴക്കു,തട്ടു ,ബഹളം, ഭാര്യയ്ക്കുടന്‍ മര്‍ദ്ദനം
മുട്ടാളത്തരമോടെയിങ്ങു വിലസുന്നീ ദുഷ്ടനാ ജേലിലായ്
പെട്ടാല്‍ ഭാഗ്യമുദിച്ചു പിന്നെയവനോ പോരില്ല തന്നിഷ്ടമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.


അന്‍പത്തൊന്നു സുവര്‍ണ്ണവര്‍ണ്ണനിറവായ് മിന്നുന്ന സൌഭാഗ്യമായ്
സമ്മോദം വിലസുന്ന വാണി തുണയാകേണം,വണങ്ങുന്നു ഞാന്‍
ഇമ്പം ചേര്‍ന്നൊരു കാവ്യമൊത്തമികവോടിത്ഥം രചിച്ചര്‍ഘ്യമായ്
അമ്മേ നിന്നുടെ മുന്‍പിലിന്നടിയനും വെയ്ക്കുന്നു ഭക്ത്യാദരം.

ഇമ്മട്ടെന്നെ വളര്‍ത്തിയിത്രമഹിതം സൌഭാഗ്യസംജീവനം
ധര്‍മ്മംപോല്‍ തരുവാനൊരുത്തി ഭുവനേ മാതാവുതാനോര്‍പ്പു ഞാന്‍
നിര്‍മ്മായം മമ ജീവനും സകലതും നിന്‍‌ദാനമാമൊക്കെയെ-
ന്നമ്മേ നിന്നുടെ മുന്‍പിലിന്നടിയനും വെയ്ക്കുന്നു ഭക്ത്യാദരം
ശാര്‍ദ്ദൂലവിക്രീഡിതം.

ഭക്തപ്രിയയിലെ സമസ്യാപൂരണങ്ങള്‍.

പാദാംഭോജം നമിക്കാം പലവുരു നിറവാം നാമമന്ത്രങ്ങള്‍ ചൊല്ലീ-
ട്ടാവുംവണ്ണം ഭജിക്കാം,നിരതരമതിനായാലയം തേടിയെത്താം
കാലം നോക്കാതടുക്കും രുജകളിലിനിയും വീണിടാതെന്നുമെന്നും
മാതാവേ കാത്തുരക്ഷിക്കുക കഴലിണയില്‍ ക്ഷീണനായ് വീഴുമെന്നേ.

ഏതാനുംകാലമായ് ഞാനുലകിതില്‍ ഖലനായ്‌ വാണു,ഭോഗം ശമിപ്പാന്‍
വീതാതങ്കംനടന്നാ രസമതിലുളവാമെന്നു തോന്നുംദശായാം
പാതിത്യംതന്നെയെല്ലാം സുദൃഢമിതുവിധം ചിന്തയായ് ,മാലകറ്റാന്‍
മാതാവേ കാത്തുരക്ഷിക്കുക കഴലിണയില്‍ ക്ഷീണനായ് വീഴുമെന്നേ.
സ്രഗ്ദ്ധര.


**************************************************

No comments:

Post a Comment