Tuesday, September 17, 2013

ശ്ലോകമാധുരി.52.


ശ്ലോകമാധുരി.52.

ഉണ്ണിക്കണ്ണന്‍ മണ്ണുതിന്നെന്നു തന്നേ-
യെണ്ണിക്കൊണ്ടാ കൂട്ടുകാരൊച്ച വെയ്ക്കേ
വെണ്ണക്കള്ളന്‍ വായ് തുറക്കേയകത്തായ്
മണ്ണുംവിണ്ണും കണ്ടു പേടിച്ചെശോദ.
( ശാലിനി)

കാണാം ദൂരേ വെള്ളിനൂലെന്നപോലേ
ഈണം പാടും കാട്ടുചോലത്തിളക്കം
ചേണുറ്റോരീ കാഴ്ച കാണാനെനിക്കും
പോണം,കാണാനാശയാണെന്റെ ഹൃത്തില്‍.
(ശാലിനി)

വിയോഗിനി‘യിലുള്ള ശ്ലോകങ്ങള്‍.

മഴപെയ്തതു കണ്ടു ഞാന്‍ സ്വയം
മിഴിയും പൂട്ടിയിരുന്നു ശാന്തമായ്
മിഴിവേറിയ കാവ്യമുത്തുകള്‍
പൊഴിയുന്നെന്റെ മനസ്സില്‍ ഹൃദ്യമായ്.

ചിലരാടിയ നാട്യമൊക്കെയും
ചതിയാണെന്നു തെളിഞ്ഞിതന്ത്യമായ്
ബഹു‘മോടി‘ മനസ്സില്‍ വെച്ചുവ-
ന്നടരാടീയവര്‍, നേടി വന്‍‌ജയം.

ചിരിയോടരികത്തുവന്നു നീ-
യുരചെയ്യുന്നതു നിഷ്ഫലം സഖീ
വരുമാനമെനിക്കു തുച്ഛമാം
വരണം നല്ലൊരുനാള്‍,ക്ഷമിക്ക നീ.

ഇളമാന്‍‌മിഴി,യെന്റെയീ ക്ഷണം
കളവല്ലെന്നൊരു കാര്യമോര്‍ക്കണം
ഇളകില്ലിവനുള്ള നിശ്ചയം,
കളയൂ നിന്നുടെ ദുഃഖവും ക്ഷണം.

പെരുകും കൊതിയോടെ, ശാരികേ
ഉരചെയ്യുന്നിവനൊന്നു കേള്‍ക്ക നീ
വരുകെന്നുടെ ചാരെ, മുഗ്ദ്ധമാം
ശ്രുതിയില്‍ നീയൊരു പാട്ടു പാടുമോ!

ഭുജംഗപ്രയാതത്തിലുള്ള ശ്ലോകങ്ങള്‍.

അലഞ്ഞെത്തി മന്ദം തലോടുന്ന ഭൃംഗം
ചിലമ്പുന്നതെന്തേ സുമത്തോടു കാതില്‍ ?
അലംഭാവമെല്ലാം കളഞ്ഞെന്റെ ഹൃത്തില്‍
വിലപ്പെട്ട മുത്തായിയെത്തെന്നുമാവാം !

കുടുങ്ങുന്നു ഞാനിന്നു ഹര്‍ത്താലിനാലേ
മടങ്ങുന്നു വേഗത്തിലെന്‍‌ വീട്ടിലെത്താന്‍
അടങ്ങാത്ത കോപത്തില്‍ ഞാനൊന്നിതോര്‍പ്പൂ
മുടിഞ്ഞോരു രാഷ്ട്രീയമാണിന്നു ശാപം.

ഗണേശാ,തുണക്കെന്നെയെന്നും മഹത്താം
ഗുണം ചേര്‍ന്നിടും ശ്ലോകമെല്ലാം രചിക്കാന്‍
ഇണങ്ങുന്ന വര്‍ണ്ണങ്ങളെന്‍ നാവിലെത്താന്‍
തുണക്കേണമേ വാണിമാതാവിനൊപ്പം

നദിക്കപ്പുറത്തേക്കു നിന്നെക്കടത്തി-
ത്തിരിച്ചെന്റെ വീട്ടില്‍ വരുന്നോരുനേരം
കളിച്ചെന്റെ കാലില്‍ കുറുങ്ങിക്കറങ്ങും
മിടുക്കെത്ര ചിത്രം! നമിക്കുന്നു പൂച്ചേ.
(ഭുജംഗപ്രയാതം)

മിനുങ്ങിവന്നുനിന്നിടുന്ന നാരിയിന്നതേവിധം
വിനയ്ക്കു വിത്തുപാകിടുന്നു നിത്യവും പലേവിധം
നിനച്ചുതന്നെ വന്നു വന്‍‌ചതിക്കു കൂട്ടുചേര്‍ക്കുവാന്‍
തുനിഞ്ഞ നാരിയോടു കൂട്ടു നല്ലതല്ല കൂട്ടരേ
(പഞ്ചചാമരം )

മന്ദാക്രാന്തേ, ശുഭദശുകമായെത്തിയിട്ടെന്‍ പ്രിയയ്ക്കീ
സന്ദേശം നീ ശരസമഗതിക്കൊന്നുപോയ് നല്‍കിടേണം
മന്ദം നീയെന്‍ പ്രിയ തരുമൊരാ കത്തു കൈക്കൊണ്ടു വീണ്ടും
ചന്തത്തില്‍ വന്നിടു, മഹിതസന്ദേശവൃത്തപ്രശസ്തേ.
(മന്ദാക്രാന്ത)

കൊത്താന്‍ വന്നൊരു പാമ്പിനേ ചടുപിടെച്ചാടിക്കടിച്ചിട്ടുടന്‍
കൊത്തും വാങ്ങി വിഷം പടര്‍ന്നവശനായ് വീണെന്നെ നോക്കിട്ടു ഹാ!
“ചത്താലും തവജീവനിന്നപകടം വന്നില്ലതെന്‍ സ്നേഹമാം”
ഇത്ഥം മൌനമുരച്ചസുക്കള്‍ വെടിയും ശ്വാനന്റെ കൂറോര്‍പ്പു ഞാന്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)

വമ്പന്മാരുടെ വമ്പു കാണ്‍കെ ഹൃദി വന്‍ തുമ്പം വളര്‍ന്നിട്ടു ഞാന്‍
“അമ്പോ! സൌമ്യതയെന്നിവര്‍ക്കു വരുമെ“ന്നാശിച്ചുവെന്നാകിലും
അമ്പേ തോറ്റുമടങ്ങി, ഡംഭൊഴിയുമോ, സ്വത്വം തെളിഞ്ഞോര്‍ക്കുമോ
അംഭോജാനനസൃഷ്ടിയാണു ധരയില്‍ സര്‍വ്വം  സമം സര്‍വ്വരും!
(ശാര്‍ദ്ദൂലവിക്രീഡിതം)

ശാന്തം വെണ്‍‌മതി നിദ്രയായി മുകിലിന്‍ പൂമെത്തയില്‍, താരകള്‍
മന്ദം പൊന്നൊളിതൂകി വന്നു കളിയാക്കീടുന്നു നിശ്ശബ്ദരായ്
എന്താണീ ദൃശമെന്റെ ഹൃത്തില്‍ വരയുന്നെന്നൊന്നു ചൊല്ലാം, രതി-
സ്പന്ദം തീര്‍ന്നളവാദ്യരാത്രി കഴിയേ, ക്ഷീണിച്ചുറങ്ങീ മതി.
(ശാര്‍ദ്ദൂലവിക്രീഡിതം)


വരിക്കാശ്ശേരിമനയില്‍ ചേര്‍ന്ന വിന്റേജ് സംഗമത്തില്‍ നടത്തിയ ദ്രുതകവനം.

ഇന്നീ ഹൃദ്യസദസ്സിലെത്തിയൊരുനാളൊന്നിച്ചു ചേര്‍ന്നീടുവാന്‍
പിന്നീടൊത്തവിധത്തിലീ സ്മരണകള്‍ പുല്‍കാന്‍ രസിച്ചീടുവാന്‍
വന്നൂ ഞാ,നിതു ഭാഗ്യമായി നിനവില്‍ സൂക്ഷിക്കുമെന്നാളുമേ
നന്നായെന്നുടെ ഭാവുകങ്ങളരുളുന്നേവര്‍ക്കുമത്യാദരം

'വിന്റേജ് മെമ്മറി'യെന്നൊരീ സഭയിലായൊന്നിച്ചു കൂടീടുവാന്‍
പണ്ടത്തേ കഥ പാടിയാടി സരസം കൂടിക്കഴിഞ്ഞീടുവാന്‍
വേണ്ടുംവണ്ണമതിന്നു നേതൃഗുണമോടെല്ലാമൊരുക്കുന്നൊരീ-
നാരാണേട്ടനുമൊത്തുചേര്‍ന്ന സകലര്‍ക്കും നല്‍കിടാം മംഗളം.
(ശാര്‍ദ്ദൂലവിക്രീഡിതം)

ഈ സംഗമത്തില്‍ കിട്ടിയ സമ്മാനം  പീലിവിടര്‍ത്തിയ ഒരു മയിലിന്റെ ശില്പം.
അതിനുള്ള നന്ദി ഇങ്ങനെയെഴുതി.

സ്നേഹോപഹാരമിതുപോലെ ലഭിച്ചിടുമ്പോള്‍
ഹാഹാ! ഹൃദന്തമൊരു പൊ‌ന്‍മയിലായിടുന്നു
മോഹിച്ചുപോയി,യിനിയെന്നു മയൂരമായി
മോഹങ്ങള്‍ പീലിയണിയുന്നതു,കാത്തിരിക്കാം
(വസന്തതിലകം.)

ഓരാതോരോ നിമേഷം കനവിലഭിരമിച്ചന്നു കൂത്തിന്‍ സദസ്സില്‍
നേരായിട്ടാ മിഴാവില്‍ കരമൊരു മികവില്‍ കൊട്ടുവാന്‍ വൈകിയപ്പോള്‍
വീരന്‍ കുഞ്ചന്‍ പടുത്തോരഭിനയകലയാം തുള്ളലില്‍ തുള്ളിനില്‍പ്പൂ
നേരമ്പോക്കിന്റെ തുള്ളല്‍, ഹരഹരശിവനേ, തുള്ളിടുന്നെന്റെ ചിത്തം !
(സ്രഗ്ദ്ധര.)

“സ്വര്‍ഗ്ഗത്തില്‍നിന്നുകിട്ടുന്നൊരു പിടിമണലും കൊണ്ടൊരാള്‍ വന്നിടേണം“
ചൊല്ലുന്നൂ സാറിവണ്ണം, ശരിയതിനിവനീ മണ്ണുകൊണ്ട്വന്നു വെച്ചൂ
“എന്താണീ മണ്ണി“തെന്നാ ഗുരുവുരുവിടുമാ  നേരമീ ശിഷ്യനോതീ
“ മാ‍താവിന്‍കാല്‍ പതിഞ്ഞുള്ളൊരുപിടിമണലും സ്വര്‍ഗ്ഗജാതം, നമുക്കും”
( സ്രഗ്ദ്ധര )

(സമസ്യാപൂരണങ്ങള്‍)

മിടുക്കൊന്നുകാട്ടാന്‍,ഗമയ്ക്കൊന്നു നില്‍ക്കാന്‍
നിലയ്ക്കാത്ത താളത്തിലാഞ്ഞാഞ്ഞുറക്കേ
ഇടത്തും വലത്തും തിരിച്ചിട്ടു ചെണ്ട-
ത്തലയ്ക്കിട്ടു കൊട്ടുന്ന കൊട്ടെന്തു കഷ്ടം!

അലട്ടൊന്നുമില്ലാതെ,മന്ത്രിപ്പണിക്കായ്
വിളിച്ചീടുമെന്നോര്‍ത്തു നിന്നൂ രമേശന്‍
ഫലം നാസ്തി,പിന്നീടു വല്ലാതെ ചെന്നി-
ത്തലയ്ക്കിട്ടു കൊട്ടുന്ന കൊട്ടെന്തു കഷ്ടം!

(ഭുജംഗപ്രയാതം)
കൂടുന്നു മോഷണ,മശാന്തി,യതോടെ നിത്യം
കൂടുന്നു പീഡനപരമ്പര,യെന്തു കഷ്ടം
കൂടുന്ന ധാര്‍ഷ്ട്യമൊടു പാര്‍ട്ടികളും ഭരിപ്പൂ
നാടിന്നു ശാപമിവരാണിനിയെന്തു ചെയ്‌വൂ?
(വസന്തതിലകം)

അലമാലകളുയരും‌പടി ദുരിതം വരുമളവില്‍
ചിലരെത്തിടുമതു സല്‍ഫലമരുളില്ലതു ചതിയാം
കലികാലമിതറിയൂ,ചതി പതിയൊല്ലിനി,ദൃഢമായ്
നിലനില്പ്പിനു വഴിതേടുകയതുതാനിനി ശരണം.
(ശങ്കരചരിതം.)

ചേലായ് കൈലാസശൃംഗേ തകതിമിതകതോം താളമേളത്തിലൊന്നായ്
ചേലായ് ഭൂതങ്ങള്‍ വന്നിട്ടവികലനിറവില്‍ വാദ്യഘോഷം മുഴക്കേ
ചേലായ് മുക്കണ്ണനുള്ളില്‍ പ്രണയമവിരതം വായ്ക്കുവാന്‍ മട്ടില്‍ ഭംഗ്യാ
ചേലായ് നൃത്തം ചവിട്ടും നടവരദയിതേ ദേഹി മേ ദേഹസൌഖ്യം.
( സ്രഗ്ദ്ധര )

ചെല്ലുന്നെല്ലാരുമിന്നീ പനിയുടെ പിടിയില്‍പ്പെട്ടു നട്ടംതിരിഞ്ഞി-
ട്ടെല്ലും തോലും കണക്കായിതിനൊരു പരിഹാരം ജവം കാണവേണം
വല്ലാതാണാ ജനൌഘം മരുവതവരെയീക്ഷിക്കെ നൈരാശ്യമോടേ
ചൊല്ലുന്നെല്ലാരുമിന്നീ ഗതിയിതു തുടരില്‍ കഷ്ടമാം ശിഷ്ടജന്മം.

വല്ലാതേയാര്‍ത്തുപെയ്യും മഴയുടെ ഫലമായ് രോഗമെല്ലാം പടര്‍ന്നി-
ട്ടല്ലല്‍ കൂടും ജനത്തി ന്നഭയമരുളുവാ നില്ല വൈദ്യര്‍ വിദഗ്ദ്ധര്‍
ചൊല്ലാന്‍ മന്ത്രിക്കുമില്ലാ, രുജയിതു തടയാന്‍ മാര്‍ഗ്ഗമൊന്നും ശരിക്കും
ചൊല്ലുന്നെല്ലാരുമിന്നീ ഗതിയിതുതുടരില്‍ കഷ്ടമാം ശിഷ്ടജന്മം.
( സ്രഗ്ദ്ധര )

കവി ശ്രീലകം വര്‍മ്മയ്ക്കു ആശംസ.
സ്വന്തം ശ്ലോകങ്ങളോരോന്നഴകൊടു നിരയായ്കോര്‍ത്ത പുഷ്പങ്ങള്‍ പോലേ
ബന്ധിപ്പിച്ചീവിധത്തില്‍ നിറവൊടു ഹരമായ് ഹാരമായ് തീര്‍ത്തുവെയ്‌ക്കേ
എന്തേ ഞാന്‍ ചൊല്‍‌വു,”മുഗ്ദ്ധം മഹിതമഹിതമാം ‘ശ്ലോകഹാരം‘ ശരിക്കും
സ്പന്ദിപ്പിച്ചെന്റെയുള്ളം, കവനകുശലനാം ശ്രീലകം വര്‍മ്മ വെല്‍‌ക“ !
( സ്രഗ്ദ്ധര )

കവി ഷാജിക്കു ആശംസ.
ഹരം മതിഹരം കവനചാരുതയിണങ്ങുമൊരു വൃത്തമിതു ശംഭുനടനം
വരും നിരനിരയ്ക്കു ഗുണവര്‍ണ്ണമതിമോഹനതരത്തില്‍ വിരിയുന്നു രുചിരം
കരുക്കളതിവേഗതരമൊത്തുവരുമെന്നു മൊഴിയുന്നു കവി ഷാജിയിവിധം
പരാപരനിതിന്നു കരനൈപുണികൊടുത്തതിനു നന്ദിയുര ചെയ്ക നിരതം
( ശംഭുനടനം )
****************************************************

No comments:

Post a Comment