കുമാരനല്ലൂര്‍ കാത്ത്യായനീ സുപ്രഭാതം.
***********************************
(വൃത്തം:വസന്തതിലകം)
പാലാഴി തന്നിലമരും ഭഗവാന്റെ ഭാവം
ലീലാവിലാസമൊടു മായയതായ് പിറന്ന
ശ്രീ വിഷ്ണുമായയുടെ മോഹനമായ രൂപം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
പൊല്‍ത്താരിനോടു സമമായ മുഖാഭ,കൈയില്‍
എക്കാലവും വരദമാം തവ ശംഖു,ചക്രം
തൃക്കാല്‍ച്ചിലമ്പു,മണിമാലകളും ധരിച്ച
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
മെച്ചത്തിലുള്ള മണികാതില,മുത്തുമാല
തൃച്ചക്രമൊത്തു വരശംഖുമണിഞ്ഞു നിത്യം
സ്വച്ഛം വിളങ്ങി വിലസുന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
ദുഃഖാപഹേ, ദുരിതനാശിനിയായ് ജഗത്തില്‍
പ്രഖ്യാതമായ തവ വേഷവിശേഷമെല്ലാം
ഉദ്ഘോഷമായ വരദര്‍ശനമായി നല്‍കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
ഊനം വരാതെയുലകത്തിനു രക്ഷയേകി
ആനന്ദമായുണരുമാ മുഖപങ്കജത്തില്‍
നൂനം വിടര്‍ന്നു വിലസുന്നൊരു രമ്യഭാവം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
ദൈത്യര്‍ക്കു ഭീതിയുളവാക്കിടുമുഗ്രരൂപം
മര്‍ത്ത്യര്‍ക്കു ശാന്തിയരുളും ലളിതം സ്വരൂപം
ഭക്തര്‍ക്കു മുക്തിവരദം വരപുണ്യരൂപം
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
ജന്മങ്ങള്‍തോറുമിവനൊത്തൊരു പുണ്യമെല്ലാം
നിന്‍ മുന്നില്‍ വെച്ചു കഴല്‍ കൂപ്പി ഭജിച്ചുനില്‍ക്കാം
എന്‍ മാനസത്തിലഴിയാത്തൊരു ഭക്തിയെത്താന്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
അശ്രാന്തമായ ഭജനംവഴി നിന്റെ മുന്നില്‍
വിശ്രാന്തമായി നിലകൊണ്ടിടുമെന്റെയുള്ളില്‍
വിശ്രാന്തിയേകിയമരുന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
ഇന്നോളമുള്ള പടുപാപമൊഴിഞ്ഞുപോവാന്‍
നന്നായ നല്ലവഴി കാട്ടുവതിന്നു മുന്നില്‍
മിന്നായമായയൊളിതന്ന കുമാരനല്ലൂര്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
ദുര്‍ഗ്ഗങ്ങളായ ദുരിതങ്ങളടുത്തിടുമ്പോള്‍
മാര്‍ഗ്ഗം തെളിച്ചു തവഭക്തരെ രക്ഷ ചെയ്യും
ദുര്‍ഗ്ഗേ തെളിഞ്ഞു വിളയാടുകയെന്‍ മനസ്സില്‍
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
ഭോഷ്ക്കെന്നു ചൊല്ലി വരദര്‍ശനസൌഭഗത്തെ
മുഷ്ക്കോടെ തള്ളിയിരുളേറി വലഞ്ഞവര്‍ക്കും
നിഷ്ക്കാമമായി ദയയോടിരുള്‍ മാറ്റിടും ശ്രീ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
തൃക്കാര്‍ത്തികയ്ക്കു തിരുവുത്സവനാളില്‍ ഭക്തര്‍
ഉത്സാഹമായി തവ സേവ നടത്തിടുമ്പോള്‍
ത്വല്‍ സ്നേഹമൊക്കെയവരില്‍ കനിവോടെ നല്‍കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
ആഭീലമായ ഗതി വന്നണയുന്ന നാളില്‍
ആഭൂതിയാര്‍ന്ന മുഖപങ്കജദര്‍ശനത്താല്‍
ആഭോഗസൌഖ്യമുളവാക്കിയനുഗ്രഹിക്കും
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
ഉത്താപമൊക്കെയൊഴിവാക്കുവതിന്നു ഭക്തര്‍
ഉത്താളഭക്തിയൊടു നിന്നെ ഭജിച്ചിടുമ്പോള്‍
ഉള്‍ത്താരിലാത്തദയവോടെ കനിഞ്ഞിടും ശ്രീ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
മാലോകരിന്നു ദുരിതത്തിലുഴന്നിടുമ്പോള്‍
ആലംബമായിയണയാന്‍ തവ തൃപ്പദങ്ങള്‍
മാലൊക്കെമാറ്റിടുമനുഗ്രഹമേകുമമ്മേ
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
ദുഷ്ടര്‍ക്കു ദുര്‍ഗ്ഗതി വരുത്തി ജഗത്തിലുള്ള
ശിഷ്ടര്‍ക്കു രക്ഷയരുളുന്നൊരു വിഷ്ണുമായേ
കഷ്ടം വരാതെയടിയങ്ങളെ നീ തുണയ്ക്ക
കാത്ത്യായനീ ഭഗവതീ തവ സുപ്രഭാതം
ഹൃദ്യം വെളുപ്പിലണിയുന്നൊരു വാണിരൂപം
വിദ്യാവിശേഷഗുണമേകുമമോഘഭാവം
ഹൃത്തില്‍ തുടന്നുവിടരും ഭവമാം പ്രഭാവം
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം
നിത്യം പ്രഭാതസമയേ മലര്‍മങ്കയായീ
ഭക്തര്‍ക്കു മുന്നില്‍ വിലസുന്ന ഭവത്സ്വരൂപം
ചിത്തത്തിലൊത്തസുഖമേകുമതൊന്നു കാണ്മാന്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം
പന്തീരടിക്കു പരമേശ്വരിയായ് വിളങ്ങും
നിന്‍ ദീപ്തമായ ശുഭദര്‍ശനസൌഭഗത്താല്‍
സന്താപമൊക്കെയൊഴിവാക്കിയനുഗ്രഹിക്കും
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം
ഉച്ചയ്ക്കു ദുര്‍ഗ്ഗയുടെ വേഷവിശേഷമോടേ
മെച്ചത്തിലുള്ള നില നിര്‍വൃതിയേകിടുമ്പോള്‍
ഉച്ചത്തില്‍ നാമമുരുവിട്ടു തൊഴുന്നു ഭക്തര്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം
അത്താഴപൂജസമയേ വനദുര്‍ഗ്ഗയായി
ഭക്തര്‍ക്കഭീഷ്ടവരദായിനിയായ് വിളങ്ങി
ഉള്‍ത്താപഹാരിണിയുമായമരുന്ന മായേ
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം
സത്ത്വപ്രധാനഗുണഭാവമൊടേ ലസിക്കും
സിദ്ധിപ്രദായിനി,മൃഡാനി,വരം സ്വരൂപം
ബദ്ധാഞ്ജലീസഹിതമിന്നു നമിപ്പു ഭക്തര്‍
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം
ദിഷ്ടത്തിനൊത്തപടിയിക്ഷിതി തന്നില്‍ സര്‍വ്വം
സൃഷ്ടിച്ചു രക്ഷപുനരേകിടുമമ്മ നീയേ
സ്പഷ്ടം ധരയ്ക്കു പരമാശ്രയമായ മായേ
കാത്ത്യായനീ,ഭഗവതീ തവ സുപ്രഭാതം
*******************************
ഓണനാളുകളുടെ ദേവതാസങ്കല്പത്തില്‍ ഒരു ഏകവൃത്തശ്ലോകസദസ്സ്.
(വൃത്തം: വസന്തതിലകം)
*****************************
തീര്‍ക്കുന്നു ഞാനിവിധമൊത്തപദങ്ങളാലേ
ഓര്‍ക്കാന്‍ ദിനാധിപരെയാ ദശനാളിലായി
അത്തം തുടങ്ങി തിരുവോണമതാം വരേക്കും
ഭക്ത്യാ ഭജിക്ക ദിനനാഥരെ, വൃദ്ധിയുണ്ടാം
അത്തത്തിലോണമുണരുന്നിതിലാദ്യനാളില്‍
മെത്തും ഹൃദത്തിലുമുണര്‍ന്നിടുമാത്മമോദം
ചിത്തത്തിലത്യധികഭക്തിയൊടോര്‍ക്ക നമ്മള്‍
‘വിഘ്നേശ്വര‘ന്റെ വരപാദമപാരമാര്യം
ചിത്രത്തിലെത്തുമൊരു ചിത്തിരയെന്ന നാളില്‍
വൃത്തിക്കുതന്നെ ‘ശിവശക്തി‘യെയോര്‍ത്തിടേണം
മെച്ചത്തില്‍ രണ്ടു വലയങ്ങളിലായി പൂക്കള്‍
വെച്ചാലതില്‍ തെളിയുമുത്തമമായി ഭാഗ്യം
മോടിക്കു മൂന്നുവലയങ്ങളതിന്റെയുള്ളില്‍
ചോതിക്കിടേണമതിരമ്യസുമങ്ങള്‍ ഭംഗ്യാ
ആതങ്കമൊക്കെയൊഴിവാക്കിടുമാ‘ ത്രിനേത്രന്‍‘
ഭൂതേശ്വരന്റെ ദിനമാണതുമോര്‍ക്ക ഭക്ത്യാ.
അന്നാ വിശാഖമൊരു നാളുവരുന്നനാളില്‍
നന്നായി നാലുകളമങ്ങനെ തീര്‍ത്തിടേണം
അന്നോളമുള്ള ദുരിതങ്ങളൊഴിഞ്ഞിടാനായ്
‘ബ്രഹ്മാ‘വിനോടു വരമര്‍ത്ഥന ചെയ്തിടേണം.
അന്നെന്നു വന്നിതനിഴം മിഴിതന്നിലെല്ലാം
മിന്നുന്ന പൂക്കളമതില്‍ വലയങ്ങളഞ്ചും
അന്നോര്‍ത്തു ‘പഞ്ചശരദേവ‘നു പൂജയെല്ലാം
നന്നായ് നടത്തിടുക,ബന്ധുരബന്ധമുണ്ടാം
ആട്ടംകളഞ്ഞു വലയങ്ങളിലാറിലായി
കേട്ടയ്ക്കു പൂക്കളിടുകില്‍ വരുമാത്മഹര്‍ഷം
മുട്ടാതെ ഭാഗ്യവരമൊക്കെ ലഭിപ്പതിന്നായ്
മുട്ടീടു ‘ഷണ്മുഖ‘പദത്തില്‍,ഭവം ഭവിക്കും
മൂല്യങ്ങളായ സുമമൊക്കെ നിരത്തിവെച്ചു
മൂലംദിനത്തില്‍ വലയങ്ങളൊരേഴു തീര്‍ക്കാം
മൂല്യങ്ങള്‍ നമ്മിലുരുവാക്കിയ യോഗ്യനാകു-
മാരാദ്ധ്യനായ ‘ഗുരുനാഥനു‘ പൂജ ചെയ്യാം
മാറാത്ത ‘ദിക്കുകളിലെട്ടുമതിന്റെ നാഥര്‍‘
പൂരാടനാളിലൊരു പൂജയവര്‍ക്കു നല്‍കാന്‍
നേരായിയെട്ടുവലയങ്ങളിലുള്ളില്‍ രമ്യം
താരൊക്കെ വെച്ചിടുക,ഭാഗ്യമതാം ഫലം കേള്‍
നേത്രത്തിനേറ്റമനുഭൂതി സുമങ്ങള്‍ നല്‍കാന്‍
ഉത്രാടനാളില്‍ വലയങ്ങളുമൊമ്പതാകും
‘വൃത്രാരി‘യാണു ദിനനാഥനവന്റെ നാമം
ചിത്തത്തിലോര്‍ക്കിലതു നന്മ നമുക്കു നല്‍കും
വൃത്തിക്കുതന്നെ തിരുവോണദിനത്തിലന്നു
വൃത്തത്തില്‍ വെച്ചിടുക പത്തുകളങ്ങള്‍ ഭംഗ്യാ
‘തൃക്കാക്കരേശ‘ വരബിംബമതിന്റെ മദ്ധ്യേ
വെയ്ക്കേണമോര്‍ക്ക,ഭഗവാന്‍ തരുമാത്മസൌഖ്യം
തൃക്കാക്കരേശ,ഭഗവാനെ ജഗത്തിലെങ്ങും
വായ്ക്കട്ടെ ശാന്തി,യഭിവൃദ്ധിയഭൂതപൂര്‍വ്വം
എക്കാലവും മനുജരുദ്ഗതി നേടിടേണം
തൃക്കാല്‍ക്കലെന്നുമതിനായി നമിച്ചിടുന്നേന്‍.
(ക്രിസ്റ്റീനാ റോസെറ്റിയുടെ ഒരു ഇംഗ്ലീഷ് കവിതയുടെ തര്ജ്ജനമ.)
What are heavy? Sea-sand and sorrow:
What are brief? To-day and to-morrow:
What are frail? Spring blossoms and youth:
What are deep? The ocean and truth.
ഏതിന്നാണതിഭാര,മീ കടലിലേ പൂഴിക്കുമൊപ്പം വ്യഥ-
യ്ക്കേതാണങ്ങതിഹൃസ്വ,മീ ദിവസവും വന്നെത്തിടും നാളെയും
ഏതാണങ്ങതിഭംഗുരം,യുവതയും വാസന്തപുഷ്പങ്ങളും
ഏതാണേറ്റമഗാധ,മീയുദധിയും ചൊല്ലേറിടും സത്യവും.
(ശാര്‍ദ്ദൂലവിക്രീഡിതം)
അമ്പേ! പൂക്കളിലുള്ള വര്‍ണ്ണമികവീ മുറ്റത്തു വൃത്തത്തിലായ്
ഇമ്പത്തില്‍ ഭൃതഭംഗിയോടഭിരതാല്‍ തീര്‍ത്തീടിലാര്‍ത്താടിടാം
തമ്പ്രാന്‍ മാബലി വന്നിതൊന്നു കണിയായ് കാണും ക്ഷണം ഹൃത്തടം
തുമ്പം വിട്ടു വിടര്‍ന്നിടും,ക്ഷമയില്‍ നാം തീര്‍ക്കേണമീ പൂക്കളം.
(ശാര്‍ദ്ദൂലവിക്രീഡിതം)
ആശിസ്സേകണമെന്നൊരാഗ്രഹമവന്‍ നിന്നോടു ചൊല്ലീടവേ
ആശിസ്സേ,യതിനര്‍ത്ഥമൊക്കെയറിയില്ലെന്നും പറഞ്ഞില്ല നീ
ആശിസ്സാലവനേകി നീ കടിയതിന്നാലേ വലഞ്ഞിന്നവന്‍
ആശിസ്സേറി മരിച്ചുപോമതിനു നിന്‍ മണ്ടത്തമാം കാരണം.
(ശാര്‍ദ്ദൂലവിക്രീഡിതം)
( ആശിസ്സ് = അനുഗ്രഹം,പാമ്പു്,വിഷപ്പല്ല് ,വിഷം )
എന്തേ മര്‍ത്ത്യരുദഗ്രമായി ഗിരി പൊട്ടിപ്പൂ,നിരത്തീട്ടു,പി-
ന്നെന്തേ കാടിനു തീയിടുന്നവഴിയും പീഡിപ്പിതീ ഭൂമിയേ
പൊന്തും സ്വാര്‍ത്ഥതകൊണ്ടു വേണ്ട ധനമാര്‍ജ്ജിക്കാന്‍ നരര്‍ ലക്ഷ്മിയേ
നന്ദിപ്പിപ്പതിനീ സപത്നിയെ സദാ ദ്രോഹിപ്പിതെന്നോര്‍പ്പു ഞാന്‍.
(സപത്നി=ഭര്‍ത്താവിന്റെ മറ്റൊരു ഭാര്യ)
(ശാര്‍ദ്ദൂലവിക്രീഡിതം)
എല്ലാവര്‍ക്കും ശ്രമിക്കാമിവിടൊരു നിയമം ശക്തമായ് വന്നിടേണം
കൊല്ലുന്നോര്‍ക്കൊപ്പമായിട്ടവരെയുടനിതില്‍നിന്നു രക്ഷിപ്പവര്‍ക്കും
തല്ലും കല്ലേറുമന്ത്യംപിണയുമതുവരേ തൂക്കിയന്ത്യം വരുത്താന്‍
അല്ലേ നാം നോക്കിടേണ്ടൂ, ശരിയിതുവഴിതാന്‍ രക്ഷയാം ദുര്‍ബ്ബലര്‍ക്കും.
(ശാര്‍ദ്ദൂലവിക്രീഡിതം)
ഒത്താലൊത്തതുപോലെ മുഗ്ദ്ധകവിതാസത്തായ മുത്തൊക്കെയും
മൊത്തം കൊത്തിയെടുത്തെടുത്തു തരുമാ തത്തമ്മയോടൊത്തു നീ
മെത്തും പത്തരമാറ്റിലുള്ള മഹിതം വൃത്തത്തിലായ് തീര്‍ത്തൊരാ
മുത്താമുത്തമമുക്തകത്തിലുളവാം തത്ത്വത്തിലാര്‍ത്തെന്‍ മനം!
(ശാര്‍ദ്ദൂലവിക്രീഡിതം)
ഓണക്കോടിയുടുത്തു വന്ന മുകിലേ, നീയൊന്നു തന്നീടുമോ
നാണംകൊണ്ടു തുടുത്ത പെണ്ണിനഴകായ് ചാര്‍ത്തീടുവാന്‍ കുങ്കുമം
വേണം വെണ്മയിയന്ന പൂക്കളവളേ ചൂടിക്കുവാനാരെ ഞാന്‍
കാണേണം, നറുമുല്ലയോ തുളസിയോ നല്‍കീടുമോ പൂംകതിര്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)
ഉള്ളിന്നുള്ളിലെയാഗ്രഹങ്ങള്‍ പലതും തുള്ളിക്കളിച്ചങ്ങനേ
തള്ളിക്കേറിവരുന്നതുണ്ടവയിലെന്റുള്ളം തുടിക്കുന്നിതാ
കള്ളം ചൊല്ലുകയല്ലവയ്ക്കു നിറവേറാനീവിധം ശ്ലോകമായ്
ഉള്ളംവിട്ടു നിരത്തിടുന്നു, വിളയാടീടട്ടെ,യീ വേദിയില്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)
ഏറെക്കാലമിതേപടിക്കു സുഖദാമ്പത്യം വിടര്‍ന്നങ്ങനേ
പാറും രാഗലയത്തൊടൊത്തു ശുഭമായ്, സൌഭാഗ്യസമ്പൂര്‍ണ്ണമായ്
മാറാതീശ്വരഭക്തിചേര്‍ന്ന നിറവോടൈശ്വര്യ‘കേദാര‘മായ്
ശ്രീറാം,ബേബിയുഗം തുടര്‍ന്നുമനു‘രാഗ‘ത്തേ വളര്‍ത്തട്ടെ മേല്‍.
(ശാര്‍ദ്ദൂലവിക്രീഡിതം)
ഖദ്യോതങ്ങളിടയ്ക്കിടയ്ക്കു തെളിയും രാവില്‍,മുകില്‍മാലമേല്‍
ഉദ്യോതത്തില്‍ വിളങ്ങിടുന്നു വിധുവും താരങ്ങളും സുസ്മിതം
ആ ദ്യോവില്‍ മിഴിനീട്ടിനില്‍ക്കെ,യിവനിന്നേറ്റം പ്രിയര്‍ക്കായിതാ
ഹൃദ്യം സ്നേഹസുമങ്ങളോണനിറവായ് ചാര്‍ത്തുന്നിതാശംസയായ്
(ശാര്‍ദ്ദൂലവിക്രീഡിതം)
ഖേദം വേണ്ടിനി ‘ഖാ’ യിലുള്ളകവിതാഖണ്ഡങ്ങളഞ്ചാറു ഞാന്‍
ആദ്യം തന്നെ രചിച്ചിടാം സഭകളില്‍ സുല്ലെന്യെ ചൊല്ലീടുവാന്‍
ഭേദപ്പെട്ട സുമങ്ങള്‍ ചേര്‍ത്ത മലര്‍മാല്യങ്ങള്‍ കണക്കൊക്കെയും
മോദത്തോടവ ചാര്‍ത്തിടാം കവികളേ നിങ്ങള്‍ക്കു മാലെന്നിയേ .
(ശാര്‍ദ്ദൂലവിക്രീഡിതം)
ചന്തം ചേര്‍ന്നു തെളിഞ്ഞുനില്‍പ്പു മതിബിംബം ഹാ! വിയത്തില്‍ സ്മിതം
ചിന്തും പോലെയതീവ രമ്യമരികേ മിന്നുന്നു താരങ്ങളും
സൌന്ദര്യത്തെളിവിത്രചേര്‍ത്തു ശുഭമായാകാശ മുറ്റത്തു മൂ-
വന്തിക്കീവിധമാരു തീര്‍ത്തു ചിതമായോണക്കളം,വിസ്മയം!
(ശാര്‍ദ്ദൂലവിക്രീഡിതം)
പല്ലില്ലാത്തൊരു മോണകാട്ടി,ചിരി തൂകീടുന്നൊരാളിന്‍ പടം
ചില്ലിട്ടെന്നുടെ വീട്ടിലേ ചുമരിലായ് തൂങ്ങുന്നു,കാണുന്നു ഞാന്‍
ഉല്ലാസത്തൊടു ഭാരതീയരെയൊരേ ലക്ഷ്യത്തിലേക്കാനയി-
ച്ചല്ലോ നേടി നമുക്കു തന്നു മഹിതം സ്വാതന്ത്ര്യമീ വാര്‍ദ്ധകന്‍
(ശാര്‍ദ്ദൂലവിക്രീഡിതം)
മാറില്ലെന്നു നിനച്ചു നില്‍ക്കെ ശുഭമാം മാറങ്ങു കാണുന്നു ഹാ!
മാറില്‍ച്ചേര്‍ന്നു വിളങ്ങിടുന്ന മറുകാം ശ്രീവത്സവും കാണ്മു ഞാന്‍
മാറാതേ വരശോഭയാര്‍ന്ന വദനം കണ്ടിങ്ങു നില്‍ക്കുന്നന്നവാര്‍
മാറുന്നെന്റെ മനസ്സിലുള്ള തുയരം സമ്പൂര്‍ണ്ണമായ്, ശ്രീപതേ!
(ശാര്‍ദ്ദൂലവിക്രീഡിതം)
മിന്നാമിന്നികള്‍ മിന്നിടുന്നയിരുളില്‍ മേലേ മുകില്‍മാലയില്‍
ചിന്നിച്ചിന്നി വിളങ്ങിടുന്നു വിധുവും താരങ്ങളും സുസ്മിതം
മുന്നില്‍ മിന്നിവിടര്‍ന്നൊരീ കവിതയാലേറ്റം പ്രിയര്‍ക്കായിവന്‍
പൊന്നായ് സ്നേഹസുമങ്ങളോണനിറവായ് ചാര്‍ത്തുന്നിതാശംസയായ്.
(ശാര്‍ദ്ദൂലവിക്രീഡിതം)
മെത്തും സത്ത്വഗുണങ്ങള്‍ ചേര്‍ന്നു പലരന്നൊന്നിച്ചു കൂടീടവേ
ചെത്താനാശ പെരുത്തുവന്നൊരുവനോ നന്നായ് ‘മിനുങ്ങീ‘ട്ടുടന്‍
“പൊത്തോ”യെന്നു നിലത്തുവീണു,സഭയില്‍ കോമാളിവേഷത്തില-
ങ്ങത്യന്തം ജയഭാവമോടെ വിലസീ, വിമ്മിട്ടരായ് കൂട്ടുകാര്‍!
(ശാര്‍ദ്ദൂലവിക്രീഡിതം)
വന്നെത്തീ നവവത്സരം ചിരിയൊടേ മര്‍ത്ത്യര്‍ക്കുണര്‍വായി ഹാ!
വന്നെത്തീ പുതുപൂക്കളും സ്മിതമൊടേയോണക്കളം പൂകുവാന്‍
വന്നെത്തീ മലനാട്ടിലുത്സവരവാഘോഷം തുടുപ്പാര്‍ന്നിതാ
വന്നെത്തീ നവവര്‍ഷഹര്‍ഷമതില്‍ നീ മത്താടുകെന്‍ ചിത്തമേ.
(ശാര്‍ദ്ദൂലവിക്രീഡിതം)
വന്നെത്തീ പുതുവത്സരം ചിരിയുമായ്, ചിങ്ങം പിറക്കുന്നു ഹാ!
മുന്നില്‍വന്നു നിരന്നു പൂക്കള്‍ നിരയായോണക്കളം തീര്‍ക്കുവാന്‍
മിന്നും സൌഭഗപൂരമാരി നിരതം മന്നില്‍ ചൊരിഞ്ഞീടുവാന്‍
നന്നായിന്നിവനോതിടുന്നു ശുഭമാമാശംസകള്‍ ഹൃദ്യമായ്.
(ശാര്‍ദ്ദൂലവിക്രീഡിതം)
ശ്രേഷ്ഠം വിഷ്ടപരക്ഷികേ,സകലസൃഷ്ടിക്കും വരിഷ്ഠം ഭവം
സ്പഷ്ടം സൃഷ്ടമതാക്കുമിഷ്ടവരദേ, ദുഷ്ടാപഹേ,ക്ഷോണിയില്‍
കഷ്ടപ്പാടുകള്‍ നഷ്ടമാക്കി വരമായ് ഭക്തര്‍ക്കഭീഷ്ടങ്ങളാം
അഷ്ടൈശ്വര്യസമഷ്ടി വൃഷ്ടിയുതിരും മട്ടില്‍ പൊഴിച്ചീടണം.
(ശാര്‍ദ്ദൂലവിക്രീഡിതം)
{വിഷ്ടപം=ലോകം,ഭവം=ഐശ്വര്യം
സൃഷ്ടം=സൃഷ്ടിക്കപ്പെട്ട,തീര്‍ച്ചയാക്കപ്പെട്ട
ദുഷ്ടാപഹ=ദുഷ്ടരെ നശിപ്പിക്കുന്നവള്‍
സമഷ്ടി=കൂട്ടം,വൃഷ്ടി=മഴ}
ദേവദാസിനു ആശംസ.
തോരാതേ മഴപെയ്തിടുന്ന സുഖമാ ശ്ലോകങ്ങളാല്‍ തൂകി വ-
ന്നോരോരോ നിമിഷങ്ങള്‍ നാകസുഖമായ് മാറ്റുന്ന വിദ്വാനൊരാള്‍
ആരോടും പകയില്ല,സൌഹൃദമതും മാധുര്യമോടേ പൊഴി-
ച്ചാരാണെത്തുവതീ സഭയ്ക്കു ശുഭനായ്? “ദേവന്‍, മഹാശ്ലോകി,താന്‍ “.
(ശാര്‍ദ്ദൂലവിക്രീഡിതം)
‘ഭക്തപ്രിയ‘മാസികയിലെ സമസ്യാപൂരണം.
ദിഷ്ടക്കേടു പെരുക്കവേ ഗുരുമരുദ്ദേശത്തു നിന്മുന്നിലായ്
സ്പഷ്ടം നിന്‍ വരദര്‍ശനത്തില്‍ ദുരിതം തീര്‍ക്കാനിതാ നില്‍പ്പു ഞാന്‍
തുഷ്ട്യാ നിന്മുഖകാന്തിയും തനുവതില്‍ ശോഭിച്ചിടും മോടിയാം
പട്ടും പീലിയുമുല്ലസന്മുരളിയും കാണുന്നതെന്നാണു ഞാന്‍.
( ശാര്‍ദ്ദൂലവിക്രീഡിതം)
എന്തേ സന്തോഷമില്ലേ, ഒരുതിരി തെളിയിച്ചീടുവാന്‍ ശ്രീലകത്തി-
ന്നെന്തേ വന്നെത്തിയില്ലാ, കവികളുമിവിടിന്നെന്തെ മൌനം ഭജിപ്പൂ ?
സ്വന്തം ശ്ലോകം തെളിച്ചിട്ടിരുളിതിലൊളിചേര്‍ത്തീ സമസ്യയ്ക്കൊരന്ത്യം
ചന്തത്തില്‍ തീര്‍ത്തിടേണം, നിറവൊടു തെളിയട്ടേ കലാമണ്ഡപം ഹാ!
(സ്രഗ്ദ്ധര)
നിര്‍മ്മായം ശ്ലോകമെല്ലാം സതതമൊരുനിരയ്ക്കൊക്കെ ചേലില്‍ നിരത്തി
സമ്മോദം ഞാനിരിക്കേ, സതതമൊരുവളാ ശ്ലോകമിങ്ങെത്തി,ചൊല്ലി
“ഇമ്മട്ടില്‍ വിട്ടിടാതേ സതതമിനിയുമെന്‍ മേനിയേ പുല്‍കിയെന്നാല്‍
വിമ്മിട്ടം തന്നെയാകും, സതതമിനിയിവള്‍ വന്നിടില്ലെന്നുമോര്‍ക്കൂ “
(സ്രഗ്ദ്ധര)
Pinnacle Casino | Review & Rating by DFS Players | CINCASINO
ReplyDeleteThe Pinnacle Casino is 메리트카지노 a fun casino with a lot of fun. From 바카라 slots to 온카지노 video poker and to roulette, you will feel like you are in the right place.