Thursday, September 2, 2021

ശ്ലോകമാധുരി.62

ഹൈന്ദവദേവതാസങ്കല്പങ്ങൾ.
=======================
ഹിന്ദുത്വത്തിലനേകദേവഗണമിന്നുണ്ടെന്നു ഘോഷിപ്പവർ
ചിന്തിച്ചീടുകയൊക്കെയും പലവിധം സാക്ഷാൽ പ്രതീകങ്ങളാം
മന്ദന്മാരുടെ ബുദ്ധിതന്നിലവയേ വ്യത്യസ്തമായ്ത്തോന്നുകിൽ
നിന്ദ്യംതന്നെ, മനസ്സിലാക്കു വിശദം ചൊല്ലാം നിദാനം വരം!

ബ്രഹ്മാവു് /സരസ്വതി
---------------------------------
ബ്രഹ്മത്തിൻ പൊരുളൂർജ്ജമെന്നു പറയുന്നീ വേദമെല്ലാമെതും
നിർമ്മിക്കുന്നതിനായി വേണ്ടതതുതാനോർക്കേണമെല്ലാവരും
നിർമ്മിച്ചാൽ വിശദീകരിച്ചുതരുവാൻ നാലാണു മാനങ്ങള-
മ്മാറാം നീളമതൊത്തുവീതിയുയരം, നാലാമതായ് കാലവും.

ബ്രഹ്മാവിന്നു ശിരസ്സുനാലവകളീ മാനങ്ങളാണോർക്കണം
നിർമ്മാണത്തിനു യുക്തമായൊരറിവും വൈദഗ്ദ്ധ്യവും ചേരണം
അമ്മാറുള്ളൊരു ദേവി വാണിയവനിൽ ചേരുന്നു പത്നീപദേ
നിർമ്മായം ചതുരാനനൻ വിധിമതം ചെയ്യുന്നു സംസൃഷ്ടികൾ.

ശ്രീപർണ്ണം നിജ ചിത്തുതന്റെയടയാളം, ബ്രഹ്മനും വാണിയും
ശ്രീപർണ്ണാസനരാണവർ, മഹിതമായ് വാഴുന്നൂ ചിത്തിൽ സദാ
അന്നം വാഹനമാണവർക്കു, ജലവും പാലും തിരിക്കുംവിധം
നന്നാം നല്ല വിവേകസൂചനയതു സംസൃഷ്ടിക്കു മാറ്റേറ്റിടും.

സ്വച്ഛം കച്ഛപിയോടെ ശുഭ്രവസനം ചാർത്തുന്നവൾ വാണിയും
മെച്ചപ്പെട്ട കവിത്വവും കലകളും നൈപുണ്യവും നൽകുവോൾ
ഉച്ചം ശുഭ്രതയോടെതാനിവകളിൽ നൽകുന്ന നൈർമ്മല്യമാ-
ണുച്ചത്തിൽ വരഭൂഷകൾ പ്രകടമായ് ദ്യോതിപ്പതോർത്തീടണം.
....................................................................................................

വിഷ്ണു /ലക്ഷ്മീദേവി
----------------------------
വിശ്വംതന്നിലുദഗ്രമായഗതിയിൽ വ്യാപിച്ചവൻ ‘വിഷ്ണു‘വാം,
നാശാതീതനവൻ, പ്രപഞ്ചഗതിയെക്കാക്കുന്ന സർവ്വേശ്വരൻ
ആശ്വാസപ്രദനായനന്തശയനീയത്തിൽ സദാ മേവിടും
വിശ്വാധാരകനായിടും ഹരിവരൻ, പാലാഴിവാസൻ, പരൻ!

എന്താവാം ഫണിതന്നിലായി ശയനം കൊള്ളുന്നതെന്നോർക്കിലോ
ചിന്തിച്ചീടണമീ പ്രപഞ്ചമൊരു സർപ്പത്തിൻ ചുരുൾപോലെതാൻ
എന്നാലോ ഭുവിയിന്നു ക്ഷീരപഥമൊന്നിൽ ബിന്ദുപോൽ സംസ്ഥിതം
ചൊന്നാലാ പഥമൊന്നുതാൻ പുകഴെഴും പാലാഴിയായോർക്ക നാം

സാക്ഷാൽ വിഷ്ണു ശയിപ്പതാ ചുരുളുതൻ മേലേ വിശാലം സദാ,
ക്ഷീരം ശുദ്ധി ,സമൃദ്ധി,ശാന്തിയിവതൻ ലക്ഷ്യാർത്ഥസങ്കേതവും
സർപ്പത്തിൻ ഫണമഞ്ചുതാനവകളാണാ പഞ്ചഭൂതങ്ങളും
തീർപ്പോടേ പറയുന്നു സൃഷ്ടിയവയാലുണ്ടായ് പ്രപഞ്ചത്തിനും.

ശംഖം കൈയതിലേന്തിയിട്ടു നിറവോടൂതുന്നു തത്ത്വങ്ങളും
പദ്മം ഹൃത്തിലുണർന്നിടേണ്ട വരമാം സാരൂപ്യസംശുദ്ധിയും
ചക്രംതന്നെ സുദർശനം നലമെഴും കാലത്തിനായ് പാലനം,
ശിക്ഷാർത്ഥം കരതാരിലുള്ള ഗദയാൽ കൗമോദകീമർദ്ദനം.

നീലാഭാഞ്ചിതഗാത്രമാണു ഹരിതൻ വ്യാപ്തിക്കതും ദർശനം
പീതം വസ്ത്രമുടുത്തതായ ഗണനം സംരക്ഷണക്ഷേമദം
താർക്ഷ്യൻ വാഹനമാണതിന്റെ ചിറകായ് വിജ്ഞാനവും പ്രജ്ഞയും
സംരക്ഷിപ്പതിനൊത്ത സൂത്രമവയുൾക്കൊള്ളുന്നു കൃഷ്ണായനം!

ലക്ഷ്മീദേവി ധനത്തിനാണധിപ, സംരക്ഷയ്ക്കു വേണ്ടുംവിധം
ലക്ഷ്യത്തോടെ സ്ഥിതിക്കുവേണ്ട വകയും നൽകും ഹരിക്കായവൾ
ലക്ഷ്മിക്കുള്ളൊരു വാഹനം മുരടനാം ഘൂകം, ദിവാന്ധൻ സ്വയം ,
സൂക്ഷ്മം ഡംഭധികത്തിലാവുമെവനും വിത്തം പെരുത്തീടുകിൽ

വാണീദേവിയിരിപ്പു ശ്വേതനിറമാർന്നുള്ളോരു പദ്മത്തിലായ്
വാണീടും സ്ഥിരമായി വിദ്യ ഹൃദയേ,യില്ലില്ല തെല്ലും ക്ഷയം ,  
പക്ഷേ ലക്ഷ്മിയിരിക്കയില്ല, ധനമൂർത്തീടുന്നു  ചെന്താമര-
പ്പൂവിൽത്തന്നെയിതോർക്ക ശോണിമയഹങ്കാരത്തിനും സൂചകം.
=======================================
ഘൂകം = മൂങ്ങ.(പകൽ കണ്ണു കാണില്ലാ. ധനം പെരുകുമ്പോൾ
അഹങ്കാരംകൊണ്ടു ആലങ്കാരികമായി
കണ്ണുകാണാത്ത അവസ്ഥയുടെ പ്രതീകം).

.....................................................................................................

ശിവൻ/പാർവ്വതി.
-----------------------
സൃഷ്ടിക്കുള്ളതു ബ്രഹ്മനാണു,സ്ഥിതി സംരക്ഷിപ്പതോ വിഷ്ണുവും
സ്പഷ്ടം സൃഷ്ടിയുടന്ത്യമന്തികെയടുക്കുമ്പോള്‍ പരൻ ശ്രീഹരന്‍
നീഹാരാദ്രിസുതാസമേതമതിനായ് വാഴുന്നു ജാഗ്രം സദാ  
സംഹാരത്തിനു സൂത്രമത്രയുമവന്‍ പേറുന്നു തന്‍ഭൂഷയായ് !

ആലോചിക്കുക, മൃത്യുവെത്തുവതിനായൊത്തുള്ള മാർഗ്ഗങ്ങളില്‍
കാലം കൊള്ളുവതീവിധം കഠിനമാം സൂത്രങ്ങൾമാത്രം ദൃഢം
ഒന്നാണഗ്നി പെരുത്തുപോകിലതു ജീവാപായമുണ്ടാക്കിടും
നന്നായ്ക്കാണുക രുദ്രനഗ്നിയൊളിയാം നേത്രം ലലാടത്തിലായ്

രണ്ടാംമാർഗ്ഗമതാണു തോയമതിശക്തംവന്നു വീണീടുകില്‍
വേണ്ടാ സംശയമിണ്ടലേറിയതിനാലുണ്ടായിടുന്നന്ത്യവും
നേരേ കാണുക ഗംഗയാ നെറുകയില്‍ നാരീസ്വരൂപത്തിലായ്
ചേരുന്നുണ്ടണിഭൂഷയായി ഹരനും ഭേഷായി ഭേസുന്നതും!

മൂന്നാം സൂത്രമതായുധം മരണമുണ്ടാവാനതിന്‍  ശക്തിയാല്‍
നന്നായുള്ള പ്രയോഗമൊന്നു മതിയാം,കാണാമതും കൈയിലായ്
പേരേറുന്ന പിനാകമോടതിഘമായ് ശൂലം,പിനാകിക്കു വന്‍-
പോരാടാന്‍ ,ഹരണത്തിനും പ്രബലമായ് കാണേണമെന്നാളുമേ
 
ആര്‍ക്കും മൃത്യു ഭവിച്ചിടും പ്രകൃതിയില്‍ ക്ഷോഭിക്കിലോ മാരുതന്‍
തീര്‍ക്കും മാരണവൈഭവങ്ങളൊരുനാള്‍ പ്രത്യക്ഷമായ്, ക്ഷിപ്രമായ്
ഓര്‍ക്കാം ശ്രീശിവരൂപമൊന്നിൽ വടിവില്‍ കോടീരരൂപത്തിലായ്
ചീര്‍ക്കും മാരുതനാണു സൗമ്യനിലയില്‍ വാഴുന്നതെന്നോർക്ക നാം

രോഗത്തിന്റെ പ്രതീകമാണുരഗമായഞ്ചാമതായ്, പഞ്ചതാ-
യോഗം വന്നു ഭവിക്കുകില്‍ മരണമുണ്ടാക്കീടുമെന്നോര്‍ക്കുകില്‍
ഗംഗാധാരി ഗളത്തിലും തനുവിലും ശ്രീഭൂഷയാക്കുന്നൊരാ
നാഗങ്ങൾക്കു വിശേഷഭാവമിതുതാന്‍ ചൊല്ലാമതെന്തത്ഭുതം!

നാശംവന്നു ഭവിക്കുവാനതിനുവേണ്ടും സൂത്രമോരോന്നിലും
ക്ലേശംവിട്ടൊരു ശക്തിതന്നെ വരണം ശ്രീശക്തിതാന്‍ പാര്‍വ്വതി
കൗശല്യത്തൊടു പത്നിയായി ശിവനായേകുന്നു തന്‍ വൃത്തിയായ്,
ദര്‍ശിച്ചീടുക സിംഹവാഹനമതും ശക്തിക്കതൂര്‍ജ്ജം വരം!
===============================================
തോയം=വെള്ളം
അതിഘം = ആയുധം
കോടീരം = ജട.
പഞ്ചത = മരണം.
{സർപ്പം രോഗപ്രതീകമായതിനാൽ I.M.A യുടെ ചിഹ്നത്തിൽ
സർപ്പത്തിന്റെ രൂപമുണ്ടു്. ഡോക്റ്റർമാർ മരുന്നുകുറിക്കുന്നതിനുമുമ്പെഴുതുന്ന
ചിഹ്നവും (Rന്റെ ഒരു കാലിലെ വെട്ടു്) സർപ്പത്തിന്റെ പ്രതീകമാണു്.}

......................................................................................................
വാഗ്വാദത്രിമധുരം.
********************
"കുന്നോളം കളിയുണ്ടതിന്റെ പുറമേ കുന്നും പിടിച്ചവ്വിധം
കുന്നിക്കും കുതുകത്തൊടൊറ്റനിലയായ് നിന്നില്ലെ,നിന്‍ മാധവന്‍?"
“കുന്നിന്‍മോളിതു ചൊല്ലണം! പതിയൊരാള്‍ക്കുണ്ടാകില്‍ നീചന്‍ പിതാ,
കുന്നോളം വളരുന്നു ഡംഭു” രമയും ചൊല്ലുന്നു, ശൈലാത്മജേ!"

"വമ്പെന്തിന്നു നിനക്കു, നിന്റെ പതിയെന്‍ കാന്തന്റെ വില്ലില്‍ക്കുല-
ച്ചമ്പായന്നൊരു നാളിലാളിയതു നീ ചിന്തിക്കണം, മാധവീ!"
"അമ്പോ! പണ്ടൊരു പാച്ചിലമ്പിനു സമം ഭസ്മാസുരപ്പേടിയില്‍,
വമ്പല്ലാ,ഹരിയേകി രക്ഷ കണവന്നോര്‍ക്കുന്നുവോ നീ, ശിവേ ?"

"രണ്ടാംഭാര്യ കിടപ്പുതാനചലയായ് സര്‍വ്വം സഹിച്ചെങ്കിലി-
ന്നുണ്ടോ കുണ്ഠിതമിറ്റുപോലുമതിലൊന്നില്ലില്ല കില്ലില്ലതില്‍."
"പണ്ടാ നിമ്‌നഗ ചാടിയന്നചലതന്‍ മേലേക്കു മേലോര്‍ക്ക നീ
മണ്ടിക്കോളു“ വഴക്കിടുന്നു ശിവയും ശ്രീദേവിയും,കല്പിതം!."
(ശാർദ്ദൂലവിക്രീഡിതം )

ത്രിമധുരത്തിലെ പരിഹാസങ്ങൾ.
************************************
1.
ശിവ :
വളരെയധികം കളികൾ കളിക്കുന്ന കൃഷ്ണൻ കുന്നുപൊക്കിപ്പിടിച്ചു് ഒറ്റനിൽപ്പു നിന്നതു് തന്റെ കഴിവു കൂട്ടുകാരെ കാണിച്ചു് ആളാകാനല്ലേ?.പേരെടുക്കാൻ ഉത്സാഹത്തോടെ ഇത്രയും വിവരക്കേടു കാണിക്കുന്നവനല്ലേ നിന്റെ ഭർത്താവു്?

( ദേവേന്ദ്രൻ ഒന്നു നേരിട്ടപ്പോൾ നിന്റെ ഭർത്താവു്, ‘ഈ ഗതികേടു് എപ്പോൾ തീരു‘മെന്ന ജിജ്ഞാസയോടെ കുന്നുംപിടിച്ചു നിൽക്കേണ്ടിവന്നില്ലേ, കഷ്ടം! . അതിനു ദേവേന്ദ്രനുപോലും സാധിച്ചില്ലേ?)
അവനാണു ‘മാ ധവൻ. ( ലക്ഷ്മിയുടെ അതായതു നിന്റെ  ഭർത്താവു്) എന്ന പര്യായത്തിലൂടെ അറിയപ്പെടുന്നവൻ.
( കുതുകം = ഉത്സാഹം,ജിജ്ഞാസ )

ശ്രീദേവി : (കുന്നു് എന്ന വാക്ക് കാര്യമായി എടുത്തുള്ള മറുപടി.)
കുന്നെടുത്തതാണോ നിനക്കു അപമാനവും കഷ്ടവുമായിത്തോന്നുന്നതു്. നീ കുന്നിന്റെ മകളല്ലേ? എന്നിട്ടും ഈശ്വരതുല്യനായവൻ നിന്റെ അച്ഛനെ ഉയർത്തിയതു നിനക്കിഷ്ടപ്പെട്ടില്ലാ, അല്ലേ? ഭർത്താവിനെ കിട്ടിയപ്പോൾ നിന്റെ ഭാവം മാറി. അച്ഛൻ നിനക്കു നീചൻ ( താഴ്ന്നനിലയിലുള്ളവൻ) ആയി, അല്ലേ?. അദ്ദേഹത്തെ ഉയർത്താൻ പാടില്ലായിരുന്നുവെന്ന നിന്റെ ചിന്ത കുന്നോളം വളർന്നുപെരുകിയ ഡംഭുതന്നെ.
കളികൾ കുന്നോളമാവുന്നതു കുഴപ്പമുള്ള കാര്യമല്ലാ. പക്ഷേ കുന്നോളം വളരുന്ന ഡംഭു തീർച്ചയായും അപലപനീയം തന്നെ, ശൈലാത്മജേ.( ശിവ കുന്നിന്റേ മകളാണെന്നു് ആ പര്യായത്തിലൂടെ പരിഹസിച്ച് ഓർമ്മപ്പെടുത്തുന്നു)

2.
ശിവ:
നീ അത്ര ഗമയൊന്നുമെടുക്കേണ്ടാ. നിന്റെ ഭർത്താവു പണ്ടു് എന്റെ ഭർത്താവിന്റെ വില്ലിൽ ആളിയ ( വസിച്ച,  ജ്വലിച്ച) ഒരമ്പായിരുന്നു. അതിനാൽ ഒരമ്പിന്റെ വിലയേ നിന്റെ ഭർത്താവിനുള്ളൂ. മാധവി (അയാളുടെ ഭാര്യ) ക്കും ഞാൻ ആ വിലയേ തരൂ.
ശ്രീദേവി:
അമ്പോ! (1.അയ്യയ്യോ, 2.അമ്പിന്റെ കാര്യമാണോ) പണ്ടു ഭസ്മാസുരൻ തലയിൽത്തൊടാൻ വന്നപ്പോൾ നിന്റെ ഭർത്താവു് ഒരു അമ്പുപോലെയാണു പാഞ്ഞുനടന്നിരുന്നതു് .ഗമ പറയുകയല്ലാ, അന്നു് നിന്റെ ഭർത്താവിനെ രക്ഷിക്കാൻ ഹരിയേ ഉണ്ടായിരുന്നുള്ളൂ എന്നു നീയും ഓർക്കണേ. പേടിച്ചോടിയ ആ ശിവന്റെ ഭാര്യ(ശിവ)  അത്രമാത്രം അഹങ്കരിക്കണ്ടാ.

3.  
ശിവ:
തന്റെ രണ്ടാംഭാര്യ(ഭൂമീദേവി ) അനങ്ങാൻ വയ്യാതെ ,എല്ലാം സഹിച്ചുകിടപ്പിലായിട്ടും അതിനെക്കുറിച്ചു് അല്പംപോലും ഒരു ചിന്തയില്ലാത്തവനാണു നിന്റെ ഭർത്താവെന്ന കാര്യത്തിൽ എനിക്കു യാതൊരു സംശയവുമില്ലാ.
ശ്രീദേവി:
അങ്ങനെ അവശയായിക്കിടക്കുന്ന സ്ത്രീയുടെ ശരീരത്തിലേക്കു എടുത്തുചാടാൻ  രണ്ടാംഭാര്യ(ഗംഗ)യെ സഹായിച്ച ഹീനനല്ലേ നിന്റെ ഭർത്താവു്? .ആ കാര്യം മേലിലും നീ ഓർക്കണം.
( ഭൂമിയിലേക്കു ചാടിയ ഗംഗയെ തലയിൽ തടഞ്ഞുനിറുത്തി, ജടയിലൊളിപ്പിച്ചു  രണ്ടാംഭാര്യയാക്കിയവനല്ലേ, നിന്റെ ഭർത്താവു്. അതിനുമേൽ കൈലാസത്തിൽ നിങ്ങൾ തമ്മിലുണ്ടാവുന്ന കലഹമൊക്കെ നീയും ഓർത്തോളൂ.).
വഴക്കുണ്ടാക്കാതെ നീ ഇവിടെനിന്നു് ഓടിപ്പൊക്കോണം.
ഇങ്ങനെ ശ്രീദേവിയും ശിവയും കല്പിതമായ(1. വിധിവശമായി സംഭവിക്കുന്ന. 2. ഭാവനയിൽ മാത്രമുള്ള) ഒരു  വഴക്കിടുന്നു.
******************************************************


ഗംഗാധരാ,പാപവിനാശനാ!.
**********************************
കടുതാം വിഷമുദ്ഗമിക്കെ തെല്ലും-
മടികൂടാതവനാഹരിച്ചു ശീഘ്രം!
കെടുതാം സമയത്തെ ധൈര്യപൂര്‍‌വ്വം
മുടിയാറാക്കിയ വൈഭവത്തെ വാഴ്ത്താം

മടിയില്‍ സുതര്‍ ലീലയാടിടുമ്പോള്‍
മടിയാതെത്തിയ നാരദന്റെ തന്ത്രം
മടയല്ലതു ഷണ്‍‌മുഖന്നു മൌഢ്യം
മുടിയാറാക്കിയ കൃത്യമെത്ര ചിത്രം ‍!

മടമേറുമൊരാറുതന്റെ ദര്‍പ്പം
മുടിയാറാക്കിയ ദേവദേവസൂത്രം!
മമജീവിതജന്മപാപമെല്ലാം
മുടിയാറാക്കുവതിന്നു ഞാന്‍ നമിപ്പൂ.
(വസന്തമാലിക)
...................................
മുടിയാറാക്കിയ =(1)തലയില്‍ ആറിനെ(ഗംഗയെ)വഹിക്കുന്ന, (2) നശിപ്പിച്ച
മട = സാരമില്ലാത്ത
മടം = സൌന്ദര്യം
.
*******************************************
 

No comments:

Post a Comment