Friday, September 3, 2021

ശ്ലോകമാധുരി.63

അന്പത്തൊന്നക്ഷരങ്ങള്‍ക്കഭിമതി തികഴും ശ്ലോകപാദങ്ങളെല്ലാം
വന്‍പത്തത്തോടെ നിത്യം നിറവൊടെയെഴുതാന്‍ നിഷ്ഠയോടെത്തിടുമ്പോള്‍
സമ്പത്താം ഭാഷയേറ്റം തുണവൊടു  തുണയായ്  തൂലികത്തുമ്പിലെത്താന്‍
കമ്പത്തില്‍ കാക്കുവോര്‍ക്കീ സഭ ശുഭവരമായ് തീരണേ, വാണിമാതേ!
(സ്രഗ്ദ്ധര ).  
{അഭിമതി =അഭിമാനം , ബഹുമാനം .  
തികഴുക = വര്‍ദ്ധിക്കുക, പ്രകാശിക്കുക, പൂര്‍ണ്ണമാവുക
വന്പത്തം = പ്രതാപം,പ്രയാസം , ധൈര്യം
നിഷ്ഠ = ശ്രദ്ധ,സാമര്‍ത്ഥ്യം,കൃത്യമായ ആചരണം
സമ്പത്ത് = ധനം,ഐശ്വര്യം
തുണവ് = വേഗം, തിടുക്കം
കമ്പം = അത്യുത്സാഹം,പരിഭ്രമം, ഭയം.  
കാക്കുക = കാത്തിരിക്കുക,കാത്തുസൂക്ഷിക്കുക.
വരം = അനുഗ്രഹം,സമ്മാനം. }


********************************************************
മുത്തുമണികൾ.
***************
ചിത്രാലയം.
.......................
സൂര്യൻ പോയിമറഞ്ഞപാടു ശശി സന്തോഷത്തൊടാന്ധ്യത്തിൽ വൻ-
ശൗര്യത്തോടെ നിറഞ്ഞ ഋക്ഷകലശം തട്ടിത്തെറിപ്പിക്കവേ
താരാമൌക്തികജാലമാകെ ഗഗനേ തൂവിപ്പരന്നുദ്രസ-
സ്മേരത്തോടെ തെളിഞ്ഞൊളിഞ്ഞു തെളിവായ് നക്ഷത്രചിത്രാലയം!

മുല്ലേ!
.........
മുല്ലേ! മല്ലദലങ്ങളൊക്കെ നലമായുല്ലാസമായ് ,ലീലയോ-
ടല്ലേ നീളെനിരത്തി നീ, നിലവിടുന്നീ നീലലോലാക്ഷിമാർ  
മല്ലീസായകമായ നീ മദമെഴും മല്ലാക്ഷിതന്‍ മാനസേ
മെല്ലേചെന്നു പതിക്കിലോ പതിവരന്‍ പാതിപ്പെടും, പാതകം!

ചന്ദ്രാ!
.........
ചന്ദ്രാ! നിന്നുടെ പത്നിയായ ഗഗനപ്പെണ്ണിന്‍ കപോലത്തിലായ്
സാന്ദ്രശ്ശോണിമ കാണ്മതില്ലെ, പതിയാം നിന്നാഗമം കാണ്കവേ
വേന്ദ്രന്‍ നീ,യവളെത്തഴഞ്ഞു  രജനിപ്പെണ്ണിന്നു തൂവെണ്ണിലാ-
ച്ചന്തംനല്‍കി സപത്നിയാക്കി, ഗഗനം തൂകുന്നു കണ്ണീര്‍ക്കണം!
..........................................................
( മല്ല = ഭംഗിയേറിയ. / ആന്ധ്യം = നോട്ടമില്ലായ്മ / ഋക്ഷം = നക്ഷത്രം.)
*************************************************************************
......
അഞ്ചു മദനാർത്തകൾ
***************************.
പാടാണിതു പാടാന്‍ പടുപാടോടെ പഠിച്ചാല്‍
പാടൊക്കെയൊഴിഞ്ഞിട്ടൊരുപാടീവക പാടാം
പാടില്ലതു, പാടായവ,പാടേണ്ടപടിക്കായ്
പാടീടൊരുപാടാ മിടപാടാണിതു പാടേ.  

കണ്ണാ! ദധിയുണ്ണാൻ വരുകെന്നുണ്ണി മടിച്ചാൽ
തിണ്ണം പെരുദണ്ണം വരുമെണ്ണീടുക തൂർണ്ണം
പെണ്ണുങ്ങടെ കണ്ണിന്നൊരു കണ്ണാണിവനുണ്ണാ..ൻ
മണ്ണോ? മണിവർണ്ണാ,യിനി നണ്ണില്ലതു പൂർണ്ണം!

നാടിന്നൊരു നാട്യാലയമാടാനുടനേതാന്‍
നേടേണമതിന്നായ് മടികൂടാതിവനോടാം  
വാടാതടിവച്ചിട്ടടിവച്ചിട്ടിടപാടില്‍-
കൂടാത്തൊരു കൂട്ടര്‍ക്കിതു നഷ്ടം, ബഹുകഷ്ടം !

പണ്ടേയിവനുണ്ടിണ്ടലതുണ്ടായൊരുപാടേ
ഉണ്ടാക്കിയ മണ്ടത്തനമോതാന്‍ മടിയുണ്ടേ
കണ്ടോരതു കണ്ടില്ല..തുപോല്‍ മണ്ടിയതോര്‍ക്കേ
വേണ്ടാത്തൊരു ശണ്ഠയ്ക്കിവനില്ലാ, പഴി വേണ്ടാ.

എത്തൂ മദനാർത്തേ! തവ ചിത്തത്തിലുണർത്താൻ
വ്യക്തം ചില സൂക്തങ്ങളുമെത്തീ മമ ഹൃത്തിൽ
സത്യത്തൊടിതോർത്താൽമതി ,മെത്തീടുമൊരത്തൽ
മൊത്തം മുടിവെത്താൻ ശമമെത്തും മനനത്താൽ!
( മദനാർത്ത )
*****************************************************
നാലു് ഇന്ദുവദനകൾ.
***********************
ശ്ലോകമിവ ഭംഗിയൊടു തീര്‍ക്കുവതിനായി-
ട്ടേക വരമൊക്കെ വരവാണിയിവനെന്നും
നീ കനിയവേണമതിനായി തവ പാദേ
തൂകുമിവനും കവിതയില്‍ സ്തുതികള്‍ ഭക്ത്യാ

ഇന്നു വരദാഭയൊടെയെന്റെ മനതാരില്‍
മിന്നുവതു നിന്റെവരരൂപമതു ഭാഗ്യം
എന്നുമിതുപോലെ മമ നാവില്‍ വരവര്‍ണ്ണം
നിന്നിടുവതിന്നു വരമേകു വരവാണീ!

പദ്യമതിഹൃദ്യമനവദ്യനിറവോടേ
തീര്‍ക്കുവതിനോര്‍ക്കുകിലുമാര്‍ക്കുമതിമോദം
വൃത്തമതിനൊത്തുവരുമോര്‍ത്തിടുകയെങ്ങും
മെച്ചമൊടു വച്ചിടുക വാച്ച പദഭംഗി

കാലമിതുപോലെ സകലര്‍ക്കുമനുവേലം
മാലതിലുലച്ചു പലവേലകളുമേകും
ചേലിലവതന്നിലുലയാത്ത നിലയില്‍ നീ
കാലനുടെകാലനുടെ കാലഭയമാക്കൂ
( ഇന്ദുവദന )
-----------------------------------------------------------------------
മദിരോത്സവം
***************
(മദിരവൃത്തത്തിലുള്ള പത്തു ശ്ലോകങ്ങൾ.)
1.
സുന്ദരമാം പദഭംഗിയൊടൊത്തുവരുന്നവളേ! മദിരേ സുഖദം
നന്ദമൊടെന്നുടെ മുന്നിലണഞ്ഞു നടത്തുക നീ നടനം മധുരം
നന്ദിയതെൻഹൃദിയുണ്ടളവറ്റപടിക്കതുചൊല്ലുവതോ കഠിനം
മന്ദസമീരനുമെന്നുടെ ചാരെയിരിപ്പു, നിനക്കു തരും നമനം.
2.
കോമളനാം ഗണനായകനെ സ്തുതിചെയ്തു വരൂ സ്ഥിരമായിതിലേ
ആമയമൊക്കെയൊടുക്കിടുമാ ദ്വിരദാനനനെന്നുടെയും ശരണം
ഭൂമിയിലില്ലൊരു ദൈവതമീവിധമത്തലൊഴിച്ചിടുവാന്‍,  പെരുതാം  
സാമജശക്തിയൊടെത്തി നമുക്കൊരു രക്ഷതരുന്നവനെന്‍ നമനം.
3.
മന്നിതിലുന്നതമായവിധം പുകളേറിടുമാറൊടു നിന്‍ ഗമനം
നിന്‍ഗളമേറി വിശേഷവിഷാഭയൊടേയിളകും ഫണിതന്‍ ചലനം
നിന്നുടെ സന്നിധിതന്നിലണഞ്ഞിടുവോര്‍ക്കുടനേയുടയും വ്യസനം
നിങ്കലിവന്‍ വരുമാറവമാറുകിലോ മനസാ തരുവേന്‍ നമനം.
4.
കാനനവീഥിയിലും ശരണംവിളിയോടെ വരുന്നിവനാ നടയില്‍
ദൂനമതൊക്കെയകറ്റുവതിന്നൊരു മാര്‍ഗ്ഗമതേകണമേയനിശം
ദീനനിവന്നുമൊരാശ്രയമേകുവതായൊരു ദൈവതമായ ഭവാന്‍
നൂനമിവന്നുടെയര്‍ത്ഥനകേള്‍ക്കണമന്‍പൊടു നീ തരണം ശരണം.
5.
നീലനിറംകലരും തവ മേനിയുമാ മണിവേണുവുമൊത്തു മഹാ-
മാലുകള്‍ തീര്‍ത്തിടുമാ മൃദുഹാസവുമാ വരഭാവവുമെത്ര ചിതം
ചേലൊടു നിന്‍പദപൂജ നടത്തുവതിന്നിവനെത്തിടുമാത്തസുഖം
പാലയ പാലയ പാലയമാം ഗുരുവായുപുരേശ,മുകുന്ദ,ഹരേ!.
6.
ഭക്തിയൊടെത്തിടുമാർക്കുമനുഗ്രഹമേകിടുമമ്മ പരം‌പൊരുളായ്
വ്യക്തതയോടെ വിളങ്ങിടുമംബിക,ചെട്ടികുളങ്ങരയിൽ പ്രഭയിൽ,
നിത്യവുമെത്തി നടയ്ക്കലിതേവിധമൊന്നു നമിച്ചു ഭജിച്ചിടുകിൽ
മർത്ത്യരിലാർദ്രമനോഗതിയോടവളുദ്ഗതിയേകിടുമെന്നു നിജം.
7.
ശ്ലോകപദങ്ങളില്‍,ഭാരതി,നിന്‍ദ്യുതി വേണമതെന്നുടെയര്‍ത്ഥനയാം
നീ കനിവോടിവനാവരമൊന്നു തരേണമതിന്നിനി വൈകരുതേ
ആകുലഭാവമതൊക്കെ വെടിഞ്ഞു മികച്ചപദങ്ങള്‍ നിരത്തിടുവാന്‍
പാകമെനിക്കുവരുന്നതു നിന്‍ വരദാനമതെന്നുമറിഞ്ഞിതു ഞാന്‍.
8.
സുന്ദരതാരകൾ നീളെനിരത്തി വരുന്നു   നിശീഥിനി നീലിമയിൽ
ചിന്തയിലാ നിറശോഭയുണർത്തിയതെത്ര മനോഹരദൃശ്യസുഖം!
ബന്ധുരമാണിവയൊക്കെയപാരമൊരുക്കുവതൊക്കെയതിന്നു വരം
സ്വന്തമതാക്കിയ നൈപുണിയാലെ നമുക്കു കവിത്വവുമേറി, ശുഭം.
9.
മിന്നിമറഞ്ഞുതെളിഞ്ഞൊളിതൂകി വരുന്നു ശശാങ്കനുമീ നിശയില്‍
സുന്ദരിയാമ്പല്‍ വിടര്‍ന്നു മനസ്സില്‍ നിറഞ്ഞ വികാരമൊടേ ത്രപയില്‍
വന്നു സുധാംശുകരങ്ങള്‍ സമീരസമം ദലമൊന്നു തൊടുന്നളവില്‍
സ്പന്ദമൊടാ വനസുന്ദരിതന്‍ കവിള്‍ ചെംനിറമാര്‍ന്നതുമെന്തു രസം!.
10.
പത്തരമാറ്റില്‍ നിനക്കു തരാനൊരു മാലതിരഞ്ഞു നടന്നിവനാ
പട്ടണമാകെയലഞ്ഞുവലഞ്ഞു കനത്തവിലയ്ക്കിതു വാങ്ങി സഖീ!
മുത്തണിമാറില്‍ നിനക്കണിയാനിവനൊത്തിരിയാശയൊടേകി മുദാ
മുത്തുപൊഴിഞ്ഞതുപോല്‍ ചിരിതൂകി ലസിച്ചു നടന്നു രസിക്കുക നീ!.
...........................................................


പ്രാസപ്രയോഗപ്രയാസങ്ങള്‍
***************************

പ്രാസം സൌമ്യമെടുത്തു സുന്ദരസുമംപോല്‍ ചേര്‍ത്തു കോര്‍ത്തൊക്കെയും
നിസ്സീമം സ്വരധാരചേര്‍ത്തതു രസം ചാര്‍ത്തുന്നതോര്‍ത്തീടവേ
സാരം ചേരുമസമ്മിതപ്രഭയെഴും കീര്‍ത്തിക്കു പാര്‍ത്തീവിധം
ശ്ലീലശ്ലോകശതങ്ങള്‍ ശോഭ ശുഭമായ് ചേര്‍ത്തിന്നു തീര്‍ത്തേന്‍ സ്വയം!
.(ശാര്‍ദ്ദൂലവിക്രീഡിതം )

മുല്ലേ! നില്ലൊരു തെല്ലുനേരമരികേ,യുല്ലാസമായ് ഫുല്ലമായ്
ഇല്ലാ കില്ലൊരു തെല്ലുപോലുമിവനിന്നില്ലില്ല,യല്ലില്‍ സുഖം
“മുല്ലപ്പൂമലര്‍ തെല്ലടുക്കിലുടയും ശോകങ്ങള്‍“, ചൊല്ലില്ലയോ?
ചൊല്ലേറും ചിരി തെല്ലു മെല്ലെയഴകില്‍ ചാര്‍ത്തില്ലെ,നീ മല്ലികേ!
(ശാര്‍ദ്ദൂലവിക്രീഡിതം )

ആടേ,നീ ചാടിവന്നീ തൊടികളിലടിതെറ്റാതെയോടീട്ടടുക്കേ
വാടാതേ കൂടിനില്ക്കും ചെടികളുടനുടന്‍ മൂടുമുട്ടെക്കടിച്ചും
വീടിന്നുള്ളില്‍ കടന്നീ പടികളില്‍ മടികൂടാതെ കാട്ടംവെടിഞ്ഞും
കാട്ടും മേടിന്‍ മിടുക്കിന്നിവനൊരു വടിയാല്‍ തീര്‍ത്തിടും, പോയിടൂ,നീ.
( സ്രഗ്ദ്ധര ).
********************************************************************
അസമ്മിത = അളവില്ലാത്ത
ശ്ലീല = ഐശ്വര്യമുള്ള
കില്ലു് = സംശയം
അല്ലു് = രാത്രി
ഫുല്ലം - വിടര്‍ന്ന പൂവു്
അടുക്കേ = അടുക്കുന്ന സമയത്തു്,വയലില്‍.(അടുക്കം=വയല്‍)
മേടു് = ഉപദ്രവം.

.............................................................

ഞാനും കണ്ണനും സമം !
*************************
ഞാനോ കണ്ണനു തുല്യനാണനുപമം നാല്‍ക്കാലികള്‍ സ്വന്തമാം,
നൂനം നല്ല കലാപമുണ്ടു തലയില്‍ , സാമ്യം സമം "ശ്രീപതേ!"
മാനത്തിന്‍ നിറമാണു മേനി പറയാനൊക്കാത്തതായൊപ്പമായ്
വന്‍പിച്ചെത്ര വിശേഷഭാവമണിയുന്നെല്ലാം സമം നമ്മളില്‍.
(ശാര്‍ദ്ദൂലവിക്രീഡിതം ) .
.........................................
നാല്‍ക്കാലി = പശു ,കാള, ചമത്കാരമില്ലാത്ത ശ്ലോകം.
കലാപം = മയില്‍പ്പീലി, അസ്വസ്ഥത .
ശ്രീ = ലക്ഷ്മീദേവി ,ഐശ്വര്യം.
മാനം = മേഘം, അഭിമാനം
നിറം = ശോഭ, ഗുണം.
മേനി = ശരീരം, മുഖസ്തുതി.
വന്‍പിച്ചെത്ര = മഹത്തായിട്ടെത്ര
വന്‍പിച്ച് എത്ര = വലിയ പിച്ചു് ( ഭ്രാന്തു്,മനോവിഭ്രമം) എത്
ര.
സാരസ്യം:
***********
എനിക്കും കണ്ണനും നാല്‍ക്കാലികള്‍ സ്വന്തമായുണ്ട്.
തലയില്‍ നല്ല കലാപം ഉണ്ടു്. (എനിക്കു പത്നീവിരഹം കാരണം )
നമ്മള്‍ ശ്രീപതികളാണ്. (എന്‍റെ ഭാര്യ ഐശ്വര്യത്തിന്‍റെ പ്രതീകം ആയിരുന്നു )
കണ്ണനു കാര്‍മേഘത്തിന്റെ കറുത്തനിറമാണു്. പറയാന്‍ കൊള്ളില്ലാ.
എനിക്കു ആത്മാഭിമാനമെന്ന ഗുണമുണ്ടു്. മുഖസ്തുതിയായി പറയാന്‍ ബുദ്ധിമുട്ടുണ്ടു്.
കണ്ണനു വന്‍പിച്ച വിശേഷഭാവങ്ങളുണ്ടു്.
എനിക്കിപ്പോള്‍ വന്‍ പിച്ചു വിശേഷഭാവങ്ങളിലുണ്ടു്(വലിയ മനോവിഷമങ്ങളുണ്ട്).
അപ്പോള്‍ എല്ലാംകൊണ്ടും നമ്മള്‍ തുല്യരാണു്.


ശ്ളോകപ്രഹേളികകൾ
**************************

1.
പണ്ടെങ്ങാണ്ടൊരു പന്തയത്തിൽ വിജയശ്രീചാർത്തിയെത്തീട്ടൊരാൾ
മിണ്ടാതന്നൊരു പെണ്ണിനെപ്പരിണയിച്ചിട്ടാ ഗൃഹംപൂകവേ
“കൊണ്ട്വന്നുള്ളതുമെന്തുമാട്ടെ,സഹജർക്കെല്ലാമതും തുല്യമായ്
വേണ്ടുംപോലെയെടുക്ക“ മാതൃവചനം  മണ്ടത്തമായില്ലയോ?
(ശാർദ്ദൂലവിക്രീഡിതം )
{പാഞ്ചാലീസ്വയംവരം കഴിഞ്ഞു പാഞ്ചാലിയുമൊത്തു ഗൃഹത്തിലെത്തിയപ്പോൾ  കുന്തീദേവി വിവരം അറിയാതെ “കൊണ്ടുവന്ന ഭിക്ഷ എല്ലാവരും ഒന്നുപോലെ എടുത്തോളൂ “ എന്നു പറഞ്ഞതിനാൽ പാഞ്ചാലിക്കു പാണ്ഡവരുടെയെല്ലാം ഭാര്യയാകേണ്ടിവന്നു }

2.
കൈലാസേശ്വരബാണമായ സുര! നിൻപത്നിക്കു ജന്മം കൊടു-
ത്തുല്ലാസത്തൊടെയാടുമാ മലരിനെത്തൻ ബാണമാക്കീട്ടതും
തെല്ലും ശങ്കയിയന്നിടാതെയപരന്മേൽ ക്ഷേപണം ചെയ്യവേ
വില്ലാളിക്കസുപോയൊരാ കഥയിവൻ ചൊല്ലീടണോ,കഷ്ടമാം.
(ശാർദ്ദൂലവിക്രീഡിതം )
{ത്രിപുരദഹനത്തിനു് ശിവന്റെ അസ്ത്രം ആയതു വിഷ്ണു.വിഷ്ണുവിന്റെ പത്നിയായ ലക്ഷ്മീദേവിയുടെ ജന്മംകൊടുത്തതു് താമരപ്പൂവു്.അതിനെ അസ്ത്രമാക്കിയതു കാമദേവൻ. ശിവന്റെ നേരേ അതു പ്രയോഗിച്ചപ്പോൾ കാമദേവനു ജീവൻ പോയി.}

3.
പൂമാതാം നിന്‍കളത്രം, സഖിയുടെ സഹജന്‍തന്റെ ഘര്‍മ്മം ലഭിക്കാന്‍
സാമാന്യം ദണ്ണമേല്‍പ്പിച്ചവനൊരു വരമാം വാഹനം ! ചിന്തനീയം
അമ്മട്ടാം വാഹനത്തിന്നിര തവ ശയനീയം, മഹാശ്ലാഘനീയം!
സാമോദം കുമ്പിടാം, ശ്രീഹരിയുടെ വിരുതാണൊക്കെ സൂത്രം, വിചിത്രം!.
(സ്രഗ്ദ്ധര.)

സാരസ്യം: പൂമാതു്   ലക്ഷ്മീദേവിയാണു്. ലക്ഷ്മീദേവിയുടെ സഹജൻ ചന്ദ്രനാണു്.രണ്ടുപേരും പാലാഴിയിൽനിന്നു് ഉയർന്നുവന്നവർ. ഖർമ്മം വിയർപ്പും .ശയനീയം കിടക്കയും ആണു്. ഇനി ശ്ളോകത്തിന്റെ അർത്ഥം നോക്കൂ .
അല്ലയോ വിഷ്ണുദേവാ! ലക്ഷ്മീദേവി നിന്റെ പത്നിയാണു്. ഭാര്യയുടെ സഹോദരനായ ചന്ദ്രന്റെ വിയർപ്പു ലഭിക്കാൻ അയാളെ ദണ്ണിപ്പിച്ചവനാണു നിന്റെ ശ്രേഷ്ഠമായ വാഹനം. ആ വാഹനത്തിന്റെ ഇരയാണു നിന്റെ കിടക്ക.  ഇതു നിന്റെ വിരുതുതന്നെ. ഇങ്ങനെ വിചിത്രമായ സൂത്രം പ്രയോഗിച്ച വിഷ്ണുദേവാ! നിന്നെ ഞാൻ സന്തോഷത്തോടെ നമിക്കുന്നു.


 (ഗരുഡന്റെ മാതാവായ വിനതയെ ദാസ്യത്തിൽനിന്നു മോചിപ്പിക്കാൻ അമൃതു് ആവശ്യമായിവന്നു. അപ്പോൾ ഗരുഡൻ ചന്ദ്രനു വിയർപ്പുണ്ടാവാനായി ചന്ദ്രനെ ഓടിച്ചു. ചന്ദ്രന്റെ വിയർപ്പാണു് അമൃതം. വിഷ്ണു ഗരുഡനെ വാഹനമാക്കിയപ്പോൾ,  ചന്ദ്രനെയും അനന്തനെയും ആക്രമിക്കുന്ന  ഗരുഡന്റെ ശല്യം അവർ രണ്ടുപേർക്കും ഒഴിവാക്കിക്കിട്ടി.)
.
*******************************************************************************




 

No comments:

Post a Comment