Saturday, January 8, 2011

ശ്ലോകമാധുരി.16

നീ വരു മമ ഹൃദി മധുമൊഴിയിനിമേല്‍
ആടുക സുഖകരമൃദുലയ നടനം
തേടുവതിവനിനി മദഭരനിമിഷം
കൂടുകയിവനൊടുമനുദിനമനിശം.
ഗിരിശിഖരം.
കരുണാകര തവ സുരുചിരചരിതം
പലരും പലതരമെഴുതിയ കവനം
മരണംവഴി ചില പുതിയ വിവരണം
വരുമെന്നറിവതുശുഭകരമതുലം
കരുണാകരം.
അര്‍ത്ഥം പിഴച്ച ചില വാക്കുകളൊക്കെ വെച്ച-
ങ്ങൊപ്പിച്ചെടുത്തൊരു നിരര്‍ത്ഥ നവീനകാവ്യം
അപ്പോള്‍ വരുന്നു നവകാവ്യവിശാരദന്മാര്‍
കല്പിച്ചു ചൊല്ലി”കൃതിയെത്ര മനോഹരം.ഹായ്!!”
വസന്തതിലകം.
ദാത്യൂഹമേ,വരിക നിന്‍ വദനാഭ കണ്ടാല്‍
ഉത്സാഹമൊക്കെയിനി മങ്ങുകയില്ല തെല്ലും
ഉത്സൂരമാകിലുടനേ മമ ഗേഹമേറീ
പത്തായമാര്‍ന്നയെലികള്‍ക്കൊരു മോക്ഷമേകൂ.
വസന്തതിലകം.
( ദാത്യൂഹം = നത്തു് ,ഉത്സൂരം=സന്ധ്യാസമയം.)

തരിവളയിളകീടും കൈയിലെന്‍ കൈയുചേര്‍ത്തി-
ട്ടൊരു ചെറുചിരിയോടേ വന്നൊരെന്‍ പെണ്‍‌കിടാവേ
ഇരുളിലെയൊളിപോലെന്‍ ‌ജീവിതത്തില്‍ കടന്നീ
കരളിലെയഴല്‍ മാറ്റൂ , തൂമരന്ദം നിറയ്ക്കൂ.
മാലിനി.

പണ്ടാമാമുനി മാമ്പഴം കുസൃതിയാല്‍തന്നോരു നേരത്തുടന്‍
സ്കന്ദന്‍തന്നൊടു വാച്ച ബുദ്ധിയതിനാല്‍ വെന്നോരു വിഘ്നേശ്വരാ
ഇന്നീ ഭൂമിയിലിത്തരം വിധികളില്‍ മുട്ടുന്ന ഘട്ടങ്ങളില്‍
ഒന്നായൊന്നു ജയിച്ചിടാന്‍ വരമെനിക്കേകേണമര്‍ത്ഥിപ്പു ഞാന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം
ഖദ്യോതങ്ങളലഞ്ഞിടുന്ന വനിയില്‍ മിന്നുന്നൊരാ ശോഭയില്‍
ഹൃദ്യം തന്നെയിരുന്നിടാന്‍ ‍,ചില പദം കുത്തിക്കുറിച്ചീടുവാന്‍
ഉദ്യാനത്തിലിരുന്നിടുന്ന സമയത്തെല്ലാം മറന്നിട്ടു ഞാന്‍
ആദ്യം നിന്നെയുമോര്‍ത്തിടുന്നു,മുടിയില്‍ മിന്നുന്നൊരാ പൂക്കളും.
ശാര്‍ദ്ദൂലവിക്രീഡിതം.
“ഉണ്ണീ,തന്നൊരു വെണ്ണയൊക്കെ വെറുതേ മണ്ണില്‍ കളഞ്ഞല്ലൊ നീ
കണ്ണാ നീ വരു“കെന്നെശോദ പറകേ കണ്ണും മിഴിച്ചമ്പൊടേ
“ഉണ്ണാനില്ലിതിലിറ്റുവെണ്ണയിനിയും തന്നീടണം തിണ്ണ,മെന്‍
കണ്ണല്ലേ തരു“കെന്നു കെഞ്ചി മടിയില്‍കൊഞ്ചുന്ന കണ്ണാ,തൊഴാം.
ശാര്‍ദ്ദൂലവിക്രീഡിതം.
മീനം,കച്ഛപ,സൂകരം,നരഹരീ,ശ്രീ വാമനം,മൂവരാം
രാമന്മാരവരൊത്തു പിന്നെ ഹരിയും കല്‍ക്ക്യാവതാരങ്ങളും
നൂനം കാണണമൊക്കെയും ധരണിയില്‍ ജീവന്റെയാരോഹണ-
സ്ഥാനം തന്നില്‍ വിളങ്ങിടുന്ന ഭഗവച്ചൈതന്യ മൂര്‍ദ്ധന്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

സിന്ദൂരച്ഛവി മാഞ്ഞു,രണ്ടു മിഴിയും മങ്ങീ,വിളര്‍ത്തൂ,സ്വയം
മന്ദോത്സാഹമണിഞ്ഞു നീ വസതിയില്‍ വാടുന്ന കണ്ടീടവേ
എന്താണിങ്ങനെ വന്നിടാന്‍ ‍,മധുമൊഴീ,ചിന്തിച്ചു ഞാന്‍ നില്‍ക്കവേ
മന്ദാക്ഷത്തൊടു നീ മൊഴിഞ്ഞ സരസം വൃത്താന്തമാനന്ദമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞു,നിറവില്‍ വന്നല്ലൊ ചിങ്ങം,തെളി-
ഞ്ഞുല്ലാസത്തിലുറഞ്ഞുലഞ്ഞു വിവിധം പൂക്കള്‍ മലര്‍ക്കാവിതില്‍
കുഞ്ഞുങ്ങള്‍ ചെറുകൂടയില്‍ നറുമലര്‍ പഞ്ഞംവിനാ കൊണ്ടുവ-
ന്നാഞ്ഞും ചാഞ്ഞുചെരിഞ്ഞുമീക്കളമിടും,നേരുന്നിതാശംസകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
വാടിക്കൂടി വടക്കിനിയ്ക്കു നടുവില്‍ പേടിച്ചിരുന്നീടുകില്‍
മേടും കൊണ്ടിവിടുള്ളവര്‍ വടിയുമായ് കൂടും,നടന്നീടു നീ
ഓടിപ്പോയുടനേ കടക്കയിവിടുന്നാ കൂടു നിന്‍സ്വന്തമാം
വീടെന്നോര്‍ത്തു കഴിഞ്ഞിടൂ,പടികളില്‍ തങ്ങല്ലെടാ കുക്കുരാ.
ശാര്‍ദ്ദൂലവിക്രീഡിതം.
( കുക്കുരം = പട്ടി.)
ഒറ്റയ്ക്കീ വര‘വേദി‘യില്‍ പലതരം ശ്ലോകങ്ങളും തീര്‍ത്തു ഞാന്‍
പറ്റിക്കൂടിയിരിപ്പതും, വടിയുമായ് മാറ്റാന്‍ വരില്ലെന്നതും,
ഊറ്റം ചേര്‍ന്ന ഗുരുക്കളൊക്കെയിവിടേ വന്നിട്ടൊരീയക്ഷര-
ക്കൂട്ടം കണ്ടു രസിക്കുമെന്നതുമിവന്നേറ്റം പ്രിയം തന്നെയാം.
ശാര്‍ദ്ദൂലവിക്രീഡിതം.
മായാണെന്നുടെ സര്‍വ്വവും മഹിയിതില്‍ മായില്‍ തുടങ്ങുന്നെതും
മായാണെന്നുടെ മാനസേ മണിവിളക്കായിത്തിളങ്ങുന്നതും
മായോടൊത്തു കഴിഞ്ഞിടില്‍ മഹിതമാം മാനങ്ങളും കൈവരും
മായേ മാമകജീവിതം മധുരമായ് മാറേണമെന്നാളുമേ !
ശാര്‍ദ്ദൂലവിക്രീഡിതം.
( മാ = ലക്ഷ്മീദേവി , അമ്മ. )
സ്കന്ദാ,നിന്നുടെ മുന്നില്‍ ഞാനിതു വിധം ധ്യാനിച്ചു നിന്നീടവേ
എന്താണെന്നറിയില്ലയെന്‍ മനമുടന്‍ ദാര്‍വ്വണ്ഡമായ് മാറിയോ!
പൊന്തിപ്പയ്യെയകത്തുവന്നഴകൊടാ പിഞ്ഛങ്ങളെല്ലാം വിരി-
‘ച്ചെന്തായാലുമിടം വിടില്ലി‘തു മൊഴിഞ്ഞാടുന്നു നിന്നന്തികേ.
ശാര്‍ദ്ദൂലവിക്രീഡിതം.
( ദാര്‍വ്വണ്ഡം=മയില്‍ , പിഞ്ഛം=മയില്‍പ്പീലി. )
ചുമ്മാ പൊട്ടിച്ചിരിച്ചും ചിലപൊഴുതെതിനോ വിമ്മിവിമ്മിക്കരഞ്ഞും
വേണ്ടാതീനം പറഞ്ഞും വികൃതമലറിയും വീടുതെണ്ടാന്‍ നടന്നും
വീണും നാണം വെടിഞ്ഞും വികലമലയുമീ ഭ്രാന്തനെക്കണ്ടിടുമ്പോള്‍
ഖേദം തോന്നുന്നു,കാണും സഹജരിവനുമേ ജ്ഞാതമജ്ഞാതമെങ്ങോ.
സ്രഗ്ദ്ധര.

No comments:

Post a Comment