Wednesday, January 26, 2011

ശ്ലോകമാധുരി.17

ശ്ലോകമാധുരി.17
ന്നിന്റെ പിന്നാലൊരു പൂജ്യമിട്ടാല്‍
ഒന്നിന്റെ മൂല്യം ദശമായ് ഭവിക്കും
പൂജ്യം വെറും ശൂന്യമതല്ല,യുക്ത-
സ്ഥാനത്തിലായാല്‍ വിലയേറ്റിടും കേള്‍.
ഇന്ദ്രവജ്ര
കാടിന്റെയുള്ളിലൊരു ദീപമുയര്‍ന്നിടുന്നൂ
കാണുന്നവര്‍ക്കതുല നിര്‍വൃതിയേകിടുന്നൂ
കാന്താരവാസ തവ മോഹനരൂപമെന്നും
കാണേണവേണമതിനായിത കുമ്പിടുന്നൂ
വസന്തതിലകം.
കല്ലാണുകാട്ടിലുടനീളമതെന്റെ കാലില്‍
മുള്ളെന്നപോല്‍ തറയുമാവ്യഥയേറെയുണ്ടാം
എന്നാലുമാമലയിലേറി തവാം‌ഘ്രിയുഗ്മം
മുന്നില്‍‌പ്പെടുന്നപൊഴുതൊക്കെയൊഴിഞ്ഞു പോകും.
വസന്തതിലകം

അമ്ലാനം ചെറുപൂക്കളെന്‍ വനികയില്‍ പൂത്തുല്ലസിച്ചീടവേ
നിര്‍മ്മായം മമ മാനസം മതിമറന്നാടും നിറം ചാര്‍ത്തിടും
സമ്മോദം നറുകാവ്യസൂനമിവിധം മന്ദസ്മിതം തൂകവേ
ഉന്മാദം വരുമാറതില്‍ മുഴുകുവാനെന്മാനസം വെമ്പിടും.
ശാര്‍ദ്ദൂലവിക്രീഡിതം.
അല്ലാ,ഞാനിതു കാണ്മതെന്തു ഭുവനം മഞ്ഞിന്‍ പുതപ്പില്‍ സുഖി-
ച്ചല്ലില്ലാതെ മയങ്ങിടുന്നു ,കിളികള്‍ പാടുന്നിതുത്സാഹമായ്
മെല്ലേമെല്ലെയുണര്‍ന്നുണര്‍ന്നു വരു നീയുന്മേഷമായ് മേദിനീ
അല്ലേല്‍ നിന്നുടെ കം‌ബളം കുസൃതിയാല്‍ മാറ്റിടുമാ ഭാസ്വരന്‍
ശാര്‍ദ്ദൂലവിക്രീഡിതം .
മണ്ടന്മാരുടെ മന്നനാണു ഗമയില്‍ പേരിട്ടതോ ‘ശ്രീലകം‘
മണ്ടത്തങ്ങളുരച്ചിടുന്നു,കവിതാഖണ്ഡങ്ങളായ് നിത്യവും
വേണ്ടേ ധീരനൊരുത്തനിന്നിവനെയങ്ങോടിക്കുവാന്‍ പാട്ടിലീ-
കുണ്ടാമണ്ടികള്‍ വാര്‍ത്തിടും ശഠനെ,യല്ലേല്‍ പിന്നെ ദുഃഖിച്ചിടാം!!!
ശാര്‍ദ്ദൂലവിക്രീഡിതം.
ദ്യോവിന്‍ ഭൂഷണമാം ശശിക്കു നടുവില്‍ക്കാണും കളങ്കത്തിനേ
ആവുംമട്ടു നിനച്ചിടുന്നു ശശമാണല്ലാമൃഗംതാനതും
എന്നാലിന്നിതു തോന്നിടുന്നു,ശശിയാ രാവിന്‍കണം കൈയില്‍ വെ-
ച്ചുണ്ടോ,പങ്കിലമായ ഹസ്തമുടനേ ചേര്‍ത്തോ സ്വയം നെറ്റിയില്‍?
ശാര്‍ദ്ദൂലവിക്രീഡിതം.
ഇന്നീ വേദിയിലെത്തിടും കലകളേ തല്ലിപ്പഴുപ്പിച്ചവര്‍
തമ്മില്‍ത്തല്ലു നടത്തിടുന്നൊടുവിലായപ്പീല്‍ സമര്‍പ്പിച്ചിടും
ഇമ്മട്ടീ കലതന്നിലീ കുശലുകള്‍ നിര്‍ലജ്ജമാടീടവേ
ചുമ്മാതോര്‍ക്കുകയെന്തിനീ കലയിലേ മാമാങ്കമിന്നീവിധം?
ശാര്‍ദ്ദൂലവിക്രീഡിതം.
താനേ തന്ത്രിയുണര്‍ത്തി നീ മധുരമായ് പാടാന്‍ തുടങ്ങീടവേ
താനേ ഞാനിത വന്നിടുന്നു സവിധേ രാഗം ശ്രവിച്ചീടുവാന്‍
താനം പല്ലവിയൊക്കെയും തുടരെ നീ പാടീടിലിന്നെന്‍ മനം
താനേതന്നെ മയങ്ങിടും മധുമൊഴീ നിന്‍ വാണിയില്‍ നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.
മന്ദം നീ വരുകെന്റെ മുന്നിലിവിധം മന്ദസ്മിതത്തോടെ നിന്‍
സൌന്ദര്യം മദമാണെനിക്കു സുമുഖീ,നിന്‍ സ്പന്ദമാനന്ദമാം
കന്ദര്‍പ്പാ,തവ വില്ലെനിക്കു തൃണമാണെന്‍ ജായ ലജ്ജാലുവായ്
സ്പന്ദം കൊണ്ടു വളച്ച ചില്ലിയുഗളം വെല്ലാനതിന്നാവുമോ?
ശാര്‍ദ്ദൂലവിക്രീഡിതം.
കാട്ടില്‍ക്കൂടി നടന്നിടുന്ന സമയം പാട്ടിന്റെയീണങ്ങളില്‍
പെട്ടീടുന്നു,നഭസ്സിലൊന്നു തിരയാമാരാണിതീ ഗായകാ
നോക്കുന്നേരമുയര്‍ന്നശാഖയതിലായ് പാടുന്നൊരാ കോകില-
പ്പെണ്ണൊന്നുണ്ടു പറന്നുവന്നുകയറിക്കൂടാക്കിയെന്‍ മാനസം.
ശാര്‍ദ്ദൂലവിക്രീഡിതം.
എന്തേ ദേവി കനിഞ്ഞതില്ലയിവനില്‍ തെല്ലും,വലഞ്ഞിട്ടുഞാന്‍
അന്തം വിട്ടുഴലുന്നതീ വനികയില്‍ തേടുന്നു സൂനങ്ങളും
മന്ദം കാറ്റിലുലഞ്ഞുലഞ്ഞു ചിരിതൂകീടുന്ന പൂന്തൊത്തിനാല്‍
എന്തേ ശോഭ വളര്‍ത്തിയില്ല,സുമമൊന്നിന്നില്ലിവന്‍ ദുഃഖിതന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഈറന്‍ പൂന്തുകില്‍ ചുറ്റിയെന്നരികില്‍ നീയെത്തല്ലെയെന്നോമലേ
ആരും കണ്ടുകൊതിച്ചു പോമുടലിലെന്‍ ഹസ്തം ചരിച്ചെങ്കിലോ
മാറില്‍നിന്നതബദ്ധമായ് വഴുതിയാ താഴെപ്പതിച്ചെങ്കിലോ
മാറിപ്പോകുവതിന്നിവന്നുകഴിയാ,ചൊല്ലീടതെന്‍ കുറ്റമോ?
ശാര്‍ദ്ദൂലവിക്രീഡിതം.

താനേതന്നെയിരുന്നിരുന്നിതുവിധം കുത്തിക്കുറിച്ചീടവേ
പേനാപോലുമിവന്നെയിന്നു കളിയായ് നോക്കിച്ചിരിച്ചീടുമേ
ആരാണീ രചനക്കളത്തിലെ വധം വായിച്ചുനോക്കീടുവാന്‍?
പോടാ,നീയുടനീവിധം രചനകള്‍ നിര്‍ത്തീടുകില്‍ ഭാഗ്യമാം!!!
ശാര്‍ദ്ദൂലവിക്രീഡിതം.

ചാതുര്യം കുറെയേറെയുണ്ടു കവിതാപാദം രചിച്ചീടുവാന്‍
മാധുര്യം വഴിയുന്നവയ്ക്കു പൊതുവേ ചൊല്ലുന്നിതെന്‍ കൂട്ടുകാര്‍
സൌന്ദര്യം വരുമാറതിന്നു രചനാവൈദഗ്ദ്ധ്യമേറീടുവാന്‍
ഔദാര്യത്തൊടെനിക്കു നല്ലവരമിന്നേകുന്നു വാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചായം പൂശിയ ചക്രവാളമകലേ കാണുന്ന നേരം മനം
പായും ഭാവനയോടെ നിന്റെ സവിധേയെത്തീടുവാനോമലേ
മായം ചൊല്ലുകയല്ല ഞാന്‍ കവിത തന്‍ തേരില്‍ നഭോസീമയില്‍
പോയാ വര്‍ണ്ണമെടുത്തു നിന്റെ കവിളില്‍ ചാര്‍ത്താന്‍ വരാം,മല്‍‌സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം.
‘വയ്യാവയ്യിനിവന്നിടില്ലിവിടെ ഞാനെ‘ന്നോതി നീ ലജ്ജയില്‍
പയ്യപ്പയ്യെ നടന്നിടുന്നസമയം പിന്നാലെ വന്നിട്ടു ഞാന്‍
മെയ്യെന്‍മെയ്യിലമര്‍ത്തി നിന്റെ വദനം കൈയാലുയര്‍ത്തീടവേ
‘അയ്യയ്യേയൊരു നാണമില്ലെ’യിവിധം കൊഞ്ചീലയോ ഹൃദ്യമായ് ?
ശാര്‍ദ്ദൂലവിക്രീഡിതം.

തേനിന്‍ മാധുര്യമോലും പലപല കവിത,ശ്ലോകമെല്ലാം രചിച്ചും
ഗാനം‌പോലിന്നതെല്ലാം മധുരമധുരമായാലപിച്ചും രമിച്ചും
വാനത്തോളം വളര്‍ന്നിട്ടതിലൊരു ഞെളിവും കാട്ടിടാതേ രസിച്ചും
മാനത്തോടേവരോടും മൃദുതരമിടപെട്ടീടുമീ ഷാജി രമ്യന്‍.
സ്രഗ്ദ്ധര.

തെളിഞ്ഞു വാനിലീ പ്രഭാസമേകിടും
മതിയ്ക്കു ചുറ്റിലും നിരന്നു താരകള്‍
ഇതെത്ര സുന്ദരം,തരുന്നു പക്വമാം
കവിത്വമാര്‍ന്നവര്‍ക്കുദാത്ത ദര്‍ശനം.
പ്രഭാസം....(നവീനവൃത്തം.)
ജരം ജരങ്ങളില്‍ പ്രഭാസമായിടും

സരോരുഹങ്ങളീ സരസ്സിലാകവേ
നിരന്നിടുന്നിതാ,മനോഹരീ വരൂ
അതൊന്നെടുത്തു നിന്‍മുടിയ്ക്കു ശോഭയായ്
അണിഞ്ഞു നില്‍ക്കുകില്‍ തുടിക്കുമെന്‍മനം.
പ്രഭാസം.

No comments:

Post a Comment