ശ്ലോകമാധുരി.15
സുമുഖി നീ വരുകെന്നുടെ ചാരേ
മധുരഗാനമതു പാടുക ഹൃദ്യം
അതിലുണര്‍ന്നു വരുമെന്നുടെ ചിത്തം
നടനമാടിടുമതെന്നതു സത്യം.
ദ്രുതഗതി.
കളമൃദുരാഗം മുരളിയിലൂതാമതിമോദാല്‍
അതിലുളവാകും രസമിനിയേറ്റം സുഖമേകും
മധുരിതരാഗം ശ്രുതിയൊടു പാടൂ മധുവാണീ
മനമിനിയെന്നും മദഭരമാവാന്‍ വരു ചാരേ.
രസരംഗം
ലോലാപാംഗേ,ലളിതനടനം നീ തുടര്‍ന്നാലുമെന്നില്‍
ലീലാവേശം വരുകിലതിനും കാരണം നിന്റെ ലാസ്യം
കാലക്കേടാല്‍ പടുതി പലതും കാട്ടിയെന്നാലുമിന്നീ-
മാലാര്‍ന്നെത്തും സമയമിവനേ കൈവിടല്ലെന്റെ നാഥേ.
മന്ദാക്രാന്ത
നിറവൊടു പുതുവര്‍ഷം നമ്മളെല്ലാര്‍ക്കുമായി-
ത്തരുവതു വരമായി സ്നേഹസൌഭാഗ്യപൂരം
ഇതിലിനിയൊരു ലോപം വന്നിടാതെന്നുമെന്നും
കരുതണമതിനാലേ വന്നിടും ശ്രീലസൌഖ്യം.
മാലിനി.
പാടേ കടന്നു പടി,യെത്തിയൊടുക്കമീ ഞാന്‍
പാടത്തിലൂടെ നടകൊണ്ടു മടുത്തിടുമ്പോള്‍
ആടിച്ചിരിച്ചു നടമോടെയടുത്തു വന്നെ-
ന്നാടല്‍ കളഞ്ഞു മടി തീര്‍ത്തു തരും സമീരന്‍ .
വസന്തതിലകം
‘ഭാരം കുറയ്ക്ക‘ പതിവായിതു ചൊല്ലി വൈദ്യര്‍
ഭാര്യയ്ക്കുമുണ്ടു പരിദേവനമിപ്രകാരം
ഭ്രാന്തെന്നു ചൊല്ലി ചിരിയോടെ നടന്നു, ഹൃത്തില്‍
ഭാരം വരുത്തുവതു ഭാര്യയതെന്നു ഞാനും .
വസന്തതിലകം.
ഗോശാലതന്നിലിരവില്‍ നിറവോടു ജന്മം
കൈക്കൊണ്ടു ലോകഗതി മാറ്റിയതേശുനാഥന്‍
ഈ ശോകഭൂവിലിനിയാശ്രയമായി ലോകര്‍
വാഴ്ത്തുന്നിതാ കുരിശിലേറിയ പുണ്യനാമം
വസന്തതിലകം.
നാലഞ്ചുതുണ്ടു പലലങ്ങളൊളിച്ചു വെച്ചാല്‍
വാലിട്ടിളക്കി വരവുണ്ടു വിഡാലകങ്ങള്‍
മോഹത്തൊടാപലലമൊക്കെയെടുത്തുതിന്നി-
ട്ടാ ജാഹകങ്ങള്‍ വിളയാടിടുമെന്റെ ഗേഹേ.
വസന്തതിലകം.
(വിഡാലകം,ജാഹകം=പൂച്ച)
സൌനന്ദമെന്ന ഗദയേന്തിയ രാമനന്ന-
ങ്ങാനന്ദമോടെ ഹരിയോടുരചെയ്തു മന്ദം
“ഈ വന്ദനീയ കുരുവീരനിവന്റെ ശിഷ്യന്‍
സാനന്ദമേക തവ സോദരിയേയവന്നായ്”
വസന്തതിലകം.
ഇന്നെന്തിനാണു പല പൂക്കളിലിത്ര നാണം
വന്നീടുവാന്‍ , തെളിവു തേടിനടന്നു ഞാനും
എന്നോമലാളിനുടെ സുന്ദരമാം മുഖാബ്ജം
തന്നില്‍ തെളിഞ്ഞ ഛവി കണ്ടവര്‍ കൊണ്ടു നാണം.
വസന്തതിലകം.
വന്നീടുന്നൂ പുത്തന്‍വര്‍ഷം മന്ദംമന്ദം സുസ്മേരം
തന്നീടുന്നൂ നമ്മള്‍ക്കായീ പിന്നീടെന്നും സൌഭാഗ്യം
പൊന്നേ നീയെന്‍ ചാരേ വന്നാല്‍ മൌനം മൂളാമീഗാനം
വിണ്ണില്‍ താരം കണ്ണുംചിമ്മിക്കേള്‍ക്കട്ടേയീ സംഗീതം.
കാമക്രീഡ
ചാരേവന്നാല്‍ പാടാം ഞാനീ രാഗം ചേരും ഗാനങ്ങള്‍
നീയാടേണം മെല്ലേമെല്ലേ വ്രീളാലോലം ലാസ്യങ്ങള്‍
ആമോദത്താല്‍ നാമീരാവില്‍ പ്രേമാരാമം തീര്‍ത്തീടും
മാല്യം ചാര്‍ത്താം,മാറില്‍ ചേര്‍ക്കാം ആരോമല്‍ നീ വന്നാലും.
കാമക്രീഡ .
നല്ലോണം തല തോര്‍ത്തിടെന്റെ ശിവനേ,യല്ലെങ്കിലാ ഗംഗയാല്‍
വല്ലാതാം ജലദോഷമൊക്കെ ഭഗവാനുണ്ടായിടും നിശ്ചയം
ഇല്ലാ മാമല തന്നിലിന്നു വിവരം തെല്ലുള്ളവര്‍ കൂട്ടിനായ്
അല്ലേലാ തലതന്നിലേയബലയേയോടിച്ചിടില്ലേയവര്‍ .
ശാര്‍ദ്ദൂലവിക്രീഡിതം.
ആനന്ദാമൃതവര്‍ഷിണീ,മധുരമായ് പാടുന്ന ഗാനങ്ങളില്‍
സാനന്ദം വരരാഗമായി വിരിയൂ,നീയെന്‍ സുധാധാരിണീ
താരാട്ടായൊഴുകുന്നൊരീ വരികളില്‍ നീ രാഗമായീടവേ
ആരും നിദ്രയിലാണ്ടുപോകുമതിലോ തെല്ലില്ല കില്ലെന്‍ സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം
വെണ്‍കൊറ്റക്കുടചേര്‍ന്നരമ്യരഥമോ, രാവിന്‍ മണിത്തൊങ്ങലോ
മാരന്‍ തന്നുടെ വില്ലിലേ നിറവെഴും മുക്താഫലജ്യോതിയോ
നെല്ലൂര്‍ തന്നിലമര്‍ന്നുകാന്തി വിതറും ശ്രീദേവി തന്‍ ഭൂഷയോ
കാണൂ പൌര്‍ണ്ണമി തന്നില്‍ വിണ്ണില്‍ വിരിയും പൂര്‍ണ്ണേന്ദു തന്‍ ശോഭയില്‍
ശാര്‍ദ്ദൂലവിക്രീഡിതം.
എല്ലാം നല്ലതിനാവണം,വരുമൊരീ വര്‍ഷം ശുഭം നല്‍കണം
പൊല്ലാക്കാലമതൊക്കെ മാറി ശിവമായ്ത്തീരേണമീ വര്‍ഷവും
ഇല്ലാ വേറെയെനിക്കു നിന്നൊടിനിയിന്നര്‍ത്ഥിക്കുവാന്‍ ശ്രീ ഹരേ
മല്ലാരീ,മമയര്‍ത്ഥനയ്ക്കു നലമായ് നല്‍കേണമേ നല്‍വരം
ശാര്‍ദ്ദൂലവിക്രീഡിതം.
മൈലിന്ദങ്ങളണഞ്ഞിടുന്നു ബഹുധാ പുഷ്പങ്ങളില്‍ തങ്ങിടും
ചേലോലുന്ന മരന്ദഗന്ധമവയില്‍ പൊങ്ങുന്ന നാളത്രയും
കാലം മാറി മധൂളി വറ്റി മധുരം തെല്ലില്ലയെന്നാകിലോ
കോലം മാറി മധുവ്രതങ്ങളവയില്‍ ചെല്ലില്ലതും പാഠമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
(മൈലിന്ദം,മധുവ്രതം=തേനീച്ച.,മധൂളി=തേന്‍ )
പട്ടിക്കുട്ടി കുരച്ചുചാടിയൊടുവില്‍ പെട്ടെന്നു വട്ടം തിരി-
ഞ്ഞെട്ടുംപൊട്ടുമറിഞ്ഞിടാത്ത ശിശുവിന്‍ ചുറ്റും തടഞ്ഞോടിയും
ചട്ടെന്നൊട്ടു കുതിച്ചുചാടിയുടനേ കാട്ടുന്നിതാ പെട്ടിമേല്‍
വട്ടംചുറ്റിയിഴഞ്ഞിടുന്ന ഫണിയേ തട്ടിത്തെറിപ്പിക്കുവാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം.
നാണം കൊണ്ടു തുടുത്ത നിന്‍ കവിളിലേ തൂവേര്‍പ്പണിത്തുള്ളികള്‍
കാണും നേരമെനിക്കു ചെറ്റു കുതുകം തോന്നുന്നിതെന്നോമലേ
വേണം നീയൊരു ഗാനമായിയരുകില്‍ത്തന്നേ,നിനക്കായി ഞാന്‍
വേണും പോലതു പാടിടാം,മതിമുഖീ,വന്നാലുമെന്നന്തികേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇന്നില്‍ത്തന്നെ കഴിഞ്ഞിടുന്ന മനുജന്നുണ്ടായിടില്ലാ ഗുണം
മന്നില്‍ത്തന്നുടെ വൃത്തികൊണ്ടു സകലര്‍ക്കുണ്ടായിടേണം ഗുണം
എന്നോര്‍ത്തിട്ടൊരുവന്‍ തനിക്കുതനിയേ ചിന്തിക്കണം,ദുര്‍ഗുണം
തന്നില്‍നിന്നു കളഞ്ഞു സത്ക്രിയകളില്‍ ചേരുന്നതാം സദ്ഗുണം.
ശാര്‍ദ്ദൂലവിക്രീഡിതം.
ക്ഷേത്രം ചുറ്റി നടന്നു ഞാന്‍ പ്രതിപദം നാമം ജപിച്ചീടവേ
സൂത്രത്തോടെയടുത്തുവന്നു ചെവിയില്‍ മൂളുന്നതെന്തിന്നു നീ?
ഇത്രയ്ക്കെന്നൊടു സേവ കാട്ടിയനിലാ,യെന്തിന്നു വന്നന്തികേ?
മിത്രം പോലെ നടിച്ചിടില്‍ ഗുണമുടന്‍ കിട്ടീടുമെന്നോര്‍ത്തിതോ?
.ശാര്‍ദ്ദൂലവിക്രീഡിതം.
പാലാണെന്നുനിനച്ചു ശുഭ്രനിറമാം പാനീയമൊന്നാകെ ഞാന്‍
ചേലഞ്ചുന്നൊരു പഞ്ചസാരയളവില്‍ ചേര്‍ത്തൂ,കുടിച്ചൂ സ്വയം
നൂലാമാലകള്‍ പിന്നെ വന്നു വയറോ വീര്‍ത്തൂ,വിയര്‍ത്തൂ വെറും
ശീലക്കേടിലുലഞ്ഞിടുന്നിനിയിവന്‍ ചായട്ടെയീ കട്ടിലില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ശ്രീയേറും രവിശങ്കറെന്ന ഗുരുവീ ലോകര്‍ക്കു നല്‍കുന്നൊരീ
യേറ്റം നല്ലൊരു യോഗവിദ്യയതിലെന്‍ ചിത്തം പതിഞ്ഞദ്രുതം
യോഗംതന്നെ, സുദര്‍ശനക്രിയയിലൂടെന്‍ ശ്വാസവൈഷമ്യമാം
രോഗംമാറി സുഖംവരിച്ച ദിനമിന്നോര്‍ക്കുന്നു ഭക്ത്യാദരം.
ശാര്‍ദ്ദൂലവിക്രീഡിതം .
ആള്‍ദൈവങ്ങടെ മുന്നില്‍ ഞാനിതുവരെപ്പോയിട്ടുമില്ലാ,ശരി-
ക്കാരായാലുമവന്നുതെല്ലുഗുണമുണ്ടെന്നാല്‍ മതിക്കും മിതം
കാശേറെക്കളയാനിവന്നു ഗതിയായ്,വൈദ്യം പലര്‍ ചെയ്തുപോയ്
മോശം തന്നെഫലം ഭവിച്ചു,‘ക്രിയ‘യാല്‍ രോഗം ശമിച്ചത്ഭുതം.
ശാര്‍ദ്ദൂലവിക്രീഡിതം.
മണ്ണെല്ലാം വായിലാക്കി കളിയൊടു ചതുരം ഭാവമോടോടിയെത്തേ
തിണ്ണം പോറ്റമ്മവന്നങ്ങുടനുടനുടനേ വാ തുറക്കെന്നു ചൊല്‍കേ
വിണ്ണും സര്‍വ്വംജഗത്തും തെളിവൊടു വെളിവായ് കാട്ടി മന്ദം ഹസിക്കും
കണ്ണാ,നിന്‍ പുണ്യരൂപം നിറവൊടു നിറയുന്നെന്നുമെന്‍ മാനസത്തില്‍.
സ്രഗ്ദ്ധര
കല്ലും മുള്ളും ചവിട്ടീ,കരിമലകയറീ,സന്നിധാനത്തിലെത്തീ-
ട്ടില്ലാവല്ലായ്മയൊക്കേ ശരണവിളികളില്‍ പയ്യെയെല്ലാമൊഴുക്കീ
അയ്യാ, നിന്‍ പുണ്യപാദം കരളിലഭയമായ്ത്തന്നെ നിത്യം സ്മരിച്ചീ
നെയ്യാകും ജീവിതം നിന്‍നടയിലടിയനും വെച്ചു കൈകൂപ്പിനില്‍പ്പൂ.
സ്രഗ്ദ്ധര.
നവീനവൃത്തങ്ങള്‍ .
കണ്ണനും രാധയും ചേര്‍ന്ന രൂപം
കണ്ണിനും കാതിനും തൂമരന്ദം
പ്രേമവും ഭക്തിയും ചേര്‍ന്ന രാഗം
ഭാവനയ്ക്കേകിടും കാവ്യഭാവം
ഇന്ദുലേഖ.
മൂന്നു രം ഗ ത്തിലായിന്ദുലേഖാ.
ആടിയും പാടിയും നീ വരുമ്പോള്‍
ഓമലേ കാണുവാനെന്തു ഭംഗി
ശൈശവം നല്‍കിടും ചാരുഭാവം
പേശലം തന്നെയെന്നോര്‍ത്തു ഞാനും.
ഇന്ദുലേഖ.
താരകബ്രഹ്മമേ,നിന്റെ രൂപം
മാനവന്നേകിടുന്നാത്മസൌഖ്യം
കല്ലിലും മുള്ളിലും കാല്‍ ചവിട്ടി-
ക്കാണുവാനെത്തിടും ഞങ്ങളെന്നും.
ഇന്ദുലേഖ
ഇക്കാണുന്ന ചരാചരത്തിനുടയോന്‍ ശ്രീഹരേ നീ കനി-
ഞ്ഞെക്കാലത്തിലുമെന്റെ ഹൃത്തിലൊളിയായ് വാഴുമെന്നോര്‍പ്പു ഞാന്‍
ഭക്ത്യാ നിന്നുടെ മുന്നിലായടിയനും വന്നിടും നിത്യവും
മുക്കണ്ണാ തവ പാദമെന്നഭയമാം,നല്‍കിടൂ നല്‍വരം.
ശ്രീപദം
പന്ത്രണ്ടാല്‍ മസജം സരംര വരുകില്‍ ശ്രീപദം വൃത്തമാം.
തുള്ളിത്തുള്ളിയലഞ്ഞൊരാ കുലടയാം സുന്ദരിപ്പെണ്ണുതന്‍
പിന്നില്‍പ്പിന്നില്‍ നടന്നവന്‍ പ്രമദനം തീര്‍ത്തതും രോഗിയായ്
പിന്നെപ്പിന്നെയതിന്റെ ദുരിതമാം കുണ്ടിലും പെട്ടുപോയ്
പമ്മിപ്പമ്മിവലഞ്ഞൊരാ പടുതിയും കണ്ടിടില്‍ പാഠമാം
ശ്രീപദം.
Monday, January 3, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment