Monday, July 4, 2011

ശ്ലോകമാധുരി.26

വിനായകാ,നായകനായിവന്നീ-
വിനയ്ക്കു തീര്‍ത്തും പരിഹാരമേകൂ
വിനാ വിളംബം വരുകില്ലയെങ്കില്‍
വിനാശമുണ്ടാ,മതുമെത്ര മോശം.
ഉപേന്ദ്രവജ്ര.


അമ്പാടിതന്നിലൊരു ബാലകനുണ്ടു കേള്‍പ്പൂ
അന്‍‌പേറുമാശിശുവിനെന്നൊരുവന്‍ കഥിപ്പൂ
തുമ്പങ്ങളേറിയിവനാകെയുലഞ്ഞിരിപ്പൂ
ഇമ്പംതരുന്ന യദുബാലനെ ഞാന്‍ നമിപ്പൂ.
വസന്തതിലകം.

എന്തേ മനുഷ്യര്‍ ചിലരാസുരചിന്തയോടേ
ബന്ധുക്കളോടുമടരാടി നടന്നിടുന്നൂ
ചന്തംതികഞ്ഞ നരജന്മമിതേവിധത്തില്‍
കുന്തപ്പെടുത്തിവലയുന്നു സുബോധമെന്യേ.
വസന്തതിലകം.


നാണംകെടുംകുടിയൊടാടിയുലഞ്ഞു വന്നു
വേണോ ചിലര്‍ക്കു വിജയം ബഹുഘോഷമാക്കാന്‍
ആണുങ്ങളല്ലിവരമൂല്യമനുഷ്യജന്മം
ക്ഷീണംവരുത്തുമസുരര്‍ക്കുസമം ജഗത്തില്‍.
വസന്തതിലകം.


മാനത്തുനിന്നുമൊരു താരക മണ്ണില്‍ വീണൂ
മാനത്തൊടേയതിനെ ഞാനുടനേയെടുത്തൂ
മാനിച്ചു നല്ലഗതി നല്‍കി,യതിന്നെയെന്നേ
മാനിച്ചിടുന്ന വരഭാമിനിയാക്കി മാറ്റി.
വസന്തതിലകം.

‘ഒലക്കേടെ മൂടെ‘ന്നുചൊല്ലീട്ടിതെന്തേ
മലക്കം മറിഞ്ഞങ്ങു നില്‍ക്കുന്നു പെണ്ണേ
കുറേക്കാലമായീവിധത്തില്‍ നിനക്കീ
വഴക്കം വഴുക്കും വഴക്കെന്റെ നേര്‍ക്കും.
ഭുജംഗപ്രയാതം.

എടുപിടിയൊരുകാര്യം ചെയ്യുകില്‍ തെറ്റുപറ്റാം
നടപടിയതില്‍ മേലേ വന്നിടാം,ശ്രദ്ധ വേണം
കടുകിടെയിതില്‍ മാറ്റം വന്നിടാതൊന്നു നോക്കാ-
മുടനടി ഫലമുണ്ടാമെങ്കിലീ വാക്കു കേള്‍ക്കാം.
മാലിനി.


ഒരുപിടിയവില്‍മാത്രം നിന്നെ സം‌പ്രീതനാക്കാന്‍
മതി,യതു തെളിയിച്ചൂ നീ കുചേലന്റെ തോഴന്‍
അതിനൊരു ഗതിയില്ലാത്തോനിവന്‍ നിന്റെ മുന്നില്‍
വരുവതിനൊരു സൂത്രം ചൊല്ലുമോ സൂത്രശാലീ ?
മാലിനി.

ആടിക്കാറണിമുത്തുവാരി വിതറിപ്പോകുന്ന നേരം കളി-
ച്ചോടിച്ചാടിയതില്‍ക്കുളിച്ചു തനയന്‍ മെല്ലേ ഗൃഹം പൂകവേ
മാടിക്കോതി മുടിക്കുമുത്തമിടുവാന്‍ പോറ്റമ്മ ചെല്ലും വിധൌ
ഓടിച്ചാടിയൊളിച്ച ഗോകുലമണിക്കുഞ്ഞിന്നു ഞാന്‍ കൈതൊഴാം
ശാര്‍ദ്ദൂലവിക്രീഡിതം.

കല്യാണത്തിനു കാലമായി,തരുണിക്കെന്നും ഗുണം വന്നിടാന്‍
തുല്യംവന്നിടുമാളൊരാള്‍ക്കവളെയങ്ങേകാന്‍ ശ്രമിച്ചച്ഛനും
മൂല്യം നോക്കിവരുന്നൊരാളിലവളേ ചേര്‍ക്കേണമെന്നോര്‍ക്കിലും
മൂല്യം സ്വര്‍ണ്ണമണിക്കുനല്‍കുമൊരുവന്നേകൊല്ല, ദൌര്‍ഭാഗ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.


കൈശ്യം ശോഭിതമാക്കിടും മലരുകള്‍ക്കുള്ളോരു ചന്തത്തിലും
വശ്യം നിന്‍ വദനാംബുജം,പറയുവാന്‍ കില്ലില്ല തെല്ലും പ്രിയേ
കാര്‍ശ്യം വന്നൊരു വള്ളിപോലെയിളകും നിന്മേനിയില്‍ പൂവുപോല്‍
ദൃശ്യം വന്നിടുമാ മലര്‍ മുകരുവാന്‍ മോഹിപ്പിതെന്‍ മാനസം.
ശാര്‍ദ്ദൂലവിക്രീഡിതം.

No comments:

Post a Comment