Friday, July 22, 2011

ശ്ലോകമാധുരി.28

ശ്ലോകമാധുരി.28
“ബുദ്ധിമുട്ടിടുകിലെത്രകാര്യവും
ശ്രദ്ധയോടെ പരിപൂര്‍ണ്ണമാക്കിടാം“
ബുദ്ധിപൂര്‍വമിതു നോക്കിടുന്നൊരാള്‍
വൃദ്ധിയോടെ മരുവുന്നിതെപ്പൊഴും.
രഥോദ്ധത.

പറയരുതു നടക്കാത്ത കാര്യം
പറയുകിനിയെതാ നിന്റെ മാര്‍ഗ്ഗം
പിഴവരുകിലെനിക്കില്ല കുറ്റം
പഴിപറയുവതിന്നില്ല ഞാനും.
ചിത്രവൃത്ത.

ശലഭമിളകിടുന്നീ വനിക്കും
കളമൊഴികളുതിര്‍ക്കും കിളിക്കും
അലകടലിലൊടുങ്ങും നദിക്കും
ലളിതമധുര ഭാവം ശരിക്കും.
ചിത്രവൃത്ത

ഗജമുഖവരദാ,കേള്‍ക്കണമിതു നീ
നിരതരമിവനും നല്‍കണമഭയം
സകലതുമവിടേക്കായിത തരുവേന്‍
കരുണയൊടിവനേ കാത്തരുളുക നീ
മംഗളഫലകം.

അറിയുക മധുമൊഴി, നിരനിരയായ്
മലരുകള്‍ വനികയില്‍ വിടരുകയായ്
പ്രിയസഖി,വരുകിനി മധുരിതമായ്
പകരുക മധുരിമ സുഖകരമായ്.
അഘഹരണം.

ഉണ്ടാകയില്ല ഹൃദി ഖേദമിവന്നു തെല്ലു-
മെല്ലാം വരുത്തുവതുമീശ്വരനിശ്ചയം താന്‍
അല്ലാതെ നാമതിനു കാരണമോതിടാനായ്
പൊല്ലാതെ ചാടിടുകിലൊക്കെ മടത്തരം താന്‍.
വസന്തതിലകം.

കോലം വിചിത്ര,മൊരു പെണ്ണു ജടയ്ക്കു ഭാരം
ശൂലം കരത്തി,ലിളകുന്നഹികള്‍, ത്രിനേത്രം
നീലം കലര്‍ന്നവരകണ്ഠ,മിതേവിധത്തില്‍
കാലാരി,നിന്മഹിതരൂപമിവന്‍ നമിപ്പൂ.
വസന്തതിലകം.

മുങ്ങുന്നു നിന്‍ ചിരിയിലെന്റെ വിഷാദമെല്ലാം
വിങ്ങുന്ന ചിത്തമൊരു പൂവനമായി മാറീ
പൊങ്ങുന്നു ചിന്തകളില്‍ നിന്റെ മുഖാരവിന്ദം
തിങ്ങുന്നു ഹര്‍ഷ,മിനിയെന്തു പറഞ്ഞിടാവൂ!
വസന്തതിലകം.

രാകാനിശാകരനുദിച്ചുയരുന്ന കണ്ടാല്‍
ആകാശസീമനിയൊരംബുജമെന്നുതോന്നും
താരങ്ങളൊക്കെ നറുമുത്തുകളെന്നപോലേ
നേരേനിരന്നു,ദൃശമെത്രയവര്‍ണ്ണനീയം!
വസന്തതിലകം.

വീണാധരന്റെ വരവീണയില്‍ നിന്നു കാതില്‍
വീണോരു നാദലയവീചികളെത്ര ദിവ്യം
വീണത്തരങ്ങളൊഴിവക്കിടുമാ സ്വരങ്ങള്‍
വീണാക്കിമാറ്റിടുകിലോര്‍ക്കതരക്കജന്മം.
വസന്തതിലകം.

ദ്യോവില്‍ ദ്യുതിയോടേ പരിശോഭാഞ്ചിതമായി-
ട്ടീമട്ടൊളിതൂകും ശശിബിംബം വരവായീ
താരാഗണമദ്ധ്യേ മണിദീപം തെളിവായി-
ട്ടാരാണു കൊളുത്തുന്നിതു ഹൃദ്യം നിറവായീ !
മദനാര്‍ത്ത.

ശോകം വന്നാലാരിലുമുളവാം കദനരസം
പോകാന്‍ വേണ്ടീട്ടോര്‍ക്കുക ഭഗവത്പദകമലം
ദുഃഖം പോക്കീട്ടാക്ഷണമുടനേ സുഖമരുളും
വൈക്കം വാഴും ശങ്കരഭഗവാനിവനഭയം.
സാരസകലിക.

ഒഴിവുകള്‍ പറയേണ്ടാ,വന്നിടേണം,ശരിക്കും
മൊഴികളില്‍ മധുവൂറും ശ്ലോകമെല്ലാം ശ്രവിക്കാം
വഴിവഴിയിനിയെല്ലാം ഭാഗ്യമാവും നമുക്കും
കഴിവുകള്‍ മിഴിവോടേ പീലിനീര്‍ത്തും,രസിക്കാം.
മാലിനി.

അമ്മേ നിന്നുടെ മുന്നില്‍ വന്നിതുവിധം കൈകൂപ്പിനില്‍ക്കും വിധൌ
ചെമ്മേ വിട്ടൊഴിയുന്നിതെന്നഴലുകള്‍ പൊന്തുന്നിതാഹ്ലാദവും
ഇമ്മട്ടെന്നുമിവന്നു വന്നിവിടെനിന്നാത്മാര്‍ത്ഥമായ് പൂജയില്‍
സമ്മോദംമുഴുകാന്‍ വരങ്ങള്‍ തരു നീ ,സര്‍വ്വേശ്വരീ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

കണ്ണില്‍ പൂക്കണിപോലെയെന്നുമണയാനുണ്ടായിരുന്നന്നൊരാള്‍
ഉണ്ണാന്‍ ചോറു,മുടുക്കുവാന്‍ തുകിലുമായ് സസ്നേഹമെത്തുന്നൊരാള്‍
മണ്ണില്‍ കുത്തിമറിഞ്ഞിടുന്നൊരിവനേ ലാളിച്ചെടുക്കുന്നൊരാള്‍
വിണ്ണില്‍ താരകമായിയിന്നു തെളിയുന്നെന്നമ്മയാം പൊന്‍‌കതിര്‍.!
.
ശാര്‍ദ്ദൂലവിക്രീഡിതം

കണ്ണും പൂട്ടിയിരുന്നിടുന്നസമയത്തെന്‍ മുന്നിലായ് വന്നിടും
കണ്ണന്‍,കള്ളനവന്നുവേണമുറിയില്‍ തൂങ്ങുന്ന വെണ്ണക്കുടം
“ഉണ്ണാനിന്നിവനൊന്നുമില്ല തരുമോ, ഉണ്ണിക്കിടാവല്ലെ”യെ-
ന്നെണ്ണംചൊല്ലുമവന്നു വെണ്ണയുടനേ നല്‍കാന്‍ തുടിച്ചെന്‍മനം
ശാര്‍ദ്ദൂലവിക്രീഡിതം.

താരാര്‍മാതിനു തുല്യമായ നിറവോടൊത്തുള്ള തന്വംഗിയാള്‍
നേരേ പോയി വനാന്തരേ പതിയൊടൊത്താനന്ദപൂര്‍വം സഖേ
ക്രൂരം ഘോരനിശാചരന്‍ ഹരണവും ചെയ്‌തെങ്കിലും കാന്തനാ-
പോരില്‍ ദുഷ്ടനെ നിഗ്രഹിച്ച ചരിതം ചൊല്ലുന്നു രാമായണം.
ശാര്‍ദ്ദൂലവിക്രീഡിതം.

തേനും തേടിയലഞ്ഞിടുന്ന മധുപാ, വന്നാലുമെന്നന്തികേ
തേനോലുംമൊഴിയാളൊടെന്റെ ചരിതം ചൊല്ലീടണം പോയി നീ
ഊനം വന്നുവലഞ്ഞു ഞാനിവിടെയീ മട്ടില്‍ കഴിഞ്ഞീടിലും
നൂനം മാന്മിഴിതന്റെ ചിന്ത നിനവില്‍ തേന്‍മാരിയായ്,ചൊല്ലു നീ.
ശാര്‍ദ്ദൂലവിക്രീഡിതം

ഭാരംഭാരമിതെന്നുതാനിതുവിധം ചൊല്ലേണ്ട ഭദ്രങ്ങളേ
ദൂരം പോകണമോര്‍ക്കണം,ക്ഷണമിതാ രാവായിടും നിശ്ചയം
ക്രൂരം ചേര്‍ന്ന മൃഗങ്ങള്‍ വാഴുമടവീതീരം കടന്നാലുടന്‍
നേരം തെല്ലു കിടന്നിടാ,മശനമാം,ക്ഷീണം ക്ഷണം തീര്‍ന്നിടും.
ശാര്‍ദ്ദൂലവിക്രീഡിതം.
( ഭദ്രം=കാള. )

യോഗം വേണമിതേതരം സഭയിലൊന്നെത്തീടുവാന്‍,സത്തമര്‍
യോഗം കൂടുമിടങ്ങളാണു ഭഗവ‌ത്‌സാന്നിദ്ധ്യമാവുന്നതും
യോഗം കൊണ്ടു മനസ്സുകള്‍ക്കു സുഖമായീടും ക്ഷണം,നിത്യവും
യോഗം പോലിവിടൊന്നിരിക്ക സഖരേ,യാനന്ദമാമെപ്പൊഴും..
ശാര്‍ദ്ദൂലവിക്രീഡിതം.

‘ശ്ലോകത്തില്‍ കഴിയാ‘നിവന്നു കൊതിയുണ്ടെന്നാലുമീ വേദിയില്‍
ശ്ലോകങ്ങള്‍ ചിലതൊക്കെയിന്നു വിരചിച്ചീടുന്നു സംസിദ്ധിയില്‍
ശോകം വന്നു പെരുത്തിടും സമയമെന്‍ പാങ്ങൊത്തവണ്ണം കുറേ
ശ്ലോകം തീര്‍ത്തിടു,മക്ഷണം മറയുമെന്‍ ശോകം,വരും സൌഖ്യവും.
ശാര്‍ദ്ദൂലവിക്രീഡിതം.

സാദ്ധ്യം സാദ്ധ്വസമായ ചിന്തപെരുകില്‍ നിഷ്‌കര്‍മ്മമാം ദുഷ്‌ഫലം
സിദ്ധിക്കേണമതൊന്നുദൂരെ വെടിയാനുള്‍ത്താരിലേറ്റം ബലം
ശുദ്ധന്മാരിലുമാത്മശക്തികുറവുള്ളോര്‍ക്കും ഭയം വന്നിടും
ശ്രദ്ധിച്ചാലതു നീക്കിടാന്‍ ശ്രമമതാല്‍ സാദ്ധ്യം,പ്രവര്‍ത്തിച്ചിടാം.
ശാര്‍ദ്ദൂലവിക്രീഡിതം.

ദൃഷ്ടിദോഷമതു പെട്ടുപോകിലുടനുപ്പുചേര്‍ത്തു കടുകും ക്ഷണം
കുട്ടിതന്റെ തലചുറ്റില്‍ മൂന്നുഴിയവേണ,മോതു ശിവനാമവും
“പെട്ടദോഷമുടനൊക്കെയൊക്കെയൊഴിവാക്കി നല്‍ക,ശിവശങ്കരാ”
ഇത്തരത്തിലുരുവിട്ടു മുഷ്ടിയിലെ വസ്തു തള്ളിടുകയഗ്നിയില്‍.
കുസുമമഞ്ജരി.

സത്യമാണു,ചില മത്തകാശിനികളൊത്തുവന്നു ചിരി തൂകവേ
വൃത്തമാര്‍ന്ന വരകാവ്യഭാവമുടനേയുദിപ്പു ഹൃദി ദൃഷ്ടമായ്
ഒത്തവണ്ണമതു പാദമാക്കി നിരയായ് നിരത്തി പദഭംഗിയില്‍
ചേര്‍ത്തുതീര്‍ത്ത നവകാവ്യമുത്തുകള്‍ തിളങ്ങിടുന്നതുലശോഭയില്‍.
കുസുമമഞ്ജരി

സത്തെഴും തരുണി മുഗ്ദ്ധരാം സഖികളൊത്തുചേര്‍ന്നു വനിയില്‍ കട-
ന്നൊത്തപോലെവിളയാടിടുന്ന സമയത്തു ഭൃംഗകമടുത്തതും
ഉത്തമോത്തമനൃപാലനാ ഭസനശല്യമൊക്കെയൊഴിവാക്കിവെ-
ച്ചത്തല്‍തീര്‍ന്ന തരുണിക്കു തന്റെ വരപത്നിതന്‍ പദവുമേകിപോല്‍!
കുസുമമഞ്ജരി

ഏവം ഞാന്‍ ചൊല്ലിടുമ്പോള്‍ ഹൃദിയതിവിഷമം തോന്നിടുന്നെന്റെ തത്തേ
പാവം ഞാനിങ്ങിരിപ്പൂ കവിതകള്‍ നിറവില്‍ തീര്‍ക്കുവാനാര്‍ത്തിയോടേ
ആവും‌പോല്‍ വന്നുനീയെന്‍ രചനകള്‍ മിഴിവാര്‍ന്നുള്ളതായ് മാറ്റുവാന്‍ സദ്-
ഭാവം നല്‍കേണമെന്നും,ച്യുതിയതിലുളവായാല്‍ ഫലം ചിന്തനീയം.
സ്രഗ്ദ്ധര.

തരുനിരനീളേ നിറവൊടു പൂത്തൂ,വനികയിലെത്തി വസന്തം
മധുമൊഴി നീയെന്നരികിലിരുന്നാലുണരുവതെന്നനുരാഗം
പരിഭവമൊന്നും പറയരുതെന്നോടിവനതു കേള്‍ക്കില്‍ വിഷാദം
പ്രിയസഖി,നീയാ മധുരിതഗാനം ലയമൊടു പാടതിമോദം.
കളത്രം.

വാനില്‍ ദ്യുതിയൊടു വരുവതു നോക്കൂ, ശശികല സുന്ദരിയായീ
കൂടെത്തെളിവൊടു തെളിയുമുഡുക്കള്‍ക്കവളൊരു പുഞ്ചിരിയേകീ
വിണ്ണില്‍ വിമലതയളവുകവിഞ്ഞൂ,നിശയുടെ നീലിമ മാഞ്ഞൂ
മണ്ണില്‍ കമനികള്‍ വിരഹതപത്തിന്‍ വ്യഥയിലുലഞ്ഞു വലഞ്ഞൂ.
ശശികല.

പത്തരമാറ്റില്‍ നിനക്കു തരാനൊരു മാലതിരഞ്ഞു നടന്നിവനാ
പട്ടണമാകെയലഞ്ഞുവലഞ്ഞു കനത്തവിലയ്ക്കിതു വാങ്ങി സഖീ
മുത്തണിമാറില്‍ നിനക്കണിയാനിവനൊത്തിരിയാശയൊടേകി മുദാ
മുത്തുപൊഴിഞ്ഞതുപോല്‍ ചിരിതൂകി ലസിച്ചു നടന്നു രസിക്കുക നീ.
മദിര.

ശ്ലോകപദങ്ങളില്‍,ഭാരതി,നിന്‍ദ്യുതി വേണമതെന്നുടെയര്‍ത്ഥനയാം
നീ കനിവോടിവനാവരമൊന്നു തരേണമതിന്നിനി വൈകരുതേ
ആകുലഭാവമതൊക്കെ വെടിഞ്ഞു മികച്ചപദങ്ങള്‍ നിരത്തിടുവാന്‍
പാകമെനിക്കുവരുന്നതു നിന്‍ വരദാനമതെന്നുമറിഞ്ഞിതു ഞാന്‍.
മദിര.

ധരണിയുടനെടുത്തുചെന്നാഴ്ന്നവാരാന്നിധിക്കുള്ളിലേയ്ക്കോടിയോന്റക്രമം തീര്‍ത്തവന്‍
ജലധിയതിസുബദ്ധമായ് മന്ഥനം ചെയ്യവേ താഴ്ന്നുപോം മന്ഥരം പൊക്കിവെച്ചുള്ളവന്‍
പരമശിവവിഹാപിതം വില്ലൊടിച്ചെന്നതാല്‍ സീതയേ മംഗലം ചെയ്തു പേരാര്‍ന്നവന്‍
അലകടലിലിതെന്നുതന്‍ ഗേഹമാക്കീട്ടു സംരക്ഷണം ചെയ്യുമാ വിഷ്ണുരൂപം ഭജേ.
ചണ്ഡവൃഷ്ടിപ്രയാതം.(ദണ്ഡകം).

No comments:

Post a Comment