Thursday, July 28, 2011

ശ്ലോകമാധുരി.29 .

ശ്ലോകമാധുരി.29 .
വനിയില്‍ വിടരുമീ സുമങ്ങളില്‍
നിറയെ നിറയുമാ മരന്ദവും
പവനനവയിലേ സുഗന്ധവും
തഴുകി മദമൊടേയണഞ്ഞിടും.
ഭദ്രക.

സകലകലയിലും മികച്ചതായ്
കവനകലയതാം നിനയ്‌ക്ക നീ
കഴിവു തികയുമീ കരത്തിനാല്‍
കവിതയെഴുതുവാന്‍ സുഖം സഖീ.
ഭദ്രക.

സുമുഖീ,സുഖം പകരുമധരം
മൃദുവായ് വിടര്‍ത്തിടുകിലതില്‍ ഞാന്‍
കുസൃതിത്തരത്തിലൊരു മധുരം
പകരും,മറുത്തുപറയരുതേ.
ശുഭചരിതം.

ശലഭം പറന്നുയരുമളവില്‍
കവിതാപദങ്ങളവ നിരതം
നിറവായുണര്‍ന്ന മമ ഹൃദയേ
മധുരം പെരുത്തു,സുഖനിമിഷം!
ശുഭചരിതം.

ഭൂവാണു മാതാവു നമുക്കുമാര്‍ക്കും
ഭൂമിക്കു ചാര്‍ത്തില്ല ഖലര്‍ മഹത്ത്വം
ഭൂയോപി ദണ്ഡിച്ചു നശിച്ചുപോയാല്‍
ഭൂവില്‍ വരും ദുര്‍ഗ്ഗതിയോര്‍ത്തിടേണം.
ഇന്ദ്രവജ്ര.

കളയുക മാനിനി വിഷമതയെല്ലാം
അണയുകയായൊരു മധുരവസന്തം
മലരു നിറഞ്ഞൊരു മധുവനിതന്നില്‍
പ്രിയസഖിയെന്നുടെയരികിലിരിക്കൂ.
ലളിതശരീരം.


ഉള്ളില്‍ കടന്നു തിരയുന്നവനാത്മബോധാല്‍
കള്ളത്തരങ്ങള്‍ വെളിവാക്കുമനന്തശായീ
പൊള്ളത്തരങ്ങളവയൊക്കെയകറ്റിടാനെ-
ന്നുള്ളത്തില്‍ വന്നു കുടികൊള്‍കയനന്തമായി.
വസന്തതിലകം.

ധൂര്‍ത്താണു കാരണമതൊക്കെ നിനച്ചു പാര്‍ത്താല്‍
ആര്‍ക്കാണു നഷ്ട,മൊരു കഷ്ടമിതെന്നു ചൊല്ലാം
വക്കാണമൊന്നുമിനി വേണ്ട ശനിഗ്രഹത്താല്‍
ആര്‍ക്കുന്ന പീഡയിതു മാറ്റിടുമാഞ്ജനേയന്‍.
വസന്തതിലകം.


ഭീമന്റെ പുത്രി,യരയന്നമുരച്ച വാക്കില്‍
ഖേദം കളഞ്ഞു തെളിവോടെ കഥിച്ചു മന്ദം
“ആ രാജരാജനുടെ ഭാമിനിയായി മാറാന്‍
പാരാതെ ഞാന്‍ വരണമാല്യമൊരുക്കുമോര്‍ക്ക“
വസന്തതിലകം.

വ്യോമം കറുത്തു,ഘനമേഘമുയര്‍ന്നതെല്ലാം
നേരേ നിരന്നിരുളുമിന്നു പടര്‍ന്നു നീളേ
ഈ ഘോരദൃശ്യമുയരുന്ന നഭോതലത്തില്‍
ഭാഗ്യാംശു പോല്‍ പിണറു മിന്നി മറഞ്ഞിടുന്നൂ
വസന്തതിലകം.


വൃദ്ധി,ക്ഷയങ്ങളൊരുവന്നു ജഗത്തിലുണ്ടാം
ദുഃഖിക്കവേണ്ടയിവയൊക്കെയലംഘനീയം
ചിത്തത്തിലാത്മബലമോടിവയേറ്റുവെന്നാല്‍
സൌഖ്യം ലഭിക്കുമതിലില്ലൊരു സംശയം മേ.
വസന്തതിലകം.


അര്‍ക്കാ,നിന്നൊടെനിക്കസൂയ പെരുകുന്നെന്താണതിന്‍ കാര്യമെ-
ന്നോര്‍ക്കാനൊട്ടു സുഖം വരില്ല,യതിനാലോതുന്നു ഞാനീവിധം
തര്‍ക്കം വിട്ടു വിരിഞ്ഞിടുന്നു ജലജം നിന്‍ ദര്‍ശനം കിട്ടിയാല്‍
മറ്റാര്‍ക്കും മുഖമേകിടാതെ കുമുദം കൂമ്പുന്നു നീ പോകവേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചക്രം പോലെയുഴന്നിടുന്നു ഭുവനേ മുജ്ജന്മപാപങ്ങളാല്‍
ശീഘ്രം വന്നു തുണയ്ക്ക വിഷ്ണുഭഗവാനേ കഷ്ടമായ് ജീവനം
നക്രം പണ്ടുകടിച്ചുലച്ച കരിയേ നീയല്ലൊ രക്ഷിച്ചവന്‍
ചക്രാ ഞാനറിയുന്നു,നിന്റെ കരുണയ്ക്കായിന്നു കേഴുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

പള്ളിക്കൂടമടുത്തിടുന്ന സമയ‘ത്തയ്യോ‘ കരഞ്ഞങ്ങനേ
കള്ളം ചൊല്ലി മടിച്ചു നിന്നു തുടരേ മല്ലാടിനിന്നീടവേ
“ഉള്ളില്‍ പോക,നിനക്കു തല്ലു തരുമെ“ന്നോതുന്നൊരമ്മേ കടി-
ച്ചള്ളിത്തുള്ളിനടന്നകാലമിവനിന്നോര്‍ക്കേ രസിപ്പൂ മനം.
ശാര്‍ദ്ദൂലവിക്രീഡിതം.


മുന്നേ തന്നെയറിഞ്ഞിടേണമിവരാണൊന്നാംതരം ഗായകര്‍
ചിന്നും പഞ്ചമരാഗധാര നിരതം,പൊന്തീടുമാനന്ദവും
മാകന്ദാവലിപൂത്തിടുന്നസമയത്തൊന്നായ് വസന്തദ്രുമേ
ആനന്ദത്തൊടു പാടുമീ സദിരിതിന്‍ തുല്യം വരില്ലൊന്നുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.


മുറ്റും ശോഭയിയന്ന വാടികകളില്‍ ചാഞ്ചാടിടും പൂക്കളില്‍
ചുറ്റും വണ്ടിനുമുണ്ടൊരുണ്മ നിറയും ചിത്തം കവിക്കുള്ളപോല്‍
നിത്യം പൂക്കളിലെത്തിടുന്ന സമയം വര്‍ണ്ണത്തിലാകൃഷ്ടനായ്
ഹൃദ്യം പാട്ടുകളെത്രയെണ്ണമവനും മൂളുന്നിതാമോദമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.


ശക്തിക്കൊത്തവിധത്തിലിഷ്ടവഴിപാടെല്ലാം കഴിച്ചീവിധം
മുക്തിക്കായലയുന്നിതെന്നുമിതുപോല്‍ ക്ഷേത്രങ്ങളില്‍ ക്ഷാന്തമായ്
ഭക്തന്മാരെയതിപ്രസന്നവതിയായ് ക്ഷിപ്രം തുണക്കും ശിവേ
ശക്തീ,മാമകഹൃത്തില്‍ നിത്യമുണരൂ മുക്താഫലജ്യോതിപോല്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


ഹന്ത! കാണുകിതു സുന്ദരം സുമഗണങ്ങളീവനിയിലാര്‍ക്കവേ
എന്തു ചന്തമിതു കണ്ടുകണ്‍കുളിരെയാസ്വദിപ്പതിനു ഭാഗ്യമായ്
ചിന്തവേണ്ട,നവവര്‍ണ്ണമാര്‍ന്ന ദൃശമൊക്കെനല്‍കി വിധിപോലവേ
ബന്ധുരം കവിതതീര്‍ക്കുവാനിവനു യോഗമേകുവതുമീശ്വരന്‍.
കുസുമമഞ്ജരി
****************************************************************

No comments:

Post a Comment