Friday, August 5, 2011

ശ്ലോകമാധുരി.30

ശ്ലോകമാധുരി.30 .

കാല്‍ക്കഴഞ്ചു സുഖമില്ലെനിക്കു നിന്‍
കാല്‍ക്കലാണഭയമെപ്പൊഴും ഹരേ
കാക്കവാഹനനടുത്തുകൂടവേ
കാക്കണേ,ദുരിതനാശനാ,ശിവാ
രഥോദ്ധത.

മരിച്ചുപോവുന്ന ദിനം വരേക്കും
ധരിത്രിയില്‍ ജീവനമാര്‍ക്കുമാര്‍ക്കും
ഒരിറ്റു മോദം സഹജര്‍ക്കുനല്‍കാന്‍
തരത്തിലായാലതുതന്നെ പുണ്യം.
ഉപേന്ദ്രവജ്ര.

വിദഗ്ദ്ധമായിന്നിതു ചൊല്ലിടാം ഞാന്‍
വിശുദ്ധനാട്യം ചിലതാചരിച്ചാല്‍
സമൃദ്ധമായെത്തിടുമോക്കരെല്ലാം
സമൃദ്ധിയായ് ദക്ഷിണവെച്ചു കൂപ്പും.
ഉപേന്ദ്രവജ്ര.


കൃപയോടിവനെന്നുമെന്നുമേ
തുണയേകീടണമേ കൃപാകരീ
അതിനായിവനിന്നു നിന്‍ കഴല്‍
മതിപോല്‍തൊട്ടു തൊഴുന്നിതീശ്വരീ .
വിയോഗിനി


അത്യന്തസുന്ദരകളേബരഭംഗിയോടേ
നിത്യം മനസ്സിലുണരും മുരളീധരാ നീ
ഹൃദ്യങ്ങളാം മധുരരാഗമുയര്‍ത്തിടുമ്പോള്‍
സത്യം ഹൃദന്തമൊരു നന്ദനമായി മാറീ.
വസന്തതിലകം.

കൂട്ടാനെനിക്കു ചിതമാണു വിശേഷമായി
കൂട്ടാനുമുണ്ടിവിടെയൊട്ടധികം കണക്കില്‍
കൂട്ടാന്‍ തുടങ്ങിടുകില്‍ തൃപ്തിവരും വരേക്കും
കൂട്ടുന്നു ഞാനവ മുഴുക്കെ കണക്കുനോക്കി.
വസന്തതിലകം.

തുഞ്ചന്‍ മഹാകവിപദത്തിലിരിപ്പു ഹൃദ്യം
തുഞ്ചത്തുതാന്‍ ഗണന നല്‍കുക നമ്മള്‍ നിത്യം
തുഞ്ചുന്നവന്നു ഗതിനല്‍കിടുമെത്ര കാവ്യം
തുഞ്ചന്റെ തൂലികയിലഞ്ചിതമായി ദിവ്യം.
വസന്തതിലകം

ഭവാനീപതേ,നിന്റെ പാദം നമിക്കാം
ഭവത്സാഗരം താണ്ടുവാനെന്റെ മാര്‍ഗ്ഗം
ഭവിക്കേണമെന്നും ഭവത്പാദപത്മേ
ഭവിക്കും പ്രഭാവത്തിനാല്‍ സ്വച്ഛദീപ്തം.
ഭുജംഗപ്രയാതം.


കരവിരുതിവനുണ്ടാമെങ്കിലും വാണിമാതേ
വരമിവനവിടുന്നിന്നേകിലെന്‍ ഭാഗ്യമേറും
തെരുതെരെ മധുവൂറും ശ്ലോകപുഷ്പം വിടര്‍ത്താന്‍
തരുകൊരു കവിജന്മം,നിന്നെയെന്നും നമിപ്പൂ.
മാലിനി.

ഹൃദയകമലവാസീ, വാണിമാതേ,തുണയ്ക്ക
സദയമിവനിലെന്നും നിന്‍‌വരം തൂകവേണം
പദഗതിയിവനെന്നും വിഘ്നമെന്യേ ലഭിക്കാന്‍
പദമലരിവനെന്നും പൂജ ചെയ്‌വൂ, നമിപ്പൂ.
മാലിനി.


ആരാമത്തിലൊരപ്സരസ്സു കളിയാടീടുന്നപോലന്നു നീ
നേരേയെന്റെ മനസ്സിലേറി വിളയാടാനെത്തിയെന്നോര്‍ത്തു ഞാന്‍
ഓരോ ബാധ വരുന്നപോലെയൊഴിയും ചൊല്ലുന്നിതെല്ലാരുമി-
ന്നാരേ ഞാന്‍ പഴി ചൊല്ലിടും,പതിയെ നീ ദുര്‍ബാധയായ് ബോദ്ധ്യമായ്!
ശാര്‍ദ്ദൂലവിക്രീഡിതം.

ആരോമല്‍ കവിതയ്ക്കു വൃത്തനിറവില്‍ ഹാരം പണിഞ്ഞാദരാല്‍
ആരോ ചാര്‍ത്തിടുമെന്നുറച്ചു കഴിയേ കാണുന്നിവന്‍ സ്പഷ്ടമായ്
ആരോ വന്നുപിടിച്ചുലച്ചു തനിമാധുര്യം കളഞ്ഞിങ്ങനേ
ആരോഹം തകരാറിലാക്കി,വികൃതം കേഴുന്നു കാവ്യാംഗന.
ശാര്‍ദ്ദൂലവിക്രീഡിതം.

ഉച്ചത്തില്‍ പടുപാട്ടുപാടിയിതുപോല്‍ ചെറ്റത്തരം കാട്ടിയാല്‍
വെച്ചേക്കില്ല,നിനക്കു ഞാനടിതരും, കൊച്ചല്ല കൊഞ്ചീടുവാന്‍
സ്വച്ഛം ഞാനിവിടൊന്നിരുന്നു നദിതന്‍ ഗാനം ശ്രവിച്ചീടവേ
മൂച്ചില്‍ വന്നു കടിപ്പതെന്തു കൊതുകേ, വെക്കം ഗമിച്ചീടു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.


ഏവം മാനുഷര്‍ ചിന്തവിട്ടു ഞെളിയുന്നീമണ്ണില്‍ ഗര്‍വത്തൊടേ
ആവും മട്ടു പടുത്തുവെച്ച മണിഹര്‍മ്മ്യത്തില്‍ സ്വയം മന്നനായ്
പാവം കാണുവതില്ലിതൊന്നുമൊടുവില്‍ ചേരില്ല, സൌഖ്യം തരാന്‍
ആവാമാറടിമണ്ണുമാത്രമതിലാണന്ത്യം, മറന്നീടൊലാ.
ശാര്‍ദ്ദൂലവിക്രീഡിതം.

തിങ്ങിത്തുള്ളി ലസിച്ചിടുന്ന വിവിധം വര്‍ണ്ണോജ്ജ്വലം പൂക്കളില്‍
പൊങ്ങിപ്പാറിയടുത്തു വന്നു മധുരം തെണ്ടുന്നു തേന്‍‌വണ്ടുകള്‍
മങ്ങാതീവിധദൃശ്യമൊക്കെ ദിനവും നല്‍കുന്ന സര്‍വേശ്വരന്‍
തങ്ങുന്നെന്റെ മനസ്സിലേ കവിതതന്‍ വര്‍ണ്ണങ്ങളില്‍ സര്‍വ്വദാ.
ശാര്‍ദ്ദൂലവിക്രീഡിതം.


നാഗം നിന്റെ കഴുത്തിലൂടെയിഴയും നേരത്തു നിര്‍ഭീകമായ്
ഓടും മൂഷികനെപ്പിടിച്ചു പശിതീര്‍ക്കാനോങ്ങുമാ നാഗവും
കോപംപൂണ്ടു വിശന്നുവന്നിവകളേ നോക്കും മയില്‍പ്പേടയും
സിംഹം,കാള,യിവറ്റയൊത്തു കഴിയും സൂത്രം വിചിത്രം ഹരേ!
ശാര്‍ദ്ദൂലവിക്രീഡിതം.

നോക്കും വാക്കുമശുദ്ധമാകിലെവനും താനേ വരും ദുഷ്‌ഫലം
പോക്കാണത്തരമാളുകള്‍ ചപലരായ് വാഴുന്നു ഭൂഭാരമായ്
വക്കാണങ്ങള്‍ വിലയ്ക്കെടുത്തെവിടെയും കൂടുന്നിവര്‍ക്കൌഷധം
വീക്കാണോര്‍ക്കുക,നല്‍കിലോ ഗുണമതില്‍ കാണും ജവം,നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.


രാജിക്കുന്നു സുവര്‍ണ്ണമായ് വനികളില്‍ ചേണുറ്റൊരാ പൂക്കളും
കാമിക്കുന്ന സുഗന്ധമാണവയില്‍ നിന്നെങ്ങും പരക്കുന്നതും
പാറിച്ചെന്നവതന്നിലേ മധുനുകര്‍ന്നീടുന്ന വണ്ടാകുവാന്‍
മോഹിക്കുന്നു,മരന്ദഗന്ധമതിനായെന്നെ ക്ഷണിച്ചിക്ഷണം.
ശാര്‍ദ്ദൂലവിക്രീഡിതം.

ലീലാലോലമടുത്തുവന്ന കവിതേ,നീയെന്റെ മുന്നില്‍ കിട-
ന്നാലോലം കളിയാടിടുന്നു ലയമോടെന്നുള്ളതാണെന്‍ സുഖം
കാലക്കേടിനു നിന്നൊടൊത്തു കഴിയാനായില്ലയെന്നാലിവന്‍
കോലം കെട്ടു നടന്നിടും,ഗതിയതായ്ത്തീര്‍ന്നാല്‍ മഹാമോശമാം.
ശാര്‍ദ്ദൂലവിക്രീഡിതം.


വീടില്ലാതെയനേകരീ വഴികളില്‍ കൂടുന്നു രാവായിടില്‍
പാടില്ലാതെ വരില്ലിവര്‍ക്കു, ശരണം കിട്ടില്ലതെല്ലെങ്ങുമേ
കൂടില്ലാത്തകിളിക്കുതുല്യഗതിയില്‍ നീളേയലഞ്ഞീവിധം
കൂടുന്നുണ്ടിവരെങ്ങുമേ,കദനവും കൂടുന്നിവര്‍ക്കെന്നുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.

മുന്‍‌പേറായ്‌ വെച്ചു ഞാനെന്നഴലുകള്‍ പലതും മുമ്പിലായെന്‍ മഹേശാ
അന്‍‌പേറുന്നെന്നു കേള്‍ക്കും തവമിഴിയതിലിന്നൊന്നിലും തങ്ങിയില്ലാ
വന്‍‌പേറും കാഴ്‌ചവേറേ തവതിരുനടയില്‍ വെയ്ക്കുവാനില്ലയൊന്നും
നിന്‍‌പേരില്‍ വീഴ്ചചൊല്ലില്ലടിയനടിയിലും നിന്റെ ഭക്തന്‍,ഭവേശാ.
സ്രഗ്ദ്ധര


സൌഭാഗ്യത്തില്‍ കഴിയുവാനാശയാണെന്നുമാര്‍ക്കും
ദൌര്‍ഭാഗ്യം വന്നടിപെടില്‍ ഭാഗ്യദോഷം കഥിക്കും
ആര്‍ഭാടത്തില്‍ കഴിയുമാനാളിലൊന്നും ശരിക്കൊ-
ന്നോര്‍ക്കാറില്ലാ.ക്ഷിതിയിതില്‍ സൌഖ്യമാര്‍ക്കും ഞെരുക്കം.
ഹരിപദം.(നവീനവൃത്തം)
“ചൊല്ലാം വൃത്തം ഹരിപദം മംഭയം‌യം‌ യചേര്‍ന്നാല്‍”

“കണ്ണന്‍ വന്നാല്‍ മുരളിയില്‍ രാഗമെല്ലാമുയര്‍ത്തും
സൌഭാഗ്യം ഞാനവനിലെന്‍ പ്രേമമെല്ലാം നിറയ്ക്കും“
“രാധേ,നീയെന്തിതുവിധം ഭ്രാന്തു ചിന്തിച്ചിരിപ്പൂ
ബോധംവേണം കളിയിലീ മട്ടിലോതല്ലെയൊന്നും.“
ഹരിപദം.

വര്‍ണ്ണാഭംതാന്‍ വനികളില്‍ പൂത്തിടും പൂക്കളൊക്കേ
കണ്ണില്‍കാണുന്നുഡുസമം മിന്നിമിന്നി ത്തിളങ്ങീ
ചേണാര്‍ന്നെല്ലാം ചരടിലായ് മാല്യമാക്കിക്കൊരുത്താല്‍
നാണംകൂറും യുവതിതന്‍ മാറിലാ മാല ചാര്‍ത്താം.
ഹരിപദം.

**************************************************************

No comments:

Post a Comment