Sunday, August 28, 2011

ശ്ലോകമാധുരി.33

ശ്ലോകമാധുരി.33 .

വിവിധം പദഭംഗിയോടെതാന്‍
കവികള്‍ നവസൃഷ്ടിചെയ്യുവാന്‍
ഇവടേയണയുന്നിതേവിധം
കവനം ബഹുധന്യമായിതാ.
സുമുഖി

പഞ്ചബാണനതിമോദമൊടൊരുനാള്‍
മുഞ്ജകേശനുടെ മാനസമതിലായ്
മഞ്ജുളാംഗിയുമ ചേരണമതിനായ്
തഞ്ചമാക്കി ജലജന്മവിശിഖവും.
ചന്ദ്രവര്‍ത്മ.

വല്ലപ്പോഴും നിന്റെയാ പാട്ടു കേള്‍ക്കാന്‍
വല്ലാതേ ഞാന്‍ മോഹമോടിങ്ങിരിപ്പൂ
വല്ലിക്കുള്ളില്‍ നീയൊളിച്ചെങ്ങിരിപ്പൂ
വല്ലാതാക്കാതെന്റടുത്തെത്തു തത്തേ.
ശാലിനി.

ആത്മബന്ധുവിനി നീയൊരുത്തനെ-
ന്നാത്മനാ കരുതി ഞാനിരിപ്പിതാ
പത്മനാഭ,തവ പാദപങ്കജം
സദ്മമാകിടണമെന്റെ ഹൃത്തടം.
രഥോദ്ധത.

ശങ്കയില്ല,യദുബാല,നിന്നിലാ-
തങ്കമില്ല,കളിയാണു സര്‍വ്വതും
മങ്കമാര്‍ പലരുമോടിവന്നു മേ-
ളാങ്കമാടുവതുമെത്ര കൌതുകം.
രഥോദ്ധത.

തെളിയുകയായീ ശ്രാവണമാസം
സുമനിര നീളേ പൂത്തുവിടര്‍ന്നൂ
നിറനിറവോടേ പൂക്കളമിട്ട-
ങ്ങെവിടെയുമോണാഘോഷമുണര്‍ന്നൂ.
മൌക്തികപംക്തി

കരിമുകിലോടിയൊളിച്ചൊരു വാനം
തെളിവൊടിതാ ചിരിതൂകിയുണര്‍ന്നൂ
മതിമുഖി നീ വരുകെന്നുടെ ചാരേ
മദഭരമാം മധുരം ഹൃദി നല്‍കൂ.
ലളിതപദം.

നാളീകലോചനനു ഞാനിതേവിധം
കാണിക്കയായിവകള്‍ വെച്ചിടുന്നിതാ
ഓരോതരത്തില്‍ മമ ദേവദേവനെന്‍
മാലൊക്കെ മാറ്റു,മിനിയില്ലസംശയം.
ലളിത.

നീയൊന്നുപാടുകയിതേവിധത്തിലീ
രാഗങ്ങള്‍ മാമക മനോഹരാംഗി നീ
ആ രാഗമാധുരിയെനിക്കു നീ തരു-
ന്നാനന്ദനിര്‍വൃതി,യതെത്ര ഹൃദ്യമാം !.
ലളിത.

വാണീമണി,നീയെന്നീണങ്ങളില്‍ വാണാല്‍
കാണാമൊരുരാഗം ചാലേയുണരുന്നൂ
ആരോമലെ,നീയെന്‍ ചാരേ വരുമെങ്കില്‍
ഞാനീ മധുഗാനം പാടാമതിമോദാല്‍.
മണിമാല.

ഞാനിവിടെഴുതും കവിതയിലെല്ലാം
നീയൊരു മലരായുണരുകയല്ലോ
മാനിനിയിനി നീ മധുരപരാഗം
തൂവുകിലുണരും സുഖദവസന്തം.
കന്യ.

ജനകനീര്‍ഷ്യതയോടടി നല്‍കവേ
വലിയ രോദനമാര്‍ന്നൊരു ബാലകന്‍
ജനനി വന്നു തലോടിയുറക്കവേ
കദനമൊക്കെ മറന്നു സുഷുപ്തിയായ്.
ദ്രുതവിളംബിതം.

അണ്ണാ ഹസാരെയൊരു മാതൃകയാണു,പാര്‍ക്കില്‍
എണ്ണപ്പെടുന്ന ജനനായകനായ് ലസിക്കും
കണ്ണങ്ങടച്ചു ജനവഞ്ചന ചെയ്തിടുന്നോ
രുണ്ണാക്കരിന്നു ഭരണത്തിലിരിപ്പു,കഷ്ടം!
വസന്തതിലകം.


ചാടിന്റെ രൂപമൊടുവന്നൊരു ദാനവന്നു
ചാടില്‍ പിടിച്ചു മൃതിയേകിയ നന്ദസൂനു
ചാടുന്നു കാളിയഫണങ്ങളില്‍ നൃത്തമാടി-
ച്ചാടിച്ചു സര്‍പ്പവിഷദൂഷ്യമൊടൊത്തു ഡംഭും.
വസന്തതിലകം.

ചൊല്ലേറുമെന്നു ഗമചൊല്ലിയിതേ വിധത്തില്‍
കള്ളത്തരത്തിലുരചെയ്തിവിടേയ്ക്കടുത്താല്‍
തല്ലാണതിന്നു പരിഹാരമതെന്നു കണ്ടാല്‍
തല്ലാന്‍ മടിച്ചു വെറുതേ വിടുകില്ല നിന്നേ.
വസന്തതിലകം.

ജന്മം കൊടുത്തരുമയാക്കി വളര്‍ത്തിയമ്മ
നന്മയ്ക്കു മുന്‍‌ഗണന നല്‍കി നിനക്കു നല്‍കാന്‍
പിന്നെന്തു ചൊല്ലുവതു,നീയവയേ മറന്നി-
ട്ടമ്മയ്ക്കു നല്‍കിയതു നിന്ദയതൊന്നു മാത്രം.
വസന്തതിലകം.


ഭക്തപ്രിയന്റെ വരഗേഹമണഞ്ഞു ഞാനെന്‍
മുക്തിക്കു വേണ്ട വഴിപാടുകള്‍ ചെയ്തിടുമ്പോള്‍
വ്യക്തം മനസ്സിലുണരും ഭഗവത്‌സ്വരൂപം
നക്തത്തില്‍ ഇന്ദു തെളിയുന്നതുപോല്‍ വിളങ്ങീ.
വസന്തതിലകം.

താലത്തിലുള്ള പുതുപൂക്കളില്‍ നിന്നു ശോഭ
ഓലക്കമായിയുണരുന്നു തവാനനത്തില്‍
ഈ മട്ടില്‍ നീയുടനെയെന്റെയടുത്തുവന്നാല്‍
എമ്മട്ടതാകുമതുതന്നെയെനിക്കു ശങ്ക.
വസന്തതിലകം.

നന്മയ്ക്കു വേണ്ടിയൊരുവന്‍ തനിയേ തുനിഞ്ഞാല്‍
തന്മാനസത്തില്‍ വിഷമുള്ള നരാധമന്മാര്‍
വീണ്‍‌വാക്കുചൊല്ലി പല വേലകളും കളിച്ചു
സന്മാനസത്തിലൊരു പോടു കൊടുത്തു മണ്ടും.
വസന്തതിലകം.

നാണം കളഞ്ഞു ചിരിയോടിനിയെന്റെ മുന്നില്‍
ഏണേക്ഷണേ,വരിക,രാഗമുണര്‍ത്തുവാനായ്
ഈണം നിറഞ്ഞ വരരാഗവിശേഷമോടേ
വേണം,തുടര്‍ന്നമൃതവര്‍ഷിണിയൊന്നു പാടാന്‍.
വസന്തതിലകം.

ഭര്‍ഗ്ഗിച്ചെടുത്തു നറുവെണ്ണ കഴിച്ചിടും നിന്‍-
മാര്‍ഗ്ഗം നിനക്കു ശരിയാവുകയില്ല കണ്ണാ
ദുര്‍ഗ്രാഹ്യമായ തവ ചേഷ്ടകളൊക്കെ നിന്നില്‍
ദുര്‍മ്മാര്‍ഗ്ഗിയെന്ന വിളി ചേര്‍ത്തിടുമോര്‍ത്തിടേണം.
വസന്തതിലകം.


ലാളിത്യമോടിവിടുണര്‍ന്നിതു ചിങ്ങമാസം
മേളാരവത്തൊടെതിരേല്‍ക്കുക ഘോഷമായീ
താലത്തില്‍ ഇന്ദു ചില താരകളേനിറച്ച-
ങ്ങോലക്കമായി വരവേകി,കൃതാര്‍ത്ഥയായീ.
വസന്തതിലകം.

വ്രജവല്ലഭ,നിന്നെയൊന്നു കണ്ടാല്‍
വ്രജിനം പോയിടുമാത്മസൌഖ്യമാവും
ഭജനം വഴി നിന്റെ ദര്‍ശനം ഞാന്‍
സുജനത്വത്തൊടു സാദ്ധ്യമാക്കുമോര്‍ക്കൂ.
വസന്തമാലിക.

മിഴികളിലൊരു മോഹം സാഗരം പോലെയാര്‍ക്കേ
മതിമുഖിയുടെ നാണം കാണുവാനെന്തു ചന്തം
വിടരുമൊരരിമുല്ലപ്പൂവുപോല്‍ നീ ചിരിക്കേ
മധുരിതമൊരു രാഗം മെല്ലെ നീയേകിയില്ലേ.
മാലിനി.

കണ്ണില്‍ പൂക്കണിപോലെ നീ വരികിലോയെന്നോര്‍ത്തൊരാകാംക്ഷയില്‍
കണ്ണാ,ഞാനിവിടിന്നിരിപ്പു,കരളില്‍ മോഹം തുടിക്കുന്നിതാ
കണ്ണാടിക്കവിളില്‍ തലോടി മൃദുവായ് മുത്തം പകര്‍ന്നീടുവാന്‍
തിണ്ണം ഹൃത്തിലൊരാശയുണ്ടു,വരുമോ മന്ദസ്മിതം തൂകി നീ
ശാര്‍ദ്ദൂലവിക്രീഡിതം.

കഷ്ടം തോന്നിയനിഷ്ടമായിയിനി നാമെന്തെന്തു ചൊല്ലീടിലും
സ്പഷ്ടം കാവ്യഗതിക്കു മാറ്റമിനിമേലുണ്ടാവുകില്ലാ ദൃഢം
ഇഷ്ടംപോലെ നടത്തിടട്ടെ കവനം,വ്യര്‍ത്ഥാര്‍ത്ഥമായ്,കഷ്ണമായ്
ദിഷ്ടം നല്‍കുക വേണ്ട,നല്‍കിലവനേ വട്ടത്തിലാക്കും ചിലര്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

കയ്യന്മാരൊടു സൌമനസ്യമൊരുവന്‍ കാണിക്കുകില്‍ നിശ്ചയം
പയ്യെപ്പയ്യെയവര്‍ ശരിക്കു ദുരിതം തന്നീടുമെന്നോര്‍ക്കണം
കയ്യൂക്കോടവര്‍ ചെയ്തിടും പിഴകളേ കയ്യോടെ തീര്‍ത്തീടുകില്‍
വയ്യാവേലികളൊക്കെ മെല്ലെയൊഴിയുന്നേവര്‍ക്കതും പാഠമാം.
ശാര്‍ദ്ദൂലവിക്രീഡിതം

കൈയില്‍ കിട്ടുകില്‍ നോക്കുകില്ല,യുടനേ യാഞ്ഞൊന്നടിച്ചീടുവേന്‍
കൊള്ളാതങ്ങു ഗമിക്കിലോ ക്ഷമയൊടേ കാത്തിങ്ങിരുന്നീടുമേ
പിന്നെപ്പയ്യെയടുത്തുവന്നു ചെവിയില്‍ മൂളുന്ന നേരം ശരി-
യ്ക്കാഞ്ഞൊന്നൂടെയടിച്ചിടും,മശകമേ, നിന്നന്ത്യമാം നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.

ക്ഷിപ്രം നല്ലൊരു പേരെടുത്തു കവിയായ് വാണീടണം,കൈയിലോ
വൃത്തം,ഭൂഷകളൊത്തുചേര്‍ന്നപദമോ, നൈപുണ്യമോ ശുഷ്കമാം
അത്യന്താധുനികം പറഞ്ഞു കവിയായ് പേരാര്‍ന്നു വന്നീടുവാന്‍
ഒക്കും പോലെ രചിച്ചിടാം ഗവിതകള്‍, ഗദ്യത്തിലും പദ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
പാകം വിട്ടു ചമക്കുകില്‍ കവിതയും ഭോജ്യങ്ങളും കെട്ടമ-
ട്ടാകും,പിന്നെ വിളമ്പുകില്‍ രസമതിന്നുണ്ടാവുകില്ലാ ദൃഢം
ശോകം തന്നു വലക്കുമീ രചനകള്‍ തെല്ലാസ്വദിച്ചാല്‍ ക്ഷതം
സ്‌തോകം വന്നു ഭവിച്ചിടാമവകളില്‍ കൈവെക്കവേണ്ടാ ,സഖേ
ശാര്‍ദ്ദൂലവിക്രീഡിതം.

സന്താനങ്ങളനേകമുണ്ടു ഭവനേ, യെന്നാലുമീ വൃദ്ധരില്‍
സന്താപം പെരുകുന്നു,മക്കളവരേ തള്ളുന്നു വൃദ്ധാലയേ
സന്ത്യക്തസ്ഥിതിയില്‍ കിടന്നുവലയും നിര്‍ഭാഗ്യരേ പോറ്റുവാന്‍
എന്തായാലുമൊരാലയം പണിയുകില്‍ ഭൂവില്‍ മഹാപുണ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

സാദം വിട്ടിടു,നോക്കുകീ വനികയില്‍ സൂനങ്ങളില്‍ വണ്ടുകള്‍
ഖേദം വിട്ടു പറന്നിടുന്നു മധുരം പൂന്തേന്‍ നുകര്‍ന്നീടുവാന്‍
മോദം പൂണ്ടവ പാറിടുന്ന ദൃശവും പുഷ്പങ്ങള്‍തന്‍ ലാസ്യവും
ഭേദം നല്ലൊരവാച്യമായ സുഖമിന്നേകും നിനക്കോമലേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ഏവം ഞാന്‍ ചൊല്ലിടുമ്പോള്‍ ഹൃദിയതിവിഷമം തോന്നിടുന്നെന്റെ തത്തേ
പാവം ഞാനിങ്ങിരിപ്പൂ കവിതകള്‍ നിറവില്‍ തീര്‍ക്കുവാനാര്‍ത്തിയോടേ
ആവും‌പോല്‍ വന്നുനീയെന്‍ രചനകള്‍ മിഴിവാര്‍ന്നുള്ളതായ് മാറ്റുവാന്‍ സദ്-
ഭാവം നല്‍കേണമെന്നും,ച്യുതിയതിലുളവായാല്‍ ഫലം ചിന്തനീയം.
സ്രഗ്ദ്ധര

കല്യേ,കല്യാണരൂപേ, കലയിലൊളിവിളക്കായിടും വാണിമാതേ
നിര്‍ലോപം നിന്റെ രൂപം തെളിയണമനിശം ശ്ലോകപാദം രചിക്കേ
അല്ലെങ്കില്‍ ഞാന്‍ രചിക്കും കവിതകള്‍ മിഴിവാര്‍ന്നീടുകില്ലെന്നതോര്‍ക്കേ
വല്ലാതായ് വന്നിടുന്നെന്‍ മന,മതിനിടയാക്കീടൊലാ ശാരദാംബേ.
സ്രഗ്ദ്ധര.

കേണീടുന്നെന്തിനായീ,ശൃണു മമസഖി ഞാനെത്തിടാം,സ്വസ്ഥമായ് നീ
വാണീടൂ,ശോകമെല്ലാമുടനടി കളയൂ,രാഗലോലേ ക്ഷമിക്കൂ
ചേണുറ്റാ മേനിതന്നില്‍ നഖമുനപതിയേ ലജ്ജയോടെന്റെ നേര്‍ക്കായ്
കാണിക്കും പ്രേമഭാവം പുനരൊരു നിമിഷം കാണുവാനാഗ്രഹം മേ
സ്രഗ്ദ്ധര.

വേദാന്തം ചൊല്ലിടേണ്ടാ,വികൃതി പെരുകിയാ കോലുകൊണ്ടെന്റെ മെയ്‌മേല്‍
ആദ്യന്തം കിക്കിളിച്ചും പതിയെയുണരുമാ നേരമോടിക്കളിച്ചും
ഏതാണ്ടെന്‍ കൈയിലെത്തുംപടി,യുടനിടയക്കൂട്ടരോടൊത്തു ചേര്‍ന്നെന്‍
വാതില്‍ക്കല്‍ നിന്നൊളിച്ചും ഹൃദി,യതിവിഷമം തന്നു നീ,കണ്ണനുണ്ണീ.
സ്രഗ്ദ്ധര..
***********************************************************************

No comments:

Post a Comment