ശ്ലോകമാധുരി.32 .
ലക്ഷ്യമൊക്കെയൊരുപക്ഷെ നല്ലതാം
രക്ഷയില്ല വഴി ദുഷ്‌ടമാവുകില്‍
സൂക്ഷ്മമായപടിയീക്ഷചെയ്തു നാം
ശ്രേഷ്ഠമായ വഴി പുഷ്ടമാക്കണം.
രഥോദ്ധത.
“ഉരച്ചിടേണ്ടൊന്നുമിതേവിധത്തില്‍
നിനക്കു വേഷം പലതുണ്ടു പാര്‍ത്താല്‍“
ഉറച്ചു ദുര്യോധനനീര്‍ഷ്യയോടേ
ഉരച്ചനേരം ചിരിതൂകി കൃഷ്ണന്‍.
ഉപേന്ദ്രവജ്ര.
മനുഷ്യഹൃത്തില്‍ കറയേറിവന്നാല്‍
മനീഷ വാടും,മടജന്മമാവും
നിനയ്ക്ക,ചിത്തം പരിപൂതമാവാന്‍
സ്മരിയ്ക്ക നന്ദാത്മജപാദപത്മം.
ഉപേന്ദ്രവജ്ര.
വസന്തമെത്തീ,പുതുപൂക്കളാലേ
ലസിച്ചുനില്‍ക്കുന്നു വിഭാതകാലം
കുളിച്ചു വര്‍ണ്ണത്തിലകം ധരിച്ചു-
ല്ലസിച്ചുനില്‍ക്കും വരനാരിയേ പോല്‍.
ഉപേന്ദ്രവജ്ര.
അഹസ്സില്‍,തമസ്സില്‍ സദാ സ്നേഹമോടേ
ഇഹത്തില്‍ മഹത്ത്വപ്രദീപം തെളിക്കും
ബൃഹത്തായ തത്ത്വങ്ങള്‍ മക്കള്‍ക്കു നല്‍കും
മഹത്തായ മാതൃത്വമേ,ഞാന്‍ നമിപ്പൂ.
ഭുജംഗപ്രയാതം.
അവതാരമൊക്കെ ശരിതന്നെ,ബാലനാ-
യവനന്നു ചെയ്ത വികൃതിക്കു ശിക്ഷയായ്
അവനേ തളച്ചു ഹൃദയത്തിലിട്ടു ഞാന്‍
വനമാലിയല്ല,തിരുമാലിയാണവന്‍.
മഞ്ജുഭാഷിണി.
സ്വരസാഗരശോഭയെന്റെമുന്നില്‍
തിരതല്ലുന്നിതു കാണ്മതെത്ര സൌഖ്യം
വരനാരികള്‍ വേഷഭൂഷയോടേ
തിരുവോണത്തിനു കൂടിയാടിടും പോല്‍.
വസന്തമാലിക.
രുദ്രാക്ഷമാല തനു തന്നിലണിഞ്ഞു,കൈയില്‍
ഭദ്രം തരുന്ന വരമുദ്രയൊടെന്റെ ഹൃത്തില്‍
അദ്രീസുതയ്ക്കു വരമേകിയ ഭാവമോടേ
രുദ്രസ്വരൂപമുരുവായി വിളങ്ങി നിന്നൂ.
വസന്തതിലകം
ഇന്ദീവരങ്ങളുടെ ഡംഭു കുറയ്ക്കുവാനായ്
എന്തിന്നു നീയവരെയിങ്ങനെ നോക്കിടുന്നൂ
മന്ദാക്ഷമോടെയവര്‍ നിന്‍ നയനാഭകണ്ടി-
ട്ടന്തിച്ചെമപ്പു മുഖമാകെ നിറച്ചിടുന്നൂ.
വസന്തതിലകം.
മങ്ങുന്നു കാഴ്ചയുതിരുന്നൊരു കണ്ണുനീരാല്‍
പൊങ്ങുന്ന ദുഃഖമതില്‍ നിഷ്പ്രഭനായി സൂര്യന്‍
തേങ്ങുന്ന കുന്തിയുടെ ഹൃത്തിനു ശാന്തി നല്‍കാന്‍
പാങ്ങില്ല,സൂര്യസുതനൂഴിയില്‍ വീണനേരം.
വസന്തതിലകം.
ഒരുവന്‍ തവ തെറ്റുകള്‍ മൊഴിഞ്ഞാല്‍
അവനോടെന്തിനു ദേഷ്യമാര്‍ന്നിടേണം
ശരിയായവിധത്തിലാണതെങ്കില്‍
അവനാണേറ്റമടുത്ത മിത്രമോര്‍ക്ക.
വസന്തമാലിക.
വിധിഹിതമതിനാലേ വന്നു സൌഭാഗ്യമെല്ലാം
അതിനൊരു ഗതിയുണ്ടായെന്നതാണെന്റെ ഭാഗ്യം
മതിവരുമളവന്യര്‍ക്കായതെല്ലാം കൊടുത്താല്‍
ക്ഷിതിയിതില്‍ വരമായിട്ടേകുമെല്ലാം വിരിഞ്ചന്‍.
മാലിനി.
ആരോ കേട്ടുപറഞ്ഞതായ കുശല്‍ നിന്‍കാതില്‍ പതിഞ്ഞപ്പൊഴേ
നേരോര്‍ക്കാതെ വിഷാദമാര്‍ന്നു,മുഖവും കൂമ്പിത്തളര്‍ന്നാര്‍ത്തയായ്
നേരാവില്ലവ,രാവിലേ വരുമവന്‍ നിന്നേ തലോടും ഖഗന്‍
നേരേവന്നു വിടര്‍ത്തിടും തവദലം,മാഴ്കൊല്ല നീ,പദ്മിനീ.
ശാര്‍ദ്ദൂലവിക്രീഡിതം.
എമ്പാടും പുതുവര്‍ണ്ണമാര്‍ന്നു നിറവില്‍ പൂക്കള്‍ ചിരിച്ചുല്ലസി-
ച്ചമ്പമ്പോ,യിതു കാണ്‍കെയെന്റെ ഹൃദയം തുള്ളിത്തുടിക്കുന്നിതാ
“അമ്പോറ്റിക്കു കൊടുക്കുവാനിവകള്‍ ഞാന്‍ പൊട്ടിക്കു”മെന്നോതിയെന്‍
മുമ്പില്‍വന്നു ചിണുങ്ങിനിന്ന മകളോടെന്തെന്തു ചൊല്ലേണ്ടു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
കേട്ടോ,നിന്നുടെ ഗാനവും കവിതയും ശ്ലോകങ്ങളും വാണിതന്‍
പൊട്ടാം മട്ടില്‍ ലസിച്ചിടുന്നു,സുഗമം പോയാലുമീ രീതിയില്‍
മുട്ടാതീ വക കിട്ടിയാല്‍ പലരുമിന്നാലാപനം ചെയ്‌തിടു -
ന്നിഷ്ടന്മാര്‍ ചിലര്‍ ചൊല്ലുകില്ല നുതിയോ കുറ്റങ്ങളോ,സ്വസ്തി തേ
ശാര്‍ദ്ദൂലവിക്രീഡിതം.
ചന്തം ചിന്തിയ ചിന്തകള്‍ ചിതറുമോരന്ത്യത്തില്‍ നാമെത്തിയാല്‍
ബന്ധം ബന്ധനമെന്നുതന്നെ തനിയേ ചിന്തിച്ചുപോവും സഖേ
സ്വന്തം,ബന്ധമതെന്നതൊക്കെ വെറുതേയന്ധന്നു ദീപം കണ-
ക്കെന്തും നിഷ്പ്രഭമാവുമെന്നു കരുതൂ,സ്പന്ദം നിലയ്ക്കും വരേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചെറ്റും ചെറ്റമെനിക്കു മുറ്റിവരികില്ലെന്നൂറ്റമാര്‍ന്നിട്ടു,വന്‍
ചെറ്റത്തങ്ങളുരച്ചിടുന്ന പലരും ചുറ്റിത്തിരിഞ്ഞെത്തിയാല്‍
ചെറ്റാര്‍തന്‍ പെരുമാറ്റവും പറയുമാ കുറ്റങ്ങളും മറ്റുമെന്‍
ഉറ്റോര്‍ നോക്കിടു,മറ്റകൈക്കുടനവര്‍ പറ്റിച്ചിടും താഡനം.
ശാര്‍ദ്ദൂലവിക്രീഡിതം.
പായുന്നന്നു പലേവഴിക്കു ചപലം ചിത്തം മഹാചെത്തലായ്
ചായുന്നന്നു മദംപെരുത്തു പലതാം ദുര്‍മാര്‍ഗ്ഗവാടങ്ങളില്‍
കായുന്നിന്നു മനോഗതം കഠിനമായ് പൊയ്‌പ്പോയ മാര്‍ഗ്ഗങ്ങളില്‍
പായൊന്നിന്നവനന്ത്യമായ് തടവറയ്ക്കുള്ളില്‍ കിടന്നോര്‍ക്കുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
പൊട്ടാണെങ്കിലുമിത്തരത്തില്‍ വിവിധം ശ്ലോകങ്ങള്‍ തീര്‍ത്തിന്നു ഞാന്‍
പൊട്ടക്കൂത്തു നടത്തിടുന്നു,സദയം വിട്ടേക്കു,മാപ്പാക്കു നീ
പൊട്ടന്മാരുടെ രാജനെന്നപദവിക്കര്‍ഹം വരും നിശ്ചയം
പൊട്ടായ് മാറിടുമൊക്കെ,യെന്റെ ഗതിയീമട്ടില്‍ തുടര്‍ന്നോട്ടെ ഞാന്‍
.ശാര്‍ദ്ദൂലവിക്രീഡിതം.
പൊണ്ണന്‍ പട്ടിയൊരുത്തനുണ്ടു ഭവനം സൂക്ഷിച്ചു കാക്കുന്നവന്‍
കണ്ണും പൂട്ടിയിരുന്നിടുന്ന ചതുരന്‍, കള്ളത്തരം കാട്ടുവോന്‍
എണ്ണാതാരുമൊളിച്ചുവന്നു കയറി സ്‌തേയം നടത്തീടുകില്‍
തിണ്ണം കാലില്‍ വലിച്ചലക്കിയവനേ കാലന്നു നല്‍കുന്നവന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
മന്നില്‍ സൌഹൃദമോടെയെത്തി ചിരി തൂകുന്നോര്‍ ചിലര്‍ ഹൃത്തിലായ്
മിന്നും കത്തിയൊളിച്ചുവെച്ചു തരവും പാര്‍ക്കുന്നവര്‍ തന്നെയാം
എന്നും നമ്മൊടസൂയവിട്ടു നുതി നല്‍കുന്നോര്‍ തുലോം തുച്ഛമാം
എന്നാലും ശരിയായി നാമവരെയും കണ്ടെത്തണം ബുദ്ധിയാല്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
മാതാവിന്നു സമത്തിലായൊരുവരും കാണില്ല മന്നില്‍,സ്ഥിരം
മാതാവിന്നു കൊടുപ്പതൊന്നുമളവില്‍ കൂടില്ല തെല്ലും സഖേ
മാതാവിന്നു ജഗത്തിലേ സുകൃതമായ് കാണേണ്ടതാണെങ്കിലാ
മാതാവിന്നൊരു ശല്യമായ,വരെയും തള്ളുന്നു വൃദ്ധാലയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
വീതാടോപ,മുയര്‍ന്ന വന്‍മലകളും താണ്ടിക്കടന്നെത്തി ഞാന്‍
ഏതായാലുമണഞ്ഞിതാ തവമുഖം കണ്ടാര്‍ത്തി തീര്‍ത്തീടുവാന്‍
ഹേ ഭൂതേശ,നിനക്കു ഞാനിരുമുടിക്കെട്ടില്‍ നിറച്ചുള്ളൊരെന്‍
ആഭീലപ്പരിവേദനങ്ങള്‍ നടയില്‍ വെക്കുന്നു,പോക്കീടുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
വാണീ,നിന്നുടെ വീണയില്‍ വിടരുമീയാഭേരിരാഗം ശ്രവി-
ച്ചാണിന്നെന്നുടെ രാഗമാര്‍ന്ന ഹൃദയം തുള്ളുന്നതിന്നീവിധം
കാണാറുണ്ടു തവാംഗുലീചലനമേറ്റീണങ്ങളാ വീണവി-
ട്ടോണത്തുമ്പി പറന്നിടുന്നനിറവില്‍ പൊങ്ങുന്നതാമോദമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ആയര്‍കോന്‍ ചേലിലൂതും മണിമധുരവ സംഗീതമൊന്നാസ്വദിച്ചാല്‍
ആയുഷ്യംതന്നെയാര്‍ക്കും,മനമതില്‍ നിറവാമാത്മഹര്‍ഷം തളിര്‍ക്കും
ആ യോഗം ധന്യമാവാന്‍ യദുകുലപതിയേ മാനസത്തില്‍ വരിച്ച-
ങ്ങായത്തോടായവണ്ണം ഭജഭജ ഭഗവത്പാദപത്മം ശരിക്കും.
സ്രഗ്ദ്ധര.
തിങ്ങും തെങ്ങും കവുങ്ങും പലതരുനിരയും വെട്ടിമാറ്റീട്ടു നീളേ
പൊങ്ങും വന്‍രമ്യഹര്‍മ്മ്യപ്രഭുതകള്‍ നിറയും പട്ടണപ്രൌഢി കാണ്‍കേ
വിങ്ങുന്നെന്‍ മാനസത്തില്‍ തെളിവതു ഗതമാം ഗ്രാമസൌന്ദര്യപൂരം,
മുങ്ങും നൈര്‍മ്മല്യമെല്ലാം, വിഷമയമുയരും വേഷവൈഷമ്യഘോഷം.
സ്രഗ്ദ്ധര.
നാടും വീടും വെടിഞ്ഞക്കരയിലലയുമാ മക്കളേയോര്‍ത്തു നിത്യം
കൂടും സന്താപമോടേയിവിടെ മരുവിടുന്നിന്നു മാതാപിതാക്കള്‍
നേടീടും നാണയത്തിന്‍ കലപിലരവവും പ്രൌഡിയും ഭാഗ്യമെല്ലാം
വാടീടുന്നെന്ന സത്യം മറവിയിലിടുവാനായിടുന്നില്ല തെല്ലും.
സ്രഗ്ദ്ധര.
നീലാഭ്രം വാനിലെങ്ങും ഘനതരഗതിയില്‍ ഗര്‍ജ്ജനം ചെയ്തു മെല്ലേ
നീളേനീളേ പടര്‍ത്തുന്നിരുളിമനിറയേ,യേറെയീ ഭൂതലത്തില്‍
കാലക്കേടെന്നുതോന്നുംപടിയവയുടനേ വര്‍ഷപാതം തുടങ്ങും-
പോലൊക്കേ കൂടിടുമ്പോള്‍ ഝടുതരമുയരും കാറ്റതെല്ലാം തുരത്തീ.
സ്രഗ്ദ്ധര.
******************************************************************
Tuesday, August 16, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment