Tuesday, August 9, 2011

ശ്ലോകമാധുരി.31

ശ്ലോകമാധുരി.31 .
ഫുല്ലാരവിന്ദം തലതാഴ്ത്തി,മെല്ലേ
മല്ലാക്ഷി നിന്നോടിതു ചൊല്ലിടുന്നൂ
“ഇല്ലില്ല നിന്നാനനഭംഗിയോടെ-
ന്നല്ലിക്കുപോലും തുലനം,മനോജ്ഞേ“.
ഇന്ദ്രവജ്ര.

ആപത്തുവന്നു സുഖമൊക്കെയകന്നിടുമ്പോള്‍
ആ പത്തനത്തില്‍ ശിവകോവിലില്‍ നാം ഗമിക്ക
“ആപത്തൊഴിഞ്ഞു തരണം വരണം,മഹേശാ“
ആപത്തൊഴിക്കുമൊരു മന്ത്രമിതാം,ജപിക്ക.
വസന്തതിലകം.

നിന്നോടെനിക്കു പെരുതായിയസൂയമൂത്തി-
ട്ടുന്മാദമായപടിയായിതു പൂനിലാവേ
സമ്മോദമായി വരനാരികളേ പിടിച്ചു
സല്ലീനമൊന്നു തഴുകാന്‍ കഴിവുണ്ടു നിന്നില്‍.
വസന്തതിലകം.

യായാവരന്നു യമമാണു മഹത്ത്വമെന്നാല്‍
മായം വരുന്ന ചിലരിന്നവമാനമായി
ഈ യോഗിമാര്‍ ക്ഷണികസൌഖ്യമതില്‍ രമിച്ചു
മായാഭ്രമത്തിലടിപെട്ടു കളഞ്ഞു സര്‍വ്വം.
വസന്തതിലകം.

ആ രാവില്‍ കുളിരമ്പിളിക്കല ചിരിച്ചെന്നോടു ചൊല്ലുന്നിതാ
"നേരേനോക്കി രസിച്ചുകൊള്‍ക,യിവരെന്‍ താരങ്ങളാം സൌഭഗം
ആരും കാണ്‍കിലവര്‍ക്കു സൌഖ്യമരുളുന്നീ ദൃശ്യമെന്നെന്നുമേ
നേരായെന്നുമുയര്‍ത്തിടുന്നിവരെ നീ വര്‍ണ്ണിക്ക കാവ്യങ്ങളില്‍."
ശാര്‍ദ്ദൂലവിക്രീഡിതം.

കാണൂ കേരളനാടിതാ ശിശുസമം പൈദാഹമാര്‍ന്നീവിധം
കേണീടുന്നു വരണ്ടതൊണ്ടനനയാനിറ്റില്ല ദാഹോദകം
മേലേ വന്നൊരു മേഘമാലയുടനേ മാതാവിനെപ്പോലെ തന്‍
ഊധന്യം ചൊരിയുന്നതൊക്കെ മഴയായ് താഴോട്ടു വീഴുന്നിതാ.
ശാര്‍ദ്ദൂലവിക്രീഡിതം.
( ഊധന്യം = പാല്‍ )

ഗാനം പോല്‍ മമ ജീവിതം സുഖകരം തീര്‍ത്തിന്നുതന്നീശ്വരന്‍
നൂനം ഞാനതിനെന്റെ നന്ദിയിവിധം ചൊല്ലുന്നു കാവ്യങ്ങളായ്
മാനം ചേര്‍ത്തവയര്‍ഘ്യമായി സവിധേ വെയ്ക്കുന്നു സന്തോഷമായ്
ഊനം തീര്‍ത്തവയാണവയ്‌ക്കു നിറവും നല്‍കുന്നു ഞാന്‍ ഭക്തിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

നേരേ കാണുവതിന്ദുവോ,വിശിഖമോ മാരന്‍ തൊടുത്തെന്റെ നേര്‍
നേരേ വന്നു പതിച്ചിടുന്നു,ഹൃദയം നീറുന്നു നീയെങ്ങുപോയ്
നേരാണീ വിരഹാഗ്നിതന്‍ കഠിനതയ്ക്കാക്കം കൊടുത്തീടുവാന്‍
നേരില്ലാതെയയച്ചതാണു മദനന്‍, ഞാനെന്തു ചെയ്‌വൂ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.

പങ്കംപോല്‍ ചില വാക്കുകള്‍ ശരസമം കാതില്‍ പതിച്ചീടവേ
പങ്കപ്പാടുപെടുന്നതൊക്കെ ശരിയാം,ശങ്കിക്കവേണ്ടെന്‍ സഖേ
തങ്കം മിന്നിവിളങ്ങിടും ദ്യുതിയുമിന്നാതങ്കമായ് കാണുവോര്‍-
ക്കങ്കം ചെയ്യുവതൊക്കെയൊക്കെ സുഖമാം,തങ്കം തിളങ്ങും ദൃഢം.
ശാര്‍ദ്ദൂലവിക്രീഡിതം.

പാഴാകില്ല,മനുഷ്യജന്മമനഘം താനെന്നു വന്നീടുവാന്‍
വീഴാതീവഴിതന്നെ പോക സഹജര്‍ക്കാനന്ദമേകാന്‍ സ്വയം
മാഴ്‌കുന്നോരുടെ കൈപിടിച്ചു തുണയായെന്നും കഴിഞ്ഞൊന്നിലും
മാഴാതൂഴിയില്‍ വാഴുവാന്‍ കഴിയുകില്‍ ജന്മം വരം,സുന്ദരം.
ശാര്‍ദ്ദൂലവിക്രീഡിതം.

പേനത്തുമ്പില്‍ നിറഞ്ഞുറഞ്ഞൊഴുകിടും കാവ്യങ്ങളോരോന്നുമി-
ന്നോണത്തുമ്പികണക്കുയര്‍ന്നു വരമാം വര്‍ണ്ണം പകര്‍ന്നീടവേ
മാനത്തമ്പിളിപോലുമാഭ നിറയും മന്ദസ്മിതത്തോടെ നിന്‍
വമ്പത്തം പറയാനടുത്തു, കവിതേ നീയെന്റെ സൌഭാഗ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

മങ്കേറും കവിതാശതങ്ങള്‍ നിരതം പങ്കപ്പെടുത്തും വിധം
വങ്കന്‍ ഞാന്‍ വിത ചെയ്തതൊക്കെ പതിരാണെന്നാലുമാശ്വാസമായ്
തങ്കം പോല്‍ നിറവാര്‍ന്നിടും സഖരവര്‍ മൂല്യങ്ങളാം പോഷണം
ശങ്കാഹീനമുതിര്‍ത്തിടുന്ന ഗമയില്‍ വാഴുന്നു ഞാന്‍ തൃപ്തനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

സാനന്ദം ചില വൃത്തമൊത്തവരമാം ശ്ലോകങ്ങള്‍ തീര്‍ത്തിന്നു ഞാന്‍
ഈ മന്ദാനിലലാളനത്തില്‍ മതിവിട്ടീമട്ടിരുന്നീടവേ
മാകന്ദാവലിതന്നില്‍നിന്നു മധുരം കൂകൂരവത്തോടുതാന്‍
ആമന്ദം വരവായിതാ പികകുലം ശ്ലോകങ്ങള്‍ ചൊല്ലീടുവാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഹേ ഹേ ചന്ദ്ര,നിനക്കു ഭംഗികുറവാണെന്നോര്‍ത്തു വേധസ്സിതാ
നീഹാരങ്ങളുടച്ചുവാര്‍ത്തു മണികള്‍ മുത്തായ് കൊരുക്കുംവിധൌ
മോഹം മൂത്തണിമുത്തുകള്‍ രജനി കൈതട്ടിത്തെറിപ്പിക്കവേ
ഹായ് ഹായ്! വിണ്ണിലതൊക്കെമിന്നി നിറയേ നക്ഷത്രമുത്തുക്കളായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

പെണ്ണേ,നീയര്‍ണ്ണവത്തിന്‍ കരയിലിതുവിധം കേളിയാടിക്കളിക്കേ
വിണ്ണില്‍ നിന്നംശുമാനാ കടലിലടിയുവാന്‍ കോപമോടേ ഗമിപ്പൂ
വര്‍ണ്ണം രക്താഭമാവാനൊരുവിധമിതിനും ഹേതുവോതാം,സഘോഷം
തൂര്‍ണ്ണം നിന്നോടടുക്കും തിരയൊടു ഘൃണതോന്നുന്നതാവാം,രഹസ്യം.
സ്രദ്ധര.

ആയര്‍ബാലസ്വരൂപം സ്മിതമൊടു ഹൃദയേ ചാടിയോടിക്കളിക്കേ
ആയാസം പോയൊളിക്കും, ഭയമിവനെതിലും തോന്നുകില്ലാ ശരിക്കും
മായക്കണ്ണന്റെ ലീലാവിലസിതഗതിയില്‍ ചേര്‍ന്നുചേര്‍ന്നെന്റെ ചിത്തേ
മായം പോയാത്മരൂപം തെരുതെരെയുണരുന്നെന്നതാണെന്റെ ഭാഗ്യം.
സ്രഗ്ദ്ധര.

No comments:

Post a Comment