Sunday, September 11, 2011

ശ്ലോകമാധുരി.35

ശ്ലോകമാധുരി.35 .

അലക്ഷ്യമാലക്ഷ്യമതായ് വരുമ്പോള്‍
അരക്ഷണം കൊണ്ടതു തീര്‍ത്തിടേണം
പരീക്ഷണം ചെയ്തു വിലക്ഷമാക്കില്‍
സമീക്ഷ ചെല്ലുന്നവലക്ഷണത്തില്‍.
ഉപേന്ദ്രവജ്ര.


ഗണേശ്വരാ,നിന്നുടെ മുന്നില്‍ ഞാനി-
ന്നുടച്ചിടുന്നീയൊരു നാളികേരം
കടുത്തവിഘ്നങ്ങളവിഘ്നമായ് നീ
ഉടച്ചിടേണം സകലം,തൊഴുന്നേന്‍.
ഉപേന്ദ്രവജ്ര.

ഇല്ലെന്നുചൊല്ലി മടിയോടുടനോടിടേണ്ടാ
മെല്ലേ തുറക്കു മധുരാധരമെന്റെ തോഴീ
നല്ലീണമോടെ ലയതാളമൊടൊത്തു നീയ-
ങ്ങുല്ലാസമായിയൊരു രാഗമുണര്‍ന്നു പാടൂ.
വസന്തതിലകം.

മിണ്ടാതെ വന്നിവിടെയൊന്നിരിയെന്റെ വണ്ടേ
മണ്ടത്തമൊന്നുമുടനാടുകവേണ്ട വീണ്ടും
ചെണ്ടായചെണ്ടുകളിലൊക്കെ നടന്നു പൂന്തേന്‍
തെണ്ടുന്ന നിന്റെ ഗതി തന്നെ നിനക്കു നല്ലൂ.
വസന്തതിലകം.


മുത്തൊക്കെ വാനില്‍ വിതറുന്നൊരു ചന്ദ്രലേഖേ
മുറ്റത്തു നീയിവിധമെന്തിനു പാലൊഴുക്കീ
തെറ്റെന്നു തെറ്റിവനു ബോദ്ധ്യവുമായ്,നിലാവാ-
ണിറ്റിറ്റു വീഴുവതുചുറ്റു,മതെത്ര രമ്യം.
വസന്തതിലകം.

വറ്റും യവാഗുവതില്‍ നിന്നുടനെന്റെ കൈയാല്‍
വറ്റൂറ്റിവെച്ചതു നിനക്കു തരുന്നു മോദാല്‍
പറ്റില്ലയെന്നു പറയേണ്ട,യെനിക്കു നിന്റെ
വറ്റാത്തൊരാ കരുണ നല്‍കണമേ,ഗണേശാ.
വസന്തതിലകം.


ഗണപതിയൊടു പണ്ടാ വേലവന്‍ ശണ്ഠകൂടീ
പഴനിമലയിലേറീട്ടാണ്ടിതന്‍ കോലമായി
ഗുണമതിലവനുണ്ടായവ്വയാര്‍,‘ജ്ഞാനമാകും
പഴ‘മവനവനേതാനെന്നു പാടാന്‍ തുടങ്ങീ.
മാലിനി.

അത്തം തൊട്ടൊരു പത്തു നാളു വിവിധം പൂക്കള്‍വിരിച്ചിങ്ങനേ
ചിത്രം പോലെ ചമച്ച പൂക്കളമിതാ നില്‍ക്കുന്നു വര്‍ണ്ണാഭമായ്
മൊത്തം വര്‍ഷവുമീവിധം സുരഭിലം, വര്‍ണ്ണോജ്ജ്വലം വന്നിടാന്‍
അത്യാമോദമെവര്‍ക്കുമിന്നിവനിതാ നേരുന്നിതാശംസകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


ഉണ്ടാവേണമടുത്തുതന്നെയിതുപോല്‍ വണ്ടേ,മുരണ്ടിന്നു നീ
ഉണ്ടാക്കേണമെനിക്കു ഹൃദ്യതരമാം രാഗങ്ങളാമോദമായ്
മിണ്ടാതിങ്ങനിരുന്നിടേണ്ട,ചൊടിയായ് പൊങ്ങിപ്പറന്നുല്ലസി-
ച്ചിണ്ടല്‍ തീര്‍ത്തു മനസ്സില്‍ വന്ന ലയമോടാരാഗവിസ്താരമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഓരോ കാര്യമടുത്തിടുന്നസമയത്തുണ്ടായിടും കൂട്ടുകാര്‍
ഓരോ കാരണമോതിടും,പിരിയു,മന്നേരം വിഷാദം വരും
നേരേ ഹൃത്തിലുണര്‍ന്നൊരാദരവിവര്‍ക്കില്ലാ,സ്വയം കൃത്യമായ്-
കാര്യം കാണുവതിന്നു വന്ന ചിലരെന്നോര്‍ത്താല്‍ വരും സൌഖ്യവും.
ശാര്‍ദ്ദൂലവിക്രീഡിതം.


കത്തും കണ്ണിലനംഗനാ ഗതികൊടുത്തിട്ടങ്ങു സന്തുഷ്ടനായ്
മെത്തും കാന്തി തിളങ്ങിടും ഗിരിജതന്‍ കൈയും പിടിച്ചില്ലയോ
ചിത്രം താന്‍ തവവൈഭവം,പിഴയതായ് നിന്‍മക്കള്‍ വൈരൂപ്യമാര്‍-
ന്നെത്തീയൊന്നു ഗജാനന,ന്നപരനോ ഷഡ്ശീര്‍ഷ,നെന്തോതുവാന്‍ !.
ശാര്‍ദ്ദൂലവിക്രീഡിതം.


തുമ്പേ,വന്നിടുകെന്റെയീ തൊടികളില്‍ നന്നായ് വിടര്‍ത്തീടു നീ
തുമ്പം തീര്‍ത്തിടുമാ സ്മിതം മലര്‍കളാല്‍ മെല്ലേ ലസിച്ചങ്ങനേ
വന്‍പേറും പലപൂക്കളും തൊടിയിലുണ്ടെന്നാലുമില്ലാ മലര്‍-
ത്തുമ്പാല്‍ നീ തരുമാത്മഹര്‍ഷമതിനായെന്നും കൊതിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

നാണിക്കേണ്ട,കടന്നുവന്നിടു,നമുക്കോണക്കളം തീര്‍ക്കുവാന്‍
വേണം നിന്നുടെപൂക്കളൊത്തു നിറവാം പത്രങ്ങളും മോടിയില്‍
ഓണത്തുമ്പികളോടിയോടിവരവാ‍യാഘോഷമായ് പൂക്കളം
കാണാന്‍,പിന്നെ നിനക്കു മുത്തമിടുവാന്‍, തുമ്പേ,യുണര്‍ന്നെത്തു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

നീലാംഭോധി കടഞ്ഞെടുത്ത മണിമുത്തെല്ലാ‍മെടുത്താരിതീ-
നീലാകാശനിചോളമിത്ര മികവായാരമ്യമാക്കീ സ്വയം
ചാലേ നോക്കുകയിന്ദുലേഖയതിലേ യ്ക്കെത്തുന്നുറക്കത്തിനായ്
മേലേയീദൃശമൊന്നു കാണ്‍കിലെവനും ചിത്തം മദിച്ചാര്‍ത്തിടും.
ശാര്‍ദ്ദൂലവിക്രീഡിതം.


പറ്റില്ലെന്നു പറഞ്ഞിടേണ്ട,മുഴുവന്‍ പറ്റാണു,നീയിപ്പൊഴും
പറ്റിക്കാനിതു ചൊല്ലുമെന്നറിവു ഞാന്‍, കിട്ടില്ല പറ്റൊട്ടുമേ
പറ്റിക്കാനിനി വന്നിടില്‍ വടിയെടുത്താഞ്ഞൊന്നു പറ്റിച്ചിടും
പറ്റും നോക്കി വരേണ്ടതില്ല,യിനിയും പറ്റില്ല പറ്റിപ്പുകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

വമ്പാര്‍ന്നുള്ളൊരു തുമ്പിയും കലശവും പാശാങ്കുശം,മോദകം
ലംബം വീര്‍ത്തൊരു കുമ്പയും വിനകളേ മാറ്റുന്നൊരാ ദന്തവും
മുമ്പില്‍ വന്നു വിളങ്ങിടുന്നു നിറവില്‍,നിന്നേ വണങ്ങുന്നു ഞാന്‍
ജംഭാരിപ്രമുഖാര്‍ച്ചിതാ,ശിവസുതാ, മാം പാഹി,വിഘ്നേശ്വരാ.
ശാര്‍ദ്ദൂലവിക്രീഡിതം.


വാണീ,യെന്നുമുയര്‍ത്തിടുന്ന വരമാമീണങ്ങളില്‍ മിന്നി നീ
ചേണാര്‍ന്നെന്നിലുണര്‍ത്തിടുന്ന കവിതാപാദങ്ങള്‍ ഗാനങ്ങളായ്
വീണാതന്ത്രികള്‍ മീട്ടിടുന്ന സമയത്താഗാനമോരോന്നുണര്‍-
ന്നോണത്തുമ്പികള്‍ പാറിടുന്ന നിറവില്‍ പാറുന്നിതാരമ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

വെയ്ക്കാം നിന്നുടെ മുന്നിലീ ദുരിതവും ദുഃഖങ്ങളും കാഴ്ചയായ്
വെയ്ക്കാന്‍ വേറിവനൊന്നുമില്ല ശിവനേ, യര്‍ഘ്യങ്ങളായ് സ്പഷ്ടമായ്
വെയ്ക്കാനിന്നിവനാഗ്രഹം നിറവെഴും കാവ്യങ്ങള്‍ കാണിക്കയായ്
വൈക്കം വാണിടുമപ്പനേ,യിവനെ നീ കാത്തീടണം തുഷ്ടനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.


സത്യം,ശ്ലോകമെഴുത്തിനായി സമയം കിട്ടുന്നപോലൊക്കെ ഞാ-
നെത്താറുണ്ടു സഖേ,കുറിച്ചിടുവതിന്നീ വേദിയില്‍ നിത്യവും
എന്നാലോര്‍ക്കണ,മോര്‍ത്തിടാതെ വരുമാ വിഘ്നങ്ങളില്‍ തട്ടി ഞാ-
നൊട്ടൊട്ടാകെ വലഞ്ഞിടുന്ന സമയത്തെത്താനിവന്നൊത്തിടാ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചുറ്റും മഞ്ഞാണു,ചുറ്റാനൊരുവൃഷ,മവനോടൊത്തുഭൂതങ്ങള്‍ നിത്യം
ചുറ്റും ഹുങ്കോടെ വന്നിട്ടടിമലര്‍ പണിയുന്നെത്ര ചിത്രം വിചിത്രം !
ചുറ്റും നാഗം കഴുത്തില്‍,തെളിവൊടു ജടയില്‍ ചന്ദ്രബിംബം,പദത്തില്‍
ചുറ്റുന്നോര്‍ക്കാത്മപുണ്യം തരുമൊരുവരരൂപം ശിവം, കൈതൊഴുന്നേന്‍.
സ്രഗ്ദ്ധര.


ചെന്താര്‍മാതിന്റെ കാന്തിയ്‌ക്കുടവുടനിടയാക്കുന്നൊരീ ചന്തമോടെന്‍
മുന്നില്‍ നീ വന്നുനില്‍ക്കേ പെരിയൊരു സുഖമാണെന്‍ ഹൃദന്തത്തില്‍,നാഥേ
മന്ദം നിന്‍ മുദ്ധഹാസം നിശയിലെനിലവാമാനിലാവിന്റെ ചേലില്‍
സന്താപം മാറ്റിയെന്നില്‍,മതിമുഖിയതിനാലെന്തു സൌഭാഗ്യവാന്‍ ഞാന്‍ ! .
സ്രഗ്ദ്ധര.

സുബ്രഹ്മണ്യന്റെ ചേട്ടന്‍,സുരനിര നിരതം വാഴ്ത്തിടും ശ്രീഗണേശന്‍
ഇബ്രഹ്മാണ്ഡത്തില്‍ വിഘ്നം വരുവതു തടയാനൂറ്റമേറുന്നൊരീശന്‍
തുമ്പത്തില്‍ വീണിടുമ്പോളടിയനു തുണയായെത്തിരക്ഷിച്ചിടുന്നോന്‍
തുമ്പിക്കൈകണ്ടു കൂപ്പാന്‍,തവപദമണയാന്‍ നല്‍‌വരം തന്നിടേണം.
സ്രഗ്ദ്ധര.
***********************************************************************

No comments:

Post a Comment