ശ്ലോകമാധുരി 34 .
അറിയാതെ വരുന്നതെറ്റുതീര്‍-
ത്തറിവും മേന്മയുമേകിടുന്നൊരാള്‍
അവനാണു നമുക്കു മിത്രമായ്
ഭുവനേ,നന്ദിയൊടൊര്‍ത്തിടെപ്പൊഴും.
വിയോഗിനി.
നല്ലനാളുകളെയോര്‍ത്തിതേവിധം
തെല്ലു ശോകമിയലുന്നതെന്തിനായ്
അല്ലലൊക്കെയൊഴിവാക്കിയാര്‍ത്തു വ-
ന്നുല്ലസിക്ക മതിയാം വരേയ്ക്കു നാം
രഥോദ്ധത.
കിശോരനായീവിധമെത്രമാത്രം
വിശേഷമായിക്കളിയാടി,കണ്ണാ
വിശന്നുവെന്നാലുടനേകിടാം ഞാന്‍
വിശുദ്ധമാമീ നറുവെണ്ണയുണ്ണാന്‍.
ഉപേന്ദ്രവജ്ര.
കുലച്ചവില്ലോടെയടുത്തു പാര്‍ത്ഥന്‍
തൊടുത്തുവിട്ടൂ ശരമേറ്റു ഘോണീ
എടുത്തിടാനായിയടുത്തനേരം
തടുത്തു ഭര്‍ഗ്ഗന്‍ വിജയന്റെ മാര്‍ഗ്ഗം.
ഉപേന്ദ്രവജ്ര.
എനിക്കു നീ നല്‍കിയ മുത്തമെല്ലാം
കൊരുത്തു ഞാനിന്നൊരു മാലതീര്‍ത്തൂ
ആ മാലതന്‍ മുത്തുകളില്‍ തിളങ്ങു-
ന്നാരോമലേ നിന്നുടെ മുഗ്ദ്ധഹാസം.
ഉപജാതി.
വിധിയൊക്കെ വിധിച്ചിടാമൊടുക്കം
വിധിയേ മാറ്റിമറിച്ചിടാനെളുപ്പം
വധശിക്ഷ നടത്തിടാതെ വെക്കം
വിധിനീട്ടാന്‍ വിധിയായതും വിചിത്രം
വസന്തമാലിക.
ഒപ്പന കേട്ടൊരു മധുരലയത്തില്‍
മാരനു നല്‍കണമമൃതകണങ്ങള്‍
നീയൊരു പൂവിനു സദൃശമുലഞ്ഞാ-
മാറിലമര്‍ന്നിടു മധുവിധുനാളില്‍.
ഉജ്ജ്വലം.
നീലനിശീഥിനിയുണരുകയായീ
വിണ്ണിനു താരകള്‍ നിറകതിരായീ
ചന്ദ്രികതൂകിയ മലര്‍വനിതന്നില്‍
നീയൊരു മാദകമധുമലരായീ.
ഉജ്ജ്വലം.
ജനഹിതമറിയാതീമട്ടില്‍ സ്വയം
പ്രഭുതയില്‍ വിളയാടാനൊക്കില്ല കേള്‍
ഇതിനൊരു പരിഹാരം കാണാതെ നീ
മരുവുകില്‍ തടികേടാമോര്‍ത്തീടണം.
ലളിതം.
സ്മരണയില്‍ മധുകണം നിറക്കുവാന്‍
കഴിയുകില്‍ കവിതകള്‍ മികച്ചതാം
ലളിതമായ് രസഭരം രചിച്ചൊരാ
കവിതയാണതിസുഖം തരുന്നതും.
പ്രിയംവദ.
തരുനിര പൂത്തൂ,വല്ലികള്‍ പൂത്തൂ
വനികളില്‍ നീളേ ബാലകരാര്‍ത്തൂ
ഇനിയിവിടാകേ,യുത്സവഘോഷം
തിരിതെളിയുന്നീയോണവിശേഷം
മൌക്തികപംക്തി
അറിയണം നീ,നിനക്കായിയോണക്കളം
നിറവു ചേരും വിധത്തില്‍ രചിക്കേണ്ടയോ
അതിനു ഹൃദ്യം നിറങ്ങള്‍ ലഭിക്കാന്‍ പലേ
തൊടികള്‍ തെണ്ടിക്കുറേപ്പൂക്കളൊപ്പിച്ചു ഞാന്‍.
ഉര്‍വശി.
ഇച്ഛിച്ചവണ്ണമൊരു വണ്ണമവള്‍ക്കുവന്നു
ഉച്ഛാസമൊക്കെയൊരുപാടതു പാടുമായി
സ്വച്ഛം നടന്നവഴി മാറി വഴിക്കുനിത്യം
കൃച്ഛം നടന്നു,സുഖമിന്നസുഖം,കണക്കായ്.
വസന്തതിലകം.
ഇന്ദ്രാദിദേവഗണവന്ദിത ചന്ദ്രചൂഡാ
സന്താപമൊക്കെയൊഴിവാന്‍ വഴി നല്‍കയെന്നും
ബാലേന്ദു നിന്റെ ജടതന്നിലെ ഭൂഷണംപോല്‍
കാലാന്തകാ,തെളിയുകെന്‍ ഹൃദയത്തില്‍ നീയും.
വസന്തതിലകം.
ചാഞ്ചാടിയാടിയൊടുവില്‍ മടിയില്‍ കിടന്നു
കൊഞ്ചിക്കുഴഞ്ഞു പലവേലകളും നടിച്ചു
തഞ്ചത്തിലൂര്‍ന്നുറിയില്‍ നിന്നു കവര്‍ന്ന വെണ്ണ
മിഞ്ചുന്നൊരുണ്ണിയുടെ രൂപമതെത്ര രമ്യം.
വസന്തതിലകം.
താരങ്ങള്‍ മിന്നിമറയുന്നൊരു വാനിടത്തില്‍
ആരാണിതേവിധമുയര്‍ത്തുവതീ പ്രദീപം
ആ ദീപശോഭ ധരതന്നിലൊഴുക്കിടുന്നീ
യാരമ്യദീപ്തി മധുചന്ദ്രികയല്ലെ,ചൊല്ലൂ.
വസന്തതിലകം.
തിണ്ണയ്‌ക്കുതന്നെ തലതാഴ്‌ത്തിയിരുന്നിടേണ്ടാ
എണ്ണംപറഞ്ഞു കരയേണ്ടിനിയെന്റെ തത്തേ
മൊണ്ണത്തരങ്ങളുടനേയവിടെക്കളഞ്ഞ-
വ്വണ്ണം പറന്നിവിടെ വന്നൊരു പാട്ടു പാടൂ.
വസന്തതിലകം.
നാനാനിറങ്ങളിടതൂര്‍ന്ന സുമങ്ങളാലേ
ഞാനീ വിധത്തിലഴകുള്ളൊരു മാല തീര്‍ത്തൂ
ചേലൊത്തവണ്ണമതു നിന്നുടെ വിഗ്രഹത്തില്‍
മാലൊക്കെ മാറുവതിനായിവനിന്നു ചാര്‍ത്തി.
വസന്തതിലകം.
മന്ദാരപുഷ്പഭര നിന്‍കചശോഭകണ്ടാല്‍
എന്തെന്തു ചന്ത,മതിബന്ധുരമെന്നു ചൊല്ലാം
ഇന്ദീവരങ്ങളൊടു മല്ലിടുമാഭയോടേ
മന്ദം വിടര്‍ത്തിടുക നിന്‍ നയനങ്ങള്‍ മെല്ലേ.
വസന്തതിലകം.
“വില്ലാളിവീരനവനര്‍ജ്ജുനനാണു ഹൃത്തില്‍
അല്ലാതെയാരുമിണയാവുകയില്ല സത്യം“
മല്ലാക്ഷിയീവിധമുരച്ചതു കേട്ടു കണ്ണന്‍
മെല്ലേ ചിരിച്ചു ഹൃദയത്തിലുണര്‍ന്നു മോദം.
വസന്തതിലകം.
വീമ്പോടെ വന്നസുരര്‍ വാലിനു തീ കൊടുത്ത-
ങ്ങെമ്പാടുമൊക്കെയുടനോടിടുമാ ദശായാം
വന്‍പോടെ ലങ്കയില്‍ വിനാശമുതിര്‍ത്ത നിന്‍വാല്‍-
ത്തുമ്പിന്റെ വന്‍പിനിവനമ്പൊടു കുമ്പിടുന്നേന്‍.
വസന്തതിലകം.
ശങ്കിക്കവേണ്ട,ശിവശങ്കര നിന്റെ രൂപം
സങ്കോചമൊക്കെയൊഴിവാക്കിയിവന്‍ ഭജിക്കും
സങ്കേതമായി തവ പാദയുഗം മനസ്സില്‍
സങ്കല്പമാക്കുമിവനേക വരാഭയം നീ.
വസന്തതിലകം.
പ്രതിവിധിയിതിനെന്താണോതിടേണ്ടൂ ശരിക്കും
മതിമുഖിയിനിയെന്നില്‍ ശങ്കവേണ്ടാ വഴക്കും
ദ്യുതിയൊടു തെളിവാനില്‍ പുഞ്ചിരിച്ചിന്നു കാണും
മതിയുടെയൊരുനാമം തന്നെയീ‘യിന്ദുലേഖ‘.
മാലിനി.
അത്തപ്പൂക്കളമിട്ടു ചിത്തിരയിതാ ചോദിപ്പു “ഞാനീ വിശാ-
ഖക്കും പിന്നനുരാധ കേട്ടപടിയായ് മൂലങ്ങളില്ലാതെ താന്‍
പൂരാടത്തൊടുമുത്തിരാടമിണയായോണക്കളം തീര്‍ക്കുവാന്‍
നേരേ ഞാനവിടിട്ട പൂക്കള്‍ ചതയാനെന്താണു കാര്യം സഖേ?”.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒന്നൊന്നായി വിടര്‍ന്നിടുന്ന വിവിധം പുഷ്പങ്ങളെല്ലാമെടു-
ത്തൊന്നിച്ചിട്ടതില്‍ നിന്നുതിര്‍ന്ന വരമാം സൌന്ദര്യപുഞ്ജത്തിനാല്‍
മിന്നും സൌഭഗപൂരമാര്‍ന്ന വധുവായ് നന്നായ് ചമച്ചീശ്വരന്‍
തന്നേയന്നിവനേകിയെന്‍ ഗൃഹിണിയായെല്ലാമതെന്‍ ഭാഗ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
തെറ്റായുറ്റവര്‍ ചെയ്തിടുന്ന കുറവും കുറ്റങ്ങളും നമ്മളാ-
മട്ടില്‍ കണ്ണുമടച്ചുവെച്ചു വിടുകില്‍ തെറ്റായിടും കൂട്ടരേ
തെറ്റെന്നാവിധതെറ്റുകള്‍ ക്ഷമയൊടേ ബോദ്ധ്യപ്പെടുത്തീടുകില്‍
തെറ്റില്‍ നിന്നവര്‍ മാറിടും,ഗുണമവര്‍ക്കേവര്‍ക്കുമുണ്ടായിടും.
ശാര്‍ദ്ദൂലവിക്രീഡിതം.
ദ്വാരം വീണൊരു പാട്ടകാട്ടിയിവിടേ ഭിക്ഷയ്ക്കുവന്നിന്നൊരാള്‍
“ഭാരം തന്നെയിതേവിധം കഴിയുവാന്‍, പാങ്ങില്ല ജീവിക്കുവാന്‍,
ഭാര്യക്കുണ്ടസുഖം, വിശന്നുവലയുന്നഞ്ചാറു മക്കള്‍,മഹാ-
ക്രൂരംതാന്‍ വിധി”യെന്നുരച്ചുകരയുംനേരം തപിച്ചെന്‍ മനം.
ശാര്‍ദ്ദൂലവിക്രീഡിതം.
നാണിക്കാതെ കടന്നിരിക്കു മടിയില്‍, മെല്ലേ മുഖം താഴ്ത്തു നീ
കാണേണ്ടാരുമവര്‍ക്കസൂയ പെരുകും, തല്ലാനടുത്തീടുമേ
ഉണ്ണാനായി വിളിച്ചിടുന്ന സമയത്തൊന്നായ് നമുക്കൊന്നുപോയ്
ദണ്ണം വിട്ടു കഴിച്ചിടാമിടയില്‍ നീ പോകൊല്ല,മാര്‍ജ്ജാരമേ.
ശാര്‍ദ്ദൂലവിക്രീഡിതം.
പൊട്ടിച്ചിട്ടൊരുമുത്തുമാല തറയില്‍ വീഴുന്നപോലേ ചിരി-
ച്ചിട്ടീ മട്ടിലുരച്ചതൊക്കെ കളിയാം മട്ടായെടുത്തിന്നു ഞാന്‍
വട്ടം കൂടിയ കൂട്ടുകാര്‍ക്കു നടുവില്‍ പൊട്ടിച്ചിരിച്ചുള്ള നിന്‍-
മട്ടും ഭാവവുമൊക്കെയെത്ര സുഖദംതന്നേയെനിക്കിഷ്ടമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
വണ്ടേ,ശ്രാവണമാസമായ് കളമിടാന്‍ വന്നീടണം സത്വരം
വണ്ടാര്‍പൂങ്കുഴലാള്‍ക്കു നീ മലരുകള്‍ നല്‍കീടണം നിത്യവും
ഇണ്ടല്‍തീര്‍ന്നൊരു പത്തുനാളിവിടെയും തങ്ങീടണം, പക്ഷെ വന്‍-
കുണ്ടാമണ്ടികള്‍ കാട്ടിയിട്ടു വെറുതേ മണ്ടൊല്ല മിണ്ടാതെ നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
“ശല്യം ശല്യമിതെന്നു ചൊല്ലി വെറുതേ ശല്യപ്പെടുത്തേണ്ട നീ-
യല്ലാതേയിവനില്ല മറ്റൊരുവളെന്‍ഹൃത്തില്‍, മനോമോഹിനീ“
വല്ലാതീവിധമോതി കേകയസുതന്‍ ശല്യപ്പെടുത്തും വിധൌ
കൊല്ലാന്‍ ഭീമനനുജ്ഞനല്‍കിയൊളിവില്‍, പാഞ്ചാലി,മാലാറ്റുവാന്‍.
(കേകയസുതന്‍=കീചകന്‍)
ശാര്‍ദ്ദൂലവിക്രീഡിതം.
*****************************************************************************
Sunday, September 4, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment