ശ്ലോകമാധുരി.37
‘ഭാസ്സില്‍ രമിക്കുന്നവര്‍ ഭാരതീയര്‍‘
ഘോഷിച്ചു സര്‍വ്വജ്ഞരിതേ പ്രകാരം
ഭോഷ്കെന്നു നണ്ണേണ്ട,സുഭദ്രമായ
ഭാഷ്യം,സ്മരിക്കാമഭിമാനപൂര്‍വം.
ഇന്ദ്രവജ്ര.
ചാപല്യമോടെ പലനാളു കഴിഞ്ഞു മന്നില്‍
ഊന്നാനെടുത്തു വടിയൊന്നവനന്ത്യകാലേ
എന്നാല്‍ ഭവന്റെ തിരുചേവടിയാണു മോക്ഷം
നല്‍കുന്നൊരൂന്നുവടി,തേടതു ഭക്തിയോടേ.
വസന്തതിലകം.
താളത്തൊടു നീയൊരു പാട്ടുപാടൂ
നീലക്കുയിലേ വരുകെന്റെ ചാരേ
ക്ഷീണിച്ചിവിടേ കഴിയുന്നു ഞാനും
നീ പാടുകില്‍ ഞാനതു കേട്ടുറങ്ങും.
ഉപസ്ഥിത.
ശോകം വരുംപൊഴുതെനിക്കൊരു ശാന്തിനല്‍കാന്‍
വേഗം വരൂ,കരുണയോടഗജാത്മജാ നീ
അന്‍പോടെ തുമ്പിയൊരുമാത്രയുയര്‍ത്തിയെന്നില്‍
സംപ്രീതനായി വരമേകണമേ,ഗണേശാ.
വസന്തതിലകം.
ഹരപുരമമരും ത്രൈലോക്യനാഥാ, മഹേശാ
ദുരിതശമനമേകും നല്‍വരം നല്‍ക,ശംഭോ
തിരുവടിമലര്‍ തന്നേയാശ്രയം മാലകറ്റാന്‍
പരിചൊടു,പരമേശാ,പാദപത്മം തൊഴുന്നേന്‍.
മാലിനി.
ഇമ്പംചേര്‍ന്ന പദങ്ങളാല്‍ കവിതകള്‍,ശ്ലോകങ്ങളാമൊക്കെയും
തുമ്പംവിട്ടു രചിക്കുവാന്‍ കഴിവെനിക്കേകേണമേ,ശാരദേ
മുന്‍പില്‍ ഞാനവ വെച്ചിടാം നിറവെഴും പാദത്തിലര്‍ഘ്യങ്ങളായ്
അംബേ,അക്ഷരരൂപിണീ കനിവൊടേ തന്നീടു വാഗ്‌വൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം.
കെട്ടിപ്പൂട്ടിയെടുത്തു ഞാന്‍ കവിതയേ,യങ്ങേക്കരേയ്‌ക്കിട്ടു ഞാന്‍
വീട്ടില്‍ വന്നുസുഖിച്ചിരുന്ന സമയത്തെത്തീ തിരിച്ചിന്നവള്‍
ഒട്ടേറെക്കഷണിച്ചു ഞാനവളെയെന്‍ ഹൃത്തീന്നകറ്റാന്‍,ശ്രമം
പൊട്ടിപ്പോയി,ലസിച്ചിടെന്റെ കവിതേ,യിമ്മട്ടിലെന്‍ ഹൃത്തില്‍ നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
‘ദേഹം ദേഹിയെ വേര്‍പെടുന്ന സമയത്തെന്‍ ചാരെയാശ്വാസമായ്
ആരും വന്നിടു‘മെന്നു നീ കരുതുകില്‍ നേരാവുകില്ലാ ദൃഢം
പാരില്‍ ബന്ധമതൊക്കെ ബന്ധനമതായ് കാണുന്നു ബന്ധുക്കള്‍,നീ
ആപത്ബാന്ധവപാദപത്മഭജനം ചെയ്തീടു,ഭക്ത്യാദരം.
ശാര്‍ദ്ദൂലവിക്രീഡിതം.
പങ്കം തന്നില്‍ മദിച്ചിടുന്ന കിടികള്‍ക്കെന്താണു പത്ഥ്യം സഖേ
ശങ്കിക്കേണ്ട,പറഞ്ഞുവെങ്കിലതില്‍ വന്‍പാപം നിനക്കില്ലെടോ
തങ്കം,സ്വര്‍ണ്ണവിഭൂഷകള്‍,മരതകം, മുത്തും കൊടുത്തീടെടൊ
വങ്കന്‍ പന്നി രമിപ്പതാ ചെളിയിലാം,വര്‍ഗ്ഗസ്വഭാവം സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം.
പണ്ടെങ്ങാണ്ടൊരു നാലുപാദമിവിടെക്കോറീ,മറന്നിട്ടു ഞാന്‍
മിണ്ടാതവ്വിധമങ്ങിരുന്നു,കവിതാപാദങ്ങള്‍ തീര്‍ക്കാതെ,ഹാ
വീണ്ടും ഞാനിവിടേയ്ക്കു വന്നതിവിടം കാണാന്‍,കുറിക്കാന്‍ സ്വയം
വേണ്ടും വണ്ണമതിന്നൊരാശയമുടന്‍ കിട്ടാന്‍ കൊതിച്ചീവിധം.
ശാര്‍ദ്ദൂലവിക്രീഡിതം.
മാറില്‍ ചേര്‍ത്തുപിടിച്ചു കണ്ണനു മുലപ്പാലേകി,ജീവന്‍ ത്യജി-
ക്കാറായ് വന്നളവന്നു ദീനമലറിക്കാറീ”മതീ,യ്യോ,മതീ”
‘സംസാരത്തിലെ ബന്ധനം മതിമതീ‘ന്നെന്നര്‍ത്ഥമാക്കീട്ടവന്‍
കംസാരീ,ഹരിയന്നവള്‍ക്കു ഗതിയായേകീ വരം മോക്ഷദം.
ശാര്‍ദ്ദൂലവിക്രീഡിതം.
അത്യന്തം ഭക്തിയോടീ തിരുനടയടിയന്‍ തേടിയെത്തീ,ഭവാനീ
നിത്യം നിന്‍പൂജ ചെയ്‌വാനതിലിവനുടനുണ്ടാകുമീയാത്മഹര്‍ഷം
കൃത്യംചൊല്ലാവതല്ലാ,മനമതിലുളവാകുന്നൊരാ ഭാവമെല്ലാം
സത്യം നിന്‍ മായതന്നെന്നിവനതു ദൃഢമായാത്മനാ,ലോകമാതേ.
സ്രഗ്ദ്ധര.
*******************************************************************
Saturday, September 24, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment