Monday, June 19, 2017

ശ്ലോകമാധുരി.59

ശ്ലോകമാധുരി.59.
*****************

വഴിതെറ്റിടാതെയുലകത്തില്‍ വാണിടാന്‍
വഴിയായി നിന്റെ വരമേക ശൈലജേ
അഴിയാത്ത ഭക്തി വിടരുന്ന ഹൃത്തില്‍ വ-
ന്നഴകോടെ വാഴ്കിലതുമെത്ര ധന്യമാം!
മഞ്ജുഭാഷിണി
ഞെട്ടറ്റുവീണ ചില പൂക്കളെയോര്‍ത്തു നിങ്ങള്‍
ഞെട്ടേണ്ടതില്ലതിനു കാരണമുണ്ടു ഭൂവില്‍
മട്ടും പ്രഭൂതികളൊടൊട്ടുവസിക്കുമെന്ന-
ങ്ങൊട്ടും നിനയ്ക്കരുതു,നശ്വരമാണു സര്‍വ്വം.
വസന്തതിലകം.
ദന്താവളാസ്യ,നപരന്നു മുഖങ്ങളാറു,
പൊന്തുന്നൊരാറു,പിറ,തീയെരിയും ത്രിനേത്രം
എന്താണു ചൊല്‍‌വതിനിയീവിധമാണു ഗൌരീ-
കാന്തന്റെ കാര്യമതിദുസ്സഹമാണു, കഷ്ടം!
വസന്തതിലകം.
പൂമാലയല്ല, പലപാമ്പുകള്‍ മാറിടത്തില്‍
മാലേയമല്ല,ചുടുചാമ്പലതാണു മെയ്യില്‍
മാലൊന്നുമില്ല,നടനം ചുടുകാട്ടിലയ്യോ
കാലാരി, നിന്‍ ചരിതമത്ഭുതമാണു പാര്‍ത്താല്‍ !
വസന്തതിലകം
അന്നു ഞാന്‍ നിന്നൊടായ് ചൊന്ന ദുഃഖങ്ങളെ
ഒന്നു തീര്‍ത്തീടുവാനെന്തിനീ താമസം ?
ഇന്നു ഞാനീവിധം മുന്നിലെത്തീ ഹരേ!
മന്നില്‍ ഞാനാന്യരില്‍ കാണ്മതില്ലാശ്രയം.
സ്രഗ്വിണി
പാടുപെട്ടീവിധം പാട്ടുപാടൊല്ല നീ
പാടുവാന്‍ നിന്‍സ്വരം പാകമല്ലോര്‍ക്കണം
പാടിടും പഞ്ചമം രാഗമാ കോകിലം
പാടുനോക്കീടു നീ പോക കാകാ ജവം!
സ്രഗ്വിണി
മാലതിപ്പൂക്കളെല്ലാമെടുത്തിട്ടു നീ
മാലതീമാലയായ് ചാര്‍ത്തിയെന്‍ മാറിലായ്
മാലതീ, നീ പിരിഞ്ഞോരു നേരത്തു ഹാ!
മാല തീമാലയായ് ,താപമാര്‍ന്നെന്‍ മനം.
സ്രഗ്വിണി
വളഞ്ഞും പുളഞ്ഞും തെളിഞ്ഞും ഗമിക്കും
നിളക്കെന്തു ചേലാണു കാണാന്‍ മനോജ്ഞം!
കുളിര്‍ത്തെന്നലേറ്റീ കരയ്ക്കൊന്നിരിക്കേ
മയങ്ങുന്നു ചിത്തം, മഹാസൌഖ്യപൂരം!
ഭുജംഗപ്രയാതം.
 പുഴയുടെയരികത്തായെത്തിടും നേരമയ്യാ !
അഴലുകളൊഴിയുന്നൂ, ശാന്തി കൈവന്നിടുന്നു
ചുഴി,മലരികളെല്ലാം ജീവിതത്തില്‍ വരുമ്പോള്‍
കഴിവതുമിവിടേയ്ക്കൊന്നെത്തു, സൌഖ്യം വരിക്കാം.
മാലിനി.
‘വിരോധമാം വികാരമെന്റെ ഹൃത്തില്‍ വന്നുകൂടുവാന്‍
ഒരിക്കലും വരൊല്ല’ യെന്നതാം വരം തരേണമേ
ഹരേ,ധരിത്രിതന്നിലുള്ള മര്‍ത്ത്യരൊക്കെയും സ്ഥിരം
പെരുത്ത മൈത്രിയോടെവാഴുവാന്‍ തൊഴുന്നു നിന്‍‌പദം.
പഞ്ചചാമരം.
 എണ്ണാനൊക്കരുതാത്തപോല്‍ പലവിധം ദുഷ്ക്കര്‍മ്മമാണൊക്കെയും
ദണ്ണത്തോടെയറിഞ്ഞിടുന്നവ മനം നീറ്റുന്നുവെന്നാകിലും
കണ്ണാ,നിന്‍ മധുമന്ദഹാസമിതുപോല്‍ കാണുന്നനേരത്തു ഞാന്‍
എണ്ണുന്നെന്നുടെ പാപമൊക്കെയൊഴിവാക്കും ഭൈഷജം നിന്‍സ്മിതം!
ശാര്‍ദ്ദൂലവിക്രീഡിതം.
 കണ്ടാല്‍ കേമനൊരുഗ്രശബ്ദമിതുപോലുണ്ടാക്കിലും ഹൃദ്യമായ്
മണ്ടുന്നമ്പലവാസിതന്‍ വടിവില്‍ നീയെല്ലാടവും മാന്യനായ്
പണ്ടേ നിന്നൊടടുത്തു നിന്‍ വിവിധമാം താളം ശ്രവിക്കാനുമായ്
ചെണ്ടേ നിന്നുടെ ദാസനായിവിടെ ഞാന്‍ നില്‍ക്കുന്നു നിശ്ശബ്ദനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണോ മൂന്നു, തലയ്ക്കു മേലെ ജടയില്‍ പെണ്ണൊന്നു വാസം, സുതര്‍
പൊണ്ണന്‍ കുമ്പയൊടാനമോറനപരന്നാറാണു വക്ത്രങ്ങളും
ദണ്ണം തോന്നുവതൊന്നുമല്ല ഫണിയാണാമേനിയില്‍,മാമല-
പ്പെണ്ണേ നിന്‍ പതിമാത്രമെത്ര ചതുരന്‍, ചൊല്ലാന്‍ മടിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം
കണ്ണീര്‍മുത്തുകള്‍ കോര്‍ത്തെടുത്തു തുയര്‍തന്‍ ഹാരങ്ങള്‍ നീ തീര്‍ക്കവേ
ദണ്ണംകൊണ്ടു വലഞ്ഞതെന്‍ ഹൃദയമാണെന്നുള്ളതോര്‍ത്തീടു നീ
കണ്ണായ് നീ കരുതുന്നൊരാ സഹജരോ കണ്ടില്ല നിന്‍ കണ്ണുനീര്‍
എണ്ണീടാര്‍ക്കുമിതാണു ദുര്‍വ്വിധി,യതില്‍ ദുഃഖിച്ചിടേണ്ടാ സഖീ!
ശാര്‍ദ്ദൂലവിക്രീഡിതം.
ചൊല്ലാന്‍ ശ്ലോകമതൊക്കെയോര്‍ത്തു സഭയില്‍ വന്നപ്പൊഴുള്ളത്തിലായ്
വല്ലാതുള്ളൊരു വിഭ്രമം പ്രകടമായ് വന്നെന്നതോര്‍മ്മിപ്പു ഞാന്‍
മെല്ലേ ഞാനതു ചൊല്ലിടാതെ ചുളുവില്‍ പിന്നോട്ടു മാറീ,സ്വയം
മല്ലില്ലാതെ പുറത്തുവന്ന നിമിഷം പോയെന്‍ ഭ്രമം പൂര്‍ണ്ണമായ്!
ശാര്‍ദ്ദൂലവിക്രീഡിതം
നീയേയെന്നുടെ രക്ഷയെന്നു കരുതിപ്പാര്‍ക്കുന്നു ഞാന്‍ ക്ഷേമമായ്
മായേ നിന്നുടെയക്ഷിയെന്നില്‍ നിയതം തൂവട്ടെ രക്ഷാമൃതം
തായേ മന്നിടമിക്ഷണത്തില്‍ ദുരിതം തന്നാലുമക്ഷീണമായ്
തായേ നിന്നുടെ രക്ഷയെന്നി,ലതുതാന്‍ സംരക്ഷ! കൂപ്പുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
‘പൂരം‘ സൌഭഗപൂരനാളു പുരുഷന്നെന്നുള്ള ചൊല്‍ സാര്‍ത്ഥമായ്-
ത്തീരുംവണ്ണമെനിക്കു ജീവിതസുഖം നല്‍കുന്നു സര്‍വ്വേശ്വരന്‍
പാരം നല്ല കുടുംബവും സകലസൌഭാഗ്യങ്ങളോടൊത്തു നീ
നേരായ് നല്‍കിയതെന്റെ ധന്യത, പദം കൂപ്പുന്നു ഞാന്‍ ശ്രീപതേ!
ശാര്‍ദ്ദൂലവിക്രീഡിതം
ഭക്തിപ്രേമസുധാരസം നുകരുവാനായിട്ടു  ഞാനിന്നിതാ
എത്തുന്നീ ഗുരുവായുമന്ദിരമതില്‍ക്കെട്ടിന്നകത്തിങ്ങനേ
മൊത്തം ശക്തിയെടുത്തു ഞാന്‍ തിരുനടയ്ക്കെത്തുന്നനേരത്തു നീ
ചിത്തം തട്ടിയെടുത്തു,ഞാന്‍ മധുരസം സൂക്ഷിപ്പതെങ്ങാണു ചൊല്‍ !
ശാര്‍ദ്ദൂലവിക്രീഡിതം
മണ്ണില്‍ വീണുകിടന്നു നീയിതുവിധം മണ്ണോടു ചേരുമ്പൊഴും
പൂര്‍ണ്ണം തൃപ്തിയൊടേ ചിരിച്ചു വിലസുന്നെന്നുള്ളതാണത്ഭുതം!
മന്നില്‍ നിന്നുടെ ജന്മമെത്ര സഫലം, ഞാനിന്നു നിന്‍ മുന്നിലായ്
നിന്നീടുന്നൊരു നേരമെത്ര മഹിതം, പൂവേ! വണങ്ങുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം
മറ്റുള്ളോര്‍ സ്തുതി ചെയ്യവേ,യൊരു മയില്‍പോല്‍ പീലി നീര്‍ത്തുന്നു നീ
മറ്റുള്ളോരപരര്‍ക്കതേകെ വിഷമത്താലീര്‍ഷ്യ കൊള്ളുന്നു ഹാ!
കഷ്ടം തന്നെ,യധോഗതിക്കു ഗതിയായ് തീരുന്നു നീ ചിത്തമേ
തുഷ്ട്യാ നന്മകളെ സ്തുതിക്ക,യതുതാന്‍ സത്താം ഗുണം.വൃദ്ധിയും.
ശാര്‍ദ്ദൂലവിക്രീഡിതം
 മിന്നും പീലികള്‍ ചേലിലാടി വിലസും നിന്‍ മൌലി,സമ്മോഹനം
ചിന്നും നിന്നുടെ വംശിനാദ,മതുലം പീതാംബരം,കാര്‍നിറം
പൊന്നാം ശ്രീഗുരുമാരുതേശപുരിതന്‍ പുണ്യം,കണക്കറ്റ മ-
ട്ടെന്നും കാണുവതിന്നെനിക്കു തുണയായ് വന്നീടണം മത്പ്രഭോ!
ശാര്‍ദ്ദൂലവിക്രീഡിതം.സമസ്യാപൂരണം.
ശ്ലോകംതീര്‍ത്ത രസത്തിലൊക്കെയിവനും ചാര്‍ത്തുന്നിതീ വേദിയില്‍
മൂകന്മാര്‍ പലരും കടന്നുവരുമെല്ലാം കണ്ടു പോകുന്നു ഹാ!
ആകെക്കൂടിയൊരഞ്ചുപേരതിനുടന്‍ ചാര്‍ത്തുന്നു ലൈക്കെങ്കിലി-
ന്നാഢ്യന്മാര്‍ക്കതു വൈരമോ, ചതുരമോ, നല്‍കാ കമന്റൊന്നുമേ!
ശാര്‍ദ്ദൂലവിക്രീഡിതം
ഹൃദ്യംതന്നെയിതേവിധം സഹൃദയര്‍ ചൊല്ലുന്ന വാക്കൊക്കെയും
നേദ്യം‌പോലെ വിശുദ്ധമാണതു മഹാപുണ്യം ,മനോരഞ്ജനം
ഉദ്യോഗത്തൊടിതേവിധത്തിലെഴുതും കാവ്യങ്ങളെന്‍ ഹൃത്തിലേ
ഖദ്യോതം മിഴിവായ് പൊഴിക്കുമൊളിതാന്‍, മിന്നട്ടെ സൌവര്‍ണ്ണമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇന്നോളം നിന്റെ നാമം മനമിതിലുരുവിട്ടീടുവാന്‍ തോന്നിയില്ലാ
ഇന്നാണാ സത്യമോര്‍പ്പൂ, ഇനിയിതിനുടവായീടുവാനെന്തു ചെയ്‌വേന്‍?
ഇന്നിപ്പോള്‍ വൈകിയാലും തവതിരുമുഖമെന്‍ ചിത്തില്‍ മിന്നിത്തിളങ്ങു-
ന്നിന്നാണെന്‍ ഭാഗ്യമീമട്ടുണരുവതതു ഞാന്‍ കാത്തിടും ധന്യമായി!
സ്രഗ്ദ്ധര.
കുന്നിന്മേലേ വിളങ്ങും മലമകളിവനേ കാത്തുരക്ഷിക്കവേണം
കുന്നിക്കും ഭക്തിയോടേയടിയനിവിടെ നിന്‍ പൂജചെയ്യുന്നു നിത്യം
കുന്നോളം ദുഃഖമാര്‍ത്തിട്ടിവനു രുജവരുംനേരമന്‍‌പോടു മാന്ധാം-
കുന്നില്‍ വാഴുന്നൊരമ്മേ,വരുകയിവനു നല്‍കീടുവാന്‍ തൃക്കടാക്ഷം
സ്രഗ്ദ്ധര
നാടാകേ ചാടിയോടീട്ടതുപടി ചതുരോപായമെല്ലാം മൊഴിഞ്ഞ-
ങ്ങാടോപം ശീലമാക്കീട്ടവയുടെ ഫലമായ് സ്ഥാനമാനങ്ങള്‍ നേടീ
വാടാതേ മുന്നില്‍വന്നീ കളിയിതുതുടരും ഭോഷരേ,ഞങ്ങളോര്‍പ്പൂ
“കൌടില്യം കാട്ടുവോര്‍ക്കിന്നടിയറവരശിന്നേതു കള്ളിക്കകത്തോ!“
സ്രഗ്ദ്ധര-സമസ്യാപൂരണം
 പ്രത്യക്ഷം വൃക്ഷജാലം സുരുചിരസുമജാലം വിരിച്ചീവിധത്തില്‍
സാക്ഷാല്‍ ക്ഷോണിക്കു മോദം മദഭരമുയരും മട്ടിലാര്‍ത്താടിടുമ്പോള്‍
ഹൃദ്യം ഹ്ലാദം പെരുത്തീ പെരുമയരുമയാം സ്വര്‍ണ്ണവര്‍ണ്ണങ്ങളാലേ
ശ്ലോകം ശോകംവിനാ തീര്‍ത്തിവിടെ വടിവൊടേ വയ്പ്പു രമ്യം രസിക്കാം!
സ്രഗ്ദ്ധര
വിദ്യാസമ്പന്നനാണെന്നതു ചിലനിമിഷം വൃത്തിയായോര്‍ത്തിടാതേ
മദ്യക്കുപ്പിക്കുപിമ്പേ ചപലതപെരുകും ജാഡപൊക്കാന്‍,നടിക്കാന്‍
ഉദ്യോഗപ്രൌഢികാട്ടാന്‍ സഹചരുമൊരുമിച്ചാടിയെന്നും തിമിര്‍ക്കാന്‍
മദ്യം സ്തുത്യം നിനച്ചാല്‍, പകലുമിരവിലും പാടുപെട്ടീടുമാരും!
സ്ര
ഗ്ദ്ധര.സമസ്യാപൂരണം.
ശ്രീയോടെന്‍ ജന്മനാളില്‍ സുമധുരതരമാം വര്‍ണ്ണമെല്ലാം തിളങ്ങും
ശ്രീയായ് ശോഭായമാനം സുമഗണമഖിലം നല്‍കിയോരേ, നമിപ്പൂ
ശ്രീയായെന്‍ നന്ദിചൊല്ലാനിവനിതവിനയത്തോടെ നില്‍ക്കുന്നു മുന്നില്‍
ശ്രീയാണീ സൌഹൃദത്തിന്‍ പെരുമഴ കരളില്‍ വന്നുവര്‍ഷിച്ച ഹര്‍ഷം!
സ്രഗ്ദ്ധര.  
****************************************************

No comments:

Post a Comment