മീനാക്ഷീ, കൂര്‍മ്മയായീ കിടിയുടെ വിധമിന്നെന്തു നീ മൂളിയാലും
ഞാനിന്നീ പൂജചെയ്യാന്‍ നരഹരിസവിധം പോയിടും ഭക്തിപൂര്‍വ്വം
അല്ലെങ്കില്‍ വാ,മനസ്സില്‍ നിറവിനിടവരും മോഹനാരാമമെല്ലാം
തേടി പൂ ശേഖരിച്ചാഹരിയുടെ വരമാംകല്‍ക്കിരൂപം ഭജിക്കാം
സ്രഗ്ദ്ധര
താനാരാണതറിഞ്ഞിടാനൊരുവനാ ദ്വേഷം വെടിഞ്ഞീടണം
ദ്വേഷം കൈവിടവേണമോ മലിനമാം കാമം കളഞ്ഞീടണം
കാമം വിട്ടൊഴിവായിടാന്‍ മഹിതമാം ഭക്തിക്കു തന്നേ ബലം
സത്തായിത്ഥമറിഞ്ഞു വാഴുമവനോ ദേവന്നു തുല്യം ഭുവി.
ശാര്‍ദ്ദൂലവിക്രീഡിതം
ഞാനീ നോവലെടുത്തുവെച്ചുചിതമായാലോകനം ചെയ്യവേ
“ഞാനിന്നില്ലെ മനസ്സിലുറ്റ സഖിയായെന്നങ്ങതോര്‍ത്തില്ലയോ
സ്ഥാനം വിട്ടിടുകില്ല ഞാന്‍ ,തവമനം തേടണ്ട വേറൊന്നുമേ
നൂനം വന്നിടുകെന്റെകൂടെയിനി നീ” യെന്നോതി കാവ്യാംഗന.
ശാര്‍ദ്ദൂലവിക്രീഡിതം
മാനം നോക്കി ഗമിയ്ക്ക നീ,യവിടതാ പാറുന്നു നിന്‍ കൂട്ടുകാര്‍
മാനംനോക്കിയിരുന്നിടേണ്ട കവിതേ,നീയെന്റെസര്‍വ്വം പ്രിയേ
വാനംതന്നിലുയര്‍ന്നു നീ മധുരമായ് പാടീടുകില്‍ തുഷ്ടിയില്‍
ഞാനും ഭാവനതന്റെ പൂംചിറകിലായെത്താം,മറക്കാം,സ്വയം.
ശാര്‍ദ്ദൂലവിക്രീഡിതം
ശ്രീയെന്നുംനിറവായിടുന്ന സുതതന്‍ ശ്രീയായ് ഭവിക്കുന്നൊരീ-
ശ്രേയപ്പൊന്മണി തന്റെയിന്ദുവദനം ശ്രീയാര്‍ന്നുകണ്ടീടവേ
ശ്രീമാതിന്നവതാരമെന്നു കരുതിന്നീയുള്ളവന്‍ ഹൃത്തിലീ-
ശ്രീയുംശ്രീലകഭംഗിയായ് വളരുവാന്‍ , ശ്രീദേ, വരം നല്‍കണേ.
(ശാര്‍ദ്ദൂലവിക്രീഡിതം)
പൂരം,പാരമപാരമായി വിരിയും രാവിന്റെ സൌന്ദര്യമാ-
യാരമ്യം മധുരം രസിച്ചു,വിരവില്‍ ചേരും ഹരം നിര്‍ഭരം
നേരാണീവരദര്‍ശനം പലരിലും പാരം ഭ്രമം ചേര്‍ത്തിടും
കാര്യംനേരിലതോര്‍ക്കണം,തുടരണംപൂരപ്രഘോഷം സ്ഥിരം
.ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തം നിന്‍ മുഖശോഭയാണതു കളഞ്ഞെല്ലാത്തിനും മീതെയാ-
ണൊത്തൊത്തുള്ളൊരു പാദസഞ്ചലനവും നഷ്ടം വരുത്തീ ഖലര്‍
പൊല്‍ത്താരൊത്തൊരു ഭൂഷവിട്ടു,രസമോ തെല്ലില്ല കഷ്ടം,ശരി-
യ്ക്കത്യന്താധുനികം വിതച്ച വിനയില്‍പ്പെട്ടിന്നു കാവ്യാംഗന.
ശാര്‍ദ്ദൂലവിക്രീഡിതം
വൃത്തം വേണ്ട,വിഭൂഷ വേണ്ട,പദവിന്യാസം ത്യജിക്കാമിതില്‍
പൊട്ടുംപോലെ നിരത്തിവാക്കുവിതറാമൊത്താല്‍ സ്വയംപൊക്കിടാം
അര്‍ത്ഥം വേണ്ട,തനിക്കു തോന്ന്യവിധമായ് നീട്ടിക്കുറുക്കീട്ടൊരീ-
യത്യന്താധുനികത്തിലായഗതിയായ് കാവ്യാംഗനേ,ഞൊണ്ടി നീ
ശാര്‍ദ്ദൂലവിക്രീഡിതം
സീതാന്വേഷണവേളയില്‍ കപിവരര്‍ നൈരാശ്യമാണ്ടീടവേ
ധീരം സാഗരമന്നു നീ നൊടിയിടെച്ചാടിക്കടന്നില്ലയോ?
ഇന്നീ ജീവിതസാഗരം വിഷമമായ് തീര്‍ന്നൂ,ഭവാനന്‍പൊടീ-
സംസാരാര്‍ണ്ണവമൊന്നെനിക്കു സുഗമംതാണ്ടാന്‍ തുണച്ചീടണം.
(ശാര്‍ദ്ദൂലവിക്രീഡിതം)
ഏപ്രില്‍ മാസമൊരൊമ്പതാം ദിനമതില്‍ദീപം പിടിച്ചെന്റെയീ-
വീടിന്‍ ദീപികയായി,യെന്റെ സഖിയായ് നീയെത്തിയെന്നോമലേ
ആണ്ടോ മുപ്പതിനോടുരണ്ടുഗതമായ് ത്തീര്‍ന്നാലുമിന്നെന്നപോ-
ലോര്‍ക്കുന്നാസുദിനം മികച്ചമിഴിവില്‍ത്തന്നേയിതെന്‍ ഭാഗ്യമേ !!!
ശാര്‍ദ്ദൂലവിക്രീഡിതം
മത്തേഭവൃത്തഗതിയുത്തുംഗശോഭയതിലെത്തുന്നിതെ
തത്തുന്നൊരാക്കിളികളൊത്തൊന്നു വന്നിടുകിലെത്തും മനസ്സിലമൃതം
എത്തിപ്പിടിച്ചപടി മൊത്തം തിനക്കതിരു കൊത്താന്‍ കൊടുക്ക സുഖദം
മുത്തെന്നപോല്‍ക്കവിതയിത്ഥം രചിക്കുമിവരേറ്റം രസത്തില്‍ നിരതം
മത്തേഭം
ഹിമനികരം കുമിഞ്ഞുവിലസുംഗിരിതന്‍ സുത ചേര്‍ന്നശോഭയും
ജഡഭരിതം ശിരസ്സിലണിയും വിധുവോടു തെളിഞ്ഞകാന്തിയും
ഫണിഗണമാ ഗളത്തിലിഴയും നിറവായൊരു ചാരുരൂപവും
മമഹൃദയേ തെളിഞ്ഞുവരണം ശിവപാദമിതാ തൊഴുന്നുഞാന്‍
സലിലനിധി
ചന്തം തികഞ്ഞു മികവാര്‍ന്ന പദങ്ങള്‍ വെച്ചു
മന്ദംവിരിഞ്ഞ ചിരിതൂകി,വിഭൂഷചാര്‍ത്തി
ചിത്തത്തിലുള്ള രസഭാവമതൊത്ത വൃത്ത-
വൃത്തിയ്ക്കു തന്നെയുരചെയ്തിതു കാവ്യകന്യ.
വസന്തതിലകം
മോടിക്കു കാവ്യതരുണിക്കൊരു മാലചാര്‍ത്താന്‍
വാടാത്തഭാഷ മണിഭൂഷയതാക്കിഞാനും
ചാടിക്കടന്നു പല സന്ധികളെങ്കിലും,ഹാ !
ഓടിക്കളഞ്ഞവളതെന്നെ നിരാശനാക്കി.
വസന്തതിലകം
പെണ്ണായജന്മമിതു ശാപമിതെന്നു തന്നേ
കണ്ണീരുതൂകിയതി വേദനയോടെ മാഴ്കേ
ഉണ്ണിക്കിടാവിനുടെ രോദനമൊന്നു കേട്ടൂ
കണ്ണീരിലോ ചിരിവിരിഞ്ഞു വിരിഞ്ഞു വന്നൂ
വസന്തതിലകം (സമസ്യാപൂരണം)
ഇരുളിന്നു തൂമയരുളുന്ന ദീപമാം
മതിബിംബകാന്തി സമമായ ശോഭയില്‍
പ്രിയതന്റെ വശ്യവദനത്തിലിന്നിതെന്‍
വിഷുവല്‍ വിഭാത കണിദര്‍ശനം വരം
മഞ്ജുഭാഷിണി (സമസ്യാപൂരണം)
വിഷുവിന്നു മന്നിലൊളിയായി കണ്മണീ
വിഷമങ്ങളൊക്കെയൊഴിവാക്കുമക്കണി
മണിദീപശോഭ തെളിയുന്നപോലെയെന്‍
കണിയായി നീ വരിക മഞ്ജുഭാഷിണീ
മഞ്ജുഭാഷിണി
ഇമ്പംകൂടും കണിയിതു സഖീ നിന്‍മുഖം കണ്ടുവെന്നാല്‍
തുമ്പം മാറും ദിനവുമിതുതാനെന്‍കണിപ്പൊന്‍മണീ നീ
മുമ്പേ ഞാനീവിധമുയരുമെന്നാഗ്രഹം ചൊല്ലിയെന്നാ-
“ലമ്പോ! നില്ലീ വഴിവരികയില്ലെ“ന്നുചൊന്നേനെ യല്ലീ ?
മന്ദാക്രാന്താ
ഹരനുടെ ജഡതന്നില്‍ പാത്തിരിക്കുന്ന ദേവീ
ഹിതമൊടെയിവനിന്നീ താപമാറ്റിത്തരേണം
നദിയിതിലൊരു തുള്ളിക്കില്ല വെള്ളം കുളിക്കാന്‍
കരുണയൊടിതിലൂടൊന്നെത്തണം,വൈകിടല്ലേ .
മാലിനി
**********************************************************
No comments:
Post a Comment