Sunday, June 18, 2017

ശ്ലോകമാധുരി.56

ശ്ലോകമാധുരി.56
*******************
നന്ദിച്ചിടും ഭാവമുണര്‍ത്തുവാനായ്
വന്ദിച്ചിടും സത്ത്വഗുണപ്രധാനര്‍
സ്യന്ദിച്ചിടും നന്മകള്‍ ഹൃത്തടത്തില്‍
സ്പന്ദിച്ചിടും സംസ്കൃതി ധന്യധന്യം!
ഇന്ദ്രവജ്ര.

അടിമലര്‍ തൊഴുമെന്നഘങ്ങള്‍ തന്‍
കൊടുമ മുടിച്ചുടനേക നല്‍‌വരം
കടമിഴിയിവനില്‍ പതിക്കുവാന്‍
നടയിലിവന്‍ സ്തുതിപാടി നിന്നിടും.
അപരവക്ത്രം

അഴിമതിയിതുപോല്‍ പെരുത്തിടും
ഭരണമിതൊന്നു ശരിക്കു വന്നിടാന്‍
പൊരുതണമതിനായ് മടിച്ചിടാ
സകലജനങ്ങളുമൊത്തു ചേരണം.
അപരവക്ത്രം.

മണ്ണിലോട്ടു ചൊരിയാന്‍ കൊതിച്ചുവ-
ന്നല്ലലോടെ മഴ നില്‍പ്പു മേലെയായ്
മണ്ണിലൊക്കെ പല കെട്ടിടങ്ങള്‍ ഹാ!
ഇല്ല തെല്ലൊരിടയൊന്നു പെയ്യുവാന്‍.
രഥോദ്ധത.

മിളിതം മധുഹാസമൊത്തു ഹാ !
ലളിതം നിന്‍ മുഖകാന്തിയോമലേ
അളിവേണികളിത്തരത്തിലാ-
യൊളിതൂകേ മനമാര്‍ന്നിടും സുഖം
വിയോഗിനി.

മുറ പറയരുതിനി കവിതേ നീയെന്‍
കരളിനു മധുരിമ തരണം നിത്യം
നിരനിരെയഴകൊടു നിതരാം ഹൃദ്യം
കുളിരലയൊഴുകുകിലതു വന്‍ഭാഗ്യം!
നവതാരുണ്യം

ഈ ലോകമാകെയുലയുന്ന വിധത്തിലന്നു
മാലോകര്‍ കഷ്ടത പെരുത്തുഴലുന്നവാറേ
മാലൊക്കെമാറ്റിയ മഹാബലി വാണ നല്ല-
കാലത്തിനൊത്ത ഭരണം വരണം നമുക്കും
വസന്തതിലകം.

 “ചീര്‍ക്കുന്ന വണ്ണമുടവാക്കുവതിന്നു വേണ്ടി-
യാര്‍ക്കൊക്കെ വേണമിവ”യെന്നു പരസ്യവാക്യം
നോക്കാതെ നിങ്ങളിവ വാങ്ങുകിലോര്‍ത്തിടേണം
പോക്കാണു കാര്യമതുപോല്‍ ധനനഷ്ടവും ഹാ!
വസന്തതിലകം

പാകപ്പെടുത്തി നിരയായി നിരത്തിടുന്ന
ശ്ലോകങ്ങളൊക്കെ മധുരം നരനേകിടുമ്പോള്‍
ശോകം നരര്‍ക്കൊഴിയുമെന്നതിനാലെ ലോകം
നാകം സമം സുഖദമായിടുമെത്ര ധന്യം!
വസന്തതിലകം

 മല്ലാരിചെയ്ത കൃതമൊക്കെ ശരിക്കുതന്നെ-
യല്ലെന്നുചൊല്ലുവതു ദുസ്സഹമാണതോര്‍ത്താല്‍
അല്ലെങ്കിലെന്തിനിതു ചിന്തയില്‍ വെച്ചിടുന്നി-
തെല്ലാം തികഞ്ഞു ഭുവനത്തിലൊരുത്തനുണ്ടോ!
വസന്തതിലകം

വേലത്തരങ്ങള്‍ പലതൊക്കെനടത്തി നിത്യം
ചേലറ്റതാം ഭരണമാണിതു ഭാരതത്തില്‍
മൂല്യത്തിലേറ്റവുമുയര്‍ന്നതരത്തില്‍ നല്ല-
കാലത്തിനൊത്ത ഭരണം വരണം നമുക്കും
വസന്തതിലകം

ഗൌളിരീതി മനസ്സിലെന്നളിവേണിയൊന്നു നിനച്ചതാം
വേളിയാകുവതിന്നു സമ്മതമോതിയോയതു ചൊല്‍ സഖേ!
ആളിടുന്ന വികാരമെന്തതുമോതുവാന്‍ പണിയാണു ഹേ!
ആളിവന്നു ഹൃദന്തമേറുകിലാത്തസൌഖ്യമടുക്കണം.
മല്ലിക.

ആനന്ദാമൃതധാരയായി വിരിയും ശ്ലോകങ്ങളേ ,യോര്‍ക്കയെന്‍
പ്രാണപ്രേയസി ഷഷ്ടിപൂര്‍ത്തിയണയും നാളാണു നാളേ,വരൂ
ആനന്ദത്തൊടുകൂടിയാടിയൊടുവില്‍ മാല്യങ്ങളായ് നിങ്ങളേ
മാനം ചേര്‍ത്തുകൊരുത്തവള്‍ക്കു ശുഭമാം സമ്മാനമായ് നല്‍കിടാം.

നന്നേറും ധനമാസരേവതിയതില്‍ ജന്മം,നമുക്കെത്രയും
പൊന്നായ് ഭാമിനിയായി ജീവിതമണിപ്പെണ്ണായി വന്നോളിവള്‍
കുന്നിന്‍കന്യക തോറ്റിടും ക്ഷമ,നമുക്കെന്നും വസന്തോത്സവം
തന്നേ,യെന്നിലിണങ്ങിയോള്‍ക്കറുപതായ്,നേരുന്നിതാശംസകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

“എന്തേ നിങ്ങളിതേവിധത്തില്‍ മകനെത്തല്ലുന്നു ചൊല്ലീടുമോ?”
“സ്വന്തം ഭാഷ പഠിക്കുവാനിവനു താത്പര്യം കുറഞ്ഞൂ, സഖേ!
കൃത്യം വാക്കുകളര്‍ത്ഥമൊത്തു പഠനം ചെയ്യാതെ തോന്നും‌പടി-
ക്കത്യന്താധുനികത്തില്‍ വീണു കവിയായാലോ,തടുക്കേണ്ടയോ?! “
ശാര്‍ദ്ദൂലവിക്രീഡിതം.

കയ്യും നീട്ടിയിരുന്നിടേണ്ടയിവിടേ പിച്ചയ്ക്കുവേണ്ടീട്ടു വ-
ന്നയ്യന്‍കോവിലില്‍ മുന്നിലിന്നിതുവിധം, ശ്രദ്ധിച്ചു നോക്കുള്ളില്‍ നീ
പൊയ്യല്ലുള്ളിലൊരുത്തനുണ്ടു സമനായ് കാശിന്നു തെണ്ടുന്നപോല്‍
കൈയില്‍ ചന്ദനഭുജ്യമൊത്തതിലു നാണ്യങ്ങള്‍ പ്രദര്‍ശിപ്പവന്‍ !
ശാര്‍ദ്ദൂലവിക്രീഡിതം.

കഷ്ടം തന്നെ ജനങ്ങളേ പലവിധം ക്ലേശത്തിലാക്കുന്നതും
കഷ്ടം തന്നെ വനങ്ങളേയിതുവിധം വെട്ടിത്തെളിക്കുന്നതും
കഷ്ടം തന്നെയതൊത്തു നാം മുനിസമം മൌനം ഭജിക്കുന്നതും
സ്പഷ്ടം നമ്മളുണര്‍ന്നിടേണമുടനേ,യല്ലെങ്കില്‍ നാശം ഫലം.
ശാര്‍ദ്ദൂലവിക്രീഡിതം

കൂട്ടായ് കച്ചവടംനടത്തി ദുരിതം നല്‍കും ഭരിക്കുന്നവര്‍
നഷ്ടം ഹാ! ജനതയ്ക്കു തന്നെ,മുതലാളിയ്ക്കോ പെരുംലാഭവും
ഇഷ്ടംപോലെ നടത്തിടും സമരവും തട്ടിപ്പുമായൊക്കെയും
കഷ്ടം തന്നെ,യെതിര്‍ക്കുവാനിവിടെയില്ലാരും സഹിച്ചീടണം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഭഗവാന്റെ മുന്നില്‍ അയിത്തം..!! സത്യമോ?
.
കൃഷ്ണാ,നീയൊരു യാദവന്റെ നിലയില്‍ വന്നല്ലൊ“ഓബീസിയായ്”
ദൃഷ്ടിച്ചില്ലയയിത്തജാതിയതിലാണല്ലോ ഭവാനെന്നതും
കഷ്ടം,ശ്രീഗുരുമാരുതേശനടയില്‍ വന്നോരു വിദ്വാനെ ഹാ!
ദുഷ്ടക്കൂട്ടമയിത്തമോതി പുറമേ വിട്ടല്ലൊ,വട്ടല്ലയോ?
ശാര്‍ദ്ദൂലവിക്രീഡിതം.

കൊട്ടിക്കൊട്ടിയിടയ്ക്കിടയ്ക്കുകയറിക്കൊട്ടുന്ന കൊട്ടൊന്നുമേ
കൊട്ടല്ലെന്നൊരു കൊട്ടുപോലെ പറയാനൊട്ടില്ലൊരിഷ്ടം സഖേ!
കേട്ടാല്‍ കൊട്ടവതാളമായി വരുമാ കൊട്ടെന്തു കൊട്ടാണെടോ
വട്ടായ് കൊട്ടുമവന്റെതന്നെ തലയില്‍ കൊട്ടീടു കോട്ടംവിനാ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചൊവ്വേ! ചൊവ്വയില്‍ വെള്ളമില്ലെ,ചൊടിയായ്   ചൊവ്വോടെ ചൊല്ലീടുമോ?
ചൊവ്വായെന്നൊടു ചൊല്ലവേ ചതിയതില്‍ ചേര്‍ക്കൊല്ല ചൊവ്വല്ലതും
ചൊവ്വേ! ചൊവ്വൊടു ചോദ്യമെന്തിനിതുപോല്‍ ചോദിപ്പു ഞാന്‍,ചൊല്ലിടാം
”ചൊവ്വായില്‍ ജലമില്ല” ചൊല്ലി ചിലര്‍ ഹാ! ചൊവ്വില്ല ചിന്തിക്കുവാന്‍!
ശാര്‍ദ്ദൂലവിക്രീഡിതം
നാടീമട്ടിലതീവ ദുഷ്കൃതിപെരുത്താകേ നശിച്ചീടവേ
തേടിച്ചെന്നൊരു ചൂലെടുത്തതതിരോഷത്താലുയര്‍ത്തീടുവാന്‍
മോടിക്കല്ലഭിമാനപൂര്‍വ്വമുടനേ വേറില്ല മാര്‍ഗ്ഗം നിന-
ച്ചോടിക്കൂടിയ പൌരര്‍തന്നെ ഭരണം കൈയാളുമെത്തും ‘സ്വരാജ്.
ശാര്‍ദ്ദൂലവിക്രീഡിതം.
മന്ദസ്മേരമൊടിന്നുവന്ന നവവര്‍ഷത്തിന്നു ഞാന്‍ സ്വാഗതം
സന്തോഷത്തൊടെ ചൊല്ലിടുന്നു, സഖരേ നിങ്ങള്‍ക്കുമവ്വണ്ണമേ
സിന്ദൂരാരുണകാന്തിചിന്തി വിലസീടും സുപ്രഭാതങ്ങളേ!
സൌന്ദര്യത്തെളിവേറി വന്നുവിതറൂ സൌഭാഗ്യപൂരം സ്ഥിരം .
ശാര്‍ദ്ദൂലവിക്രീഡിതം.

നവ്യം ശ്ലോകസുമങ്ങള്‍ പൂത്തുവിലസുന്നീ വേദിയില്‍‍,കാണ്‍ക നാം
ദിവ്യം തന്നെ മനസ്സിലത്തലൊഴിയുന്നാഹ്ലാദമേകും സ്ഥിരം
ശ്രവ്യം നല്‍കവിതാപദങ്ങള്‍ മധുരം വൃത്തത്തിലാഘോഷമായ്
ഭവ്യം മിന്നി വിളങ്ങിടട്ടെ,യതിനായേകുന്നിതാശംസകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
      
പാലില്‍ വെള്ളമൊഴിച്ചശേഷമതു നന്നായിത്തിളപ്പിക്കണം
ചേലില്‍ തേയിലയിട്ടിളക്കിയതു നന്നായിട്ടരിച്ചീടണം
ചാലേ ഗ്ലാസ്സിലൊഴിച്ചെടുത്തു ശകലം പഞ്ചാര ചേര്‍ത്താ പുലര്‍-
കാലേയിപ്പടി നല്ല ചായയൊരുവള്‍ തന്നാല്‍ കുടിക്കാന്‍ സുഖം!
ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകപ്പെണ്ണു ചമഞ്ഞൊരുങ്ങിയൊരുനാളെന്നേ വിളിച്ചെന്തിനോ
ശോകം മാറുവതിന്നു തന്നെയതിനായ് ചെന്നല്ലൊ ഞാനാശയില്‍
പാകം വന്ന പദങ്ങള്‍ വര്‍ണ്ണനിറവില്‍ നേരേനിരത്തീട്ടവള്‍
പോകുന്നേരമെനിക്കു തോന്നിയവളേ ചേര്‍ത്തൊന്നു നിര്‍ത്തീടുവാന്‍ ‍.
ശാര്‍ദ്ദൂലവിക്രീഡിതം

പത്തല്ലാപത്തിലാക്കും പലപലവിധമായ് പത്തുമഞ്ഞൂറുമായി-
ട്ടൊത്താലൊത്തെന്നവണ്ണം പലകുറിയതു കൈക്കൂലിയായ് വാങ്ങിടുമ്പോള്‍
ഓര്‍ത്തില്ലീ തോന്ന്യവാസം പലവിധ വിനയും കൊണ്ടുവന്നീടുമെന്നി-
ന്നത്തല്‍മൂത്തിപ്രകാരം ജയിലതിലടവായ്, കഷ്ടമായ് ശിഷ്ടജന്മം!
സ്രഗ്ദ്ധര.

ഒരുശ്ലോകത്തില്‍  സന്തോഷ് വര്‍മ്മയുടെ മാരാരേ..എന്ന പ്രയോഗത്തിനുള്ള അഭിനന്ദനം..

വര്‍മ്മാജീതന്റെ വാക്കാ പുരഹരഭഗവാന്‍ കേട്ടുവെന്നാല്‍ സഹര്‍ഷം
നര്‍മ്മം നന്നായ് രസിച്ചിട്ടവനുടെ വരവും നല്‍കിയാലൊന്നു ചൊല്ലാം
മര്‍മ്മം നോക്കീട്ടുനല്‍കും ചിലരുടെയടിയും വാക്കുമാ സോമധാരി-
ക്കര്‍മ്മായില്‍ നിന്നുമെത്താന്‍ വഴിയതു പണിയും, ശക്തമാം ശ്ലോകമായ് ഹാ!
സ്രഗ്ദ്ധര.

ക്രോധമാണധികദോഷമായതു വെടിഞ്ഞിടൂ ഗുണമതാണു തേ
ബോധമാണതിനു ഭൈഷജം ഹൃദി നിനച്ചിടൂ സതതമാരുമേ
വ്യാധിപോലെ മനുജന്നു ഖേദമതു നല്‍കിടും പുനരതെന്നുമേ
ആധിയേറി നരകം ചമയ്ക്കുമൊരു ബാധയാണു സകലര്‍ക്കുമേ !കുസുമമഞ്ജരി

ചേലുകെട്ട ഖലവേലചെയ്തു സകലര്‍ക്കു ശല്യമവനേകി,വന്‍-
കാലദോഷമതിനാലെ വന്ന ചില ശീലദോഷമതികഷ്ടമായ്
മാലകറ്റുവതിനായി ചിന്ത തുടരേ,തെളിഞ്ഞു വഴി ബുദ്ധിയില്‍
“കാലകാലനുടെ കാലിണയ്ക്കടിയിലാണു കാണുവതൊരാശ്രയം”.
കുസുമമഞ്ജരി..(സമസ്യാപൂരണം).

സുന്ദരീ,കുസുമമഞ്ജരീ പദമെടുത്തു നീ വരികയന്തികേ
എന്തിനായസുഖഭാവമോടെ നിലകൊള്‍വു നീ മമ ഗൃഹാന്തികേ
മന്ദമായി വിലസെന്റെ ചിത്തിലൊരു ശാന്തതയ്ക്കു വഴിയായി നീ
സ്വന്തമായിവനു വേറെയുറ്റതുണയില്ലയെന്നതുമുറയ്ക്ക നീ.
കുസുമമഞ്ജരി
**********************************
************

No comments:

Post a Comment