Tuesday, August 14, 2012

ശ്ലോകമാധുരി.46



ആസ്വാദനശ്ലോകങ്ങള്‍.
 
വില്വമംഗലത്തു സ്വാമിയാരുടെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തിനു ഞാന്‍ നടത്തിയ തര്‍ജ്ജമ,
എന്റെ സ്വന്തം ശ്ലോകങ്ങളുടെ സമാഹാരമായശ്ലോകം ശോകവിനാശകം
എന്നീ പുസ്തകങ്ങളെക്കുറിച്ചു സുഹൃത്തുക്കള്‍ രചിച്ചവ

ശ്ലോകം ശോകവിനാശകം സഹൃദയര്‍ക്കാനന്ദസന്ദായകം
ശ്ലോകം ജ്ഞാനവിവര്‍ദ്ധകം ക്ഷമവളര്‍ത്തീടുന്ന ദിവ്യൌഷധം
ശ്ലോകം സ്നേഹസമത്വധര്‍മ്മമിവ കീര്‍ത്തിക്കുന്ന സങ്കീര്‍ത്തനം
ശ്ലോകം ജീവിതവീഥിതന്നിരുളകറ്റീടുന്ന പൊന്‍ ദീപവും.
ആര്യന്‍ നമ്പൂതിരിപ്പാടു്,ആയാംകുടി.
ശ്ലോകം ശോകവിനാശകം മഹിതമീ നാമാങ്കിതം പുസ്തകം
ശ്രീകൃഷ്ണന്റെ കഥാമൃതം മധുരമായ് ഭാഷാന്തരം ചെയ്തതും
ആകപ്പാടെ നിനയ്ക്കുകില്‍ സഫലമീ യത്നം മഹാവിസ്മയം
പാകം വന്നൊരു തൂലികയ്ക്കുടമതാന്‍ കര്‍ത്താവു രണ്ടിന്റെയും.
ചന്ദ്രശേഖര വാര്യര്‍,വാകത്താനം.
പത്തരമാറ്റു തികഞ്ഞൊരു കാവ്യമിതത്യധികം സുഖമേകിയെനി-
ക്കിത്തരമത്ഭുതശോകവിനാശകസൃഷ്ടി നടത്തിയ ഭാവനയില്‍
മുത്തുകള്‍ കോര്‍ത്തതു ശോഭന,ഗായിക,രൂപക,മാതിര,യെന്നിവയാല്‍
വൃത്തിയിലെന്നുടെ ഹൃത്തിലണിഞ്ഞൊരു സത്കൃതി സദ്ഗതി ചേര്‍ത്തു ഭവാന്‍.
(
മദിര)
ജെ.ആര്‍.മാടപ്പള്ളി,ചങ്ങനാശ്ശേരി.
മാന്തുരുത്തി മരിയാത്തുരുത്തുമായ്
ഓതുവാനരുതു ദൂരമെങ്കിലും
പ്രീതിയുണ്ടു  കവനപ്രവൃത്തിയില്‍
ഖ്യാതി രണ്ടു നിലയിങ്കലെങ്കിലും

ശ്രീലകത്തിനുടെ ശില്പവിസ്മയം
കോലുമക്കവനശീലു മിക്കതും
മേലുകീഴുമറിയും ജനങ്ങള്‍ തന്‍
കാലദോഷ പരിഹാരഭൈഷജം.

കര്‍ണ്ണാമൃതം സകലശോകഹരം സഹസ്ര-
വര്‍ണ്ണാഭമായ നിചയം നിറതേന്‍കുടം താന്‍!
വര്‍ണ്ണിച്ച വേണുനിനദം തരമാക്കിടുന്നൂ
പുണ്യം തികഞ്ഞ പുതുപഞ്ചമവേദസാരം.
സി.എന്‍.കൈമള്‍,മാന്തുരുത്തി.
ഭക്തിപ്രേമരസാനുഭൂതിനുകരും സത്തായൊരിശ്രീലകം    
മുക്തിയ്ക്കേകനിവാസമായ ഭഗവത്പ്പാദാരവിന്ദങ്ങളില്‍                    
കല്പിച്ചര്‍ച്ചനയക്ഷതാക്ഷരമലര്‍ച്ചാര്‍ത്താല്‍നടത്തീടവേ          
തല്പംവിട്ടെഴുനേറ്റൊരാ ഹരി ഹരിക്കട്ടേയനര്‍ത്ഥങ്ങളെ.
മോഹനന്‍ ,കൈപ്പട്ടൂര്‍.
ശ്ലോകമാധുരി.46 .

ഇല്ലത്തിരുന്നു ജപപൂജകള്‍ പൂര്‍ത്തിയാക്കി
മെല്ലേ തളത്തിലൊരു പായയുമിട്ടു പിന്നെ
സല്ലീനമായി നവകാവ്യമതൊക്കെ നീട്ടി-
ച്ചൊല്ലാനെനിക്കുമടിയില്ലൊരു തെല്ലുപോലും.

കള്ളും കുടിച്ചു വഴിവിട്ടു നടന്നു നാട്ടില്‍
തല്ലും നടത്തി നടമാടുമൊരുത്തനിട്ടു
തല്ലൊന്നുനല്‍കി ,യവിടുന്നു കടന്നു പോകാന്‍
ചൊല്ലാനെനിക്കുമടിയില്ലൊരു തെല്ലുപോലും.

കല്ലോലജാലമിളകുന്നതുപോലെ നല്ല
ഫുല്ലങ്ങളുല്ലസിതമായി ലസിച്ചിടുമ്പോള്‍
ഉല്ലാസമായി,മനമല്ലലൊഴിഞ്ഞുവല്ലോ
ചൊല്ലാനെനിക്കുമടിയില്ലൊരു തെല്ലുപോലും.

നല്ലാളുകള്‍ക്കു നടുവില്‍ സുഖമായിരുന്നി-
ട്ടുല്ലാസമായി പദമോര്‍ത്തു വരും മുറയ്ക്കു
നല്ലീണമുള്ള രചനാഗുണമുള്ള കാവ്യം
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും.

ശ്രീകൃഷ്ണപാദമഭയം തരു,മാത്മസൌഖ്യം
ലക്ഷ്യത്തിലാക്കുമൊരു മാനുജനോര്‍ക്ക നിത്യം
കംസാരിപാദഭജനം വരമെന്ന സത്യം
ചൊല്ലാനെനിക്കു മടിയില്ലൊരു തെല്ലു പോലും
വസന്തതിലകം(സമസ്യാപൂരണങ്ങള്‍).
അംഭോജാനനകാന്തിയോടെ വിലസും മാതേ മഹേശപ്രിയേ
സുംഭാദ്യാസുരരേ വധിച്ചു ധരയേ രക്ഷിച്ച ധന്യാത്മികേ
ഡംഭെന്‍ ഹൃത്തിലുദിച്ചുയര്‍ന്നു പടരാതെന്നേ തുണച്ചെന്നുമേ
നിന്‍പാദാംബുജപൂജചെയ്തു ഭുവിയില്‍ വാഴാന്‍ വരം നല്‍കണേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഏറ്റം നാറ്റമിതെന്നു ചൊല്ലി കഠിനം കുറ്റപ്പെടുത്തീട്ടു നീ
ഏറ്റം നാറിയ ചണ്ടിയൊക്കെ മുഴുവന്‍ പ്ലാസ്റ്റിക് കവര്‍ തന്നിലായ്
ഏറ്റത്തോടെ നിറച്ചു രാത്രി വഴിയില്‍ തെറ്റായെറിഞ്ഞിട്ടു മു-
ന്നേറ്റത്തിന്നു പെരുമ്പറപ്പറയുമായ് ചുറ്റുന്നു ഹാ കഷ്ടമേ!
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണന്‍ തന്നുടെനീലവര്‍ണ്ണമഴകില്‍ ചാര്ത്തീ മുകില്‍ മേനിയില്‍
വര്‍ണ്ണപ്പട്ടുടയാട തന്റെ നിറമോ കട്ടൂ കണിക്കൊന്നയും
അര്‍ണ്ണോജാനനകാന്തി മെല്ലീ തനുവില്‍ ചേര്‍ത്തൂ രമാദേവി ഹാ!
കണ്ണാ നിന്‍ മൃദുമന്ദഹാസമലര്‍ ഞാന്‍ ചേര്‍ത്തല്ലൊയെന്‍ ഹൃത്തിലും
ശാര്‍ദ്ദൂലവിക്രീഡിതം.
കാലങ്ങള്‍ പലതായിയീവിധമിവന്‍ തീരാത്ത ദൈന്യത്തിലെ-
ന്നാലംബം തവ തൃക്കഴല്‍ കരുതി ഞാന്‍ വാഴുന്നു ,പാഴായിടാ
മാലാര്‍ന്നീവിധമീ ധരക്കു ഘനമായ് തീരുന്ന നാളൊന്നു നിന്‍-
കാലന്നേകണമദ്രിജാധവ വിഭോ പ്രാര്‍ത്ഥിച്ചിടുന്നേന്‍ സദാ.
ശാര്‍ദ്ദൂലവിക്രീഡിതം--(സമസ്യാപൂരണം)
കാലോപേതമെനിക്കു നല്‍കി വരമാം കാര്യങ്ങളും ,ഭാഗ്യമായ്
ചാലേ വാഴുവതിന്നുമേറ്റമുതകും മാര്‍ഗ്ഗങ്ങളും നീ ഹരേ
മേലേ നിന്നുടെ ദൃഷ്ടിയെന്നുമിവനില്‍ത്തന്നേ പതിഞ്ഞീടുകില്‍
മേലായ്മക്കടിപെട്ടിടില്ല ഭുവനേ നീയേയെനിക്കാശ്രയം.
ശാര്‍ദ്ദൂലവിക്രീഡിതം..
ചിത്തേ വന്നിടുമത്തലാകെയൊഴിയാന്‍ ഭക്ത്യാ ഭജിക്കുന്നു ഞാന്‍
പൊല്‍ത്താരിന്‍ ശുഭകാന്തിയോടെ വിലസും ശക്തീ,മഹേശപ്രിയേ
നിത്യം ശ്ലോകസുമങ്ങളൊക്കെയിവിധം മുക്തിക്കു ഞാന്‍ മാര്‍ഗ്ഗമായ്
ചാര്‍ത്തീടാം,വിലസീടുകെന്റെ ഹൃദയേ മുക്താഫലജ്യോതിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ചീറും പാമ്പു കഴുത്തിലും നിറവെഴും ശൂലം കരത്തില്‍,സദാ
ചീറിപ്പാഞ്ഞൊഴുകുന്നൊരാറു തലയില്‍ പൊങ്ങുന്നു ചന്ദ്രക്കല
മാറാതെന്നുമുടുത്തിടാന്‍ വരകരിത്തോലും,വൃഷം തന്നിലായ്
കേറും നിന്നുടെ ചിത്രമെത്ര മഹിതം,ശംഭോ,നമിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം
ഞെട്ടീ,വൃഷ്ടി പെരുത്തു,കഷ്ടത കനത്തൊട്ടൊട്ടു നാളഷ്ടിയും
മുട്ടീ,മുട്ടിവിളിപ്പു കുട്ടികളെനിയ്ക്കൊട്ടില്ല സംതുഷ്ടിയും
കഷ്ടം  തന്നിവിധത്തില്‍ വട്ടുതിരിയുംമട്ടില്‍ വലയ്ക്കാതെയെന്‍
ദിഷ്ടക്കേടു മുടിച്ചിടാന്‍ തരികയമ്മട്ടാം വരം ശ്രീഹരേ.
ശാര്‍ദ്ദൂലവിക്രീഡിതം.
പണ്ടേ തന്നെ മനസ്സിലുണ്ടു നിറവാം ചെണ്ടോടു തുല്യം വരും
ചുണ്ടില്‍ ചേര്‍ന്നു ലസിച്ചിടുന്ന കുഴലിന്‍ തണ്ടാകുവാനാഗ്രഹം
വേണ്ടാ വേറെയനുഗ്രഹം ഹരി കരം കൊണ്ടൊന്നുയര്‍ത്തുന്നതായ്
കണ്ടാലിണ്ടലൊഴിഞ്ഞുപോവുമതിനായ് വേണ്ടും വരം നല്‍ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
പണ്ടേ കേട്ടൊരുപാടുകോവിലുകളില്‍ ചിന്നുന്നൊരൈശ്വര്യമായ്
തണ്ടാര്‍ബാണനു തുല്യമായനിറവില്‍ ശോഭിപ്പു നിന്‍വിഗ്രഹം
വണ്ടിന്‍വര്‍ണ്ണമിയന്നൊരാ തനു വരം ശ്രീവത്സശോഭാന്വിതം
കണ്ടാലിണ്ടലൊഴിഞ്ഞു പോവുമതിനായ് വേണ്ടും വരം നല്‍ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം
ഭക്ത്യാ ഞാനിവിധം മുരാരി സവിധേ വന്നെത്തിയര്‍ത്ഥിപ്പതീ -
സൂക്തം തന്നെ, മനസ്സിലോര്‍ത്തു നിരതം ശാന്തിക്കതാം നല്‍‌വഴി
മുക്തിക്കായ് വഴിയായിടുന്ന ഭഗവത്കര്‍ണ്ണാമൃതം പോലെ സം-
പ്രീത്യാ നിന്‍ ചരിതങ്ങള്‍ നിത്യവുമഹോ ചിത്തേ ലഭിക്കേണമേ
ശാര്‍ദ്ദൂലവിക്രീഡിതം.(സമസ്യാപൂരണം)
ഈശന്മാരുണ്ടനേകം കരുണയൊടിവനേ കാത്തുരക്ഷിപ്പതിന്നായ്
ആശിച്ചീമട്ടില്‍ ഞാനും സുഖകരമിവിടേ വാണിടുന്നെന്നുചൊല്ലാം
പാശം കൊണ്ടന്തകന്‍ വന്നിവനുടെ സമയം തീര്‍ന്നുവെന്നോതിടുമ്പോള്‍
ആ ശല്യം തീര്‍ത്തിടാനായ് ഗിരിസുതപതിതന്‍ പാദമേ രക്ഷ നല്‍കൂ.
സ്രഗ്ദ്ധര.
കേണീടുന്നെന്റെ ചിത്തം പലവിധമഴലില്‍ പെട്ടുഴന്നെന്നുമെന്നും
വാണീടുന്നര്‍ത്ഥശൂന്യം ഗതിയിലവനിയില്‍ ഭാരമായെന്നപോലേ
കാണേണം നീ മുരാരേ ക്ഷിതിയിലിവനു സംരക്ഷണം ലഭ്യമാവാന്‍
കാണുന്നേനില്ലുപായം തവകരുണയൊഴിഞ്ഞൊന്നുമേ ദീനബന്ധോ.
സ്രഗ്ദ്ധര.
തഞ്ചത്തില്‍ പൈതലെത്തന്‍ മടിയിലരുമയായ് വെച്ചു മെച്ചത്തില്‍ മെല്ലേ
നഞ്ചിന്‍നീര്‍ തേച്ചുവെച്ചു ള്ളൊരുമുല ചിരിയോടേകിടും നേരമയ്യോ
നെഞ്ചം വല്ലാതെ നീറുന്നിനിയിതുമതി,യെന്നേ വിടൂയെന്നു കേഴും
വഞ്ചിക്കാന്‍വന്ന നക്തഞ്ചരിയുടെ കഥ തീര്‍ത്തോരു കണ്ണാ തുണയ്ക്ക.
സ്രഗ്ദ്ധര.
നീളേ മേലേ നഭസ്സില്‍ നിറയെവിരിയുമാ താരകങ്ങള്‍ക്കു നാണം-
തോന്നും‌പോലേ ധരയ്‌ക്കീ മിഴിവു പകരുമീ പൂക്കളാകേ വിടര്‍ത്തീ
ശോകം ശൂന്യത്തിലാക്കും‌പടി,യവ തുടരേമന്ദഹാസം ചൊരിഞ്ഞെ-
ന്നുള്ളം തുള്ളിച്ചിടും നിന്‍ കനിവിനിവനിതാ നന്ദി ചൊല്ലുന്നു മുല്ലേ.
സ്രഗ്ദ്ധര.
മാലേയം ചാര്‍ത്തിനില്ക്കുംഗരുപവനപുരാധീശനേഞാന്‍ സ്മരിക്കും
വേണൂനാദം ശരിക്കും ചെവിയിലമൃതമായ്ത്തന്നെയെന്നും ശ്രവിക്കും
കേണീടുന്നീസ്ഥിതിക്കും ദുരിതഹനനനേ പൂര്‍ണ്ണമായാശ്രയിക്കും
കാണനാരും കൊതിക്കും നിറവു നിറയുമാ പാദപത്മം നമിക്കും
സ്രഗ്ദ്ധര.
മുറ്റത്തെല്ലാം നിരന്നെന്‍ കരളിനു കുളിരായ് പൂ വിടര്‍ത്തുന്ന മുല്ലേ
നീറ്റല്‍ ഹൃത്തില്‍ കുറഞ്ഞെന്നതുമൊരു ശരിയാണോര്‍പ്പു ഞാന്‍ നന്ദിപൂര്‍വ്വം
കുറ്റം ചൊല്ലാവതല്ലെന്‍ പ്രിയയുടെ മധുരംതൂകിടും മുഗ്ധഹാസം
തെറ്റില്ലാതിന്നു കാണ്മൂ നിരെനിരെവിരിയും പൂക്കളില്‍ പ്രേമപൂര്‍വ്വം.
സ്രഗ്ദ്ധര
മേലേ മാനത്തിലെന്നും നിരെനിരെനിരെയായ് പൂത്തുനില്‍ക്കുന്നുഡുക്കള്‍-
ക്കേറേ ചന്തം പകര്‍ന്നിട്ടവരുടെയിടയില്‍ ലാലസിപ്പൂ ഹിമാംശു
നേരേകാണുന്നവര്‍ക്കീയതുലനിറവെഴും ദൃശ്യമന്‍‌പോടു ചിത്തി-
ന്നേറേയേകുന്നു നിത്യം കദനമൊഴിയുമാ ശാന്തിതന്‍ സ്പന്ദനങ്ങള്‍.
സ്രഗ്ദ്ധര.
വാണീദേവീയെനിക്കും കനിവൊടെയിതിലുംവേണ്ടവണ്ണം ശരിക്കും
വേണം കാവ്യം സ്ഫുരിക്കും കഴിവു,മിഴിവു,വന്‍ഭാഗ്യമെല്ലാവഴിക്കും
വീണാ പാദംനമിക്കും നിരതമിവനിതാ മാനസേയങ്കുരിക്കും
ചേണാര്‍ന്നീണം തുടിക്കും പദമതിലുണരും ശ്ലോകമെല്ലാം രചിക്കും.
സ്രഗ്ദ്ധര.
വേഗം വന്നീടുനീയെന്‍ കമലനയനഗോപാല,വംശീവിലോല
രോഗം ഹാ നീറ്റിടുന്നൂ,കൃപയൊടടിയനേ കാത്തുരക്ഷിക്കവേണം
യോഗംതാന്‍ ഞാന്‍ നിനയ്ക്കും മധരിതതരമാം വേണുവില്‍ ഹൃദ്യമാകും
രാഗം കേള്‍പ്പിക്ക രാധാഹൃദയസുകൃതമേ രാസലീലാഭിരാമം.
സ്രഗ്ദ്ധര(സമസ്യാപൂരണം).
സാമോദം ഹൃദ്യമായീ കവിതകള്‍ വിടരും ശ്ലോകവൃന്ദാവനത്തില്‍
കേമന്മാരാം കവീന്ദ്രര്‍ സ്വയമിതുപടി നല്‍കാവ്യപുഷ്പം നിരത്തേ
ഈ മന്ദന്‍ കൂടിയിമ്മട്ടവരുടെയിടയില്‍ കൂടിനിന്നൊന്നു വര്‍ണ്ണ-
ക്ഷാമത്തില്‍ തീര്‍ത്തുവെയ്ക്കും സുമമിതില്‍ നിറവായ് സ്രഗ്ദ്ധരാവൃത്തഭംഗി.
സ്രഗ്ദ്ധര.

Friday, June 15, 2012

ശ്ലോകമാധുരി.45

ശ്ലോകമാധുരി.45 .

ചന്ദ്രാര്‍ക്കദീപങ്ങളിതേവിധം സ്വ-

ച്ഛന്ദം തെളിഞ്ഞീടുവതും നിനക്കായ്
മന്ദാനിലന്‍ കൈകളിലേറ്റി നിന്നേ-
യാന്ദോളനം ചെയ്യുമതോര്‍ക്ക പൂവേ.
ഇന്ദ്രവജ്ര
തുംഗേശ്വരന്നു സഖിയാകിയൊരദ്രിജേ നീ
തുംഗങ്ങളായ വരമൊക്കെയെനിക്കു നല്‍കൂ
തുംഗീപതിക്കു മതി നല്‍കിയ നിന്‍പതിയ്ക്കു
തുംഗം വസന്തതിലകോപമശോഭ നീയേ .
വസന്തതിലകം.
തുംഗീപതി=ചന്ദ്രന്‍
മതി =ആദരവു്, ശ്രേഷ്ഠത.(ചന്ദ്രന്‍)
ശോഭ നീയേ  (ശോഭനീയേ)

ദുഃഖത്തിനൊത്തു സുഖവും വരുമെന്നു നൂനം

വിഖ്യാതരായ പലര്‍ ചൊല്ലിയതില്ലെ മുന്നം
ഇക്കണ്ടിടും ധരയിലൊക്കെ വിചിത്രമാകാം
ഓര്‍ക്കേണമാത്മബലമേന്തുകയല്ലെ നല്ലൂ?
വസന്തതിലകം.

മണ്ണില്‍ പിറന്നു പലനാളു കഴിഞ്ഞു,വേണ്ട-
വണ്ണം സുഖങ്ങളനേകമിവന്നു നല്‍കി
ദണ്ണങ്ങളൊക്കെയൊഴിവാക്കിയനുഗ്രഹിച്ച-
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.
വസന്തതിലകം.(സമസ്യാപൂരണം).
“കണ്ണാ, കടന്നു വരുകിന്നു നിനക്കു ഞാനീ-
വെണ്ണക്കുടം തരുകയാണിനിയുണ്ടുകൊള്ളൂ”
എണ്ണിപ്പറഞ്ഞു യുവഗോപികള്‍ തേടിവന്ന
കണ്ണന്‍ കനിഞ്ഞു കരളില്‍ കളിയാടിടേണം.
വസന്തതിലകം.(സമസ്യാപൂരണം).
വിണ്ണില്‍ത്തെളിഞ്ഞ ശശിയാണു മുടിയ്ക്കു ഭൂഷ
പെണ്ണാണു പാതിയുടലില്‍ തെളിയുന്ന ഭൂഷ
കണ്ണില്‍ തെളിഞ്ഞുവരുമഗ്നിവിഭൂഷ,യീ മു-
ക്കണ്ണന്‍ കനിഞ്ഞു കരളില്‍ക്കളിയാടിടേണം.
വസന്തതിലകം. ( സമസ്യാപൂരണം ).
ആരാണു കേമനിവിടെന്നൊരു ഭാവമോടേ
വാഴുന്നവര്‍ക്കു ഗമ തെല്ലു കുറച്ചിടാനായ്
കാലം കൊടുപ്പു ചില ദുര്‍ഗ്ഗതി,യാ പ്രഭാവ-
മീ വണ്ണമാക്കിയതു നമ്മുടെ നല്ലകാലം.

വസന്തതിലകം.
വണ്ണം പെരുത്തു പല കഷ്ടതകള്‍ പിടിച്ചു
തിണ്ണം വലഞ്ഞു ചില ഭൈഷജമാഹരിച്ചൂ
ദണ്ണം കുറഞ്ഞു ചിലരിങ്ങനെ സൌഖ്യമാര്‍ന്ന-
ങ്ങീ വണ്ണമാക്കി,യതു നമ്മുടെ നല്ല കാലം.

വസന്തതിലകം.(സമസ്യാപൂരണങ്ങള്‍)
ഇഷ്ടമായ് ഹരിതന്റെ പാദമണഞ്ഞു നല്‍ക കവിത്ത്വവും
സ്പഷ്ടമാം പദഭംഗിയില്‍ സുമനോഹരം കവിതാശതം
തുഷ്ടിയോടവ ചൊല്ലി ഞാന്‍ നടകൊണ്ടിടാം ഭുവി തന്നിലായ്
മൃഷ്ടമാം സുമജാലമുജ്ജ്വലശോഭ ചേര്‍ന്നൊരു മല്ലികേ
മല്ലിക.
മല്ലികേ വരു മെല്ലവേയിനിയൊന്നു ചൊല്ലു വിശേഷമായ്
അല്ലില്‍ നീയുലയുന്നതെന്തിനു തെല്ലു ശോകമിയന്നു നീ
വല്ലഭന്‍ ഭ്രമരം വരുന്നതിലില്ല സംശയമിക്ഷണം
നല്ലഭാവമൊടേക നീ മധുമന്ദഹാസമതാം ഗുണം.
മല്ലിക.
‘ഇന്നാണാസുദിനം,വയസ്സറുപതായ്’ ചൊല്ലുന്നിതെന്‍ ഭാര്യയും
പൊന്നാശംസകളേകിടുന്നു സഖരും ‘ഷഷ്ട്യബ്ദപൂര്‍ത്തീ,സഖേ!‘
മന്നില്‍‌വന്നു പിറന്നിതേയ്ക്കുവരെയെന്‍ കൃത്യങ്ങള്‍ കൃത്യത്തൊടേ
മുന്നോട്ടേയ്ക്കുനയിച്ച കൃഷ്ണഭഗവത്പാദം നമിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ഷ്ടപ്രാസമൊരുക്കുവാനിവനെയും ഷ്ടപ്പെടുത്തുന്നപോല്‍
ഷ്ടന്മാര്‍ ചിലരെന്നൊടൊത്തപടിയായ് തുഷ്ട്യാ പറഞ്ഞീടവേ
സ്പഷ്ടം ഞാന്‍ ചില വാക്കതൊക്കെ നിരയായ് ശിഷ്ടര്‍ക്കുവേണ്ടീട്ടു വന്‍-
തുഷ്ട്യാ തന്നെ നിരത്തിടുന്നു സരസം സൃഷ്ടിക്കു മുട്ടില്ലെടോ.
ശാര്‍ദ്ദൂലവിക്രീഡിതം.(അഷ്ടപ്രാസം)
ണ്ണന്‍ മെല്ലെയൊളിച്ചുചെന്നു തനിയേ പെണ്ണുങ്ങള്‍ സൂക്ഷിച്ചിടും
വെണ്ണപ്പാത്രമെടുത്തു തന്റെ സഖരോടുണ്ണാന്‍ പറഞ്ഞീടവേ
പൂര്‍ണ്ണം മോദമിയന്നു ഗോപസഖരവ്വണ്ണം കുതിച്ചെത്തിയാ-
ണ്ണന്‍ മുന്നില്‍ നിരന്നിടുന്ന നിറവവ്വണ്ണം നമിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം. (അഷ്ടപ്രാസം)

കൊല്ലാന്‍ വന്നൊരു പൂതനയ്ക്കു മരണം മെല്ലേ കൊടുത്തേതൊരാള്‍
പല്ലില്ലാത്തൊരു മോണകാട്ടി തനുവില്‍ തല്ലുന്നതേതാം ശിശു
അല്ലാ കാന്തയിതെന്തു ചൊല്‍‌വു സരസം, ചൊല്ലുത്തരങ്ങള്‍ ജവം
മല്ലാരി,പ്രിയപുത്രി,നീയൊഴികെമറ്റില്ലാശ്രയം പാരില്‍ മേ.
ശാര്‍ദ്ദൂലവിക്രീഡിതം.(സമസ്യാപൂരണം)
ചിന്നും നിന്നുടെ ശോഭകണ്ടു വെറുതേനോക്കിക്കൊതിച്ചെത്തിടും
വണ്ടാണെന്നു നിനയ്ക്കവേണ്ട,നറുതേനാണെന്റെ ലക്ഷ്യം സ്ഥിരം
എന്നും നിന്നുടെ ചുറ്റുമായിയിതുപോല്‍ മൂളിപ്പറക്കും വിധൌ
മിന്നുന്നൂ പലപൂക്കളും മധുനിറഞ്ഞെന്‍ ചിത്തിലോര്‍ത്തീടണം.
ശാര്‍ദ്ദൂലവിക്രീഡിതം.
പയ്യെപ്പിന്നെയടുത്തുവന്നു ചിരിതൂകിക്കൊണ്ടു ചൊല്ലീയവള്‍
“പയ്യേയെന്നുടെകൂടെയൊന്നു വരുമോ, ചൊല്ലാം രഹസ്യം ചെവീല്‍
അയ്യോയെന്നു നിനച്ചിടേണ്ട,കുസൃതിക്കുട്ടന്‍ വയറ്റില്‍ക്കിട-
ന്നയ്യാ! പയ്യെയിളക്കിടുന്നു തനുവീ പയ്യന്‍ മഹാശീമ താന്‍ “‍.
ശാര്‍ദ്ദൂലവിക്രീഡിതം.

രമ്യംതന്നെ,യനേകഹൃദ്യതരമാം ശ്ലോകങ്ങളിന്നീവിധം
സൌമ്യം പൂത്തുലയുന്നൊരീ വനികയില്‍ കൂടുന്നതെന്‍ ഭാഗ്യമാം
ധീമാന്മാരുടെ നൈപുണിക്കുതെളിവായ് ചിന്നുന്ന ഭാവങ്ങളില്‍
തൂമന്ദസ്മിതശോഭയോടെ വിലസും ശ്ലോകങ്ങളേ, വന്ദനം.
ശാര്‍ദ്ദൂലവിക്രീഡിതം.
ണ്ണില്‍ കത്തുമൊരഗ്നിയാ തിരുലലാടംതന്നിലാളും വിധൌ
പെണ്ണൊന്നുണ്ടു ശിരസ്സിലേ നദി, പെരുംതാപം ശമിപ്പിക്കുവാന്‍
വിണ്ണില്‍ ശൈത്യനിധാനമാം ശശി ശിരോഭൂഷയ്ക്കു,വന്‍ബുദ്ധി,മു-

ക്കണ്ണന്‍ കാട്ടിയ കൌശലം മിഴിവെഴുംവണ്ണം സ്മരിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം--
വെണ്ണയ്ക്കായ് കൊതിപൂണ്ടു പണ്ടു പലതാംവണ്ണം നടക്കുംവിധൌ
ണ്ണില്‍പ്പെട്ടഗൃഹങ്ങളില്‍ കയറിയാ കണ്ണന്‍ നടത്തുംശ്രമം
തിണ്ണം കണ്ടൊരു ഗോപിതന്റെ ഹൃദയം പൂര്‍ണ്ണംമയങ്ങും വിധം

ണ്ണന്‍കാട്ടിയ കൌശലം മിഴിവെഴുംവണ്ണം സ്മരിക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം--അഷ്ടപ്രാസം.(സമസ്യാപൂരണങ്ങള്‍)

പൂവമ്പന്‍ തന്റെ വില്ലില്‍ പലപലസുമജാലങ്ങളും ചേര്‍ത്തുവെച്ചി-
ട്ടാവും‌പോല്‍ തന്റെയിഷ്ടപ്പടിയവനിവനില്‍ ക്ലേശമേല്‍പ്പിച്ചിടുമ്പോള്‍
ആ വമ്പും ഡംഭുമെല്ലാമുടനടിപുഴകുംമട്ടില്‍ നീ മുന്നില്‍ വന്നി-
ട്ടേവം ഹാ! പുഞ്ചിരിക്കേ,യതു മമ ഹൃദയേ തൂകി പീയൂഷധാര.
സ്രഗ്ദ്ധര.
കല്യാണീശാരദേ,യീ വരികളില്‍ നിറവാം സ്രഗ്ദ്ധരാവൃത്തമായി-
ട്ടുല്ലാസത്തോടെ മെല്ലേ വിലസണമതിനായ് കൂപ്പിടാം നിന്‍ പദാബ്ജം
ഇലാ ,മറ്റില്ല ഹൃത്തില്‍ തെളിവൊടെയുണരും കാമിതം ചൊല്ലുവാനായ്
വല്ലാതെനേ വലക്കാതിവനിനി രചനാശേഷിതന്‍ പ്രൌഢിയേകൂ
സ്രഗ്ദ്ധര
മാറാതെന്‍ ഹൃത്തില്‍ നീണാള്‍ വിലസുക ഗുരുവായൂരെഴും ശ്രീ മുരാരേ
വേറാരുണ്ടീ ജഗത്തില്‍ കനിവൊടെയിവനേ കാത്തുരക്ഷിപ്പതിന്നായ്
മാറില്ലെന്‍ മാനസത്തില്‍ തിരുമുടിതിരളും ബര്‍ഹവും ശോഭ്യും ,നിന്‍-
മാറില്‍ ഞാന്‍ ചാര്‍ത്തിടാമെന്‍ വിനയമധുരമാം ശ്ലോകമാല്യങ്ങള്‍ നിത്യം.
സ്രഗ്ദ്ധര.

***********************************************

Tuesday, April 24, 2012

ശ്ലോകമാധുരി 44


ശ്ലോകമാധുരി.44
പാഷാണഖണ്ഡങ്ങളിലാര്‍ത്തലച്ചു
മുന്നോട്ടുപായും നദിയൊന്നു കാണ്‍കേ
വിഘ്നങ്ങളെത്തച്ചുതകര്‍ത്തു പായും
ധീരന്‍ഗമിക്കും ഗതിയോര്‍ത്തിടുന്നേന്‍
ഇന്ദ്രവജ്ര.

മധുസൂദന,നിന്‍ മുഖാരവിന്ദം
വിധുപോലേ ഹൃദി കാന്തിചിന്തിടുമ്പോള്‍
മധുരം കിനിയുന്നിതെന്റെയുള്ളില്‍
മധുരം മറ്റിനിയെന്തിനെന്റെ കണ്ണാ.
വസന്തമാലിക.

സംഗീതമെത്രമധുരം,മമ മാനസത്തില്‍
തങ്ങേണമിന്നതിനു മാനസപൂജ ചെയ്യാം
സംഗീതവും കലയുമന്‍‌പൊടു നല്‍ക ദേവീ
മങ്ങാതതിന്റെയൊളി നല്‍‌വരമായ് വരേണം.
വസന്തതിലകം.

അരിയഭംഗിയേറിവിടരുന്നൊരീ
മലരുപോലെയീദിനവുമാകണം
അതിനുവേണ്ടിയിന്നു വരമേകണം
മദനമോഹനാ,ജയ ജനാര്‍ദ്ദനാ.
സുഖാവഹം.

ഒരുപിടിയവലില്‍ നീ പണ്ടു സംപ്രീതനായീ
ഒരുദിനമൊരു ചീരത്തുണ്ടില്‍ സംതൃപ്തനായീ
ഒരൊപിടി ദുരിതത്തിന്‍ വെണ്ണ ഞാനേകിയെന്നാല്‍
ഒരുഗതിയിനി നീയിന്നേകുമോ ദീനബന്ധോ?
മാലിനി.

ആലോലം ചെറുകാറ്റിലാടി വിരിയുംപൂന്തൊത്തിനാലേ ചിരി-
ച്ചാവോളം മദഗന്ധമോടെ വിലസും പൂക്കൈതയാം സുന്ദരി
വാനാളും ഘനമേഘമാലതിരളും നീലാഭതന്‍ പ്രാഭവം
മേലാളും ഭ്രമരത്തിനേ തഴുകുവാന്‍ നീട്ടുന്നു കൈ നിസ്ത്രപം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഓര്‍ത്താലെത്ര വിചിത്രമീ ധരണിയും പേര്‍ത്തുള്ളഗോളങ്ങളും
ചേര്‍ത്തീ താരഗണങ്ങളോടൊരു മഹാവിശ്വം ചമച്ചൂ ഭവാന്‍
ഓര്‍ത്തീടേണ്ടൊരമോഘശക്തി,യതിനേയൊട്ടും സ്മരിക്കാത്തൊരീ
മര്‍ത്ത്യര്‍തന്നുടെ ഗര്‍വ്വുകാണ്‍കെ കദനം വായ്ക്കുന്നു ചിത്തത്തില്‍ മേ.
ശാര്‍ദ്ദൂലവിക്രീഡിതം.

ചിത്തം പണ്ടഗജക്കധീനഗതമായ്‌ത്തീരാന്‍ തുടങ്ങുംവിധൌ
കത്തും കണ്ണിലനംഗദേവനെ ദഹിപ്പിച്ചോരു ഭാവത്തൊടെന്‍
ചിത്തം തന്നിലെയത്തലാകെയൊഴിയാനല്പം തുറന്നീടുമോ
കത്തും തീയുടെവിത്തുപോലെവിലസും തൃക്കണ്ണപര്‍ണ്ണാപതേ
ശാര്‍ദ്ദൂലവിക്രീഡിതം.

പുത്തന്‍ശീലുകളെത്ര,യീ ജനതതന്‍ ചിത്തം കവര്‍ന്നുള്ളൊരാ
പുത്തഞ്ചേരിയുമിന്നിതാ വിടപറഞ്ഞങ്ങങ്ങു പോയീടവേ
ചിത്തം തെല്ലിതു തേങ്ങിടുന്നു,തിരികേ വന്നാലുമെന്നോര്‍മ്മത-
ന്നുത്തുംഗോത്തമസീമയില്‍,യുവകവിയ്‌ക്കേകുന്നു ബാഷ്പാഞ്ജലി.
ശാര്‍ദ്ദൂലവിക്രീഡിതം.

പൊയ്യല്ലാ,കൃശമദ്ധ്യ നീ, തഴുകുവാനേറ്റം കൊതിച്ചിന്നു ഞാന്‍
മെയ്യില്‍ തൊട്ടുതലോടുകില്‍ ബഹുവിധം രാഗം ജനിപ്പിപ്പു നീ
തൂയം നിന്‍സ്വരമെത്രചിത്രവിധമിന്നൊപ്പം കുയില്‍നാദമെന്‍-
ശയ്യക്കും ശ്രുതി ചേര്‍ത്തിടും മൃദുരവം തന്നീടുമെന്‍ വീണ നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

അച്ഛനിച്ഛയൊടു പത്നിയാക്കിയവരമ്മതന്നെ ശരിചൊല്ലിടാം
മെച്ചമായപടി നോക്കിടാമവരൊടൊത്തുപോവതിനുമായിടാം
അമ്മയമ്മഹിതമാംവഴിയ്ക്കു വരപത്നിയാക്കിയൊരു നാരിയേ
എന്തുചൊല്ലി വിളിചെയ്യുമെന്നഴലിലാണ്ടൊരയ്യനിത കൈതൊഴാം.
കുസുമമഞ്ജരി.

ഞാനതെന്നു,മിവയെന്റെയെന്നുമൊരുഭാവമോടെ വിലസുന്നവര്‍
മാനസത്തിലൊരു ചിന്ത ചെയ്‌ക,യിതിലേതു നല്‍കുമൊരു സദ്ഗതി
ആനതാംഗികളു,മാസ്തി,ധാടികളുമൊന്നുമന്നു ഗതി നല്‍കിടാ
നൂനമോര്‍ത്തിടുക രാമപാദമതുമാത്രമീ ധരയിലാശ്രയം.
കുസുമമഞ്ജരി.

തത്തയിന്നുവരുമൊത്തപോല്‍ കവിതയത്തരത്തിലുളവായിടും
ബദ്ധമോദമൊടെയിന്നെനിക്കു കുറതീര്‍ത്തു പദ്യമവളേകിടും
ഇത്ഥമോര്‍ത്തവളെയിത്രനേരമതു കാത്തിരുന്നു വെറുതേയതും
ബുദ്ധിമോശമിതുബുദ്ധിയുള്ളവരു ചൊല്ലി നമ്പരുതു നാരിയേ“.
കുസുമമഞ്ജരി.

പാരിലാകെ നവസൂനമഞ്ജരികളാഭയോടെ നടമാടയി-
ന്നാരമിച്ചു വിലസുന്നനേരമൊരു കാട്ടുപൂവിനുടെ നിസ്വനം
ആരുകേള്‍പ്പതു ഭയത്തില്‍ നിന്നിടുമതിന്റെ ചിത്തിലുളവായിടും
ഭാരഭാവമതു മാറുമാറളവിലാശു നല്‍കിടുക സാന്ത്വനം.
കുസുമമഞ്ജരി.

ശൈലമേറി നിലകൊണ്ട വേലനൊടു ഞാന്‍ ക്ഷമാവചനമോതിടും
തെല്ലുപോലുമതിലില്ല ഖേദ,മുടനിന്നു ഞാന്‍ പഴനിയേറിടും
അല്ല,ഞാനവനു നല്‍കുമീ ഫലവുമിന്നതും സഫലമായിടും
നല്ല വാക്കിവിധമോതിനിന്ന ഗണനാഥനെന്‍ ശരണമായിടും.
കുസുമമഞ്ജരി.
********************************************************************

Saturday, April 7, 2012

ശ്ലോകമാധുരി.43

ശ്ലോകമാധുരി.43
നാവില്‍ സദാ നാമജപം വിളങ്ങേ
നാമെന്തിനായീ ഭയമാര്‍ന്നിടേണം
നാരായണന്‍ തന്റെ വരപ്രസാദം
നാള്‍തോറുമേറും,സകലം സുധന്യം.
ഇന്ദ്രവജ്ര.

നേത്രങ്ങളംഭോജദളം മനോജ്ഞം
ഗാത്രം ലതാവല്ലരിപോലെ ലോലം
ചിത്രം നിനക്കുള്ളൊരു രൂപഭംഗി
സൂത്രത്തില്‍ നീ ഹൃത്തിനകത്തുമെത്തി.
ഇന്ദ്രവജ്ര.
മനോഹരം ശ്ലോകമിതേവിധം ഞാന്‍
രചിക്കുവാനെത്ര കൊതിച്ചു, കഷ്ടം,
ഗണങ്ങളെല്ലാം പലതായ് മറഞ്ഞു
ഗുണം തരാതങ്ങനെ മാറിനില്‍പ്പൂ.
ഉപേന്ദ്രവജ്ര.

മരിച്ചുപോമെന്നൊരു ചിന്ത വന്നാല്‍
സ്മരിക്ക കാലാന്തകപാദപത്മം
ഒരിറ്റുനേരം മനസാ സ്മരിച്ചാല്‍
വരിച്ചിടാം ശാന്തി,യതാണു മോക്ഷം.
ഉപേന്ദ്രവജ്ര.
അറിവുള്ളവര്‍ ചൊല്ലിടുന്നവ-
യ്ക്കമൃതിന്‍ മൂല്യമതുണ്ടു മല്‍‌സഖേ
അവയുദ്ഗതി വന്നു ചേരുവാന്‍
നിറവാം ഭൈഷജമാണു ഭൂമിയില്‍.
വിയോഗിനി.

ഒരു പല്ലവതുല്യമായ കൈയെന്‍
തലയില്‍ തൊട്ടു തലോടി വാണി ചൊല്ലി
“ഇനി നീ കവിതാശതങ്ങള്‍ തീര്‍ക്കൂ
തുണയായ് നിന്നുടെ ഹൃത്തില്‍ ഞാനിരിപ്പൂ“.
വസന്തമാലിക.
ശരി നേരെയുരയ്ക്കുമെന്നു കണ്ടാല്‍
തിരിയുംബന്ധുവു,മൊത്ത ശത്രുവാകും
പരിതാപവുമൊത്തു വന്നു ചേരും
പരിണാമം സുഖമന്യമാകുമാര്‍ക്കും.
വസന്തമാലിക.

അത്യുഗ്രമായിയലറിച്ചൊടിയോടെവന്നു
പ്രത്യക്ഷമായ ചില ഭാവവിലാസമോടെ
നിത്യം വനത്തില്‍ വിളയാടിയ സിംഹമേ, നീ
ചത്തെന്നപോലെ മൃഗശാലയിലായ്,കിടപ്പായ് !
വസന്തതിലകം.

അന്തിച്ചെമപ്പതിനു ചാരുത കൂട്ടിവാനായ്
പൊന്തുന്നു മുത്തുമണിപോലെയുഡുക്കള്‍ മേലേ
എന്തെന്തു ശോഭ,യതു ചൊല്ലുവതിന്നു ഞാനും
കുന്തപ്പെടുന്നുചിതമായ പദം ഞെരുക്കം!
വസന്തതിലകം.

ഊതിക്കെടുത്തരുതു ഹേ  ശുഭകാവ്യഭംഗി
പാദം പിഴച്ചു ചില വാക്കുകള്‍ ചേര്‍ത്തു വെയ്ക്കേ
എന്നാലുമാ മഹിതനൂപുരനാദമോടേ
വന്നെത്തിയെന്‍ ഹൃദയമോഹിനി കാവ്യകന്യാ.
വസന്തതിലകം.
ഖേദം തമോഗുണമതെന്നു നിനച്ചു ഞാനെന്‍
മോദം വിടാതെ കഴിയുന്നു ജഗത്തിലിന്നും
ഭേദം നിനക്കിലവരണ്ടുമിവന്റെ ചിത്തേ
ഹ്ലാദം തരുന്ന യദുനന്ദനലീലകള്‍ താന്‍.
വസന്തതിലകം.
തീരാത്തദുഃഖമിനിയും തരു നീ മുരാരേ”
നേരേ വരിച്ചു വരമായതു കുന്തി ബുദ്ധ്യാ
ദൈന്യത്തിലേ മനുജനീശ്വരചിന്തയാര്‍ക്കൂ
നൂനം സ്മരിച്ചു വരമായതു ചൊല്ലി,യല്ലി?.
വസന്തതിലകം.

മുമ്പില്‍ക്കിടന്നു കളിയാടിയിടക്കു മാറില്‍
ചും‌ബിച്ചുലഞ്ഞു തളരുന്ന നിനക്കു നാണം
തെല്ലില്ല,നീ പതിയെയെന്റെ മുഖത്തു മുട്ടി
വല്ലാതെയാക്കി,മതി, ഷാളെ കിടക്കു നേരേ.
വസന്തതിലകം.
രാജീവനേത്രനുടെ മുന്നിലിതേവിധം ഞാ-
നോജസ്സിലെത്ര കവിതാശകലം നിരത്തീ
യോജിച്ചപോലെ തവപൂജയിലൊക്കെയെല്ലാം
രാജിച്ചിടട്ടെ,കൃതഹസ്തതയോടെ നില്‍പ്പൂ.
വസന്തതിലകം.
അഴകൊടു ചിരിതൂകീ ട്ടെന്റെ മുന്നില്‍ സലജ്ജം
മിഴിവെഴുമനുരാഗപ്പൂക്കളര്‍പ്പിച്ചപെണ്ണേ
അഴലുകളൊഴിയാത്തോരെന്റെയീ മാനസത്തില്‍
കഴിവതിനിടയായാല്‍ കഷ്ടമാമോര്‍ത്തിടേണം.
മാലിനി.
കയറുവതിനുമാര്‍ഗ്ഗം സ്ത്രീജനത്തിന്‍ ഹൃദത്തില്‍
തിരയുമൊരു സുഹൃത്തേ വേണ്ടവേണ്ടാ കുമാര്‍ഗ്ഗം
കയറിനു വിലയേറീ കാര്യമെല്ലാമൊടുക്കം
കയറിലതു വിനാശം തന്നെയെന്നോര്‍ത്തിടേണം.
മാലിനി.
ചിരിയിലമൃതു കോരീട്ടെന്റെ ഹൃത്തില്‍ നിറച്ചി-
ട്ടനുദിനമവിടത്താന്‍ ലീലയാടുന്ന ലോലേ
എരിപൊരി സഹിയാതേ നീറ്റിടുന്നഗ്നിപോലേ
തവ നിറമിഴിയെന്നേ,യില്ലസൌഖ്യം സുശീലേ
മാലിനി.
നനമയയുഗമെല്ലാം വേണ്ടപോലേ നിരത്തീ
ഇനിവരു കവിതേ നീ മാലിനീവൃത്തഭംഗ്യാ
സുരുചിരപദമോരോന്നായി വെച്ചാവിധത്തില്‍
വിലസുകയതിരമ്യം കാവ്യമായീ ജഗത്തില്‍.
മാലിനി.
നന്നായ നല്ല കവിതാശകലങ്ങള്‍ തീര്‍ക്കാന്‍
നന്നായ വര്‍ണ്ണമണിമുത്തുകള്‍ നല്‍ക,വാണീ
നന്നായ വാക്കുകളിലൊത്തു കൊരുത്തു ഞാനാ
നന്നായ കാവ്യമണിമാല നിനക്കു ചാര്‍ത്താം.
മാലിനി.

സുരതരുണികള്‍ ഹൃത്തില്‍ ചേര്‍ത്തുനിര്‍ത്താനടുക്കേ
വിരുതൊടു ചിരിതൂകീട്ടങ്ങു നിന്നും മറഞ്ഞോന്‍
മുരളികയധരത്തില്‍ ചേര്‍ത്തൊരാകാരമോടേ
പരമചതുരനാകും കണ്ണനെന്‍ ഹൃത്തിലെത്തീ.
മാലിനി
കൃഷിപ്പണിക്കു പോയവര്‍ക്കു യോഗമില്ല,കഷ്ടമായ്
കരിക്കുമില്ല,തേങ്ങയില്ല സര്‍വ്വതും കൃഷിപ്പിഴ
കരിച്ചിലായ്,കരച്ചിലായി കര്‍ഷകര്‍ കടങ്ങളാല്‍
കരിഞ്ഞുവീണിടുന്നിതാത്മഹത്യമാത്രമാശ്രയം.
പഞ്ചചാമരം.

തിരിച്ചിടുന്നു ലോകചക്രമൊത്തപോല്‍ വിധീശ്വരന്‍
തിരിച്ചു ചൊല്ലുവാനശക്തരാണു നമ്മളോര്‍ക്കണം
തിരിച്ചു ചെന്നു ചൊല്ലുവാനനേകമുണ്ടു കാരണം
തിരിച്ചിടേണ്ട നീ വൃഥാ,ഫലം ലഭിക്കുകില്ലെടോ.
പഞ്ചചാമരം.
ഭക്തിയോടെ ഭജിപ്പവര്‍ക്കു വരം തരും ഹരി തന്‍ പദം
നിത്യവും ഹൃദയത്തിലേറ്റുകിലത്തലൊക്കെയൊഴിഞ്ഞിടും
ആത്തമോദമതിന്നു നീ പണി ചെയ്യുകില്‍ കരുണാമയന്‍
ഭക്തവത്സലനാം മരുത്പുരനാഥനേകുമനുഗ്രഹം.
മല്ലിക.

ആരും വന്നിടുകില്ലയെന്നുകരുതീ മാഴ്‌കൊല്ല നീ മല്ലികേ
നേരേ വന്നിടുമാ മിളിന്ദമിനിയും നിന്നേ തലോടും ദൃഢം
ഓരോ നാളിലിതേവിധം ഗതിവരാമാര്‍ക്കും,ഗണിച്ചീടണം
നേരം നല്ലതു വന്നിടും,വിധിഹിതം മാറ്റാന്‍ നമുക്കാകുമോ?
ശാര്‍ദ്ദൂലവിക്രീഡിതം.
ആരും വന്നിതു കാണണം ഗതിയെഴാ പ്രേതത്തിനെപ്പോലൊരാള്‍
പാരില്‍ കൂടിയലഞ്ഞിടുന്നു തലചായ്ക്കാനായിടം തേടിയും
നേരോതീടുകില്‍ പുത്രരെത്രയിവനിന്നുണ്ടോര്‍ക്ക സമ്പന്നരായ്
ആരും നോക്കിടുകില്ല,കര്‍മ്മഗുണമായ് പാഴ്ജന്മമായ് ചണ്ടിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇഷ്ടം പോലെ ചമച്ചിടും ഗവിതകള്‍ തട്ടും‌പുറത്തേറിടും
കഷ്ടം തോന്നുമുറഞ്ഞുതുള്ളലൊടുവില്‍ ക്ലേശം,രസം പോയിടും
സ്പഷ്ടം വാങ്മയചിത്രമോടെ വിലസും ശ്ലോകങ്ങള്‍ പൂര്‍വ്വാഭയില്‍
ദിഷ്ടക്കേടുകള്‍ മാറുമാറെവിടെയും വര്‍ണ്ണത്തിലാറാടിടും.
ശാര്‍ദ്ദൂലവിക്രീഡിതം.

എന്നും നല്‍ക്കവിതാസുമങ്ങളിതുപോല്‍ തീര്‍ക്കേണമെന്നോര്‍ത്തു ഞാന്‍
മിന്നും വാക്കുകള്‍ തേടിയീവിധമലഞ്ഞൊട്ടൊട്ടു മന്നൊക്കെയും
പിന്നെക്കണ്ടു സുവര്‍ണ്ണമാം മൊഴികളും വാക്കും മനോരമ്യമായ്
ചിന്നും നിന്നുടെ ഹൃത്തിലാണ,വയെനിക്കേകില്ലെ നീയെന്‍ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒട്ടേറെക്കവിതാസുമങ്ങള്‍ നിറയുന്നീനന്ദനോദ്യാനിയില്‍
പൊട്ടപ്പാട്ടുകളും ഞെളിഞ്ഞു കയറുന്നിന്നെന്തിതെന്തോതുവാന്‍
കൊട്ടും വാദ്യവുമായിവന്നു ബഹളക്കോലാഹലം വെയ്‌ക്കവേ
കഷ്ടം തോന്നുക വേണ്ടയെന്‍ കവികളേ “ചട്ടന്നു പൊട്ടന്‍ തുണ”
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണാ നിന്‍ മണിവേണുതന്നിലുണരുന്നീണങ്ങളവ്വണ്ണമായ്
കര്‍ണ്ണേ വീണിടുമവ്വിധൌ മഹിതമായേകുന്നു സംജീവനം
മണ്ണില്‍ മാനുഷനായ് പിറന്നു ദുരിതം കൊണ്ടൊട്ടുഴന്നെങ്കിലും
തിണ്ണം ദണ്ണമൊഴിച്ചിടുന്നു വരമാം നിന്‍ദര്‍ശനം  പൂര്‍ണ്ണമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

കണ്ടാലെത്രമനോഹരം മിഴികളായ് കാണുന്നൊരാ പൂക്കളില്‍
വണ്ടായ് ഞാനിനിയെത്തിടാം മുകരുവാന്‍,കണ്ണങ്ങടച്ചീടൊലാ
വേണ്ടും വണ്ണമൊരുങ്ങിടാമിനി നിനക്കെത്താമകത്തൊത്തപോല്‍
പണ്ടേ നമ്മള്‍ പറഞ്ഞപോലെ തുണയായ് വന്നീടു ദാരങ്ങളായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ഞാനെന്‍ മൂഢതകൊണ്ടുതന്നെ പലതും കോറുന്നിതിന്നീവിധം
ഞാനെന്നുള്ളൊരു ഭാവമൊട്ടുമിനിയും വന്നില്ലതെന്‍ ഭാഗ്യമാം
ഞാനെന്നുള്ളൊരു ഭാവമല്പമൊരുവന്നുണ്ടാകിലോ കഷ്ടമാം
ജ്ഞാനം പോയിടുമന്ധമായ വഴിയില്‍ തങ്ങും,വിനാശം ഫലം.
ശാര്‍ദ്ദൂലവിക്രീഡിതം.

നിന്‍ മെയ് തന്നിലിണങ്ങിടുന്ന കനകം മങ്ങുന്നു നിന്‍ ശോഭയാല്‍
നിന്‍ ഹാസം കണികാണുകില്‍ മലരുകള്‍ താഴുന്നു ശീര്‍ഷം നിജം
നിന്‍ കണ്‍കോണുകള്‍ ചാപമാക്കി മദനന്‍ ഗര്‍വപ്പെടുന്നെപ്പൊഴും
നിന്നേ ഞാന്‍ ഹൃദയത്തിലാക്കി,യതിവര്‍ക്കാശ്വാസമായോമലേ.
ശാര്‍ദ്ദൂലവിക്രീഡിതം.

നീ നിന്‍വാക്കുകള്‍ പൂക്കളായ് നിരനിരേ കോര്‍ത്തീവിധം കാമ്യമാം
കാവ്യങ്ങള്‍ നിറവായ് രചിച്ചു പതിവായ് വെയ്ക്കുന്നിതര്‍ഘ്യോപമം
ഓരോ മാല്യവുമെത്രയെത്രമധുരം ഭാവങ്ങളാലുജ്ജ്വലം
ചാര്‍ത്തും ഞാനവയൊക്കെയെന്റെ ഹൃദയേ, യെല്ലാമതെന്‍ പുണ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
പയ്യേ ഭാവനയെത്തിയൊത്ത മിഴിവില്‍ താളത്തൊടൊത്തെന്റെയീ-
കൈയില്‍ തൂലിക തന്നു ചൊല്ലി”സമയം പോകുന്നുണര്‍ന്നീടു നീ
വയ്യായെന്നു നിനച്ചിടേണ്ട,നിരയായ് കാവ്യം വിതച്ചീടടോ
കൊയ്യാം ഭാവിയില്‍ നൂറുമേനി, വിളവായ് സത്കീര്‍ത്തിയെത്തും നിജം”.
ശാര്‍ദ്ദൂലവിക്രീഡിതം.
മാനാണെന്നൊരുവന്‍ മൊഴിഞ്ഞു, പലര്‍ ചൊല്ലുന്നൂ മുയല്‍ താനതും
മാനം നോക്കിയിരിപ്പവര്‍ പലവിധം ചൊല്ലുന്നതെല്ലാം പൊളി
മാനത്തോടെ പറഞ്ഞിടാം വിധുമുഖേ കാണും കളങ്കം, സദാ
മാനം കെട്ടവര്‍ കാട്ടിടും കളികളേ കണ്ടിണ്ടലുണ്ടായതാം.
ശാര്‍ദ്ദൂലവിക്രീഡിതം.

മിന്നും താരകളംബരത്തില്‍ നിറയേ പൊന്തുന്നിതാ ഭംഗിയില്‍
പൊന്നിന്‍ പൂക്കണിപോല്‍ നിരന്നു വിഷുവിന്നാഘോഷമായ് സസ്മിതം
എന്നും നിന്നുടെ മുഗ്ദ്ധവക്ത്രമവതന്‍ മദ്ധ്യത്തിലായ് കാണ്മു ഞാന്‍
ചിന്നും ശോഭയൊടിന്ദുബിംബസമമാ, യില്ലായിതില്‍ വിഭ്രമം.
ശാര്‍ദ്ദൂലവിക്രീഡിതം.
മുന്നേ കൊന്നകള്‍ പൂത്തുലഞ്ഞു വിഷുവന്നെത്തുന്നതോര്‍ക്കാത്തപോല്‍
മിന്നും പൂക്കണികാണുവാനണയുമാ നേരത്തു പൂ കാണുമോ
എന്നോര്‍ത്തെന്റെ മനസ്സിലുണ്ടു വിഷമം, നിന്നീടണേ സ്വര്‍ണ്ണമാം
മഞ്ഞപ്പൂങ്കുലയോടുകൂടി വിടചൊല്ലീടാതെ പൂക്കൊന്നെ, നീ
ശാര്‍ദ്ദൂലവിക്രീഡിതം.

ശ്ലോകങ്ങള്‍ പല വൃത്തഭംഗി നിറവായ് ത്തീരുംവിധം ചേര്‍ത്തുവെ-
ച്ചോരോ രീതിയില്‍ ബാലകര്‍ നിപുണമായ്  ചൊല്ലുന്ന കേട്ടീടവേ
ശോകം പോയിടുമാത്മതൃപ്തിയുളവായ് മോദം ലഭിച്ചിങ്ങനേ
നേരം‌പോക്കിയിരുന്നിടാന്‍ കഴിയുമീ വേദിക്കു ഞാന്‍ കൈതൊഴാം.
ശാര്‍ദ്ദൂലവിക്രീഡിതം.
ശ്രീദേവീധവ,നിന്റെ മുന്നിലടിയന്‍ വന്നൊന്നു ചോദിച്ചിടാം
വന്‍‌ദുഃഖക്കടലില്‍ കിടന്നു മുടിയാനെന്തേ വിധിച്ചെന്നെ നീ
പാദാബ്ജം ദിനവും നനച്ചിടുമൊരാ ക്ഷീരാബ്ധിയില്‍ മുക്കിയാല്‍
ഹൃദ്യംതന്നെയെനിക്കു നിന്നരികിലായെത്താമതല്ലോ വരം.
ശാര്ദ്ദൂലവിക്രീഡിതം
കന്നിപ്പെണ്ണാളെ നോക്കിത്തെരുവിലലയുവാന്‍ കാര്യമെന്തേ സുഹൃത്തേ
കുന്നിക്കും കൌതുകത്താലതിനു തുനിയുകില്‍ ഹാനിയെത്താം നിനക്കും
മന്നില്‍ നിന്‍സൌഭഗത്തില്‍ നിരതമൊരുവിധം കാംക്ഷയുള്ളോര്‍ നിനച്ചാല്‍
മിന്നും പൊന്‍ശോഭചേരും ലലന വരണമാല്യത്തൊടെത്തും നിനക്കായ്.
സ്രഗ്ദ്ധര.
**********************************************************************************

Wednesday, December 14, 2011

ശ്ലോകമാധുരി.42.

ശ്ലോകമാധുരി.42 .
തെളിവില്ലിവിടെന്തു ചൊല്ലിയാലും
തെളിയാനുള്ളതു ബുദ്ധിയൊന്നു മാത്രം
തെളിവോടണകെട്ടുവാന്‍ ജനങ്ങള്‍
തെളിയിച്ചീടണമൈക്യദാര്‍ഢ്യമൊന്നായ്.
വസന്തമാലിക
കണ്ണീരുതൂകിയരികത്തിനി നീ വരുമ്പോള്‍
ദണ്ണം പെരുത്തു മനമാകെയുലഞ്ഞിടുന്നൂ
പെണ്ണേ നിനക്കു സുഗമം വരവാണു കണ്ണീ-
രെണ്ണുന്നു ഞാനിവിധമെങ്കിലുമില്ല ദേഷ്യം.
വസന്തതിലകം.

പ്രസിദ്ധമാം ശ്ലോകശതങ്ങള്‍ മൊത്തം
പഠിച്ചു ഞാനീവിധമെങ്കിലും ഹാ
പഠിച്ചതൊന്നും സമയത്തു ചൊല്ലാന്‍
വെളിപ്പെടില്ലെന്നതു തന്നെ കഷ്ടം.
ഉപേന്ദ്രവജ്ര.

മനുഷ്യനാണുജ്ജ്വലസൃഷ്ടിയെന്നു
നിനച്ചിടേണ്ടാ മനുജാ ശരിക്കും
നിനക്ക നീ സര്‍വ്വതുമീശ്വരന്‍ തന്‍-
മികച്ച ചൈതന്യവരപ്രസാദം.
ഉപേന്ദ്രവജ്ര.

നിന്‍‌കണ്ണുനീരില്‍ തെളിവാര്‍ന്നു നിന്റെ
മുഖാഭ തട്ടി,ക്കവിളില്‍ പടര്‍ന്ന
വര്‍ണ്ണാഭമാകും മഴവില്ലു കാണ്‍‌കേ
മദിച്ചിതെന്‍ ഹൃത്തു മയൂഖതുല്യം.
ആഖ്യാനകി.

ഒരുമട്ടിവനൊന്നു പാടിയാല്‍
പിരിയും പക്ഷിമൃഗാദി പോലുമേ
കരുതിന്നിതു ഭോഷനാകിലും
വെറുതേ ശാപമണച്ചിടേണമോ?
വിയോഗിനി.
ആലോലനീലമിഴിതന്നുടെ മുഗ്ദ്ധഭാവ-
മെന്‍ ലോലഹൃത്തിലനുരാഗമുണര്‍ത്തി മെല്ലേ
ആ ലോലമായ തനു താമരനൂലുപോലെ
ലീലാവിലാസമൊടെ മാറിലണച്ചിടും ഞാന്‍.
വസന്തതിലകം.
കൂട്ടിക്കിഴിച്ചു പലമട്ടിലിവന്‍ നിനക്കായ്
നേട്ടങ്ങളെത്രവിധമേകിയിതിത്ര നാളും
കൂട്ടാക്കിയില്ല ഹൃദിയെന്നരികേ വരാന്‍,നീ
കാട്ടും കൃതഘ്നതയില്‍ വെന്തുരുകുന്നു ഞാനും.
വസന്തതിലകം.

തെല്ലൊന്നു നിന്നിടുക ശാന്തതയോടെ മുന്നി-
ലല്ലാതെ മറ്റുവഴിയില്ല നിനക്കു മണ്ടാ
ഫുല്ലങ്ങളായ മലര്‍ തന്നിലലഞ്ഞു നീ വന്‍-
മല്ലാര്‍ന്നുഴന്നിടുവതെന്തിനു ചൊല്‍ക വണ്ടേ?
വസന്തതിലകം.
'നേരാണിതൊക്കെയൊരു വേല‘,യതെന്നു ചൊല്ലാ-
നാവില്ല സൂക്ഷ്മഗതിയൊന്നു പഠിക്ക നമ്മള്‍
സാമര്‍ത്ഥ്യമോടെ ജനനന്മ ഗണിക്കുവോര്‍ക്കു
നേര്‍ബുദ്ധി തോന്നിയുടനേയണ തീര്‍ത്തിടേണം.
വസന്തതിലകം.
ഭാവം പകര്‍ന്നു പല രാഗമതീവഹൃദ്യം
പാടുന്ന നിന്‍ കഴിവിലെന്റെ മനം മയങ്ങി
നേരം മയങ്ങിയിരുളേറി വരുന്നു, വേഗം
നേരേ പറക്കു കുയിലേ, തവ കൂടു തേടി
വസന്തതിലകം.

മണിനൂപുരമണിയും വ്രജശിശുവെന്നുടെ തുണയായ്
വരണം,തിരുവദനം മമ ഹൃദയേ ദ്യുതി തരണം
അതിനീവിധമിനി നിന്നുടെ സവിധേ വരുമടിയന്‍
കരുണാകര,വരമേകുക തവ ചേവടി ശരണം.
ശങ്കരചരിതം.
അനുദിനമിനി നീയെന്‍ ചാരെ വന്നൊന്നിരുന്നെ-
ന്നഴലുകളൊഴിയാനായ് പാടുമോ ഹൃദ്യമായി
പറയുക പികവാണീ, ഞാനതിന്നായി നിന്നോ-
ടിതുവിധമുര ചെയ്താല്‍ തോന്നുമോയീര്‍ഷ്യ ഹൃത്തില്‍.
മാലിനി.

അരഞൊടിയിനി നീയെന്‍ മുന്നില്‍ വന്നൊന്നുനിന്നാല്‍
അതുമതി മമ ജന്മം ഭാഗ്യസമ്പൂര്‍ണ്ണമാവാന്‍
അതുവരെ തവമുന്നില്‍ നാമസങ്കീര്‍ത്തനങ്ങള്‍
തെരുതെരെയുരുവിട്ടീ മട്ടില്‍ നിന്നോട്ടെ,കൃഷ്ണാ.
മാലിനി.
ഉറ്റോരൊത്തിരുകൈകള്‍കോര്‍ത്തു സഖിയായ് തന്നോരു തന്വംഗിയാള്‍
മുറ്റും ശോഭയൊടൊത്തു തന്നെ വരമായ് ഗേഹത്തിലുണ്ടാകവേ
ചുറ്റിക്കും ഗണികാഗൃഹങ്ങള്‍ സുഖമാണേകുന്നുവെന്നോര്‍ത്തു നീ
ചുറ്റും തേടി നടക്കയോ നിലപെടാ ഹൃത്തിന്‍ വിമൂഢത്വമേ!.
ശാര്‍ദ്ദൂലവിക്രീഡിതം.
(സമസ്യാപൂരണം)
കാരുണ്യക്കടലാം നിനക്കു തരുവാനില്ലാ,യെനിക്കൊന്നുമേ
നീറും ചിത്തിലുണര്‍ന്നിടുന്ന വരമാം ശ്ലോകങ്ങളാണെന്‍ ധനം
നീയോ ശോകവിനാശനന്‍ ,വരുകെനിക്കാശ്വാസമായ്,ഭക്തിയോ-
ടേകാം ശ്ലോകമിതര്‍ഘ്യമായ് ഗുരുമരുദ്ദേശാധിപാ,പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
“ക്രൂരം തന്നെയിതേവിധം കവിതകള്‍ തീര്‍ത്തിങ്ങിരിക്കുന്നതും
കാര്യങ്ങള്‍ പലതുണ്ടനേകവിധമായ് തീര്‍ക്കാന്‍ ഗൃഹേ,യോര്‍ക്കണം“
ദാരങ്ങള്‍ പറയുന്നിതേവിധ,മിവന്‍ കേള്‍ക്കും വിധൌ ചൊല്ലുമോ
നേരേ ഞാന്‍ കളയേണമോ പ്രിയതരം ശ്ലോകങ്ങളേ,നിങ്ങളേ?
ശാര്‍ദ്ദൂലവിക്രീഡിതം.

ചുറ്റും കൂടിടുമാസുരപ്രകൃതിയില്‍ പെട്ടാല്‍ മനുഷ്യന്‍ സ്വയം
ചുറ്റും ദുര്‍ഭഗസന്ധിതന്നി,ലതു ഞാന്‍ ചൊല്ലുന്നു നിസ്സംശയം
ചുറ്റും നോക്കുക,യിത്തരത്തില്‍ മനുജര്‍ ക്ലേശിപ്പു കാണാതെ നീ
ചുറ്റും തേടി നടക്കയോ നിലപെടാ ഹൃത്തിന്‍ വിമൂഢത്വമേ!
ശാര്‍ദ്ദൂലവിക്രീഡിതം.
(.സമസ്യാപൂരണം)
ചേലില്‍ പീലിയണിഞ്ഞൊരാ തിരുമുടിക്കെട്ടില്‍ തൊടാനാസ്ഥയില്‍
നീലക്കാറൊളിവര്‍ണ്ണനങ്ങുമരുവും ക്ഷേത്രത്തിലെത്തീട്ടു ഞാന്‍
ചാലേ ശ്രീലകമുന്നിലെത്തി വരമായ് ചോദിച്ചനേരത്തു നീ
നീലപ്പീലിയൊരെണ്ണമേകി,യതു ഞാന്‍ സൂക്ഷിപ്പു ഹൃത്തില്‍ സദാ.
ശാര്‍ദ്ദൂലവിക്രീഡിതം.

“പറ്റില്ലാത്തൊരു കാര്യമാണു ഭഗവത് കര്‍ണ്ണാമൃതം തര്‍ജ്ജമ-
ക്കൊറ്റയ്ക്കായതു ചെയ്യുവാന്‍ തുനിയുകില്‍” ചൊല്ലുന്നിതെല്ലാവരും
പറ്റിക്കൂടി മുകുന്ദപാദമതില്‍ ഞാന്‍ ഹൃത്താലെ,നിത്യം പഥം
തെറ്റാതാര്‍ത്തു ഗമിച്ചിടുന്നു സുധതന്‍ മാധുര്യമന്ദാകിനി.
ശാര്‍ദ്ദൂലവിക്രീഡിതം.
ചൊവ്വാണെന്നു നിനച്ചു ഞാന്‍ പലരെയും സ്നേഹിച്ചുവെന്നാകിലും
ചൊവ്വല്ലാപ്പണിയെന്നുതന്നെ പലരും ബോദ്ധ്യപ്പെടുത്തീ സ്വയം
ചൊവ്വായുള്ളവരിന്നു തെല്ലു കുറവാണെന്നോര്‍ത്തു ഞാനീവിധം
ചൊവ്വല്ലാതെയിരുന്നിടുന്നു, വെറുതേ ചൊല്ലില്ല വീണ്‍വാക്കുകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

പൂ പോലുള്ളൊരു മേനിയില്‍ തെളിയുമാ ശ്രീവത്സശോഭാന്വിതം
മായാതെന്നുടെ മുന്നിലെന്നുമിവിധം നില്‍ക്കേണമര്‍ത്ഥിപ്പു ഞാന്‍
മായാമോഹജഗത്തിലിന്നു വലയും ചിത്തത്തില്‍ ഡംഭാദിയാം
മായങ്ങള്‍ ക്ഷരമാവണം,ഭൃഗുവരം ശ്രീവത്സമെന്നാശ്രയം
ശാര്‍ദ്ദൂലവിക്രീഡിതം.

വന്നെത്തൂ വനഗായികേ,മധുരമായ് പാടൂ വസന്തദ്രുമേ
വന്നെത്തീ മകരം തണുത്തുവിറയും മഞ്ഞിന്‍ കണം തൂകി ഹാ!
വന്നെത്തീ ഭ്രമരങ്ങള്‍ മാവില്‍ നിറയേ പൂക്കള്‍ തിരഞ്ഞീവിധം
വന്നെത്തീയതിഹൃദ്യമായ് മഹിതമാം ദൃശ്യം,കുയില്‍പ്പെണ്മണീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ശേഷം ചൊല്ലുക ദുര്‍ഗ്രഹം,സകലതും പണ്ടുള്ളവര്‍ ചൊന്നതാം
ശേഷന്‍ താന്‍ ബലരാമനെന്ന കഥകള്‍ നിസ്സംശയം ചൊല്ലിടാം
ഈഷല്‍ തോന്നിയൊരുണ്മ തേടിയിവനും ചെയ്തൂ ശ്രമം വ്യര്‍ത്ഥമായ്
ശേഷം ചൊല്ലുക,ശേഷശായി,ബലരാമന്‍ ശേഷനോ,വിഷ്ണുവോ?.
ശാര്‍ദ്ദൂലവിക്രീഡിതം.
ശ്രീയേറും തവമുന്നില്‍ വന്നു ശരണം പ്രാപിക്കുവാനാസ്ഥയില്‍
ഭീയേറും വനവീഥിതാണ്ടി,ശബരീനാഥാ,വരുന്നേനഹം
മായാമോഹസുഖങ്ങള്‍ തേടി പലനാള്‍ ഞാനങ്ങലഞ്ഞീവിധം
കായപ്പെട്ടുകഴിഞ്ഞതാലെയറിവായ് നീയാണു സൌഖ്യം ഭുവി.
ശാര്‍ദ്ദൂലവിക്രീഡിതം.
“അത്യന്തം ശക്തിയോടേ ജലമിവിടൊഴുകി ക്ലേശമേല്‍പ്പിക്കുമെങ്കില്‍
മര്‍ത്ത്യര്‍ക്കോ സര്‍വ്വനാശം വരു,മതു തടയാനായണക്കെട്ടു വേണം“
ഇമ്മട്ടില്‍ വാര്‍ത്തകേട്ടിട്ടുടനൊരു സമരം ചെയ്യുവാന്‍ നാലുപേരോ!
പോരാ,നമ്മള്‍ക്കുമൊക്കാം,ചിലരിതു കളിയായ് കാണ്‍കിലത്യന്തമോശം.
സ്രഗ്ദ്ധര.
***********************************************************************************

Tuesday, December 13, 2011

ശ്ലോകമാധുരി.41

ശ്ലോകമാധുരി.41 .
ധീരന്റെ കൃത്യാ മരണം വരിച്ചാല്‍
നേരാണു നേരേ സുകൃതം ലഭിക്കും
പാരാതെ നീയങ്ങു ഗമിക്ക പാമ്പേ
ചോരുന്നു ധൈര്യം,സുകൃതം നമുക്കോ?
ഇന്ദ്രവജ്ര.

അമേയസൌന്ദര്യമണിത്തിടമ്പായ്
ഇവന്റെ ഹൃത്തില്‍ തെളിയുന്ന രൂപം
മരുത്പുരാധീശകിശോരദേവ-
സ്വരൂപനാണെന്നതുതന്നെ പുണ്യം.
ഉപേന്ദ്രവജ്ര.
അശുദ്ധമെന്നും ബത ശുദ്ധമെന്നും
മനസ്സിനുണ്ടാം ഗതിയല്ലൊ രണ്ടും
സര്‍വ്വേശപാദം നിരതം ഭജിച്ചാല്‍
സര്‍വ്വം മനം ശുദ്ധമതാര്‍ക്കുമാര്‍ക്കും.
ഉപജാതി.

നിനക്കു ഞാന്‍ നല്‍കിയ പൂക്കളെല്ലാം
കൊരുത്തു നീ നല്ലൊരു മാലയാക്കൂ
തിരിച്ചു ഞാന്‍ നിന്നുടെ മുന്നിലെത്താം
ചിരിച്ചു നീ ഹാരമെനിക്കു നല്‍കൂ.
ഉപേന്ദ്രവജ്ര.
നിരന്തരം നിന്നുടെ പൂക്കളാലേ
അനംഗബാണങ്ങളിതേവിധത്തില്‍
അയച്ചിടേണ്ടാ, മദനാര്‍ത്തി ചിത്തം
വലച്ചിടും,മല്ലതു വേണ്ട മുല്ലേ.
ഉപേന്ദ്രവജ്ര.
ഉല്ലാസമോടെയിനിയെന്നരികത്തു വന്നു
സല്ലാപമാം മധുരമൊന്നു തരൂ പ്രിയേ നീ
സല്ലീനമായിയതിലെന്റെ വിഷാദമെല്ലാ-
മില്ലാതെയാകുമതിലില്ലൊരു കില്ലു തെല്ലും.
വസന്തതിലകം.
ഗംഗാധരാ,കരുണയോടിനിയെന്റെ ചിത്തേ
സംഗീതമായി നിറയട്ടെ വരപ്രസാദം
അംഗങ്ങള്‍ തോറുമൊരു നിര്‍വൃതിയായി നിന്റെ
ഗംഗാംബു വീണിടുകിലാ വരമെന്റെ ഭാഗ്യം.
വസന്തതിലകം.

നാനാതരത്തില്‍ വിലസുന്ന സുമങ്ങളാലേ
ആരമ്യമായ വനിയില്‍ വിഹരിച്ചു നമ്മള്‍
ആ നല്ലകാലമിനിയെന്നുവരുന്നുവെന്നു
കാത്തിങ്ങിരിപ്പു,ഹൃദിയേറിവരുന്നു ദുഃഖം.
വസന്തതിലകം.

പ്രാലേയശൈലസുതനന്ദനപാദപത്മ-
മാലംബമാക്കിയിവനര്‍ത്ഥന ചെയ്തിടുന്നു
മാലൊന്നുമിന്നിവനുവന്നുഭവിച്ചിടാതേ
വേലായുധാ,കരുണയോടെ തുണച്ചിടേണം.
വസന്തതിലകം.

വര്‍ണ്ണാഭമായ മഴവില്ലുനിനക്കു മുന്നില്‍
മങ്ങുന്നു നിന്‍ കവിളിലുള്ളൊരു ശോഭ കണ്ടാല്‍
ഈ വര്‍ണ്ണവിസ്മയമെനിക്കധരത്തിലാക്കാന്‍
ആമന്ദമെന്നരികിലെത്തിടു മല്‍‌സഖീ നീ.
വസന്തതിലകം.
ചന്തം തികഞ്ഞ പല പൂക്കളില്‍ നിന്നു പൂന്തേന്‍
തെണ്ടുന്നു നീ നിരതമെന്തിനു ചൊല്‍ക വണ്ടേ
ഉണ്ടോ നിനക്കു വിവരം ശരിയായ്, സുമങ്ങള്‍-
ക്കുണ്ടായിടുന്നു ഫലധന്യത,നിന്‍ ശ്രമത്താല്‍.
വസന്തതിലകം.

അനുദിനമൊരുകാര്യം തന്നെ ചിന്തിച്ചിരുന്നാല്‍
അതു ശരിവരുകില്ലാ,യെന്നു നീയോര്‍ത്തിടേണം
ഉലകിതിലനുവേലം നല്ലകാര്യങ്ങള്‍ ചെയ്യാന്‍
അലസത വെടിയേണം,നന്മ താനേ ഭവിക്കും.
മാലിനി.

പതിവിനു വിപരീതം,വന്നതില്ലാരുമിന്നീ
വഴി,യതു ശരിയാണോ, ചൊല്ലിടുന്നെന്റ ചിത്തം
കവിതയൊടനുവേലം വന്നിടൂ വേദി തന്നില്‍
സുഖമതു വരമാകും കാവ്യലോകം മഹത്താം.
മാലിനി.
ഉത്രം നാളില്‍ ജനിച്ച നീയിതുവിധം കാട്ടില്‍ തനിച്ചെത്രനാള്‍
ഭക്തന്മാര്‍ക്കു വരം കൊടുത്തുമരുവും നിര്‍ഭീകനായ്,ചൊല്ലെടോ
സൂത്രം ചൊല്ലി മടക്കിടാന്‍ ശ്രമമിനിക്കാട്ടേണ്ട നിന്‍കൂട്ടിനായ്
മാത്രം ഞാനിനിയെന്റെ ചിത്തിലടവാക്കീടുന്നു നിന്‍ വിഗ്രഹം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഉന്മാദം വരുമാറു ഹാസസഹിതം വന്നോരു നിന്‍ കാന്തിയില്‍
സമ്മോദം ലയമാര്‍ന്നിരുന്നു സരസം ശ്ലോകങ്ങള്‍ തീര്‍ത്തീടവേ
നിന്‍നാദം മമ ഹൃത്തിലേ വനികയില്‍ രമ്യം കുയില്‍ നാദമായ്
ആമോദം പകരുന്നു,തേന്‍ കണികപോല്‍ മാധുര്യമായെന്‍ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
എല്ലാ നേരവുമൊന്നുതന്നെ ഹൃദയേ ചിന്തിപ്പു ഞാനീവിധം
മുല്ലപ്പൂമ്പൊടിപോലെ നിന്റെ ചരണം പ്രാപിക്കണം നിത്യമായ്
അല്ലാതെന്നുടെ ജീവിതം സഫലമായ്ത്തീരില്ലതാണിന്നിവന്‍
കല്ലേറും വനവീഥിതാണ്ടി ശരണം തേടുന്നു,കാത്തീടണേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഏതായാലുമെനിക്കു വേണമിനിയും ഗാനങ്ങളാരമ്യമായ്
പാടാന്‍ പറ്റിയരാഗമൊക്കെ ലയമായ് ചേരട്ടെയീമട്ടിലായ്
ആതങ്കം കളയാനെനിക്കു മധുരം ഗാനങ്ങള്‍ താനാശ്രയം
കൂടേ വന്നിടു പാടുവാന്‍ മദഭരം നിന്‍ വാണിയെന്നോമലേ.
ശാര്‍ദ്ദൂലവിക്രീഡിതം.

കാണാറുണ്ടു വധൂജനങ്ങള്‍ വെറുതേ തൂകുന്ന കണ്ണീര്‍ക്കണം
കാണുന്നേരമെനിക്കു ഹൃത്തില്‍ നിറയാറുണ്ടേറെയാശ്ചര്യവും
നാലാം നാളില്‍ വരുന്നൊരാ ലലനതന്‍ കണ്ണില്‍ വിടര്‍ന്നീടുമാ
മോദം കാണണമശ്രുവൊക്കെയെവിടോ പോയീ,യതാം സ്ത്രീജനം..
ശാര്‍ദ്ദൂലവിക്രീഡിതം.
കാല്‍ത്താരില്‍ ഝിലുഝില്‍ഝിലം രവമൊടേ കൊഞ്ചും ചിലങ്കയ്ക്കു ഞാന്‍
ഉത്സാഹത്തൊടു ചുംബനപ്പൊലിമയും നല്‍കുന്നു നിസ്സംശയം
പൊല്‍ത്താര്‍മാതു പിണങ്ങിടേണ്ട,യിവനാ പാദം നമിച്ചീടുവാന്‍
കെല്‍പ്പേറു,ന്നിവനാണു പൂര്‍വ്വജനനേ വന്നൂ കുചേലാഖ്യനായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

ക്ഷിപ്രം വന്നു തുണയ്ക്ക നീ ഗണപതീ, വിഘ്നങ്ങള്‍ മാറ്റീടണം
ഇത്ഥം ഞാന്‍ പദപൂജ ചെയ്‌വു,വരമായ് സിദ്ധിക്കണം വൈഭവം
നിത്യം ഞാന്‍ നവകാവ്യമൊക്കെ നിറവില്‍ തീര്‍ക്കാനൊരുങ്ങീടവേ
മുഗ്ദ്ധം നല്ല പദങ്ങളൊക്കെ നിരതം തോന്നീടണം ബുദ്ധിയില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഘോരം വന്ന നിശാചരപ്പരിഷയേ വീരം വധിച്ചവ്വിധം
പാരം പേരു പെരുത്തവന്‍ മധുരയില്‍ വാഴുന്ന കാലത്തവള്‍
നേരേതന്നെയവന്റെ ചിത്തഹരണം ചെയ്തോരധര്‍മ്മത്തിനാ-
ലാണേ രാധിക വീണവന്റെ തടവില്‍,ഹൃത്തായി കാരാഗൃഹം.
ശാര്‍ദ്ദൂലവിക്രീഡിതം.

ദേഹം ദുര്‍ബ്ബലമായി മണ്ണിലടിയാന്‍ പോവുന്നനേരം വരേ
മോഹം പൂഞ്ചിറകേറിയങ്ങു മറിയും മായാഭ്രമാല്‍ ചുറ്റുമേ
സ്നേഹം കാട്ടിയടുത്തിരുന്ന പലരും കാണില്ല,സൂക്ഷിക്ക,നിന്‍-
മോഹം നിഷ്ഫലമായിടും,കളക നിന്‍ മായാഭ്രമം സത്വരം.
ശാര്‍ദ്ദൂലവിക്രീഡിതം.

ദ്വാരം തന്നിലൊളിച്ചിരുന്നു തലനീട്ടീടുന്നൊരാ ചുണ്ടെലി-
ക്രൂരന്‍ നമ്മുടെ വീട്ടിലോടി വിലസിക്കാട്ടുന്നു പേക്കൂത്തുകള്‍
ആരും തന്നെ സഹിച്ചിടില്ല,യതിനേ കൊല്ലാനടുത്തീടുകില്‍
ദാരങ്ങള്‍ പറയുന്നു”നാള്‍മൃഗമതാം പൂരത്തിനോര്‍ത്തീടണം”.
ശാര്‍ദ്ദൂലവിക്രീഡിതം.
മങ്ങാതെന്നുടെ മുന്നിലെന്നുമിവിധം വന്നീടു ധന്യാത്മികേ
മിന്നും മുഗ്ദ്ധപദങ്ങളില്‍ നിറവെഴും വര്‍ണ്ണങ്ങള്‍ ചാലിച്ചു നീ
ഒന്നൊന്നായി മഹത്തരം ലളിതമാം ശ്ലോകങ്ങളാരമ്യമായ്
മിന്നാന്‍ നിന്‍‌തുണ നല്‍കണേ,സ്വരമയീ,സംപൂര്‍ണ്ണവാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
മൊത്തം ശ്രീത്വമിയന്ന നല്ല കവിതാപാദങ്ങള്‍ തീര്‍ത്തീടുവാന്‍
മെത്തും നൈപുണിയേറെയുള്ള പലരുണ്ടോര്‍ത്തിട്ടു ഞാനീവിധം
നിത്യം കൃത്യതയോടെതന്നെ പലതും വായിക്കുവാനാസ്ഥയോ-
ടെത്തുന്നുജ്ജ്വലകാന്തിയില്‍ സ്വയമലിഞ്ഞേവം ലയം കൊണ്ടു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
(സമസ്യാപൂരണം).

രാവിന്‍ മോഹനകാന്തിയില്‍ മതിമറന്നാടീടു നീയെന്‍ പ്രിയേ
ആവുംപോലെ രസിച്ചിടൂ,സുരപഥം മിന്നുന്നു താരങ്ങളാല്‍
നീവും നമ്മുടെ ദുഃഖമൊക്കെ,യതിനാലീവീഥിയില്‍ ശാന്തമായ്
പോവാം,രാവിതുതീരുമാ,നിമിഷമായീടട്ടെ വീടാര്‍ന്നിടാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
സൌന്ദര്യം കുറെയേറെയുണ്ടു വെറുതേ തോന്നുന്നതല്ലാ,നിന-
ക്കെന്താണിന്നൊരു മൌനമെന്നു പറയൂ, നീലാംബുജപ്പെണ്മണീ
അന്തിക്കെന്നുമവന്റെയസ്തമയമാ സത്യം നിനയ്ക്കാതെ നീ
മാന്ദ്യം കൊള്ളുകവേണ്ട,രാവിലെയവന്‍ നിന്നേ തലോടും നിജം.
ശാര്‍ദ്ദൂലവിക്രീഡിതം.
**********************************************************************

Saturday, November 19, 2011

ശ്ലോകമാധുരി.40

ശ്ലോകമാധുരി.40
കണ്ണായിനിവന്നാലുണ്ണാം നറുവെണ്ണ
തിണ്ണം വരുനീയെന്‍ മുന്നില്‍ കളിയാടൂ
കണ്ണാടികണക്കാമുണ്ണിക്കവിള്‍ തന്നില്‍
വിണ്ണിന്നഴകെല്ലാമെണ്ണാമതിമോദം.
മണിമാല.

നന്നല്ല,'നാ'യേ,യിവനോടു ശണ്ഠ
നിന്നോടു ചൊല്ലുന്നതു കേട്ടുകൊള്‍ക
പിന്നീടുമെന്‍ പിന്നില്‍ വരുന്നുവെങ്കില്‍
വന്നീടു,നിന്നേ തടവില്‍ തളയ്‌ക്കും.
ഇന്ദ്രവജ്ര.

കൊള്ളികള്‍ക്കു വളമിട്ടുനടന്നാ
കള്ളിയെന്റെ ഹൃദി കേറിമറിഞ്ഞു
കള്ളമല്ല പറയുന്നതു,ശല്യ-
ക്കൊള്ളിയായവളു നില്പതു കാണൂ.
സ്വാഗത.

നേരു ചൊല്‍ക,ചിരിയോടെ തലോടാന്‍
കാര്യമെന്തു,പറയില്ലെ മനോജ്ഞേ
സാരി വാങ്ങുവതിനെന്നുടെ കൈയില്‍
കാര്യമായ തുകയില്ല,വരട്ടേ.
സ്വാഗത.

ദാനം കൊടുത്തു നിജകഞ്ചുകമന്നു കര്‍ണ്ണന്‍
ദൂനം ഭവിച്ചു രണഭൂമിയില്‍ വീണു,വെന്നാല്‍
മാനത്തൊടാമഹിതനാമമുയര്‍ത്തി ഭൂവില്‍
ദാനത്തിനുത്തമനിദര്‍ശനമായ ഭാഷ്യം.
വസന്തതിലകം.

നാനാതരത്തില്‍ വിരചിച്ച പദങ്ങളെല്ലാം
ഓരോവിധത്തില്‍ നവചാരുതചാര്‍ത്തി മിന്നി
പാരാതെ തോന്നിയതില്‍ നിന്നൊരു കാവ്യസൂനം
നേരേ നിനക്കു തരുവാനതിനെത്തി ഞാനും.
വസന്തതിലകം.

രുദ്രാക്ഷമാല തനുതന്നിലണിഞ്ഞു കൈയില്‍
ഭദ്രം തരുന്ന വരമുദ്രയൊടന്റെ ഹൃത്തില്‍
അദ്രീസുതയ്ക്കു വരമേകിയ ഭാവമാര്‍ന്നാ
രുദ്രസ്വരൂപമുരുവായി നിറഞ്ഞുനിന്നു.
വസന്തതിലകം.

ഇഷ്ടംപറഞ്ഞു പലരെത്തിടുമൊക്കെ നിന്നേ
കഷ്ടത്തിലാക്കുമതു തന്നെ നിനക്ക, പെണ്ണേ
ദുഷ്ടര്‍ക്കു വേഷമിവിടേറെ,യതോര്‍ത്തിടാതെ
നഷ്ടപ്പെടുത്തരുതു നിന്‍പരിശുദ്ധി തെല്ലും.
വസന്തതിലകം

ഗാനം നീ പാടൂ, കേട്ടു ഞാനിങ്ങിരിക്കാം
മോഹം പൂക്കുന്നൂ, നല്ലൊരീണം പകര്‍ന്നാല്‍
രാഗം മുത്താകും, നാട്ടരാഗത്തിലെങ്കില്‍
കേള്‍ക്കാം ഞാനെന്നും, നിന്റെ ഗാനങ്ങള്‍ ഹൃദ്യം.
വൈശ്വദേവി.

അരിയൊരു മണിപോലും കാണ്മതില്ലാ ഗൃഹത്തില്‍
“പെരിയൊരു ദുരിതം താന്‍” ചൊല്ലിടുന്നെന്റെ ഭാര്യ
കരമതിലൊരു രൂപാപോലുമില്ലാ,”കടത്തില്‍
തരുവതു സുഖമല്ലാ” ചൊല്‍‌വു റേഷന്‍കടക്കാര്‍.
മാലിനി.

മധുരമധുരമാകും മാലിനീവൃത്തമൊത്തീ
പദമിവനെഴുതുമ്പോളിമ്പമോടെന്റെ ചിത്തേ
സദയമുദയമായ് നല്‍വര്‍ണ്ണമെല്ലാമുണര്‍ത്തൂ
കമലജവരജായേ, വാണിയാകും മഹത്തേ.
മാലിനി.

മരണസമയമെത്തും നേരമാരും ശരിക്കും
കരുതുക,യതുമാത്രം നേരുതാനെന്ന കാര്യം
അതുവരെയുലകത്തില്‍ ചെയ്തകര്‍മ്മങ്ങളെല്ലാം
വരുമൊരു തുണയായി,ന്നോര്‍ത്തു മര്‍ത്ത്യാ ചരിയ്ക്ക.
മാലിനി.

സദയമിവിടെവന്നീ ശ്ലോകമെല്ലാം സസൂക്ഷ്മം
പതിയെയുരുവിടുമ്പോളെന്തു തോന്നുന്നു ഹൃത്തില്‍
പദഗണമുളവാക്കും മുഗ്ദ്ധഭാവങ്ങളെല്ലാ-
മതുപടി തെളിയുന്നോ ശോഭയില്‍, ചൊല്ലുവേഗം.
മാലിനി.

സുരപതിയൊരുനാളെന്‍ വീട്ടില്‍ വന്നാല്‍ തികച്ചും
കരുതലൊടവനേ ഞാന്‍ മാറ്റിനിര്‍ത്തിത്തിരക്കും
“തരുണികളുടെ വക്ത്രം കണ്ടുവെന്നാലുദിക്കും
തരികിട തവചിത്തേ,യിന്നുമുണ്ടോ,കഥിക്കൂ“.
മാലിനി.

ആരാണീ മൃദുഗാനമിത്ര മധുരം പാടുന്നതീ വേളയില്‍
മാകന്ദാവലി തന്നില്‍ നിന്നു,മവിടെക്കാണുന്നതില്ലാരെയും
നേരേ നോക്കുക,കാകനോടു സദൃശം തോന്നുന്നൊരാ പക്ഷിയേ
പാടൂ പഞ്ചമരാഗധോരണി,യതിന്‍ നാമം കുയില്‍,കേള്‍ക്ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

“എല്ലാം നല്ലതിനായിടട്ടെയിനിയും ചേരട്ടെ സൌഭാഗ്യവും
മല്ലാക്ഷീമണി നിന്റെ ജീവിതപഥം വര്‍ണ്ണാഭമാവും സ്ഥിരം“
മെല്ലേ ഞാനിവിധം പറഞ്ഞുകഴിയാറാകും വിധൌ കേട്ടു,“വന്‍-
ഭ്രാന്തല്ലേ പറയുന്നു നിദ്രയില്‍,എണീ“ ക്കെന്‍ ഭാര്യതന്‍ വാക്കുകള്‍‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഒറ്റപ്പെട്ടവരൊന്നുകൂടിയിവിടേ പാര്‍ക്കുന്നു നിസ്‌തന്ദ്രരായ്
പറ്റിക്കുന്നവരില്ലി,വര്‍ക്കു സഖരാണന്യോന്യമെല്ലാവരും
ഉറ്റോരൊക്കെയൊഴിഞ്ഞു ദുര്‍ഗ്ഗതികളില്‍പ്പെട്ടോരിവര്‍ക്കെന്നുമേ
ഏറ്റം തുഷ്ടിയൊടാശ്രയം പകരുമീ വൃദ്ധാലയം സ്വര്‍ഗ്ഗമാം.
ശാര്‍ദ്ദൂലവിക്രീഡിതം.

കണ്ടാലൊന്നുമിവന്നു തൃപ്തിവരുകില്ലാ പാദപങ്കേരുഹേ
വണ്ടായ് മീലിതമാകണം,ഗുരുമരുദ്ദേശാധിപാ,ശ്രീപതേ
ഉണ്ടോ വേറൊരു പുണ്യ,മീ യഗതി നിന്‍പാദേ പതിച്ചീടുവാന്‍
വേണ്ടുംവണ്ണമുടന്‍ തരൂ വര,മതി ന്നായിട്ടു കാക്കുന്നു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

ഞാനെന്നുള്ളൊരു ഭാവമൊന്നുവെടിയും നേരത്തു ദൈവം കനി-
ഞ്ഞാനന്ദത്തൊടു നിന്റെ ശുദ്ധഹൃദയേയെത്തും,സദായോര്‍ക്ക നീ
ജ്ഞാനാനന്ദമരന്ദരൂപനവിടേ വാഴുന്ന നാള്‍തൊട്ടു വന്‍-
ദൂനം വന്നുഭവിക്കയില്ലയതുതാന്‍ സാര്‍ത്ഥം,വരം ജീവിതം.
ശാര്‍ദ്ദൂലവിക്രീഡിതം.

പച്ചപ്പട്ടുടയാടചാര്‍ത്തി വിലസും ദേവാംഗനക്കൊപ്പമായ്
മെച്ചപ്പെട്ടൊരു ഭൂഷയോടെയിളകിച്ചാഞ്ചാടിടും മല്ലികേ
ഇത്ഥം ഞാനിനി നിന്റെ മുന്നിലിവിധം നില്‍ക്കുമ്പൊളെന്‍ മാനസം
സ്വാര്‍ത്ഥ്യംപൂകി ലയിച്ചിടുന്നിളകിടും നിന്‍പൂക്കളില്‍ ധന്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

ഭദ്രം നിന്നുടെ വാഹനം,ഭയദനാം സിംഹം കളത്രത്തിനും
കദ്രൂസൂനു കഴുത്തിലും ഗണപതിക്കുള്ളാഖു പാദാന്തികേ
ഉദ്രേകാഗ്രഹമോടെയീയിരകളേ നോക്കും മയൂഖം,സദാ
വിദ്രോഹാശ വെടിഞ്ഞമട്ടിവകളേ മാറ്റുന്നു നിന്‍ വൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം.

വമ്പാര്‍ന്നുള്ളൊരു തുമ്പിയും കലശവും പാശാങ്കുശം,മോദകം
ഇമ്പം ചേര്‍ന്നൊരു കുമ്പയും മുറിവുപറ്റീട്ടുള്ളൊരാ ദന്തവും
തുമ്പം തീര്‍ക്കുമനുഗ്രഹം ചൊരിയുമാ മുദ്രാങ്കിതം കൈകളും
മുന്‍പില്‍ വിഘ്നമൊഴിഞ്ഞുകാണണമിവന്‍ കൂപ്പുന്നു വിഘ്നേശ്വരാ.
ശാര്‍ദ്ദൂലവിക്രീഡിതം.

സര്‍വ്വം നിന്നുടെ കുമ്പ വീര്‍പ്പതിനിവന്‍ നല്‍കീടുമെന്നോര്‍ത്തു നീ
ഗര്‍വ്വം കൊണ്ടുനടന്നിടേണ്ട,വികൃതിക്കൂമ്പായ ലംബോദരാ
ഖര്‍വ്വം തന്നുടെ കൈയിലെന്നൊരുമദം കൊണ്ടാക്കുബേരന്‍ സ്വയം
സര്‍വ്വം വിട്ടു പറന്നൊരാ കഥയിവന്‍ മുമ്പേയറിഞ്ഞോര്‍ക്ക നീ.
ശാര്‍ദ്ദൂലവിക്രീഡിതം.

ഇക്ഷുപോലെ മധുരംനിറഞ്ഞ പലവാക്കുകള്‍ക്കു വഴിചൊല്ലി വന്‍
തുഷ്ടിയോടെ മമ ഹൃത്തിലേറി കവിതാപദങ്ങളുരുവാക്കി നീ
സ്പഷ്ടമായി,യിനിയെന്റെയാത്മസഖി വേറെയില്ല,യതുപോലെനി-
ക്കിഷ്ടമായി തവ ചേഷ്ടിതം,മധുരസൃഷ്ടികള്‍,മഹിതഭാവനേ.
കുസുമമഞ്ജരി.

തണ്ടാര്‍മാതിന്‍ തലോടല്‍ തുരുതുരെയുടലില്‍ കൊണ്ടതിന്‍ മൂലമായി-
ട്ടുണ്ടായാലസ്യഭാവം,സുഖതരമവനും നിദ്രപൂണ്ടല്ലൊ വീണ്ടും
വേണ്ടാ വേറാരുമിങ്ങീ ഭുവനമടിപെടും ദുഃഖമെല്ലാമകറ്റാന്‍
മണ്ടൂ വൈകുണ്ഠദേശേ,ഝടുതിയവനെനീ കൊണ്ട്വരേണം,ഖഗേന്ദ്രാ.
സ്രഗ്ദ്ധര.
******************************************************************