skip to main |
skip to sidebar
ശ്ലോകമാധുരി.19
"ഒന്നുമൊന്നു പറയാവതല്ല ഞാന്‍
വന്നുചേരുമൊരു നാഴികയ്ക്കകം”
എന്നു ചൊല്ലിയെവിടോ മറഞ്ഞൊരാള്‍
വന്നതില്ല,കൊതിയായി കാണുവാന്‍.
രഥോദ്ധത
താരങ്ങളേറുമൊരു വാനപഥത്തില്‍ നിന്നും
ആ രാവില്‍ മിന്നുമൊരു താരമുതിര്‍ന്നു വീണൂ
ആ രമ്യതാരമൊരു ജന്മമെടുത്തു വന്നെന്‍
ദാരങ്ങളായിവിടെ മിന്നുവതെന്റെ ഭാഗ്യം!
വസന്തതിലകം.ശോഭായമാന കവിജീവിതമിന്നിതേറ്റം
ശോഭിച്ചിടാന്‍ മധുരവാക്കുകളാലെയെന്നും
ശോഭിക്കുമാറളവു നന്ദനമൊക്കെ നല്‍കും
‘ശോഭാ‘ഖ്യാധാരി സഹജയ്ക്കു നമോ നമസ്തേ!വസന്തതിലകം.വാടോ,നമ്മുടെ കൂടെയൊന്നിരിയെടോ,പാടത്തു നീയെന്‍ സഖേ
പാടാണിന്നിനി കൂടണഞ്ഞിണയൊടോ കൂടാന്‍ നിനക്കായിടാ
കാടും മേടുമതൊക്കെയും ചടുലമായ് പാറും നിനക്കീവിധം
പാടേ പാടുപെടാനിതായിടയുമായ്,വാടേണ്ടടോ,പൈങ്കിളീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചിന്തേരിട്ടു മിനുക്കണം,വരികളോ വര്‍ണ്ണങ്ങളാല്‍ മിന്നണം
ചന്തം ചാര്‍ത്തിയടുക്കണം,തരളമാം താളം തുടിച്ചീടണം
ബന്ധം നന്മയൊടാകണം,മികവെഴും ശയ്യാഗുണം ചേരണം
ചിന്തും ശോഭയിതേവിധം വരുകിലോ,കാവ്യം മഹത്താര്‍ന്നിടും.
.ശാര്‍ദ്ദൂലവിക്രീഡിതം.
ആരാണീ ജലധാരി,വാസമുയരേ,യാര്‍ക്കും തരും സൌഖ്യവും
നേരേ കാണ്മതു മൂന്നു കണ്‍കള്‍,ജടയും കാടാണു ചുറ്റുള്ളതും
പാരം വെണ്മയൊടൊത്തൊരുള്ളു നിറയേ തിങ്ങുന്നു മാധുര്യവും
ചേരും തുല്യതയോടെ ലാംഗലി തരും തേങ്ങയ്ക്കുമില്ലേ ശിവം ?
ശാര്‍ദ്ദൂലവിക്രീഡിതം.
അമ്പേ ! ഞാനൊരു വമ്പനല്ല,ജിന’ദേവന്‍’നല്‍കുമീ വര്‍ണ്ണമാ-
മന്‍പില്‍ കാണുവ‘തീശ്വരന്റെ‘ മഹിതം സാന്നിദ്ധ്യമോര്‍ക്കുന്നു ഞാന്‍
മുമ്പേ സൂരികളന്നു തീര്‍ത്തവഴിയേ പോകുന്നു ഞാനെന്നുമേ
തുമ്പം തീര്‍ന്നിടുമാറു രണ്ടു രചനാപാദങ്ങള്‍ വെച്ചിങ്ങനേ.
ശാര്‍ദ്ദൂലവിക്രീഡിതം.
‘എന്നെ‘ക്കൊണ്ടുമടുത്തു ഞാനിവനെയോ ചിത്താകുമിക്കാരയില്‍
ബന്ധിച്ചിട്ടു കൊടുത്തിടാം സുകൃതികള്‍ ചൊന്നോരു നല്‍വാക്കുകള്‍
മുന്നം പാര്‍ത്ഥനു ഗര്‍വ്വുതീര്‍ത്ത ശിവനേ,നീയൊന്നു വന്നീടണേ
‘ഞാനെ‘ന്നുള്ളൊരു ഭാവമെന്നില്‍ വിളയാതാവാന്‍ വരം നല്‍കണേ.
(കാര=ജയില്‍.കാരാഗൃഹം.)
ശാര്‍ദ്ദൂലവിക്രീഡിതം.
‘കണ്ണേ’യെന്നു വിളിച്ചു നീയരികെയിങ്ങെത്തുന്ന നേരത്തുടന്‍
സ്വര്‍ണ്ണം കൊണ്ടൊരു മാലനിന്നെയണിയിക്കാനുള്ളിലാശിച്ചു ഞാന്‍
എണ്ണീടീവിധമാശയെന്നിലുളവാക്കീട്ടിന്നു നീ പോകവേ
ദണ്ണം ചൊല്ലുകയല്ല,സ്വര്‍ണ്ണവിലയീ മട്ടായ്,ചതിച്ചൂ പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
കല്യാണിക്കൊരു മഞ്ജരീ,കുമുദിനിയ്ക്കേകാം മഹാമാലികാ
'ജ്വാല'യ്ക്കുജ്ജ്വല'മല്ലികാ,'പ്രമദയാം മാലയ്ക്കിതാ 'ശ്രീ'ദളം'
ഗൌരീ,ശാലിനി,മാലിനീ,മധുമതി യ്ക്കൊത്തുള്ളൊരാ മാലതീ
'നാരീ'ജാലമവര്‍ക്കു നല്‍ക 'രമണം' രത്നാവലീ' സൌരഭം'.
ശാര്‍ദ്ദൂലവിക്രീഡിതം.
വട്ടപ്പൊട്ടിനു നെറ്റിമേല്‍ ലളിതമാ‘യൊട്ടിപ്പുപൊട്ടി‘ട്ടിടില്‍
പെട്ടീടും പലരോഗവും ദുരിതവും,നട്ടം തിരിഞ്ഞീടുമേ
കെട്ടും മട്ടുമെടുത്തു നല്ല ഗമയില്‍ ചുറ്റേണ്ടിതോര്‍ക്കൂ,,വിഷ-
ക്കൂട്ടാണന്തകരാസവസ്തുമയമാം പൊട്ടിന്റെ പിന്നില്‍ പ്രിയേ
ശാര്‍ദ്ദൂലവിക്രീഡിതം.
മാനോടൊത്തു കഴിഞ്ഞ പെണ്‍കൊടിയവള്‍,പോയന്നു ഭര്‍ത്തൃഗൃഹേ
മാനത്തോടവളേയയച്ചു സഖരോടൊത്തന്നു സന്തോഷമായ്
മാനിക്കാതവളേത്തഴഞ്ഞു മറവിക്കന്നേകി മാനം, സ്വയം
മാനിക്കാത്തൊരു രാജനെന്നു പറയാനാവില്ലെ,ചൊല്ലീടെടോ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഫാലം തന്നിലൊരഗ്നിതന്‍ ചിമിഴു പോല്‍നേത്രം ഭവം,കൈശികം-
മേലേ ഗംഗയുമിന്ദുവും ഫണിഗണം താഴേ ഗളത്തിങ്കലും
ചാലേ ശൈലജ പുത്രരൊത്തു ,വൃഷവും ഭൂതങ്ങളാം ഭൃത്യരും
കൈലാസാദ്രിയുമൊത്തു കാണുമിവനിന്നെല്ലാം ശിവം,മംഗളം.
ശാര്‍ദ്ദൂലവിക്രീഡിതം.
വന്ദ്യം വന്നിടുമീവിധം വചനമീ വന്ദ്യര്‍ വദിച്ചീടുകില്‍
സ്വന്തം ശ്ലോകപരമ്പരയ്ക്കവ നറും സ്പന്ദം തരും നിശ്ചയം
എന്താണെന്നറിയില്ല,ഞാനിതുവിധം ശ്ലോകങ്ങള്‍ തീര്‍ത്തീടിലും
കുന്തപ്പെട്ടു കഴിഞ്ഞിടുന്നു,ചിലനാളാശ്വാസമാ ‘ശോഭ‘താന്‍!
ശാര്‍ദ്ദൂലവിക്രീഡിതം.
'യോഗം പോലെ ഭവിച്ചിടും മനുജനിന്നെല്ലാ'മൊരീ ചിന്തയാല്‍
രാഗം പൂണ്ടു നടന്നിടേണ്ടയിനി,സത്കര്‍മ്മം സദാ ചെയ്യു നീ
ഭോഗം കേറിമറിഞ്ഞിനി ക്ഷിതിയിലേ രോഗങ്ങളോടൊത്തു ദു-
ര്യോഗം വന്നു വലഞ്ഞിടാന്‍ ഗതി നിനക്കായാലതും യോഗമോ?
ശാര്ദ്ദൂലവിക്രീഡിതംഫുല്ലം വല്ലികളുല്ലസിച്ചു വനിയില്‍ മെല്ലേ ലസിച്ചങ്ങനേ
അല്ലില്‍ നല്ല സുഗന്ധമൊക്കെയിവിടിങ്ങെല്ലാം പടര്‍ത്തുന്നിതാ
മല്ലാക്ഷിക്കു മനം കുളിര്‍ത്തു,മദനന്‍ നീലോല്പലം ബാണമെയ്-
തുല്ലോലം മദമേറ്റി,യീ മലര്‍മിഴിയ്ക്കാലസ്യമേറുന്നിതാ.!
ശാര്‍ദ്ദൂലവിക്രീഡിതം.
മാനിക്കുന്നീവിധത്തില്‍ സുകൃതികളതുലം ശ്ലോകപുഷ്പങ്ങളാലേ
മാനത്തില്‍ ചേര്‍ത്തുവെയ്ക്കും കവിതയിലുളവാം 'സ്രഗ്ദ്ധര'യ്ക്കീ മഹത്ത്വം
മാനത്തില്‍ കൈവരുമ്പോളതിനു പുറകിലായ് ചേര്‍ന്നിടും ഹൃദ്യഭാവം
മാനിക്കാനീയിവന്നും കുതുകമളവുവിട്ടീവിധം മിന്നി നില്‍പ്പൂ.
സ്രഗ്ദ്ധര.
തത്തിതത്തിക്കളിക്കും,ചിലപൊഴുതുയരേ പോയിയെങ്ങോ പറക്കും
പൊത്തില്‍ കേറാതൊളിക്കും,മധുരമൊരുരവം മന്ദമായാലപിക്കും
ഒത്താലെന്‍ തോളിലെത്തും,മടിയൊടവിടെനിന്നങ്കണത്തില്‍ ഗമിക്കും
തത്തേ ,നീ ഹൃത്തടത്തില്‍ കവിതവിടരുവാനൊത്ത ഭാവം പകര്‍ത്തും.
സ്രഗ്ദ്ധര.
പയ്യെപ്പൈക്കുട്ടിയെത്തന്‍ വിരുതൊടു തനിയേ തള്ളിനീക്കീട്ടു ഗോവിന്‍-
മെയ്യില്‍ ചേര്‍ന്നാഞ്ഞകിട്ടില്‍ കരമതു കളിയാടീട്ടു ദുഗ്ദ്ധം കുടിക്കേ
“ഒക്കില്ലാ,വയ്യ,ഞാനിന്നിവനെയിതുവിധം തല്ലു”മെന്നോതുമാറാ-
മൈക്കണ്ണിക്കുള്ള ദേഷ്യം ചിരിയൊടു കവരും കള്ളനേ കൈതൊഴുന്നേന്‍.
സ്രഗ്ദ്ധര.
മുറ്റും ക്രൂരത സൌമ്യതയ്ക്കു പുറകേ
ചുറ്റികൂടി,യെടുത്തെറിഞ്ഞു പുറമേ
മറ്റാരും തുണയായതില്ലയുടനേ,
വറ്റിപ്പോയിതു നന്മ,ഷണ്ഡരിവിടേ.
.ജ്യോതി.(നവീനവൃത്തം)
****************************************
ശ്ലോകമാധുരി.18
ജീവിക്കുവാന്‍ വിവിധ സര്‍ക്കസു കാട്ടിയെത്തും
പാവങ്ങളീ കളികളൊക്കെ നടത്തിടുമ്പോള്‍
ആടിപ്പിടിച്ചു ചില ചാട്ടമതില്‍ പിഴച്ചാ-
ലാപത്തു വന്നിടുമിവര്‍ക്കതിലാര്‍ക്കു ചേതം?
വസന്തതിലകം.
ശ്യാമാംബരത്തിലൊളിതൂകിവിടര്‍ന്നു നില്‍ക്കും
രോമാഞ്ചമേകുമൊരു വെണ്‍മതിബിംബമാണോ
കാര്‍മേഘസന്നിഭകചാവലി തന്നിലെന്റെ
ജായാമുഖം കാണുകിലാര്‍ക്കുമതല്ലെ തോന്നൂ.
വസന്തതിലകം.
ശോഭായമാന കവിജീവിതമിന്നിതേറ്റം
ശോഭിച്ചിടാന്‍ മധുരവാക്കുകളാലെയെന്നും
ശോഭിക്കുമാറളവു നന്ദനമൊക്കെ നല്‍കും
‘ശോഭാ‘ഖ്യാധാരി സഹജയ്ക്കു നമോ നമസ്തേ!
വസന്തതിലകം.കണ്ണാ,നീയൊരു കള്ളനാണു ശിശുവാം നാളില്‍ തയിര്‍ചോരണം
പെണ്ണുങ്ങള്‍ക്കു ഹരംപകര്‍ന്നപുറകേ ചെയ്തൂ മനം മോഷണം
പിന്നെന്‍ ചിത്തമൊളിച്ചുവന്നു കവരാന്‍ നോക്കീ,യതിന്‍ കാരണം
നിന്നേയെന്നുടെ ഹൃത്തിലേ തടവിലിന്നാക്കീ,വരാന്‍ സദ്ഗുണം.
ശാര്‍ദ്ദൂലവിക്രീഡിതം.
‘ഡപ്പിയ്ക്കുള്ളിലൊളിച്ചുവെച്ച പലതാം മുത്തൊക്കെ നീ ഗോപ്യമായ്
ഇപ്പോള്‍ത്തന്നെയെനിക്കു നല്‍കിലൊരു പൂമുത്തം തരാമെ‘ന്നു ഞാന്‍
സ്വല്പം നല്ല ഗമയ്ക്കു തന്നെ പറയും നേരത്തു നീ ദേഷ്യമായ്
ചെപ്പില്‍നിന്നവ തൂത്തെറിഞ്ഞു തറയില്‍,ബാല്യത്തിലേ കേളികള്‍ !!!
ശാര്‍ദ്ദൂലവിക്രീഡിതം.
പാടാന്‍ തോന്നിയ പാട്ടിലേ വരികളോ പാടായി വന്നീടവേ
പാടില്ലെന്നു നിനച്ചു ഞാന്‍ പതിയെയെന്‍ പാട്ടിന്നു പോയീടവേ
‘പാടില്ലാ,യതുപാടണം,വിടുകയില്ലെ‘ന്നോതി വന്നിട്ടവര്‍
പാടാനെന്നൊടു കൂടവേയൊരുവിധം പാടോടു പാടീടിനേന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ശ്ലോകം തീര്‍ത്തുരസിച്ചിടാന്‍, നിറവെഴും വര്‍ണ്ണപ്പകിട്ടേകിടാന്‍
പാകം വന്നവനല്ല ഞാന്‍,പ്രിയസഖേ,യെന്നാലുമീ രീതിയില്‍
ശോകംതീര്‍ത്തുതരുന്നതാം കവിതതന്‍ മാധുര്യമാസ്വാദ്യമായ്
ആവുംമട്ടുനുകര്‍ന്നിടും ഹൃദയമുണ്ടെന്നുള്ളതാണെന്‍ വരം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒന്നാണെന്നു പറഞ്ഞിടുന്ന പലരും പിന്നില്‍ പതുങ്ങും,തരം
വന്നാല്‍ പിന്നൊരു കുത്തു തന്നു ചുളുവില്‍ മുങ്ങും,മുഖം മാറ്റിടും
ഒന്നും തോന്നിടവേണ്ടയിത്ഥമൊരുവന്നുണ്ടായിടില്‍ കാണണം
മന്നില്‍ ശാശ്വതമിത്രമായി മനുജന്നൊന്നേ,യതാണീശ്വരന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
വാണം പോലെ കുതിച്ചുയര്‍ന്ന വിലയില്‍ പെട്ടിന്നു നട്ടംതിരി-
ഞ്ഞാണീ നാട്ടിലെ മര്‍ത്ത്യരൊക്കെ’സസുഖം’ വാഴുന്നതെന്നോര്‍ക്കണം
വേണേല്‍ വാങ്ങണമെന്നൊരാ നിലയിലാണീ വാണിഭം,മന്ത്രിയായ്
നാണം കെട്ടു ഭരിച്ചിടുന്നു,പുറകില്‍ കാണുന്നൊരാലിന്‍ തണല്‍.!!!
ശാര്‍ദ്ദൂലവിക്രീഡിതം.
ശാസ്ത്രംകൊണ്ടീവിടൊട്ടനേകവിധമാം നേട്ടങ്ങളുണ്ടായിടും-
മട്ടില്‍ കൊട്ടിയുറഞ്ഞിടുന്നു പലരും,പിട്ടാണതെന്നോര്‍ക്കണം
ശാസ്ത്രക്കെട്ടുകളിഷ്ടമായ വടിവില്‍ പൊട്ടിച്ചുകൂട്ടീടിലും
പട്ടിക്കുള്ളൊരു വാലു തെല്ലു വളയാതാക്കാനിവര്‍ക്കാകുമോ?
ശാര്‍ദ്ദൂലവിക്രീഡിതം.
വാടോ,നമ്മുടെ കൂടെയൊന്നിരിയെടോ,പാടത്തു നീയെന്‍ സഖേ
പാടാണിന്നിനി കൂടണഞ്ഞിണയൊടോ കൂടാന്‍ നിനക്കായിടാ
കാടും മേടുമതൊക്കെയും ചടുലമായ് പാറും നിനക്കീവിധം
പാടേ പാടുപെടാനിതായിടയുമായ്,വാടേണ്ടടോ,പൈങ്കിളീ.
ശാര്‍ദ്ദൂലവിക്രീഡിതം.ബാലം ഗോപാലരൂപം നിറവൊടു നിറയേ കാണുവാനാസ്ഥയോടി-
ക്കോലത്തില്‍ വന്നുനില്‍പ്പൂ ഗുരുപവനപുരാധീശ,നിന്‍ തൃപ്പടിക്കല്‍
ജാലം നീ കാട്ടിയെന്നേ പലവിധമിനിയും പോഴനാക്കീടുകില്‍ നിന്‍
കാലില്‍ മല്‍സ്നേഹപാശം മുറുകെമുറുകെ ഞാന്‍ കെട്ടിടും ,തോഴനാക്കും.
സ്രഗ്ദ്ധര.
ശാന്തം,ദിവ്യം,മഹേശം ശിവശിവശിവ നിന്‍ രൂപമാത്മപ്രഹര്‍ഷം
ധ്വാന്തം തീരുന്നു സൂക്ഷം തവ തിരുനടതന്‍ മുന്നിലെത്തും നിമേഷം
ഭ്രാന്തം ബന്ധങ്ങളേകും സകലവിഷമവും തീര്‍ക്കുമെല്ലാം വിശേഷം
സാന്ത്വം ചൊല്ലാമിതെല്ലാം മനുജനവനിയില്‍ മുക്തി നല്‍കും പ്രകര്‍ഷം.
സ്രഗ്ദ്ധര.‘തല്ലിക്കൊല്ലുന്നിതയ്യോ,യിതുവഴി വരണേ,യെന്നെ രക്ഷിക്ക‘യെന്നാ
വല്ലാതാ പെണ്ണു മാഴ്‌കേ,കണവനെയൊരുനാള്‍ തല്ലുവാന്‍ ഞാനടുക്കേ
‘അല്ലാ,താനാരു കൂവേ ,യിതുപടിയുടനേ തല്ലുവാനാരെടാ നീ?
മല്ലെല്ലാം തന്റെ വീട്ടില്‍ മതി മതി’യിതുപോല്‍ ചൊല്ലിയോള്‍ കെട്ടിയോളാ!!!
സ്രഗ്ദ്ധര.അടുത്തുവന്നു ചൊല്ലിടുന്ന നേരമെന്റെയാഗ്രഹം
കടുത്തവാക്കിനാലെയൊക്കെ നീക്കിടുന്ന ശുംഭ നീ
മടുത്തു നിന്റെ നാട്യവും മനസ്സിലുള്ള ജാഡയും
പടുത്തുവെച്ചൊരാക്കിനാക്കളൊക്കെ ഞാന്‍ ത്യജിച്ചിടും.
പഞ്ചചാമരം.
അമ്പയയ്‌ക്കിലൊന്നിനേ രണ്ടു ഖണ്ഡമാക്കിടും
വമ്പരുണ്ടനേകമായെങ്കിലീവിധത്തിലായ്
അമ്പു കൊണ്ടു രണ്ടിനേയൊന്നുതന്നെയാക്കിടും
വമ്പതൊന്നുമാത്രമേ,പഞ്ചബാണവൈഭവം!!
ഹരിപ്രിയം..(നവീനവൃത്തം.)
രംജതം രലംഗമായ് വന്നിടും ഹരിപ്രിയം.
വിണ്ണിലിന്നുദിച്ചിടും ചന്ദ്രനെത്ര ശോഭയാം
വെണ്ണിലാവുതൂകിയീ മന്നിനാഭ ചേര്‍ത്തിതാ
കുഞ്ഞുതാരകങ്ങളോ കണ്ണുചിമ്മി നമ്മളേ
പുഞ്ചിരിച്ചുകാട്ടിടുന്നെന്തു ചന്തമോമലേ !
ഹരിപ്രിയം.
*******************************************
ശ്ലോകമാധുരി.17
ഒന്നിന്റെ പിന്നാലൊരു പൂജ്യമിട്ടാല്‍
ഒന്നിന്റെ മൂല്യം ദശമായ് ഭവിക്കും
പൂജ്യം വെറും ശൂന്യമതല്ല,യുക്ത-
സ്ഥാനത്തിലായാല്‍ വിലയേറ്റിടും കേള്‍.
ഇന്ദ്രവജ്ര
കാടിന്റെയുള്ളിലൊരു ദീപമുയര്‍ന്നിടുന്നൂ
കാണുന്നവര്‍ക്കതുല നിര്‍വൃതിയേകിടുന്നൂ
കാന്താരവാസ തവ മോഹനരൂപമെന്നും
കാണേണവേണമതിനായിത കുമ്പിടുന്നൂ
വസന്തതിലകം.
കല്ലാണുകാട്ടിലുടനീളമതെന്റെ കാലില്‍
മുള്ളെന്നപോല്‍ തറയുമാവ്യഥയേറെയുണ്ടാം
എന്നാലുമാമലയിലേറി തവാംഘ്രിയുഗ്മം
മുന്നില്‍പ്പെടുന്നപൊഴുതൊക്കെയൊഴിഞ്ഞു പോകും.
വസന്തതിലകംഅമ്ലാനം ചെറുപൂക്കളെന്‍ വനികയില്‍ പൂത്തുല്ലസിച്ചീടവേ
നിര്‍മ്മായം മമ മാനസം മതിമറന്നാടും നിറം ചാര്‍ത്തിടും
സമ്മോദം നറുകാവ്യസൂനമിവിധം മന്ദസ്മിതം തൂകവേ
ഉന്മാദം വരുമാറതില്‍ മുഴുകുവാനെന്മാനസം വെമ്പിടും.
ശാര്‍ദ്ദൂലവിക്രീഡിതം.
അല്ലാ,ഞാനിതു കാണ്മതെന്തു ഭുവനം മഞ്ഞിന്‍ പുതപ്പില്‍ സുഖി-
ച്ചല്ലില്ലാതെ മയങ്ങിടുന്നു ,കിളികള്‍ പാടുന്നിതുത്സാഹമായ്
മെല്ലേമെല്ലെയുണര്‍ന്നുണര്‍ന്നു വരു നീയുന്മേഷമായ് മേദിനീ
അല്ലേല്‍ നിന്നുടെ കംബളം കുസൃതിയാല്‍ മാറ്റിടുമാ ഭാസ്വരന്‍
ശാര്‍ദ്ദൂലവിക്രീഡിതം .
മണ്ടന്മാരുടെ മന്നനാണു ഗമയില്‍ പേരിട്ടതോ ‘ശ്രീലകം‘
മണ്ടത്തങ്ങളുരച്ചിടുന്നു,കവിതാഖണ്ഡങ്ങളായ് നിത്യവും
വേണ്ടേ ധീരനൊരുത്തനിന്നിവനെയങ്ങോടിക്കുവാന്‍ പാട്ടിലീ-
കുണ്ടാമണ്ടികള്‍ വാര്‍ത്തിടും ശഠനെ,യല്ലേല്‍ പിന്നെ ദുഃഖിച്ചിടാം!!!
ശാര്‍ദ്ദൂലവിക്രീഡിതം.
ദ്യോവിന്‍ ഭൂഷണമാം ശശിക്കു നടുവില്‍ക്കാണും കളങ്കത്തിനേ
ആവുംമട്ടു നിനച്ചിടുന്നു ശശമാണല്ലാമൃഗംതാനതും
എന്നാലിന്നിതു തോന്നിടുന്നു,ശശിയാ രാവിന്‍കണം കൈയില്‍ വെ-
ച്ചുണ്ടോ,പങ്കിലമായ ഹസ്തമുടനേ ചേര്‍ത്തോ സ്വയം നെറ്റിയില്‍?
ശാര്‍ദ്ദൂലവിക്രീഡിതം.
ഇന്നീ വേദിയിലെത്തിടും കലകളേ തല്ലിപ്പഴുപ്പിച്ചവര്‍
തമ്മില്‍ത്തല്ലു നടത്തിടുന്നൊടുവിലായപ്പീല്‍ സമര്‍പ്പിച്ചിടും
ഇമ്മട്ടീ കലതന്നിലീ കുശലുകള്‍ നിര്‍ലജ്ജമാടീടവേ
ചുമ്മാതോര്‍ക്കുകയെന്തിനീ കലയിലേ മാമാങ്കമിന്നീവിധം?
ശാര്‍ദ്ദൂലവിക്രീഡിതം.
താനേ തന്ത്രിയുണര്‍ത്തി നീ മധുരമായ് പാടാന്‍ തുടങ്ങീടവേ
താനേ ഞാനിത വന്നിടുന്നു സവിധേ രാഗം ശ്രവിച്ചീടുവാന്‍
താനം പല്ലവിയൊക്കെയും തുടരെ നീ പാടീടിലിന്നെന്‍ മനം
താനേതന്നെ മയങ്ങിടും മധുമൊഴീ നിന്‍ വാണിയില്‍ നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.
മന്ദം നീ വരുകെന്റെ മുന്നിലിവിധം മന്ദസ്മിതത്തോടെ നിന്‍
സൌന്ദര്യം മദമാണെനിക്കു സുമുഖീ,നിന്‍ സ്പന്ദമാനന്ദമാം
കന്ദര്‍പ്പാ,തവ വില്ലെനിക്കു തൃണമാണെന്‍ ജായ ലജ്ജാലുവായ്
സ്പന്ദം കൊണ്ടു വളച്ച ചില്ലിയുഗളം വെല്ലാനതിന്നാവുമോ?
ശാര്‍ദ്ദൂലവിക്രീഡിതം.
കാട്ടില്‍ക്കൂടി നടന്നിടുന്ന സമയം പാട്ടിന്റെയീണങ്ങളില്‍
പെട്ടീടുന്നു,നഭസ്സിലൊന്നു തിരയാമാരാണിതീ ഗായകാ
നോക്കുന്നേരമുയര്‍ന്നശാഖയതിലായ് പാടുന്നൊരാ കോകില-
പ്പെണ്ണൊന്നുണ്ടു പറന്നുവന്നുകയറിക്കൂടാക്കിയെന്‍ മാനസം.
ശാര്‍ദ്ദൂലവിക്രീഡിതം.
എന്തേ ദേവി കനിഞ്ഞതില്ലയിവനില്‍ തെല്ലും,വലഞ്ഞിട്ടുഞാന്‍
അന്തം വിട്ടുഴലുന്നതീ വനികയില്‍ തേടുന്നു സൂനങ്ങളും
മന്ദം കാറ്റിലുലഞ്ഞുലഞ്ഞു ചിരിതൂകീടുന്ന പൂന്തൊത്തിനാല്‍
എന്തേ ശോഭ വളര്‍ത്തിയില്ല,സുമമൊന്നിന്നില്ലിവന്‍ ദുഃഖിതന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.ഈറന്‍ പൂന്തുകില്‍ ചുറ്റിയെന്നരികില്‍ നീയെത്തല്ലെയെന്നോമലേ
ആരും കണ്ടുകൊതിച്ചു പോമുടലിലെന്‍ ഹസ്തം ചരിച്ചെങ്കിലോ
മാറില്‍നിന്നതബദ്ധമായ് വഴുതിയാ താഴെപ്പതിച്ചെങ്കിലോ
മാറിപ്പോകുവതിന്നിവന്നുകഴിയാ,ചൊല്ലീടതെന്‍ കുറ്റമോ?
ശാര്‍ദ്ദൂലവിക്രീഡിതം.താനേതന്നെയിരുന്നിരുന്നിതുവിധം കുത്തിക്കുറിച്ചീടവേ
പേനാപോലുമിവന്നെയിന്നു കളിയായ് നോക്കിച്ചിരിച്ചീടുമേ
ആരാണീ രചനക്കളത്തിലെ വധം വായിച്ചുനോക്കീടുവാന്‍?
പോടാ,നീയുടനീവിധം രചനകള്‍ നിര്‍ത്തീടുകില്‍ ഭാഗ്യമാം!!!
ശാര്‍ദ്ദൂലവിക്രീഡിതം.ചാതുര്യം കുറെയേറെയുണ്ടു കവിതാപാദം രചിച്ചീടുവാന്‍
മാധുര്യം വഴിയുന്നവയ്ക്കു പൊതുവേ ചൊല്ലുന്നിതെന്‍ കൂട്ടുകാര്‍
സൌന്ദര്യം വരുമാറതിന്നു രചനാവൈദഗ്ദ്ധ്യമേറീടുവാന്‍
ഔദാര്യത്തൊടെനിക്കു നല്ലവരമിന്നേകുന്നു വാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചായം പൂശിയ ചക്രവാളമകലേ കാണുന്ന നേരം മനം
പായും ഭാവനയോടെ നിന്റെ സവിധേയെത്തീടുവാനോമലേ
മായം ചൊല്ലുകയല്ല ഞാന്‍ കവിത തന്‍ തേരില്‍ നഭോസീമയില്‍
പോയാ വര്‍ണ്ണമെടുത്തു നിന്റെ കവിളില്‍ ചാര്‍ത്താന്‍ വരാം,മല്‍സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം.
‘വയ്യാവയ്യിനിവന്നിടില്ലിവിടെ ഞാനെ‘ന്നോതി നീ ലജ്ജയില്‍
പയ്യപ്പയ്യെ നടന്നിടുന്നസമയം പിന്നാലെ വന്നിട്ടു ഞാന്‍
മെയ്യെന്‍മെയ്യിലമര്‍ത്തി നിന്റെ വദനം കൈയാലുയര്‍ത്തീടവേ
‘അയ്യയ്യേയൊരു നാണമില്ലെ’യിവിധം കൊഞ്ചീലയോ ഹൃദ്യമായ് ?
ശാര്‍ദ്ദൂലവിക്രീഡിതം.തേനിന്‍ മാധുര്യമോലും പലപല കവിത,ശ്ലോകമെല്ലാം രചിച്ചും
ഗാനംപോലിന്നതെല്ലാം മധുരമധുരമായാലപിച്ചും രമിച്ചും
വാനത്തോളം വളര്‍ന്നിട്ടതിലൊരു ഞെളിവും കാട്ടിടാതേ രസിച്ചും
മാനത്തോടേവരോടും മൃദുതരമിടപെട്ടീടുമീ ഷാജി രമ്യന്‍.
സ്രഗ്ദ്ധര.തെളിഞ്ഞു വാനിലീ പ്രഭാസമേകിടും
മതിയ്ക്കു ചുറ്റിലും നിരന്നു താരകള്‍
ഇതെത്ര സുന്ദരം,തരുന്നു പക്വമാം
കവിത്വമാര്‍ന്നവര്‍ക്കുദാത്ത ദര്‍ശനം.
പ്രഭാസം....(നവീനവൃത്തം.)
ജരം ജരങ്ങളില്‍ പ്രഭാസമായിടുംസരോരുഹങ്ങളീ സരസ്സിലാകവേ
നിരന്നിടുന്നിതാ,മനോഹരീ വരൂ
അതൊന്നെടുത്തു നിന്‍മുടിയ്ക്കു ശോഭയായ്
അണിഞ്ഞു നില്‍ക്കുകില്‍ തുടിക്കുമെന്‍മനം.
പ്രഭാസം.
നീ വരു മമ ഹൃദി മധുമൊഴിയിനിമേല്‍
ആടുക സുഖകരമൃദുലയ നടനം
തേടുവതിവനിനി മദഭരനിമിഷം
കൂടുകയിവനൊടുമനുദിനമനിശം.
ഗിരിശിഖരം.
കരുണാകര തവ സുരുചിരചരിതം
പലരും പലതരമെഴുതിയ കവനം
മരണംവഴി ചില പുതിയ വിവരണം
വരുമെന്നറിവതുശുഭകരമതുലം
കരുണാകരം.
അര്‍ത്ഥം പിഴച്ച ചില വാക്കുകളൊക്കെ വെച്ച-
ങ്ങൊപ്പിച്ചെടുത്തൊരു നിരര്‍ത്ഥ നവീനകാവ്യം
അപ്പോള്‍ വരുന്നു നവകാവ്യവിശാരദന്മാര്‍
കല്പിച്ചു ചൊല്ലി”കൃതിയെത്ര മനോഹരം.ഹായ്!!”
വസന്തതിലകം.
ദാത്യൂഹമേ,വരിക നിന്‍ വദനാഭ കണ്ടാല്‍
ഉത്സാഹമൊക്കെയിനി മങ്ങുകയില്ല തെല്ലും
ഉത്സൂരമാകിലുടനേ മമ ഗേഹമേറീ
പത്തായമാര്‍ന്നയെലികള്‍ക്കൊരു മോക്ഷമേകൂ.
വസന്തതിലകം.
( ദാത്യൂഹം = നത്തു് ,ഉത്സൂരം=സന്ധ്യാസമയം.)തരിവളയിളകീടും കൈയിലെന്‍ കൈയുചേര്‍ത്തി-
ട്ടൊരു ചെറുചിരിയോടേ വന്നൊരെന്‍ പെണ്‍കിടാവേ
ഇരുളിലെയൊളിപോലെന്‍ ജീവിതത്തില്‍ കടന്നീ
കരളിലെയഴല്‍ മാറ്റൂ , തൂമരന്ദം നിറയ്ക്കൂ.
മാലിനി.പണ്ടാമാമുനി മാമ്പഴം കുസൃതിയാല്‍തന്നോരു നേരത്തുടന്‍
സ്കന്ദന്‍തന്നൊടു വാച്ച ബുദ്ധിയതിനാല്‍ വെന്നോരു വിഘ്നേശ്വരാ
ഇന്നീ ഭൂമിയിലിത്തരം വിധികളില്‍ മുട്ടുന്ന ഘട്ടങ്ങളില്‍
ഒന്നായൊന്നു ജയിച്ചിടാന്‍ വരമെനിക്കേകേണമര്‍ത്ഥിപ്പു ഞാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം
ഖദ്യോതങ്ങളലഞ്ഞിടുന്ന വനിയില്‍ മിന്നുന്നൊരാ ശോഭയില്‍
ഹൃദ്യം തന്നെയിരുന്നിടാന്‍ ,ചില പദം കുത്തിക്കുറിച്ചീടുവാന്‍
ഉദ്യാനത്തിലിരുന്നിടുന്ന സമയത്തെല്ലാം മറന്നിട്ടു ഞാന്‍
ആദ്യം നിന്നെയുമോര്‍ത്തിടുന്നു,മുടിയില്‍ മിന്നുന്നൊരാ പൂക്കളും.
ശാര്‍ദ്ദൂലവിക്രീഡിതം.
“ഉണ്ണീ,തന്നൊരു വെണ്ണയൊക്കെ വെറുതേ മണ്ണില്‍ കളഞ്ഞല്ലൊ നീ
കണ്ണാ നീ വരു“കെന്നെശോദ പറകേ കണ്ണും മിഴിച്ചമ്പൊടേ
“ഉണ്ണാനില്ലിതിലിറ്റുവെണ്ണയിനിയും തന്നീടണം തിണ്ണ,മെന്‍
കണ്ണല്ലേ തരു“കെന്നു കെഞ്ചി മടിയില്‍കൊഞ്ചുന്ന കണ്ണാ,തൊഴാം.
ശാര്‍ദ്ദൂലവിക്രീഡിതം.
മീനം,കച്ഛപ,സൂകരം,നരഹരീ,ശ്രീ വാമനം,മൂവരാം
രാമന്മാരവരൊത്തു പിന്നെ ഹരിയും കല്‍ക്ക്യാവതാരങ്ങളും
നൂനം കാണണമൊക്കെയും ധരണിയില്‍ ജീവന്റെയാരോഹണ-
സ്ഥാനം തന്നില്‍ വിളങ്ങിടുന്ന ഭഗവച്ചൈതന്യ മൂര്‍ദ്ധന്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.സിന്ദൂരച്ഛവി മാഞ്ഞു,രണ്ടു മിഴിയും മങ്ങീ,വിളര്‍ത്തൂ,സ്വയം
മന്ദോത്സാഹമണിഞ്ഞു നീ വസതിയില്‍ വാടുന്ന കണ്ടീടവേ
എന്താണിങ്ങനെ വന്നിടാന്‍ ,മധുമൊഴീ,ചിന്തിച്ചു ഞാന്‍ നില്‍ക്കവേ
മന്ദാക്ഷത്തൊടു നീ മൊഴിഞ്ഞ സരസം വൃത്താന്തമാനന്ദമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞു,നിറവില്‍ വന്നല്ലൊ ചിങ്ങം,തെളി-
ഞ്ഞുല്ലാസത്തിലുറഞ്ഞുലഞ്ഞു വിവിധം പൂക്കള്‍ മലര്‍ക്കാവിതില്‍
കുഞ്ഞുങ്ങള്‍ ചെറുകൂടയില്‍ നറുമലര്‍ പഞ്ഞംവിനാ കൊണ്ടുവ-
ന്നാഞ്ഞും ചാഞ്ഞുചെരിഞ്ഞുമീക്കളമിടും,നേരുന്നിതാശംസകള്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
വാടിക്കൂടി വടക്കിനിയ്ക്കു നടുവില്‍ പേടിച്ചിരുന്നീടുകില്‍
മേടും കൊണ്ടിവിടുള്ളവര്‍ വടിയുമായ് കൂടും,നടന്നീടു നീ
ഓടിപ്പോയുടനേ കടക്കയിവിടുന്നാ കൂടു നിന്‍സ്വന്തമാം
വീടെന്നോര്‍ത്തു കഴിഞ്ഞിടൂ,പടികളില്‍ തങ്ങല്ലെടാ കുക്കുരാ.
ശാര്‍ദ്ദൂലവിക്രീഡിതം.
( കുക്കുരം = പട്ടി.)
ഒറ്റയ്ക്കീ വര‘വേദി‘യില്‍ പലതരം ശ്ലോകങ്ങളും തീര്‍ത്തു ഞാന്‍
പറ്റിക്കൂടിയിരിപ്പതും, വടിയുമായ് മാറ്റാന്‍ വരില്ലെന്നതും,
ഊറ്റം ചേര്‍ന്ന ഗുരുക്കളൊക്കെയിവിടേ വന്നിട്ടൊരീയക്ഷര-
ക്കൂട്ടം കണ്ടു രസിക്കുമെന്നതുമിവന്നേറ്റം പ്രിയം തന്നെയാം.
ശാര്‍ദ്ദൂലവിക്രീഡിതം.
മായാണെന്നുടെ സര്‍വ്വവും മഹിയിതില്‍ മായില്‍ തുടങ്ങുന്നെതും
മായാണെന്നുടെ മാനസേ മണിവിളക്കായിത്തിളങ്ങുന്നതും
മായോടൊത്തു കഴിഞ്ഞിടില്‍ മഹിതമാം മാനങ്ങളും കൈവരും
മായേ മാമകജീവിതം മധുരമായ് മാറേണമെന്നാളുമേ !
ശാര്‍ദ്ദൂലവിക്രീഡിതം.
( മാ = ലക്ഷ്മീദേവി , അമ്മ. )
സ്കന്ദാ,നിന്നുടെ മുന്നില്‍ ഞാനിതു വിധം ധ്യാനിച്ചു നിന്നീടവേ
എന്താണെന്നറിയില്ലയെന്‍ മനമുടന്‍ ദാര്‍വ്വണ്ഡമായ് മാറിയോ!
പൊന്തിപ്പയ്യെയകത്തുവന്നഴകൊടാ പിഞ്ഛങ്ങളെല്ലാം വിരി-
‘ച്ചെന്തായാലുമിടം വിടില്ലി‘തു മൊഴിഞ്ഞാടുന്നു നിന്നന്തികേ.
ശാര്‍ദ്ദൂലവിക്രീഡിതം.
( ദാര്‍വ്വണ്ഡം=മയില്‍ , പിഞ്ഛം=മയില്‍പ്പീലി. )
ചുമ്മാ പൊട്ടിച്ചിരിച്ചും ചിലപൊഴുതെതിനോ വിമ്മിവിമ്മിക്കരഞ്ഞും
വേണ്ടാതീനം പറഞ്ഞും വികൃതമലറിയും വീടുതെണ്ടാന്‍ നടന്നും
വീണും നാണം വെടിഞ്ഞും വികലമലയുമീ ഭ്രാന്തനെക്കണ്ടിടുമ്പോള്‍
ഖേദം തോന്നുന്നു,കാണും സഹജരിവനുമേ ജ്ഞാതമജ്ഞാതമെങ്ങോ.
സ്രഗ്ദ്ധര.
ശ്ലോകമാധുരി.15 സുമുഖി നീ വരുകെന്നുടെ ചാരേ
മധുരഗാനമതു പാടുക ഹൃദ്യം
അതിലുണര്‍ന്നു വരുമെന്നുടെ ചിത്തം
നടനമാടിടുമതെന്നതു സത്യം.
ദ്രുതഗതി.കളമൃദുരാഗം മുരളിയിലൂതാമതിമോദാല്‍
അതിലുളവാകും രസമിനിയേറ്റം സുഖമേകും
മധുരിതരാഗം ശ്രുതിയൊടു പാടൂ മധുവാണീ
മനമിനിയെന്നും മദഭരമാവാന്‍ വരു ചാരേ.
രസരംഗം
ലോലാപാംഗേ,ലളിതനടനം നീ തുടര്‍ന്നാലുമെന്നില്‍
ലീലാവേശം വരുകിലതിനും കാരണം നിന്റെ ലാസ്യം
കാലക്കേടാല്‍ പടുതി പലതും കാട്ടിയെന്നാലുമിന്നീ-
മാലാര്‍ന്നെത്തും സമയമിവനേ കൈവിടല്ലെന്റെ നാഥേ.
മന്ദാക്രാന്ത
നിറവൊടു പുതുവര്‍ഷം നമ്മളെല്ലാര്‍ക്കുമായി-
ത്തരുവതു വരമായി സ്നേഹസൌഭാഗ്യപൂരം
ഇതിലിനിയൊരു ലോപം വന്നിടാതെന്നുമെന്നും
കരുതണമതിനാലേ വന്നിടും ശ്രീലസൌഖ്യം.
മാലിനി.പാടേ കടന്നു പടി,യെത്തിയൊടുക്കമീ ഞാന്‍
പാടത്തിലൂടെ നടകൊണ്ടു മടുത്തിടുമ്പോള്‍
ആടിച്ചിരിച്ചു നടമോടെയടുത്തു വന്നെ-
ന്നാടല്‍ കളഞ്ഞു മടി തീര്‍ത്തു തരും സമീരന്‍ .
വസന്തതിലകം
‘ഭാരം കുറയ്ക്ക‘ പതിവായിതു ചൊല്ലി വൈദ്യര്‍
ഭാര്യയ്ക്കുമുണ്ടു പരിദേവനമിപ്രകാരം
ഭ്രാന്തെന്നു ചൊല്ലി ചിരിയോടെ നടന്നു, ഹൃത്തില്‍
ഭാരം വരുത്തുവതു ഭാര്യയതെന്നു ഞാനും .
വസന്തതിലകം.
ഗോശാലതന്നിലിരവില്‍ നിറവോടു ജന്മം
കൈക്കൊണ്ടു ലോകഗതി മാറ്റിയതേശുനാഥന്‍
ഈ ശോകഭൂവിലിനിയാശ്രയമായി ലോകര്‍
വാഴ്ത്തുന്നിതാ കുരിശിലേറിയ പുണ്യനാമം
വസന്തതിലകം.
നാലഞ്ചുതുണ്ടു പലലങ്ങളൊളിച്ചു വെച്ചാല്‍
വാലിട്ടിളക്കി വരവുണ്ടു വിഡാലകങ്ങള്‍
മോഹത്തൊടാപലലമൊക്കെയെടുത്തുതിന്നി-
ട്ടാ ജാഹകങ്ങള്‍ വിളയാടിടുമെന്റെ ഗേഹേ.
വസന്തതിലകം.
(വിഡാലകം,ജാഹകം=പൂച്ച)
സൌനന്ദമെന്ന ഗദയേന്തിയ രാമനന്ന-
ങ്ങാനന്ദമോടെ ഹരിയോടുരചെയ്തു മന്ദം
“ഈ വന്ദനീയ കുരുവീരനിവന്റെ ശിഷ്യന്‍
സാനന്ദമേക തവ സോദരിയേയവന്നായ്”
വസന്തതിലകം.
ഇന്നെന്തിനാണു പല പൂക്കളിലിത്ര നാണം
വന്നീടുവാന്‍ , തെളിവു തേടിനടന്നു ഞാനും
എന്നോമലാളിനുടെ സുന്ദരമാം മുഖാബ്ജം
തന്നില്‍ തെളിഞ്ഞ ഛവി കണ്ടവര്‍ കൊണ്ടു നാണം.
വസന്തതിലകം.
വന്നീടുന്നൂ പുത്തന്‍വര്‍ഷം മന്ദംമന്ദം സുസ്മേരം
തന്നീടുന്നൂ നമ്മള്‍ക്കായീ പിന്നീടെന്നും സൌഭാഗ്യം
പൊന്നേ നീയെന്‍ ചാരേ വന്നാല്‍ മൌനം മൂളാമീഗാനം
വിണ്ണില്‍ താരം കണ്ണുംചിമ്മിക്കേള്‍ക്കട്ടേയീ സംഗീതം.
കാമക്രീഡ
ചാരേവന്നാല്‍ പാടാം ഞാനീ രാഗം ചേരും ഗാനങ്ങള്‍
നീയാടേണം മെല്ലേമെല്ലേ വ്രീളാലോലം ലാസ്യങ്ങള്‍
ആമോദത്താല്‍ നാമീരാവില്‍ പ്രേമാരാമം തീര്‍ത്തീടും
മാല്യം ചാര്‍ത്താം,മാറില്‍ ചേര്‍ക്കാം ആരോമല്‍ നീ വന്നാലും.
കാമക്രീഡ .
നല്ലോണം തല തോര്‍ത്തിടെന്റെ ശിവനേ,യല്ലെങ്കിലാ ഗംഗയാല്‍
വല്ലാതാം ജലദോഷമൊക്കെ ഭഗവാനുണ്ടായിടും നിശ്ചയം
ഇല്ലാ മാമല തന്നിലിന്നു വിവരം തെല്ലുള്ളവര്‍ കൂട്ടിനായ്
അല്ലേലാ തലതന്നിലേയബലയേയോടിച്ചിടില്ലേയവര്‍ .
ശാര്‍ദ്ദൂലവിക്രീഡിതം.ആനന്ദാമൃതവര്‍ഷിണീ,മധുരമായ് പാടുന്ന ഗാനങ്ങളില്‍
സാനന്ദം വരരാഗമായി വിരിയൂ,നീയെന്‍ സുധാധാരിണീ
താരാട്ടായൊഴുകുന്നൊരീ വരികളില്‍ നീ രാഗമായീടവേ
ആരും നിദ്രയിലാണ്ടുപോകുമതിലോ തെല്ലില്ല കില്ലെന്‍ സഖീ.
ശാര്‍ദ്ദൂലവിക്രീഡിതം
വെണ്‍കൊറ്റക്കുടചേര്‍ന്നരമ്യരഥമോ, രാവിന്‍ മണിത്തൊങ്ങലോ
മാരന്‍ തന്നുടെ വില്ലിലേ നിറവെഴും മുക്താഫലജ്യോതിയോ
നെല്ലൂര്‍ തന്നിലമര്‍ന്നുകാന്തി വിതറും ശ്രീദേവി തന്‍ ഭൂഷയോ
കാണൂ പൌര്‍ണ്ണമി തന്നില്‍ വിണ്ണില്‍ വിരിയും പൂര്‍ണ്ണേന്ദു തന്‍ ശോഭയില്‍
ശാര്‍ദ്ദൂലവിക്രീഡിതം.
എല്ലാം നല്ലതിനാവണം,വരുമൊരീ വര്‍ഷം ശുഭം നല്‍കണം
പൊല്ലാക്കാലമതൊക്കെ മാറി ശിവമായ്ത്തീരേണമീ വര്‍ഷവും
ഇല്ലാ വേറെയെനിക്കു നിന്നൊടിനിയിന്നര്‍ത്ഥിക്കുവാന്‍ ശ്രീ ഹരേ
മല്ലാരീ,മമയര്‍ത്ഥനയ്ക്കു നലമായ് നല്‍കേണമേ നല്‍വരം
ശാര്‍ദ്ദൂലവിക്രീഡിതം.
മൈലിന്ദങ്ങളണഞ്ഞിടുന്നു ബഹുധാ പുഷ്പങ്ങളില്‍ തങ്ങിടും
ചേലോലുന്ന മരന്ദഗന്ധമവയില്‍ പൊങ്ങുന്ന നാളത്രയും
കാലം മാറി മധൂളി വറ്റി മധുരം തെല്ലില്ലയെന്നാകിലോ
കോലം മാറി മധുവ്രതങ്ങളവയില്‍ ചെല്ലില്ലതും പാഠമാം.
ശാര്‍ദ്ദൂലവിക്രീഡിതം.
(മൈലിന്ദം,മധുവ്രതം=തേനീച്ച.,മധൂളി=തേന്‍ )
പട്ടിക്കുട്ടി കുരച്ചുചാടിയൊടുവില്‍ പെട്ടെന്നു വട്ടം തിരി-
ഞ്ഞെട്ടുംപൊട്ടുമറിഞ്ഞിടാത്ത ശിശുവിന്‍ ചുറ്റും തടഞ്ഞോടിയും
ചട്ടെന്നൊട്ടു കുതിച്ചുചാടിയുടനേ കാട്ടുന്നിതാ പെട്ടിമേല്‍
വട്ടംചുറ്റിയിഴഞ്ഞിടുന്ന ഫണിയേ തട്ടിത്തെറിപ്പിക്കുവാന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം.നാണം കൊണ്ടു തുടുത്ത നിന്‍ കവിളിലേ തൂവേര്‍പ്പണിത്തുള്ളികള്‍
കാണും നേരമെനിക്കു ചെറ്റു കുതുകം തോന്നുന്നിതെന്നോമലേ
വേണം നീയൊരു ഗാനമായിയരുകില്‍ത്തന്നേ,നിനക്കായി ഞാന്‍
വേണും പോലതു പാടിടാം,മതിമുഖീ,വന്നാലുമെന്നന്തികേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇന്നില്‍ത്തന്നെ കഴിഞ്ഞിടുന്ന മനുജന്നുണ്ടായിടില്ലാ ഗുണം
മന്നില്‍ത്തന്നുടെ വൃത്തികൊണ്ടു സകലര്‍ക്കുണ്ടായിടേണം ഗുണം
എന്നോര്‍ത്തിട്ടൊരുവന്‍ തനിക്കുതനിയേ ചിന്തിക്കണം,ദുര്‍ഗുണം
തന്നില്‍നിന്നു കളഞ്ഞു സത്ക്രിയകളില്‍ ചേരുന്നതാം സദ്ഗുണം.
ശാര്‍ദ്ദൂലവിക്രീഡിതം.
ക്ഷേത്രം ചുറ്റി നടന്നു ഞാന്‍ പ്രതിപദം നാമം ജപിച്ചീടവേ
സൂത്രത്തോടെയടുത്തുവന്നു ചെവിയില്‍ മൂളുന്നതെന്തിന്നു നീ?
ഇത്രയ്ക്കെന്നൊടു സേവ കാട്ടിയനിലാ,യെന്തിന്നു വന്നന്തികേ?
മിത്രം പോലെ നടിച്ചിടില്‍ ഗുണമുടന്‍ കിട്ടീടുമെന്നോര്‍ത്തിതോ?
.ശാര്‍ദ്ദൂലവിക്രീഡിതം.
പാലാണെന്നുനിനച്ചു ശുഭ്രനിറമാം പാനീയമൊന്നാകെ ഞാന്‍
ചേലഞ്ചുന്നൊരു പഞ്ചസാരയളവില്‍ ചേര്‍ത്തൂ,കുടിച്ചൂ സ്വയം
നൂലാമാലകള്‍ പിന്നെ വന്നു വയറോ വീര്‍ത്തൂ,വിയര്‍ത്തൂ വെറും
ശീലക്കേടിലുലഞ്ഞിടുന്നിനിയിവന്‍ ചായട്ടെയീ കട്ടിലില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ശ്രീയേറും രവിശങ്കറെന്ന ഗുരുവീ ലോകര്‍ക്കു നല്‍കുന്നൊരീ
യേറ്റം നല്ലൊരു യോഗവിദ്യയതിലെന്‍ ചിത്തം പതിഞ്ഞദ്രുതം
യോഗംതന്നെ, സുദര്‍ശനക്രിയയിലൂടെന്‍ ശ്വാസവൈഷമ്യമാം
രോഗംമാറി സുഖംവരിച്ച ദിനമിന്നോര്‍ക്കുന്നു ഭക്ത്യാദരം.
ശാര്‍ദ്ദൂലവിക്രീഡിതം .
ആള്‍ദൈവങ്ങടെ മുന്നില്‍ ഞാനിതുവരെപ്പോയിട്ടുമില്ലാ,ശരി-
ക്കാരായാലുമവന്നുതെല്ലുഗുണമുണ്ടെന്നാല്‍ മതിക്കും മിതം
കാശേറെക്കളയാനിവന്നു ഗതിയായ്,വൈദ്യം പലര്‍ ചെയ്തുപോയ്
മോശം തന്നെഫലം ഭവിച്ചു,‘ക്രിയ‘യാല്‍ രോഗം ശമിച്ചത്ഭുതം.
ശാര്‍ദ്ദൂലവിക്രീഡിതം.മണ്ണെല്ലാം വായിലാക്കി കളിയൊടു ചതുരം ഭാവമോടോടിയെത്തേ
തിണ്ണം പോറ്റമ്മവന്നങ്ങുടനുടനുടനേ വാ തുറക്കെന്നു ചൊല്‍കേ
വിണ്ണും സര്‍വ്വംജഗത്തും തെളിവൊടു വെളിവായ് കാട്ടി മന്ദം ഹസിക്കും
കണ്ണാ,നിന്‍ പുണ്യരൂപം നിറവൊടു നിറയുന്നെന്നുമെന്‍ മാനസത്തില്‍.
സ്രഗ്ദ്ധര
കല്ലും മുള്ളും ചവിട്ടീ,കരിമലകയറീ,സന്നിധാനത്തിലെത്തീ-
ട്ടില്ലാവല്ലായ്മയൊക്കേ ശരണവിളികളില്‍ പയ്യെയെല്ലാമൊഴുക്കീ
അയ്യാ, നിന്‍ പുണ്യപാദം കരളിലഭയമായ്ത്തന്നെ നിത്യം സ്മരിച്ചീ
നെയ്യാകും ജീവിതം നിന്‍നടയിലടിയനും വെച്ചു കൈകൂപ്പിനില്‍പ്പൂ.
സ്രഗ്ദ്ധര.
നവീനവൃത്തങ്ങള്‍ .
കണ്ണനും രാധയും ചേര്‍ന്ന രൂപം
കണ്ണിനും കാതിനും തൂമരന്ദം
പ്രേമവും ഭക്തിയും ചേര്‍ന്ന രാഗം
ഭാവനയ്ക്കേകിടും കാവ്യഭാവം
ഇന്ദുലേഖ.
മൂന്നു രം ഗ ത്തിലായിന്ദുലേഖാ.
ആടിയും പാടിയും നീ വരുമ്പോള്‍
ഓമലേ കാണുവാനെന്തു ഭംഗി
ശൈശവം നല്‍കിടും ചാരുഭാവം
പേശലം തന്നെയെന്നോര്‍ത്തു ഞാനും.
ഇന്ദുലേഖ.
താരകബ്രഹ്മമേ,നിന്റെ രൂപം
മാനവന്നേകിടുന്നാത്മസൌഖ്യം
കല്ലിലും മുള്ളിലും കാല്‍ ചവിട്ടി-
ക്കാണുവാനെത്തിടും ഞങ്ങളെന്നും.
ഇന്ദുലേഖഇക്കാണുന്ന ചരാചരത്തിനുടയോന്‍ ശ്രീഹരേ നീ കനി-
ഞ്ഞെക്കാലത്തിലുമെന്റെ ഹൃത്തിലൊളിയായ് വാഴുമെന്നോര്‍പ്പു ഞാന്‍
ഭക്ത്യാ നിന്നുടെ മുന്നിലായടിയനും വന്നിടും നിത്യവും
മുക്കണ്ണാ തവ പാദമെന്നഭയമാം,നല്‍കിടൂ നല്‍വരം.
ശ്രീപദം
പന്ത്രണ്ടാല്‍ മസജം സരംര വരുകില്‍ ശ്രീപദം വൃത്തമാം.
തുള്ളിത്തുള്ളിയലഞ്ഞൊരാ കുലടയാം സുന്ദരിപ്പെണ്ണുതന്‍
പിന്നില്‍പ്പിന്നില്‍ നടന്നവന്‍ പ്രമദനം തീര്‍ത്തതും രോഗിയായ്
പിന്നെപ്പിന്നെയതിന്റെ ദുരിതമാം കുണ്ടിലും പെട്ടുപോയ്
പമ്മിപ്പമ്മിവലഞ്ഞൊരാ പടുതിയും കണ്ടിടില്‍ പാഠമാം
ശ്രീപദം.
ഹരിഹരസുതനുടെ ചരണം തേടും
മനുജനു കരിമല തരണം ചെയ്യാന്‍
തെരുതെരെയുരുവിടു “ശരണം നീയേ
പദഗതിയടിയനു തരണം നീളേ”.
നവതാരുണ്യം.കാക്കയ്ക്കു തോന്നുവതു ഖേദ,മതിന്റെ ശബ്ദം
‘ഘോരാരവം,കഠിന‘മെന്നു വിധിച്ചു ലോകം
‘മാഴ്കാതെ കാക,തവ സേവനമെത്ര ധന്യം
നീ തന്നെ വീഥികളില്‍ വൃത്തി തരുന്നു നൂനം.‘
വസന്തതിലകംഹാ! നല്ലതായ പല കര്‍മ്മഗുണങ്ങളാലേ-
യീ നല്ല ജന്മമതു നല്‍കി വിധീശ്വരന്‍ മേ
‘ഞാന‘ല്ല യീ ധരയിലേറ്റമുയര്‍ന്നഭാവ-
മാ നല്ലബോധമൊടു വാഴുവതെന്റെ ധര്‍മ്മം.
വസന്തതിലകം.എന്നും സ്രഗ്ദ്ധര ഭൂഷയാക്കിയണിയിച്ചീമട്ടിലീവേദിയില്‍
ചിന്നും കാവ്യകലയ്ക്കു സ്വര്‍ണ്ണസമമാം വര്‍ണ്ണം പകര്‍ന്നീടുവാന്‍
മിന്നും താരകമെന്നപോലെ വരുമീ ശ്രീജയ്ക്കു ഞാന്‍ ചാര്‍ത്തിടും
വര്‍ണ്ണംകൊണ്ടു മനോഹരം മലരുകള്‍ ചേരുന്ന ഹാരം സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം
പണ്ടേ ഞാനൊരു മണ്ടനാണു കവിതക്കുണ്ടില്‍ പതിച്ചിങ്ങനേ
വേണ്ടാതീനമനേകമുണ്ടു രചനത്തുണ്ടായ് പറത്തുന്നു ഹേ
കണ്ടോറര്‍ കണ്ടൊരു മാത്രയില്‍ മലരുകള്‍ ചെണ്ടാക്കി നല്‍കീടുകില്‍
തണ്ടും കൊണ്ടിവനിണ്ടല്‍ വിട്ടു പതിയേ മണ്ടുന്നു വണ്ടെന്നപോല്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ആരാരാ ? ഋഷി താനിതെന്‍ പ്രിയനിവന്നേറ്റം കൃതാര്‍ത്ഥന്‍,സ്ഥിരം
പേരേറും കവി ‘കപ്‌ളി’ യെന്നപരനാമത്തില്‍ പ്രസിദ്ധന്‍ ജഗേ
വേറാരുണ്ടിവിടീവിധം കവിതയില്‍ കാര്യത്തൊടും മേമ്പൊടി-
ക്കായീ ഹാസ്യവുമിട്ടുതട്ടി വിവിധം തീര്‍ക്കുന്നു കാവ്യാമൃതം.
ശാര്‍ദ്ദൂലവിക്രീഡിതം
“ഏടാകൂടമൊടുക്കമൊക്കെ വടിവില്‍ത്തീര്‍ക്കേണമേ നീ ഹരേ”
പാടുന്നീവിധമാടലോടെയടിയന്‍, കൂടുന്നിതാ ദുഃഖവും
വാടും ചാടുമിടയ്‌ക്കു പാടെയുലയും ചാടെന്നപോലെന്‍ മനം
പാടോടീവിധമാടിയോടിയൊടുവില്‍ തേടുന്നിതാ നിന്‍പദം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഋക്ഷങ്ങള്‍ക്കൊരു ഭംഗിയുണ്ടു മനുജന്റക്ഷിക്കു സംതൃപ്തിയായ്
ലക്ഷം പൂവുകളൊത്തപോലെ തെളിയുന്നീവര്‍ണ്ണബിന്ദുക്കളായ്
നക്ഷത്രേശനുദിച്ചുയര്‍ന്നുവരുകില്‍ താരങ്ങളോ നിഷ്പ്രഭം
പക്ഷേ ചന്ദ്രനു വൃദ്ധിപോലെ ക്ഷയമുണ്ടി,ല്ലില്ല താരക്ഷയം.
ശാര്‍ദ്ദൂലവിക്രീഡിതം.
സിന്ദൂരാരുണരൂപിണീ,ഭഗവതീ,ശ്രീ രാജരാജേശ്വരീ
സാനന്ദം തവ മുന്നിലായടിയനിന്നര്‍പ്പിപ്പു പുഷ്പാഞ്ജലി
ദൂനം വന്നു ഭവിച്ചിടാതെയിവനേ കാക്കേണമെന്നാളുമേ
ആനന്ദാമൃതവര്‍ഷിണീ,കൃപചൊരിഞ്ഞെന്നേ കടാക്ഷിക്കണേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഉണ്ടീ വേദിയിലിന്ദുലേഖസമമായ് മിന്നുന്നൊരാള്‍, സൌഭഗം
പൂണ്ടീ ഗായികയാലപിച്ച മധുരം ഗാനങ്ങളും മാനമായ്.
തണ്ടേറില്ലിവളില്‍,പിതാവുചൊരിയും സ്നേഹാര്‍ദ്രബിന്ദുക്കളാല്‍
തണ്ടേറട്ടിവിടുണ്ടു ഞാനുമവര്‍തന്‍ കൂട്ടിന്നു വാട്ടം വിനാ.
ശാര്‍ദ്ദൂലവിക്രീഡിതം
സാമോദം നവകാവ്യമൊക്കെ നിരതം തീര്‍ക്കാന്‍,നിരത്താന്‍ സ്വയം
വേണം നല്ലൊരു ഭാവനാഭരിതമാം ഹൃത്തെന്‍ സുഹൃത്തേ മിതം,
പോരാ,നല്‍കുകതിന്നു വേണ്ടവിധമാം വാക്കിന്‍ പ്രഭാവൈഭവം
ചേരുംപോലെ തൊടുത്തുവെച്ചു മികവില്‍ ചേരുന്ന ശയ്യാഗുണം.
ശാര്‍ദ്ദൂലവിക്രീഡിതം
‘പാ‘യും തേടി നടന്നിടുന്നു പതിയേ പായില്ല യീ വേദിയില്‍
പായില്ലെങ്കിലതില്ല പോട്ടെയിവിടേ ‘താ‘യുണ്ടു താങ്ങായി മേ
തായിന്‍ പുണ്യമതൊന്നുകൊണ്ടു ധരയില്‍ കിട്ടുന്നനേകം ഗുണം
തായേയോര്‍ത്തു തുടങ്ങുവോര്‍ക്കു മികവും കൈവന്നിടും സത്വരം.
ശാര്‍ദ്ദൂലവിക്രീഡിതം
തായേ,നിന്നുടെ മുന്നില്‍ ഞാനിതുവിധംനീട്ടുന്ന കൈക്കുമ്പിളില്‍
തായേ നിന്റെയനുഗ്രഹങ്ങളിവനും പാടുന്നു നിന്‍ കീര്‍ത്തനം
തായേ,നീയൊഴികെന്റെ ഹൃത്തിലപരം കാണില്ലിവന്നാശ്രയം
തായേയൊന്നിവനാടല്‍ വിട്ടുകഴിയാനാകേണമെന്നാളുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.
“ഇന്ദീവരം ഭവതി കണ്ണൊടു ചേര്‍ത്തു വെയ്ക്കില്‍
സന്താപമാമതിനു ഭംഗി കുറഞ്ഞുപോകും“
എന്താണുചൊല്ലുവതതെന്നതറിഞ്ഞിടാതേ
മന്ദാക്ഷമോടവളു തെല്ലുതെളിഞ്ഞുനിന്നു.
വസന്തതിലകം.
ഋണബാദ്ധ്യത കൂടിടുന്നുവെന്നാല്‍
തൃണമാവുന്നിതു സ്വാഭിമാനമെല്ലാം
ഇതു മാനുഷനോര്‍ത്തിടില്ലയെങ്കില്‍
ഗതികെട്ടുള്ളൊരു ജീവിതം ഭവിക്കും
വസന്തമാലികനാണിച്ചെന്നുടെ മുന്നില്‍ വന്നൊരു ദിനം നീ ചൊല്ലിയ‘ന്നിത്തരം
നാണക്കേടുകളോതിയാല്‍ വരികയില്ലൊട്ടും സമീപം,ദൃഢം‘
കാണെക്കാണെമുഖത്തു മിന്നിയുദയം ചെയ്തോരുഭാവങ്ങളോ-
ടേണാക്ഷീമണിയെ സ്മരിക്കെ യിവനിന്നേറുന്നിതാനന്ദവും.
ശാര്‍ദ്ദൂലവിക്രീഡിതം.
മേ മേ യെന്നു കരഞ്ഞിടാതെയിനി നീ മേയേണമിങ്ങൊക്കെയും
വാ വാ യെന്നു വിളിക്കുവോര്‍ക്കു പിറകേയോടല്ലെ,യാടല്ലെ നീ
ദേ ദേ യെന്നു പറഞ്ഞിടുന്നതിനകം ഞാന്‍ വന്നിടാം നിശ്ചയം
പോ പോ നീയിനിയിഷ്ടമായ പടലും പുല്ലൊക്കെയും തിന്നു വാ.
ശാര്‍ദ്ദൂലവിക്രീഡിതം.
വാനത്തിന്നൊളിചേര്‍ത്തുനീളെ നിറയേതാരങ്ങളാരമ്യമായ്
ഊനം വിട്ടുതെളിഞ്ഞിടുന്നു,തുടരേ ചിമ്മുന്നു കണ്‍കോണുകള്‍
തൂമന്ദസ്മിതമോടുവന്ന മതിയാം പെണ്ണിന്നു ചുറ്റും നിര-
ന്നാനന്ദം നടമാടിടുന്നു, നിറവായീദൃശ്യ ദീപാവലി.
ശാര്‍ദ്ദൂലവിക്രീഡിതം.
ചുറ്റും വന്നു നിരന്നിടുന്ന കലിതന്‍ കഷ്ടങ്ങളില്‍പ്പെട്ടു ഞാന്‍
ഒട്ടൊട്ടാകെ വലഞ്ഞിടുന്ന പൊഴുതില്‍ പെട്ടെന്നുവന്നന്‍പൊടേ
കഷ്ടപ്പാടുകള്‍ മാറ്റിടുന്ന ജനനീ തൃച്ചേവടിപ്പൂക്കളില്‍
മുട്ടുന്നെന്റെ ശിരസ്സു നീയടിയനേ കാക്കുന്ന പോറ്റമ്മ താന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
തള്ളിത്തള്ളിവരുന്നൊരാ തിരകളില്‍ പാദങ്ങളൂന്നീടവേ
തുള്ളിത്തുള്ളിയുണര്‍ന്നിടുന്നു മനവും പൊന്തുന്നിതാനന്ദവും
മെല്ലേമെല്ലെയുതിര്‍ന്നിടുന്ന വിവിധം രാഗങ്ങളാമോദമായ്
ചൊല്ലിച്ചൊല്ലിനടന്നിടാനുടനെ നീ വന്നാലുമെന്‍ ഭാവനേ ! .
ശാര്‍ദ്ദൂലവിക്രീഡിതം .
കാലക്കേടുകളൊട്ടനേകമിനിയും വന്നാലുമില്ലാ ഭയം
ചാലേയൊക്കെയൊഴിച്ചിടുന്ന ഭഗവദ്നാമം സദാ ചൊല്ലുവേന്‍
മാലാര്‍ന്നെത്തിടുവോര്‍ക്കു വേണ്ടൊരഭയം നല്‍കുന്നൊരാ ദൈവതം
ചേലാര്‍ന്നിങ്ങു വിളങ്ങിടുന്നു നിരതം,ശ്രീരാമദേവം ഭജേ .
ശാര്‍ദ്ദൂലവിക്രീഡിതം .
ഓട്ടം താന്‍ മമ ജീവിതം മുഴുവനും പാട്ടിന്റെ പാദങ്ങളില്‍
വാട്ടം തെല്ലു വരുത്തിടാതെ ഭഗവാന്‍ കാത്തിത്രനാളും വരേ
ചട്ടം തന്നിലൊതുങ്ങിടാത്ത മനമേ,പാറീടുകീ വേദിയില്‍
നേട്ടം നോക്കുക വേണ്ട,പാടു മധുരം ഗാനങ്ങളാരമ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
“വൃക്ഷം തന്നിലൊളിച്ചിരുന്നു നിഭൃതം കൂകൂരവം മീട്ടിടും
പക്ഷീ,പഞ്ചമരാഗമായിയൊഴുകും പാട്ടാണു നിന്‍ നിസ്വനം“
മക്ഷിക്കൂട്ടമൊരുക്കിടും മധുരമാംതേനിന്‍ സമം ഹൃദ്യമാം
ലക്ഷം പാട്ടുകളീവിധം പരഭൃതം പാടും വസന്തദ്രുമേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒട്ടും തന്നെ നിനച്ചിടാതെ വിവിധം ഭാഗ്യങ്ങളായൊക്കെയും
ചുറ്റും വന്നു നിറഞ്ഞിടുന്നു സുഖമായെന്‍ ജീവിതം ധന്യമായ്
ആര്‍ക്കും കഷ്ടതയേകിടാതെയൊരുവന്‍ ജീവിക്കിലോ തുഷ്ടിയോ-
ടിഷ്ടംപോലെ ലഭിച്ചിടും ധരയിതില്‍ സൌഭാഗ്യസഞ്ജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം
മുല്ലേ മെല്ലെയുതിര്‍ത്തിടൂ മലരുകള്‍,മല്ലാക്ഷിമാര്‍ക്കൊക്കെയും
സല്ലീനം കളിയാടുവാന്‍ നലമെഴും മാല്യങ്ങളായ് കോര്‍ക്കണം
ഇല്ലാ നല്ലൊരു വല്ലിയിന്നിതുവിധം ഫുല്ലങ്ങളാല്‍ പുഞ്ചിരി-
ച്ചുല്ലാസത്തൊടുലഞ്ഞുലഞ്ഞുവിലസുന്നല്ലില്‍ മലര്‍ക്കാവിതില്‍.
ശാര്‍ദ്ദൂലവിക്രീഡിതം
രാഗം രംഗിതമാക്കിടും ലളിതമാം താളങ്ങളില്‍ തത്തി നീ
വേഗം വന്നിടു ഭാവനേ, ശ്രുതിയിതാ നില്‍ക്കുന്നു സുസ്മേരയായ്
രോഗം വന്ന മനസ്സുകള്‍ക്കു സുഖമിന്നേകുന്നയീണങ്ങളില്‍
യോഗം പോലുടനേകിടൂ സ്വരസുധാസംഗീതമാം ഭൈഷജം .
ശാര്‍ദ്ദൂലവിക്രീഡിതം.
ഉള്ളില്‍ത്തട്ടിയൊരിറ്റു ലാളനമിനിക്കിട്ടില്ലയെന്നോര്‍ത്തു നീ
ഉള്ളില്‍ത്തന്നെയിരുന്നിടേണ്ട കവിതേ, വന്നാലുമെന്‍ മാനസേ
ഉള്ളില്‍ പൂക്കണിപോലെവന്നു മൃദുലം പാദങ്ങളില്‍ മുത്തണി-
ഞ്ഞുള്ളില്‍ നീ നടമാടിടൂ,കവിതയായ് ഞാന്‍ ചാര്‍ത്തിടാം വേദിയില്‍
ശാര്‍ദ്ദൂലവിക്രീഡിതം
ഹൃദ്യം തന്നെ,യിതേവിധം ചടുലമാം പാദങ്ങളില്‍ തത്തി നീ
നിത്യം വന്നിടു ഭാവനേ,കവിതയോടൊത്തെന്റെ വാടങ്ങളില്‍
ഉത്സംഗത്തിലിരുത്തി ഞാനരുമയായ് ലാളിച്ചിടാം നിങ്ങളേ
മാത്സര്യം വെടിയേണമേയിരുവരും,സത്സംഗമല്ലോ നലം.
ശാര്‍ദ്ദൂലവിക്രീഡിതം.