Sunday, November 21, 2010

നവീനവൃത്തങ്ങള്‍

നവീനവൃത്തങ്ങള്‍
സ്വന്തമായി ചിട്ടപ്പെടുത്തിയ ചില വൃത്തങ്ങള്‍
രചനക്കനുസരിച്ചു ലക്ഷണത്തോടുകൂടി കൊടുത്തിരിക്കുന്നു.

തീക്കണ്ണും തിങ്കളും, നിന്‍ തലയില്‍ മേലേയിരിക്കും
ഗംഗപ്പെണ്ണോടെതിര്‍ക്കും ഗിരിജ,യെല്ലാം സഹിക്കും
പങ്കപ്പാടൊന്നുമാറ്റി കഴിക കൈലാസനാഥാ
ശങ്കിക്കാതെന്റെ ചിത്തേ വരിക ,സൌഖ്യം വസിക്കാം.
.
വൃത്തം: ശ്രീലകം
“ചൊല്ലീടാം ശ്രീലകംതാന്‍ മരഭയം‌യംഗണത്താല്‍ ”

നാണത്താലേ തുടുക്കും കവിളു മെല്ലേ ചുവക്കും

പ്രേമത്തോടെന്നെ നോക്കും കവിത പോലേ ലസിക്കും
ഏവം നീ വന്നടുക്കും ചിരിയിലെന്നേ മയക്കും
നേരത്തെന്‍ ഭാവനക്കും ചിറകു താനേ മുളയ്ക്കും.
ശ്രീലകം
കണ്ണാ,വിണ്ണിനു വെണ്ണിലാവു പോലെന്‍
കണ്ണിന്‍ മുന്നിലുണര്‍ന്നുവാണിടെന്നും
തിണ്ണം ഞാന്‍ നറുവെണ്ണ നേദ്യമാക്കാം
മണ്ണിന്‍ ദണ്ണമതൊക്കെയൊന്നു മാറ്റൂ.
ദേവനാദം.
മംസംജംഗഗയോടെ ദേവനാദം.

ശ്ലോകം ഭംഗിയിലന്നു തീര്‍ത്തിടാനാ-
യേകീയീഗണമൊക്കെ വൃത്തമാക്കീ
പാകം പണ്ഡിതഹൃത്തില്‍ വന്നപോലി-
ന്നാകുന്നീ നവവൃത്തമൊക്കെ രമ്യം
ദേവനാദം
ഓണംവന്നു തെളിഞ്ഞിതെങ്ങുമെങ്ങും
കാണാം മന്നിനു തൂയഭംഗിയെല്ലാം
വേണും‌പോലവ പാര്‍ത്തു നിന്നിടുമ്പോള്‍
പോണെന്‍ ഹൃത്തിലെയാര്‍ത്തഭാവമെല്ലാം.
ദേവനാദം
സ്വര്‍ണ്ണത്തിന്നു സുഗന്ധമെന്നപോല്‍‌സദ്-
വര്‍ണ്ണം ചേര്‍ന്നു വിടര്‍ന്നു കാവ്യപുഷ്പം
തിണ്ണം താനനുവാചകര്‍ക്കു സൌഖ്യം
തൂര്‍ണ്ണം നല്‍കുമിതെത്രയെത്ര ധന്യം.
ദേവനാദം.
കണ്ണന്‍ തന്നൊടു ചേര്‍ന്നു നിന്നിടുമ്പോള്‍
കണ്ണില്‍ പൂക്കണിയായിടുന്നു രാധ
നീലത്താമരമൊട്ടുപോലുലഞ്ഞാ-
നീലാപാംഗ തുടുത്തു ലജ്ജയാലേ.
ദേവനാദം
കഥയ മമ ശാരികപ്പെണ്ണേ
കഥകളതിമോഹനം നിത്യം
ഇനിയുമതു കേള്‍ക്കുവാന്‍ മോഹം
നിറയുവതു കാണുകെന്‍ ചിത്തേ.
നിരുപമ
നിരുപമയതാം നസം യംഗം.

രാമനാമമെന്നുമെന്നുമീവിധം
ഭക്തിയാര്‍ന്നുതന്നെഞാന്‍ ജപിച്ചിടും
പാരിതില്‍ പ്രസിദ്ധമായ മന്ത്രമെ-
ന്നോര്‍ക്കതിന്റെ ശക്തിയും മഹത്ത്വവും.
രൂപകം
രംജരം‌ ലഗംനിരന്നു രൂപകം.

ഇഷ്ടമാണു നിന്നെയെന്നു ഞാനിതാ
എട്ടുവട്ടമോതിടുന്നു ശാരികേ
വിട്ടുപോയിടില്ലയെന്നെയെന്നു നീ
സ്പഷ്ടമായുരച്ചിടൂ,മനോഹരീ.
രൂപകം.
ഗിരിനന്ദിനീ വരദായിനീ
കരുണാമയീ ശുഭകാരിണീ
തവരൂപമെന്‍ ഹൃദയേ സദാ
ശശിലേഖ പോലൊളിതൂകണം
ശശിലേഖ
സജജംഗയാല്‍ ശശിലേഖയാം.

പാടുക ദേവീ മധുരോദാരം
കേഴുകയാണീയനുകന്‍ ദീനം
നിന്നുടെ ഗാനം മതിയാവോളം
കേള്‍ക്കുകിലെല്ലാം സുഖമായീടും
ഗായിക
"ഗായികയാകും ഭതയംഗത്താല്‍"

നന്ദനരാഗം മുരളീനാദം
മന്ദമുയര്‍ത്താമിനിയാമോദം
മന്ദസമീരന്‍ പ്രണയാലോലം
സുന്ദരി നിന്നേ തഴുകീടുന്നൂ.
ഗായിക

ശ്ലോകമാധുരി.12.

ആലോലം കൈയിളക്കേ തരിവള‍,കടകം കൊഞ്ചിടും നാദമോടും
കാലില്‍‌ച്ചേര്‍ന്നുല്ലസിക്കും തളകളിളകിടുന്നാ രവത്തോടുമൊപ്പം
നീലക്കാര്‍വര്‍ണ്ണനോതും കളകളമൊഴിയാമാ മണിക്കൊഞ്ചലോടും
കോലും ശ്രീവത്സരൂപം മനമതില്‍ നിറയേ ചേര്‍പ്പു ഭക്തിപ്രഭാവം.
സ്രഗ്ദ്ധര

ജ്ഞാനപീഠപദമേറിടുന്ന കവിസാര്‍വഭൌമ തവ മുന്നില്‍ ഞാന്‍
നൂനമായിവിധമേകിടുന്നു ബഹുമാനമായ് കുസുമമഞ്ജരി
ഗാനമാലികകളേകി കൈരളിയെ ധന്യമാക്കിയ മഹാപ്രഭോ
സ്ഥാനമാമൊടനേകകാലമിനിയും ജ്വലിക്ക വരതാരമായ്.
കുസുമമഞ്ജരി
ശ്രീലകത്തു നിറവായി വന്ന ശിശുവാണിവന്റെ ഹരമിന്നിമേല്‍
ശ്രീ തരുന്ന തിരുവോണനാളിലവനെന്റെ ഗേഹശുഭതാരമായ്
ശ്രീനിവാസവരമായ പൊന്നവനിലേകുമെന്‍ സുഖദലാളനം
ശ്രീ തരുന്നു ഹൃദയത്തിലും പരമരാജയോഗവരസൌരഭം.
കുസുമമഞ്ജരീ
നിരനിരനിരയായിപ്പൂത്തശാകങ്ങളാലേ
സുരുചിരവരകാന്തിച്ചാര്‍ത്തണിഞ്ഞിപ്രഭാതം
വരുമിനിയതിമോദം പൂണ്ടു കൈദാരവൃന്ദം
തരുമൊരു മധുരാഗം കീരവാണീമരന്ദം
മാലിനി
മണ്ടന്റെ പിന്നാലിതുപോല്‍ പറന്നാല്‍
ഉണ്ടായിടുന്നിണ്ടലനേകമാര്‍ക്കും
മണ്ടയ്ക്കു തെല്ലുണ്ടു വിവേകമെങ്കില്‍
മിണ്ടാതെ മണ്ടീടവിടുന്നു വണ്ടേ.
ഇന്ദ്രവജ്ര
വാനിലുയര്‍ന്നൂ പൌര്‍ണ്ണമി വീണ്ടും
കാനനമാകേ ശോഭ പടര്‍ന്നൂ
രൂപവതീ നീ വീണയില്‍നിന്നും
ചേലിലുയര്‍ത്തൂ മോഹനരാഗം.
ചമ്പകമാല

ലേശം ചിന്തയൊടെത്തി ഞാനിവിടെയെന്നീശാ സ്വയം ത്വല്‍‌പദേ
ഈശന്മാര്‍ക്കുമൊരീശനായി മരുവും സര്‍വ്വേശ്വരാ പാഹിമാം
പാശം വീണിടുമന്ത്യമായ സമയം നിന്‍‌നാമമെന്‍ രക്ഷയാ-
ണാശാപാശമൊഴിഞ്ഞു ഞാനിഹ വസിച്ചീടുന്നു നിന്‍‌പൂജയില്‍
ശാര്‍ദ്ദൂലവിക്രീഡിതം..
ഞാനീ കാവ്യസരസ്സിലൊന്നണയുമീ നേരത്തു കാണുന്നിതീ-
ജ്യോതിര്‍ദീപ്തിയിലേറെ സുന്ദര നവശ്ലോകങ്ങളാരമ്യമായ്
ദ്യോവില്‍ താരകമാലപോലെ തെളിയുന്നീശ്ലോകഹാരങ്ങളാല്‍
പൂതം,ധന്യമനര്‍ഘമായിയുയരട്ടീ ജ്യോതിതന്‍ വൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇമ്പം ചേര്‍ന്ന പദങ്ങളാല്‍ ബഹുവിധം കാവ്യം രചിച്ചീടുവാന്‍
വമ്പന്‍ ഞാനിതിലില്ലെനിക്കു സമനായീ ഭൂവിലാരും ദൃഢം
അംബേ,യിത്ഥമനര്‍ത്ഥചിന്ത ഹൃദയേ തോന്നായ്‌വരേണം,ദിനം
മുന്‍പില്‍ വന്നു നമിച്ചിടാം,ശ്രിതജനാതങ്കാപഹേ പാഹിമാം.
ശാര്‍ദ്ദൂലവിക്രീഡിതം
ഏണാക്ഷീമണി വാണി വന്നു പലനാളെന്നേ വിളിച്ചെങ്കിലും
നാണം കൊണ്ടതു കേട്ടമട്ടുകരുതീല്ലോര്‍ത്തൂ ജളത്വം വരും
വേണോ, വേണ്ടതെനിക്കു സ്വസ്ഥതയതൊന്നെന്നേ നിനച്ചെപ്പൊഴും
വാണൂ,വാണി ശപിക്കുമോ,പിണയുമോ വാണീമണീഗര്‍ഹണം?
ശാര്‍ദ്ദൂലവിക്രീഡിതം
കാണാമീ വനവീഥിയില്‍ നലമെഴും ശാലങ്ങളും പൂക്കളും
വാണീടുന്ന മൃഗാധിനാഥനെ ഭയന്നോടുന്ന ജന്തുക്കളും
ചേണാര്‍ന്നുള്ള വിഹംഗവൃന്ദമതുലം ഗാനം പൊഴിക്കുന്നതും
വേണും പോലെ നുകര്‍ന്നിടാന്‍ പ്രകൃതിതന്‍ ജാലങ്ങളും നിസ്തുലം.
ശാര്‍ദ്ദൂലവിക്രീഡിതം.
സാനന്ദം ഭജ പാദപത്മമിനിമേല്‍ ശ്രീ പത്മനാഭം വരം
സ്യാനന്ദൂരമമര്‍ന്നിടുന്ന ഭഗവാന്‍,ഭക്തര്‍ക്കഭീഷ്ടപ്രദന്‍
ആനന്ദാമൃതധാരയായി വരമിന്നെന്മേല്‍ ചൊരിഞ്ഞീടുമേ
ധ്യാനം ചെയ്തുകഴിഞ്ഞിടാമിവനവന്‍ പാദങ്ങളാണാശ്രയം.
ശാര്‍ദ്ദൂലവിക്രീഡിതം.
സമ്മോദം ബഹുവര്‍ഷമായ് കവിതയില്‍
കമ്പംമുഴുത്തീവിധം
ചുമ്മാതൊത്തിരി പാട്ടുപാടി,വിവിധം

ശ്ലോകം രചിച്ചന്വഹം
സമ്മാനം പലമട്ടു കിട്ടിയതിലങ്ങേറ്റം

രസിച്ചിന്നഹം
നിര്‍മ്മായത്തിലരങ്ങൊഴിഞ്ഞു പതിയേ-

യോതുന്നിതാ മംഗളം
ശാര്‍ദ്ദൂലവിക്രീഡിതം
നാലഞ്ചക്ഷരമൊക്കെ വൃത്തസഹിതം കോറാന്‍ കഴിഞ്ഞാലുടന്‍
ചേലഞ്ചും കവിസാര്‍വഭൌമപദവിക്കര്‍ഹം സ്വയം നിശ്ചയം
കാലക്കേടിനൊരുത്തനൊത്തപടിയായ് ചോദ്യം നടത്തീടിലോ
വേലിപ്പത്തലുകൊണ്ടുതന്നെയവനേ താഡിച്ചിടാം നിഷ്ഠുരം.
ശാര്‍ദ്ദൂലവിക്രീഡിതം--ഹാസ്യമുക്തകങ്ങള്‍.
“നീയോ,കീടമൊരിക്കലും തലയുയര്‍ത്തേണ്ടെന്റെ മുന്നില്‍ക്കിട-
‘ന്നയ്യോ,യെന്നെവെടിഞ്ഞിടൊല്ലെ‘യിതുപോല്‍ കേഴുംദിനം വന്നിടും“
പയ്യെക്കണ്ടതു കീടമാരി തുടരേ വീഴുന്നഹങ്കാരമി-
‘ന്നയ്യോ‘യെന്നു കരഞ്ഞിടുന്നു പിണറായ് മിന്നുന്നിതാ കീടവും.
ശാര്‍ദ്ദൂലവിക്രീഡിതം..ഹാസ്യമുക്തകങ്ങള്‍.

കുട്ടിപ്പട്ടര്‍ പെട്ടന്നയ്യോ
വട്ടം ചുറ്റീ തത്തോ പൊത്തോ
തട്ടും കിട്ടീ,മുട്ടും പൊട്ടീ
കെട്ടുംകെട്ടീ,വീട്ടില്‍ പോയീ.
വിദ്യുന്മാല..ഹാസ്യമുക്തകങ്ങള്‍ .

******************************************

Friday, September 24, 2010

ശ്ലോകമാധുരി.11

ശ്ലോകമാധുരി.11
സിതകരനിറബിംബമാര്‍ന്ന വിണ്ണില്‍
സുരുചിരശോഭ നിരത്തി താരകങ്ങള്‍
ഘനതതിയവയൊക്കെ മൂടിവെയ്ക്കാന്‍
നിരനിരെയോടിനടന്നിടുന്നു നീളേ.
പുഷ്പിതാഗ്ര.
വന്നാലുമെന്‍‌മുന്നിലിടയ്‌ക്കു നീയെന്‍
പൊന്‍‌വേണുവില്‍ മോഹനരാഗമായീ
മന്നിന്റെ ദുഃഖങ്ങളകറ്റുവാനായ്
നന്നായുയര്‍ത്തീടുക നിന്റെ നാദം.
ഇന്ദ്രവജ്ര

ഇടയ്ക്കു വന്നെന്റെ മടിയ്ക്കു മാന്ദ്യം
മുടിച്ചിടും ശ്ലോകമണിക്കുരുന്നേ
മടിച്ചിടേണ്ടെന്റെ മനസ്സിലെത്തൂ
പടുത്വമോടങ്ങു കളിച്ചുകൊള്ളൂ
ഉപേന്ദ്രവജ്ര
“ഇന്ദു മതി,ഇന്ദു മതി” യെന്നു മമ മോഹം
ചിന്തയിലുയര്‍ന്നിടുകിലുണ്ടതിനു കാര്യം
ഇന്ദുവദനപ്രഭവമെന്നുമതിമോദം
സുന്ദരമുണര്‍ന്നിടുകിലില്ലതിനു ഖേദം.
ഇന്ദുവദന

പള്ളിപ്പുറത്തു വിളയാടിടുമംബ വന്നെ-
ന്നുള്ളില്‍ത്തിളങ്ങുമൊളിയായി വിളങ്ങിടേണം
ഭള്ളായിയുള്ളമദമത്സരമാദിയെല്ലാ-
മുള്ളത്തിലുള്ളതഴിയാന്‍ വഴിയായിടേണം.
വസന്തതിലകം
പാവന ഭാസുര ഭാരതമേ
വാഴുക നീയഭിമാനമൊടേ
ഈ വിധമീ ധര തന്‍ തിലകം
പോലതുലം ദ്യുതിയാര്‍ന്നിടു നീ.
സാരവതി
സുന്ദരമാകും രാഗമതെല്ലാം
ഒന്നൊഴിയാതേ പാടുകനമ്മള്‍
ഭംഗിയിലോണപ്പാട്ടുകള്‍ പാടാം
തുള്ളിനടക്കാം ധന്യത നേടാം.
ചമ്പകമാല.
പലവിധനിറമായ് സുമജാലം
തെളിവൊടു വിരിയും മധുമാസം
അണയുക സഖി നീയതിമോദം
ശ്രുതിയൊടു പകരൂ ശുഭരാഗം.
ശുഭജാതം . (പൃഥ്വീ)

മുരളികയുടെയുള്ളില്‍ തിങ്ങിടും രാഗമെല്ലാം
ഒരുപിടി മലരായീ,മന്ദഹാസം തുടങ്ങീ
വരുകിവിടിനി നിങ്ങള്‍ ദുഃഖമെല്ലാം മറന്നീ
സുരുചിരവരരാഗം കേള്‍ക്ക,സൌഖ്യം വരിക്കാം.
മാലിനി
കദനമഴ പൊഴിയുമൊരു പൊഴുതിലതിവേഗം
തവസവിധമണയുവതു കഴികിലനുവേലം
മധുരമണിമുരളികയിലൊഴുകുമൊരു നാദം
മമഹൃദയവനികകളിലതു സുഖദരാഗം.
മണിദീപം

എത്തേണം നവവൃത്തമൊത്ത കവിതാമുത്തുക്കളോടൊത്തു താന്‍
ഉത്തുംഗോത്തമവൃത്തിയൊത്തു കവനം നിത്യം നടത്തുന്നവര്‍
ചിത്തം മെത്തുമുദാത്തഭംഗി നിരതം ചേര്‍ത്തും,നിറത്തില്‍ സദാ
ചാര്‍ത്തേണം കവിതയ്ക്കിതേ വിവിധമാമാത്താഭയും സ്തുത്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
ചിങ്ങം വന്നു പിറന്നിതാ സ്മിതമൊടേ പൊങ്ങുന്നിതെന്‍ ഹൃത്തടം
മങ്ങാതിങ്ങു നിറഞ്ഞു നില്‍പ്പു നിറവില്‍ പൂവിട്ടൊരാപ്പൂക്കളം
എങ്ങും പൂവിളിയോടെയോടിവരുമീയോണം നമുക്കോര്‍മ്മയില്‍
തിങ്ങും സൌഹൃദമൊക്കെയൊക്കെ നിറയുന്നാക്കാലവും ബാല്യവും.
ശാര്‍ദ്ദൂലവിക്രീഡിതം
അന്നാ,കൌരവരൊത്തൊരാ സഭയില്‍ നീ നല്‍‌വാക്കുരച്ചീടവേ
ഒന്നായന്നവരങ്ങയോടു മദമായല്പത്വമോതീടവേ
എന്തേ തോന്നി മനസ്സിലും ഖലരവര്‍ക്കുണ്ടായൊരാപത്തിലും
ചൊല്ലീടെന്നൊടു ഹേ മുരാരി,യതിനായ് കാക്കുന്നിതിന്നെന്‍ മനം.
ശാര്‍ദ്ദൂലവിക്രീഡിതം
തത്തിതത്തിയടുത്തുവന്നനുദിനം മുത്തായ രൂപങ്ങളെന്‍
ചിത്തില്‍ കൊത്തിമിനുക്കിടുന്ന കവിതാകൈദാരമേ കൈതൊഴാം
നിത്യം നീയിതുപോലെവന്നു ഹൃദയേ നല്‍ക്കാവ്യമുത്തുക്കളീ-
വൃത്തത്തില്‍ ശുഭവൃത്തിയോടെ വിതറാനെത്തേണമെന്‍ ശാരികേ .
ശാര്‍ദ്ദൂലവിക്രീഡിതം
നല്ലോണക്കളമിട്ടു പത്തുദിനവും നല്‍‌പ്പൂക്കളാലിത്രയും
നല്ലോണം വരഭംഗിയായ് വിടരുമീശ്ലോകങ്ങളാലേ സ്വയം
നല്ലോണം മമ ചിത്തവും ബഹുവിധം ഭാവങ്ങളും ധന്യമാം
നല്ലോണത്തിനു ഭംഗിയാംവിധമിതില്‍ ചേര്‍ക്കുന്നു സൌന്ദര്യവും.
ശാര്‍ദ്ദൂലവിക്രീഡിതം

സ്നേഹം,സൌഹൃദ,മന്യരോടുബഹുമാനംചേര്‍ന്നവാണീസുഖം
മോദംതിങ്ങിടുമേറ്റവും ഗഹനമാം തത്ത്വങ്ങളോടേ ജവം
മാനത്തോടെയുയര്‍ന്നിടാന്‍ സുകൃതികള്‍ക്കൊന്നാകെയിന്നീവിധം
മാനങ്ങള്‍ തരുമീ‘സമൂഹ‘മിനിയും ശോഭിക്ക സദ്ജ്യോതിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം
പണ്ടേ നിന്നൊടു ഞാന്‍ പറഞ്ഞുപലതും നന്നായ് വരാനായ് ദൃഢം
വണ്ടേ നീയതു കേട്ടതില്ല,വിനയം തെല്ലും നിനക്കില്ലടോ
മണ്ടന്‍ നീ തുടരേ പറന്നിതുയരുന്നഗ്നിക്കുമീതേ ഞെളി-
ഞ്ഞുണ്ടായീ ഗതി,നിന്റെ ഗര്‍വ്വമിവിധം കത്തിക്കരിഞ്ഞഗ്നിയില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
വാണീദേവിയെനിക്കു നല്‍കി വരമായീണങ്ങളും ദാനമായ്
ചേണാര്‍ന്നീ മണിവീണയും ഗുണമെഴും രാഗങ്ങളും ഹൃദ്യമായ്
വാണീടേണമനുക്ഷണം തുണയുമായെന്‍ ഹൃത്തിലാമോദമായ്
വേണം നിന്‍ വരവൈഭവപ്രഭവമെന്‍ സൃഷ്ടിക്കു സദ്ജ്യോതിയായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
പാടേ വിസ്മൃതി തന്നിലാഴ്ത്തു കുയിലേ,നീ ശോകഭാവങ്ങളേ
പാടാനുള്ളൊരമോഘമാം കഴിവു നിന്‍സര്‍ഗ്ഗപ്രഭാവൈഭവം
പാടൂ നിന്‍പ്രിയരാഗമെന്റെ സവിധേയാമോദമായെങ്കിലെന്‍
പാടും വിട്ടു മയങ്ങിടാമിവിടെ ഞാന്‍, ഗാനം പൊഴിച്ചീടു നീ.
ശാര്‍ദ്ദൂലവിക്രീഡിതം
കാട്ടാളര്‍ കളിയാടിടുന്ന സഭയില്‍ പെട്ടന്നു മാന്‍‌പേടയാള്‍
ഒട്ടൊട്ടൊട്ടു കരഞ്ഞുകൊണ്ടിവിധമന്നോതീ”ഹനിക്കൊല്ല മാം”
കൂട്ടംവിട്ടുകെണിഞ്ഞൊരാ ഹരിണിയേ പെട്ടെന്നുതാന്‍ കശ്മലര്‍
വെട്ടിക്കീറിവധിച്ചു,ചൊല്ലി വിവിധം ന്യായങ്ങളും നിഷ്ഠുരം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഒട്ടേറെക്കളികള്‍ കളിച്ചു പദവിക്കോട്ടം വരാതീവിധം
നാട്ടില്‍ക്കൊട്ടിനടത്തി മന്ത്രിഖലനാ പട്ടാഭിഷേകോത്സവം
പട്ടായുള്ളൊരു ജീവിതം പ്രജകളാ മദ്യത്തില്‍ ഹോമിക്കവേ
ചട്ടം നോക്കിയുരച്ചിടുന്നു സചിവന്‍”മദ്യം വിഷം കൂട്ടരേ”
ശാര്‍ദ്ദൂലവിക്രീഡിതം
കൊട്ടിക്കൊട്ടിയിടയ്ക്കിടയ്ക്കു കയറിക്കൊട്ടുന്നവന്‍‌ കൊട്ടിടും
കൊട്ടിന്‍ ചട്ടമുരച്ചിടാന്‍ തുനിയുകില്‍ കഷ്ടപ്പെടും കൂട്ടരേ
കൊട്ടട്ടേയവനിഷ്ടമായപടിയായ് കൊട്ടട്ടെ വട്ടായിടും
മട്ടില്‍ കൊട്ടി നടന്നിടട്ടെ,ചിലരാ വട്ടന്നു കൂട്ടാണെടോ.
ശാര്‍ദ്ദൂലവിക്രീഡിതം.
തുള്ളിത്തുള്ളിയുറഞ്ഞിടുന്ന വിവിധം ഭാവങ്ങളാരമ്യമായ്
തള്ളിത്തള്ളി നിറഞ്ഞിടുന്ന പൊഴുതില്‍ തോന്നുന്നൊരാനന്ദവും
മെല്ലേമെല്ലെയുയര്‍ന്നു ചിത്രശലഭം‌പോലേപറന്നിന്നിതീ-
വണ്ണംവര്‍ണ്ണമുണര്‍ത്തി മാനസവിയത്തില്‍ പാറിടും കാവ്യമായ്
ശാര്‍ദ്ദൂലവിക്രീഡിതം.
കണ്ണില്‍ നോക്കി ദൃഢസ്വരത്തിലൊരു നാളെന്നോടു നീ ചൊല്ലി,“യെന്‍
കണ്ണേ നീയൊഴികെന്റെ ചിന്തയിലൊരാളില്ലില്ല മറ്റാരുമേ“
നണ്ണീ ഞാനതു സത്യമെന്നു,ശരിയാണെന്നാലുമെന്‍ ശാരികേ
വിണ്ണില്‍ പാറിനടന്നിടുന്നരികെയായാണ്‍‌തത്തയോടൊത്തു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ചാടിച്ചാടിയിടയ്ക്കിടയ്ക്കു തലപൊന്തിച്ചുള്ളൊരാ കൂവലും
പേടിപ്പിച്ചിടുമാവിധം ചിറകടിച്ചാര്‍ത്തുള്ളൊരാ നാട്യവും
ഓടിച്ചെന്നു പിടയ്ക്കു വേണ്ടവിധമായേകുന്നൊരാ സൌഖ്യവും
കൂടിക്കാട്ടിയ കുക്കുടപ്രവര,നിന്‍ ഭാവം മഹാവൈഭവം.
ശാര്‍ദ്ദൂലവിക്രീഡിതം

“അപ്പൂപ്പാ കണ്ണടച്ചേ,തലയിലിനിയിതാ സോപ്പു ഞാന്‍ തേക്കുവാണേ
ഇപ്പം ഞാനെണ്ണതേപ്പിച്ചിവിടൊരുപടിയേലൊന്നിരുത്താം,വരൂന്നേ”
ഇമ്മട്ടില്‍ കൊഞ്ചിയെത്തും ചെറുമകളുടെയീ ലീലകള്‍ക്കായ് വഴങ്ങേ
സമ്മോദം ചൊല്ലിടാം ഞാന്‍ “ധരണിയിലിതുപോല്‍ വേറെയില്ലില്ല സൌഖ്യം”
സ്രഗ്ദ്ധര


















Saturday, August 14, 2010

ശ്ലോകമാധുരി.10

ശ്ലോകമാധുരി.10
വേണുഗാനമതിഹൃദ്യമായി ഞാന്‍
ഈണമോടെ ലയമാര്‍ന്നു പാടിടാം
വേണമെന്നരികിലെന്റെ തോഴിയെന്‍
ഈണമായിയിണയായിയെന്നുമേ
രഥോദ്ധത

മതി,മതിയിനിയൊക്കെയും മറക്കാം
മതിയതിശോഭ ചൊരിഞ്ഞുനിന്നിടുന്നു
മതിമുഖിയിനിയെന്റെയുള്ളിലെന്നും
മതിഹരമാം‌ മതികാന്തി ചിന്നിനില്‍‌ക്കും
പുഷ്പിതാഗ്ര
മതി,മതിയിനിയെന്നു ചൊല്ലിടാതേ
മതിമുഖി നീയൊരു പാട്ടുപാടു വശ്യം
മതിമതി,യതിലുള്ള രാഗമെല്ലാം
മതിവരുമോളമെനിക്കു നല്‍ക ഹൃദ്യം.
പുഷ്പിതാഗ്ര

പ്രമുദിതവദനേ നമുക്കെന്നുമേ
മധുവിധുമധുരം നിറം ചാര്‍ത്തിടും
അതിലിടമുറിയാനുയര്‍ത്തൊല്ല നീ
പരിഭവമുതിരും മൊഴിത്തുണ്ടുകള്‍.
പ്രമുദിതവദന
മതികലചൂടിയ നിറവോടും
കരുണയുണര്‍ന്നൊരു മിഴിയോടും
മനമിതില്‍ വന്നിടു ശിവശംഭോ
അരുളുക സദ്ഗതി സകലേശാ.
ജലധരനീലം

വസന്തകാലത്തു സൂനങ്ങളാലേ
ധരിത്രിയോലുന്ന ഭാവങ്ങള്‍ വശ്യം
പെരുത്ത മോഹങ്ങളിന്നെന്റെ ഹൃത്തില്‍
കൊരുത്തുനല്‍കുന്നു മാല്യങ്ങള്‍ ഹൃദ്യം.
കേരളി

നിറവായ് വിരിയും സുമനിരകള്‍
നിറമായ് നിറയും വനികകളില്‍
വരികെന്നരികില്‍ പ്രണയിനി നീ
നിരതം പകരൂ മധുരരസം.
ധരണി
കളയുക മധുമൊഴി കദനം ദൂരേ
ചെറിയൊരു ചിരിയുടെ മധുരം നല്‍‌കൂ
അരിയൊരു ലയമൊടു വരു നീയെന്നും
മതിമുഖിയിനി മമ നവതാരുണ്യം.
നവതാരുണ്യം

പലനാളു ഞാനീ പടിയേറിടുമ്പോള്‍
അറിയാതെ ഹൃത്തില്‍ സുഖമേറിടുന്നൂ
ശബരീശ നിന്നേ തൊഴുതെന്റെ പാപം
പരിപൂര്‍ണ്ണമായിന്നൊഴിവായിടേണം.
കോകരതം


************************************

ശ്ലോകമാധുരി. 9

ശ്ലോകമാധുരി. 9
പാഴ്ത്തണ്ടല്ലതു തോന്നിടേണ്ട വരമാം പുല്ലാങ്കുഴല്‍‌ നാദമാ-
ണാരും നാകസുഖം നുകര്‍ന്നിടുമൊരാ രാഗങ്ങളാണാ സ്വരം
പാരാതേ ശ്രുതിയോടെ വന്നു ലയമോടാലാപനം ചെയ്തിടൂ
നേരായ് ഞങ്ങളലിഞ്ഞിടട്ടെ നിഭൃതം ഗാനത്തിലെന്നാളുമേ.
ശാര്‍ദ്ദൂലവിക്രീഡിതം

വട്ടം കൂടിയ കുട്ടികള്‍ക്കു നടുവില്‍ ചട്ടെന്നു ചാടിക്കട-
ന്നൊട്ടൊട്ടൊട്ടിടവിട്ടു ചെറ്റു പെരുതായ് നീട്ടി‍ക്കുരച്ചിട്ടവന്‍
എട്ടും പൊട്ടുമറിഞ്ഞിടാത്തശിശുവിന്‍ മട്ടില്‍ പതുങ്ങീട്ടുടന്‍
പെട്ടെന്നോടിയൊളിച്ചതെങ്ങെവിടെയോ വട്ടാണു പട്ടിക്കെടോ !
ശാര്‍ദ്ദൂലവിക്രീഡിതം

“ശ്ലോകം,ശോകവിനാശകം”വരുമൊരീപേരിന്നിതന്വര്‍‍ത്ഥമായ്-
ത്തീരും പോലെ മനോഹരം,രചനകള്‍ സ്മേരം വിടര്‍ത്തുന്നിതാ
ആരും വന്നിതു കാണണം,സ്വയമലിഞ്ഞുല്ലാസമാര്‍ന്നീടണം
മോദം പൂണ്ടിതു ചൊല്ലണം,”സുഖദമീയാനന്ദവൃന്ദാവനം”.
ശാര്‍ദ്ദൂലവിക്രീഡിതം.

മേലേമേലെയിരുണ്ടുകൂടിയ മഴക്കാറിന്റെയൂറ്റം കുറ-
ച്ചേറെക്കേറിനിറഞ്ഞവാര്‍ പൊഴിയുമീഹര്‍ഷം മഹാവര്‍ഷമായ്
വേറായ് നോക്കുകിലൂഴിതന്‍‌ തലയിലിന്നാരോപുതപ്പിച്ചൊരി-
ക്കാറിന്‍ ശോഭയതെത്ര ഹൃദ്യമതിനേ വര്‍ണ്ണിപ്പതും ദുഷ്‌കരം !!!
ശാര്‍ദ്ദൂലവിക്രീഡിതം
സ്വന്തം വീട്ടിലിരുന്നിടാതെ പലരും മറ്റുള്ള ഗേഹങ്ങളില്‍
ചെല്ലുന്നൂ,ഗുണഭാഷിതങ്ങളവിടേ ചൊല്ലുന്നു പേരാര്‍ന്നിടാന്‍
മന്ദം തന്‍ഗൃഹമാകവേ മുടിവതും പൈശൂന്യമാവുന്നതും
കാണാതിങ്ങനെയോടുവോരൊടുവിലങ്ങാടും.സുഖം വിട്ടിടും.
ശാര്‍ദ്ദൂലവിക്രീഡിതം.
ഭൂതം ഭൂതികളോടെയാടിവിലസും ഭൂതേശ്വരന്‍ തന്‍പദം
ഭൂരിക്കും ബഹുഭൂരിഭക്തി വളരും പോലെ വിളങ്ങും വരം
ഭൂതങ്ങള്‍ക്കനുഭൂതിയേറെനിരതം നല്‍കുന്ന നിന്‍ വിഗ്രഹം
ഭൂതാധാര,മഭൂതപൂര്‍വനിറവില്‍ക്കാണേണമെന്നാ‌ഗ്രഹം.
ശാര്‍ദ്ദൂലവിക്രീഡിതം.

ഓര്‍ക്ക്യൂട്ടെന്നൊരു വേദിയില്‍ക്കയറിടാമാര്‍ക്കും മറഞ്ഞാടിടാം
പൊക്കോട്ടേന്നൊരു വാക്കു വേണ്ട,പിരിയാമെല്ലാം നിഴല്‍ മാത്രമാം
ആര്‍ക്കും വേണ്ടൊരു ഖേദവും ചപലമാം ജാഡയ്ക്കു വന്‍പിന്‍ബലം
ചേര്‍ക്കാം,തന്‍ഗമകാട്ടിടാം,വികൃതമീയഭ്യാസവിദ്യാലയം.
ശാര്‍ദ്ദൂലവിക്രീഡിതം.
ഓര്‍ക്കൂട്ടില്‍ കയറുന്നവര്‍ക്കു കഴിവിന്‍‌ ജാലം സുഖം നല്‍കിടു-
ന്നൊക്കുംപോലെ രചിച്ചിടും രചനകള്‍ക്കെല്ലാം ഗുണം കൂട്ടിടാം
ആര്‍ക്കുംനല്ലൊരു സൌഹൃദം വലയമാമെല്ലാര്‍ക്കുമേ ചേര്‍ന്നിടാം
ഓര്‍ക്കാന്‍ നല്ലദിനങ്ങളും തരുമൊരീ രംഗം മഹത്തായിടും.
ശാര്‍ദ്ദൂലവിക്രീഡിതം.

പേരക്കുട്ടികളൊത്തുചേര്‍ന്നിരുവരെന്നുത്സംഗമേറിക്കളി-
ച്ചേറെക്കൌതുകമോടെയെന്റെ കവിളില്‍ മുത്തം പകര്‍ന്നീടവേ
വേറൊന്നില്ല മനസ്സിലിന്നു,പെരുകുന്നാഹ്ലാദവും തൃപ്തിയും
മാറാതേറെ വരങ്ങളും നിറവൊടേ നല്‍കുന്നു സര്‍വ്വേശ്വരന്‍ .
ശാര്‍ദ്ദൂലവിക്രീഡിതം

പലരിവിടൊരു ശയ്യാമോഹമോടേ പദത്തില്‍
പലപല പണിചെയ്‌വൂ, പോയിയേറേ പഥത്തില്‍
ശ്രമമതു ഗുണമായോ,തോന്നിയില്ലാ, ഫലത്തില്‍
ഗതിയതു വഴിമാറീ, ശയ്യയന്ത്യം നിരത്തില്‍ .
മാലിനി

വെറുമൊരു കുഴലായോരെന്നെ നിന്‍വേണുവാക്കി
തെരുതെരെയതിലൂതീ നാദമെല്ലാമുയര്‍ത്തീ
മധുരിതമൊരു രാഗം പിന്നെ മെല്ലേയുണര്‍ത്തീ
മതിമതി മണിവര്‍ണ്ണാ ജന്മസാഫല്യമായീ.
മാലിനി
ഉടനെയിവിടെവന്നീകാവ്യവേദിക്കുമുന്നില്‍
ഝടുതിയിലൊരുരാഗം പാടുവാനുണ്ടു മോഹം
ശ്രുതിലയമതിനേകാനെന്നുമെന്‍ കൂടെവേണം
രസനയിലമരേണം,വാണിയേകേണമീണം
മാലിനി
ഹരനൊടുഹരിചേര്‍ന്നാവേളയില്‍ജാതനായാ-
ഹരിഹരസുതരൂപം മാനസേ പൂജചെയ്യാം
ഉലകിതിലുളവാകും കാലദോഷങ്ങള്‍മാറ്റാന്‍
കലിമലഹരനല്ലാതാരുമില്ലാശ്രയം മേ.
മാലിനി
തരളപദമതാവാം താരിളംകൊഞ്ചലാവാം
സരളനടനമാവാം താരണിസ്മേരമാവാം
ശരിയൊടുപറയാനായാവതില്ലില്ലയിന്നീ
കവിതയൊടനുരാഗം തോന്നുവാന്‍ കാരണം മേ.
മാലിനി

നിശയിലൊളി പടര്‍ത്തീ ചന്ദ്രികപ്പെണ്ണു മണ്ണില്‍
നിറവൊടുചിരിതൂകീ സഞ്ചരിക്കാനൊരുങ്ങീ
തരുനിര മലരാകും തൂമൃദുസ്മേരമോടേ-
യവളൊടു കുശലങ്ങള്‍ മന്ദമോതാന്‍ തുടങ്ങീ.
മാലിനി
ഗജമുഖഹരനാകും വാരണാസ്യന്‍ മഹത്താം
ഗുണഗണമരുളേണം വാരണം നീങ്ങിടെണം
തവപദമിവനെന്നുംപൂജചെയ്‌വാന്‍ കഴിഞ്ഞാല്‍
അതുമതി മമജന്മം ധന്യമാവാന്‍ ജഗത്തില്‍ .
( ഗജമുഖന്‍ = ഗണപതി സംഹരിച്ച ഒരു അസുരന്‍ )
മാലിനി
ഹരിണികളത ദൂരേ തുള്ളിയാടിക്കളിപ്പൂ
തെരുതെരെയവയെന്തോ ചൊല്ലിടുന്നുണ്ടു തമ്മില്‍
“മനുജരിവരെയൊട്ടും വിശ്വസിക്കല്ലെ,പെണ്ണിന്‍
മണമൊരുഹരമാണീമാനുഷര്‍ക്കെ“ന്നുമാവാം !!!
മാലിനി
ചടുലനയനയെന്മേല്‍ ചാഞ്ഞിരുന്നൊന്നു നാണി-
ച്ചൊരുവിധമുരചെയ്തൂ ഹൃദ്യമായിപ്രകാരം
പുതിയൊരതിഥിയിങ്ങോട്ടെത്തിടുന്നെന്റെ ചിത്തം
പുളകിതമതിനായിക്കാത്തിടാം പത്തുമാസം.
മാലിനി

നിലവിലെ നിലയെല്ലാം നല്ലുനല്ലെന്നുചൊല്ലും
നിലയില്‍ ,നിലയെടുക്കുന്നാനിലയ്ക്കെന്തു ചൊല്‍‌വൂ?
നിലയതു നിലയാക്കുന്നോര്‍ക്കു ലോപം വരുത്താന്‍
നിലവിടുമൊരു കൂട്ടര്‍ തന്‍‌ നിലയ്ക്കെന്‍ പ്രണാമം.
മാലിനി

ചങ്ങാത്തമായി പലരുണ്ടിവിടെന്റെ ചുറ്റും
വിങ്ങാത്ത സൌഹൃദവുമുള്ളിലവര്‍ക്കു മുറ്റും
മങ്ങാത്ത ഹൃദ്യ മൃദുരാഗ വചസ്സിലൂറ്റം
ചുങ്ങാത്ത തേങ്ങലുകള്‍ ‍,മങ്ങലതൊക്കെ മാറ്റും
വസന്തതിലകം.
ഭോഷത്തമാവരുതു പൂരണമൊക്കെ വാണീ-
ദോഷം കളഞ്ഞളവിലര്‍ത്ഥവുമൊത്തുവേണം
ഭാഷയ്ക്കു നല്ല പിടിപാടു വരും വരേയ്ക്കീ-
വേഷം ധരിച്ചു ധരണീതലമേറിടുന്നു.
വസന്തതിലകം

ശ്ലോകത്തിനുണ്ടിവിടെ ഹൃദ്യമതായ ശക്തി
പാകത്തിലാണതിലെ വാക്കുകളെങ്കില്‍ ബുദ്ധി
ശോകത്തിനിന്നറുതിയേറെ വരുന്ന സിദ്ധി
ലോകത്തിലാര്‍ക്കുമുടനേകിടുമെന്ന തൃപ്തി.
വസന്തതിലകം

ബന്ധുക്കളാണു ബലമെന്നു നിനച്ചു ഞാനും
ബന്ധങ്ങളൊക്കെ ബഹുബന്ധുരമാക്കിവെച്ചു
അന്ത്യത്തിലൊക്കെ വിപരീതമതാവുമെങ്കില്‍
ചിന്തിക്കവേണ്ട സകലത്തിലുമുണ്ടു മായം.
വസന്തതിലകം
രാമായണം പരമഭക്തിയൊടീ ദിനത്തില്‍
പാരായണത്തിനു തുനിഞ്ഞിടുമെങ്കിലോര്‍ക്കൂ
രാ മായുമെന്നതൊരു തര്‍ക്കവിഹീനസത്യം
രാ മായണം വരണമാവരമെന്നുമെന്നില്‍.
വസന്തതിലകം.

സീരായുധന്റെ സഹജന്‍ കനിവാലെയേറ്റം
നേരായിയൊക്കെ വരമായിയെനിക്കു നല്‍കി
പോരായിതെന്നു പറയില്ലൊരുനാളിലും ഞാന്‍
പോരാന്നുതോന്നുവതു ദര്‍ശനസൌഭഗം താന്‍ ‍.
വസന്തതിലകം

ചതിച്ചു! ഹൃത്തിലാരെയും കടത്തിടില്ലയെന്നു താന്‍
മതിച്ചു നീണ്ടനാളുകള്‍ കഴിഞ്ഞു ധീരമെങ്കിലും
ചിരിച്ചു വന്നുകേറിയോളൊഴിഞ്ഞുപോകയില്ല,ഞാന്‍
പതിച്ചു നല്‍കി ഹൃത്തടം,കവിത്വവാണിയല്ലയോ.!
പഞ്ചചാമരം.

തിളക്കമാര്‍ന്ന രത്നമെന്നുതോന്നിവെച്ചതൊക്കെയും
തികച്ചു മുക്കുപണ്ടമെന്നു വന്നിടുന്നനാളതില്‍
ത്യജിക്കണം,നടക്കണം,തിരിഞ്ഞുനോക്കിടേണ്ട നാം
തരത്തില്‍ വന്നതെറ്റുകള്‍ ‍തിരുത്തിടേണമക്ഷണം.
പഞ്ചചാമരം
വിരുന്നുകാരനായി വീട്ടില്‍‌വന്നിടുന്ന മാനവന്‍
ഗൃഹത്തിനാഭ കൂട്ടിടുന്ന കാര്യമോതിയെങ്കിലോ
ചിലര്‍ക്കു ഹൃദ്യമായിടും,ചിലര്‍ക്കതോ രസിച്ചിടാ
മികച്ച കാര്യ ,മൊന്നുമോതിടാതെ കണ്ടു പോവതാം
പഞ്ചചാമരം.
“പ്രമോദമാം കളങ്കമറ്റ സൌഹൃദം ലഭിച്ചിടും“
പ്രമാദമായ ചിന്തയാണു,ദുഃഖമാണു ദുഷ്‌ഫലം
പടുത്വമോടെ തന്‍‌ഹിതം നടത്തുവാന്‍ നടിച്ചിടും
പതുക്കെ വന്നു പിന്നില്‍നിന്നു കുത്തിടും,തകര്‍ത്തിടും.
പഞ്ചചാമരം
കടുത്ത പത്തുമാസമന്നു ഗര്‍ഭഭാരവും ചുമ-
ന്നൊടുക്കമായൊരര്‍ഭകന്നു ജന്മമേകി,യമ്മയായ്
വയസ്സിയായയമ്മയെക്കളഞ്ഞു കൂട്ടിലാടിനെ-
ക്കൊടുത്തു കൂട്ടിനായി,യാ മകന്നു നല്‍ക പുഞ്ചിരി!
പഞ്ചചാമരം.

രുചിയ്ക്കുവേണ്ടി നാമിടുന്ന രാസവസ്തുവൊക്കെയും
വിചിത്രമാം വിഷങ്ങളാണു തെല്ലുമേ ശരിപ്പെടാ
ചിലര്‍ക്കു ഭീതിദങ്ങളായ രോഗവും വരുത്തിടും
വിരുദ്ധമാമിവയ്ക്കു നമ്മള്‍ രോധനം നടത്തണം
പഞ്ചചാമരം.

സത്യമായ പതിനെട്ടുതൃപ്പടികളേറി നിന്റെസവിധത്തിലി-
ന്നെത്തി ഞാനവിടെയൊത്തു ചേര്‍ന്നു ശരണംവിളിച്ചു നിലകൊണ്ടതും
തുഷ്ടിയാര്‍ന്ന തവദര്‍ശനത്തിലഴലാകെ മെല്ലെയൊഴിവായതും
വ്യക്തമായിയറിയുന്നിതാര്‍ത്തമനമാത്തമോദമിയലും സുഖം
കുസുമമഞ്ജരി
സ്നേഹത്തിന്‍ മൂര്‍ത്തഭാവം,നിറവു മെത്തുംസ്വഭാവം
മാതൃത്വം പൂര്‍ണ്ണഹര്‍ഷം,തനയനാത്മപ്രഹര്‍ഷം
മക്കള്‍ക്കാരാദ്ധ്യരൂപം,കലിലവാത്സല്യരൂപം
ചേലില്‍ചേരുന്ന ചിത്രം,ഭുവിയിലമ്മയ്ക്കു മാത്രം.
ശ്രീലകം

---------------------------------------------------------------

Wednesday, June 23, 2010

ശ്ലോകമാധുരി.8

അഗജ മുറുമുറുക്കും ഗംഗയെങ്ങോ കുതി‍ക്കും
തനയരവരൊരുക്കും ശല്യമോരോവഴിക്കും
ഹരനുടെ ഗതിയോര്‍ക്കാം തോന്നിടാ കുറ്റമാര്‍ക്കും
ഗിരിയിലൊരു കിടപ്പും നാടുതെണ്ടും നടപ്പും.
മാലിനി

പൊങ്ങച്ചമോടെ ചിലരിന്നു നടത്തിടും വന്‍ -
വങ്കത്തരങ്ങളിഹ കാണുവതെന്തു കഷ്ടം !
പൊങ്ങാണിതിന്നു വിലയെന്നതു സാര്‍ത്ഥമാക്കി-
“യങ്ങാണു പൂജ്യ“ മിവിടെന്നവരോടു ചൊല്ലാം.
വസന്തതിലകം.
ന്യൂയോര്‍ക്കില്‍
ഭേഷായി ! ഞാനിദൃശ കാര്യമുരച്ചുവെന്നാല്‍
യോഷക്കു നാണമിവിടങ്ങനെ ഭൂഷയല്ലാ
ശോഷിച്ചവസ്ത്രമുടലില്‍ ,പലരര്‍ദ്ധനഗ്ന-
വേഷം ധരിച്ചു ധരണീതലമേറിടുന്നു.
വസന്തതിലകം

പലര്‍ക്കു നന്മയെന്നുതന്നെയെണ്ണിടുന്നതൊക്കെയും
ചിലര്‍ക്കു തിന്മയെന്നുമിന്നുതോന്നിടാമെതിര്‍ത്തിടാം
അലംഘനീയമായതൊന്നുമില്ല മല്ലു ചൊല്ലിടാം
വലഞ്ഞിടേണ്ടെതിര്‍ത്തിടട്ടെ,നാളെ ബുദ്ധി വന്നിടാം.
പഞ്ചചാമരം

കറക്കുവാന്‍ പയോധരങ്ങളുണ്ടു മേലെ,മാറിടം
വിറച്ചിടുന്ന ഘോഷവും പൊഴിഞ്ഞിടുന്ന വര്‍ഷവും
കുറച്ചുനേരമിങ്ങുതങ്ങിവിശ്രമിക്ക രാത്രിയില്‍
മറുത്തുപോകിലിന്നെനിക്കു ദുഃഖമാകുമോര്‍ക്കണം.
പഞ്ചചാമരം

വൈരം ചാരുതയായിടാം ഗരിമയില്‍ ചാര്‍ത്തുന്നു നിത്യം ചിലര്‍
വൈരം ചേര്‍ന്ന വചസ്സു ഭൂഷണമതാക്കീടുന്നു കഷ്ടം! സ്വയം
വൈരങ്ങള്‍ക്കുപധാനമായ് മമ മനം മാറാതിരുന്നീടുവാന്‍
വൈരാണിക്കുളമാര്‍ന്ന ദേവപദമെന്‍ ചിത്തേ വരിച്ചേന്‍ സ്ഥിരം.
ശാര്‍ദ്ദൂലവിക്രീഡിതം
മേഘംതന്‍ ഘനപാളികള്‍ക്കിടയിലൂടാഘോഷമായ്,തോഷമായ്
വേഷാഭൂഷകളോടെ യോഷയൊരുവള്‍ സ്മേരം പൊഴിക്കുന്നിതാ
തിങ്കള്‍പ്പെണ്ണവളാരെയോ തിരയുമീവേളയ്ക്കൊരോളം‌ പകര്‍ -
ന്നാവോളം നറുതാരകങ്ങളവളേ ലാളിപ്പതും കാണ്മിതാ.
ശാര്‍ദ്ദൂലവിക്രീഡിതം.

Wednesday, May 26, 2010

സമസ്യാപൂരണങ്ങള്‍

സമസ്യാപൂരണങ്ങള്‍
***************************************

പറയുകപൊളിയല്ലാ,നിന്റെ താരാട്ടുകേട്ടാല്‍

സകലരുമതുചൊല്ലും “സമ്മതിക്കില്ല,ശല്യം
ശനിദശയതുതന്നേ പിഞ്ചുകുഞ്ഞിന്നുമയ്യോ“
ഇതിനൊരുപരിഹാരം വേഗമുണ്ടാക്കിടേണം

സുഖമൊരുലവലേശംതെല്ലുമില്ലാത്തദേശം
പറകിലധികമോശംഎന്തുചെയ്യാംസ്വദേശം!
നരകമിതിനുനാശംവന്നിടില്ലെന്നുവന്നാ-
ലിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം

ശനിയൊരുദിനമായാലന്നുകല്യാണമായീ
ഗമയിലതിനുപോകാന്സാരിയില്ലോര്‍ത്തുകൊള്ളൂ
ഇതുപടിപറയുന്നൂഭാര്യയും,പൈസയില്ലാ-
യിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം

അരിയൊരുസുമജാലം പാര്‍ക്കില്‍നിന്നാലസിക്കേ
കളിയൊടവിടെയെത്തീ കുട്ടികള്‍കൂട്ടമായീ
സുമനിര,കളിയാലേ തല്ലിയെല്ലാംകൊഴിച്ചി-
ന്നിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം

കരിമുകിലൊളിവര്‍ണ്ണന്‍ മീട്ടിടും രാഗമെല്ലാ-
മതുപടിശരിയായീന്നോര്‍ത്തുഞാന്‍ പാടിടുമ്പോള്‍
സകലരുമുടനേവന്നെന്നെമാട്ടാന്‍ തുടങ്ങു-
ന്നിതിനൊരുപരിഹാരംവേഗമുണ്ടാക്കിടേണം
***************************************

ഗിരിജയൊടതിഗൂഢം ശൃംഗരിക്കാന്‍ മനസ്സില്‍
പെരിയൊരു കൊതിയോടേ ചേര്‍ത്തുനിര്‍ത്തുന്നനേരം
ഹരനുടെ ഗളമേറിച്ചീറിയാടുന്ന നാഗാ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ.

തരുണികളിതു ചിത്തേ കാണണം സത്യമായും
തെരുവതിലലയുന്നൂ ഗുണ്ടകള്‍ ,കശ്മലന്മാര്‍
ഒരു പിടി,യതുപോരേ ജീവനും ഹാനി,പൊന്നാ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ

അരിയുടെ വിലപൊങ്ങുന്നിന്നു വാണംകണക്കേ
തെരുതെരെസമരങ്ങള്‍‌ ‍,ബന്ദു,ഹര്‍ത്താലതൊക്കേ
പൊതുജനമിതുതന്നേയോര്‍പ്പു ദുഃഖം‌പെരുത്തീ-
ഭരണവുമൊരു ശാപം തന്നെയാണെന്നു വന്നൂ.

“പതിയെ ഭരണമങ്ങോട്ടേല്‍ക്കണം വീട്ടിലും നീ”
പതിയുടെ മൊഴികേട്ടൂ,കഷ്ടകാലം തുടങ്ങീ
പതിരുവിലയെനിക്കീവീട്ടിലാരും തരില്ലീ-
ഭരണവുമൊരുശാപം തന്നെയാണെന്നു വന്നൂ.

***************************************

പെണ്ണായജന്മമിതുശാപമിതെന്നുതന്നേ
കണ്ണീരുതൂകിയതിവേദനയോടെമാഴ്കേ
ഉണ്ണിക്കിടാവിനുടെരോദനമൊന്നുകേട്ടൂ
കണ്ണീരിലോ ചിരിവിരിഞ്ഞു വിരിഞ്ഞു വന്നൂ

***********************************

മരണം വരെയും സമരം ശരണം
ഭരണം പലതാം,സുദൃഢം കരണം
സഫലം വരുമാ നിയമം തരണം
വരണം വനിതാ സമ സംവരണം

***************************

വൃത്തമൊക്കണമതക്ഷരക്രമം
തെറ്റിടാതെഗണമൊക്കെയാകണം
ഇത്തരത്തിലൊരുകാവ്യമൊക്കുവാന്‍
മാര്‍ഗ്ഗമെത്രകഠിനംഭയങ്കരം

****************************

താപംതോന്നുംപടി യിതുടനീ രീതിയില്‍ത്താന്‍ സമസ്യാ-
താപം‌ തീര്‍ത്താലിവനുമിതിനായ് പൂരണംനല്‍കി മാറാം
താപംവേണ്ടാ ത്വരിതമുടനേതീര്‍ത്തിടാം നിന്‍മനസ്സിന്‍
താപം പോണം സപദി ഭുവനേ തപ്തസര്‍വ്വര്‍ക്കുമൊപ്പം.

താപം പോകാനുടനെവെറുതേശ്ലോകവും തീര്‍ത്തുഞാനും
മോഹംകൊണ്ടാവരികളിവിടേ പൂരണംപോല്‍ കൊടുത്തൂ
ഖേദം തോന്നുന്നൊരുവനിതിലേവന്നതില്ലാ,തുടര്‍ന്നീ-
താപം പോണം സപദി ഭുവനേ തപ്ത സര്‍വ്വര്‍ക്കുമൊപ്പം

ഏട്ടന്‍‌മാത്രംകൃപയൊടിവിടേയൊന്നുനന്നായ് ക്കുറിച്ചി-
ന്നേവം ചൊല്ലാം വരികയുടനേ കൂട്ടരേ തീര്‍ക്ക വെക്കം
കാവാലം വന്നിവിടെയൊരുനാള്‍നോക്കിയെന്നാല്‍ തപിക്കും
താപം പോണം സപദി ഭുവനേ തപ്ത സര്‍വ്വര്‍ക്കുമൊപ്പം.

***********************************************

മാലോകര്‍ക്കീവിധദുരിതവുംദുഃഖവുംനല്‍കിടുന്നോര്‍ ‍-
ക്കാലോചിയ്ക്കാമിവരെയിനിയും കണ്ടുമുട്ടേണ്ടതല്ലേ ?
ചേലാവില്ലാ,ഭരണമിവിധം ദൂഷ്യമായ്ത്തീര്‍ന്നുവെന്നാ-
ലീലോകത്തിന്‍ ഗതിയിതുതിരുത്തീടുവാനെന്തുനല്ലൂ ?

സര്‍ക്കാറാഫീസ്പടിയിലണയുംഫൈലുനീങ്ങല്‍ നടത്താന്‍
ആര്‍ക്കാര്‍ക്കൊക്കെപ്പടികളിടണോന്നാര്‍ക്കുചൊല്ലാംശരിയ്ക്കായ്?
സര്‍ക്കാര്‍ മാറും,വിധിയിതുവിധം ജീവനക്കാര്‍ ജയിയ്ക്കു-
ന്നീലോകത്തിന്‍ഗതിയിതുതിരുത്തീടുവാനെന്തുനല്ലൂ ?
************************************************

പ്രായത്തേ മാനിയാതേ ഖലജനനിവഹം തന്ത്രമാവിഷ്ക്കരിക്കും
ന്യായങ്ങള്‍കാണുകില്ലാ ജളതരസമമാം ഖ്യാതിയും സ്വന്തമാക്കും
കേമത്തംചൊല്ലു മയ്യോ ജനകനുസമമാംവന്ദ്യരേ നിന്ദചെയ്യും
പ്രായംചെന്നാലു മയ്യോ മരണമകലെയെന്നാശ്വസിക്കും മരിക്കും


*************************************************************